ശശി തരൂരിനെതിരെ സുമീത്​ സമോസ്​ ഉയർത്തിയ ചോദ്യങ്ങൾ; സാ​ഹിത്യോത്സവങ്ങളുടെ മാറേണ്ട ഉള്ളടക്കങ്ങൾ

ശശി തരൂരിന്റെ പുസ്തകത്തിലെ ആശയങ്ങളെ മാത്രമല്ല, പ്രവർത്തനങ്ങളിലെ സവർണ ചായ്‌വുകളേയും സുമിത് നേരിട്ട് വിമർശിക്കുകയും തുറന്നുകാട്ടുകയും ചെയ്തു. സദസിൽ നിന്ന്​ വലിയ കരഘോഷം അതിനു ലഭിച്ചത് തെല്ല് ആശ്ചര്യത്തോടെയും സന്തോഷത്തോടെയുമാണ് കണ്ടുനിന്നത്. ജയ്​പുർ സാഹി​ത്യോത്സവത്തിലെ ചില അനുഭവങ്ങൾ.

തേതരവും ജനാധിപത്യപരവുമായ സംവാദങ്ങളുടെ ഇടങ്ങൾ എന്ന നിലയിൽ സാഹിത്യോത്സവങ്ങൾ സമകാലിക ഇന്ത്യയിൽ പ്രസക്തമായ കൂടിച്ചേരലുകൾ ആയി അടയാളപ്പെടുന്നുണ്ട്. സാഹിത്യവും കലയും ഉപരിവർഗ്ഗത്തിനു മാത്രം കൈയെത്തിപ്പിടിക്കാവുന്ന മേഖലയായിരുന്നു എന്നതിൽ വാസ്തവമുണ്ട്. മനുഷ്യരുടെ ഇതര വ്യാപാരങ്ങളിൽ നിന്ന് ഉപരിയായി ഭാഷയ്ക്കും സാഹിത്യത്തിനും ജീവിതത്തെ ആനന്ദകരമാക്കുന്നതിൽ വലിയ പങ്കാണുള്ളത്. പരാമ്പരാഗതമായ ഉത്സവങ്ങളിൽ നിന്ന്​ വ്യത്യസ്തമായി ആധുനിക കാലത്തെ സാഹിത്യോത്സവങ്ങളും കലോത്സവങ്ങളും ചലച്ചിത്രോത്സവങ്ങളും എല്ലാ വിഭാഗം മനുഷ്യരുടേയും സർഗാത്മകവും ബഹുസ്വരവുമായ ഒത്തുചേരലുകൾക്കും കൂടിയിരിപ്പുകൾക്കും വേദിയൊരുക്കുന്നു. ഇത്തരം ഇടങ്ങൾ ഒരുക്കിയതിൽ വാണിജ്യത്തിനുള്ള പങ്കും നിഷേധിക്കാൻ കഴിയില്ല. ഇരതേടുക, ഇണ ചേരുക എന്ന സഹജമായ ജന്തുധർമങ്ങളിൽ നിന്നുയർന്ന് ആശയങ്ങളുടെ ലോകത്ത് വിഹരിക്കുന്നതോടെയേ മനുഷ്യ ജീവിതം ആരംഭിക്കുന്നുള്ളൂ എന്ന് മാർക്‌സ് എഴുതുന്നുണ്ട്. കോടിക്കണക്കിന് മനുഷ്യർ ആ അർത്ഥത്തിൽ ഇപ്പോഴും പൂർണമായി മനുഷ്യജീവിതം ആരംഭിച്ചിട്ടില്ല എന്നു പറയേണ്ടി വരും. അവരേയും കൂടി മനുഷ്യരുടെ ആശയസംവേദന ലോകത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതിന്റെ അനിവാര്യത കൂടി, ലോകത്തെ വ്യാഖ്യാനിക്കുന്നതിനപ്പുറം മാറ്റിത്തീർക്കുകയാണ് പ്രധാനം എന്നു കണ്ടെത്തുന്നതിൽ ഉള്ളടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലാവട്ടെ ജാതി അടിസ്ഥാനത്തിലുള്ള ശ്രേണീകരണം പ്രധാനമായ സാമൂഹ്യാവസ്ഥയിൽ അക്ഷരങ്ങളുടേയും ആശയങ്ങളുടേയും ലോകത്തിലേക്ക് കീഴാള മനുഷ്യർ കടന്നുവരുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്.

