ജാരിയയിലെ കല്‍ക്കരി ഖനനം
വേരറുത്തുമാറ്റപ്പെടുന്ന
ആറുലക്ഷം മനുഷ്യര്‍
ജാരിയയിലെ കല്‍ക്കരി ഖനനം വേരറുത്തുമാറ്റപ്പെടുന്ന ആറുലക്ഷം മനുഷ്യര്‍
നോക്കെത്താ ദൂരം പരന്നു കിടക്കുന്ന കല്‍ക്കരി ഖനി. പൊടിയും കരിയുമേറ്റ് കറുത്തുപോയ മലകള്‍. അതിനേക്കാള്‍ ആഴത്തിലുള്ള ഗര്‍ത്തങ്ങള്‍. ചിലത് കല്‍ക്കരി ഖനനം ചെയ്ത് ഉപേക്ഷിച്ചവയാണ്. മറ്റുള്ളവയില്‍ ഖനനം നടക്കുന്നു. ഉപേക്ഷിച്ച ഖനികളിലാണ് തന്‍വി ഉള്‍പ്പെടെ ഗ്രാമം അന്നം കണ്ടെത്തുന്നത്. ലോകത്തെവിടെയും ഇത്രയും വെല്ലുവിളി നിറഞ്ഞ മനുഷ്യജീവിതം കണ്ടറിയാന്‍ എളുപ്പമാകില്ല. ജീവിതത്തിന് താഴെ കത്തുന്ന കല്‍ക്കരി ഖനികള്‍, മുകളില്‍ കഠിനമായ ചൂടും പൊടിക്കാറ്റും. 'ഡല്‍ഹി ലെന്‍സ്' പരമ്പര തുടരുന്നു.
14 Aug 2022, 03:01 PM
നിറയെ കറുത്ത പൊടിപടലം. അതിനിടയിലൂടെ തന്‍വി കാലു വേച്ചുകൊണ്ട് നടക്കുന്നു. ഇനി ആവാത്ത വിധം അവള്‍ നിലത്തിരുന്നു. നഗ്‌നമായ കാല്‍പ്പാദങ്ങള്‍ കറുത്ത് ഇരുണ്ടിട്ടുണ്ട്. കാലില്‍ നിറയെ ആഴമുള്ള മുറിവുകളാണ്. വൃണങ്ങളില്‍ വീണ്ടും കല്ലുകുത്തികീറി ചോരയൊലിക്കുന്നു. കറുത്ത നിറമാണ് ചോരയ്ക്കും. കാലില്‍ തറച്ച കല്‍ക്കരി ചീള് വിറയ്ക്കുന്ന കൈകളോടെ ഒറ്റവലി. തന്‍വി വേദനകൊണ്ട് പുളഞ്ഞു. ശബ്ദം പുറത്തുവരാതിരിക്കാന്‍ കൈ കടിച്ചമര്‍ത്തി. ചോര കറുത്ത നിലത്തേക്ക് നിര്‍ത്താതെ ഒഴുകി. തന്‍വി കണ്ണുകളടച്ച് ഷാളുകൊണ്ട് കാലുവരിഞ്ഞ് കെട്ടി. കൂറ്റന്‍ പാറയില്‍ തലവച്ച് ചാരി കിടന്നു. വിറക്കുന്നുണ്ട് കാലാകെ.
കാലില്‍ കെട്ടിയ ഷാളും നോക്കിനില്‍ക്കെ രക്തത്തില്‍ കുതിര്‍ന്നു. വെള്ളം കൊടുത്തപ്പോള്‍ ആര്‍ത്തിയോടെ കുടിച്ചു. അല്പമാശ്വാസം മുഖത്ത് കാണാം. കയ്യില്‍ കുറച്ചു വെള്ളമെടുത്ത് മുഖം കഴുകി. കറുത്ത ചളി കവിളിലൂടെ ഒലിച്ചിറങ്ങി. ദൂരെനിന്നും സെക്യൂരിറ്റി ജീവനക്കാരന്‍ സൈക്കിളില്‍ വിസില്‍ മുഴക്കി വരുന്നുണ്ട്. മലയുടെ മറവിലേക്ക് മാറാന്‍ ദീര്‍ഘശ്വാസത്തോടെ തന്‍വി പറഞ്ഞു. അയാള്‍ ഞങ്ങളെ കടന്നുപോയി. സൈക്കിളിന്റെ പുറകില്‍ കെട്ടിവച്ച നീളന്‍ മുളവടി അവള്‍ ചൂണ്ടി കാണിച്ചു. ഒപ്പം ചോരകല്ലിച്ച വലതു തോളും. ശരീരമാസകലം അത്തരം പാടുകളാണത്രെ. ജീവിതത്തില്‍ ഇരുട്ടു നിറച്ച കാലത്തെനോക്കി അവള്‍ നിസ്സഹായയായി.
