ഫഹദ് ഫാസിലിൻറെ പുതിയ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നുവെന്ന് പൊസിറ്റീവായ വാർത്ത. സിനിമാ മുതലാളിമാരുടെ വിലക്ക് മറികടക്കാൻ പറയുന്ന കാരണം വളരെ ബോധിച്ചു. ഈ സിനിമ ഡോക്യുമെൻററി ശൈലിയിലാണെടുപ്പ്. അടച്ചിരിപ്പിന്റെ ആത്മഹത്യാ മുനമ്പുകൾക്ക് മുമ്പിൽ സിനിമ തുറന്നിടുന്ന പല വഴികളിൽ തൽക്കാലം ഡോക്യുമെൻററിക്കും രാവണൻ കോട്ടയിലേക്ക് വിസിറ്റിംഗ് വിസ കിട്ടുന്നുണ്ട്.
രാം ഗോപാൽ വർമ്മ ഒരു തെന്നിന്ത്യൻ സാന്നിധ്യം. ഹിന്ദി സിനിമയിലേക്ക് അർമാദിച്ച് കയറിയ "Rangeela' എന്ന സിനിമ കഴിയുമെങ്കിൽ ഒന്നുകൂടി കാണേണ്ടതാണ്. കാണികളോടൊപ്പം ഇരുന്നാണെങ്കിൽ ഞാൻ എല്ലാതരം സിനിമകളും കാണാറുണ്ട്. കാര്യകാരണ ബന്ധം അഥവാ Cause and effect എന്ന സംഗതി കഥപറച്ചിലിൽ വളരെ പ്രധാനമാണ്. എവിടെയാണ് ജനം നിശബ്ദരാകുന്നത്, എവിടെയാണ് ചിരിക്കുന്നത്, എവിടെയെത്തിയപ്പോഴാണ് കോട്ടുവായ് ഇടുന്നത് എന്നൊക്കെ അറിയാതെ സിനിമയെടുക്കുന്നവർ ഗീർവാണം വിട്ടാൽ തീരുന്നതല്ല ഈ പ്രശ്‌നം. കച്ചവടമായാലും കഥയായാലും.
"Rangeela' യിൽ ഹിന്ദി സിനിമയിൽ നടന്ന ഒരു അട്ടിമറിയുടെ തുടക്കമുണ്ട്. ആ അടഞ്ഞ ആവാസ വ്യവസ്ഥയിലേക്ക് കാറ്റും വെള്ളവും കടത്തി വിട്ടവരിൽ രാം ഗോപാൽ വർമ്മയ്ക്കുള്ള സ്ഥാനം ഗൗരവമായി അടയാളപ്പെടുത്തേണ്ടതാണ്. ഇരുപത് മിനിറ്റ് നീണ്ട ന്യൂസ് റീൽ കഷായം പിന്നീട് ന്യൂസ് മാഗസിനുകളായി പ്രധാന സിനിമ തുടങ്ങും മുമ്പ് തിയ്യറ്ററുകളിൽ വിരാജിച്ചിരുന്ന വെള്ളിത്തിരക്കാലം. ബോംബെയുടെ ghetto life രാം ഗോപാൽ വർമ്മ തിരശ്ശീലയിൽ എത്തിച്ചപ്പോൾ, ഫിലിംസ് ഡിവിഷൻ ഡോക്യുമെന്ററിയും മുഖ്യസിനിമയും തമ്മിൽ ഒരു സ്ഥല-ജല വിഭ്രാന്തിയുണ്ടായത് ഓർക്കുന്നു. ബോംബെയിലെ EROS തിയ്യറ്ററിൽ "Rangeela' യുടെ ആദ്യ ദർശനം നടക്കുമ്പോൾ പലവർണ്ണങ്ങളിലുള്ള പുകയും കാറ്റും വളവളപ്പുംകൊണ്ട് കാണികളെ നടുക്കി. വളരെ ലളിത വസ്ത്രധാരിയായിരുന്ന സംവിധായകൻ ഒന്നോ രണ്ടോ വാചകങ്ങൾ പറഞ്ഞ് നിർത്തി. അടിപൊളിയും സർക്കസുമില്ലാതെ സിനിമാ വ്യവസായത്തിന് പിടിച്ച് നിൽക്കാനാവില്ല. എന്നാൽ സിനിമയ്‌ക്കോ? അത് കണ്ട് തുടങ്ങി ഏതാനും മിനിറ്റുകൾക്കകം ചലനം ഉണ്ടാകുന്നില്ലെങ്കിൽ അതൊരു ചത്ത സിനിമ തന്നെയാണെന്ന് രാം ഗോപാൽ വർമ്മ പറഞ്ഞുവെച്ചു.
