ഇടതുപക്ഷത്താണ് മുസ്‌ലിംകൾ, ശിഹാബ് തങ്ങൾക്കുശേഷം പിണറായിയാണ് മുസ്‌ലിംകളുടെ നേതാവ്

മൈനോരിറ്റി നൂറു ശതമാനം വിശ്വസിക്കുന്ന നേതാവ് പിണറായി വിജയനാണ്. ഏറ്റവും അപമാനകരമായ ഒരവസ്ഥയാണ് ജമാഅത്തെ ഇസ്ലാമിക്കിപ്പോൾ. ഇത് പഴയ മുസ്‌ലിം കമ്യൂണിറ്റിയല്ല, ഡിഫറന്റായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ്. കമ്യൂണിസ്റ്റ് പാർട്ടി കാർഷിക കലാപങ്ങൾ ഏറ്റെടുക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്മാർ മുന്നോട്ട് വെച്ച കാർഷിക കലാപങ്ങളുടെ തുടർച്ചയായാണ്​. വാരിയംകുന്നനായി വരാൻ പോകുന്നത് മലയാള സിനിമ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ- പി.ടി. കുഞ്ഞുമുഹമ്മദ്​ സംസാരിക്കുന്നു

അലി ഹൈദർ: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ, മുസ്‌ലിം സംഘടനകളും പാർട്ടികളും ഉണ്ടാക്കിയിട്ടുള്ള കക്ഷി- മുന്നണി ധാരണകൾ ഇത്തവണയും വലിയ ചർച്ചക്കിടയാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്‌ലാമിയും.

പി.ടി. കുഞ്ഞുമുഹമ്മദ്: ഏറ്റവും അപമാനകരമായ ഒരവസ്ഥയാണ് ജമാഅത്തെ ഇസ്​ലാമിക്കിപ്പോൾ. അവർ ആദ്യകാലത്ത് വോട്ടിങിൽ പങ്കെടുത്തിരുന്നില്ല, പിന്നീട് പങ്കെടുത്തു; അതൊക്കെ വേറെ വിഷയങ്ങൾ. പക്ഷെ, ആ പ്രസ്ഥാനത്തെ സംബന്ധിച്ച് ഏറ്റവും അപമാനകരമായ അവസ്ഥയാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. യു.ഡി.എഫിന്റെ ചവിട്ടേക്കുന്ന രീതിയിലേക്ക് ആ പ്രസ്ഥാനത്തെ മാറ്റി. കേരളീയ സമൂഹത്തിൽ ഇവരുടെ പ്രസൻസ് ഒരു ചലനവും ഉണ്ടാക്കിയില്ല എന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തൽ. ചെറിയ തോതിലെന്തെങ്കിലും ഉണ്ടായിരിക്കാം. പക്ഷെ, അവരുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ ഒരു കൂട്ടുകെട്ടാണ് ഇത്തവണ അവരുണ്ടാക്കിയത്. അതുകൊണ്ട് അവർക്ക് രാഷ്ട്രീയ നേട്ടമുണ്ടായില്ല എന്ന് മാത്രമല്ല, അപമാനിതരാവുകയാണ് ചെയ്തത്. പന്ത് തട്ടുന്നതുപോലെ ഒരു ദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ തട്ടിയാൽ പിറ്റേദിവസം രമേശ് ചെന്നിത്തല തട്ടും, പിന്നെ ഉമ്മൻചാണ്ടി, ഹസൻ, കുഞ്ഞാലിക്കുട്ടി ... ഇവരുടെ മുന്നിൽ പോയി ഓച്ചാനിച്ച് നിന്ന് എന്താണ് ആ മൂവ്മെന്റ് നേടിയത് എന്നവർ ആലോചിക്കണം.

എന്തുകൊണ്ടായിരിക്കാം ഇത്രയും അപമാനം സഹിച്ച് ഒരു ധാരണ?

അവർ ഇങ്ങനെയല്ല, ഇത്തരത്തിലുള്ള ഒരു രീതിയിലല്ല പ്രതീക്ഷിച്ചത് എന്നുതോന്നുന്നു. ആദ്യമൊക്കെ ഞാനും മുസ്​ലിം കമ്യൂണിറ്റിയിൽ എന്തെങ്കിലുമൊരു ഓളം ഉണ്ടാക്കുമെന്ന് സംശയിച്ച ഒരാളായിരുന്നു. എന്നാൽ, എത്രയോ സ്ഥലങ്ങളിൽ യു.ഡി.എഫിനെ ബി.ജെ.പി പിന്താങ്ങുന്നതുകണ്ട് നോക്കി നിൽക്കേണ്ടി വന്നു ഇവർക്ക്. ബി.ജെ.പിക്ക് അങ്ങോട്ടും പിന്തുണയുണ്ട്. അതൊരു സത്യമാണ്.