നോക്കെത്താ ദൂരം പരന്നു കിടക്കുന്ന കല്‍ക്കരി ഖനി. പൊടിയും കരിയുമേറ്റ് കറുത്തുപോയ മലകള്‍. അതിനേക്കാള്‍ ആഴത്തിലുള്ള ഗര്‍ത്തങ്ങള്‍. ചിലത് കല്‍ക്കരി ഖനനം ചെയ്ത് ഉപേക്ഷിച്ചവയാണ്. മറ്റുള്ളവയില്‍ ഖനനം നടക്കുന്നു. ഉപേക്ഷിച്ച ഖനികളിലാണ് തന്‍വി ഉള്‍പ്പെടെ ഗ്രാമം അന്നം കണ്ടെത്തുന്നത്. പരമാവധി ആഴത്തില്‍ തുരന്നെടുത്താണ് ഓരോ പ്രദേശത്തെയും ഖനനം അവസാനിപ്പിക്കുന്നത്. അവിടെയാണ് യാതൊരു യന്ത്ര സഹായവുമില്ലാതെ ഗ്രാമവാസികള്‍ കല്‍ക്കരി എടുക്കുന്നത്.

കഴിഞ്ഞ ജൂണിലാണ് തന്‍വിയുടെ സഹോദരന്‍ മലയിടിഞ്ഞ് മരിച്ചത്. അച്ഛനും ഖനി അപകടത്തിലാണ് ജീവന്‍ നഷ്ടമായത്. മാനസികമായി തകര്‍ന്ന അമ്മയുടെ ആശ്രയമാണ് തന്‍വി. വിശന്നുവലഞ്ഞപ്പോള്‍ ആറാം ക്ലാസ്സില്‍ പുസ്തകം അടച്ചു. പിക്കാസും കുട്ടയുമായി ഖനിയിലേക്ക് അന്നിറങ്ങിയതാണ്. വെളിച്ചമെത്താത്ത ഗുഹകളില്‍ കയറി കല്‍ക്കരി എടുത്തിട്ടുണ്ട്. ശ്വാസമില്ലാതെ പിടഞ്ഞപ്പോള്‍ രക്ഷപ്പെടുത്തിയ ഗ്രാമവാസിയെക്കുറിച്ചും വാചാലയായി.
അഞ്ചുമണി കഴിഞ്ഞെങ്കിലും ചൂട് അസഹനീയമാണ്. കനത്ത കാറ്റില്‍ പാറിവരുന്ന കല്‍ക്കരി പൊടിയില്‍ കുളിച്ചാണ് നില്‍പ്പ്. ദേഹമാകെ ചൊറിയുന്നു. നിലം തീച്ചൂളയിലെന്നപോലെ പൊള്ളുന്നു. കുടിച്ച വെള്ളം വിയര്‍പ്പായി ഒഴുകി തീര്‍ന്നു. വരണ്ട തൊണ്ടയുമായി തിരികെ നടന്നു. പുറകില്‍ കാലുവേച്ചുകൊണ്ട് തന്‍വി വഴികാട്ടി. അപ്പോഴും തലയിലെ കല്‍ക്കരിയുടെ കൊട്ട ഉപേക്ഷിച്ചില്ല. അതാണ് അന്നത്തെ അന്നം. ചുട്ടുപൊള്ളുന്ന അവളുടെ ഗ്രാമം ദൂരെ കാണാം. ഇടക്കുവീശുന്ന പൊടിക്കാറ്റ് അവിടേക്കുള്ള കാഴ്ച്ച മറച്ചു. ഏറെനേരം ചുറ്റും ഇരുട്ടായി.
