ബ്രിട്ടാസിനെതിരെ
നിരന്തര ഭീഷണി;
പിന്നില്‍ സംഘപരിവാര്‍ തന്ത്രം പൊളിഞ്ഞതിന്റെ പരിഭ്രാന്തി
ബ്രിട്ടാസിനെതിരെ നിരന്തര ഭീഷണി; പിന്നില്‍ സംഘപരിവാര്‍ പൊളിഞ്ഞതിന്റെ പരിഭ്രാന്തി
‘‘സഹനടന്മാര്‍, ഉപനടന്മാര്‍, എന്നതിനുപകരം സഹതാപ നടന്മാര്‍ എന്നൊരു പുതിയ വിഭാഗത്തെ ഞാന്‍ സൃഷ്ടിക്കുകയാണ്. അതിലാണ് ബഷീറും ഫിറോസുമെല്ലാം വരുന്നത്. ആ വേദിയില്‍ മുസ്ലിംലീഗിനെകുറിച്ചോ, യു.ഡി. എഫിനെകുറിച്ചോ കോണ്‍ഗ്രസിനെക്കുറിച്ചോ ഞാന്‍ ഒരക്ഷരം പറഞ്ഞില്ല. സംഘപരിവാറിന്റെ ഗൂഢതന്ത്രത്തെകുറിച്ചും, മുസ്ലിംകള്ക്കും പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കിട്ടേണ്ട പ്രാതിനിധ്യത്തെ കുറിച്ചുമാണ്. എന്തുകൊണ്ട് ഇവര്‍ എനിക്കെതിരെ തിരിഞ്ഞു’’, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് സംസാരിക്കുന്നു.
4 Jan 2023, 03:55 PM
മനില സി. മോഹന്‍: കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് ആരോപിച്ച് താങ്കള്‍ക്കെതിരെ രാജ്യസഭാ ചെയര്‍മാന് ബി.ജെ.പി പരാതി നല്‍കിയിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീറാണ് സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ബ്രിട്ടാസ് നടത്തിയ പ്രസംഗമെന്നാണ് പരാതി. നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗം കേട്ടിട്ടുള്ള ഒരാളെ സംബന്ധിച്ച് ഈ പരാതി, വസ്തുതകളെ വളച്ചൊടിച്ചതും നുണയുമാണ് എന്ന് മനസ്സിലാവും. താങ്കള്‍ക്ക് എന്താണ് ഇപ്പോള്‍ തോന്നുന്നത്?
ജോണ്‍ ബ്രിട്ടാസ്: എങ്ങനെയാണ് ആളുകളെ ഇത്രത്തോളം പരിഹസിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നത് എന്ന കാര്യമാണ് എന്നെ ഞെട്ടിപ്പിക്കുന്നത്. കാരണം, പരാതിയില്‍ പറഞ്ഞ വിഷയങ്ങള്‍, 24 കാരറ്റ് ‘മൂല്യ'ത്തില്‍ പ്രയോഗത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്നവരാണിവര്‍. ഇന്ത്യ എന്ന രാജ്യം ഈ രൂപത്തിലേക്ക് എത്തിയതിന്റെ ഏറ്റവും പ്രധാന കാരണം ഇവരുടെ കലാപ മനസ്സും വിഷ- വിദ്വേഷ പ്രചാരണവുമാണ്. ചെന്നായ ആട്ടിന്‍കുട്ടിയോടു പറഞ്ഞ അതേ ന്യായമാണ് ഇവരുടെ ഈ പരാതിയില്‍നിന്ന് വ്യക്തമാകുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ച സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നല്ലോ അല്ലേ? ഗുജറാത്തില്‍ 3000ലേറെ പേരെ കൊലപ്പെടുത്തിയതും വര്‍ഗീയ കലാപങ്ങളുമൊക്കെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നോ? കര്‍ണാടകയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഏതെങ്കിലും സ്വാതന്ത്ര്യ സമര പ്രക്ഷോഭമാണോ? കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആഹ്വാനം ചെയ്തത്, കാനയും റോഡും പണിയലല്ല നമ്മുടെ പണി, ലൗ ജിഹാദില്‍ കയറിപ്പിടിക്കണം എന്നാണ്. സമൂഹത്തെ കൂട്ടിയിണക്കാന്‍ ബി.ജെ.പി നടത്തുന്ന പെടാപാടുകളുടെ ഉദാഹരണങ്ങളാണല്ലോ ഇവയെല്ലാം!
ഇവര്‍ ചെയ്യുന്നത് എന്താണ് എന്ന് നമ്മള്‍ ജനങ്ങളോട് പറയുമ്പോള്‍ ഇവര്‍ക്കുണ്ടാകുന്ന പരിഭ്രാന്തിയാണ് ഈ പരാതിയില്‍ പ്രതിഫലിക്കുന്നത്. ഇവരുടെ ഗൂഢലക്ഷ്യങ്ങള്‍ ആരെങ്കിലും തുറന്നുകാട്ടിയാലുടന്‍ അവര്‍ ചുവപ്പു ഫ്‌ളാഗുമായി രംഗത്തുവരും. എന്നിട്ട് അവര്‍ തീരുമാനിക്കും, ഇന്ത്യയിലെ നമ്മുടെ സംവാദങ്ങള്‍ ഏതു തരത്തിലായിരിക്കണം എന്ന്. അവര്‍ ഡിക്‌റ്റേറ്റ് ചെയ്യുന്ന, നിര്‍ദ്ദേശിക്കുന്ന രൂപത്തിലും ഭാവത്തിലുമായിരിക്കണം രാജ്യത്ത് സംവാദങ്ങള്‍ നടക്കേണ്ടത് എന്നാണ് അവരുടെ ധാര്‍ഷ്ട്യം. ആ സംവാദങ്ങളില്‍ ഒരിക്കലും അവരുടെ തനിനിറം അനാവരണം ചെയ്യപ്പെടാന്‍ പാടില്ല. ആ ധാര്‍ഷ്ട്യവും ധിക്കാരവുമാണ് ഈ പരാതിയില്‍ പ്രതിഫലിക്കുന്നത്.