എന്നാൽ പിന്നീട് സംഭവിച്ചതോ, മറ്റേതൊരു മെഗലോമാനിയാക്കിനും സംഭവിക്കാവുന്നത് തന്നെ അയാൾക്കും സംഭവിച്ചു. കാണികളുടെ നാഡിമിടിപ്പ് മനസ്സിലാക്കിയില്ല. മണിയടിക്കാരുടെ മണിയൊച്ചകൾക്ക് മാത്രം കാതോർത്തു. അങ്ങനെ കട്ടപ്പുറത്തായി. എന്നാൽ ഇപ്പോഴിതാ അടച്ചിരിപ്പിന്റെ
കൊറോണക്കാലത്ത് രാം ഗോപാൽ വർമ്മ കോടികൾ സമ്പാദിച്ച ഒരു ഓൺലൈൻ സിനിമ റിലീസ് നടത്തി. സോഷ്യൽ മീഡിയയിലൂടെ അതിന്റെ shooting stills പ്രചരിപ്പിച്ചു. സംഭവം റിലീസിങ്ങിന് മുമ്പേ തരംഗമായി. ഒരു പൊതുസുഹൃത്ത് വഴി എന്റെ മെയിൽ ബോക്‌സിലും ആ പടങ്ങൾ എത്തി.
OTT platform കളെ സെൻസറിംഗിന്റെ ഫ്രെയിം വർക്കിൽ കൊണ്ടുവരും വരെ സിനിമക്ക് ശരിക്കും നല്ലകാലമാണെന്നാണ് ഞാൻ കരുതുന്നത്. ഒരു porn star, ഒരു SLR ക്യാമറ, ഒരു ഒഴിഞ്ഞ ഫ്‌ളാറ്റ്. രാം ഗോപാൽ വർമ്മയുടെ മുഴുനീള ചിത്രം റെഡി. ഊർമിള മഡ്ഗാവ്ൻകറെക്കൊണ്ട് ഇടുപ്പെല്ല് പൊട്ടുംവരെ തുള്ളിക്കലോ ഒരു ജൗളിക്കട പൂർണ്ണമായും ചുമന്ന് കൊണ്ടുനടക്കാൻ കോസ്റ്റിയൂം ഡിസൈനറുടെ പെടാപ്പാടോ ഒന്നും വേണ്ടി വന്നില്ല. ഇതാണ് ഒരു വഴി. അടച്ചിടൽ സിനിമയുടെ വാർപ്പ് മാതൃകകൾ മറ്റ് പലതുമുണ്ട്. ലോകസിനിമയിലെ എത്രയോ അതികായന്മാർ ആത്മാവിന്റെയും ആവിഷ്‌കാരത്തിന്റെയും നഗ്നതക്കായി സ്വയം അടച്ചിട്ടതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ പള്ളി ഗോപുരം പോലെ തലയുയർത്തി നിൽക്കുന്നത് ഇൻഗ്മാർ ബർഗ്മാൻ എന്ന നാമം തന്നെയാണ്.
ബർഗ്മാൻ പ്രിയപ്പെട്ട ക്യാമറാമാൻ Nykvist നോടൊപ്പം എത്രയോ ദിവസങ്ങളാണ് സ്വീഡനിലെ ഒരു പള്ളിയിൽ അടച്ചിട്ടിരുന്നത്! ഏതൊക്കെയെരിവിൽ, എത്ര തീവ്രതയിൽ പകലിന്റെ സൂര്യസഞ്ചാരം പള്ളിക്കകത്ത് നിഴലും വെളിച്ചവുമായി മാറിമാറിക്കളിക്കുന്നു എന്ന് നിരീക്ഷിക്കാനായിരുന്നു അത്. അതാണ് നേരത്തേ സൂചിപ്പിച്ച സിനിമയുടെ മറ്റ് സാധ്യതകളിൽ ഗുണപരമായ ഒന്ന്. വ്യക്തിപരമായി ഒരു ക്യാമറയും, മനേഷ് മാധവനെപ്പോലെ ഒരു ക്യാമറാമാനും ഉണ്ടെങ്കിൽ പിന്നെ വേണ്ടത് വെളിച്ചം വീഴാൻ വേണ്ടി ക്യാമറക്ക് മുമ്പിൽ നിൽക്കുന്ന മൂർച്ചയുള്ള മുഖങ്ങളാണ്. അത് ഫഹദ് ഫാസിലോ അനുമോളോ ഇന്ദ്രജിത്തോ ഒക്കെ ആകുമ്പോൾ കാര്യങ്ങൾ സുഗമമാകുന്നു. ഗൊദാർദ് എന്ന കിറുക്കൻ ഇതൊക്കെ എത്രയോ മുമ്പ് പ്രവചിച്ചതാണ്. എഴുത്തുകാരന് കടലാസും പേനയും എന്നത് പോലെ സിനിമയെടുക്കാൻ കഴിയുന്ന കാലം. ആ കൂട്ടായ്മയിലേക്ക് ഇനിയും ചേക്കേറാനുള്ളത് അഭിനേതാക്കളാണ്. രാം ഗോപാൽ വർമ്മയോടൊപ്പമുള്ള Porn star ന്റെ മുഖഭാവങ്ങൾ നോക്കിയാൽ ആ ഭൂഖണ്ഡം നമ്മുടെ നല്ല ആർട്ടിസ്റ്റുകൾക്കും കാണാൻ കഴിയേണ്ടതാണ്.
