ജങ്ക് ഫുഡുകള്‍ക്ക്
ഫൈവ് സ്റ്റാര്‍ പദവി
കിട്ടുമ്പോള്‍
ജങ്ക് ഫുഡുകള്‍ക്ക് ഫൈവ് സ്റ്റാര്‍ പദവി കിട്ടുമ്പോള്‍
ഇന്ത്യയില്‍ അറുപതു ശതമാനത്തിലധികം പേര്‍ മരണപ്പെടുന്നത് പകര്‍ച്ചേതരവ്യാധികള്‍ മൂലമാണ്. ഇതിനു പ്രധാന കാരണം അമിതമായ കൊഴുപ്പും, പഞ്ചസാരയും, ഉപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ ആയി കഴിക്കുന്നതാണ്. ഇപ്പോള്‍ മാര്‍ക്കറ്റില്‍ പായ്ക്കറ്റുകളില്‍ ലഭ്യമാകുന്ന മിക്ക സംസ്‌കൃത ഭക്ഷണ ഉല്പന്നങ്ങളും, പാനിയങ്ങളും ഇത്തരത്തില്‍ പെട്ടതാണ്. ഭക്ഷ്യസുരക്ഷാ ലേബലിലൂടെ ഉപഭോക്താവിനെ ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി ആ ഉല്‍പ്പന്നം വാങ്ങുന്നതില്‍ നിന്നും ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യം വെക്കുന്നത്.
29 Nov 2022, 04:50 PM
സിഗരറ്റ് പായ്ക്കറ്റുകളുടെ പുറത്ത് ചിത്രങ്ങളോടുകൂടിയ അപായ സൂചന ലേബലുകള്‍ പതിപ്പിക്കുക എന്നത് വാങ്ങുന്നവരെ പിന്തിരിപ്പിക്കാനുതകുന്ന പുകയില വിരുദ്ധ നടപടിയായി ലോകമാകെ അംഗീകരിച്ച് നടപ്പിലാക്കിയ രീതിയാണ്. ഈ രീതി മറ്റ് ‘റിസ്‌ക്ക് ഉല്പന്ന’ങ്ങള്‍ക്കും ബാധകമാക്കാമെന്ന തത്വം വളരെ ലളിതവും സ്വീകാര്യവുമാണ്. ഈയൊരു അറിവിന്റെ വെളിച്ചത്തില്‍ മനുഷ്യര്‍ക്ക് ദോഷകരമായ ഭക്ഷണ പായ്ക്കറ്റുകളിലും സമാന അപായ സൂചനാ ചിത്രങ്ങള്‍ നല്‍കണമെന്ന് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ ഏജന്‍സിയായ കോഡക്‌സ് (Codex ) നിര്‍ദ്ദേശം നല്‍കിയിട്ട് വര്‍ഷം പത്ത് കഴിഞ്ഞു.
ഇതനുസരിച്ച്, പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ലേബലിൽ മിക്ക രാജ്യങ്ങളും ഇത് നടപ്പിലാക്കിയിട്ടുണ്ട്. ഈ ലേബലിംഗ് രണ്ടു തരത്തിലുണ്ട്. ഒന്ന്, പായ്ക്കറ്റിലടങ്ങിയ ഭക്ഷ്യവസ്തുക്കളിലെ പോഷക വിവരങ്ങള്‍ നല്‍കുന്ന ലേബല്‍ (കലോറി, പ്രോട്ടിന്‍, ഫാറ്റ്, വിറ്റാമിനുകള്‍, പ്രിസര്‍വേറ്റീവ് തുടങ്ങിയവയുടെ അളവുകള്‍). ഈ വിവരങ്ങള്‍ സാധാരണ പായ്ക്കറ്റിന്റെ പിന്‍വശത്താണ് വിശദമായി നല്‍കുന്നത്.
രണ്ട്, ഭക്ഷ്യവസ്തുവില്‍ അടങ്ങിയ ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങളുടെ (അമിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ്) വിവരങ്ങള്‍ സൂചനാ രൂപത്തില്‍ നല്‍കുന്നതാണ്; ഇത് പായ്ക്കറ്റിന്റെ മുന്‍വശത്ത് എളുപ്പം മനസ്സിലാകുന്ന /തെളിഞ്ഞു കാണുന്ന വിധത്തില്‍ നല്‍കണം (നിറങ്ങള്‍, ചിത്രങ്ങള്‍). ഇപ്പോള്‍ ലോകത്തെവിടെയും ജീവിത ശൈലിരോഗങ്ങളായ അമിതവണ്ണം, പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദയാഘാത രോഗങ്ങള്‍ തുടങ്ങിയവ ക്രമാതീതമായി കൂടിവരികയാണ്. ആഗോളീകരണത്തെ തുടര്‍ന്നുണ്ടായ "മാക് ഡൊണാള്‍ഡൈസേഷന്‍ ' എന്നറിയപ്പെടുന്ന അമിതമായ കൊഴുപ്പടങ്ങിയ ഫാസ്റ്റ് ഫുഡ് വ്യാപനത്തിന്റെ (Over Nutrition) എപിഡമിക്ക് ആയിട്ടാണ് ഇതറിയപ്പെടുന്നത്.

