എവിടെനിന്ന്,
ആരിൽനിന്നാണ്
ജിഫ്രി തങ്ങൾക്ക് വധഭീഷണി?
എവിടെനിന്ന്, ആരിൽനിന്നാണ് ജിഫ്രി തങ്ങൾക്ക് വധഭീഷണി?
വഖഫ് ബോര്‍ഡ് നിയമനം സര്‍ക്കാര്‍ പി.എസ്.സിക്കു വിട്ടതിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ചു പ്രതിഷേധം സംഘടിപ്പിക്കാനുള്ള മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ചുകൊണ്ടായിരുന്നു സമീപകാലത്ത് ജിഫ്രി തങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ഇതിന്റെ പേരില്‍ തന്നെ ചിലര്‍ യൂദാസെന്ന് വിളിക്കുന്നുണ്ടന്നും അത് കാര്യമാക്കുന്നില്ലെന്നും അടുത്തിടെ ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു. അതിനുശേഷം അദ്ദേഹം നടത്തുന്ന രണ്ടാമത്തെ വെളിപ്പെടുത്തലാണിത്.
28 Dec 2021, 01:14 PM
തനിക്ക് വധഭീഷണിയുണ്ടെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ്സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന ചര്‍ച്ചയാവുന്നു. മലപ്പുറം ആനക്കയത്ത് ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് സമസ്ത അധ്യക്ഷന്‍ ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ദുരൂഹ സാഹചര്യത്തില്‍ മരിച്ച കാസര്‍കോട് ചെമ്പരിക്ക ഖാസി സി. എം.അബ്ദുല്ല മുസ്‌ലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പലരും വിളിക്കുന്നുണ്ടെന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞത്. വഖഫ് നിയമന കാര്യത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് തീരുമാനമെടുത്തതിന്റെ പേരില്‍ തന്നെ ചിലര്‍ യൂദാസെന്ന് വിളിക്കുന്നുണ്ടന്നും അത് കാര്യമാക്കുന്നില്ലെന്നും അടുത്തിടെ ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു. അതിനുശേഷം അദ്ദേഹം നടത്തുന്ന രണ്ടാമത്തെ വെളിപ്പെടുത്തലാണ് ഇത്.

ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തല്‍: ‘ഒരു പ്രസ്ഥാനവുമായിട്ട് മുന്നോട്ടു പോവുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പല ഓഫറുകളും ഇപ്പോള്‍ ഉണ്ട്, സി. എമ്മിന്റെ അനുഭവം ഉണ്ടാവും എന്നൊക്കെ പല വിവരമില്ലാത്തവരും വിളിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ വല്ല അനുഭവവും എനിക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ എനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതി. ഞാനിപ്പോള്‍ അതുകൊണ്ടൊന്നും പിന്നോട്ടു പോവുന്ന ആളല്ല. അങ്ങനെയാണ് മരണമെങ്കില്‍ ചിലപ്പോള്‍ അങ്ങനെ ആവും. അല്ലാഹു തആല നല്ല നിലക്ക് ഈമാനോടെ മരിക്കാന്‍ നമുക്കൊക്കെ തൗഫീഖ് നല്‍കട്ടെ'
വഖഫ് ബോര്‍ഡ് നിയമനം സര്‍ക്കാര്‍ പി.എസ്.സിക്കു വിട്ടതിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ചു പ്രതിഷേധം സംഘടിപ്പിക്കാനുള്ള മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിച്ചുകൊണ്ടായിരുന്നു സമീപകാലത്ത് ജിഫ്രി തങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് ശേഷം അതിനെതിരെ പ്രതിഷേധം ഉയര്‍ന്ന ഘട്ടത്തിലായിരുന്നു ജിഫ്രി തങ്ങള്‍ പള്ളിയില്‍ പ്രതിഷേധം വേണ്ട എന്ന പരസ്യ നിലപാട് സ്വീകരിച്ചത്.