താങ്കള്‍ പ്രസംഗത്തില്‍ പറഞ്ഞ കാര്യം, നിങ്ങള്‍ കാണിക്കുന്ന ഇന്‍ക്ലൂസിവിറ്റി അവര്‍ തിരിച്ച് കാണിക്കുമോ എന്ന് ആലോചിക്കണം എന്നാണ്. അതൊരു നിര്‍ണായക ചോദ്യമാണ്. സംഘപരിവാര്‍ വേദികളില്‍ അതിനു പുറത്തുള്ള ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മതേതര മുഖം ഉണ്ടാക്കുന്ന, സ്വീകാര്യതയുണ്ടാക്കുന്ന രീതിയുണ്ട്. നമ്മള്‍ പലപ്പോഴും അതിനെ വിമര്‍ശന വിധേയമാക്കിയിട്ടുമുണ്ട്. എന്നാല്‍ മുജാഹിദ് വേദിയില്‍ ഇപ്പോള്‍ ബി.ജെ.പി നേതാക്കളെ പങ്കെടുപ്പിച്ചതിന് പിന്നില്‍ നിസ്സഹായതയുടെ തലം കൂടിയുണ്ട് എന്ന് തോന്നുന്നു. അതായത് ബി.ജെ.പിയെ, ആര്‍.എസ്.എസ്സിനെയൊക്കെ ഏതെങ്കിലും തരത്തില്‍ ഉള്‍ക്കൊള്ളിച്ചില്ല എങ്കില്‍ നിലനില്‍പ് തന്നെ പ്രശ്‌നമാവുന്ന തരത്തിലേക്ക് മുസ്ലിം സംഘടനകള്‍ മാറുന്നുണ്ടോ എന്ന സംശയമുണ്ട്. അതാണോ യാഥാര്‍ത്ഥ്യം?
ഇതിന് രണ്ട് വശങ്ങളുണ്ട്. ന്യൂനപക്ഷങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ഭയത്തെയും നിസ്സഹായാവസ്ഥയെയും ചൂഷണം ചെയ്യുക എന്ന വശമാണ് ഒന്ന്. അത് പ്രകടമാണ്, അതിന് ഏതെല്ലാം വശങ്ങളെ അവലംബിക്കാന്‍ പറ്റുമോ അതെല്ലാം ചെയ്യുന്നുണ്ട്. അവരുടെ കൈയിലുള്ള അധികാരത്തിന്റെ എല്ലാ തലങ്ങളും അതിനായി വിപുലീകരിക്കുന്നുണ്ട്. ഒരു ന്യൂനപക്ഷ സമുദായ നേതാവും ഒരു പരിധിക്കപ്പുറത്ത് ബി.ജെ.പിക്കോ ബി.ജെ.പി സര്‍ക്കാറിനോ എതിരെ വിമര്‍ശനം അഴിച്ചുവിടുന്നത് നമ്മള്‍ കാണുന്നില്ല. അത് അവസാനിച്ചു കഴിഞ്ഞു. തുടക്കത്തിലുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അത് പൂര്‍ണമായും നിലച്ചു. ഈ അവസ്ഥ സൃഷ്ടിക്കാന്‍ കാരണമായ ഭയത്തിന്റെയും നിസ്സഹായതയുടെയും ഒരന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ബി.ജെ.പി വിജയിച്ചിട്ടുണ്ട്.
രണ്ടാമത്തെ കാര്യമാണ് പ്രധാനം. ഇവര്‍ ഇന്ന് എനിക്കെതിരെ വലിയ കോപ്പുകൂട്ടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങളില്‍ എനിക്കെതിരെ ലേഖനങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് ഫോണെടുക്കാന്‍ പറ്റാത്ത തരത്തിലുള്ള ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നു. അറിയാവുന്ന നമ്പറുകള്‍ മാത്രമേ ഇപ്പോള്‍ എടുക്കാന്‍ കഴിയുന്നുള്ളൂ, അല്ലാത്ത നമ്പറുകളില്‍നിന്നൊക്കെ ഭീഷണികളാണ്. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമ ആക്രമണങ്ങള്‍ വേറെയും. നമ്മുടെ കുടുംബത്തെയും മറ്റും തകര്‍ക്കും എന്നു പറയുന്ന ചെറിയൊരു ഭയപ്പെടുത്തലല്ല ഇത്, ഇതൊരു പ്രോസസാണ്. ഒരിടത്തിരുന്ന്, ഒരു സംഘം ആസൂത്രിതമായി ഇങ്ങനെ നടത്തുന്ന ആക്രമണത്തിനെതിരെ നമ്മള്‍ പരാതി കൊടുത്താലും അവര്‍ക്കൊന്നുമില്ല. എത്രപേര്‍ക്കെതിരെയാണ് പരാതി കൊടുക്കുക? അതിന് നമുക്ക് സമയമുണ്ടോ? ഇതെല്ലാം അവര്‍ക്കറിയാം.
