പ്രതിയെ വിവാഹം കഴിച്ചാൽ ഇല്ലാതാകുമോ റേപ് എന്ന കുറ്റകൃത്യം

ലൈംഗികാക്രമണക്കേസിലെ പ്രതിയോട്, ആക്രമിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാമോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിക്കുന്നു. ആക്രമിക്കപ്പെട്ട പെൺകുട്ടിയെ പ്രതി വിവാഹം കഴിക്കുന്നതിലൂടെ ഇല്ലാതാകുന്നതാണോ rape എന്ന കുറ്റകൃത്യം? വിവാഹത്തോടെ ന്യായീകരിക്കപ്പെടുന്ന ഒന്നാണോ rape? ഉന്നത നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം സമീപനങ്ങൾ ചില ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

‘നിങ്ങൾ അവളെ വിവാഹം കഴിക്കാൻ തയ്യാറാണോ?'
പോക്സോ കേസിൽ ആരോപണ വിധേയനായ സർക്കാർ ജീവനക്കാരനുനേരെ പരമോന്നത നീതിപീഠത്തിൽ നിന്നുയർന്ന ചോദ്യമാണിത്. കോടതിയിൽ നടന്ന സംഭാഷണത്തിന്റെ തുടർച്ചയിലേക്ക് പോകുകയാണെങ്കിൽ:
അഭിഭാഷകൻ: ‘കോടതി നിർദേശിക്കുന്നതുപോലെ ചെയ്യാം' (പ്രതി സർക്കാർ ജീവനക്കാരനാണെന്നും അറസ്റ്റു ചെയ്യപ്പെട്ടാൽ ജോലിയിൽനിന്ന് സസ്​പെൻറ്​ചെയ്യപ്പെട്ടേക്കാമെന്നും അതിനാൽ അറസ്റ്റു തടയണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.)

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ: ‘ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് എന്നതൊക്കെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് റേപ് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു. വിവാഹം കഴിക്കാൻ ഞങ്ങൾ നിങ്ങളെ നിർബന്ധിക്കുകയല്ല, ഇക്കാര്യത്തിൽ നിങ്ങൾക്ക് തീരുമാനമെടുക്കാം. ഇല്ലെങ്കിൽ നിങ്ങൾ പറയും വിവാഹം കഴിക്കാൻ ഞങ്ങൾ നിർബന്ധിക്കുകയാണെന്ന്. '
(ഹരജിക്കാരനോട് ചോദിച്ചശേഷം മറുപടി നൽകാമെന്ന് അഭിഭാഷകൻ)
ശേഷം പ്രതി: ‘ആദ്യം അവരെ വിവാഹം കഴിക്കാൻ എനിക്കു താൽപര്യമുണ്ടായിരുന്നു. പക്ഷെ അവർ സമ്മതിച്ചില്ല. ഇപ്പോൾ ഞാൻ വിവാഹിതനാണ്.' (ലൈവ് ലോ റിപ്പോർട്ടിൽ നിന്ന്)

പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അപേക്ഷിക്കാമെന്നു പറഞ്ഞാണ് കോടതി ഈ ഹരജി തീർപ്പാക്കിയത്. ഒപ്പം നാലാഴ്ചവരെ പ്രതിയ്ക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്തു. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷൻ കമ്പനിയിലെ ടെക്​നീഷ്യനായ മോഹിത് സുഭാഷ് ചവാനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ ഭാഗത്തുനിന്ന്​ഇത്തരമൊരു സമീപനമുണ്ടായത്.

സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പങ്കുവെച്ച ട്വീറ്റ്

പ്രായപൂർത്തിയാകാത്ത ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ, വീട്ടിൽ ആരുമില്ലാത്ത സമയത്ത് ലൈംഗികാക്രമണത്തിനിരയാക്കി, മുഖത്ത് ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തി, തുടർന്നും നിരവധി തവണ ആക്രമിച്ചു. പരാതിപ്പെടാൻ പൊലീസിൽ പോയ അമ്മയെ ഭീഷണിപ്പെടുത്തി രേഖകളിൽ ഒപ്പിടീച്ച സർക്കാർ ജീവനക്കാരനായ പ്രതി, വിവാഹം കഴിച്ചുകൊള്ളാം എന്ന് പെൺകുട്ടിയോട് പറഞ്ഞു.