ജനാധിപത്യ വിപ്ലവത്തിന്റെ സാഹചര്യത്തിൽ അനിവാര്യമായും സംഭവിക്കുന്ന മുന്നേറ്റങ്ങൾ നമ്മുടെ സാഹിത്യോത്സവങ്ങളിലും സംഭവിക്കുന്നു എന്നതാണ് ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായി കരുതപ്പെടുന്ന ജയ്​പുർ സാഹിത്യോത്സവത്തിന്റെ 16-മത്​ പതിപ്പിലെ പങ്കാളിത്തവും ചർച്ചകളും സൂചിപ്പിക്കുന്നത്. ജനുവരി 19 മുതൽ 23 വരെ ഹോട്ടൽ ക്ലാർക്ക്‌സ് അമീറിൽ നടന്ന ജയ്പൂർ ലിറ്റററി ഫെസ്റ്റിവൽ വരേണ്യതയുടെ ചില അടയാളങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ മാറിയ സാമൂഹ്യ കാലാവസ്ഥയോട് പ്രതികരിക്കുന്ന ഒന്നായി. 2021 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ അബ്ദുൾ റസാഖ് ഗുർണയാണ് ഫെസ്റ്റിവൽ 16-മത്​ പതിപ്പ്​ ഉദ്ഘാടനം ചെയ്​തത്.

അബ്ദുൾ റസാഖ് ഗുർണ(ഇടത്തുനിന്ന് രണ്ടാമത്) ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൻറെ ഉദ്ഘാടന വേദിയിൽ / Photo: Jaipur Literature Festival

ഫെസ്റ്റിവലിനെ സംബന്ധിച്ച്​ ഇതൊരു രൂപാന്തര പ്രാപ്തിയുടെ ഘട്ടമായി കരുതാമെന്നു തോന്നുന്നു. ഹിന്ദുത്വ ശക്തികളും ചങ്ങാത്ത മുതലാളിത്തവും കൈകോർത്തു നീങ്ങുന്ന ഇന്ത്യയിൽ ആ ആശയങ്ങൾക്കെതിരെ ഉയരുന്ന ഒരു ചെറിയ ശബ്ദം പോലും പോസിറ്റീവാണ്. വരേണ്യമായ അന്തരീക്ഷം നിലനിൽക്കുമ്പോൾ തന്നെ അവിടെ കയറിച്ചെന്ന് ആ അന്തരീക്ഷ നിർമിതിയുടെ രാഷ്ട്രീയത്തെ തന്നെ വിമർശനാത്മകമായി പരിശോധിക്കുന്ന ചിന്തകൾ പങ്കുവയ്ക്കുന്നത് ഫലപ്രദമായ ചുവടുവയ്പാണ്. പുതിയ പുസ്തകങ്ങളുടെ ഉള്ളടക്കം അതു സംബന്ധിച്ചാവുമ്പോൾ ചർച്ചയും അതിനെ സ്പർശിക്കുക സ്വാഭാവികം. അത്തരം ചില സെഷനുകളാണ് ഇത്തവണത്തെ ഫെസ്റ്റിവലിനെ അടയാളപ്പെടുത്തുക എന്നു പറയുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. ഭാവിയിൽ സാഹിത്യോത്സവങ്ങൾ അതു വഴിയേ സഞ്ചരിക്കേണ്ടി വരും. അത്തരം ചില സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടുന്നത് പ്രസക്തമാവും.