ധനത്തിന്റെ നാട്ടിലെ പട്ടിണിക്കോലങ്ങള്‍
കറുത്ത പൊടിമണ്ണ് നിറഞ്ഞ വഴിയിലൂടെ മുന്നോട്ട് നടന്നു. ശ്വസിക്കാനാവാത്തവിധം രൂക്ഷ ഗന്ധവും അന്തരീക്ഷത്തില്‍ പരന്നിട്ടുണ്ട്. കണ്‍പീലിയില്‍ നിറഞ്ഞ മണ്ണ് കണ്ണിലേക്ക് വീഴുമ്പോള്‍ നീറുന്നു. ആ നീറ്റല്‍ പതിറ്റാണ്ടുകളായി തന്‍വിയുടെ ജീവിതത്തിന്റെ ഭാഗമാണ്. നടക്കുന്നതിനിടെ അസാധ്യമായ ജീവിതകഥയുടെ ഓരോ പേജുകളായി അവള്‍ തുറന്നു. ഝാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് മനുഷ്യ ജീവിതത്തിനു വെല്ലുവിളിയായി കല്‍ക്കരിഖനികള്‍ മാറുന്നത്. തന്‍വി ലക്ഷങ്ങളില്‍ ഒരാള്‍ മാത്രം.

ധനത്തിന്റെ നാടെന്നാണ് ധന്‍ബാദിന് അര്‍ത്ഥം. ഐശ്വര്യവും സമ്പത്തും ഒരുപോലെ ഉള്ളയിടം. എന്നാല്‍ അതിനോട് പുലബന്ധമില്ലാത്ത ജീവിത സാഹചര്യങ്ങളാണ് മുന്നില്‍ നിറഞ്ഞതൊക്കെയും. ധന്‍ബാദില്‍ ട്രെയിന്‍ ഇറങ്ങിയാല്‍ 3 കിലോമീറ്ററിനുള്ളില്‍ ജാരിയ എത്തും. ലോകത്തെവിടെയും ഇത്രയും വെല്ലുവിളി നിറഞ്ഞ മനുഷ്യജീവിതം കണ്ടറിയാന്‍ എളുപ്പമാകില്ല. ജീവിതത്തിന് താഴെ കത്തുന്ന കല്‍ക്കരി ഖനികള്‍, മുകളില്‍ കഠിനമായ ചൂടും പൊടിക്കാറ്റും. ശുദ്ധമായ കുടിവെള്ളം സ്വപ്നമാണ്.
ഇപ്പോഴുമവര്‍ക്ക് ദൈവവിശ്വാസമുണ്ടെങ്കിലും, നരകത്തെയും സ്വര്‍ഗ്ഗത്തെയും ഒരുപോലെ തള്ളിക്കളയുന്നുണ്ട്. അനുഭവിക്കുന്നതിനേക്കാള്‍ വലിയ ശിക്ഷകളൊന്നും മതത്തിന്റെ പുസ്തകങ്ങളില്‍ നരകത്തെകുറിച്ചില്ല. സ്വര്‍ഗ്ഗത്തിലെ സുഖലോലുപതകള്‍ ആ ഗ്രാമത്തിന് കേട്ടുപരിചയവുമില്ല. ഭൂപടങ്ങളില്‍ ഇല്ലാത്തവിധം ഒരു ഗ്രാമത്തെയും ലക്ഷകണക്കിന് മനുഷ്യരെയും മായ്ച്ചുകളയുന്ന ഗൂഢാലോചനയാണ് നടക്കുന്നത്. ശ്വാസത്തിനായി പിടയുന്നതിനിടക്ക് അതിനെതിരെ വിരല്‍ചൂണ്ടാന്‍പോലും അവര്‍ക്കാവുന്നില്ല.

