ജനസംഖ്യയുടെ മൂന്നിലൊന്ന് മനുഷ്യർ വിദ്യാഭ്യാസ പ്രക്രിയയുമായി നേരിട്ട് ബന്ധപ്പെടുന്ന സംസ്ഥാനമാണ് കേരളം. സ്‌കൂളിൽ, കോളേജിൽ പോകുക എന്ന കാര്യം അടുത്ത കാലത്തൊന്നും നടക്കില്ല എന്നത് എല്ലാവർക്കും അറിയാം. സ്‌കൂൾ തുറക്കുന്നത് കോവിഡിനെ കുട്ടികളിലേക്കും അധ്യാപകരിലേക്കും വ്യാപിപ്പിക്കാനേ ഉപകരിക്കൂ എന്ന കാര്യത്തിലും ആർക്കും സംശയമില്ല. പക്ഷേ സർക്കാർ, വിദ്യാഭ്യാസ വകുപ്പ് ഉത്തരം നൽകേണ്ട, വ്യക്തത വരുത്തേണ്ട നിരവധി ചോദ്യങ്ങളുണ്ട്. കുട്ടികളുടെ ഭാവി എന്നതിനേക്കാൾ കുട്ടികളുടെ നിലവിലെ അവസ്ഥയെ അഡ്രസ് ചെയ്യേണ്ട ബാധ്യത സർക്കാരിനുണ്ട്.
ഈ വ്യക്തതയില്ലായ്മ ഓരോ കുടുംബത്തിനകത്തും വ്യക്തികളിലും സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥ ചെറുതല്ല. കുട്ടികൾ ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. രക്ഷിതാക്കൾ ഉന്നയിക്കുന്നുണ്ട്. ഉത്തരം പറയാനറിയാതെ അധ്യാപകർ നിന്ന് പരുങ്ങുന്നുണ്ട്. വിദ്യാഭ്യാസ പ്രവർത്തകർ ചോദ്യങ്ങളെ വഴിമാറ്റി വിടുകയോ നിശ്ശബ്ദരാവുകയോ ചെയ്യുന്നുണ്ട്. പൊതുപരീക്ഷയായതുകൊണ്ടുതന്നെ പത്താം ക്ലാസിലും പ്ലസ്ടുവിനും പഠിക്കുന്ന കുട്ടികളുടെയും അവരെ പഠിപ്പിക്കുന്ന അധ്യാപകരുടേയും അവരുടെ രക്ഷിതാക്കളുടേയും അവസ്ഥ അതിദയനീയമാണ്. ഡിജിറ്റൽ ഡിവൈഡ് ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ ചില്ലറയല്ല.
ദിവസവും വൈകുന്നേരം കോവിഡ് അപ്‌ഡേറ്റിന് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നുണ്ട്. ഇന്നുവരെ, മുഖ്യധാരാ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ജേണലിസ്റ്റ് മുഖ്യമന്ത്രിയോട് കേരളത്തിലെ മൂന്നിലൊന്ന് മനുഷ്യരെ നേരിട്ട് ബാധിക്കുന്ന വിദ്യാഭ്യാസ വിഷയത്തിൽ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. സങ്കുചിതവും നിലവാരമില്ലാത്തതുമായ ചോദ്യങ്ങളുടെ ആവർത്തനങ്ങൾ കൊണ്ട് വാർത്താസമ്മേളനങ്ങളെ ദുർബലപ്പെടുത്തുകയാണ് മാധ്യമ പ്രവർത്തകർ. മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യം ചോദിക്കാൻ നിരന്തരം അവസരം ലഭിക്കുമ്പോഴും ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കഴിയാതെ, ജനപ്രതിനിധികളെക്കൊണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഉത്തരം പറയിപ്പിക്കാൻ കഴിയാതെ, ജനങ്ങളെ പ്രതിനിധീകരിക്കാൻ കഴിയാതെ പരാജയപ്പെടുകയാണ് ജേണലിസ്റ്റുകൾ.
മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉത്തരം പറയാനും വ്യക്തത വരുത്താനും ബാധ്യസ്ഥമായ ചില ചോദ്യങ്ങൾ ചോദിക്കുകയാണ് ഇവിടെ.
