‘സിസേറിയന്‍ കഴിഞ്ഞപ്പോള്‍പോലും
തോന്നാത്ത വേദനയായിരുന്നു അത്?';
ഹാനി ബാബുവിന്റെ ഭാര്യ ജെനി റെവേന തുറന്നെഴുതുന്നു
‘സിസേറിയന്‍ കഴിഞ്ഞപ്പോള്‍പോലും തോന്നാത്ത വേദനയായിരുന്നു അത്?'; ഹാനി ബാബുവിന്റെ ഭാര്യ ജെനി റെവേന തുറന്നെഴുതുന്നു
ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന മലയാളിയും ഡല്‍ഹി സര്‍വകലാശാല അധ്യാപകനുമായ ഹാനി ബാബുവിന്റെ ഭാര്യ ജെനി റൊവേന എഴുതുന്ന ഞെട്ടിപ്പിക്കുന്ന അനുഭവക്കുറിപ്പ്
12 Jul 2021, 09:59 AM
‘‘ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേന്ന്, സിസേറിയന്‍ കഴിഞ്ഞ സമയത്തു പോലും തോന്നാത്ത അത്രയും വലിയ ഒരു വേദനയാണ് അനുഭവിക്കേണ്ടി വന്നത്. കാരണം, കൂടെയുള്ള ഒരാളെ, തീര്‍ത്തും അന്യായമായി, നമുക്ക് കാണാന്‍ പോലും കഴിയാത്ത കുറേ നിയമങ്ങളുടെ പേരില്‍ നമുക്കിടയില്‍ നിന്ന് അപ്രത്യക്ഷമാക്കുക എന്നത് കടുത്ത വേദനയും ദേഷ്യവുമെല്ലാം ഉണ്ടാക്കുന്ന അവസ്ഥയാണ്''- എഴുതുന്നത് ഡല്‍ഹി സര്‍വകലാശാല അധ്യാപിക ജെനി റൊവേന. ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന മലയാളിയും ഡല്‍ഹി സര്‍വകലാശാല അധ്യാപകനുമാണ് ഹാനി ബാബു.
ഇന്ത്യന്‍ ജയിലുകളില്‍ യു.എ.പി.എ തടവുകാരടക്കമുള്ളവര്‍ അഭിമുഖീകരിക്കുന്ന കൊടും പീഡനങ്ങളെക്കുറിച്ചും അവര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകളെക്കുറിച്ചും, ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തിന്റെ പാശ്ചാലത്തലത്തില്‍, ട്രൂ കോപ്പി വെബ്‌സീനില്‍ എഴുതുന്നു ജെനി റൊവേന.

‘‘മെനഞ്ഞുണ്ടാക്കിയ ഒരു കേസിന്റെ പേരിലാണ് സ്റ്റാന്‍ സ്വാമി കൊല്ലപ്പെട്ടത്. ഇതിന്റെ പേരിലാണ് ഒരു കൂട്ടം മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും അധ്യാപകരും കവികളും കലാകാരന്മാരും മൂന്നു കൊല്ലമായി ജയിലില്‍ കിടക്കുന്നത്. ഇതിന്റെ പേരില്‍ തന്നെയാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിക്കും മരിക്കേണ്ടി വന്നത്. എന്റെ ഭര്‍ത്താവിന്റെ കമ്പ്യൂട്ടര്‍ പരിശോധിച്ചാലും ഇതുതന്നെയായിരിക്കും ഫലം എന്നതില്‍ യാതൊരു സംശയവുമില്ല. അതുകൊണ്ടായിരിക്കണം ബാബുവിന്റെ ക്ലോണ്‍ വിട്ടു തരാതെ എന്‍.ഐ.എ സംഗതികള്‍ വൈകിച്ചുകൊണ്ടേയിരിക്കുന്നത്''- വെബ്‌സീന്‍ പാക്കറ്റ് 33ല്‍ അവര്‍ എഴുതുന്നു.