ശശി തരൂരിനോടുള്ള ചോദ്യങ്ങൾ

B R Ambedkar : Life and Times എന്ന ആദ്യദിവസത്തെ സെഷനിൽ ശശി തരൂർ എഴുതിയ അംബേദ്കർ പുസ്തകം Ambedkar - A life (Publisher : Aleph Book Company) പ്രധാനമായും ചർച്ചക്കെടുത്തു. പ്രജ്യ തിവാരി മോഡറേറ്റ് ചെയ്ത പ്രസ്തുത സെഷനിൽ യുവഗവേഷകനും ദലിത് സൈദ്ധാന്തികനുമായ സുമീത് സമോസ് തരൂരിനൊപ്പം വിഷയം ചർച്ച ചെയ്യാനുണ്ടായിരുന്നു. സ്വാഭാവികമായും സുമീത് എഴുതിയ Affairs of Caste : A Young Diary (Publisher: Panther's Paw) എന്ന പുസ്തകവും വിഷയത്തിലെ സമാനതയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അഥവാ ചർച്ച ചെയ്യേണ്ടിവന്നു. ശശി തരൂരിന്റെ പുസ്തകത്തിലെ ആശയങ്ങളെ മാത്രമല്ല, പ്രവർത്തനങ്ങളിലെ സവർണ ചായ്‌വുകളേയും സുമിത് നേരിട്ട് വിമർശിക്കുകയും തുറന്നുകാട്ടുകയും ചെയ്തു. സദസിൽ നിന്ന്​ വലിയ കരഘോഷം അതിനു ലഭിച്ചത് തെല്ല് ആശ്ചര്യത്തോടെയും സന്തോഷത്തോടെയുമാണ് കണ്ടുനിന്നത്. ഇന്ത്യയിലെ വിവിധ സർവ്വകലാശാല കാമ്പസുകളിൽ നിന്നും കലാലയങ്ങളിൽ നിന്നും വന്ന വിദ്യാർഥികൾ ഏറെയുണ്ടായിരുന്നു കേൾവിക്കാരിൽ. ഇന്ത്യൻ കലാലയ യുവത്വം മാറ്റത്തിന് തയ്യാറെടുക്കുകയാണ് എന്നു തന്നെയാണ് ഇതു പറയുന്നത്. വരേണ്യർ നെറ്റി ചുളിക്കുന്നത് വകവെക്കാതെ വ്യവസ്ഥാ വിമർശം നടത്താൻ ഇത്തരം വേദികൾ ബഹിഷ്‌കരിക്കകയല്ല, പരമാവധി പങ്കെടുത്തു ഇടപെടൽ നടത്തുക തന്നെയാണ് വേണ്ടതെന്നവർ തിരിച്ചറിയുന്നുണ്ട്. സവർണർ പൂജയും മറ്റ് ആചാരങ്ങളും നിർവഹിക്കുന്ന പ്രവൃത്തികൾ സാംസ്‌കാരിക ചിഹ്നങ്ങളും ഗോത്ര ജനവിഭാഗങ്ങൾ ഗോത്രാചാരങ്ങൾ ചെയ്യുന്നത് അന്ധവിശ്വാസവും ആവുന്നതെങ്ങനെ എന്ന് സുമിത് ശശി തരൂരിനോട് നേരിട്ടു ചോദിച്ചു.

ശശി തരൂർ, സുമീത് സമോസ്, പ്രജ്യ തിവാരി എന്നിവർ / Photo: Jaipur Literature Festival

ദലിത് പരിപ്രേക്ഷ്യത്തിൽ എഴുതപ്പെട്ട സുമിത് സമോസയുടെ പുസ്തകം പ്രത്യേകമായി ചർച്ചക്കെടുത്ത ഒരു സെഷൻ വേറെയുമുണ്ടായി. Caste Matters ( Publisher: Penguin Books -India Viking) എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ രചയിതാവും ഗവേഷകനുമായ സൂരജ് യെംഗ്‌ഡേയാണ് പ്രസ്തുത സെഷൻ മോഡറേറ്റ് ചെയ്തത്. പ്രസ്തുത സെഷനും ദലിത് ആഖ്യാനത്താൽ സജീവമായി മാറി. ഇതു കൂടാതെ സൂരജ് യെംഗ്‌ഡേയുടെ ഈ പുസ്തകത്തെ അധികരിച്ച് മറ്റൊരു സെഷനും ഉണ്ടായി. ഇതെല്ലാം ചേർന്ന് ഇന്ത്യൻ ധൈഷണിക മണ്ഡലത്തിൽ കൂടുതൽ ദൃശ്യത കൈവന്നു കൊണ്ടിരിക്കുന്ന ദലിത് ചിന്തയുടെ പ്രതിനിധാനം ഫെസ്റ്റിവലിൽ ഉണ്ടായി. ഇത് പ്രധാനമാണ് എന്ന് കാണേണ്ടതുണ്ട്.