1. സംസ്ഥാനത്തെ ഓൺലൈൻ വിദ്യാഭ്യാസം രണ്ടരമാസം പിന്നിടുകയാണ്. മറ്റ് പോംവഴികളില്ലാത്തതുകൊണ്ടാണ് ഓൺലൈൻ രീതിയിലേക്ക് പോകേണ്ടിവന്നത് എന്ന് എല്ലാവർക്കും അറിയാം. എല്ലാ കുട്ടികളിലേക്കും ക്ലാസുകൾ എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടുണ്ടോ?
2. ഫസ്റ്റ് ബെൽ പ്രോഗ്രാം വിദ്യാഭ്യാസ ബദലല്ല എന്ന് സർക്കാർ പ്രതിനിധികൾ വ്യക്തമാക്കുന്നുണ്ട്. അങ്ങനെയെങ്കിൽ എന്താണ് സർക്കാർ പ്രയോഗവത്കരിക്കാൻ ഉദ്ദേശിക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ രീതി? അഥവാ പൂർണമായും ഓൺലൈനായ ഒരു വിദ്യാഭ്യാസ രീതിയെക്കുറിച്ച് സർക്കാർ കാഴ്ചപ്പാട് എന്താണ്?
3. സമ്പന്നരും മധ്യവർഗവും കുട്ടികൾക്ക് പഠനം ഉറപ്പുവരുത്താൻ പ്രാപ്തിയുള്ളവരാണ്. എന്താണ് അതല്ലാത്ത സമൂഹത്തിലുള്ള കുട്ടികളുടെ സ്ഥിതി? ആദിവാസി മേഖലകൾ, കടലോരമേഖലകൾ, ദളിത് കോളനികൾ എന്നിവിടങ്ങളിലെ സ്‌കൂൾ/ കോളേജ് കുട്ടികളുടെ പഠനത്തിന്റെ അവസ്ഥ എന്താണ്? ഇതു സംബന്ധിച്ച ഡാറ്റ സർക്കാരിന്റെ കൈവശമുണ്ടോ?
4. ഈ വർഷം സ്‌കൂൾ തുറക്കുക എന്നത് ഒരു ഉറപ്പും ഇല്ലാത്ത കാര്യമാണ്. അങ്ങനെയെങ്കിൽ ഈ അധ്യയന വർഷം എന്തായിത്തീരുമെന്ന കാര്യത്തിൽ സർക്കാർ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയിട്ടുണ്ടോ? ഒരു വർഷത്തേയ്ക്കുള്ള സിലബസ് അതേ രീതിയിൽ തുടരുമോ?, സിലബസ് കുറയ്ക്കുമോ? സാമ്പ്രദായിക രീതിയിലുള്ള പരീക്ഷകൾ നടത്തുമോ?
5. ഈ വർഷം സീറോ അക്കാദമിക് ഇയർ ആക്കി മാറ്റുമോ? സീറോ അക്കാദമിക് ഇയർ എന്നത് ഒരു സങ്കീർണ പ്രക്രിയയായതിനാൽ, ഇതുസംബന്ധിച്ച് സ്വീകരിക്കേണ്ട ഒരുക്കങ്ങളെക്കുറിച്ച് എന്തെങ്കിലും ആലോചന നടക്കുന്നുണ്ടോ? ചോദിക്കാൻ കാരണം, സ്‌കൂൾ അധികൃതർക്കോ വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ ഇക്കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല എന്നതാണ്.
6. ഡിജിറ്റൽ ഡിവൈഡ് എന്ന യാഥാർത്ഥ്യത്തെ വിദ്യാഭ്യാസ വകുപ്പ് യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊണ്ടിട്ടുണ്ടോ? ഓൺലൈൻ എന്ന പേരിട്ട് വിളിക്കുന്നുണ്ടെങ്കിലും അധ്യാപകർ ക്ലാസെടുക്കുന്നത് ഷൂട്ട് ചെയ്ത് വിക്ടേഴ്‌സ് ചാനലിലൂടെ ടെലിവിഷനിൽ കാണിക്കുക എന്നതാണല്ലോ വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ സ്‌കൂളുകൾക്കായി ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ടെലിവിഷൻ എല്ലാ കുട്ടികൾക്കും എത്തിക്കുക എന്നത് ഒരു ദൗത്യമായി ഏറ്റെടുക്കുകയും സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെ അതുറപ്പാക്കുകയും ചെയ്തിട്ടുണ്ട് എന്ന് പറയാം. എന്നാൽ സ്‌കൂളുകളും കോളേജുകളും അവരുടേതായ രീതിയിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ക്ലാസുകൾ എടുക്കുകയും സ്റ്റഡിമെറ്റീരിയലുകൾ നൽകുകയും ചെയ്യുന്നുണ്ട്. സ്മാർട് ഫോൺ, ടാബ്ലറ്റ്, ലാപ്‌ടോപ്പ്, എന്നിവയില്ലാത്തവർ, ആവശ്യത്തിന് നെറ്റ് കണക്ടിവിറ്റി ഇല്ലാത്തവർ എന്ത് ചെയ്യും?
