truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Pocso

POCSO

Child Soldier in the Ivory Coast by Gilbert G. Groud, 2007 / Wikimedia Commons

പോക്​സോ​കൊണ്ടും
രക്ഷയില്ലാത്ത
നമ്മുടെ കുഞ്ഞുങ്ങൾ

പോക്​സോ​കൊണ്ടും രക്ഷയില്ലാത്ത നമ്മുടെ കുഞ്ഞുങ്ങൾ

ലൈംഗികാക്രമണങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ കൊണ്ടുവന്ന പോക്​സോ നിയമം, പ്രയോഗത്തിൽ എങ്ങനെയാണ്​ വഴിമാറിപ്പോയത്​ എന്ന്​ പരിശോധിക്കപ്പെടുന്നു

24 Jul 2020, 09:58 AM

ജിന്‍സി ബാലകൃഷ്ണന്‍

പാലത്തായി ലൈംഗികാക്രമണക്കേസ് പ്രതിയ്ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനങ്ങളിലൊന്ന് കേസില്‍ പോക്​സോ ചുമത്താത്ത പൊലീസ് നടപടിയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ ദുര്‍ബല വകുപ്പുകള്‍ പ്രകാരം കേസെടുത്തതാണ് പ്രതിയ്ക്ക് ജാമ്യം ലഭിക്കാന്‍ കാരണമെന്നാണ് വാദം. എന്താണ് പോക്​സോ നിയമം, ഏതുതരം കുറ്റകൃത്യങ്ങള്‍ക്കാണ് പോക്​സോ ചുമത്താറുള്ളത്, അതിലെ നടപടിക്രമങ്ങള്‍ എന്തൊക്കെ, കേരളത്തില്‍ പോക്​സോ ചുമത്തപ്പെട്ട കേസുകളുടെ അവസ്ഥയെന്ത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. 

കുട്ടികളെ സംരക്ഷിക്കാന്‍

ലൈംഗികാക്രമണങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുകയെന്നതാണ് 2012 ലെ പോക്​സോ നിയമം ലക്ഷ്യമിടുന്നത്. സെക്ഷ്വല്‍ അബ്യൂസ്, സെക്ഷ്വല്‍ ഹരാസ്മെന്റ്, പോണോഗ്രഫി തുടങ്ങിയവയാണ് പൊതുവില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണങ്ങളില്‍ ഉള്‍പ്പെടുന്നത്. ഈ നിയമപ്രകാരം 18 വയസില്‍ താഴെയുള്ള ഏതൊരു വ്യക്തിയും കുട്ടികളാണ്. 2012 ജൂണ്‍ 19നാണ് നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. 2012 ജൂണ്‍ 20ന് ഗസറ്റില്‍ നിയമം വിജ്ഞാപനം ചെയ്തു. 2012 നവംബറിലെ ശിശുദിനത്തിലാണ് ‘ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012' എന്ന പോക്​സോ നിയമവും ബന്ധപ്പെട്ട ചട്ടങ്ങളും നിലവില്‍ വന്നത്.  

പോക്​സോ നിയമം വരുന്നതിന് മുമ്പ് ബലാത്സംഗം ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ എല്ലാ ലൈംഗിക ആക്രമണങ്ങളെയും കൃത്യമായി സമീപിക്കുന്ന നിയമം ഉണ്ടായിരുന്നില്ല

Penetrative sexual assault, sexual assault, sexual harasment  എന്നീ കുറ്റകൃത്യങ്ങളെ കൃത്യമായി നിര്‍വചിക്കുന്നതാണ് 2012ലെ പോക്​സോ നിയമം. ഇതേ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരോ, സര്‍ക്കാര്‍ ജീവനക്കാരോ, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, ജയില്‍ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരോ, സായുധ, സുരക്ഷാ സേനയിലെ ജീവനക്കാരോ ആണെങ്കില്‍ പോക്​സോ പ്രകാരം കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിക്കും. നിയമവ്യവസ്ഥയ്ക്കു കീഴില്‍ കുട്ടികള്‍ വീണ്ടും ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള ചട്ടങ്ങളും ഈ നിയമം വിഭാവനം ചെയ്യുന്നുണ്ട്. 
എന്തിനാണ് ഈ നിയമം? 
കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണം ഓരോ വര്‍ഷവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ്, ഇതിനെതിരെ കര്‍ശന നിയമം ലക്ഷ്യമിട്ട് പോക്​സോ കൊണ്ടുവരുന്നത്. പോക്​സോ നിയമം വരുന്നതിന് മുമ്പ് ബലാത്സംഗം ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ എല്ലാ ലൈംഗിക ആക്രമണങ്ങളെയും കൃത്യമായി സമീപിക്കുന്ന നിയമം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി) പ്രകാരം ലൈംഗികാക്രമണ കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍, മുതിര്‍ന്നവര്‍ എന്ന വേര്‍തിരിവ് ഉണ്ടായിരുന്നില്ല. അതുപോലെ ആണ്‍കുട്ടികള്‍ക്കെതിരായ ബലാത്സംഗം എന്ന കാര്യവും ഐ.പി.സി പരിഗണിച്ചിരുന്നില്ല. എന്നാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗികാക്രമണങ്ങള്‍ പോക്​സോ നിയമത്തിന്റെ പരിധിയില്‍ വരും. 
വിചാരണക്ക് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ പോക്​സോ നിയമത്തില്‍ വ്യവസ്ഥയുണ്ട്. തെളിവ് രേഖപ്പെടുത്തുന്നതിലും അന്വേഷണത്തിലും വിചാരണയിലും റിപ്പോര്‍ട്ടിങ്ങിലും ശിശുസൗഹാര്‍ദ്ദപരമായ നടപടികള്‍ പോക്​സോ നിയമം വിഭാവനം ചെയ്യുന്നു. ആക്രമിക്കപ്പെട്ട കുട്ടിയ്ക്ക് വിദ്യാഭ്യാസമോ തൊഴിലവസരമോ നഷ്ടമായോ, ലൈംഗികാക്രമണത്തെ തുടര്‍ന്ന് രോഗമോ വൈകല്യമോ പ്രഗ്‌നന്‍സിയോ ഉണ്ടായോ എങ്കില്‍ ഇടക്കാല നഷ്ടപരിഹാരമുള്‍പ്പെടെ നഷ്ടപരിഹാരം നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. 

 കുറ്റകൃത്യങ്ങളും ശിക്ഷയും:

 Penetrative Sexual Assault: കുട്ടിയ്ക്കുമേല്‍ ഏതെങ്കിലും ശരീരഭാഗമോ വസ്തുവോ കടത്തുക, അല്ലെങ്കില്‍ മറ്റൊരാളുമായി ഇങ്ങനെ ചെയ്യുക എന്നതാണ് Penetrative Sexual Assault. ഏഴുവര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ, ചിലപ്പോള്‍ ജീവപര്യന്തം വരെയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം. 