എന്തുകൊണ്ടാണ് ഇവര്‍ക്കിത്രയും പരിഭ്രാന്തി? ഈ അടുത്ത കാലത്ത് തന്ത്രപരവും സുപ്രധാനവുമായ ഒരു തീരുമാനം ഇവരെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യ ലക്ഷ്യമാക്കിയുള്ള ബി.ജെ.പി തന്ത്രത്തെക്കുറിച്ച് ‘സൗത്ത് മിഷന്‍ പ്ലാന്‍' എന്ന തരത്തില്‍, അതിനായി ഹൈദരാബാദില്‍ ഒരു കോണ്‍ക്ലേവ് നടത്തിയതിനെക്കുറിച്ച്, മാധ്യമങ്ങളില്‍ ഉപരിപ്ലവമായ ചില വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ അവര്‍ സ്വീകരിച്ചിരിക്കുന്നത് ഒരു ഉന്നതതല തന്ത്രമാണ്. ഹിന്ദു വിഭാഗത്തിന്റെ തന്നെ, പ്രത്യേകിച്ച്, അവരോട് മുഖംതിരിച്ചുനില്‍ക്കുന്ന മതനിരപേക്ഷ ഹിന്ദുക്കളുടെ പിന്തുണ കിട്ടണമെങ്കില്‍ ന്യൂനപക്ഷ വേദികളെയാണ് ആദ്യം ടാര്‍ഗറ്റ് ചെയ്യേണ്ടത് എന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ട്. അതായത്, ലഭിക്കാവുന്ന മുസ്ലിം വേദികള്‍ ഒക്കെ ഉപയോഗപ്പെടുത്തുക. അവിടെപ്പോയി, ഒരു വിശാല ഇന്ത്യയെക്കുറിച്ചും എല്ലാ വിഭാഗങ്ങളെയും ഇന്‍ക്ലൂഡ് ചെയ്യുന്നതിനെക്കുറിച്ചും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും നരേന്ദ്രമോദി എത്രത്തോളം സ്വീകാര്യനാണ് എന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കും. ‘നിങ്ങളുടെ ഭയാശങ്കകള്‍ നിരര്‍ഥകമാണ്', ‘നിങ്ങളുടെ അഭിവൃദ്ധി ഞങ്ങള്‍ ഉറപ്പുവരുത്തും' എന്നൊക്കെ പറഞ്ഞ് ‘ഞങ്ങളല്ലാതെ നിങ്ങള്‍ക്ക് വേറെ ആരാണുള്ളത്' എന്ന ചോദ്യമെറിയും. നിങ്ങള്‍ക്ക് ഞങ്ങള്‍ ഒരലോസരവും സൃഷ്ടിക്കില്ല, അതുകൊണ്ട് ഞങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നതല്ലേ നല്ലത് എന്നാണ് ഈ ചോദ്യത്തിന്റെ അര്‍ഥം. ഇങ്ങനെ മുസ്ലിം വേദികളെ തന്ത്രപരമായി ഉപയോഗിക്കുക. ഇവിടെനിന്നിറങ്ങി, തൊട്ടപ്പുറത്ത്, ക്രൈസ്തവര്‍ക്കരികിലേക്ക് പോയി അവരുടെ സ്വന്തം ആള്‍ക്കാരാകുക. എങ്ങനെ? അവര്‍ക്ക് മുമ്പ് കിട്ടിയിരുന്ന കോണ്‍ഗ്രസിന്റെ രക്ഷാകര്‍തൃത്വം തങ്ങള്‍ റീപ്ലെയ്‌സ് ചെയ്തുതരാം എന്ന ഉറപ്പുകൊടുക്കുക. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയുമൊന്നും നയിക്കുന്ന കോണ്‍ഗ്രസിന് ഇന്ത്യയെ നയിക്കാന്‍ പ്രാപ്തിയില്ലെന്നും അവരില്‍ നിന്ന് നിങ്ങള്‍ക്ക് കിട്ടിയിരുന്ന പാട്രനേജ് ഞങ്ങള്‍ തരാം, ഞങ്ങളിലൊരാളായി നിങ്ങളെ കാണാം എന്നെല്ലാം പറയും.
അതോടൊപ്പം ഒന്നുകൂടി പറയും: ‘നിങ്ങളുടെ വിശ്വാസത്തെയും സമൂഹത്തേയും വിശ്വാസികളെയും ഇല്ലായ്മ ചെയ്യാനാണ് മുസ്ലിംകള് ശ്രമിക്കുന്നത്. ലൗവ് ജിഹാദിലൂടെ നിങ്ങളുടെ കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നതു കണ്ടില്ലേ, അവരെ തീവ്രവാദികളാക്കുന്നത് കണ്ടില്ലേ?' അങ്ങനെ അവിടെ നിന്നിറങ്ങി തൊട്ടപ്പുറത്ത് പോയി വേറൊരു വേദിയില്‍ പോയി സംസാരിക്കുന്നത് ഇങ്ങനെയാണ്. അതിലും കുറച്ച് പേര്‍ ആകൃഷ്ടരാകും. അതിലും ഭയത്തിന്റേയും നിസ്സഹായതയുടേയും താത്പര്യങ്ങളുടേയും കൂടി സംഗമമുണ്ട്. അതാര്‍ക്കും മനസ്സിലാവാത്ത കാര്യമാണ്. ഇതാണ് അവരുടെ സ് സ്ട്രാറ്റജി.
ഇത് കാണുന്ന ഒരു ശരാശരി മതനിരപേക്ഷ ഹിന്ദു ആശ്ചര്യപ്പെടും. യഥാര്‍ഥത്തില്‍ എതിര്‍ക്കേണ്ട ഇവര്‍ക്കൊക്കെ അവര്‍ സ്വീകാര്യരാകുന്നു. അവര്‍ക്കൊന്നും ഒരു പരാതിയും പ്രശ്നങ്ങളും ഇല്ല. പിന്നെ ഞാന്‍ എന്തിനാണ് അവരുമായി പ്രശ്നം വെയ്ക്കുന്നത്. ഈ ത്രീ കോര്‍ണേഡ് സ്ട്രാറ്റജിയാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോഴുള്ള ഈ സാഹചര്യം. ഈ സ്ട്രാറ്റജിക്ക് കിട്ടിയ കനത്ത പ്രഹരമായിരുന്നു ഒരു പക്ഷേ എന്റെ പ്രസംഗം. അതാണ് ഇവരെ ഇത്രത്തോളം പ്രകോപിതരാക്കിയത്.