അടിത്തട്ടുമനുഷ്യരുടെ പോരാട്ടചരിത്രവുമായി സായ്​നാഥ്​

The Last Heroes എന്ന പി. സായ്‌നാഥിന്റെ സെഷനായിരുന്നു മർദ്ദിത ജനതയുടെ ശബ്ദം മുഴങ്ങിക്കേട്ട മറ്റൊരവസരം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ജനകീയ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന The Last Heroes: Foot Soldiers of Indian Freedom ( Publisher: Penguin Books -India Viking) എന്ന തന്റെ പുതിയ പുസ്തകത്തെ പരിചയപ്പെടുത്തിയ അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത ഏടുകൾ എടുത്തുകാട്ടി. പ്രസ്തുത സെഷനിൽ കവിത ശ്രീവാസ്തവ് മോഡറേറ്ററായി. അടിത്തട്ടു ജനവിഭാഗത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള പാർശ്വവത്കൃത മനുഷ്യർ നടത്തിയ വീറുറ്റ പോരാട്ടങ്ങളും അവർ സഹിച്ച ത്യാഗനിർഭരമായ ജീവിതവും അദ്ദേഹം വീഡിയോ പ്രദർശിപ്പിച്ചു കൊണ്ട് അവതരിപ്പിച്ചു. പുസ്തക രചനയുടെ ഭാഗമായി ഡോക്യുമെൻറ്​ ചെയ്തതായിരുന്നു ആ വീഡിയോകൾ. കമ്യൂണിസ്റ്റ് ആയ മല്ലു സ്വരാജ്യം മുതലായ ധീര സ്വാതന്ത്ര്യ സമരസേനാനികളുടെ അനുഭവ വിവരണമായിരുന്നു ആ വീഡിയോകളിൽ ഉണ്ടായിരുന്നത്. ആർ.എസ്.എസിനേയും സവർക്കറേയും വസ്തുനിഷ്ഠമായി, അതിനിശിതമായി അദ്ദേഹം വിമർശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാദങ്ങൾക്കെതിരെ ചില ‘സംഘി’ അനുയായികൾ ചോദ്യങ്ങളുമായി വന്നെങ്കിലും ഈ പോരാളികളുടെ ജീവിതങ്ങളാണ് അതിന് മറുപടി എന്ന് അദ്ദേഹം പറഞ്ഞപ്പോഴും സദസ്സ് കയ്യടിയോടെ അതിനെ സ്വീകരിച്ചു.

പി. സായ്നാഥ് / Photo: Shaji Mullookkaran

ഫെമിനിസ്​റ്റ്​ ചർച്ചകൾ, പരിമിതികൾ

ഫെമിനിസ്റ്റ് ആഖ്യാനങ്ങളുള്ള പുസ്തങ്ങളുടെ ചർച്ചകളിൽ മുതിർന്ന സ്ത്രീകളുടേയും വിദ്യാർത്ഥിനികളുടേയും നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. The Right to Sex എന്ന തന്റെ പുസ്തകവുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണത്തിൽ ഓക്‌സ്‌ഫൊഡിൽ പ്രഫസറായ അമിയ ശ്രീനിവാസൻ സെക്‌സിന്റേയും ലൈംഗികാകർഷണത്തിന്റേയും രാഷ്ട്രീയം ശക്തമായി അവതരിപ്പിച്ചു. മൂന്നാം ദിവസം ചാർബാഗ് വേദിയിലുണ്ടായിരുന്ന Women and Work , അവസാന ദിവസത്തെ Lies Our Mothers Told Us : The Indian Woman's Burden, ആദ്യദിവസത്തെ The Feminine Gaze തുടങ്ങിയ സെഷനുകൾ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളുടെ അവതരണങ്ങൾ ഒരുക്കി. സദസ്സിന്റെ സജീവമായ ഇടപെടലുകളിൽ സെഷനുകൾ സജീവമായി. എന്നാൽ വരേണ്യ/സവർണ ഫെമിനിസ്റ്റ് ആശയങ്ങളുടെ ആധിപത്യം ഇത്തരം വ്യവഹാരങ്ങളിൽ സ്വാഭാവികമായും കടന്നു വരുന്നുണ്ടെന്നത് ഒരു പരിമിതിയായി ഉണ്ട്. ആധുനിക കാഴ്ചപ്പാടോടെ സംവിധാനം ചെയ്യപ്പെടുന്ന സെഷനുകളിൽ എല്ലാ ധാരകൾക്കും പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ട്.