‘‘രണ്ടു യൂണിവേഴ്സിറ്റി അധ്യാപകരുടെ വീട്ടില്‍ ഒരു ദിവസം പുലര്‍ച്ചയ്ക്ക് ഒരു പറ്റം പൊലീസുകാര്‍ വന്ന് കോളിങ് ബെല്‍ അടിച്ചാല്‍ അവര്‍ എങ്ങനെയാണ് അതിനോട് പ്രതികരിക്കുക? തീര്‍ച്ചയായും, ചെറുപ്പം മുതല്‍ പൊലീസ് എന്ന ആധുനിക വ്യവസ്ഥയെ ഭയക്കാനും ഒഴിവാക്കാനും പഠിച്ച എല്ലാ മനുഷ്യരെയും പോലെ തന്നെ. 2019 സപ്തംബര്‍ പത്തിന് ഞങ്ങള്‍ വല്ലാതെ ഭയന്നു. ഇരുപതോളം പൊലീസുകാര്‍ മുന്‍വശത്തെ ഹാള്‍ നിറഞ്ഞുനിന്നു, ഞങ്ങളുടെ ഫോണുകളും മകളുടെ സ്‌കൂള്‍ ബാഗു പോലും പിടിച്ചെടുത്തു. ഞങ്ങളുടെ തന്നെ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിരുന്ന ജി.എന്‍. സായിബാബ എന്ന പ്രൊഫസറുടെ വീട് പൊലീസ് റെയ്ഡ് ചെയ്തതും, ദിവസം മുഴുവന്‍ ചോദ്യം ചെയ്തതും അവസാനം 90 ശതമാനം ഭിന്നശേഷിയുള്ള പ്രൊഫസറെ പിടിച്ച് നാഗ്പൂരിലെ ജയിലില്‍ തള്ളിയതുമെല്ലാം കണ്ടുനിന്നവരില്‍ ഞങ്ങളുമുണ്ടായിരുന്നതുകൊണ്ട് 15 വയസ്സുള്ള മകള്‍ക്കു പോലും ഇതൊന്നും പുതിയ കാര്യമായിരുന്നില്ല. എന്നിട്ടും അവള്‍ പറഞ്ഞു; ‘മമ്മാ, ഇപ്പോള്‍ ഈ വീട് നമ്മുടെ തലയില്‍ വീണാല്‍ മതിയായിരുന്നു ...'
പക്ഷെ വീടും അവളും ഞങ്ങളും പിടിച്ചുനിന്നു.''
‘‘ആറു മണിക്കൂറാണ് പൊലീസ് അന്ന് ഞങ്ങളെ റെയ്ഡ് ചെയ്തത്. ഒരു സെര്‍ച്ച് വാറണ്ടുപോലുമില്ലാതെ. കൂട്ടിയിട്ട കുപ്പായങ്ങള്‍ക്കിടയില്‍ തോക്കുകളോ, പൂട്ടിവെച്ച കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ക്കിടയില്‍ ബോംബുകളോ അല്ല അവര്‍ തിരഞ്ഞത്. പകരം ഞങ്ങളുടെ ഷെല്‍ഫുകളിലെ പുസ്തകങ്ങളുടെ പേരുകള്‍ക്കിടയില്‍ അവര്‍ തങ്ങളുടെ ഹിന്ദു സവര്‍ണ രാഷ്ട്രത്തെ ഏതെങ്കിലും രീതിയില്‍ ചോദ്യം ചെയ്തേക്കാവുന്ന വിപ്ലവങ്ങളുടെ സ്വപ്നങ്ങള്‍ക്കുവേണ്ടിയാണ് തിരഞ്ഞത്.