ഞാന്‍ പറഞ്ഞ എല്ലാ കാര്യങ്ങൾ - ബാബരി മസ്ജിദിന്റെ വിഷയവും കലാപങ്ങളുടെ കാര്യവും റപ്രസന്റേഷൻ ഇല്ലാത്തതുമൊക്കെ- ഞാന്‍ പാര്‍ലമെന്റില്‍ മുന്‍പ് പ്രസംഗിച്ചിട്ടുള്ളതാണ്. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ റപ്രസന്റേഷന്‍ ഇല്ലാത്തതിനെ കുറിച്ച് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അന്ന് ഇല്ലാത്ത പ്രശ്നം ഇപ്പോള്‍ ഉണ്ടായത് എന്തുകൊണ്ടാണ്? ഇവരുടെ ഈ ഗ്രാൻറ് സ്ട്രാറ്റജിക്ക് കിട്ടിയ വലിയ പ്രഹരം യഥാര്‍ഥത്തില്‍ അവരുടെ സമനിലവിടുന്നതിന് കാരണമായിട്ടുണ്ട്.

മതനിരപേക്ഷ വിശ്വാസികള്‍ക്ക് ഒരു പക്ഷേ ഈ സ്ട്രാറ്റജി മനസ്സിലായിട്ടില്ല. ഈ സ്ട്രാറ്റജി കേരളത്തിലെ മാധ്യമങ്ങള്‍, അവര്‍ക്ക് അറിയാത്തതുകൊണ്ടോ അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാതെ നടിച്ചതുകൊണ്ടോ ഒരിക്കലും പുറത്തുവിട്ടിട്ടില്ല. ഇത് ഇപ്പോള്‍ മാത്രം ആരംഭിച്ച സ്ട്രാറ്റജിയാണ്. ഇതാണ് ആ രണ്ട് വശങ്ങള്‍. ഏറ്റവും പ്രധാനപ്പെട്ട പ്രശ്നവും. യഥാര്‍ഥത്തില്‍ കോഴിക്കോടിന്റെ ബാക്കിപത്രമെന്ന് പറയാവുന്നത് ഈ സംഭവമാണ്.
ഫോണ്‍ വിളികളും വിദ്വേഷ പ്രചാരണവും അവരുടെ ഒരു പാറ്റേണാണ്. ഒരു ടാര്‍ജറ്റ് നിശ്ചയിച്ച് കഴിഞ്ഞാല്‍ അതിനെ നിരന്തരം പിന്തുടര്‍ന്ന് പല തരത്തില്‍ നശിപ്പിക്കുക എന്നത് സംഘപരിവാറിന്റെ കാലങ്ങളായ രീതിയാണ്. എന്നാല്‍ ഈ പ്രസംഗം മാത്രമാണോ താങ്കള്‍ക്കെതിരായ സംഘടിത നീക്കത്തിന്റെ കാരണം എന്നു കരുതുന്നുണ്ടോ? കുറച്ച് കാലമായി താങ്കള്‍ രാജ്യസഭയില്‍ പല പല വിഷയങ്ങളില്‍ വസ്തുതകള്‍ വെച്ച് ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളും പ്രസംഗങ്ങളും ഉണ്ട്. അതിന് സ്വീകാര്യത കിട്ടുകയും മാധ്യമശ്രദ്ധയിലേക്ക് വരികയും ചെയ്തിട്ടുണ്ട്. അതും ഇങ്ങനെ ടാര്‍ജറ്റ് ചെയ്യപ്പെടാനുള്ള കാരണമായിരിക്കുമോ?
സ്വാഭാവികമായും. രാജ്യസഭയില്‍ നമ്മള്‍ സംസാരിക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു മന്ത്രി സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദയൊന്നും അവര്‍ കാണിക്കാറില്ല. അവര്‍ എങ്ങനെയെങ്കിലും തടസ്സപ്പെടുത്തികൊണ്ടിരിക്കും. എന്റെ പ്രസംഗം എത്രയോ തവണ വി. മുരളീധരന്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്. സാധാരണ, മന്ത്രിമാരൊന്നും അങ്ങനെ തടസ്സപ്പെടുത്താന്‍ നില്‍ക്കാറില്ല. ഞാനും അദ്ദേഹവും തമ്മില്‍ സഭയിൽ വാഗ്വാദങ്ങളുണ്ടായിട്ടുണ്ട്. ഒരുപക്ഷേ അവരുടെ ഗൂഢ ഉദ്ദേശ്യങ്ങളെയും തന്ത്രങ്ങളെയും നമ്മള്‍ തിരിച്ചറിയുന്നു, അതിനെതിരേ വാചാലമാകുന്നു, ശക്തമായി പ്രതികരിക്കുന്നു എന്നതുകൊണ്ടാവാം അവരിപ്പോള്‍ എന്നെ ഏറ്റവും വലിയ പ്രശ്നമായി കാണുന്നത്. അതായത് അവരുടെ യാഥാര്‍ഥ്യം തുറന്നുകാട്ടുന്നവരെ അവര്‍ക്ക് സഹിക്കില്ല. അവര്‍ക്കെതിരെ പറയുന്നവരെ പല രൂപത്തിലും വഴക്കിയെടുക്കാന്‍ ശ്രമിക്കും. അതിന് പറ്റിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തും. ദുഷ്പ്രചാരണം നടത്തും.
ഉദാഹരണത്തിന് നമ്മുടെയൊക്കെ സോഷ്യല്‍ മീഡിയ പേജുകളിലും മറ്റും അവര്‍ പടച്ചുവിടുന്നത് നോക്കിയാല്‍ മതി. ഞാന്‍ ഇന്നുവരെ ഒരു സൈബര്‍ അറ്റാക്കിനും ആരോടും പരാതിപ്പെടാന്‍ പോയിട്ടില്ല, പോവുന്നില്ല. കാരണം ഇവരുടെ അടിസ്ഥാനപരമായ കള്‍ച്ചര്‍ എന്താണെന്ന് ഈ സൈബര്‍ അറ്റാക്കുക്കളില്‍ നിന്ന് മനസ്സിലാക്കാം. എത്ര വൃത്തികെട്ട ഭാഷയാണ് ഉപയോഗിക്കുന്നത്. നമ്മളെത്ര വിചാരിച്ചാലും അതിന് മാറ്റമുണ്ടാകില്ല.