കവിതാ വായന

കവിതാ വായനയ്ക്കും ചർച്ചകൾക്കുമായി നീക്കി വെക്കപ്പെട്ടിട്ടുള്ള Poetry Hour എന്ന പേരിലുള്ള സെഷൻ എല്ലാ ദിവസങ്ങളിലും ഉണ്ടായിരുന്നു. ഇവ ഫെസ്റ്റിവൽ വൈകുന്നേരങ്ങളെ കവിത വായനകൾ കൊണ്ട് മുഖരിതമാക്കി. മൂന്നാം ലോക കവികൾക്ക് നല്ല പ്രാതിനിധ്യം ലഭിക്കുന്നുണ്ട് പ്രസ്തുത സെഷനിൽ. മലയാളത്തിൽ നിന്ന് സച്ചിദാനന്ദൻ ഉണ്ടായിരുന്നു. അദ്ദേഹം വായനയ്ക്കായി തെരഞ്ഞെടുത്തത്​, തികഞ്ഞ രാഷ്ടീയ കവിതകൾ തന്നെ ആയിരുന്നു. രൻജിത് ഹോസ്‌കൊടെ, മീന കന്ദസ്വാമി, ജെറി പിന്റോ, മൗറീഷ്യൻ കവി അനൻദ ദേവി, എസ്റ്റോണിയൻ കവി ഡോറിസ് കരേവ, അഭയ് കെ, സിദ്ധാർത്ഥ് ദാസ്ഗുപ്ത തുടങ്ങി നിരവധി കവികൾ കവിതകൾ അവതരിപ്പിച്ചു. അവരുടെ പ്രാതിനിധ്യം ഫെസ്റ്റിവലിനെ വൈവിധ്യം നിറഞ്ഞതാക്കി.

Photo: Jaipur Literature Festival

വിവിധ പ്രസാധകരുടെ സാന്നിധ്യം

സ്വകാര്യ പ്രസാധകർ നടത്തുന്ന ലിറ്റററി ഫെസ്റ്റിവലുകളിൽ ആ പ്രസാധകരുടെ പുസ്തകങ്ങളാണ് മുഖ്യമായും പരിചയപ്പെടുത്താറുള്ളത്. ആ പുസ്തകങ്ങളുടെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ചുള്ള ചർച്ചകളാണ് നടക്കാറുള്ളതും. എന്നാൽ ജയ്പുർ ലിറ്റററി ഫെസ്റ്റിവലിലാകട്ടെ വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ, പലപ്പോഴും ഒരേ വിഷയത്താൽ രചിക്കപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങളെ ആസ്പദമാക്കി ചർച്ചകൾ ഉണ്ടാവുന്നു. ഇത് ആശയബഹുലതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. മാത്രമല്ല, വിവിധ പ്രസാധകരുടെ പുസ്തകങ്ങളെക്കുറിച്ച് വായനക്കാർക്ക് അറിവു ലഭിക്കാനുള്ള സാധ്യത തുറക്കുന്നു. സംവാദസാധ്യതയിലേക്ക് തുറവി നൽകുന്ന ഏതൊരു സംരംഭവും ഇടവും കൂടുതൽ വിലമതിക്കപ്പെടേണ്ടതാണ്. പ്രസാധനത്തേയും വായനയേയും പുസ്തകരൂപങ്ങളേയും സംബന്ധിച്ച ഇരുപതോളം സെഷനുകൾ ഇത്തവണത്തെ ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു. പല സെഷനുകളും അവതരിപ്പിക്കുന്നത് മാധ്യമമേഖലയിലേയും പ്രസാധനരംഗത്തേയും സ്ഥാപനങ്ങളാണ്.