പ്രായപൂർത്തിയായശേഷമാണ് അവർ പരാതി നൽകിയത്, തുടർന്ന് പോക്‌സോ കേസെടുക്കുകയും ചെയ്തു. സെഷൻസ് കോടതി പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹൈകോടതി അത് റദ്ദാക്കി. അതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.

കോടതികൾ സ്ത്രീവിരുദ്ധമാകുമ്പോൾ

പൊലീസ് ഓഫീസർ, സായുധന സേന അംഗം, സർക്കാർ ജീവനക്കാർ, ജയിൽ, റിമാൻഡ് ഹോം, ആശുപത്രി, സ്‌കൂൾ എന്നിവിടങ്ങളിലെ ജീവനക്കാർ അല്ലെങ്കിൽ മേൽപറഞ്ഞ ഗൗരവം കൂടിയ വിഭാഗത്തിൽപ്പെടുന്ന ഏതെങ്കിലും വ്യക്തികളോ നടത്തുന്ന Sexual Assautl നെ കുറച്ചുകൂടി ഗൗരവമായ കുറ്റകൃത്യമായി കാണുന്നതാണ് 2012ലെ ദ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൺ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് എന്നിരിക്കെയാണ് ഇത്തരമൊരു കുറ്റകൃത്യത്തിൽ അറസ്റ്റു വൈകിപ്പിക്കണമെന്ന ആവശ്യവുമായി വന്ന വ്യക്തിയോട് ചീഫ് ജസ്റ്റിസ് ഈ രീതിയിൽ സംസാരിച്ചിരിക്കുന്നത്.

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളിലെ നീതിപീഠത്തിന്റെ ഇടപെടലുകൾ സ്ത്രീവിരുദ്ധവുമാകുന്നത് ഇതാദ്യമായല്ല. ഈയടുത്തകാലത്തെ ഒരു ഉദാഹരണം പറയാം. വിവാഹവാഗ്ദാനം നൽകിയ റേപ്പ്​ ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ പഞ്ചാബ് സ്വദേശിയായ യുവാവിനെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണ് എന്ന ഉറപ്പ് ലഭിച്ചതോടെ സുപ്രീം കോടതി വെറുതെ വിടുകയാണുണ്ടായത്. ഫെബ്രുവരി 11ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരുന്നു ഈ തീരുമാനവുമെടുത്തത്. ‘ക്രിമിനൽ കേസിൽ നിന്ന് ഒഴിവാകാൻ വേണ്ടിയാണ് വിവാഹത്തിന് സമ്മതമറിയിച്ചതെന്ന് കണ്ടാൽ ഞങ്ങൾ നിങ്ങളെ ജയിലിലയക്കും, ഓർത്തോ' എന്നൊരു മുന്നറിയിപ്പും കൂടി നൽകി ചീഫ് ജസ്റ്റിസ് പ്രതിയെ വെറുതെ വിടുകയാണുണ്ടായത്.

2015 മദ്രാസ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് സമാന നടപടിയുണ്ടായിട്ടുണ്ട്. പോക്സോ കേസിൽ പ്രതിയായ ആളെ സർവൈവറുമായി ഒത്തുതീർപ്പിലെത്താൻ ആവശ്യപ്പെട്ട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 2015 ജൂണിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ആക്രമണത്തിന് ഇരയായ പെൺകുട്ടിയെ ‘ആരുടെയും ഭാര്യയല്ല' , ‘അവിവാഹിതയായ അമ്മ' എന്നൊക്കെ സൂചിപ്പിക്കുന്നതായിരുന്നു ഈ ജാമ്യ ഉത്തരവ്. എന്നാൽ പെൺകുട്ടി ഇതിന് തയ്യാറായില്ല. ‘അയാളോട് സംസാരിക്കാനോ വിവാഹം കഴിക്കാനോ ഞാൻ തയ്യാറല്ല.' എന്നാണ് പെൺകുട്ടി കോടതിയിൽ പറഞ്ഞത്.

പ്രതികൾക്കുവേണ്ടിയുള്ള വിവാഹ ഒത്തുതീർപ്പുകൾ

2015ൽ തന്നെ ഒറീസയിൽ സമാനമായ മറ്റൊരു സംഭവമുണ്ടായി. ലൈംഗികാതിക്രമത്തിനിരയായ യുവതിയോട് ജയിലിൽ കഴിയുന്ന പ്രതിയെ വിവാഹം കഴിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ജയിൽ ജീവനക്കാരാട്​ വിവാഹത്തിന്​ ഏർപ്പാടു ചെയ്യാനും ആവശ്യപ്പെട്ടു. തുടർന്ന് 2014 മുതൽ ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ഭുവനേശ്വറിലെ ജയിലിൽ കഴിയുന്ന പ്രതിയെ ജയിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിവാഹം കഴിപ്പിക്കുകയും തുടർന്ന് പ്രതിയ്ക്ക് ജാമ്യം അനുവദിക്കുകയുമാണുണ്ടായത്. ഇതോടെ പെൺകുട്ടിയുടെ കുടുംബം പ്രതിയ്ക്കെതിരെയുള്ള പരാതി പിൻവലിക്കുകയും ചെയ്തു.

15 വയസുള്ള ലൈംഗികാക്രമണത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ളതായിരുന്നു 2014 സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. അറസ്റ്റ് ചെയ്യപ്പെട്ട് ഏഴുദിവസത്തിനുള്ളിലായിരുന്നു ഇത്. വിവാഹം നടന്നശേഷം കോടതി പ്രതിയ്ക്ക് സ്ഥിരം ജാമ്യം അനുവദിക്കുകയും ചെയ്തു.

ഇരയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് പ്രതി സമ്മതിച്ചതോടെ കോടതി മുൻനിലപാട് മാറ്റിയ സംഭവവും ഇന്ത്യൻ നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. 2005 മേയിൽ ഡൽഹിയിലെ കർകർദൂമ കോടതിയിലായിരുന്നു സംഭവം. പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി, പിറ്റേദിവസം വിധി പ്രസ്താവിക്കാനൊരുങ്ങുന്നതിനു തൊട്ടുമുമ്പായി താൻ ഇരയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് പ്രതി അറിയിച്ചതോടെ നിലപാടുമാറ്റുകയായിരുന്നു. ഇതോടെ ഈ ‘ഓഫറിൽ' ഇരയുടെ കുടുംബം നിലപാട് അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ പെൺകുട്ടി അത് നിഷേധിച്ചു.

സി.പി.എം.എൽ നേതാവ് കവിത കൃഷ്ണൻ പങ്കുവെച്ച ട്വീറ്റ്

ഇതുപോലുള്ള കോടതി വിധികൾ റേപ്പ്​ കേസുകളിൽ ശിക്ഷിക്കപ്പെടുന്നതിൽ നിന്ന് ഒഴിവാകാൻ വലിയ തോതിൽ ഉപയോഗിക്കപ്പെടുന്നുമുണ്ട്. കേരളത്തിൽ കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റേപ്പ്​ ചെയ്ത് ഗർഭിണിയാക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട പുരോഹിതൻ റോബിൻ വടക്കുംചേരി താൻ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും അതിനായി ശിക്ഷാ ഇളവ് നൽകണമെന്നും അറിയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2020 ജൂലൈയിലായിരുന്നു സംഭവം. വിവാഹത്തെ എതിർക്കുന്നില്ലെന്നും ഇയാളുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്നുമായിരുന്നു കേസിൽ പ്രോസിക്യൂഷൻ നിലപാട്.

വിവാഹമാണോ ലൈംഗികാക്രമണത്തിന്റെ പരിഹാരം?

കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം സമീപനങ്ങൾ ചില ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ആക്രമിക്കപ്പെട്ട വ്യക്തിയെ പ്രതി വിവാഹം കഴിക്കുന്നതിലൂടെ ഇല്ലാതാകുന്നതാണോ റേപ്പ്​ എന്ന കുറ്റകൃത്യം? വിവാഹത്തോടെ ന്യായീകരിക്കപ്പെടുന്ന ഒന്നാണോ റേപ്പ്​? ഇരയെ വിവാഹം ചെയ്താൽ റേപ്പിസ്റ്റ് റേപ്പിസ്റ്റല്ലാതാകുമോ? വിവാഹം കഴിക്കാൻ തയ്യാറാണെന്നു പറയുന്നതിലൂടെ പ്രതി കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടുമെങ്കിൽ ആക്രമിക്കപ്പെട്ടവളെ സംബന്ധിച്ച് എന്താണ് നീതി?

ലൈംഗികാതിക്രമ കേസിൽ എല്ലാതരം സ്റ്റിഗ്മയും നേരിടാൻ തയ്യാറായി, നീതി പ്രതീക്ഷിച്ച് കോടതിയെ സമീപിക്കുന്ന പെൺകുട്ടികളെ സംബന്ധിച്ച് മറ്റൊരുതരം പീഡനമാണിത്. കോടതിയുടെയും കുടുംബത്തിന്റെയും സമ്മർദ്ദങ്ങൾക്കു വഴങ്ങി ജീവിതകാലം മുഴുവൻ റേപ്പിസ്റ്റിനൊപ്പം ജീവിക്കേണ്ടിവരുന്നവരുമുണ്ട്. ലൈംഗികതയുമായും ഇത്തരം അതിക്രമങ്ങളുമായും ബന്ധപ്പെട്ട് പാർട്രിയാർക്കിയിലധിഷ്ഠിതമായ ഇന്ത്യൻ പൊതുബോധം വെച്ചുപുലർത്തുന്ന ധാരണകളുടെ പ്രതിഫലനമാണ് ഇത്തരം കോടതിവിധികളിൽ കാണാനാവുക.

സ്ത്രീ ലൈംഗികതയെ അങ്ങേയറ്റം നിയന്ത്രിക്കേണ്ട ഒന്നായും, കുടുംബത്തിന്റെ മാനാഭിമാനങ്ങളെ നിർണയിക്കുന്ന ഒന്നായുമാണ് സമൂഹം കാണുന്നത്. വിവാഹത്തിനുമുമ്പ് ലൈംഗികബന്ധം പാടില്ലെന്ന് പാർട്രിയാർക്കി സ്ത്രീകളെ വിലക്കുന്നു. ഏതെങ്കിലും തരത്തിൽ അവർ ആക്രമിക്കപ്പെട്ടാൽ അക്രമിയെ വിവാഹം ചെയ്യുന്നതിലൂടെ കുടുംബത്തിന്റെ നഷ്ടപ്പെട്ട അഭിമാനം തിരികെ ലഭിക്കുമെന്നും അവർ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. പലപ്പോഴും ഈ പാട്രിയാർക്കി തന്നെ പ്രതിയെ വിവാഹം കഴിക്കാൻ പെൺകുട്ടികളെ നിർബന്ധിക്കുന്നു. എന്നാൽ നിയമത്തതിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ നീതി നടപ്പിലാക്കേണ്ട കോടതി പൊതുബോധത്തിന് അനുസൃതമായി കാര്യങ്ങൾ തീരുമാനിക്കുമ്പോൾ സ്ത്രീകൾ നീതിക്കായി ആരെയാണ് സമീപിക്കേണ്ടത്?


Comments