കുട്ടികള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി നേരിട്ടോ അല്ലാതെയോ ബോധ്യമുണ്ടായിട്ടും റിപ്പോര്‍ട്ടു ചെയ്യാതിരിക്കുന്നതും കുറ്റകരമാണ്


Aggravated Penetrative Sexual Assault: പോക്​സോ നിയമപ്രകാരം പൊലീസ് ഓഫീസര്‍, സായുധ സേനാ അംഗം, സര്‍ക്കാര്‍ ജീവനക്കാര്‍, റിമാന്‍ഡ് ഹോമിലെ, ജയിലിലെ, ആശുപത്രിയിലെ അല്ലെങ്കില്‍ സ്‌കൂളിലെ ജീവനക്കാരോ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഗൗരവം കൂടുമെന്നു പറഞ്ഞല്ലോ. ഇവരില്‍ നിന്നുണ്ടാകുന്ന Penetrative Sexual Assault, മാരകായുധങ്ങള്‍, തീ, ചൂടായ വസ്തുക്കള്‍, ദ്രവിച്ച വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചുള്ള Penetrative Sexual Assault എന്നിവ Aggravated Penetrative Sexual Assault ആയാണ് പരിഗണിക്കുക. ഇതിനു പുറമേ ഗ്യാങ് Penetrative Sexual Assault കാരണം അംഗഭംഗം വരികയോ മാനസികാരോഗ്യത്തെ ബാധിക്കുകയോ ലൈംഗികാവയവങ്ങള്‍ക്ക് പരുക്കേല്‍ക്കുകയോ പെണ്‍കുട്ടികളില്‍ ഗര്‍ഭാവസ്ഥയ്ക്ക് കാരണമാകുകയോ ഐച്ച്.ഐ.വി അല്ലെങ്കില്‍ ജീവന് ഭീഷണിയായ മറ്റേതെങ്കിലും രോഗത്തിന് കാരണമാകുകയോ ചെയ്താല്‍ അത് Aggravated Penetrative Sexual Assault ആയാണ് പരിഗണിക്കുക. 12 വയസില്‍ താഴെയുള്ള കുട്ടിയെ അടുത്ത ബന്ധുവോ, കുട്ടികള്‍ക്ക് സേവനം നല്‍കുന്ന സ്ഥാപനത്തിന്റെ (സ്‌കൂള്‍ പോലുള്ള സ്ഥാപനങ്ങളുടെ) മേധാവിയോ ജീവനക്കാരോ, അല്ലെങ്കില്‍ കുട്ടിയ്ക്കുമേല്‍ അധികാരമോ വിശ്വാസ്യതയോ ഉള്ള വ്യക്തിയോ, ഒന്നിലേറെ തവണ Penetrative Sexual Assault നടത്തിയാലും അത് കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കും.

കുട്ടികള്‍ ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ അധ്യാപകരും മാനേജ്മെന്റും തൊഴിലാളികളും പോക്​സോ നിയമത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം

കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞുകൊണ്ട് Penetrative Sexual Assault നടത്തുക, നേരത്തെ ലൈംഗികാക്രമണക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വ്യക്തി കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുക, വര്‍ഗീയ സംഘര്‍ഷത്തിനിടയിലെ penetrative sexual assault, കുട്ടിയെ പൊതുമധ്യത്തില്‍ നഗ്‌നരായി നടത്തിക്കുക എന്നിവ Aggravated Penetrative Sexual Assautl ആയി പരിഗണിക്കും. പത്തുവര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ, ചിലഘട്ടത്തില്‍ ജീവപര്യന്തം തടവും പിഴയും ശിക്ഷയായി ലഭിക്കും.
 Sexual Assault: ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് Sexual Assault ആണ്. മൂന്നുവര്‍ഷത്തില്‍ കുറയാത്ത ഏഴുവര്‍ഷം വരെയുള്ള തടവും പിഴയുമാണ് ശിക്ഷ. 
Aggravated Sexual Assault : പൊലീസ് ഓഫീസര്‍, സായുധന സേന അംഗം, സര്‍ക്കാര്‍ ജീവനക്കാര്‍, ജയില്‍, റിമാന്‍ഡ് ഹോം, ആശുപത്രി, സ്‌കൂള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ അല്ലെങ്കില്‍ മേല്‍പറഞ്ഞ ഗൗരവം കൂടിയ വിഭാഗത്തില്‍പ്പെടുന്ന ഏതെങ്കിലും വ്യക്തികളോ നടത്തുന്ന Sexual Assault. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത, ഏഴുവര്‍ഷം വരെയുള്ള തടവും പിഴയുമാണ് നിയമപ്രകാരമുള്ള ശിക്ഷ. 
സെക്ഷ്വല്‍ ഹരാസ്​മെൻറ്​: ശരീരഭാഗമോ ഏതെങ്കിലും വസ്തുവോ കാണിക്കുക, കുട്ടിയെ ലക്ഷ്യമിട്ട് മോശമായ ആംഗ്യം കാണിക്കുക, കുട്ടിയെ പോണോഗ്രാഫിക്കുവേണ്ടി ഭീഷണിപ്പെടുത്തുക, കുട്ടിയെക്കൊണ്ട് ശരീരം പ്രദര്‍ശിപ്പിക്കുക എന്നിവ സെക്ഷ്വല്‍ ഹരാസ്മെന്റിന്റെ പരിധിയില്‍ വരും. മൂന്നുവര്‍ഷം വരെ തടവും പിഴയും ഈടാക്കാവുന്ന കുറ്റം. 
പോണോഗ്രാഫിക്ക് കുട്ടിയെ ഉപയോഗിക്കുന്നതും പോക്​സോ നിയമത്തിന്റെ പരിധിയില്‍വരും. അഞ്ചുവര്‍ഷംവരെ തടവും പിഴയും ലഭിക്കും.

ഏതെങ്കിലും കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ ചുമതലയുള്ള വ്യക്തി കുറ്റകൃത്യം ചെയ്തിട്ടും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണെങ്കില്‍ കീഴ് ജീവനക്കാരന് ഒരുവര്‍ഷംവരെ തടവു ശിക്ഷയും പിഴയും ലഭിക്കും

വീണ്ടും ഇതേകുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഏഴുവര്‍ഷംവരെ പിഴയും തടവും ലഭിക്കും. പോണോഗ്രാഫിക് പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി Penetrative Sexual Assault ന് വിധേയനാക്കുന്നത് പത്തുവര്‍ഷത്തില്‍ കുറയാത്ത തടവും ചിലപ്പോള്‍ ജീവപര്യന്തവും പിഴയും ഈടാക്കാവുന്ന കുറ്റമാണ്. വാണിജ്യ ലക്ഷ്യങ്ങള്‍ക്കായി കുട്ടി ഉള്‍പ്പെട്ട പോണോഗ്രാഫിക് മെറ്റീരിയല്‍ സൂക്ഷിക്കുന്നത് പോക്​സോ നിയമപ്രകാരം മൂന്നുവര്‍ഷംവരെ തടവ് അല്ലെങ്കില്‍ പിഴ ഈടാക്കാവുന്ന കുറ്റമാണ്. 
 കുട്ടികള്‍ക്കെതിരെ മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി നേരിട്ടോ അല്ലാതെയോ ബോധ്യമുണ്ടായിട്ടും റിപ്പോര്‍ട്ടു ചെയ്യാതിരിക്കുന്നതും കുറ്റകരമാണ്. റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് കുട്ടികളാണെങ്കില്‍ അവര്‍ക്ക് നിയമം ബാധകമല്ല. ഏതെങ്കിലും വ്യക്തിയോ, ഏതെങ്കിലും കമ്പനിയുടേയോ സ്ഥാപനത്തിന്റെയോ ചുമതലയുള്ള വ്യക്തിയോ കേസ് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ആറുമാസത്തെ തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.  കുട്ടികള്‍ ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ അധ്യാപകരും മാനേജ്മെന്റും തൊഴിലാളികളും പോക്​സോ നിയമത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഏതെങ്കിലും കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ ചുമതലയുള്ള വ്യക്തി കുറ്റകൃത്യം ചെയ്തിട്ടും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണെങ്കില്‍ കീഴ് ജീവനക്കാരന് ഒരുവര്‍ഷംവരെ തടവു ശിക്ഷയും പിഴയും ലഭിക്കും.
 പോക്​സോ നിയമം ദുരുപയോഗം ചെയ്താലും ശിക്ഷിക്കപ്പെടും. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ, അപകീര്‍ത്തിപ്പെടുത്താനോ ലക്ഷ്യമിട്ട് കുറ്റകൃത്യം ആരോപിച്ചതായി കണ്ടെത്തിയാല്‍ ആറുവര്‍ഷംവരെ തടവിനും പിഴയ്ക്കും അല്ലെങ്കില്‍ ഇതിനു രണ്ടിനുമോ ശിക്ഷിക്കാം. 