കണ്ണില്‍ ആര്‍.എസ്.എസിന്റെ ഓറഞ്ച് തീ കത്തിനിന്നിരുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഭീമ കൊറേഗാവ് എലഗര്‍ പരിഷദ് കേസില്‍ നിങ്ങളൊരു സസ്പെക്റ്റ് ആണ് എന്നുമാത്രമാണ് അന്ന് ഞങ്ങളോട് പറഞ്ഞത്. അതിന്റെ പേരില്‍ അന്നവര്‍ എന്റെ ഭര്‍ത്താവ് ഹാനിബാബുവിന്റെ ലാപ്ടോപ്പ്, പെന്‍ഡ്രൈവുകള്‍ എന്നിവ കണ്ടുകെട്ടി. വര്‍ഷങ്ങളുടെ ഗവേഷണം, സ്വകാര്യമായ ഇ-മെയില്‍ അക്കൗണ്ടുകള്‍, ക്ലൗഡ് അക്കൗണ്ടുകള്‍ എല്ലാം അവര്‍ കവര്‍ന്നെടുത്തു.
ഓണ്‍ലൈനില്‍ തന്നെ പി.ഡി.എഫ് ലഭ്യമായ, ആമസോണില്‍ വാങ്ങാന്‍ കിട്ടുന്ന രണ്ടു പുസ്തകങ്ങളും കണ്ടുകെട്ടി. തനി കോമാളികളെ പോലെ, ഈ 'തൊണ്ടി മുതലുകള്‍' അവര്‍ സൂക്ഷമതയോടെ, സുതാര്യമായ പ്ലാസ്റ്റിക് കവറുകളില്‍ നിക്ഷേപിച്ചു. എന്നിട്ട് അവര്‍ തന്നെ പൂനെയില്‍ നിന്ന് കൂടെ വന്ന ഒരു 'ദൃക്സാക്ഷി'യെക്കൊണ്ട് അതില്‍ ഒപ്പുവെപ്പിക്കുകയും അതിന് നിയമസാധുതയുണ്ടാക്കിയെടുക്കുകയും ചെയ്തു.''
‘‘2020 ജൂലൈയില്‍ എന്‍.ഐ.എ ബാബുവിനെ അഞ്ചു ദിവസമാണ് മുംബൈയില്‍ തന്നെ നിര്‍ത്തി ചോദ്യം ചെയ്തത്. അവര്‍ക്കു പറയാന്‍ ഒരു കാര്യം മാത്രം: നിങ്ങളുടെ കമ്പ്യൂട്ടറില്‍ കുറെ ഡോക്യുമെന്റസ് ഉണ്ട്. അതില്‍ നിങ്ങളെപ്പറ്റി മാവോയിസ്റ്റുകള്‍ എഴുതിയ കത്തുകളുണ്ട്. അതുപോലെ നിങ്ങള്‍ മാവോയിസ്റ്റുകള്‍ക്കെഴുതിയ ഒരു കത്തുമുണ്ട്. മാവോയിസ്റ്റു പാര്‍ട്ടിക്ക് മാത്രം ലഭ്യമാകാന്‍ സാധ്യതയുള്ള ഡോക്യുമെന്റ്സും അതിലുണ്ട്.
എങ്ങനെയാണ് ഇത് കമ്പ്യൂട്ടറില്‍ വന്നത് എന്ന് തനിക്കറിയില്ല എന്ന സത്യം ബാബു പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞത്, എന്നാല്‍ അത് വേറെ ആരെങ്കിലും ഇട്ടതായിരിക്കും, അവരുടെ പേര് പറഞ്ഞാല്‍ നിങ്ങളെ ഞങ്ങള്‍ വിട്ടയക്കാം എന്നാണ്. അതായത്, ബാബുവിന്റെ മൊഴിയിലൂടെ കേസിലുള്ള മറ്റുള്ളവരെയും, ചില ഡല്‍ഹി വിദ്യാര്‍ത്ഥികളെയും കുടുക്കാനാണ് അവര്‍ ശ്രമിച്ചത്. പലതരം സമര്‍ദ്ദമുണ്ടായിട്ടും തന്റെ കമ്പ്യൂട്ടര്‍ താന്‍ ആര്‍ക്കും കൊടുക്കാറില്ല എന്നതില്‍ ബാബു ഉറച്ചുനിന്നു. ബാബുവിനെക്കൊണ്ട് ഒന്നും പറയിക്കാന്‍ കഴിയില്ല എന്ന് മനസിലാക്കി, അഞ്ചാമത്തെ ദിവസം ബാബുവിനെ അറസ്റ്റ് ചെയ്തു. ഇതുതന്നെയാണ് ഈ കേസിലെ ഓരോ ആളോടും ഇവര്‍ ചെയ്തത്.''