രാജ്യം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ നടക്കുന്ന മണ്ണുകൂടിയാണ് ജാരിയ. ജനസംഖ്യയുടെ ഭൂരിഭാഗത്തെയും അടുത്തുള്ള ബെല്‍ഗേറിയയിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. മറഞ്ഞിരിക്കുന്ന വലിയ സമ്പത്താണ് ജനാധിപത്യ ബോധം നഷ്ട്ടമായ ഭരണകൂടങ്ങളെ നയിക്കുന്നതെന്ന് ഓരോ ജീവിതവും അടിവരയിടുന്നു. 60000 കോടിയോളം വിലമതിക്കുന്ന കല്‍ക്കരി ഖനനം ചെയ്യാനുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ആ മണ്ണിലെ കല്‍ക്കരി മാന്തിയെടുക്കാം. വേരറുത്തുമാറ്റപ്പെടുന്ന ആറുലക്ഷം മനുഷ്യരേക്കാള്‍ വലുതല്ല ആ തുകയെന്ന് പറയാനുള്ള ആര്‍ജ്ജവം ഇന്നിന്റെ രാഷ്ട്രീയത്തിനുമില്ല.

എല്ലാ കണക്കുകള്‍ക്കുമപ്പുറമാണ് ജീവനറ്റുപോകുന്നവരുടെ യഥാര്‍ത്ഥ സംഖ്യ. കല്‍ക്കരി ഖനികളിലെ അനിയന്ത്രിതമായ തീപിടുത്തങ്ങളാണ് പ്രധാനകാരണം. സാക്ഷരതയും നികത്തിയെടുക്കാന്‍ എളുപ്പമല്ലാത്തവിധം പാതാളച്ചുഴിയിലാണ്. കഠിനമായ ചൂട് കാരണം അടച്ചുപോയത് ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. സാമ്പത്തിക സാഹചര്യങ്ങളും ഗ്രാമത്തിന്റെ അക്ഷരവെളിച്ചത്തിന് വെല്ലുവിളിയാണ്. ജാരിയയുടെ ശരാശരി സാക്ഷരതാ നിരക്ക് 68% മാത്രമാണ്. ദേശീയ ശരാശരിയായ 74.5% നേക്കാള്‍ കുറവാണത്. അതില്‍ തന്നെ പുരുഷ സാക്ഷരത 74% ഉം സ്ത്രീ സാക്ഷരത 60 ശതമാനവുമാണ്. വിശപ്പിന് മുന്നില്‍ അടച്ചുവക്കേണ്ടിവന്ന പാഠങ്ങള്‍ തന്‍വിയുടെ കണ്ണുനനച്ചു.
തീപിടിച്ച മരണ നിലങ്ങള്‍
പോരാടാനുറച്ച ജനതയുടെ തീര്‍പ്പ് കലങ്ങി മറയുമ്പോഴും തന്‍വിയുടെ കണ്ണുകളില്‍ കാണാം. ഇരുട്ടിന്റെ ലോകത്ത് അകപ്പെട്ട അപ്പൂര്‍വ്വ ജീവിതങ്ങളെ കുറിച്ച് അവള്‍പറഞ്ഞ ഓരോ കഥയും നെഞ്ചില്‍തറച്ചു. അവരെ കേള്‍ക്കാന്‍ തയ്യാറല്ലാത്ത വ്യവസ്ഥിതിയെക്കുറിച്ചും രോഷത്തോടെ പറഞ്ഞു. വ്യാപിച്ചുകിടക്കുന്ന കല്‍ക്കരി ശേഖരത്തിലാണ് എല്ലാവരുടെയും കണ്ണ്. അവിടെ കരിപുരണ്ട മനുഷ്യന് എന്ത് സ്ഥാനം.

ദാമോദര്‍ നദീതടത്തിനോട് ചേര്‍ന്ന് 280 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു കല്‍ക്കരി പാടം. ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരി ശേഖരങ്ങളില്‍ ഒന്നാണത്. 23 വലിയ ഭൂഗര്‍ഭവും ഒമ്പത് വലിയ തുറന്ന ഖനികളും അതിന്റെ ഭാഗമാണ്. 19.4 ബില്യണ്‍ ടണ്‍ കല്‍ക്കരിയുടെ കരുതല്‍ ശേഖരമുണ്ട്. ഇന്ത്യയുടെ പവര്‍ഹൗസ് എന്ന വിശേഷണം ലഭിച്ചതും അതുകൊണ്ടാണ്.