സമസ്ത നിലപാടിനെ തുടര്‍ന്ന് പള്ളികളിലെ പ്രതിഷേധത്തില്‍ നിന്ന് ലീഗിന് പിന്‍വാങ്ങേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിളിച്ച് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നുമായിരുന്നു ജിഫ്രി തങ്ങള്‍ അന്ന് പറഞ്ഞത്. അല്ലാത്ത പക്ഷം സമസ്ത സ്വന്തം നിലക്ക് പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നായിരന്നു തങ്ങളുടെ നലപാട്. വഖഫ് വിഷയത്തില്‍ മുസ്ലിംലീഗ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി നിലപാട് എടുത്തതിന് പിന്നാലെ ജിഫ്രി തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപം ഉയര്‍ന്നിരുന്നു. വഖഫ് സംരക്ഷണ സമ്മേളനത്തിലും ജിഫ്രിതങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തല്‍ ഗൗരവത്തിലെടുക്കുന്നെന്നും നിയമപരമായി നേരിടുന്നതിനെകുറിച്ച് സമസ്ത യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും എസ്.വൈ.എസ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ജിഫ്രിതങ്ങളുടെ വെളിപ്പെടുത്തല്‍ എന്ന് പഠിക്കണം. ചില ആളുകള്‍ പൊയ് വാക്കായി പറയാറുണ്ട്, അതല്ല ആധികാരികമായിട്ടുള്ള ഏതെങ്കിലും കേന്ദ്രത്തില്‍ നിന്നാണോ ഭീഷണി എന്ന് അന്വേഷിക്കും. അത് സംഘടനപരമായി തന്നെ കൈകാര്യം ചെയ്യും. ചെമ്പരിക്ക ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നാണെന്നൊരു നിഗമനം സമസ്തയ്ക്കുണ്ട്. അതും വിശദമായി പരിശോധിക്കും. കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സ്വീകാര്യനായ മതപണ്ഡിതനാണ് ജിഫ്രിമുത്തുക്കോയ തങ്ങള്‍. അദ്ദേഹം ചില വിഷയങ്ങളില്‍ നിലപാട് എടുക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആളുകള്‍ മാന്യമായ നിലക്ക് സംഘടനാപരമായി പ്രതിഷേധിക്കുകയോ അല്ലെങ്കില്‍ അത് സമസ്തയുടെ ശ്രദ്ധയില്‍പെടുത്തുകയോ ചെയ്യുന്നതിന് പകരം വ്യക്തിഹത്യ നടത്താനും ഭീഷണിപ്പെടുത്താനും ഉരുമ്പെട്ടിറങ്ങുന്ന നിലപാട് വെച്ച്‌പൊറുപ്പിക്കാന്‍ കഴിയില്ല. ഇത്രയും സമുന്നതനായ ഒരു നേതാവിനുനേരെ ഇതുപോലെ ഭീഷണിയും തെറി അഭിഷേകവും നടത്തുക എന്നത് നമ്മുടെ സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ല. അത് അപലപനീയം ആണ്. ഇത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനും സമുദായത്തിനകത്ത് അകല്‍ച്ച വര്‍ധിക്കാനും കാരണമാകും. നാസര്‍ ഫൈസി കൂടത്തായി തിങ്കിനോട് പറഞ്ഞു.
ജിഫ്രി തങ്ങള്‍ പറഞ്ഞ ചെമ്പരിക്ക ഖാസിയുടെ അനുഭവം
സമസ്ത ഉപാധ്യക്ഷനും മംഗലാപുരം- കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവി എന്ന ചെമ്പരിക്ക ഖാസിയുടെ മൃതദേഹം 2010 ഫെബ്രുവരി 15നാണ് വീട്ടില്‍ നിന്ന് ഒരുകിലോമീറ്ററോളം അകലെയുള്ള ചെമ്പരിക്ക തീരക്കടലില്‍ കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിലുള്ള ഖാസിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്തെത്തിയിരുന്നു. സമസ്തയും മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പൊലിസ് ഖാസി ആത്മഹത്യചെയ്തതാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കുക്കുകയായിരുന്നു. പിന്നീട് കുടുംബവും നാട്ടുകാരും ചേര്‍ന്ന് നിരന്തരം പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തെങ്കിലും ലോക്കല്‍ പൊലിസിന്റെ നിഗമനങ്ങള്‍ ശരിവക്കുന്ന നിലപാടാണ് അവരും സ്വീകരിച്ചത്.