കുട്ടികളാണ് കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതെങ്കില്‍ അവര്‍ക്ക് മനസിലാവുന്ന ലളിതമായ ഭാഷയില്‍ അത് രേഖപ്പെടുത്തണം

 കുട്ടിയ്ക്കെതിരെ അറിഞ്ഞുകൊണ്ട് തെറ്റായി പരാതി നല്‍കുകവഴി ഈ നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ കുട്ടിക്കെതിരെ നടത്തിയതായി കണ്ടെത്തിയാല്‍ ഒരുവര്‍ഷംവരെ തടവും അല്ലെങ്കില്‍ പിഴയും ഇവ രണ്ടുമോ ലഭിക്കും.
2019ലെ നിയമ ഭേദഗതി: 2019 ആഗസ്റ്റ് ആറിനാണ് പോക്​സോ നിയമത്തില്‍ ഭേദഗതിവരുത്തി ഉത്തരവ് വന്നത്. ഇതുപ്രകാരം 16 വയസില്‍ താഴെയുള്ള കുട്ടികളെ penetrative sexual assault, ന് വിധേയരാക്കുന്നത് 20 വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ചിലപ്പോള്‍ ഇത് ജീവപര്യന്തം, അതിനര്‍ത്ഥം ആ വ്യക്തിയുടെ ജീവിതാവസാനം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കും.  aggravated penetrative sexual assault ആണെങ്കില്‍ വധശിക്ഷവരെ ലഭിക്കും.
എവിടെയാണ് പരാതി നല്‍കേണ്ടത്? 
പോക്​സോ പ്രകാരമുള്ള കുറ്റകൃത്യം നടന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യാന്‍ ഏതൊരു വ്യക്തിക്കും ബാധ്യതയുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തു ശ്രദ്ധയില്‍പ്പെട്ടാല്‍ അത് റിപ്പോര്‍ട്ടു ചെയ്യാനുള്ള ബാധ്യത മാധ്യമപ്രവര്‍ത്തകര്‍, ഹോട്ടല്‍, ലോഡ്ജ്, ആശുപത്രി, ക്ലബ്, സ്റ്റുഡിയോ സ്റ്റാഫുകള്‍ക്കുണ്ട്. ഇത് ചെയ്യാതിരിക്കുന്നത് പോക്​സോ നിയമപ്രകാരം കുറ്റകൃത്യമാണെന്നു പറഞ്ഞല്ലോ.  
കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണങ്ങള്‍ സ്പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റിനോ, ലോക്കല്‍ പൊലീസിനോ മുമ്പാകെയാണ് റിപ്പോര്‍ട്ടു ചെയ്യേണ്ടത്. ഇങ്ങനെ പരാതി നല്‍കിയാല്‍ പൊലീസോ, എസ്.ജെ.പി.യുവോ ഇത് നിര്‍ബന്ധമായും എഴുതി രേഖപ്പെടുത്തുകയും എന്‍ട്രി നമ്പര്‍ നല്‍കുകയും റിപ്പോര്‍ട്ടു ചെയ്തയാള്‍ക്കുമുമ്പാകെ ഇത് വായിച്ച് കേള്‍പ്പിച്ച് വെരിഫൈ ചെയ്യുകയും ബുക്കില്‍ എന്റര്‍ ചെയ്യുകയും വേണം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അതിന്റെ കോപ്പി റിപ്പോര്‍ട്ട് ചെയ്തയാള്‍ക്ക് സൗജന്യമായി നല്‍കുകയും വേണം.  

ആരോപണ വിധേയന്റെ സാമീപ്യത്തില്‍ കുട്ടിയുടെ മൊഴിയെടുക്കാന്‍ പാടില്ല. രക്ഷിതാക്കളുടെ അല്ലെങ്കില്‍ കുട്ടിക്ക് വിശ്വാസമുള്ള ഏതെങ്കിലും വ്യക്തിയുടെ സാന്നിധ്യത്തിലായിരിക്കണം മൊഴിയെടുക്കേണ്ടത്

കുട്ടികളാണ് കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതെങ്കില്‍ അവര്‍ക്ക് മനസിലാവുന്ന ലളിതമായ ഭാഷയില്‍ അത് രേഖപ്പെടുത്തണം. കുട്ടികള്‍ക്ക് മനസിലാവാത്ത ഭാഷയിലാണ് റിപ്പോര്‍ട്ടു ചെയ്തതെങ്കില്‍ അവര്‍ക്ക് വായിച്ച് കാര്യം ബോധ്യപ്പെടുത്തി നല്‍കാന്‍ പരിഭാഷകനെ നിയോഗിക്കണം. 
 കുട്ടികളുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍: കുട്ടിയുടെ വീട്ടിലോ അവന്‍/അവള്‍ സ്ഥിരമായി താമസിക്കുന്ന ഇടത്തോ അല്ലെങ്കില്‍ അവര്‍ പറയുന്ന സ്ഥലത്തോവെച്ചാണ് മൊഴി രേഖപ്പെടുത്തേണ്ടത്. ഇതിന്റെ ശബ്ദവും-ദൃശ്യവും കുറഞ്ഞത് ശബ്ദമെങ്കിലും റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് മൊഴിയെടുക്കുന്ന പൊലീസ് ഓഫീസര്‍ ഉറപ്പുവരുത്തണം.  
സാധ്യമായിടത്തോളം മൊഴി രേഖപ്പെടുത്തേണ്ടത് സബ്-ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയായിരിക്കണം. മൊഴിയെടുക്കുന്ന സമയത്ത് അവര്‍ യൂണിഫോമിലായിരിക്കരുത്. രക്ഷിതാക്കളുടെ അല്ലെങ്കില്‍ കുട്ടിക്ക് വിശ്വാസമുള്ള ഏതെങ്കിലും വ്യക്തിയുടെ സാന്നിധ്യത്തിലായിരിക്കണം മൊഴിയെടുക്കേണ്ടത്. ആരോപണ വിധേയന്റെ സാമീപ്യത്തില്‍ കുട്ടിയുടെ മൊഴിയെടുക്കാന്‍ പാടില്ല. കുട്ടിയുടെ താല്‍പര്യം പരിഗണിച്ച് പ്രത്യേക കോടതി മറിച്ചൊരു നിര്‍ദേശം നല്‍കാത്തപക്ഷം കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും സംരക്ഷിക്കണം.  
ഭിന്നശേഷിയുള്ള കുട്ടികളില്‍ നിന്ന് മൊഴിയെടുക്കുമ്പോള്‍ യോഗ്യരായ എഡ്യുക്കേറ്ററുടെ അല്ലെങ്കില്‍ കുട്ടി ഉപയോഗിക്കുന്ന ആശയവിനിമയ രീതിയുമായി പരിചയമുള്ള വ്യക്തിയുടെ അല്ലെങ്കില്‍ ഈ രംഗത്തെ വിദഗ്ധരുടെ സഹായം തേടണം. 
മജിസ്ട്രേറ്റ് കുട്ടികളുടെ മൊഴിയെടുക്കുമ്പോള്‍: ക്രിമിനല്‍ നടപടി ക്രമത്തിലെ സെക്ഷന്‍ 164 പ്രകാരം കുട്ടി സംസാരിക്കുന്ന അതേ ഭാഷയില്‍ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തണം. രക്ഷിതാക്കളുടെയോ കുട്ടിയുടെ വിശ്വസ്തനായ ആളുടെയോ സാന്നിധ്യത്തില്‍ മാത്രമേ മൊഴി രേഖപ്പെടുത്താന്‍ പാടുള്ളൂ. യോഗ്യരായ പരിഭാഷകരുടെ സഹായം മൊഴി രേഖപ്പെടുത്തുന്ന വേളയില്‍ സ്വീകരിക്കാം. മൊഴിയുടെ ഓഡിയോയും ദൃശ്യവും റെക്കോര്‍ഡ് ചെയ്തിരിക്കണം. ഈ വിഷയത്തില്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി കുട്ടിയുടെ രക്ഷിതാക്കള്‍ക്കോ പ്രതിനിധികള്‍ക്കോ നല്‍കിയിരിക്കണം. 
കുട്ടിയെ വൈദ്യപരിശോധന നടത്തുമ്പോള്‍: ലൈംഗികാക്രമണം സംബന്ധിച്ച പരാതി ലഭിച്ചയുടന്‍, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണം. കുറ്റകൃത്യം സംബന്ധിച്ച് വിവരം ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഇത് നടത്തിയിരിക്കണം. സര്‍ക്കാര്‍ ആശുപത്രിയിലെയോ അല്ലെങ്കില്‍ പ്രാദേശിക ഭരണകൂടം നടത്തുന്ന ആശുപത്രിയിലെ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ മാത്രമേ വൈദ്യപരിശോധന നടത്താന്‍ പാടുള്ളൂ. അത്തരമൊരാളെ ലഭ്യമല്ലെങ്കില്‍ കുട്ടിയുടെയോ കുട്ടിയുടെ രക്ഷിതാവിന്റെയോ അനുമതിയോടെ മറ്റേതെങ്കിലും രജിസ്ട്രേറ്റ് മെഡിക്കല്‍ പ്രാക്ടീഷണറെ സമീപിക്കാം.