ഈ ധാരണ തിരിച്ചടിയായത് വെൽഫയർ പാർട്ടിക്കാണ്. ആ പാർട്ടിയുടെ വലിയ നഷ്ടമാണത്. ഇവിടത്തെ ന്യൂനപക്ഷ സമുദായങ്ങൾക്ക് ഒരു കാര്യം ഉറപ്പുണ്ട്, യു.ഡി.എഫ് മെലിഞ്ഞ് പോകുകയാണ്. പ്രത്യേകിച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ ക്ഷയം അപകടകരമായൊരു അവസ്ഥ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അവർക്കൊരു നേതൃത്വമോ രാഷ്ട്രീയമോ ഇല്ല. നെഹ്റുവിന്റെ കാലത്തൊക്കെ ഉയർത്തിപ്പിടിച്ച സെക്യുലർ കാഴ്ചപ്പാട് അവർക്കിന്നില്ല. രാഷ്ട്രീയമായ നിലപാടെടുക്കാനോ നയം തീരുമാനിക്കാനോ ജാഗ്രത പുലർത്താനോ കഴിയുന്നില്ല. എന്നാൽ, ഇന്ന് കർഷകർ ഇന്ത്യയിൽ ഉയർത്തിയ സമരമുഖം കേരളത്തിൽ ലെഫ്റ്റിനെ സഹായിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. കർഷകസമരത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് മനുഷ്യർ ഉയർത്തിയ മുദ്രാവാക്യങ്ങൾ ബി.ജെ.പിക്ക് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.

ജമാഅത്തെ ഇസ്‌ലാമിയെ ഒപ്പം കൂട്ടാൻ യു.ഡി.എഫിനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കാം?

മുസ്‌ലിം വോട്ടിൽ വലിയൊരു ഷിഫ്റ്റ് യു.ഡി.എഫിന്റെ ഭാഗത്തേക്ക് കിട്ടും, ലോക്​സഭാ തെരഞ്ഞെടുപ്പിലുണ്ടായതുപോലെ എന്നായിരിക്കും യു.ഡി.എഫ് ധരിച്ചത്. ആ ഒരു ഷിഫ്റ്റ് ഉണ്ടായില്ല എന്നുമാത്രമല്ല, കേരളത്തിൽ ഇന്ന് നേരം വെളുത്ത് വൈകുന്നേരം വരെ മാധ്യമങ്ങളിട്ട് അലക്കുന്ന ഒരു വിഷയവും വാർഡുകളിൽ ചർച്ചക്ക് വന്നില്ല എന്നതാണ് സത്യം. വാർഡുകളിലും മുനിസിപ്പാലിറ്റിയിലുമൊക്കെ അവിടത്തെ വികസനമാണ്, അതിന്റെ പൊളിറ്റിക്സാണ് ചർച്ചയായത്. നേതാക്കന്മാരൊന്നും വലിയ രീതിയിൽ പ്രചാരണത്തിന് എത്തിയതുമില്ല. യു.ഡി.എഫിന് വലിയൊരു വോട്ടുണ്ട് എന്നത് സത്യമാണെങ്കിലും എൽ.ഡി.എഫ് വോട്ടിൽ ഒരു ഷിഫ്റ്റ് വരുത്താനോ ഒരു തരംഗം ഉണ്ടാക്കാനോ യു.ഡി.എഫിന് പൊതുവേ കഴിഞ്ഞില്ല.

ജമാഅത്തെ ഇസ്‌ലാമിയുമായുള്ള യു.ഡി.എഫ് ധാരണയിൽ ഇടതുപക്ഷത്തിന്റെ നിലപാട് എന്താണ്?