ഒരു നൂറ്റാണ്ടിലധികമായി ജാരിയ ഈ വിധം ഗ്രാമവാസികള്‍ക്ക് നരകതുല്യമായിട്ട്. 1916 ലാണ് തീ മനുഷ്യജീവിതങ്ങളിലേക്ക് പടര്‍ന്നു തുടങ്ങിയത്. 1934 ലില്‍ ഉണ്ടായ നേപ്പാള്‍-ബിഹാര്‍ ഭൂകമ്പങ്ങള്‍ ജാരിയയിലെ പ്രതിസന്ധി ഇരട്ടിച്ചു. ഭൂഗര്‍ഭങ്ങളിലെ തീ കൂടുതല്‍ ശക്തിയില്‍ പടരാന്‍ ഇത് വഴിവച്ചു. വലിയതോതിലാണ് കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, മീഥെയ്ന്‍ എന്നീ വിഷവാതകങ്ങള്‍ ഖനികള്‍ പുറന്തള്ളുന്നത്. ഇപ്പോഴും നിര്‍ത്താതെ കത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്.
ശ്വസിക്കേണ്ടിവരുന്ന വിഷവാതകങ്ങളുടെ അതിപ്രസരണം മനുഷ്യരാശിയെത്തന്നെ തുടച്ചുമാറ്റുന്ന അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ന്യൂമോകോണിയോസിസ്, ആസ്ത്മ, ആസ്ബറ്റോസിസ്, ക്ഷയം എന്നീ അസുഖത്തിന് ഇരയാവാത്ത ഒറ്റമനുഷ്യനെയും കാണാന്‍ എളുപ്പമല്ല. ജനിതക വൈകല്യങ്ങളോടെ പിറന്നുവീഴുന്ന കുട്ടികളുടെ എണ്ണവും കുറവല്ല. പാതിയില്‍ പ്രാണനറ്റ് പോകുന്ന കുട്ടികള്‍ ഇപ്പോഴവിടെ ഒരു വാര്‍ത്തയേയല്ല.
സാമ്പത്തിക താല്‍പര്യങ്ങളും മനുഷ്യരും
വലിയ ദുരന്തത്തിന്റെ വക്കിലാണ് ജാരിയ. ഒരു കണക്കിലും പെടാതെ മരിച്ചുവീഴുന്നത് എണ്ണമറ്റ മനുഷ്യരാണ്. 1894 ലില്‍ ബ്രിട്ടീഷുകാരാണ് ആദ്യമായി ഖനനം ആരംഭിക്കുന്നത്. രാപ്പകലില്ലാതെ വ്യാപകമായി തുടര്‍ന്ന ഖനനം ഭൂമിയുടെ സ്വാഭാവികത തകിടം മറച്ചു. പില്‍കാലത്ത് സമ്പത്ത് തിരഞ്ഞുവന്ന ഗുജറാത്തികളുടെ കൈകളിലായി. 1971 ല്‍ ഖനികള്‍ ദേശസാല്‍ക്കരിക്കപ്പെട്ടു. വലിയ വ്യവസായ ശാലകള്‍ കൂണുപോലെ മുളച്ചുപൊന്തി. അപ്പോഴും ഗ്രാമീണര്‍ക്ക് അതൊക്കെ അന്യമായി. അവര്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളപ്പെട്ടു.