കഴിയുന്നിടത്തോളം, കുറ്റകൃത്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട് ഒരുവര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണം

ആക്രമിക്കപ്പെട്ടത്​ പെണ്‍കുട്ടിയാണെങ്കില്‍ പരിശോധന നടത്തേണ്ടത് വനിതാ ഡോക്ടര്‍ ആയിരിക്കണം. മാതാപിതാക്കളുടെയോ കുട്ടിയ്ക്ക് വിശ്വാസമുള്ള മറ്റേതെങ്കിലും വ്യക്തിയുടേയോ സാന്നിധ്യത്തില്‍ മാത്രമേ പരിശോധന നടത്താവൂ. അങ്ങനെ ആരും ഇല്ലെങ്കില്‍ ആശുപത്രി മേധാവി നിര്‍ദേശിക്കുന്ന വനിതയുടെ സാന്നിധ്യത്തില്‍ പരിശോധന നടത്താം. 
കേസ് നടപടികള്‍: പോക്​സോ കേസുകളുടെ വേഗത്തിലുളള വിചാരണയ്ക്കായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കണ്‍സല്‍ട്ട് ചെയ്ത് ഓരോ ജില്ലകളിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞാല്‍ 30 ദിവസത്തിനുള്ളില്‍ പ്രത്യേക കോടതി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കണം. ഇതില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ അത് രേഖപ്പെടുത്തിവെയ്ക്കണം. കഴിയുന്നിടത്തോളം, കുറ്റകൃത്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട് ഒരുവര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 
പോക്​സോയ്ക്കുശേഷം സംഭവിച്ചത്
2012ലെ പോക്​സോ നിയമം വന്നതിനുശേഷം ഓരോ വര്‍ഷവും കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണകേസുകളില്‍ വന്‍തോതില്‍ വര്‍ധനവാണുണ്ടായത്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം 2018ല്‍ ഇന്ത്യയില്‍ ഓരോദിവസവും 109 കുട്ടികളാണ് ലൈംഗികാക്രമണങ്ങള്‍ക്ക് ഇരയായത്. 2017ല്‍ 32608 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തതെങ്കില്‍ 2018ല്‍ 39827 കേസുകളായി വര്‍ധിച്ചു. എന്നാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണം വളരെ കുറവാണ്. 2016ന്റെ അവസാനം വരെ 28% മാത്രമാണ് പോക്സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന നിരക്ക്. 
 പൊതുവേ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. 

sgsd.png
As on  Friday 17th of April 2020 11:54:34 PM / keralapolice.gov.in


കേരള പൊലീസിന്റെ വെബ്സൈറ്റില്‍ നല്‍കിയ പോക്​സോ കേസുകളുടെ കണക്ക് 2012 മുതല്‍ 2020വരെ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്ത കേസുകളുടെ എണ്ണം ഇങ്ങനെയാണ്:
 2012- 77
2013- 1016
2014- 1325
2015- 1583
2016- 2122
2017- 2697
2018- 3179
2019- 3609

പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് 18 ശതമാനം കേസുകളില്‍ മാത്രം
 ചൈല്‍ഡ് ലൈന്‍ കണക്കുകള്‍ പ്രകാരം 18 ശതമാനം കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 2013 മുതല്‍ 2018 വരെ വിചാരണ പൂര്‍ത്തിയായ 1255 കേസുകളില്‍ 230 എണ്ണത്തില്‍ മാത്രമാണ് കുറ്റവാളി ശിക്ഷിക്കപ്പെട്ടതെന്ന് ചൈല്‍ഡ് ലൈന്‍ പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ച് 2019 ഒക്ടോബര്‍ 30ന് ദ ഹിന്ദു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ശിക്ഷിക്കപ്പെടുന്ന നിരക്ക് 18.32%. ഏറ്റവും കൂടുതല്‍ കേസുകളില്‍ വിചാരണ നടന്ന കോഴിക്കോട് ജില്ലയില്‍ 282 കേസുകളുടെ വിചാരണ പൂര്‍ത്തിയായതില്‍ 23 എണ്ണത്തില്‍ മാത്രമാണ് കുറ്റവാളി ശിക്ഷിക്കപ്പെട്ടത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ശിക്ഷിക്കപ്പെട്ടത്. ആലപ്പുഴയിലാണ് ഏറ്റവും കുറവ്.

2013 മുതല്‍ 2018 വരെ വിചാരണ പൂര്‍ത്തിയായ 1255 കേസുകളില്‍ 230 എണ്ണത്തില്‍ മാത്രമാണ് കുറ്റവാളി ശിക്ഷിക്കപ്പെട്ടതെന്ന് ചൈല്‍ഡ് ലൈന്‍ കണക്കുകൾ പറയുന്നു

കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പായ കേസുകള്‍ ഒഴികെയുള്ള കണക്കാണിത്. 2019 മാര്‍ച്ച് 31വരെ 7600 പോക്സോ കേസുകള്‍ പരിഗണിക്കാനുണ്ടെന്നാണ് കേരളത്തില്‍ പുതിയ പോക്സോ കോടതികള്‍ ഉദ്ഘാടനം ചെയ്തതായി അറിയിച്ച് ജൂണ്‍ 30ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.  
സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്ത പോക്​സോ കേസുകളില്‍ നാലിലൊന്നില്‍ പോലും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നില്ലെന്നാണ് കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശിയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനുമായ കെ.കെ മുഹമ്മദ് അഫ്സലിന് പോക്സോ കോടതികളും ജില്ലാ കോടതികളും വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയെ അടിസ്ഥാനമാക്കിയുളള മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വകുപ്പ് ഏഴ് പ്രകാരം രജിസ്റ്റര്‍ ചെയ്ത 15 കേസുകളിലും വകുപ്പ് ഒമ്പത് പ്രകാരം രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും വകുപ്പ് 11 പ്രകാരം രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളിലും വിചാരണ പൂര്‍ത്തിയാക്കിയെങ്കിലും എല്ലാ കേസുകളിലും പ്രതികള്‍ രക്ഷപ്പെട്ടു.  
പോക്​സോ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന പിഴവാണ്. ഈയിടെ ചര്‍ച്ചയായ ചില കേസുകള്‍ പരിശോധിക്കാം.
 വാളയാര്‍ കേസില്‍ സംഭവിച്ചതെന്ത്?
 