വെൽഫയർ പാർട്ടി വന്നതിനുശേഷമാണ് ജമാഅത്തെ ഇസ്‌ലാമിയും ലെഫ്റ്റും തമ്മിലുള്ള ബന്ധത്തിൽ ഈയാരു മാറ്റം ഉണ്ടാകുന്നത് എന്നാണ് തോന്നുന്നത്. 1994 ലെ ഉപതെരഞ്ഞെടുപ്പിൽ എന്നെ ശക്തമായി പിന്താങ്ങിയിട്ടുണ്ട്. 96ലും അവർ എന്നെ പിന്താങ്ങി. 2001 ൽ പക്ഷെ എനിക്ക് എതിരായിരുന്നു. എനിക്ക് അതിൽ ഒരു പരിഭവവും ഉണ്ടായിരുന്നില്ല. 2011 ലാണ് അവർ പാർട്ടി രൂപീകരിച്ചത്. ചിലയിടത്ത് ചെറിയ രീതിയിൽ അഡ്ജസ്റ്റുമെന്റുകളൊക്കെ ഉണ്ടായിരുന്നെങ്കിൽ കൂടി വെൽഫയർ പാർട്ടിയും ലെഫ്റ്റും തമ്മിൽ അകന്ന് പോവുകയാണ് ചെയ്തത്. സി.പി.എമ്മിലുണ്ടായിരുന്ന വിഭാഗീയതയിലൊക്കെ അനാവശ്യമായി അവർ ഇടപെടുകപോലും ചെയ്തിരുന്നു. കൂടാതെ അവർ എടുക്കുന്ന നിലപാടുകൾ, റോഡ് വികസനത്തിന്റെയും പൈപ്പ് ലൈനിന്റെയുമൊക്കെ കാര്യങ്ങളിൽ, ഒരു എക്സ്ട്രീം ലെഫ്റ്റ് ആകാനാണ് എന്ന് തോന്നിയിട്ടുണ്ട്. കാരണം, ഈ ഒരു ലെവലിൽ നിന്നുകൊണ്ട് കേരളത്തിനൊരിക്കലും മുന്നോട്ട് പോവാൻ പറ്റില്ല. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളീയ സമൂഹം നേടിയ സൗകര്യങ്ങൾ, നേട്ടങ്ങൾ ചെറുതല്ല. ഉദാഹരണത്തിന് പെരിന്തൽമണ്ണയിൽ അധഃസ്ഥിത വിഭാഗത്തിനുവേണ്ടി ഉയരുന്ന ഫ്ളാറ്റ് സമുച്ചയം മറ്റേതെങ്കിലും സംസ്ഥാനത്തിന് സ്വപ്നം കാണാൻ പറ്റുമോ. തമിഴ്നാട്ടിലോ ഗുജറാത്തിലോ അത്തരം വികസനം ഉണ്ടോ, ഗുജറാത്തിലെ അവസ്ഥ ട്രംപ് വന്നപ്പോൾ നമ്മൾ കണ്ടതല്ലേ? ഈ നേട്ടങ്ങൾ മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുകയും കേരളത്തിന്റെ സമ്പത്ത് കേരളത്തിൽ വിനിയോഗിക്കാൻ പറ്റുന്ന തരത്തിൽ മാറ്റുകയും വേണം. കിട്ടുന്ന പണം കേരളത്തിൽ തന്നെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള വികസനം എല്ലാ മേഖലകളിലും കൊണ്ടുവരിക എന്നതുതന്നെയാണ് അടിയന്തരമായി വേണ്ടത്. വ്യാപാരമായാലും വ്യവസായമായാലും എല്ലാതരം ആളുകളെയും കൊണ്ടുവരാൻ കഴിയണം. നമ്മൾ ഒരു അന്തർദേശീയ സമൂഹമാണ്​, അത് നിഷേധിച്ചിട്ട് കാര്യമില്ല. ദുബൈയിൽ മാത്രമായി ഒതുങ്ങുന്ന പ്രവാസമല്ല നമ്മുടേത്. ലോകത്തെല്ലായിടത്തും മലയാളികളുണ്ട്, 70 ബില്യൺ ഡോളർ ഇന്ത്യയിലേക്ക് വരുമ്പോൾ അതിൽ 40 ശതമാനം കേരളത്തിലേക്കാണ്. കേരളത്തിൽ അമ്പതിനായിരം ആളുകളെങ്കിലും ഒരു ദിവസം വന്നുപോകുന്നുണ്ടാകും. അപ്പോൾ, അതിന്റെയൊരു ഇക്കണോമിയുണ്ട്, അതിലൂടെ വിപുലമാക്കപ്പെടുന്ന സാമൂഹിക ജീവിതാന്തരീക്ഷമുണ്ട്. ആധുനിക ജീവി എന്ന നിലയിൽ നമ്മൾ വിദ്യാഭ്യാസത്തിലടക്കം ഒരു പുതിയ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്, നമുക്കുവേണ്ടത് ഒരു ആധുനിക വീക്ഷണം തന്നെയാണ്​, ഭരണത്തിൽ. അത് ഈ ഇടതുപക്ഷ ഗവൺമെന്റ് സ്വീകരിക്കുന്നുണ്ട്. കേരളത്തെ വികസിപ്പിക്കുക എന്ന ആശയം ചെറിയ കാര്യമല്ല.

പിണറായി വിജയൻ

96 ൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഞങ്ങളൊക്കെ എം.എൽ.എമാരായി, ഞാൻ, കടമ്മനിട്ട രാമകൃഷ്ണൻ, സെബാസ്റ്റ്യൻ പോൾ അങ്ങനൊക്കെ കുറേപേരുണ്ടായിരുന്നു. ഞങ്ങൾ അന്ന് പിണറായി വിജയനോട് ആവശ്യപ്പെട്ടത്, കറന്റ് കൊണ്ടുവരിക എന്നാണ്. അന്ന് ഇരുട്ടിലാണ് കേരളം. അക്കാലത്ത് ഇലക്ട്രിസിറ്റി ഉണ്ടാക്കിയ മുന്നേറ്റം എന്താ?. ആ ബേസിക്ക് ചേഞ്ചിലാണ് ഇന്നുകാണുന്ന ആധുനികമായ വൈദ്യുതിയുടെ ഉപയോഗവും ഉൽപാദനവും നടക്കുന്നത്. അപ്പോൾ എല്ലാ രംഗത്തും ഇത്തരം മൗലികമായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അതിനെതിരെ നിൽക്കുന്നവർക്ക് ജനങ്ങളിൽനിന്ന് വലിയ പിന്തുണ ലഭിക്കില്ല.

മുഹമ്മദലി ശിഹാബ് തങ്ങൾ

പിന്നെ, മറ്റൊരു കാര്യം. മൈനോരിറ്റി നൂറു ശതമാനം വിശ്വസിക്കുന്ന നേതാവ് പിണറായി വിജയനാണ്. കൃത്യമായി പറഞ്ഞാൽ, ശിഹാബ് തങ്ങൾക്കുശേഷം പിണറായി വിജയനാണ് മുസ്‌ലിംകളുടെ നേതാവ്. വ്യക്തിപരമായി പിണറായിയെ എതിർക്കുന്ന ഒരു മുസ്‌ലിമും ഉണ്ടെന്ന് തോന്നുന്നില്ല. ഇടതുപക്ഷത്താണ് മുസ്‌ലിംകൾ. ഇടതുപക്ഷത്തിന്റെ മിഡിൽ നേതൃനിരയിലേക്ക് ധാരാളം മൈനോരിറ്റി ലീഡേഴ്‌സ് വരുന്നുണ്ട്. മുസ്‌ലിം ആയാലും ക്രിസ്ത്യൻസ് ആയാലും അടുത്തകാലത്തായി ഇടുതപക്ഷത്തോട് ചേർന്നുനിൽക്കുന്നുണ്ട്.