മുജാഹിദ് സമ്മേളന വേദിയില്‍ സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ സംവാദംകൊണ്ട് ആര്‍.എസ്.എസ്സിന്റെ തനതായ സംസ്‌കാരത്തെ മാറ്റാന്‍ കഴിയുമോ എന്നൊരു ചോദ്യം താങ്കള്‍ ചോദിച്ചിരുന്നല്ലോ. ആ ചോദ്യത്തെയും അവര്‍ വളച്ചൊടിച്ചിട്ടുണ്ട്. സംവാദം കൊണ്ട് കാര്യമില്ലെന്നും സംഘര്‍ഷമാണ് വേണ്ടതെന്നും താങ്കള്‍ പ്രസംഗിച്ചു എന്നാണ് കെ. സുരേന്ദ്രന്റെ ഭാഷ്യം.
ആ ചോദ്യം യഥാര്‍ഥത്തില്‍ എനിക്ക് തൊട്ടുമുന്‍പ് സംസാരിച്ച മുന്‍ തെരഞ്ഞെടുപ്പ് കമീഷണറായ എസ്. വൈ. ഖുറൈഷിയോടാണ് ചോദിച്ചത്. അദ്ദേഹം വേദിയിലിരിക്കുന്നുണ്ട്. അതുകൊണ്ടാണ് ആ ചോദ്യം ഇംഗ്ലീഷിൽ ആവര്‍ത്തിച്ചത്. അതല്ലാതെ ആ സമ്മേളനത്തില്‍ ഇംഗ്ലീഷില്‍ സംസാരിക്കേണ്ട ആവശ്യമില്ലല്ലോ. അദ്ദേഹത്തോട് അങ്ങനെയൊരു ചോദ്യം ചോദിച്ചത് എന്തുകൊണ്ടെന്നാല്‍ അദ്ദേഹവും മൂന്നുനാല് മുസ്ലിം ബുദ്ധിജീവികളും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആഘോഷപൂര്‍വ്വം ഡല്‍ഹിയിലെ ആര്‍.എസ്.എസ് മന്ദിര്‍ സന്ദര്‍ശിച്ചിരുന്നു. അതിന് വലിയ മാധ്യമശ്രദ്ധ കിട്ടി. അവിടെ ആര്‍.എസ്.എസ് ആചാര്യന്‍ മോഹന്‍ ഭാഗവതിനെ കാണുന്നു. മോഹന്‍ ഭാഗവതിന്റെ ലാളിത്യത്തെകുറിച്ചും അദ്ദേഹം തങ്ങളുടെ വാക്കുകള്‍ ശ്രദ്ധിച്ച് കേട്ടതിനെക്കുറിച്ചും അവര്‍ വാചാലമാകുന്നു. ഇന്ന് ഇന്ത്യയിലുള്ള ഈ വിഭജനത്തിന്റെയും വലിയ പ്രതിസന്ധിയുടേയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സംവാദം ആരംഭിക്കുന്നു. ചര്‍ച്ചക്കൊടുവിൽ മോഹന്‍ ഭാഗവതിനെ അവര്‍ ഡല്‍ഹിയിലുള്ള ഒരു മസ്ജിദില്‍ കൊണ്ടുവരുന്നു, ഇത് വലിയൊരാഘോഷമായി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ കൊണ്ടാടുന്നു.
മുസ്ലിം ന്യൂനപക്ഷവുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട ബി.ജെ.പിയുടേയോ ആര്‍.എസ്.എസ്സിന്റേയോ ഏതെങ്കിലുമൊരു ഡിസ്‌കോഴ്സില്‍ അണുവിട മാറ്റം വരുത്താന്‍ ഇതുകൊണ്ട് സാധിച്ചോ? ഇല്ല. അതിനുശേഷമാണല്ലോ ഗുജറാത്ത് ഇലക്ഷനും ബന്ധപ്പെട്ട സംഭവങ്ങളും നടന്നത്. ഉണ്ടായിരുന്ന റപ്രസെന്റേഷന്‍ കൂടി ഇല്ലാതാവുകയല്ലേ ചെയ്തത്. ആ പശ്ചാത്തത്തിലാണ് ഞാന്‍ ഖുറൈഷിയോട് ചോദിക്കുന്നത്, നിങ്ങള്‍ ഈ സംവാദം കൊണ്ട് ആര്‍.എസ്.എസ്സിന്റെ ക്യാരക്ടറില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ എന്ന്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആഘോഷിക്കപ്പെട്ട ഈ സംവാദം ആരംഭിച്ചത്. ആ പശ്ചാത്തലത്തില്‍ ഞാന്‍ അദ്ദേഹത്തെ ഓര്‍മപ്പെടുത്തുകയാണ് ചെയ്തത്, പക്ഷേ, അതിനെ മുജാഹിദുമായി കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്.
മുജാഹിദുകാരോട് ചോദിച്ചത് വളരെ കൃത്യമാണ്, ഇവരെ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ കാണിക്കുന്ന അതേ വിശാലതയോടെ നിങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറാകുമോ?. അഥവാ, അങ്ങനെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറാകുന്നില്ലെങ്കില്‍ എന്തുകൊണ്ടില്ല എന്ന് തിരിച്ച് ചോദിക്കാനുള്ള ആര്‍ജ്ജവം നിങ്ങള്‍ക്കുണ്ടാകണം എന്നാണ് പറഞ്ഞത്, അല്ലാതെ അവരെപ്പോയി അടിക്കണം എന്നല്ല.