52 ദിവസത്തെ ഇടവേളയില്‍ വാളയാറില്‍ പതിമൂന്നും ഒമ്പതും വയസുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസാണിത്. 2017 ജനുവരി 13നാണ് മൂത്തപെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയകുട്ടിയായിരുന്നു ഇത് ആദ്യം കണ്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗിക പീഡനം നടന്നിട്ടുണ്ടാവാം എന്നു പരാമര്‍ശിച്ചിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലെ അണുബാധ ഒന്നുകില്‍ എന്തെങ്കിലും അസുഖമാകാം, അല്ലെങ്കില്‍ കുട്ടി ലൈംഗികാക്രമണത്തിന് ഇരയായിരിക്കാമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഫോറന്‍സിക് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ പോലും ലൈംഗിക പീഡനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലയെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ടിരുന്നു. സംഭവത്തില്‍ പ്രദേശവാസിയായ മധുവിനെതിരെ പെണ്‍കുട്ടിയുടെ അമ്മ

ശിശുക്ഷേമ സമിതിയുടെ പാലക്കാട് ജില്ലയിലെ അധ്യക്ഷനായ എന്‍. രാജേഷാണ് ഈ കേസില്‍ കുറ്റാരോപിതര്‍ക്കുവേണ്ടി ആദ്യം കോടതിയില്‍ ഹാജരായത്

മൊഴികൊടുത്തിരുന്നു. എന്നാല്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് വലിയ അന്വേഷണമൊന്നും നടത്തിയില്ല.  
രണ്ടുമാസത്തിനുശേഷം 2017 മാര്‍ച്ച് നാലിന് അനുജത്തിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 129 സെന്റീമീറ്റര്‍ ഉയരമുള്ള ഈ പെണ്‍കുട്ടിയെ വീടിന്റെ തറ നിരപ്പില്‍ നിന്ന് 292 സെന്റീമീറ്റര്‍ ഉയരമുള്ള ഉത്തരത്തിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇത് പല സംശയങ്ങളും ഉയര്‍ത്തി. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ പി.ബി ഗുജറാലും, കൊന്ന് കെട്ടിത്തൂക്കിയതാവാനുള്ള സാധ്യത തള്ളിക്കളയരുത് എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഈ കുട്ടിക്കുനേരെയും പലതവണ ലൈംഗികാക്രമണം നടന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊതുസമൂഹത്തില്‍ വൻപ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് പൊലീസ് പോക്​സോ കൂടി ചുമത്തി ബലാത്സംഗ കേസെടുത്ത്​ അന്വേഷണം തുടങ്ങി.  
അഞ്ച് പ്രതികളാണുണ്ടായിരുന്നത്. വി. മധു, ഷിബു, എം. മധു, പ്രദീപ് കുമാര്‍, ജുവനൈലായ മറ്റൊരാള്‍ എന്നിവര്‍. ഇതില്‍ വി മധുവും എം. മധുവും കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കളായിരുന്നു. എന്നാല്‍ വിചാരണയ്ക്കൊടുവില്‍ രണ്ട് ഘട്ടങ്ങളിലായി കേസിലെ നാലു പ്രതികളെയും പാലക്കാട് പോക്​സോ കോടതി വിട്ടയക്കുകയാണുണ്ടായത്.  
പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന പരാമര്‍ശത്തോടെയായിരുന്നു കോടതി വിധി. വിധി വന്നപ്പോള്‍ അന്വേഷണത്തിലെ പൊലീസ്​ വീഴ്ചകള്‍ പ്രതിഭാഗം അഭിഭാഷകന്‍ തന്നെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞിരുന്നു. ‘എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇത് പ്രോസിക്യൂഷന്റെ ന്യൂനതയല്ല. പൊലീസ് അന്വേഷണത്തിന്റെ ന്യൂനതയാണ്. പൊലീസ് അന്വേഷണത്തില്‍ വരുത്തിയ വീഴ്ചയുടെ ഫലമായാണ് ഇങ്ങനെയുണ്ടായിരിക്കുന്നത്. ഇതില്‍ ഒരുപാട് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. അതായിരിക്കാം പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്ക് കാരണം. സാഹചര്യ തെളിവുകളുണ്ടായിരുന്നില്ല. ഡയറക്ട് എവിഡന്‍സ് ഉണ്ടായിരുന്നില്ല. മെഡിക്കല്‍ എവിഡന്‍സ് ഉണ്ടായിരുന്നില്ല.' എന്നാണ് കേസില്‍ പ്രതിയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ സുരേഷ് പറഞ്ഞത്.  
സംഭവം വിവാദമായതിനു പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമീഷനും അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലാണ് നടത്തിയത്. മുന്‍ ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനുമായ പി.കെ ഹനീഫയായിരുന്നു ജുഡീഷ്യല്‍ കമീഷന്‍. അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി വ്യക്തമാക്കിയിരുന്നു. ആദ്യം കേസ് അന്വേഷിച്ച എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആദ്യം കേസ് വാദിച്ച സര്‍ക്കാര്‍ അഭിഭാഷകയ്ക്കും കാര്യമായ വീഴ്ചയുണ്ടായെന്നാണു പ്രധാന കണ്ടെത്തല്‍. വാളയാര്‍ എസ്.ഐ ആയിരുന്ന പി.സി ചാക്കോ, സി.ഐ പ്രേമാനന്ദ കൃഷ്ണന്‍ എന്നിവരായിരുന്നു അദ്ദേഹം കേസ് അന്വേഷിച്ചത്. ലത ജയരാജ് ആയിരുന്നു ആദ്യം സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.  
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമ സമിതിയും കേസില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെട്ടിരുന്നു. ശിശുക്ഷേമ സമിതിയുടെ പാലക്കാട് ജില്ലയിലെ അധ്യക്ഷനായ എന്‍. രാജേഷാണ് ഈ കേസില്‍ കുറ്റാരോപിതര്‍ക്കുവേണ്ടി ആദ്യം കോടതിയില്‍ ഹാജരായത്. ശിശുക്ഷേമ സമിതിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടിയായിരുന്നു അദ്ദേഹം പ്രതികളുടെ വക്കാലത്ത് ഒഴിഞ്ഞത്. 
 പാലത്തായി കേസില്‍ സംഭവിച്ചത്?
 പാലത്തായി യു.പി സ്‌കൂള്‍ അധ്യാപകനും ബി.ജെ.പി നേതാവുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ ലൈംഗികാക്രണത്തിന് ഇരയാക്കിയെന്നതാണ് കേസ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പെണ്‍കുട്ടി ലൈംഗികാക്രമണത്തിന് ഇരയായത്. മാര്‍ച്ച് 17ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.  പരാതി നല്‍കിയെങ്കിലും അറസ്റ്റുണ്ടായില്ല. അറസ്റ്റ് വൈകുന്നതിനെതിരെ സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പരാതി നല്‍കി ഒരുമാസം ആകാനിരിക്കെ ഏപ്രില്‍ 15നാണ് പാനൂര്‍ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. അറസ്റ്റു വൈകിപ്പിച്ച പാനൂര്‍ പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നതോടെ ഏപ്രില്‍ 22ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു.  