തെക്കൻ മലബാറിലെ രാഷ്ട്രീയ കുടുംബമാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസി​േൻറത്. മുൻ കെ.പി.സി.സി പ്രസിഡന്റ് പി.കെ. മൊയ്തീൻകുട്ടി, ദേശാഭിമാനി പത്രാധിപസമിതി അംഗവും എഴുത്തുകാരനുമായ പി.കെ. മുഹമ്മദ് കുഞ്ഞി, റാഡിക്കൽ ഹ്യുമനിസ്റ്റായിരുന്ന പി.കെ. റഹിം, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നിറങ്ങി ഇന്ത്യയിൽ ആദ്യമായി ചലച്ചിത്രം സംവിധാനം ചെയ്തവരിൽ ഒരാളായ പി.എം. അബ്ദുൽ അസീസ് തുടങ്ങിയവരെല്ലാം ഈ കുടുംബത്തിലെ കണ്ണികളാണ്. ഈ കുടുംബവുമായുള്ള പിണറായിയുടെ മകളുടെ വിവാഹബന്ധം തീർച്ചയായും മുസ്‌ലിം സമുദായത്തെ പിണറായിയുമായി ഗണ്യമായി അടുപ്പിച്ചിട്ടുണ്ട്.

മുഹമ്മദ് റിയാസ്, വീണ വിജയൻ

സാധാരണ അകത്ത് ഒന്ന് കാണിക്കുകയും പുറത്ത് മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നവരാണ് പല നേതാക്കളും. പിണറായി വളരെ സുതാര്യമായ നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഞാൻ നേരത്തെ പറഞ്ഞ പാരമ്പര്യമൊന്നും പിണറായിക്ക് അറിയില്ലായിരുന്നു. വിവാഹം പറയാൻ അദ്ദേഹം എന്നെ വിളിച്ചപ്പോൾ ഞാനാണ് ഇക്കാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞത്. അതിനുശേഷമാണ് പി.കെ. റഹിമിന്റെ മകൾ ഷീബ അമീർ ഒരു വാട്‌സ്ആപ് പോസ്റ്റിട്ടത്, അവളും എന്നോടുചോദിച്ചിട്ടാണ് ഈ പോസ്റ്റിട്ടത്.

ഇസ്‌ലാമിനെ കുറിച്ച് പഠിച്ച മാർക്‌സിസ്റ്റ് നേതാവ് എം.എൻ. റോയ് ആണ്. റോയിയുടെ പുസ്തകം വായിച്ചിട്ടാണ് ഞാനെക്കെ കാര്യങ്ങളെ മാറിക്കാണാൻ തുടങ്ങിയത്. ഭൗതികമണ്ഡലത്തിൽ ഇത്തരം ചർച്ചകളൊക്കെ വരുന്നത് അതോടുകൂടിയാണ്, ഇത് 90 കൾക്കുശേഷമാണ്.

നിലവിൽ മുസ്‌ലിം സമൂഹം വലിയ തോതിൽ ജനാധിപത്യവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ലോകത്താകെ ഭരണം കയ്യാളിയ സമൂഹമാണ് മുസ്‌ലിം സമൂഹം. അപ്പോൾ, ആ പവർ കിട്ടാൻ വേണ്ടി എന്ത് അഡ്ജസ്റ്റ്മെന്റും ചെയ്യും. അത് ലീഗിൽ നിന്നാണെന്ന് തോന്നിക്കഴിഞ്ഞാൽ അവിടെ നിൽക്കും, നായന്മാരെ പോലെത്തന്നെ. ഭരണവർഗ പൊളിറ്റിക്സ്; അത് നല്ലോണം അറിയുന്നവരാണ് മുസ്‌ലിംകൾ.

ഇത് പഴയ മുസ്‌ലിം കമ്യൂണിറ്റിയല്ല. ഡിഫറന്റായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ്. ഇസ്‌ലാമിക തോട്ട് പ്രോസസിൽ വലിയ മാറ്റം വരുന്നുണ്ട്. ഞാൻ ഇ.കെ സുന്നി വിഭാഗത്തിലെ കോട്ടുമല ബാപ്പു മുസ്ല്യാരുമായി സംസാരിച്ചിരുന്നു, ട്രെയിനിൽ വെച്ച് കണ്ടപ്പോൾ. മൂപ്പർ അരിസ്റ്റോട്ടിലിനെ കുറിച്ചാണ് പറയുന്നത്. ഫിലോസഫി, സയൻസ്, സിനിമ, പുതിയ പഠനം എന്നിവയെ കുറിച്ചൊക്കെ ചർച്ച ചെയ്യുന്നുണ്ട്. വിമർശനാത്മകമായി എത്രയോ ആളുകൾ നിലപാടുമായി വരുന്നുണ്ട്. മുസ്‌ലിം കമ്യൂണിറ്റിക്കകത്ത് വലിയ രൂപത്തിലുള്ള ചർച്ചയും പഠനവും നടക്കുന്നുണ്ട്. അതിന്റെ ഫലമായി ഒരുപാട് മാറ്റങ്ങളുണ്ട്. ആ സൊസൈറ്റി വളരുകയാണ്. ആ സമൂഹം നല്ല നിലയിൽ ഡവലപ്പ് ചെയ്യുന്നുണ്ട് മലബാറിൽ. ലോകത്ത് മുഴുവൻ അതുണ്ട്, തേർഡ് വേൾഡിൽ പ്രത്യേകിച്ചും. ഇത് ജമാഅത്തെ ഇസ്‌ലാമിക്കാർ മാത്രം ചെയ്യുന്നതല്ല.