ദേശീയ ഐക്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും മതമൈത്രിയുടെയുമെല്ലാം ഭയങ്കരമായ സൂക്തങ്ങളാണല്ലോ ദിവസവും ഇവരുടെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നത്? വിവര വിനിമയ- വാര്‍ത്താപ്രക്ഷേപണ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിയാണ് ഈയിടെ ‘ഗോലി മാരോ സാലോം കോ' എന്ന ആഹ്വാനവുമായി പരസ്യമായി രംഗത്ത് വന്നത്. ദേശഭക്തിയുടേയും ഐക്യത്തിന്റെയും സൂക്തമാണല്ലോ അത്? കഴിഞ്ഞ ദിവസമാണ് ബി.ജെ.പി എം.പി പ്രഗ്യാസിങ് കത്തി രാകിക്കൊണ്ടിരിക്കണമെന്ന് മറ്റൊരു ആഹ്വാനം നടത്തുന്നത്. ഗുജറാത്തിലെ മുസ്ലിം വംശഹത്യ ഒരു പാഠം പഠിപ്പിക്കലായിരുന്നെന്ന് പറഞ്ഞത് മറ്റാരുമല്ല, രാജ്യത്തിന്റെ അഖണ്ഡതയുടെയും ദേശീയ ഐക്യത്തിന്റെയും ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. മുഗളന്മാര്‍ ചെയ്തതിനൊക്കെ നിങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് മറ്റൊരു താക്കീത്. ഇതെല്ലാമാണല്ലോ ഇന്ന് ഐക്യത്തിന്റെ സൂക്തങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്നത്. ഈ സുക്തങ്ങളൊക്കെ അതേപടി നമ്മളും ഉരുവിടണമെന്നാണ് ഇവര്‍ പറയുന്നത്, ആഗ്രഹിക്കുന്നത്. ഈ തന്ത്രം പൊളിയുമെന്ന ഭയമാണ് എനിക്കെതിരെ പരാതിയുമായി രംഗത്തുവരാന്‍ കാരണം. പരാതി എനിക്ക് ഷോക്കായിരുന്നു. കാരണം ഇത്രത്തോളം തൊലിക്കട്ടി ഇവര്‍ക്കുണ്ടല്ലോ?
ആ വേദിയില്‍ അണികളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം രസം തോന്നിയ ഒന്നായിരുന്നു. താങ്കളത് പ്രതീക്ഷിച്ചില്ല എന്നു തോന്നുന്നു.
കൈയ്യടി ഞാന്‍ ഒരിക്കലും പ്രതീക്ഷില്ല. യഥാര്‍ത്ഥത്തില്‍ ഞാന്‍ കയ്യടിപ്പിച്ചതല്ല. ആ സമ്മേളനത്തക്കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണകളെ മുഴുവന്‍ തിരുത്തുന്ന പ്രതികരണമായിരുന്നു അത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന അണികളെല്ലാം ഒരു വികാര പ്രകടനവുമില്ലാതെ പ്രസംഗങ്ങള്‍ കൈയുംകെട്ടി കേട്ടിരിക്കുന്നവരാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അങ്ങനെയാണ് എനിക്കു കിട്ടിയ വിവരങ്ങളും. അപ്രതീക്ഷിതമായി ഞാനീ ചോദ്യം ചോദിക്കയും അവര്‍ കയ്യടിക്കുകയും ചെയ്തു എന്നത്, എനിക്കല്ല, മുജാഹിദ് നേതൃത്വത്തിനാണ് ഷോക്കായത്. മുജാഹിദ് സമ്മേളനത്തില്‍ എനിക്ക് കിട്ടിയ കൈയ്യടികള്‍ നേതൃത്വത്തെ ഉണര്‍ത്താനുള്ള അണികളുടെ ശ്രമമായാണ് തോന്നിയത്.
ഒരു ജനാധിപത്യപ്രക്രിയ പൂര്‍ണമാകുന്നത് എല്ലാ വിഭാഗത്തെയും ചേര്‍ത്തുനിര്‍ത്താന്‍ കഴിയുമ്പോഴാണ്, എല്ലാവര്‍ക്കും ഒരുപോലെ പ്രാതിനിധ്യം കിട്ടുമ്പോഴാണ്. എന്നാല്‍ ഇന്ന് നമ്മുടെ കാര്യം ദയനീയമാണ്. ചെറിയ ദയനീയതയല്ല, പരമ ദയനീയം. ന്യൂനപക്ഷത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രാതിനിധ്യം എത്ര കുറവാണെന്ന് വളരെ വ്യക്തമാണ്.
കഴിഞ്ഞ ദിവസം ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെയും ഭാര്യ മേഗന്റെയും ഒരു സീരിസ് നെറ്റ്ഫ്ളികിസില്‍ വന്നിരുന്നു. അതില്‍ ശ്രദ്ധേയമായ ഒരു കണ്ടെത്തലുണ്ട്. മിക്‌സ്ഡ് റേഷ്യല്‍ മാതാപിതാക്കളുടെ മകളായതുകൊണ്ടുതന്നെ ആദ്യ ഘട്ടത്തില്‍ ബ്രിട്ടീഷ് മാധ്യമങ്ങൾ മേഗന്‍ മാര്‍ക്കിളിനെതിരെ അതിരൂക്ഷമായ വംശീയ ആക്രമണം നടത്തിയിരുന്നു. ഇതിന് കാരണമായി ഈ സീരീസില്‍ത്തന്നെ ബ്രിട്ടനിലെ പ്രധാന സാമൂഹ്യനിരീക്ഷര്‍ ഊന്നുന്ന ഒരു കാര്യമുണ്ട്. അതായത്, ബ്രിട്ടീഷ് മീഡിയ എന്നു പറയുന്നത് വെറ്റ് ഇന്‍ഡസ്ട്രിയാണ്. ഒരു