ബിസിസിഎല്ലിന്റെ 90 ശതമാനത്തിലധികം കല്‍ക്കരി ശേഖരം ജാരിയയിലാണ്. കറുത്ത മണ്ണില്‍ പൊലിഞ്ഞു തീരുന്ന ഓരോ ജീവനും അവര്‍ക്ക് മറുപടിപറയേണ്ടിവരും. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് "ഞങ്ങള്‍ ഗ്രാമത്തില്‍ ആരോഗ്യക്യാമ്പുകള്‍ നടത്തുന്നുണ്ട്' എന്ന മറുപടിയയാണ് ബിസിസിഎല്‍ പറഞ്ഞത്. നീറി ജീവിക്കുന്ന മനുഷ്യനോടുള്ള പ്രതിബദ്ധത എത്രമാത്രമെന്ന് വ്യക്തം. ഈ വിധമാണ് അധികാര വര്‍ഗത്തിന്റെ ഇടപെടല്‍. നഷ്ട്ടപ്പെടുന്ന ജീവനുപോലും കണക്കില്ലാതെയാവാന്‍ കാരണം ഈ സമീപനമാണ്.
പൊലിയുന്ന ബാല്യം
അഞ്ചുവര്‍ഷത്തിനിടെ 130 ഓളം കുട്ടികള്‍ക്ക് ജാരിയ ബലിയിട്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. എന്നാല്‍ ബിസിസിഎല്ലിന്റെ കണക്കു പ്രകാരം മുതിര്‍ന്നവര്‍ ഉള്‍പ്പെടെ 65 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രകടമാണ് കണക്കിലെ വൈരുധ്യം. കോടികള്‍ അറുത്തെടുത്ത് കൊണ്ടുപോകുന്ന സ്ഥാപനത്തിന്റെ സമീപനം ഈ കണക്കുകള്‍ അടിവരയിടും.
ജാതിയുടെ ഖര്‍ത്തങ്ങളും ജാരിയയില്‍ കുറവല്ല. വിദ്യാലയങ്ങളില്‍ പോലും അനുഭവിക്കേണ്ടി വന്ന മാറ്റിനിര്‍ത്തലുകള്‍ തന്‍വി ഒന്നൊന്നായി പറഞ്ഞു. തോട്ടിപ്പണി വരെ ഇപ്പോഴും ചെയ്യിക്കുന്നു. ബിഹാറില്‍ നിന്നും ജോലിതേടിവന്ന കുടിയേറ്റ കുടുംബങ്ങളാണ് ഇവരില്‍ ഭൂരിഭാഗവും. പതിനായിരക്കണക്കിന് ദളിതരാണ് ഖനികള്‍ക്ക് സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നത്. അവരുടെ പ്രധാന ഉപജീവന മാര്‍ഗ്ഗവും ഖനിയാണ്.

മിക്ക ഖനികളുടെയും ഉള്‍വശം ഇടുങ്ങിയതാണ്. യന്ത്രങ്ങള്‍ പിന്മാറിയ ഇടങ്ങളിലേക്ക് ബാല്യങ്ങളെ ഇറക്കാനുള്ള പ്രധാന കാരണം അതാണ്. പട്ടിണിക്കുമുന്നില്‍ മാതാപിതാക്കള്‍ ബലിമൃഗത്തെപോലെ കുട്ടികളെ അയക്കാന്‍ തയ്യാറാകും. കുറഞ്ഞത് 20000 കുട്ടികളെങ്കിലും ജാരിയയില്‍ ഖനനം നടത്തുന്നുണ്ട്. വലിയ പരിക്കുപറ്റി കിടപ്പിലായ കുരുന്നുകളും കുറവല്ല. തന്‍വിക്ക് പലരെയും നേരിട്ടറിയാം. എങ്കിലും അവരുടെ പേരുപറയാന്‍ മടിച്ചു. പോലീസ് തിരഞ്ഞ് വീട്ടില്‍വരാതിരിക്കാനാണ് എന്ത് സംഭവിച്ചാലും എല്ലാം മറയ്ക്കുന്നത്. ജീവനേക്കാള്‍ വലുതാണ് വിശപ്പെന്ന് പറഞ്ഞുകൊണ്ട് തന്‍വി ചിരിച്ചു. ജീവിതം അന്യമാക്കിയ കാലം ആ ചിരിക്കുമുന്നില്‍ കരയുന്നുണ്ടാകും.