കോട്ടുമല ബാപ്പു മുസ്ല്യാർ

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏറെയും പഴി കേട്ടത് പൊലീസ് നയത്തിന്റെ കാര്യത്തിലാണ്. സർക്കാറിന്റെ പൊലീസ് നയത്തെക്കുറിച്ച് എന്തു പറയുന്നു?

പൂർണമായ യോജിപ്പില്ലാത്ത പല കാര്യങ്ങളുമുണ്ട്. പൊലീസിന്റെ കാര്യം ചോദിച്ചു, പൊലീസ് ഏത് കാലത്താണ് ഒരു പക്ഷത്ത് നിന്ന് കാര്യങ്ങൾ ചെയ്തിട്ടുള്ളത്. അല്ലെങ്കിൽ ഏത് കാലത്താണ് നിഷ്പക്ഷമായിരുന്നത്. പൊലീസ് ഒരു കാലത്തും നിഷ്പക്ഷമായിട്ടില്ല. കേരളത്തിലായാലും മുംബൈയിലായാലും പൊലീസ് ഇന്ത്യൻ പൊലീസാണ്. ഈ ഐ.എ.എസ്- ഐ.പി.എസ് എന്നുപറയുന്നത് ഭൂരിപക്ഷവും സെന്റർ ഓറിയന്റഡാണ്. പ്രത്യേകിച്ച് കേരളത്തിലെ ഐ.എ.എസ്- ഐ.പി.എസ് ഓഫീസർമാരിൽ ബഹുഭൂരിപക്ഷത്തിന്റെയും മൗലിക ദൗർബല്യമായി തോന്നിട്ടുള്ളത്, അവർക്ക് കേരളമെന്ന് പറയുന്ന ഒരു ദേശീയത അല്ലെങ്കിൽ അതിന്റെയൊരു വൈകാരികത തമിഴർക്കൊക്കെ ഉള്ളതുപോലെ, അത് കുറവാണ്. ഈ വീഴ്ചകളൊക്കെ അങ്ങനെ ഉണ്ടാകും, ഈ ഒരു കോൺഫ്ലിക്റ്റ് ഏത് കക്ഷി വന്നാലും ഉണ്ടാകും. അതിനെതിരെ നിരന്തരമായി ഫൈറ്റ് ചെയ്ത് പോവുകയേ നിവൃത്തിയുള്ളു.

കേരളത്തിൽ ഇന്നുകാണുന്ന ഈ മാറ്റത്തിൽ വലിയൊരു ശതമാനം അൺ അക്കൗണ്ട് മണിയാണ് എന്ന് ആർക്കാണ് അറിയാത്തത്. 70 കളിലും 80 കളിലും കേരളത്തിലേക്കുവന്ന എൻ.ആർ.ഐ ഫണ്ടിൽ വലിയൊരു തുക ഹവാലമണി ആയിരുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്. ബാങ്കൊന്നുമില്ല അവിടെ. അന്ന് എത്രയോ കേന്ദ്രങ്ങളിൽ ഹവാല കേന്ദ്രങ്ങൾ പരസ്യമായി ഉണ്ടായിരുന്നു. അവിടെ പൈസ കൊണ്ട് കൊടുത്താൽ നാട്ടിൽ എത്തുമായിരുന്നു. അതൊക്കെ നിലനിന്നിരുന്ന യാഥാർത്ഥ്യങ്ങൾ ആയിരുന്നു.

ഇവിടെ നടത്തുന്ന മീഡിയ സ്ഥാപനങ്ങൾ, പത്രമാധ്യങ്ങൾ ഇതൊക്കെ ശുദ്ധമായിട്ടുള്ളതാണോ? നമ്മളൊക്കെ ഉപരിപ്ലവമായ ഒരു പ്രതലത്തിൽ നിന്നുകൊണ്ട് ഇല്ലാത്ത മൂല്യങ്ങളെ ഉയർത്തി ചർച്ചയുണ്ടാക്കി വല്യ സംഭവമാണെന്നൊക്കെ പറയുന്നുവെന്നുമാത്രം. ഇതൊന്നും ഒരു രാഷ്ട്രീയക്കാരനും പറയില്ല. ഹവാല നമ്മൾ നിർത്തലാക്കും എന്ന് മന്ത്രിമാരൊക്കെ പറയുന്നത് കേട്ടാൽ ചിരി വരും.