7. ഓൺലൈൻ ക്ലാസുകൾക്ക് പരിശീലിപ്പിക്കപ്പെട്ടവരല്ല ഇവിടത്തെ അധ്യാപകർ. സാമൂഹിക മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിൽ ഏറ്റവും പുറകിലുള്ളവരാണ് അധ്യാപക സമൂഹത്തിലെ ഒരു വലിയ വിഭാഗം എന്നും മുൻ കാലാനുഭവങ്ങളിൽ നിന്നു കൊണ്ട് വിമർശനാത്മകമായി പറയാം. ക്ലാസ് മുറികൾ പൂർണമായും ടെക്‌നോളജിയെ ആശ്രയിക്കുമ്പോൾ അധ്യാപകരുടെ ടെക്‌നോളജിക്കൽ നിരക്ഷരത വിദ്യാർത്ഥികളെ വല്ലാതെ ബാധിക്കില്ലേ? അധ്യാപകരെ പഠിപ്പിക്കുന്നതിനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ടോ?
8. വീട്ടിലിരിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ നമ്മൾ അഡ്രസ്സ് ചെയ്‌തേ മതിയാവൂ. മാർച്ച് അവസാനം മുതൽ ഇതുവരെ 18 വയസ്സിൽ താഴെയുള്ള 66 കുട്ടികൾ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി തന്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതൊരു ഭയപ്പെടുത്തുന്ന സംഖ്യയാണ്. പാഠഭാഗങ്ങൾ പിന്നീടും പഠിപ്പിച്ച് കൊടുക്കാൻ പറ്റുമായിരിക്കും. പക്ഷേ സ്‌കൂളിൽ പോകുമ്പോൾ മാത്രം പുറത്തിറങ്ങുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുണ്ട്. അവരുടെ നഷ്ടപ്പെട്ട സാമൂഹിക ജീവിതത്തിന്, കളികൾക്ക് സൗഹൃദങ്ങൾക്ക് എന്ത് പകരം നൽകാൻ കഴിയും? ഈ വിഷയത്തെ വിദ്യാഭ്യാസ വകുപ്പ് എങ്ങനെയാണ് കാണുന്നത്? അഡ്രസ്സ് ചെയ്യുന്നത്?
9. കോവിഡ് കാലം ഇതുപോലെ നീണ്ടുപോവുകയാണെങ്കിൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെ തിരുത്തിയെഴുതേണ്ടി വരില്ലേ? നമ്മുടെ രാജ്യം മാത്രമല്ല ലോകം മുഴുവൻ അതാണ് സ്ഥിതി. അത്തരത്തിലുള്ള പഠന ഗവേഷണങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടോ?
10. അനഘ ബാബു വെന്ന ദളിത് വിദ്യാർത്ഥിനിയ്ക്ക് അർഹമായ ലാപ്‌ടോപ്പ് കിട്ടുന്നതിന് ഹൈക്കോടതിയിൽ പോവേണ്ട അവസ്ഥയുണ്ടായി. അതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. സമാനമായ അനുഭവം പലരും പങ്കുവെച്ചു കഴിഞ്ഞു. എന്തുകൊണ്ടാണ് നമ്മുടെ ദലിത് / ആദിവാസി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം ഇന്നും ജാതിയുടേയും അപമാനത്തിന്റെയും സമ്പത്തിന്റേയും വിലക്കുകൾ ഉണ്ടാക്കുന്നത്? അനുവദിക്കപ്പെട്ട അർഹമായ പഠനോപകരണങ്ങൾ കയ്യിൽ കിട്ടുന്നതിനു പോലും സർക്കാർ സംവിധാനങ്ങളുടെ, അധികാരികളുടെ ജാതിബോധത്തെ മറികടക്കാൻ പാടുപെടുന്ന പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥി സമൂഹം അനുഭവിക്കുന്ന വിദ്യാഭ്യാസ രംഗത്തെ ഈ കടുത്ത പ്രതിസന്ധിയെ സർക്കാർ എങ്ങനെ പരിഹരിക്കും?