‘‘ഫാദര്‍ സ്റ്റാന്‍ സ്വാമി അറസ്റ്റിലാകുന്നതിനു മുന്നേ റെക്കോര്‍ഡ് ചെയ്ത ഒരു വിഡിയോയില്‍ പറയുന്നതും ഇതേ കഥയാണ്. എന്‍.ഐ.എ വരുന്നു, തന്റെ ലാപ്ടോപ്പില്‍ ഡോക്യുമെന്റസ് ഉണ്ടെന്നുപറയുന്നു. അത് സ്റ്റാന്‍ സ്വാമി ഒരു മാവോയിസ്റ്റ് ആണ് എന്ന് തെളിയിക്കുന്നു എന്നുപറയുന്നു, ജാമ്യം ഏകദേശം അസാധ്യമായ യു.എ.പി.എ ചുമത്തുന്നു. ആരോഗ്യ നില തീര്‍ത്തും വഷളായിട്ടും യു.എ.പി.എയുടെ പേരു പറഞ്ഞ് ജയിലില്‍ തന്നെ കിടത്തുന്നു. എന്നിട്ട്, അവസാനം മരിക്കുമെന്നാകുമ്പോള്‍ ഹോസ്പിറ്റലില്‍ പോകാന്‍ സമ്മതം കൊടുക്കുന്നു. ഇതിന്റെയെല്ലാം അവസാനം ഇതെല്ലാം സഹിക്കേണ്ടിവരുന്ന ഒരു നല്ല മനുഷ്യന്‍, ഇതൊന്നും താങ്ങാനാവാതെ ഹൃദയം തകര്‍ന്നു മരിക്കുന്നു.
ഇവിടെ ഓര്‍മിക്കേണ്ട ഒരു വസ്തുതയിതാണ്. ഹാനി ബാബുവിനെ ജയിലിലടയ്ക്കുകയും സ്റ്റാന്‍ സ്വാമിയെ കൊന്നു കളയുകയും ചെയ്ത ഈ കേസിനാധാരമായ മാവോയിസ്റ്റ് ഡോക്യുമെന്റസ് തന്നെയാണ് പൊലീസ് ഈ കേസിലുള്ള മറ്റു പലരുടെയും കംപ്യൂട്ടറുകളില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഈ ഡോക്യുമെന്റസ് എല്ലാം ഇന്ന് കടുത്ത സംശയത്തിന്റെ നിഴലിലുമാണ്.''
‘‘ആദിവാസി സമൂഹങ്ങളുടെ വംശഹത്യക്കുവേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെ തന്റെ ആഗോള കാമ്പയിനിലൂടെ തടയാന്‍ ശ്രമിച്ച സായിബാബയുടെ കൂടെ ഉറച്ചുനില്‍ക്കുന്ന, യൂണിവേഴ്സിറ്റിക്കുള്ളിലെ ജാതിയെ കുറിച്ച് ഉറക്കെ സംസാരിക്കുന്ന, മുസ്ലിമായ ഒരു അധ്യാപകനെ തളച്ചിടുക എന്നത് ഇന്ത്യന്‍ ഭരണകൂടത്തിന് ഒരു ആവശ്യമായി തീര്‍ന്നിട്ടുണ്ടാകണം. അതുകൊണ്ടുതന്നെയാവണം ബാബു അറസ്റ്റ് ചെയ്യപ്പെട്ടത്.''