സമീപകാലത്ത് കേരളത്തിലെ മാധ്യമങ്ങൾ വൻതോതിൽ വിമർശനത്തിന് വിധേയമായിട്ടുണ്ട്. മാധ്യമങ്ങൾക്കെതിരായ വിമർശനം യുക്തിഭദ്രമാണ് എന്ന് തോന്നിയിട്ടുണ്ടോ?

കേരളത്തിൽ ചെറിയൊരു വിഭാഗം ആളുകൾ മാത്രമാണ് മീഡിയ കാണുന്നത്. ഇവർ പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുകയാണ്. വലിയ ബോറ് പരിപാടിയാണിത്. ഇതിൽ പങ്കെടുക്കുന്ന ആളുകളുടെ അവസ്ഥ അതിലും കഷ്ടമാണ്. റേറ്റിംഗ് ആണ് മെയിൻ. കേരളത്തിലെ മീഡിയയുടെ അവസ്ഥ അതുതന്നെയാണ്.

ഏറ്റവും കൂടുതൽ ക്യാഷുള്ള ഒരു രാഷ്ട്രീയ പാർട്ടിയാണ് ബി.ജെ.പി. ബി.ജെ.പി സർക്കാർ കൊടുക്കുന്ന ആഡ് ഒരു പ്രശ്നം തന്നെയല്ലേ. ഏതെങ്കിലും ഒരു മീഡിയ തങ്ങൾക്ക് ആഡ് തരുന്ന മുതലാളിമാരെ കുറിച്ച് എത്ര വാർത്ത കൊടുക്കും. ഒപ്പം ഭീഷണിയുമുണ്ട്. ഏഷ്യാനെറ്റിനെയും മീഡിയ വണിനേയും നിർത്തിച്ചില്ലേ. അതൊരു വാണിങ്ങായിരുന്നു. അതുകൊണ്ട് നമ്മൾ വൈകുന്നേരമാകുമ്പോൾ രവീന്ദ്രന് ഷുഗറുണ്ടോ, പ്രഷറുണ്ടോ എന്നൊക്കെ ചർച്ച ചെയ്യും. ഒരു കാര്യം വളരെ വ്യക്തമാണ്; വളരെ ടാർഗെറ്റഡായിട്ട് എന്തോ ഒന്ന് കേരളത്തിനെതിരെ നടക്കുന്നുണ്ട്. കേരളത്തിന്റെ വികസനവും ഇവിടെയുണ്ടായ മാറ്റങ്ങളും മാർക്കറ്റുമായും ബന്ധപ്പെട്ടിരിക്കുന്നു, കേരള ബാങ്കും കെ. ഫോണുമെക്കെ അങ്ങനെയാണ് ടാർഗെറ്റാകുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് ഈയിടെ നടന്ന ഹറാം- ഹലാൽ ചർച്ച ശ്രദ്ധിച്ചിരുന്നുവോ?

സിനിമ എന്റെ ഇബാദത്താണെന്ന് പറഞ്ഞയാളാണ് ഞാൻ. ഇപ്പോൾ, ഞാൻ അല്ലേ ശരിയായത്. ഞാൻ അത് കാസർഗോഡ് വെച്ചാണ് പറഞ്ഞത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സിനിമ പ്രഖ്യാപിച്ചിരുന്നുവല്ലോ. ആ സിനിമ ഉടനെയുണ്ടാകുമോ. ആരായിരിക്കും വാരിയംകുന്നൻ?

കോവിഡിന്റെ ഉത്രാഡം കഴിഞ്ഞ് തുടങ്ങാമെന്ന് വെച്ചിട്ടാണ്. ‘ഷഹീദേ മലബാർ'. ഫുൾ സ്‌ക്രിപ്റ്റ് ആയിട്ടുണ്ട്. ബാക്കി കാര്യങ്ങളൊന്നും ഇപ്പോൾ പറയുന്നില്ല. സിനിമക്ക്​ വ്യത്യസ്ത മാനമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലുണ്ടായിരുന്ന രണ്ട് മാർഗങ്ങൾ, ഒന്ന് ഗാന്ധി മുന്നോട്ടുവെച്ച അഹിംസ, അതിനൊപ്പം ആയുധം എടുത്തും കലാപം ഉണ്ടാക്കിയും സമരം ചെയ്ത ഒരു വിഭാഗവുമുണ്ടായിരുന്നു. ആലി മുസ്ല്യാരും വാരിയംകുന്നനും അഹിംസാപരമല്ലാത്ത മാർഗങ്ങൾ സമരമുഖത്ത് സ്വീകരിച്ചു. പക്ഷെ ലക്ഷ്യം ഒന്നുതന്നെയായിരുന്നു. മാധവൻ നായരോട് ഇനി നമ്മൾ കാണുമോ എന്ന് ചോദിക്കുന്നുണ്ട് വാരിയംകുന്നൻ. അപ്പോൾ മാധവൻനായർ പറഞ്ഞത്, നമ്മൾ തമ്മിൽ കാണില്ല, രണ്ട് വഴിയാണ് എന്ന്. വാരിയംകുന്നന്റെ മറുപടി ഇതായിരുന്നു, പക്ഷെ നമ്മൾ എത്തിച്ചേരുന്നത് ഒരു വഴിയിലാണ്.
വാരിയംകുന്നനായി വരാൻ പോകുന്നത് മലയാള സിനിമ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളായിരിക്കും. അത് രണ്ടാഴ്ച കഴിഞ്ഞാൽ പറയാം.