പുനരധിവാസമെന്ന ചതി
ഷീറ്റുകൊണ്ട് നിര്‍മ്മിച്ച കുടിലുകള്‍ക്ക് മുന്നില്‍ തന്‍വിക്കൊപ്പം നടന്നെത്തി. അതില്‍ ഒന്നിലേക്ക് കയറാന്‍ അവള്‍ തലകൊണ്ട് ആഗ്യം കാണിച്ചു. കല്‍ക്കരിനിറച്ച തലയിലെ കുട്ട തന്‍വി വാതിലിനോട് ചേര്‍ത്തു വച്ചു. പ്ലാസ്റ്റിക്ക് ഷീറ്റും പലകയും വിരിച്ച തറ. മുകളിലെ ഇരുമ്പ് ഷീറ്റിന്റെ ഓട്ടയിലൂടെ പൊടി ഇരച്ചുവരുന്നു. ഒരു മൂലയില്‍ കട്ടിലും മറ്റൊരിടത്ത് മണ്ണുകൊണ്ട് കെട്ടിയ അടുപ്പും. അകത്ത് അയലില്‍ തൂക്കിയിട്ട വസ്ത്രങ്ങളിലും കറുത്ത പൊടിമണ്ണ് കട്ടപിടിച്ചിരിക്കുന്നു.

കല്‍ക്കരി പാടത്തിന് ചുറ്റുമുള്ള മനുഷ്യരെ മാറ്റാനായി കമ്പനിക്ക് ഒരു പുനരധിവാസ പദ്ധതിയുണ്ട്. ജാരിയ പുനരധിവാസ വികസന അതോറിറ്റിക്കാണ് അതിന്റെ ചുമതല. കിലോമീറ്ററുകള്‍ അപ്പുറത്തുള്ള ഭൂമിയിലാണ് കെട്ടിടം നിര്‍മ്മിച്ച് ആളുകളെ മാറ്റിത്തുടങ്ങിയത്. പതിനായിരത്തില്‍ അധികം ആളുകളെ ഈ വിധം മാറ്റി പാര്‍പ്പിച്ചു. വൈദ്യുതിയും ജോലിയും ഉള്‍പ്പെടെ വാഗ്ദാനങ്ങള്‍ പലതായിരുന്നു. എന്നാല്‍ മനുഷ്യര്‍ യാതൊരു ജീവിതമാര്‍ഗ്ഗവുമില്ലാതെ വലയുന്ന അവസ്ഥയാണ്. കെട്ടിടത്തിനും വലിയ കേടുപാടുകള്‍ വന്നിട്ടുണ്ട്. മറ്റുള്ളവര്‍ അവിടേയ്ക്ക് പോകാതെ നില്‍ക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്.
അസ്തമയ സൂര്യനും കടുത്ത ചൂട്. നിലത്തെ കറുപ്പ് എങ്ങും പടരുന്നു. കരണ്ട് തോന്നിയ പോലെയാണ്. ഈ കുടിലുകളിലെ ഏറ്റവും വലിയ ആഡംബരമാണ് റേഡിയോ. വലിയ ശബ്ദത്തില്‍ വച്ച അപ്പുറത്തെ റേഡിയോയില്‍ കേള്‍ക്കാം, പ്രധാനമന്ത്രിയുടെ ശബ്ദം. "എല്ലാവീട്ടിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണം'. തന്‍വി ചിരിച്ചുകൊണ്ട് മേല്‍ക്കൂരയിലേക്ക് നോക്കി. പുരപ്പുറത്തെ ഓട്ടയിലൂടെ വന്ന വെളിച്ചം മുഖത്ത് തട്ടി.
സല്‍വ ഷെറിന്‍
Mar 08, 2023
11 Minutes Watch
അലി ഹൈദര്‍
Feb 08, 2023
21 Minutes Watch
ഷഫീഖ് താമരശ്ശേരി
Oct 29, 2022
9 Minutes Watch
മനില സി. മോഹൻ
Oct 17, 2022
10 Minutes Watch
അലി ഹൈദര്‍
Sep 23, 2022
15 Minutes Watch
ദില്‍ഷ ഡി.
Sep 14, 2022
7 Minutes Watch
കെ. സഹദേവന്‍
Sep 10, 2022
3 Minutes Read
അലി ഹൈദര്‍
Aug 27, 2022
10 Minutes Watch