കുട്ടി മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയും, പൊലീസിനു കൊടുത്ത മൊഴിയും, പൊലീസില്‍ നല്‍കിയ പരാതിയും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നതായിരുന്നു പോക്സോ ഒഴിവാക്കാന്‍ ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറഞ്ഞത്

അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായ ജൂലൈ 14ന് ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചു. ക്രിമിനല്‍ നടപടി ചട്ടപ്രകാരം അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിയ്ക്ക് ജാമ്യം ലഭിക്കും. കുറ്റപത്രം വൈകിയതോടെ പത്മരാജനെ രക്ഷിക്കാനുള്ള ശ്രമമാണിതെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.  
പോക്​സോ പ്രകാരം പാനൂര്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പോക്സോ ഒഴിവാക്കി. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75, 82 വകുപ്പുകള്‍ മാത്രമാണ് പത്മരാജനെതിരെ ചുമത്തിയിരുന്നത്. കുട്ടിയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ആള്‍ ഏതെങ്കില്‍ തരത്തില്‍ ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയെന്ന കുറ്റമാണ് 75നു കീഴില്‍ വരുന്നത്. സ്‌കൂള്‍ പോലെ കുട്ടികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരോ മറ്റോ അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായി അവരെ മര്‍ദ്ദിക്കുന്നത് കുറ്റമരമാക്കുന്ന വകുപ്പാണ് ജുവനൈല്‍ ആക്ടിലെ സെക്ഷന്‍ 82.  
കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ ജൂലൈ 16ന് തലശേരി സെഷന്‍സ് കോടതി പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കുകയും ചെയ്തു. ഏതാണ്ട് ഇതേസമയത്ത്, വയനാട്ടില്‍ ഗോത്രാചാരപ്രകാരം വിവാഹം കഴിക്കാനായി പെണ്‍കുട്ടിയെ കൊണ്ടുപോയതിന്റെ പേരില്‍ അറസ്റ്റിലായ യുവാവിന് രണ്ടുമാസത്തിനുശേഷമാണ് പുറത്തിറങ്ങാന്‍ കഴിഞ്ഞതെന്നോര്‍ക്കണം.  
കുട്ടി മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയും, പൊലീസിനു കൊടുത്ത മൊഴിയും, പൊലീസില്‍ നല്‍കിയ പരാതിയും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നതായിരുന്നു പോക്സോ ഒഴിവാക്കാന്‍ ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറഞ്ഞത്. കൗണ്‍സിലേഴ്സ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സഹായത്തോടെ ഈ കുട്ടിയുടെ മൊഴി വീണ്ടും എടുക്കേണ്ടതുണ്ടെന്നും അങ്ങനെ മൊഴിയെടുത്തശേഷം ശാസ്ത്രീയമായ തെളിവുകളടക്കം വിശദമായ കുറ്റപത്രം സമര്‍പ്പിക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്​സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം മറികടന്നാണ് ക്രൈംബ്രാഞ്ച് പോക്​സോ ഒഴിവാക്കിയത്.  
കേസിന്റെ അന്വേഷണ ഘട്ടത്തില്‍ കുട്ടിയുടെ മാതാവ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍, പത്മരാജന്‍ കുട്ടിയെ ബൈക്കില്‍ കയറ്റി ഒരുവീട്ടിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് വേറൊരാള്‍ കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും ചെയ്തതായി പറഞ്ഞിരുന്നു. ഈ ആരോപണം സംബന്ധിച്ച് പൊലീസോ ക്രൈംബ്രാഞ്ചോ ഒരു ഘട്ടത്തിലും അന്വേഷിച്ചിട്ടില്ലായെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റേതെന്ന തരത്തില്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണവും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങള്‍ പ്രതിക്ക് അനുകൂലമായി മാറാവുന്ന പോയിന്റുകള്‍ അടക്കം ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഫോണില്‍ വിശദീകരിച്ചു നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടി നിയമലംഘനമാണെന്ന വിമര്‍ശനം ശക്തമാണ്

അന്വേഷണം പൂര്‍ത്തിയാകാത്ത കേസില്‍, അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങള്‍ പ്രതിക്ക് അനുകൂലമായി മാറാവുന്ന പോയിന്റുകള്‍ അടക്കം ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഫോണില്‍ വിശദീകരിച്ചു നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടി നിയമലംഘനമാണെന്ന വിമര്‍ശനം ശക്തമാണ്. ഐ.ജിയെ നീക്കണമെന്നും കേസിന്റെ മേല്‍നോട്ട ചുമതല വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട്  പെണ്‍കുട്ടിയുടെ മാതാവ് ഹെെക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.  കേസില്‍ തുടരന്വേഷണത്തിന് തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ്(രണ്ട്) കോടതി ഉത്തരവിട്ടിട്ടുണ്ട്. കുറ്റപത്രം പൂര്‍ണമല്ല പോക്‌സോ ചുമത്തിയില്ല എന്നതടക്കമുള്ള വീഴ്ച്ചകള്‍ ക്രൈം ബ്രാഞ്ചിന് സംഭവിച്ചു എന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതനുസരിച്ചുള്ള അപേക്ഷയിലാണ് കോടതി ഉത്തരവ്.

കൊട്ടിയൂരില്‍ നടന്നുകൊണ്ടിരിക്കുന്നത്
 മാനന്തവാടി രൂപത വൈദികനായിരുന്ന റോബിന്‍, കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ വികാരിയായിരിക്കെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പള്ളിമുറിയില്‍ എത്തിച്ച് ലൈംഗികാക്രമണത്തിന് ഇരയാക്കിയെന്നതാണ് കേസ്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചതിനുശേഷമാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതോടെ പെണ്‍കുട്ടിയുടെ പിതാവിന്റെ തലയില്‍ കുറ്റം കെട്ടിവയ്ക്കാനും ശ്രമം നടന്നിരുന്നു.  
ചൈല്‍ഡ് ലൈനിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റോബിന്‍ പിടിയിലായത്. പെണ്‍കുട്ടി പ്രസവിച്ച ആണ്‍കുഞ്ഞിനെ വയനാട് വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ടു തെളിവു നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടന്നിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഇവരെ വിട്ടയക്കുകയായിരുന്നു.  
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്​സോ കുറ്റം ചുമത്തിയാണ് കോടതി റോബിനെ ശിക്ഷിച്ചത്. 2019 ഫെബ്രുവരിയിലാണ് തലശേരി പോക്‌സോ കോടതി റോബിന് 20 വര്‍ഷം കഠിന തടവിനും മൂന്നു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും ഫാ.റോബിന് അനുകൂലമായി മൊഴിമാറ്റിയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമായിരുന്നു കോടതിയില്‍ നല്‍കിയ മൊഴി. ഇതിനു പുറമേ വിചാരണ വേളയില്‍ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിരുന്നു. എന്നാല്‍ ഡി.എന്‍.എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ കുറ്റംതെളിയിക്കാന്‍ സഹായകരമായി.  
എന്നാലിപ്പോള്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സംരക്ഷിക്കാമെന്നും അതിനായി രണ്ടുമാസത്തെ താല്‍ക്കാലിക ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് റോബിന്‍. വിവാഹത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ മുന്‍ വൈദികന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാടെടുത്തത്. വൈദികന് വേണമെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമായിരുന്നു. പെണ്‍കുട്ടിയേയോ കുഞ്ഞിനേയോ സംരക്ഷിക്കാന്‍ തയ്യാറായിട്ടില്ലെന്നിരിക്കെ കോടതിയുടെ അനുമതിയോടെ വിവാഹം കഴിക്കുന്നതിന് പിന്നില്‍ ശിക്ഷാ ഇളവ് നേടാനുള്ള നീക്കമടക്കം സംശയിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തിട്ടുണ്ട്. 

വീണ്ടും ആക്രമിക്കപ്പെടുന്ന കുട്ടികള്‍
 അടുത്തിടെ കേരളത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായ, പോക്​സോ കേസുകള്‍ക്ക് സംഭവിച്ചത് ഇതാണ്. ചെറിയ കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണങ്ങള്‍ വാര്‍ത്തയാകുമ്പോള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കെതിരെയുള്ളത്, അവരെ പൊതുബോധം പ്രതിസ്ഥാനത്തുനിര്‍ത്തുകയാണ് ചെയ്യാറുള്ളത്.