‘‘മണ്ഡല്‍ കമ്മീഷന്‍ അനുവദിച്ചു കൊടുത്ത സംവരണം ഉപയോഗിച്ച് മുസ്ലിം (മാപ്പിള) സമുദായത്തില്‍ നിന്ന് ആദ്യമായി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലേക്കു കടന്നുവന്ന ചുരുക്കം ചില അധ്യാപകരില്‍ ഒരാളാണ് ഹാനി ബാബു.
സ്റ്റാന്‍ സ്വാമിയെ പോലെ ഹാനി ബാബു ചെയ്ത 'കുറ്റം', ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഒ.ബി.സി. സംവരണം നടപ്പിലാക്കാനും, അവിടുത്തെ ബ്രാഹ്‌മണിക്കല്‍ ഘടന തകര്‍ത്ത് കൂടുതല്‍ സമുദായങ്ങളെ ഉള്‍പ്പെടുത്താന്‍ തയാറാവുന്ന ഒരു വ്യവസ്ഥ സ്ഥാപിക്കാനുമുള്ള സമരങ്ങളുടെ ഭാഗമായി എന്നതാണ്. ബാബു ജോലിക്കു കയറിയ സമയത്ത് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ മുപ്പതു ശതമാനം മാത്രമേ ഒ.ബി.സി സംവരണം നടപ്പിലാക്കിയിരുന്നുള്ളൂ. എന്നാല്‍ ഇന്നത് ഏകദേശം നൂറു ശതമാനമാണ്. മാത്രമല്ല, സംവരണ സീറ്റുകള്‍ നിറയ്ക്കാന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്ന് നിരവധി പുതിയ നിയമങ്ങളുമുണ്ട്. ഇതിന്റെയെല്ലാം പുറകില്‍, ഹാനി ബാബു സ്ഥാപിച്ച 'അക്കാദമിക് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്' എന്ന ഒ.ബി.സി അധ്യാപകരുടെ സംഘടനയക്ക് വലിയ പങ്കുണ്ട്.
ഇങ്ങനെ താന്‍ ജോലി ചെയ്യുന്ന യൂണിവേഴ്സിറ്റിയിലെ ജാതിവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിച്ച ഹാനി ബാബുവാണ് കഴിഞ്ഞ ഒരു കൊല്ലമായി മഹാരാഷ്ട്രയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്നത്. ഇന്നുനടക്കുന്ന ഹിന്ദുരാഷ്ട്ര പദ്ധതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂ എന്നാണ് ബാബു പറഞ്ഞുകൊണ്ടിരുന്നത്. ഫാദര്‍ സ്റ്റാന്‍ സ്വാമിയും അറസ്റ്റ് ചെയ്യുന്നതിന് മുന്നേയുള്ള ഒരു വീഡിയോയില്‍ പറയുന്നതും ഏതാണ്ട് ഇതൊക്കെയാണ്.''
‘‘ബാബുവിനെ കൊണ്ടുപോയ മഹാരാഷ്ട്രയിലെ തലോജ ജയില്‍, വിചാരണ തടവുകാരെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. 50 പേരൊക്കെയാണ് 25 പേര്‍ക്കുള്ള ഒരു ഹാളില്‍ കഴിയുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും കീഴാളരാണ്. തങ്ങളുടെ ജാമ്യത്തിന്റെ പൈസ പോലും കൊടുക്കാന്‍ വകയില്ലാത്തവര്‍. അനാഥരായി റോഡരികില്‍ ജീവിക്കുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാര്‍, കെട്ടിച്ചമച്ച കേസുകളില്‍ വര്‍ഷങ്ങളായി വിചാരണ തടവുകാരായി തുടരുന്ന മുസ്ലിം ചെറുപ്പക്കാര്‍. ഇങ്ങനെ കീഴാളരെക്കൊണ്ട് നിറഞ്ഞ, മീനും ഇറച്ചിയും ഇല്ലാത്ത, മഹാരാഷ്ട്ര ബ്രാഹ്‌മണരുടെ ക്രൂരമായ ഒരു ജയിലിലാണ് എന്റെ ഭര്‍ത്താവ് ഹാനി ബാബുവും തടവിലാക്കപ്പെട്ടിട്ടുള്ളത്.