എന്തുകൊണ്ടാണ് വാരിയംകുന്നനെക്കുറിച്ച് ഒരു സിനിമയെടുക്കാൻ കാരണം?

നമുക്ക് ഒരു വിഷ്വൽ നിലപാടുണ്ട്, പൊളിറ്റിക്കൽ നിലപാടുണ്ട്. ചലച്ചിത്രഭാഷയെ കുറിച്ചൊരു നിലപാടുണ്ട്. ഞാൻ കേരളത്തിലെ ആർട്ട് സിനിമയുടെ പതാകാവാഹകനല്ല. മുഹമ്മദ് അബ്ദുറഹ്മാനെക്കുറിച്ച് സിനിമയെടുത്ത ഞാൻ എങ്ങനെയാണ് വാരിയംകുന്നനെടുക്കുന്നത് എന്ന് എം.എൻ. കാരശ്ശേരി ചോദിച്ചു. ഞാൻ പറഞ്ഞത്, ‘ഈ രണ്ട് ധാരകളും ഡിസ്‌കസ് ചെയ്യേണ്ടത് എന്റെ ചുമതലയല്ലേ' എന്നാണ്. ഒരുപാട് ആളുകളുണ്ടായിരുന്നല്ലോ ഇവിടെ. ഗാന്ധിയൻ സ്‌കൂളിലൂടെ സഞ്ചരിച്ച ഇ.എം.എസ് അത് വിട്ടിട്ടല്ലേ പോന്നത്.

വീരപുത്രൻ സിനിമയുടെ പോസ്റ്റർ.

കമ്യൂണിസ്റ്റ് പാർട്ടി ഇവിടത്തെ കാർഷിക കലാപങ്ങൾ ഏറ്റെടുക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്മാർ മുന്നോട്ട് വെച്ച കാർഷിക കലാപങ്ങളുടെ തുടർച്ചയായല്ലേ. കാർഷിക കലാപങ്ങൾക്ക് കേരളത്തിൽ വിത്തുപാകുന്നത് ഇസ്‌ലാമിക പണ്ഡിതന്മാരാണ്. ‘ഉഛിഷ്ടം ഭക്ഷിക്കരുത്', ‘നീ എന്ന് അഭിസംബോധന ചെയ്താൽ തിരിച്ച് നീ എന്ന് തന്നെ അഭിസംബോധന ചെയ്യണം', ‘നിങ്ങളുടെ കാർഷിക സമ്പത്ത് കൊള്ളയടിക്കാൻ വരുന്ന ജന്മികൾക്കെതിരെ ആയുധമെടുത്ത് പോരാടണം' തുടങ്ങിയ മുദ്രാവാക്യങ്ങൾ​ 1852 ൽ തന്നെ ഉയർന്നിരുന്നു.
നികുതി കൊടുക്കേണ്ട എന്ന് 1930ൽ പറഞ്ഞില്ലേ. അതൊക്കെ തന്നെയല്ലേ കാർഷിക കലാപം. അതിന്റെ തുടർച്ചയായിട്ടല്ലേ കുടിയാൻ മൂവ്മെന്റ് വരുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ കാർഷിക കലാപങ്ങൾ വരുന്നത് അതിന്റെ തുടർച്ചയായല്ലേ. അത് ഇവിടത്തെ ബുദ്ധിജീവികളൊന്നും എഴുതിയില്ല. അതിന്റെയൊരു പ്രശ്നമുണ്ട്.
ജന്മിക്കെതിരായ കാർഷിക കലാപം ബ്രിട്ടീഷുകാർ ഏറ്റെടുക്കുകയാണ് ചെയ്തത്. ജന്മിയുടെ ഭാഗത്തായിരുന്നു ബ്രിട്ടീഷുകാർ. ബ്രിട്ടീഷുകാർക്കെതിരെയാണെന്ന് അവർ വിചാരിച്ചു. അപ്പോൾ സ്വാഭാവികമായും ബ്രിട്ടീഷ് വിരുദ്ധസമരമായി അത് മാറി.

ഇതോടൊപ്പം, വാരിയംകുന്നനെക്കുറിച്ച് മറ്റു ചില സിനിമകളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടല്ലോ?

വാരിയംകുന്നനെക്കുറിച്ച് ബാക്കിയുള്ളവരും എടുക്കുന്നുണ്ടേൽ എടുക്കട്ടെ, ജനാധിപത്യമുണ്ടല്ലോ.

സിനിമക്കെതിരായ കാമ്പയിനെക്കുറിച്ച് എന്തു പറയുന്നു?

എതിർക്കുന്നവർ എതിർക്കട്ടെ, അതിലൊരു ഭയവുമില്ല. നമ്മൾ ചെയ്യാനുള്ളത് ചെയ്യും, അത്രതന്നെ. അബ്ദുറഹ്മാൻ സാഹിബിനെക്കുറിച്ചുള്ള സിനിമ വന്നപ്പോഴും എതിർപ്പുണ്ടായിരുന്നു, മുസ്‌ലിംകൾക്കിടയിൽനിന്ന്. അതിൽ പാട്ടുണ്ടെന്നും അബ്ദുറഹ്മാൻ സാഹിബ് പ്രേമിക്കില്ല എന്നുമൊക്കെ പറഞ്ഞു. അത്തരം തമാശകളൊക്കെ ഇനിയും ഉണ്ടാകും.
മലബാറിലെ സുന്നികൾ കല്യാണങ്ങളിലും ഉത്സവങ്ങളിലും പാട്ടും നൃത്തവുമൊക്കെയായി നടന്ന ഒരു സമൂഹമാണ്. പിന്നീട് അമ്പതുകളോടുകൂടി വരുന്ന ആംഗല വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവുമൊക്കെ, ഇതെല്ലാം മോശമാണ് എന്ന അവസ്​ഥയുണ്ടാക്കി. പിന്നീട് വീണ്ടും ഇത് വരുന്നത് 80 കളോടുകൂടിയാണ്, ഗൾഫ് പണം കൊണ്ട് രൂപപ്പെട്ട മാപ്പിള സംഗീതവും മറ്റും ഇവിടെ ഉണ്ടായിരുന്നു. ആ സംഗീതത്തിന് ഒരു അസ്തിത്വമുണ്ട്. അതിന് ആധുനിക സംഗീതവുമായി മെർജ് ചെയ്യാൻ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. ഞാൻ പരദേശിയിൽ ഉപയോഗിച്ച ‘ആനന്ദകണ്ണീരിൽ ആഴത്തിൽ മിന്നുന്ന' എന്ന പാട്ട് എന്റെ ഉമ്മയും ഉമ്മാന്റെ സഹോദരിമാരും നടത്തിയ കൊറിയോഗ്രാഫി ആണ്. അതേപോലെയാണ് ചെയ്തത്. സാധാരണ സ്‌കൂൾ യുവജനോത്സവത്തിൽ കളിക്കുന്ന ഒപ്പനയല്ലത്.
അതൊക്കെ നഷ്ടപ്പെട്ടു പോകാൻ കാരണം മുസ്‌ലിം കമ്യൂണിറ്റിയിൽ അന്നുണ്ടായ വിദ്യാസമ്പന്നരാണ്. എന്റെ അമ്മാവൻ ചേറ്റുവായ് എന്ന ഗ്രാമത്തിൽ ആദ്യം എസ്. എസ്. എൽ പാസായ ആളാണ്. അദ്ദേഹം മലബാർ ഡിസ്ട്രിക്ക് ബോർഡ് ഉദ്യോഗസ്ഥനായിരുന്നു, മുഹമ്മദ് അബ്ദുറഹ്മാന്റെ ശിഷ്യനായിരുന്നു, അൽ അമീനിലെ അന്തേവാസിയായിരുന്നു. അദ്ദേഹം തുണിയുടുത്ത് ഷർട്ടിട്ട് അതിന്റെ മേലെ കോട്ട് ഇടും. ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ കല്യാണം. ആ കല്യാണത്തിന് പാട്ട് വേണ്ടാന്ന് വെച്ചു, എന്റെ ഉമ്മയൊക്കെ പാടി നൃത്തം ചെയ്യുന്ന ആളുകളാണ്, അവരോടൊക്കെയാണ് കുറച്ച് എജ്യുക്കേറ്റഡ് ആയ വലിയ വലിയ ആളുകൾ ഇതു പറഞ്ഞത്.

മഗ്രിബ് സിനിമയിലെ ഒരു രംഗം.

ആ വഴിക്ക് പിന്നീട് മാറ്റമുണ്ടായി, 50 കളുടെ അവസാനത്തോടെ. പിന്നീട് ഭാഷാ സംസ്ഥാനങ്ങൾ വന്നു, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ വന്നു. ആ കാലത്ത് യുവതികളായ എന്റെ പെങ്ങളൊക്കെ പാട്ടും നൃത്തമൊന്നും പഠിച്ചില്ല. മുസ്‌ലിം സമുദായത്തിലെ വിദ്യാഭ്യാസം സിദ്ധിച്ചവർക്ക് പാട്ട് പാടുന്നതും നൃത്തം ചെയ്യുന്നതും മോശം സംഗതിയാണെന്ന് വന്നു. ഇവിടത്തെ സൈദ്ധാന്തികതലത്തിൽ തന്നെയുള്ള ആശയലോകം സവർണമായി. പുരുഷൻമാർ പാടിയിരുന്നു, അവരും നിർത്തി. പൊതുവെ തെക്കൻ മലബാറിൽ നടന്ന കാര്യമാണിത്. ഞാൻ സാക്ഷിയായ കാര്യം. പിന്നീട് അത് വരുന്നത്. 90 കളിലാണ്. ആദ്യകാലത്ത് വന്നതുപോലെ പിന്നെ സിനിമകൾ വന്നില്ല. പിന്നെ അതിനെ ബ്രേക്ക് ചെയ്ത് പാട്ടും സംഗീതവും ഖുർആനുമൊക്കെ വരുന്നത് മഗ്‌രിബിലാണ്. ആദ്യം എതിർപ്പുണ്ടായിരുന്നു. പിന്നീട് വളരെ പ്രകടമായി മാറിത്തുടങ്ങി. അത് നമ്മുടെ നാടിന്റെ ആകെയുള്ളൊരു മാറ്റമാണ്.

Comments