ചെറിയ കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണങ്ങള്‍ വാര്‍ത്തയാകുമ്പോള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കെതിരെയുള്ളത്, അവരെ പൊതുബോധം പ്രതിസ്ഥാനത്തുനിര്‍ത്തുകയാണ് ചെയ്യാറുള്ളത്

വാളയാര്‍ കേസിലും കൊട്ടിയൂര്‍ കേസിലുമെല്ലാം ഇതുണ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് നിയമപരമായ എല്ലാ സംരക്ഷണവും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരായ പൊലീസിന്റെ ഭാഗത്തുനിന്നുവരെ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാവാറുണ്ട്. ആക്രമിക്കപ്പെടുന്നത് കുട്ടിയാണെങ്കില്‍ പോലും ആ സമയം മുതല്‍ അവരെ കുട്ടിയല്ലാതെ കാണുന്ന, വീണ്ടും വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്ന പ്രവണത. കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണം എന്താണെന്ന് പൊതുസമൂഹത്തില്‍ വലിയൊരു വിഭാഗത്തിന് അറിയില്ലയെന്നാണ് ഇത്തരം ആക്രമണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കുട്ടികള്‍ക്കെതിരെ ഭാവിയില്‍ ഉണ്ടാവാനിടയിലുള്ള ഇത്തരം ആക്രമണങ്ങള്‍ ഭയന്നും ഇതുപോലുള്ള കാര്യങ്ങള്‍ മൂടിവെക്കപ്പെടുന്നുണ്ട്. 

സ്ത്രീപക്ഷ വീക്ഷണത്തിന്റെ അഭാവം
 സ്ത്രീപക്ഷ വീക്ഷണത്തിന്റെ അഭാവം പോക്​സോ ഉള്‍പ്പെടെയുള്ള കേസുകളുടെ പരാജയത്തിന് കാരണമാകുന്നുണ്ടെന്നാണ് അഡ്വ. പ്രീത പറയുന്നത്. ‘നിയമമുണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല. അത് നടപ്പിലാക്കുമ്പോള്‍ സ്ത്രീപക്ഷത്തുനിന്നുകൊണ്ട് അതിനെ നോക്കിക്കാണാത്ത ജുഡീഷ്യറിയോ പൊലീസ് സംവിധാനമോ വരുമ്പോള്‍ അത് പരാജയപ്പെടാനിടയുണ്ട്. എല്ലാ നിയമങ്ങള്‍ക്കും ഈയൊരു പ്രശ്നമുണ്ട്.

ഗാര്‍ഹിക പീഡനക്കേസിലാണെങ്കില്‍ സ്ത്രീകള്‍ ഇതൊക്കെ സഹിക്കേണ്ടവരാണെന്നും, വീട്ടുജോലി ചെയ്യേണ്ടവരാണെന്നുമൊക്കെ കരുതുന്ന ഒരു ജുഡീഷ്യറിയില്‍ നിന്നും പെണ്ണുങ്ങള്‍ക്ക് നീതി പ്രതീക്ഷിക്കാന്‍ കഴിയില്ല

ഉദാഹരണത്തിന് ഗാര്‍ഹിക പീഡനക്കേസിലാണെങ്കില്‍ സ്ത്രീകള്‍ ഇതൊക്കെ സഹിക്കേണ്ടവരാണെന്നും, വീട്ടുജോലി ചെയ്യേണ്ടവരാണെന്നുമൊക്കെ കരുതുന്ന ഒരു ജുഡീഷ്യറിയില്‍ നിന്നും പെണ്ണുങ്ങള്‍ക്ക് നീതി പ്രതീക്ഷിക്കാന്‍ കഴിയില്ല.' ശിക്ഷിക്കപ്പെടുന്ന നിരക്ക് കുറയാനുള്ള ഒരു കാരണം ഇതാണെന്നും അവര്‍ പറയുന്നു. ചില കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കപ്പെടുന്നു. അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ്. പക്ഷേ അതും നടക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

കുട്ടികളോട് സംസാരിക്കാനറിയാത്ത പൊലീസ്
 പോക്​സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന നിരക്ക് കുറയുന്നതിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ സംബന്ധിച്ച് ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റുമായി ചേര്‍ന്ന് സെന്റര്‍ ഫോര്‍ ക്രിമിനോളജി ആന്റ് പബ്ലിക് പോളിസി ദേശീയ തലത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തിടെ ചില നിരീക്ഷണങ്ങള്‍ ‘ദ ടെലിഗ്രാഫ്’ മുന്നോട്ടുവെച്ചിരുന്നു. അതില്‍ പറയുന്ന ഒരു കാര്യം പരമ്പരാഗത രീതിയില്‍ തന്നെ കുട്ടികളെയും ചോദ്യം ചെയ്യുന്ന പൊലീസ് സമീപനമാണ്. പലപ്പോഴും നടന്ന കാര്യങ്ങള്‍ മുഴുവനായി കുട്ടികളെക്കൊണ്ട് പറയാന്‍ ഈ ചോദ്യം ചെയ്യല്‍ രീതിക്ക് കഴിയാറില്ല. ലൈംഗികാതിക്രമം നേരിട്ട, വൈകാരികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളോട് ഇടപെടാനുള്ള പരിശീലനം പല പൊലീസ് ഓഫീസര്‍മാര്‍ക്കും ലഭിച്ചിട്ടില്ലയെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. 
പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ക്ക് നല്ല രീതിയില്‍ വാദിക്കാന്‍ കഴിയാത്തതാണ് മറ്റൊരു കാരണമായി പറയുന്നത്. കുട്ടികളുടെ മനശാസ്​ത്രത്തെക്കുറിച്ചും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും അവരെ ക്രോസ് എക്സാമിൻ ചെയ്യേണ്ട രീതിയെ സംബന്ധിച്ചും ഇവര്‍ക്കും പരിശീലനം ആവശ്യമുണ്ട്. 

ഞെട്ടിക്കുന്ന കൂറുമാറ്റങ്ങൾ
 മറ്റൊരു പ്രശ്നം, വിചാരണ വേളയില്‍ സാക്ഷികള്‍ കൂറുമാറുന്നതാണ്. 2013നും 2015നും ഇടയില്‍ നടന്ന 667 പോക്​സോ വിധി ന്യായങ്ങള്‍ പരിശോധിച്ച ബാംഗ്ലൂര്‍ ലോ സ്‌കൂളിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. ഇതില്‍ 67.5 ശതമാനം കേസുകളിലും വിചാരണ വേളയില്‍ സാക്ഷികള്‍ കൂറുമാറി. 26.7 ശതമാനം കേസുകളില്‍ മാത്രമാണ് പ്രതിയ്ക്കെതിരെ സാക്ഷികള്‍ മൊഴി നല്‍കിയത്. കേസ് നടപടികള്‍ വൈകുന്നതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ആരോപണ വിധേയര്‍ക്ക് ഒരുപാട് സമയം ലഭിക്കുന്നുവെന്നതാണ് ഇതിന് ഒരു കാരണമായി വിദഗ്ധര്‍ പറയുന്നത്.

പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യമുണ്ടായാല്‍ നിയമപരമായി എന്തു ചെയ്യാമെന്ന് നിയമം വിശദീകരിക്കുന്നില്ല