എന്നാല്‍ ശാസ്ത്രീയ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പോണ്ടിച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കല്‍ എഡുക്കേഷന്‍ ആൻറ് റിസേര്‍ച്ചിലെ (ജിപ്മെര്‍) ഫോറന്‍സിക് വിദഗ്ധര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഖാസിയുടെ മരണം കൊലപാതകമാണെന്ന് തറപ്പിച്ച് പറയുന്നുണ്ട്. ഖാസിയുടെ വീട്ടിലും നാട്ടിലും തെളിവെടുപ്പ് നടത്തി നീണ്ട അന്വേഷണത്തിനൊടുവില്‍, കേസ് പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ഡിസംബര്‍ 31നാണ് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വധക്കേസ് എന്തായി എന്ന് ഇനിയെങ്കിലും അണികള്‍ ചോദിക്കാന്‍ തയ്യാറാണമെന്ന് ചെമ്പരിക്ക ഖാസിയുടെ പേരമകന്‍ സലീം തിങ്കിനോട് പറഞ്ഞു: ‘‘സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വധക്കേസ് എന്തായി എന്ന് ഇനിയെങ്കിലും അണികള്‍ ചോദിക്കാന്‍ തയ്യാറാണം. കൊല്ലപ്പെട്ടിട്ട് പതിനൊന്നു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കൃത്യമായ ഒരന്വേഷണം നടത്താന്‍ പോലും കഴിഞ്ഞിട്ടില്ല. കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയുടെ നേതാവിന് ഇങ്ങനെ സംഭവിച്ചിട്ട് ഒന്നും ചെയ്യാനാവാതെ സംഘടനയും സമുദായവും സമൂഹവും നോക്കി നില്‍ക്കുമ്പോള്‍ അണികള്‍ പ്രതികരിക്കണം, പൊതു സമൂഹം മൗനം വെടിയണം. ഇപ്പോള്‍ ജിഫ്രി തങ്ങളും വധഭീഷണി ഉണ്ടെന്ന് പറഞ്ഞിരിക്കുന്നു. പിന്നിലാരാണെന്ന് കണ്ടെത്തേണ്ടതുണ്ട്.''
ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തല്‍ മുസ്‌ലിം സാമുദായിക സംഘടനകള്‍ക്കത്തും പുറത്തും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന ഒന്നാണ്. ചെമ്പരിക്ക ഖാസിയുടെ മരണത്തില്‍ കോടതിയില്‍ നിന്ന് അന്തിമ വിധിവരാനിരിക്കെ ജിഫ്രി തങ്ങളുടെ പ്രസ്താവന ചെമ്പരിക്ക ഖാസിയുടെ മരണവും കൂടുതല്‍ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും. ചെമ്പരിക്ക ഖാസി മരിക്കുന്ന സമയത്ത് പ്രസിഡന്റായിരുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് (എം.ഐ.സി) പ്രസിഡൻറ് കൂടിയാണ് ജിഫ്രി തങ്ങള്‍.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
അലി ഹൈദര്‍
Jun 22, 2022
6 Minutes Read
അലി ഹൈദര്‍
Jun 17, 2022
9 Minutes Watch
അലി ഹൈദര്‍
May 31, 2022
20 Minutes Read
അലി ഹൈദര്‍
May 23, 2022
5 Minutes Watch
അലി ഹൈദര്‍
Apr 25, 2022
6 Minutes Watch
അലി ഹൈദര്‍
Apr 03, 2022
10 Minutes Watch