മാധ്യമ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എന്നെ കണ്ണുതുറപ്പിച്ച പ്രയോഗമാണത്- വൈറ്റ് ഇന്റസ്ട്രി. അതു കൊണ്ടു തന്നെ അവര്‍ക്ക് ഒരിക്കലും മേഗനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ബ്രിട്ടീഷ് പ്രസ്സിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് അവര്‍ പറയുന്നുണ്ട്. ബ്രിട്ടനിലെ ബ്ലാക്ക് പോപ്പുലേഷന്‍ മൂന്ന് ശതമാനത്തിനടുത്താണ്. പക്ഷേ ബ്രിട്ടന്റെ മാധ്യമങ്ങളിലെ ബ്ലാക്ക് പ്രാതിനിധ്യം 0.02 ശതമാനം മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ അവിടെ വംശീയത തീവ്രമാകുന്നു. ഇത്തരം പരിപാടികളില്‍ പോലും മറ്റു രാജ്യങ്ങളില്‍, ന്യൂനപക്ഷ പ്രാതിനിധ്യം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ഒരു ജനാധിപത്യ സമൂഹത്തില്‍ നമ്മള്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ട രണ്ട് ഘടകങ്ങളിലൊന്ന്, ആ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുന്നവരുടെ അവകാശങ്ങളാണ്. രണ്ട്, പങ്കെടുക്കുന്നവര്‍ക്ക് കിട്ടുന്ന പ്രാതിനിധ്യവും. അതുകൊണ്ടാണ് പണ്ട് ഉന്നതകുലജാതര്‍ക്കുമാത്രം വോട്ടവകാശമുണ്ടായിരുന്ന കാലഘട്ടത്തെ ഒരു ജനാധിപത്യ സമൂഹമായി അംഗീകരിക്കാന്‍ കഴിയാതിരുന്നത്. പ്രാതിനിധ്യത്തിലെ ഏങ്കോണിപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ പോകുന്നത് എത്രമാത്രം മൗഢ്യമാണ്. വരേണ്യര്‍ക്ക് മാത്രമുണ്ടായിരുന്ന വോട്ടവകാശത്തെ ചോദ്യം ചെയ്തപ്പോള്‍, അവരെ കലാപകാരികളായി മുദ്രകുത്തിയ അതേ ന്യായമാണ് ഇന്ന് ബി.ജെ.പിയും നടത്താന്‍ ശ്രമിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനേക്കാളും പ്രസക്തം എക്സിക്യൂട്ടീവ് ആണ്. ഇന്നത്തെ അവസ്ഥ എന്താണ്? എക്സിക്യൂട്ടീവ് പാര്‍ലമെന്റിനോട് വിധേയപ്പെട്ട് കിടക്കണമെന്ന് പറയുമെങ്കില്‍ പോലും ആ ഒരു അക്കൗണ്ടബിലിറ്റി ഇന്ന് ഉറപ്പുവരുത്താനാവുന്നില്ല. എക്സിക്യൂട്ടീവ് ഓവര്‍ പവര്‍ഫുളാണ്. ആ എക്സിക്യൂട്ടീവിലെ പ്രാതിനിധ്യസ്വഭാവം എന്താണ്? മോദി ഗവണ്‍മെന്റിന്റെ കഴിഞ്ഞ മന്ത്രിസഭാ വികസനത്തെ പ്രകീര്‍ത്തിച്ച് മാധ്യമങ്ങള്‍ ഭീകര റിപ്പോര്‍ട്ടുകളെഴുതി. ഉപജാതികള്‍ക്കും, ഇതുവരെ അധികാരത്തില്‍ പ്രാതിനിധ്യം ലഭിക്കാത്ത ചെറിയ ഉപജാതികള്‍ക്കും യു.പിയിലെ മറ്റു വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്നതിനുവേണ്ടിയുള്ള മാതൃകാപരമായ എക്സര്‍സെസ് ആയിരുന്നു ഈ എക്സ്പാന്‍ഷന്‍ എന്ന മട്ടില്‍. ചരിത്രത്തിലാദ്യമായി 50% ത്തിലേറെ പിന്നാക്ക- ദലിത് വിഭാഗത്തിലുള്ളവരുടേതായി ഈ മന്ത്രിസഭ മാറി എന്നും അത് ഐതിഹാസികമാണെന്നും മാധ്യമങ്ങള്‍ മുഖപ്രസംഗമെഴുതി. ഇങ്ങനെയെഴുതുമ്പോള്‍ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങളെ കുറിച്ച് പറയാനുള്ള മര്യാദ മാധ്യമങ്ങള്‍ കാണിക്കേണ്ടേ?. അത് പറയുന്നതാണോ വിഭജനം? നിങ്ങള്‍ ഈ പറയുന്ന പ്രാതിനിധ്യമില്ലാത്തവര്‍ക്ക് പ്രാതിനിധ്യം കൊടുക്കാന്‍ മന്ത്രിസഭാ വികസനം നടത്തുകയാണെങ്കില്‍ അത് ഗംഭീരം, എന്നാല്‍ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങള്‍ ഇനിയും പുറത്തുണ്ടെന്നുപറയുമ്പോള്‍ അത് വിഭജനം. ഇത് തിരിച്ചറിയുകയും പറയുകയും ചെയ്യണം. അപ്പോഴാണ് ഇവരുടെ മുഖം മൂടി അഴിച്ചുമാറ്റപ്പെടുക. അതുകൊണ്ടാണ് ഇവര്‍ക്ക് ഹാലിളകുന്നത്. നേരത്തെ സൂചിപ്പിച്ച, ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും നൂതനമായ തന്ത്രത്തിന് കിട്ടിയ തിരിച്ചടിയായെതുകൊണ്ടാണ് ഈ സംഭവം ഇവര്‍ ഇത്ര സീരിയസായി എടുത്തത്.