ഇതോടൊപ്പം ചേർത്തുവയ്ക്കാവുന്ന ഒന്നാണ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ജയ്​പുർ ബുക്ക്മാർക്ക് (JBM). ലോകത്തും ഇന്ത്യയിലും അതിവേഗം വളരുന്ന പ്രസാധന വ്യവസായത്തിന്റെ വൈപുല്യം അതിൽ പ്രതിഫലിക്കുന്നു. ലോകത്തെങ്ങുമുള്ള വിവിധ പ്രസാധകരുടെ മികച്ച പുസ്തകങ്ങൾ ലഭ്യമാവുന്നൊരിടം ആയി കഴിഞ്ഞ ഒൻപത് വർഷങ്ങൾക്കിടെ ഇതു മാറിയിട്ടുണ്ട്. പ്രസാധകർ, എഴുത്തുകാർ, വിവർത്തകർ, പുസ്തക വിൽപ്പനക്കാർ തുടങ്ങിയവർക്കു ആശയവിനിമയം നടത്താനുള്ള വേദിയായും ഇതു മാറുന്നുണ്ട്. പ്രദേശിക ഭാഷകളിലെ പുസ്തകങ്ങൾക്കും സൃഷ്ടികൾക്കും വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന പരിമിതി ജയ്പൂർ ഫെസ്റ്റിവലിനുണ്ട്. പ്രാദേശിക ഭാഷകളിലെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുമ്പോൾ മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. അതുപോലെ ഹിന്ദിയുടെ ഒരു പ്രാമുഖ്യം ഉണ്ട്. എല്ലാ ഭാഷകളേയും സാഹിത്യത്തേയും ഉൾക്കൊണ്ട് വികസിക്കുകയും വിപുലമാവുകയും ചെയ്യേണ്ടതാണ് ഈ സാഹിത്യോത്സവം.

Photo: Jaipur Literature Festival

ലോകത്തെല്ലായിടത്തും ലിറ്റററി ഫെസ്റ്റിവലുകൾ പുസ്തകവില്പനയുടെ പ്രമോഷൻ ലക്ഷ്യം വച്ചു തന്നെയാണ് സംഘടിപ്പിക്കപ്പെടുന്നത്. 2006 ൽ തുടങ്ങിയ ജയ്​പുർ ഫെസ്റ്റിവലും വിഭിന്നമല്ല. എന്നാൽ വിവിധ പ്രസാധകരുടെ പുസ്തകങ്ങളിലെ വൈവിധ്യം നിറഞ്ഞ ഉള്ളടക്കവുമായി ബന്ധപ്പെട്ട സംവാദങ്ങൾ സംഘടിപ്പിക്കപ്പെടുക വഴി അവിടെ ജനപക്ഷ ഇടപെടലുകൾക്ക് അവസരങ്ങൾ സംജാതമാവുന്നു. സ്വകാര്യ സംരംഭകർ നടത്തുന്ന ലിറ്റററി ഫെസ്റ്റിവലുകളേക്കാൾ ഇക്കാര്യത്തിൽ സർക്കാർ നേരിട്ടോ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിലോ അവയുമായി സഹകരിച്ചോ നടത്തുന്ന ഫെസ്റ്റിവലുകൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. അക്കാര്യം ഉറപ്പിക്കുന്നതു തന്നെയായിരുന്നു ഈ വർഷത്തെ ജയ്പൂർ ലിറ്റററി ഫെസ്റ്റിവൽ. ചർച്ചകളെ ഗൗരവത്തിലെടുക്കുന്ന സ്വഭാവം കാണാനെത്തിയവരിലും ഉണ്ടായിരുന്നു.

ദിഗ്ഗി പാലസ് ഹെറിറ്റേജ് ഹോട്ടലിൽ നടന്നുകൊണ്ടിരുന്ന ഫെസ്റ്റിവൽ ഇത്തവണ ക്ലർക്‌സ് അമിർ ഹോട്ടലിലാണ് നടന്നത്. ജയ്​പുർ ഹെറിറ്റേജ് ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ ഭാഗമായി 2006 ൽ തുടങ്ങിയ ഈ സാഹിത്യോത്സവം രണ്ടു വർഷം കഴിയുമ്പോഴേക്കും സാഹിത്യവുമായി ബന്ധപ്പെട്ട പ്രത്യേക ഉത്സവം എന്ന നിലയിൽ അസ്തിത്വം നേടുകയാണ് ഉണ്ടായത്. പതിനെട്ട് പ്രഭാഷകരും നൂറോളം പ്രേക്ഷകരും മാത്രമേ ആദ്യ ഫെസ്റ്റിവലിന് ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫെസ്റ്റിവലുകൾ ഒട്ടേറെ വന്നു. ഇപ്പോൾ നൂറിൽപ്പരം ലിറ്റററി ഫെസ്റ്റിവലുകൾ ഇന്ത്യയിൽ നടക്കുന്നതായാണ് കണക്ക്. പതിനായിരക്കണക്കിന് സാഹിത്യപ്രേമികളും പുസ്തകപ്രേമികളും അവയിൽ പങ്കെടുക്കുന്നു. പുസ്തകങ്ങൾ ഒരു വിപണനചരക്ക് എന്ന സ്റ്റാറ്റസിൽ നിന്ന് വിമുക്തമല്ലെങ്കിലും ഒരു സാംസ്‌കാരികോൽപ്പന്നമെന്ന പദവി കൂടി കൈവരുന്നുണ്ടതിന്. എഴുത്തുകാരിയും പ്രസാധകയും പത്രാധിപയുമായ നമിത ഗോഖലെയും കലാചരിത്രകാരനും ക്യൂറേറ്ററും നിരൂപകനുമായ വില്യം ഡാർറിമ്പിളും ഡയറക്ടർമാരായ ജയ്​പുർ ലിറ്റററി ഫെസ്റ്റിവൽ ജയ്​പുർ വിരാസത് ഫൗണ്ടേഷൻ (JVF) എന്ന ട്രസ്റ്റിന്റെ കാർമികത്വത്തിൽ ടീംവർക്ക് ആർട്‌സ് ആണ് പ്രൊഡ്യൂസ് ചെയ്യുന്നത്. സഞ്ജയ് റോയ് ആണ് കലാപ്രേമികളുടെ കൂട്ടായ്മയായ ടീംവർക്ക് ആർട്‌സിന്റെ അമരക്കാരൻ. ഇത്തവണ ഫെസ്റ്റിവലിന് പേയ്‌മെന്റ് രജിസ്‌ട്രേഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Photo: Jaipur Literature Festival

സാഹിത്യോത്സവങ്ങൾ കേവലം പുസ്തക വാണിഭോത്സവങ്ങളായി മാറിപ്പോകാതിരിക്കാനുള്ള ജാഗ്രത ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതുണ്ട്. ഇന്ത്യയുടേയും ലോകത്തിന്റേയും സാംസ്‌കാരിക സാഹിത്യ വൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന ഉള്ളടക്കങ്ങൾ കൂടുതലായി വേണം. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ സാംസ്‌കാരിക രംഗത്ത് അധീശത്വം സ്ഥാപിക്കുന്നതിനായി ഭരണകൂട സഹായത്തോടെ പ്രവർത്തിക്കുന്ന സമകാലിക ഇന്ത്യയിലെ സാഹിത്യോത്സവങ്ങളിൽ പ്രതിരോധത്തിന്റെ ശബ്ദം ഉയരേണ്ടതുണ്ട്. ജനാധിപത്യ ഇന്ത്യയ്ക്കു വേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടങ്ങൾക്ക് ഇന്ധനമായി തീരണം സർക്കാരിന് പങ്കാളിത്തമുള്ള, ജനങ്ങളുടെ നികുതിപ്പണം ചെലവാക്കിയുള്ള ഏത് ഉത്സവങ്ങളും. അതിനു വേണ്ടത് സാർത്ഥകമായ ഇടപെടലുകളാണ്. എല്ലാ സമ്പത്തിന്റേയും സൗന്ദര്യത്തിന്റേയും സ്രഷ്ടാക്കൾ ജനങ്ങളാണെന്നിരിക്കേ ഉത്സവങ്ങളെ അതിന്റെ യഥാർത്ഥ അർത്ഥത്തിലുള്ള ജനകീയോത്സവങ്ങൾ ആക്കി മാറ്റേണ്ടതുണ്ട്. വിജ്ഞാനവിരോധത്തിന്റെ നാനാതരം ന്യൂനീകരണങ്ങളേയും സെക്ടേറിയൻ പ്രവണതകളേയും കുടഞ്ഞെറിഞ്ഞു കൊണ്ടേ മതേതരവും ജനാധിപത്യപരവും തുറന്നതുമായ സംവാദവേദികൾ സൃഷ്ടിക്കാനാവൂ. കച്ചവടമാത്ര താത്പര്യങ്ങൾ മാത്രമാവുന്നതിനെ എതിർക്കുന്നതോടൊപ്പം വ്യാപാരത്തിന്റെ ചരിത്രപരമായ പങ്കിനെ അംഗീകരിക്കുകയും വേണം.

Comments