മറ്റൊന്ന് പോക്​സോ കേസുകളില്‍ പലപ്പോഴും കുറ്റാരോപിതര്‍ ആക്രമിക്കപ്പെട്ടവരുടെ അടുത്ത ബന്ധുക്കളോ അല്ലെങ്കില്‍ ആക്രമിക്കപ്പെട്ടവർ സാമ്പത്തികമായി താഴേക്കിടയില്‍ നില്‍ക്കുന്നവരോ ആയിരിക്കും. ഇത്തരം സാഹചര്യങ്ങളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണ്. 
 ഇതിനു പുറമേ ചില സാഹചര്യങ്ങളില്‍ പോക്​സോ കേസുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. കുഞ്ഞിന്റെ സംരക്ഷണാവകാശ തര്‍ക്കങ്ങളില്‍ പോക്​സോ കേസുകള്‍ കൂടുതലായി ദുരുപയോഗം ചെയ്യുന്നതായി ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. 
 ആദിവാസികൾക്കുമേലുള്ള പോക്​സോ പ്രയോഗം
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ മാതൃകാപരമായ നിയമമാണ് പോക്​സോയെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ ചില പ്രശ്നങ്ങള്‍ അതിനുള്ളിലുമുണ്ട്. അതിലൊന്ന് 18 വയസിന് താഴെയുള്ള എല്ലാവരേയും ഈ നിയമം ഒരേ പോലെ കാണുന്നുവെന്നതാണ്. ഒരു ഉദാഹരണം പറയാം. പതിനേഴു വയസുള്ള പെണ്‍കുട്ടിയ്ക്ക് പത്തൊന്‍പത് വയസുള്ള ഒരു ലൈംഗിക പങ്കാളി ഉണ്ടെന്നു കരുതുക. നിയമപ്രകാരം ഈ ലൈംഗിക പങ്കാളിയ്ക്കുമേല്‍ പോക്​സോ ചുമത്താം. കേരളത്തിലടക്കമുള്ള പല ഗോത്രവിഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും 18 വയസില്‍ താഴെയാണ് വിവാഹപ്രായം. ഇവരെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരെ പോക്​സോ ചുമത്തിയ ഒരുപാട് സംഭവങ്ങളുണ്ട്. ഈ പ്രശ്നത്തെക്കുറിച്ച് അഡ്വ. പ്രീത പറയുന്നു- ‘ഗോത്ര, ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക ഭൂപ്രദേശം, ഭാഷ, ആചാരം, ജീവിത രീതി എന്നിവയുള്ളതുകൊണ്ടാണ് ഭരണഘടന അവരെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നത്. ആചാര രീതി അനുസരിച്ച് ഗോത്രവര്‍ഗക്കാര്‍ ഹിന്ദുക്കളല്ല. അവരുടെ വിവാഹവും, വിവാഹമോചനവും, വിവാഹ ജീവിതവും ഹിന്ദു ആചാരപ്രകാരമല്ല. നമ്മുടെ നിയമപ്രകാരം പെണ്‍കുട്ടിക്ക് 18 വയസാകണം. എന്നാല്‍ ഋതുമതിയാവുകയെന്നതാണ് ഗോത്രവര്‍ഗക്കാരായ പെണ്‍കുട്ടികളുടെ വിവാഹപ്രായം. അതുകൊണ്ടുതന്നെ നമ്മുടെ നിയമപ്രകാരം ഇത് തെറ്റാണ്. ഇത് തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തുന്ന സംവിധാനം ഇവിടെയില്ല. നിയമത്തിനു മുമ്പില്‍ നിയമം അറിയില്ലയെന്നു പറയുന്നത് ഒരു എക്സ്‌ക്യൂസ് അല്ല. ഇവിടെ ആദിവാസികളുടെ ഗോത്രസംസ്‌കാരം അനുസരിച്ച് അവര്‍ക്കത് തെറ്റല്ലാതിരിക്കുകയും പൊതുസമൂഹത്തിന് അത് തെറ്റായിരിക്കുകയും ചെയ്യുമ്പോഴാണ് പോക്​സോ നിയമവും ആദിവാസികളും തമ്മിലുള്ള സംഘര്‍ഷം വരിക. അങ്ങനെ വരുമ്പോഴാണ് അവര്‍ വര്‍ഷങ്ങളോളം ഇതിന്റെ പേരില്‍ ജയിലില്‍ കഴിയേണ്ടിവരുന്നത്. ഇതിന് ഒന്നാമത്തെ കാരണം ആദിവാസികള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് സാമൂഹ്യ അവബോധം ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ അഭാവമാണ്. മറ്റൊരു കാരണം ട്രൈബല്‍പക്ഷ വീക്ഷണമില്ലാത്ത ജുഡീഷ്യല്‍ സംവിധാനമില്ലാത്തതാണ്. മൂന്നാമത്തെ കാരണം നിയമപരമായി നേരിടാനുള്ള സാഹചര്യമില്ലായ്മയാണ്. നല്ല അഭിഭാഷകരെ വെച്ച് വാദിക്കാനോ വലിയ ഫീസ് നല്‍കി വാദിക്കാനൊ ഒന്നും ഇവര്‍ക്ക് കഴിയാറില്ല. അതേസമയം, ആദിവാസി പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന, റെയ്പ് ചെയ്യുന്ന ഇതര സമുദായക്കാര്‍ ഇതുപോലെ ശിക്ഷിക്കപ്പെടുന്നതായി കാണാറില്ല.' 
 മറ്റൊന്ന് പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യമുണ്ടായാല്‍ നിയമപരമായി എന്തു ചെയ്യാമെന്ന് നിയമം വിശദീകരിക്കുന്നില്ല. ആക്രമിക്കപ്പെട്ടവരുടെ പ്രായം തെളിയിക്കുന്നതുമായി ബന്ധപ്പെട്ടതാണ് അടുത്ത പ്രശ്നം. ഏതു രേഖയാണ് ഇതിന് സ്വീകാര്യമാകുകയെന്നത് പോക്​സോ നിയമത്തില്‍ പരാമര്‍ശിക്കുന്നില്ല. നിലവില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലുമാണ് രേഖയായി സ്വീകരിക്കുക. എന്നാല്‍ ഇതല്ലാത്ത രേഖകള്‍ ഹാജരാക്കേണ്ടി വരുന്നവര്‍ക്ക് മറ്റ് പരിശോധനകള്‍ക്ക് വിധേയരാകേണ്ടി വരുന്നുണ്ട്. 

  • Tags
  • #POCSO
  • #Palathayi Case
  • #Child sexual abuse
  • #B.J.P
  • #Walayar Case
  • #Jinsy Balakrishnan
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Muhammed afsal K k

25 Jul 2020, 12:24 PM

Thank you for mention my report in your article

rn ravi

Federalism

പി.ഡി.ടി. ആചാരി

കേന്ദ്രത്തിന്റെ രാഷ്​ട്രീയലക്ഷ്യം നിറവേറ്റുന്ന ഗവർണർമാർ

Jan 11, 2023

3 Minutes Read

Pocso

POCSO

കെ.വി. ദിവ്യശ്രീ

പോക്‌സോയ്ക്ക്​ പത്തുവർഷം​; എന്തുകൊണ്ട്​ കേസുകൾക്കിപ്പോഴും ശൈശവം?

Jun 20, 2022

20 Minutes Read

2

Podcasts

ഗീത

സ്ത്രീപീഡനക്കേസുകളുമായി ബന്ധപ്പെട്ട ഈ മരണങ്ങള്‍ക്കു പുറകില്‍ ആരാണ്?

Jun 28, 2021

27 Minutes Listening

calicut university

Short Read

ജിന്‍സി ബാലകൃഷ്ണന്‍

മുന്നാക്ക സംവരണം പിന്നാക്കക്കാരുടെ അവകാശത്തെ അട്ടിമറിക്കുന്നു, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു ഉദാഹരണം

Jun 22, 2021

3 Minutes Read

covid

Short Read

ജിന്‍സി ബാലകൃഷ്ണന്‍

കോവിഡ്​ കാലത്ത്​ മുടങ്ങരുത്​, ഈ കുട്ടികളുടെ ചികിത്സ

Jun 16, 2021

6 Minutes Read

Aisha Sulthana 2

Lakshadweep Crisis

ജിന്‍സി ബാലകൃഷ്ണന്‍

ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസിനുപിന്നിൽ ബി.ജെ.പിയുടെ ആസൂത്രിത നീക്കം

Jun 11, 2021

6 Minutes Read

LGBTQI

LGBTQIA+

ജിന്‍സി ബാലകൃഷ്ണന്‍

 LGBTQIA+ അബദ്ധ ധാരണകളെ​ ഒരു ന്യായാധിപൻ സ്വയം തിരുത്തിയ കഥ

Jun 08, 2021

7 Minutes Read

palathayi case

POCSO

അലി ഹൈദര്‍

പാലത്തായി കേസ്: ഇനി വിചാരണ, സത്യം തെളിയുമോ?

May 27, 2021

8 Minutes Read

Next Article

‘വല്ല്യേട്ടന്‍' തീര്‍ച്ചയായും നമ്മളെ നിരീക്ഷിക്കാനുണ്ടാവും  

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster