ബിൽ പിടിച്ചുവക്കാവുന്നത് ആറു മാസം മാത്രം,
ആരിഫ് മുഹമ്മദ് ഖാന്‍ ഇല്ലാത്ത അധികാരങ്ങളുടെ
സങ്കൽപലോകത്താണ്
ബിൽ പിടിച്ചുവക്കാവുന്നത് ആറു മാസം മാത്രം, ആരിഫ് മുഹമ്മദ് ഖാന്‍ ഇല്ലാത്ത അധികാരങ്ങളുടെ സങ്കൽപലോകത്താണ്
സംസ്ഥാന സര്‍ക്കാരുകളുമായി ഏറ്റവും കൂടുതല്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടയാള്‍ക്കാണ് ഉപരാഷ്ട്രപതി പദം കൊടുക്കുക, ജഗ്ദീപ് ധന്‍കറിനെപ്പോലെ. തന്റെ സ്ഥാനക്കയറ്റത്തിനുള്ള പ്രധാന മാനദണ്ഡമായി നരേന്ദ്ര മോദിയും അമിത് ഷായും പരിഗണിക്കുന്നത് സംസ്ഥാനങ്ങളുമായുള്ള സംഘര്‍ഷമാണെന്ന ധാരണയോ തെറ്റിദ്ധാരണയോ ആണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുള്ളത്. പിന്നെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയും. ജോൺ ബ്രിട്ടാസ് എം.പി എഴുതുന്നു
21 Sep 2022, 01:04 PM
കേരളീയ സമൂഹത്തില്‍ കുറച്ച് ശുദ്ധമായ ട്രോളുകളുടെ അഭാവമുണ്ടായിരുന്നു. മറ്റുള്ളവരെ ബാധിക്കുന്ന ട്രോളുകളായിരുന്നു ഇവിടെയുള്ളത്. നല്ല നര്‍മമുള്ള ട്രോളുകളുടെ അഭാവമുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടായിരിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ആ ഒരു വഴിയില്‍ അദ്ദേഹത്തെ നമ്മള്‍ സ്വാഗതം ചെയ്യണം. ഗവര്‍ണര്‍ക്ക് ഒരു പണിയുമില്ലെന്ന കാര്യം അദ്ദേഹം ആ വാര്‍ത്താസമ്മേളനത്തിലൂടെ തെളിയിച്ചു.
മുഖ്യമന്ത്രി എന്തെങ്കിലും ചടങ്ങിന് ക്ഷണിച്ചാല്‍ മാത്രമാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകുക. അതല്ലെങ്കില്‍ മുഖ്യമന്ത്രി ഗവര്‍ണറെ കാണാന്‍ അങ്ങോട്ട് പോവുകയാണ് ചെയ്യുക. ഇന്ത്യന്‍ രാഷ്ട്രപതിക്ക് പോകുന്ന വഴിക്ക് മോദിയെ ഒന്നു കാണാമെന്ന് വിചാരിച്ചാല്‍ കയറാന്‍ പറ്റുമോ?. വൈസ് പ്രസിഡന്റിന് പറ്റുമോ?. ഇല്ല. എനിക്ക് പരിചയമുള്ളയാളാണ്, അതുകൊണ്ട് കയറികണ്ടുകളയാമെന്ന് വിചാരിക്കാനാവില്ല. രാം നാഥ് കോവിന്ദ് മോദിയെക്കാള്‍ മുകളിലുള്ളയാളാണെന്ന് ആരും വിശ്വസിച്ചിട്ടില്ല. പക്ഷെ കോവിന്ദ് വൈകുന്നേരത്തെ ചായ കുടിക്കാന്‍ മോദിയുടെ വീട്ടില്‍ പോകാമെന്ന് പറഞ്ഞാല്‍ അത് പറ്റില്ല. മോദി അങ്ങോട്ട് പോവുകയാണ് വേണ്ടത്. ഓരോ പദവിക്കും അതിന്റേതായ പ്രോട്ടോകോളുകളുണ്ട്. ആര്‍.എസ്.എസ്. മേധാവിയെ കാണാന്‍ പോയപ്പോള്‍, ആ വേദിയിലുള്ള പ്രോട്ടോകോളിനെപ്പറ്റിയാണല്ലോ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ ഒരു ഗുണമെന്താണെന്ന് വെച്ചാല്‍, അദ്ദേഹത്തിന്റെ ഒരു വാചകവും അടുത്ത വാചകവും തമ്മില്‍ വൈരുദ്ധ്യമുണ്ടാകുമെന്നതാണ്. അന്തകവിത്ത് കണക്കെയാണ് അദ്ദേഹത്തിന്റെ വാചകങ്ങള്‍. ഒരു വിത്തില്‍ തന്നെയുണ്ട് അടുത്ത വിത്ത് ഉണ്ടാകാതിരിക്കാനുള്ള കാര്യം എന്നുപറയുന്നതുപോലെയാണ്. ഇത്രയും നീട്ടിപ്പറഞ്ഞതാണ് യഥാര്‍ഥത്തില്‍ ഗവര്‍ണര്‍ക്ക് പറ്റിയ അബദ്ധം. അദ്ദേഹം രണ്ട് വാചകം മാത്രം പറഞ്ഞിരുന്നെങ്കില്‍ ഇംപാക്റ്റുണ്ടാകുമായിരുന്നു. നീട്ടിപ്പറഞ്ഞതോടെ ഓരോ വാചകവും ഓരോ വാചകത്തെ കയറിപ്പിടിച്ചു തുടങ്ങി. അവസാനം എത്തിയപ്പോഴേക്കും അദ്ദേഹം ആദ്യം പറഞ്ഞ നല്ല കാര്യങ്ങളൊക്കെ വിഴുങ്ങി.
സംസ്ഥാന സര്‍ക്കാരുകളുമായി ഏറ്റവും കൂടുതല്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടയാള്‍ക്കാണ് ഉപരാഷ്ട്രപതി പദം കൊടുക്കുക, ജഗ്ദീപ് ധന്‍കറിനെപ്പോലെ. തന്റെ സ്ഥാനക്കയറ്റത്തിനുള്ള പ്രധാന മാനദണ്ഡമായി നരേന്ദ്ര മോദിയും അമിത് ഷായും പരിഗണിക്കുന്നത് സംസ്ഥാനങ്ങളുമായുള്ള സംഘര്‍ഷമാണെന്ന ധാരണയോ തെറ്റിദ്ധാരണയോ ആണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുള്ളത്. പിന്നെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയും. അദ്ദേഹത്തെ നിയമിച്ചത് ആര്‍.എസ്.എസും കേന്ദ്രസര്‍ക്കാരുമാണ്. അതുകൊണ്ടുതന്നെ അവരുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കുക എന്നത് അദ്ദേഹത്തിന്റെ മുന്നിലുള്ള വലിയൊരു ദൗത്യമാണ്.

കേരളവുമായിട്ട് അദ്ദേഹം ശണ്ഠ കൂടിയ ഒരു അവസരം എന്നുപറയുന്നത്, സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ വേണ്ടിയുള്ള പൗരത്വ ഭേദഗതി നിയമത്തിന്‍മേലുള്ള നിലപാടുകളാണ്. ഈ വിഷയത്തിലേക്ക് അതും കൂടി കൂട്ടിയിണക്കി. ഇനിയിപ്പോള്‍ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട നിയമം ഫ്രെയിം ചെയ്യാന്‍ പോവുകയാണ്. ഇതുവരെ അത് ആക്റ്റീവാക്കിയിരുന്നില്ല. അതിന് താനാണ് കൂടുതല്‍ കൊടിപിടിക്കുന്നത് എന്ന തോന്നലുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. പിന്നെ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ മാനസിക വ്യവഹാരങ്ങളും ഇതിലുണ്ടാകുമെന്ന് സംശയിക്കണം.
ബില്ലുകളുടെ കാര്യത്തിൽ ചെയ്യാവുന്നത്
കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച്, ചീഫ് ജസ്റ്റിസായിരുന്ന എം.എം. പുഞ്ചിയുടെ നേതൃത്വത്തിൽ 2007ൽ ഒരു കമീഷനുണ്ടായിരുന്നു. ആ കമീഷനാണ് ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ ഇടപെടലുകൾ നിര്‍ത്തണമൈന്ന് പറഞ്ഞത്. ഗവര്‍ണറുടെ സവിശേഷാധികാരം സംബന്ധിച്ചും കമീഷന്‍ കൃത്യമായി പറയുന്നുണ്ട്. ഒരു ബില്ല് പാസാക്കിക്കഴിഞ്ഞാല്‍, അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ ഗവര്‍ണര്‍ നിയസഭയിലേക്ക് തിരിച്ചുവിടണം. ഒരു കാരണവശാലും അനന്തമായി കൈവശം വെക്കാന്‍ പറ്റില്ല എന്ന് പറയുന്നുണ്ട്. അതില്‍ ആറുമാസമാണ് പറയുന്നത്. ചില ബില്ലുകള്‍ ഗവര്‍ണര്‍ക്ക് സ്റ്റേ ചെയ്യാന്‍ കഴിയും, രാഷ്ട്രപതിയുടെ അനുമതിയോടെ. പക്ഷെ അത് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലാത്ത മേഖലയില്‍ നിയമനിര്‍മാണം നടത്തിയെങ്കില്‍ മാത്രമാണ് ഇങ്ങനെ ചെയ്യാനാവുന്നത്. അത് ഗവര്‍ണറുടെ തോന്നലിലല്ല, നിയമോപദേശവും മറ്റുമൊക്കെ നോക്കിയാണ് ഗവര്‍ണര്‍ അത് തീരുമാനിക്കേണ്ടത്. കേന്ദ്രം നിയമനിര്‍മാണം നടത്തിയ ഒരു മേഖലയെക്കുറിച്ചുള്ളതോ അല്ലെങ്കില്‍ ഹൈക്കോടതി പോലെയുള്ള സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതോ ആയ ബില്ലുകളുടെ കാര്യത്തിലാണ് ഇത്തരം നടപടികൾ സാധ്യമാകുക.

അതായത് ഭരണഘടനയുടെ കേന്ദ്ര പട്ടിക, സംസ്ഥാന പട്ടിക, കണ്‍കറൻറ് പട്ടിക എന്നിവയൊക്കെ നോക്കി തങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ള മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിർമാണം നടത്തിയോ എന്ന കൃത്യമായ വിവരത്തിനുമേല്‍ മാത്രമെ ബില്ല് പ്രസിഡന്റിന് അയക്കാന്‍ പറ്റൂ. ആ ബില്ല് പ്രസിഡൻറ് നിരസിക്കുകയോ അനുമതി കൊടുക്കുകയോ ചെയ്താല്‍ ആറുമാസത്തിനകം തിരിച്ചുവിടണമെന്നാണ് ജസ്റ്റിസ് പുഞ്ചി പറഞ്ഞിട്ടുള്ളത്.
2000ല്‍ എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലത്ത് ‘നാഷണല്‍ കമീഷന്‍ ടു റിവ്യൂ ദ വര്‍ക്കിങ് ഓഫ് ദി കോണ്‍സ്റ്റിറ്റ്യൂഷന്‍’ (NCRWC) എന്നൊരു കമീഷനെ നിയമിച്ചിരുന്നു. ഈ കമീഷന്റെ റിപ്പോര്‍ട്ടും പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടുമൊക്കെ ഗവര്‍ണര്‍ വായിക്കേണ്ടതാണ്. NCRWC റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്, ഗവര്‍ണർക്ക് ബിൽ നിയമസഭയിലേക്ക് തിരിച്ചയക്കാം. പരമാവധി നാലുമാസത്തില്‍ കൂടുതല്‍ ബിൽ കൈയില്‍ വെക്കാന്‍ പാടില്ല. നാലുമാസം ബില്ല് തടഞ്ഞുവെക്കാമെങ്കിലും അതിന് വ്യക്തമായ കാരണം ഉണ്ടായിരിക്കണമെന്ന് NCRWC റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യേണ്ടത്, അദ്ദേഹത്തേക്കാള്‍ വിവരമുള്ള ആളുകള്‍ ഉള്‍പ്പെട്ടിരുന്ന കമീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ വായിച്ചുനോക്കണം. ഗവർണർക്ക് എത്ര അധികാരമാണുള്ളതെന്ന് അറിയണം. ഭരണഘടനാ അസംബ്ലിയില്‍ നടന്ന ഡിബേറ്റും അംബേദ്കറുടെ മറുപടിയുമൊക്കെ ഇദ്ദേഹം വായിക്കണം. ഇതൊക്കെ വായിച്ചുനോക്കിയാല്‍ അദ്ദേഹത്തിന് ഗവർണർ ആരാണെന്ന് മനസ്സിലാകും. ഗവര്‍ണറുടെ അധികാരങ്ങള്‍ പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ സ്റ്റാലിൻ ചെയ്തത്
കേരളത്തിലേതിനു സമാനമായ ഒരു കാര്യം പറയാം. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 25-ന് നിയമസഭ രണ്ട് ബില്ല് പാസാക്കി. രണ്ട് ബില്ലുകളും വി.സി. നിയമനവുമായി ബന്ധപ്പെട്ടതാണ്. ഈ രണ്ട് ബില്ലുകള്‍ക്കും അനുമതി നല്‍കാതെ ഗവര്‍ണര്‍ അതിനുമുകളില്‍ ഇരിക്കുകയാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ 22 സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരുടെയും യോഗം വിളിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സൃഷ്ടികളാണ് സര്‍വകലാശാലകള്‍, ഞങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, നിയമസഭ പറയുന്നത് നിങ്ങള്‍ ചെയ്യണം എന്ന് കൃത്യമായി അവരോട് സ്റ്റാലിന്‍ പറഞ്ഞു. ഇവിടെ മുഖ്യമന്ത്രി ഇതുപോലെ ഗവര്‍ണറെ വിളിക്കാതെ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചിരുന്നെങ്കില്‍ എന്തായിരുന്നു സംഭവിക്കുക. കോണ്‍ഗ്രസുകാര്‍ അത് ചിന്തിക്കേണ്ടതാണ്. ഇവിടത്തേക്കാള്‍ കുറേക്കൂടി കടന്ന രീതിയിലാണ് തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ പ്രതികരിച്ചത്. ഇതൊക്കെ മനസിലാക്കാനുള്ള ബോധം നമ്മുടെ ജനങ്ങള്‍ക്കുണ്ടാകണം.
സംസ്ഥാനത്തെ ജനങ്ങളുടെ അധികാരത്തിനുമുകളില്‍ ഗവര്‍ണര്‍ കളിക്കുമ്പോള്‍ അദ്ദേഹത്തിനുവേണ്ടി ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് എന്നെ ഏറ്റവും കൂടുതല്‍ അന്ധാളിപ്പിക്കുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും അധികാരത്തിനുമേല്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുമേല്‍ പിപ്പിടി കാണിക്കുകയാണ്. ആ പിപ്പിടി കാണിക്കുന്നയാള്‍ പറയുന്നത് മുഴുവന്‍ അസംബന്ധമാണ്. ആ അസംബന്ധങ്ങളെ മുഴുവന്‍ തലക്കെട്ടുകളിലേക്ക് സന്നിവേശിപ്പിക്കുകയാണ്. ഭയങ്കരമായ മോറല്‍ പൊസിഷനില്‍ ഇദ്ദേഹം നില്‍ക്കുന്നതായിട്ടാണ് പറയുന്നത്. അപ്പോള്‍ നമുക്ക് പഴയ വൈസ്രോയിവാഴ്ചയിലേക്കോ കോളനിവാഴ്ചയിലേക്കോ ഒക്കെ പോകണം എന്നാണോ മാധ്യമങ്ങള്‍ പറയുന്നത്.
ഇവിടത്തെ പ്രതിപക്ഷം അവരുടെ സഖ്യകക്ഷി നേതാവായ, ഭാരത് ജോഡോ യാത്രയ്ക്ക് പതാക വീശിക്കൊടുത്ത എം.കെ. സ്റ്റാലിന്‍, ഗവര്‍ണറും യൂണിവേഴ്‌സിറ്റികളും തമ്മിലുള്ള സമവാക്യത്തെക്കുറിച്ച് പറഞ്ഞതെന്താണെന്ന് ഒന്ന് പഠിച്ചാല്‍ മതി. പിണറായി വിജയന്‍ എന്തായാലും വൈസ് ചാന്‍സലര്‍മാരുടെ യോഗമൊന്നും വിളിച്ചിട്ടില്ലല്ലോ.
അന്ന് അംബേദ്കർ പറഞ്ഞു...
സംസ്ഥാനങ്ങളുമായുള്ള സംഘര്‍ഷം എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഒരു അജണ്ടയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഫെഡറലിസം ഇത്ര ബാധിക്കപ്പെട്ട കാലമുണ്ടായിട്ടില്ല, രാഷ്ട്രീയമായും സാമൂഹികമായും നിയമപരമായും സാമ്പത്തികമായുമെല്ലാം. പ്രധാനമായി രണ്ട് കാരണങ്ങളുണ്ടിതിന്. ഒന്ന്, ഇവരുടെ ഐഡിയോളജി എന്നത് ഒരു മതം, ഒരു നേതാവ്, ഒരു പ്രത്യയശാസ്ത്രം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്നതാണ്. ഇത് കേന്ദ്ര - സംസ്ഥാന ബന്ധങ്ങളിലും പ്രതിധ്വനിച്ചുതുടങ്ങി.

ഇന്ത്യയില്‍ ഭരണഘടന അംഗീകരിച്ച ഫെഡറല്‍ തത്വങ്ങളെ മുഴുവന്‍ ഓരോ വര്‍ഷം കൂടുമ്പോഴും ചോര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
ഗവര്‍ണറെ തെരഞ്ഞെടുക്കണോ എന്ന ചോദ്യം വന്നപ്പോള്‍ ബി.ആർ. അംബേദ്കര്‍ പറഞ്ഞത്, ഇലക്റ്റ് ചെയ്യാന്‍ പറ്റില്ല എന്നാണ്. കാരണം ഈ പദവിക്ക് പ്രത്യേക അധികാരമൊന്നുമില്ലല്ലോ. ഇലക്ഷന്‍ എന്നത് ജനങ്ങളുടെ ഹിതമാണ്. അങ്ങനെ തെരഞ്ഞെടുക്കുമ്പോള്‍ സവിശേഷ അധികാരമുണ്ടാകും. ഇത് അംബേദ്കര്‍ വ്യക്തമാക്കിയതാണ്. പക്ഷെ ഇപ്പോള്‍ ഗവര്‍ണര്‍ പറയുകയാണ്, താനാണ് എല്ലാം എന്ന്. ജനം തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനുമുകളില്‍ എവിടുന്നോ വന്ന ഒരാള്‍ പറയുകയാണ്, ഞാനാണ് ഇവിടെ ഭരിക്കുന്നതെന്ന്.
ഭരണഘടനയെ അംഗീകരിക്കുന്ന സമയത്ത്, കേന്ദ്രത്തിന് കുറച്ച് അധികാരം കൂടുതല്‍ വെക്കുമ്പോള്‍ നെഹ്‌റു പറഞ്ഞ ഒരു കാര്യമുണ്ട്; ഇന്ത്യ എന്ന രാജ്യം ഒരപകടത്തിലേക്ക് പോകാതിരിക്കാനും ഇന്റര്‍നാഷണല്‍ ഫോറത്തില്‍ ഇന്ത്യക്ക് ഒരു അഭിപ്രായമുണ്ടെന്ന് തോന്നിപ്പിക്കാനും അങ്ങനെ വേണ്ടിവരും. അന്ന് ഒരുപാട് ഭൂമികകളെ കൂട്ടിച്ചേര്‍ക്കുമ്പോള്‍, അത് ചേര്‍ന്നുനില്‍ക്കുമോ എന്ന ആശങ്കയുടെ പേരിലാണ് കുറച്ച് അധികാരം കൂടുതല്‍ കൊടുത്തത്. അതല്ലാതെ നല്ല രീതിയില്‍ പോകുന്ന കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാന്‍ വേണ്ടിയല്ല എന്ന് നെഹ്‌റുവിന്റെ വാക്കുകളിലുണ്ട്. കേന്ദ്രവും സംസ്ഥാനവും ഒരുപോലെ ഭരണഘടനയുടെ സന്തതികളാണ്, അതുകൊണ്ട് ഒന്ന് ഒന്നിനോട് വലുതോ ചെറുതോ അല്ല എന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്.
ആഭ്യന്തര യുദ്ധത്തിലൂടെ കടന്നുപോയിട്ടുള്ള രാജ്യമാണ് അമേരിക്ക. എന്നിട്ടുപോലും അവര്‍ ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷനാണ് അംഗീകരിച്ചത്.രാജ്യവുമായി ബന്ധപ്പെട്ട അധികാരങ്ങളൊഴിച്ച് ബാക്കി എല്ലാം അവിടെ പ്രവിശ്യകളിലാണ്. അവിടെ ഒരു കൗണ്ടിക്ക് പോലും അധികാരങ്ങളുണ്ട്. പൊലീസ് ഒരു സിറ്റിയുടെ പൊലീസാണ്. ന്യൂയോര്ക്ക്പൊലീസിനെ NYPD എന്നാണ് പറയുന്നത്. ഒരു പ്രവിശ്യയില്‍ തന്നെ അവിടത്തെ സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണങ്ങള്‍ നടത്താം. അങ്ങനെയാണ് അവിടത്തെ ഫെഡറലിസം.
കേന്ദ്രം കവർന്നെടുക്കുന്ന അധികാരങ്ങൾ
ഫെഡറലിസത്തില്‍ സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള ചില വിഷയങ്ങള്‍ ചില സമയത്ത് കണ്‍കറൻറ് പട്ടികയിലേക്ക് കൊണ്ടുപോകും. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസാണ് അങ്ങനെ ചെയ്തത്. സ്‌റ്റേറ്റ് ലിസ്റ്റിലുള്ള വിഷയങ്ങളില്‍ ഇവര്‍ നിയമനിര്‍മാണം നടത്തുകയാണ്. ഉദാഹരണത്തിന്, ഭരണഘടനാ പ്രകാരം കൃഷി സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള വിഷയമാണ്. വിവാദമായ കൃഷി ബില്ലുകള്‍ മുഴുവന്‍ അതിന്റെ മുകളിലായിരുന്നു. വിദ്യാഭ്യാസം കണ്‍കറൻറ് ലിസ്റ്റിലാണ്. രണ്ട് കൂട്ടര്‍ക്കും നിയമനിര്‍മാണം നടത്താം. പക്ഷെ ഇന്ന് വിദ്യാഭ്യാസരംഗത്ത് കാണുന്നതെന്താണ്? എഡ്യൂക്കേഷന്‍ പോളിസി ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണ്.
പി.എം ശ്രീ സ്കൂളുകൾ എന്തിന്?
കഴിഞ്ഞ ദിവസം പി.എം. ശ്രീ സ്‌കൂളുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു. ഇത് അധികമാരും ചര്‍ച്ച ചെയ്യാത്ത ഒരു കാര്യമാണ്. ഇന്ത്യയിലാകമാനം 14,500 സ്‌കൂളുകള്‍ പി.എം. ശ്രീ എന്നുപറയുന്ന ഒരു പട്ടികയിലുള്ള മാതൃകാ സ്‌കൂളുകളായി മാറും. കേന്ദ്രം 60 ശതമാനം പണം തരും, 40 ശതമാനം സംസ്ഥാനം എടുക്കണം. ഇവിടെയുള്ള ഏതാണ്ടെല്ലാ സ്‌കൂളുകളും പി.എം. ശ്രീയെക്കാളൊക്കെ മുകളിലുള്ളവയാണ്. ബിഹാറിലോ ഉത്തര്‍പ്രദേശിലോ ഒക്കെ വേണ്ട ഒരു പരിപാടിക്കുവേണ്ടി നമ്മുടെ നികുതിപ്പണമെടുത്ത് ഇങ്ങനെയൊരു പദ്ധതിയുണ്ടാക്കി അതില്‍ 40 ശതമാനം നമ്മളിടണമെന്നു പറയുന്നു. നമ്മള്‍ നേരത്തെ ആ ത്രഷോള്‍ഡ് മറികടന്നതുകൊണ്ട് നമുക്ക് ആ പണം കിട്ടുകയുമില്ല. നമുക്ക് അതിന്റെ ആവശ്യവുമില്ല. യഥാര്‍ഥത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കേണ്ട നികുതിപ്പണത്തിനുപകരം വീതിച്ചുനല്‍കേണ്ടാത്ത രീതിയില്‍ സര്‍ചാര്‍ജും സെസും ചുമത്തി അവരുടെ വിഹ്വലമായ ഭാവനയ്ക്കനുസരിച്ച് സ്‌കീമുണ്ടാക്കുകയാണ്. എന്നിട്ട് അതിന് നമ്മള്‍ സംഭാവന ചെയ്യണമെന്ന് പറയുന്നു.
ഇപ്പോള്‍ കേന്ദ്ര സര്‍വകലാശാലകളില്‍ CUET എന്ന യോഗ്യതാസംവിധാനം കൊണ്ടുവന്നു. കുട്ടികള്‍ 12-ാം ക്ലാസില്‍ രാപകൽ പഠിച്ച് നേടുന്ന മാര്‍ക്ക് ഇതിൽ പരിഗണിക്കപ്പെടില്ല. നഗരങ്ങളിലെ കോച്ചിങ് സെന്ററുകളില്‍ പരിശീലനം നേടുന്ന സമ്പന്നരുടെ മക്കള്‍ക്കുമാത്രം പ്രവേശനം ലഭിക്കുന്ന രീതിയിലേക്ക് മാറ്റുകയാണ്. സംസ്ഥാന സര്‍ക്കാരുകളോട് അഭിപ്രായം പോലും ചോദിക്കാതെയാണ് ഇത് അടിച്ചേല്‍പ്പിച്ചത്.
ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും മോശം വി.സി.യായിരുന്നു ജഗദീഷ് കുമാര്‍. അവിടത്തെ കുട്ടികളെ രാജ്യദ്രോഹികളാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഒരേയൊരു പണി. ഈ വി.സി യൂണിവേഴ്‌സിറ്റി കുട്ടിച്ചോറാക്കി. ആ ജഗദീഷ് കുമാറിനെയാണ് കേന്ദ്രം ഏകപക്ഷീയമായി യു.ജി.സി. ചെയര്‍മാനാക്കിയത്. ആ യു.ജി.സി. ചെയര്‍മാനാണ് ഇതുപോലെയുള്ള വികല പദ്ധതികള്‍ കൊണ്ടുവരുന്നത്. ഇപ്പോള്‍ ജെ.എന്‍.യു വി.സിയായി നിയമിച്ചത് ശാന്ത്രിശ്രീ പണ്ഡിറ്റിനെയാണ്. കെ.ആര്‍. നാരായണനെപ്പോലെയുള്ള ഒരാളൊക്കെ വി.സി.യായിരുന്ന ഒരു യൂണിവേഴ്‌സിറ്റിയിലാണിത്.

ആരിഫ് മുഹമ്മദ് ഖാന്‍ വിചാരിക്കുന്നത് ജഗദീഷ് കുമാറിനെപ്പോലെയും ശാന്ത്രിശ്രീ പണ്ഡിറ്റിനെപ്പോലെയുമൊക്കെ, യാതൊരു യോഗ്യതയുമില്ലാത്ത ആളുകളെ നമ്മുടെ യൂണിവേഴ്സിറ്റികളിൽ കൊണ്ടുവരാമെന്നാണ്. അതുകൊണ്ടാണ് സ്റ്റാലിന്‍ പറഞ്ഞത്, ഈ യൂണിവേഴ്‌സിറ്റി സംസ്ഥാനത്തിന്റേതാണ്, ജനങ്ങളുടേതാണ്, നിയമസഭയാണ് നിങ്ങളെ നിയന്ത്രിക്കുന്നത്, അല്ലാതെ വേറെ എവിടെ നിന്നെങ്കിലും വന്ന ഏജന്റല്ല എന്ന്. അതാണ് ആരിഫ് മുഹമ്മദ് ഖാന്‍ മനസ്സിലാക്കേണ്ടത്.
പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ഇര്‍ഫാന്‍ ഹബീബിനെപ്പോലെ ഒരാളെ ക്രിമിനലെന്നും ഗുണ്ടയെന്നുമൊക്കെ വിളിക്കാന്‍ അദ്ദേഹത്തിന് എങ്ങനെയാണ് പറ്റുന്നത്. മഹാത്മാഗാന്ധിയുടെ സന്തതസഹചാരിയായിരുന്നയാളുടെ പേരക്കിടാവാണിയാള്‍. സ്വാതന്ത്ര്യസമരത്തിന്റെ നീണ്ട വഴിത്താരയിലൂടെ വന്നയാളാണ്. പണ്ഡിതനായ ഒരു വ്യക്തി 90-ാം വയസ്സില്‍ ഇയാളെ ആക്രമിക്കാന്‍ വരുന്നുവെന്ന്. എന്നിട്ട് കാണിച്ച ദൃശ്യം എന്താണ്?
ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിട്ടുണ്ട്, താൻ ജനങ്ങളുടെ ഇടയിലേക്ക് പോകുമെന്ന്. അത് വളരെ ശരിയാണ്. അദ്ദേഹം രാജിവെച്ച് കെ. സുരേന്ദ്രന്റെ അടുത്തുപോയി ബി.ജെ.പി.ക്കുവേണ്ടി ഇവിടെ മത്സരിക്കണം. ഒന്നരവര്‍ഷത്തിനകം ലോക്‌സഭ തെരഞ്ഞെടുപ്പ് വരികയാണ്. അല്ലെങ്കില്‍ യു.പി.യില്‍ പോകട്ടെ. അവിടത്തെ എല്ലാ രാഷ്ട്രീയക്കാരുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. കാരണം എല്ലാ പാര്‍ട്ടിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്രയും ബന്ധുബലമുള്ള ആളാണ്. ആ ബന്ധുബലം ഉപയോഗിച്ച് അദ്ദേഹം ഒരു സീറ്റ് വാങ്ങി മത്സരിക്കുകയാണ് ഇനി വേണ്ടത്.
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
പി.ഡി.ടി. ആചാരി
Jan 11, 2023
3 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 04, 2023
12 Minutes Read
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read