കേരളത്തില്‍, സ്റ്റാന്‍ സ്വാമിയെ പോലെ തന്നെ, മരണം കാത്തുകിടക്കുന്ന, തീര്‍ത്തും രോഗിയായ ഇബ്രാഹിം എന്ന മറ്റൊരു രാഷ്ട്രീയ തടവുകാരനെക്കുറിച്ച്, സ്റ്റാന്‍ സ്വാമിക്കുവേണ്ടി സംസാരിക്കുന്നവര്‍ പോലും ഒന്നും പറയുന്നില്ല. അതുപോലെ, എന്‍.ആര്‍.സി- സി.എ.എ എന്നിവക്കെതിരായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തിലേറെ ജയിലില്‍ കിടക്കുകയാണ്. നമ്മള്‍ ഇവര്‍ക്കുവേണ്ടി സംസാരിക്കുമ്പോള്‍ പോലും, ഇന്ത്യന്‍ രാഷ്ട്രത്തിന്റെ നിര്‍മാണത്തിനടിസ്ഥാനമായ മുസ്ലിം അപരത്വത്തിന്റെ പ്രശ്നം വലിയ തോതില്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ നമുക്ക് കഴിയുന്നില്ല. ഇതിന് സവര്‍ണ ലിബറല്‍ പ്രസ്ഥാനങ്ങളുടെ പെറ്റീഷന്‍ രാഷ്ട്രീയത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, നിലനില്‍ക്കുന്ന എല്ലാ രാഷ്ട്രീയങ്ങളും ഇങ്ങനെയൊരു ലിബറല്‍ ഘടനയ്ക്കുള്ളിലാണുള്ളത്.''
‘‘രാഷ്ട്രീയ തടവുകാരുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം അവരെ തളച്ചിടുന്ന യു.എ.പി.എ പോലെയുള്ള നിയമങ്ങളെ കുറിച്ച് നമ്മള്‍ സംസാരിക്കാന്‍ തയ്യാറാണോ? രാഷ്ട്രീയ തടവുകാര്‍ മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്ന ചോദ്യങ്ങളെ പിന്തുണയ്ക്കാനും അവയെ മുന്നോട്ടുകൊണ്ടുപോകാനും നമുക്ക് കഴിയുമോ? എല്ലാ തടവുകാരും ഒരു തരത്തിലുള്ള രാഷ്ട്രീയ തടവുകാരാണെന്നും, അതുകൊണ്ട് തടവറകള്‍ തന്നെ വേണ്ടെന്നും നമ്മള്‍ പറഞ്ഞുപോലും തുടങ്ങാത്തത് എന്തുകൊണ്ടാണ്?- ജെനി റൊവേന ചോദിക്കുന്നു.''
സ്റ്റാന്‍ സ്വാമിയുടെ മരണം ഇന്ത്യന്‍ ജയിലുകളെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത് -
ജെനി റൊവേനയുടെ ലേഖനത്തിന്റെ പൂര്‍ണരൂപം
സൗജന്യമായി വായിക്കാം, കേള്‍ക്കാം ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 33ല്‍.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
പ്രമോദ് പുഴങ്കര
Oct 15, 2022
6 Minutes Read
ശാക്കിർ കെ. മജീദി
Sep 24, 2022
6 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Aug 08, 2022
3 Minutes Read
ഉമര്‍ ഖാലിദ്
Jan 03, 2022
14 Minutes Read
Think
Nov 10, 2021
2 Minutes Read
സബിത ശേഖര്‍
Nov 10, 2021
53 Minutes Watch