Assetou Xango എന്നൊരു അമേരിക്കൻ കറുത്ത കവിയുണ്ട്. ജനിച്ചപ്പോൾ തന്റെ
മേൽ വന്നുവീണ പേര്, വളർന്നതോടെ മാറ്റുകയും, ചരിത്രവും സംസ്‌കാരവും ക്രോഡീകരിക്കുന്ന Assetou Xango എന്ന പേര് സ്വീകരിക്കുകയുമാണ് അവർ ചെയ്തത്. തന്റെ പേര് മാറ്റുന്നതിലൂടെ ഗുപ്തമായ വംശവെറിയുടെ തനി സ്വരൂപം വിവൃതമാക്കുകയാണ് കവി ചെയ്തത് എന്നാണ് നിരൂപകമതം. എന്താണ് തന്റെ
പേരിന്റെ അർത്ഥം എന്ന് എന്തുകൊണ്ടാണ് തന്നോട് മാത്രം ചോദിക്കുന്നത് എന്നാണതിന്റെ പൂഴിക്കടൻ മട്ട്. അങ്ങനെയെങ്കിൽ LINDA- നിന്റെ പേരിന്റെ
അർത്ഥം എന്താണ്? ഇംഗ്ലീഷിൽ അർത്ഥം കൽപ്പിക്കാനായില്ലെങ്കിൽ ഒരു പേര് പോലും അല്ലെന്നാണോ? വിളിക്കാൻ വിഷമമുള്ള പേരുകൾ പെൺകുട്ടികൾക്ക് നൽകൂ വെന്ന ക്ഷുഭിത യൗവ്വനമാണ് കവിതയിലെ ഇരമ്പൽ.
Assetou Xango യുടെ കവിത വായിച്ച ദിവസം തന്നെയാണ് Ira Tarore എന്ന guinian footballer ടെ പാരീസ് തെരുവ് പ്രകടനവും കണ്ടത്. ചങ്ങാതിയും എഡിറ്ററുമായ ATISH NANDY യും കലാചരിത്ര വിദ്യാർത്ഥിയായ SUBHASIS CHAKRAVORTY യുമായി ആശയം ചർച്ച ചെയ്തു. അവർ രണ്ട് പേരും ചേർന്ന് വീഡിയോയും ഓഡിയോയും ഇട്ട് തട്ടിക്കളിച്ചപ്പോൾ അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന് പാട്ടും താളവും നൽകിയ Billie Holiday എന്ന ജാസ് സിംഗറും വന്നുചേർന്നു.
ഇവരെല്ലാം പല കാലങ്ങളിൽ പല രംഗങ്ങളിൽ പല സ്ഥലങ്ങളിൽ ചിതറിക്കിടക്കുന്നത് ബഹുകാലമായും ഏകസ്ഥലിയായും മാറുകയാണ് ഈ വീഡിയോയിൽ. ഈ വീഡിയോക്ക് ഞങ്ങൾ ഒരു പേരും നൽകുന്നില്ല. കൊൽക്കത്തയിലെ മൂന്നിടങ്ങളിൽ ഇരുന്ന് തമ്മിൽക്കാണാതെ ചെയ്ത ഈ വീഡിയോയും അതിന്റെ സാംസ്‌കാരിക മൂലധനമായ കവി, ഫുട്‌ബോളർ, Jazz Singer എന്ന ത്രിത്വവും വിചിത്രമായ ഏതോ ഘർഷണത്തിലൂടെ ചലനവും സ്പന്ദനവും തീർക്കുന്നുണ്ട് എന്ന ഉറപ്പിൽ ഈ വീഡിയോ സമർപ്പിക്കുകയാണ്. അടച്ചിരിപ്പിലും തുറവികൾ തീർക്കാൻ.
Epilogue- ക്യാമറക്ക് മുന്നിൽ നിൽക്കുന്ന ഒരു അഭിനേതാവിന്റെ ആത്മാവ് പൂർണ്ണമായും നഗ്നമാണെന്ന് ഇൻഗ്മാർ ബർഗ്മാൻ.
-ആത്മാവില്ലെങ്കിൽ പിന്നിൽ നിൽക്കാമെന്ന് രാം ഗോപാൽ വർമ്മ.