ഇതിലെനിക്ക് സഹതാപം തോന്നുന്ന ‘ആര്‍ട്ടിസ്റ്റുകളാ'ണ് യു.ഡി.എഫിന്റെ ചില ആളുകള്‍. സഹനടന്മാര്‍, ഉപനടന്മാര്‍, എന്നതിനുപകരം സഹതാപ നടന്മാര്‍ എന്നൊരു പുതിയ വിഭാഗത്തെ ഞാന്‍ സൃഷ്ടിക്കുകയാണ്. അതിലാണ് ബഷീറും ഫിറോസുമെല്ലാം വരുന്നത്. ആ വേദിയില്‍ മുസ്ലിംലീഗിനെകുറിച്ചോ, യു.ഡി. എഫിനെകുറിച്ചോ കോണ്‍ഗ്രസിനെക്കുറിച്ചോ ഞാന്‍ ഒരക്ഷരം പറഞ്ഞില്ല. സംഘപരിവാറിന്റെ ഗൂഢതന്ത്രത്തെകുറിച്ചും, മുസ്ലിംകള്ക്കും പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കിട്ടേണ്ട പ്രാതിനിധ്യത്തെ കുറിച്ചുമാണ്. എന്തുകൊണ്ട് ഇവര്‍ എനിക്കെതിരെ തിരിഞ്ഞു. ഇവര്‍ അവിടെ എന്റെ പേരെടുത്ത് പല തവണ പ്രസംഗിച്ചു. അതെന്നെ നടുക്കുന്നു. ഇവര്‍ക്ക് ചിന്താശീലം ഇത്ര നഷ്ടപ്പെട്ടോ. രാജ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഇവര്‍ ഇത്ര അജ്ഞരാണോ? എനിക്കവരോട് ദേഷ്യമല്ല, സഹതാപമാണ്. അതുകൊണ്ടാണ് ഞാനവരെ സഹതാപനടന്മാരെന്ന് വിളിച്ചത്.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുജാഹിദ് നേതൃത്വത്തിലുള്ള ആരെങ്കിലും വിളിച്ചിരുന്നോ?
വിവാദവുമായി ബന്ധപ്പെട്ട് മുജാഹിദ് സംഘടനയുടെ ഭാഗത്തുനിന്ന് ഒരാളും എന്നെ വിളിച്ചിട്ടില്ല, എന്നാല്‍ അണികളില്‍ പലരും വിളിച്ച് അഭിനന്ദിച്ചു. ശക്തമായി നിലപാട് പറയുമെന്നതുകൊണ്ടാണ് നിങ്ങളെ ഞങ്ങള്‍ ക്ഷണിച്ചത്, അത് ശക്തമായി പറഞ്ഞു, അത് കേള്‍ക്കാന്‍ തന്നെയാണ് ഞങ്ങളും വന്നത് എന്നാണ് അവരെന്നോടു പറഞ്ഞത്. എന്നാല്‍, ഇത് വളച്ചൊടിച്ച് അവര്‍ക്കെതിരെയാണ് ഞാന്‍ സംസാരിച്ചെതെന്ന് വരുത്തിത്തീര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നത് ശരിയാണ്. ഇങ്ങനെയുള്ള വേദികളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ മാത്രമാണ് ഞാന്‍ സംസാരിച്ചത്. അവ വളരെ പ്രസക്തമാണ്. അത് ഞാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ്.

പ്രതിനിധ്യത്തെക്കുറിച്ചും പ്രാതിനിധ്യമില്ലായ്മയെക്കുറിച്ചും പാര്‍ലമെന്റില്‍ ഞാനടക്കമുള്ളവര്‍ ചര്‍ച്ച ചെയ്യുന്നതാണ്. ഇന്ത്യപോലൊരു രാജ്യത്ത് ഒരു പിന്നാക്ക- ദലിത്- ന്യൂനപക്ഷ ജഡ്ജി ഉന്നത നീതിപീഠത്തില്‍ വരാന്‍ 80 കള്‍ വരെ കാത്തുനില്‍ക്കേണ്ടി വന്നു എന്നുപറയുന്നത് നമുക്ക് അപമാനകരമല്ലേ എന്ന് ഞാന്‍ എടുത്തെടുത്ത് പാര്‍ലമെന്റില്‍ ചോദിച്ചിട്ടുണ്ട്. അതിനപ്പുറമല്ലല്ലോ ഇത്.
പിന്നെ യൂണിഫോം സിവില്‍ കോഡ് എന്നുപറഞ്ഞ് ഏത് കോഡാണ് അടിച്ചേല്‍പ്പിക്കുന്നത്? എന്തുകൊണ്ടാണ് 21-ാം ലോ കമീഷന്‍ ഇങ്ങനെയൊരു യൂണിഫോം സിവില്‍ കോഡിന്റെ ആവശ്യമില്ല, അതിന്റെ പ്രസക്തിയില്ല എന്നുപറഞ്ഞത് എന്തുകൊണ്ട് എന്ന് ഞാന്‍ എത്രയോ തവണ അവിടെ ചോദിച്ചിട്ടുള്ളതാണ്. ഇതെല്ലാം ഞാനവിടെ ഉയര്‍ത്തുന്ന വിഷയങ്ങളാണ്. ഡല്‍ഹിയിലില്ലാത്ത തര്‍ക്കം യു.ഡി.എഫുകാര്‍ക്ക് എന്തുകൊണ്ടാണ് ഇവിടെയുണ്ടായതെന്ന് മനസിലാവുന്നില്ല.
എനിക്കുതോന്നുന്നത്, സംഘപരിവാറിന്റെ തന്ത്രം പൊളിഞ്ഞപ്പോള്‍ അവരൊന്ന് സ്തംഭിച്ചുനിന്നു. അവര്‍ക്ക് അതിനോട് എങ്ങനെ പ്രതികരിക്കണമെന്നറിയില്ലായിരുന്നു. അതുകൊണ്ടാണ് ആദ്യ ദിവസങ്ങളില്‍ അവര്‍ മൗനികളായിരുന്നത്. അപ്പോഴാണ് ഈ പറഞ്ഞ സഹതാപനടന്മാരിറങ്ങി, നിങ്ങളെന്താണ് ബ്രിട്ടാസിന്റെ രക്തത്തിന് വേണ്ടി പോവാത്തത്? നിങ്ങള്‍ പോയി ബ്രിട്ടാസിന്റെ രക്തം കുടിക്ക് എന്ന് ആഹ്വാനം ചെയ്യുന്നത്. തന്ത്രം പൊളിഞ്ഞ് സ്തംഭിച്ചു നിന്ന സംഘ്പരിവാറിനെ പ്രചോദിപ്പിച്ചത് ഈ പറഞ്ഞ സഹതാപനടന്മാരാണ്.
എം.പി
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
ഡോ: കെ.ടി. ജലീല്‍
Mar 27, 2023
7 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read