ഇന്ത്യയില്‍ തന്നെ അറുപതു ശതമാനത്തിലധികം പേര്‍ മരിക്കുന്നത് ഇത്തരം പകര്‍ച്ചേതര വ്യാധി മൂലമാണ്. ഇതിനു പ്രധാന കാരണം അമിതമായ കൊഴുപ്പും, പഞ്ചസാരയും, ഉപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതാണ്. ഇപ്പോള്‍ പായ്ക്കറ്റുകളില്‍ ലഭ്യമായ മിക്ക സംസ്‌കൃത ഭക്ഷണ ഉല്പന്നങ്ങളും, പാനീയങ്ങളും (processed foods and colas) ഇത്തരത്തില്‍ പെട്ടതാണ് (നൂഡില്‍സ്, പോപ്‌കോണ്‍സ്, പൊട്ടറ്റോ ചിപ്‌സ്, കോളകള്‍). ഇവയുടെ ഉപയോഗത്തിനനുസൃതമായിട്ടാണ് പകര്‍ച്ചേതര വ്യാധികളും കൂടിവരുന്നത്.
ഇന്ത്യയിലെ തന്നെ കണക്കുനോക്കിയാല്‍ 2005- ല്‍ പ്രതിവര്‍ഷം ഇവയുടെ ആളോഹരി ഉപയോഗം വെറും രണ്ട് കിലോഗ്രാം ആയിരുന്നത് 2019- ല്‍ ആറ് കിലോഗ്രാമായി ഉയരുകയും 2024- ല്‍ നാലിരട്ടിയായി, എട്ടു കിലോയായി ഉയരുകയും ചെയ്യും എന്നാണ് കരുതുന്നത്. ഭക്ഷ്യസുരക്ഷാ ലേബലിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യം വെക്കുന്നത്, ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങള്‍ ഉപഭോക്താവിന് ചൂണ്ടിക്കാട്ടിക്കൊടുത്ത്, ആ ഉല്‍പ്പന്നം വാങ്ങുന്നതില്‍ നിന്നും ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാം എന്നാണ്.
ഉയര്‍ന്ന അളവിലുള്ള കൊഴുപ്പ്, പഞ്ചസാര, ഉപ്പ് ഇവയുടെ നെഗറ്റിവ് സൂചനകളാണ് ലേബലുകളില്‍ നല്‍കേണ്ടത്. ഒരു വ്യക്തിക്ക് ദിവസം ഭക്ഷണത്തില്‍ നിന്ന് ലഭിക്കേണ്ട കലോറിയുടെ 10% ത്തില്‍ കൂടുതല്‍ പായ്ക്കറ്റില്‍ നിന്ന് ലഭ്യമാകുകയാണെങ്കില്‍ അതിനും ലേബലില്‍ അപായസൂചന നല്‍കണം. ഇതിലൂടെ ദോഷകരമായ ആഹാരവസ്തുക്കള്‍ ഒഴിവാക്കി ഉപഭോക്താവിന് തെരഞ്ഞെടുക്കാനുള്ള അറിവുണ്ടാകും, ഒപ്പം, ഭക്ഷ്യനിര്‍മാതാക്കള്‍ക്ക് ജനങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനും മാര്‍ക്കറ്റ് ചെയ്യാനും പ്രോത്സാഹനം കിട്ടുകയും ചെയ്യും. ഇതുതന്നെ സാമൂഹ്യതലത്തില്‍ ചെലവ് കുറഞ്ഞ ഒരു രോഗ നിയന്ത്രണ മാര്‍ഗമായി തീരും.

ഈ ലേബലുകള്‍ ചിത്രം കൊണ്ടോ, നിറം കൊണ്ടോ, അക്ഷരങ്ങള്‍ കൊണ്ടോ വെവ്വേറെയായോ, സമ്മിശ്രമായോ ചേര്‍ത്ത് നിരക്ഷരർക്കുപോലും എളുപ്പം തിരിച്ചറിഞ്ഞ് തീരുമാനമെടുക്കാൻ പറ്റുന്ന വിധത്തിലായിരിയുകയും വേണം. ഇതനുസരിച്ച് ലോകത്തിലാകെ അഞ്ചു തരം അപായ ലേബലുകള്‍ ഭക്ഷ്യ പായ്ക്കററുകളില്‍ നടപ്പിലാക്കിവരുന്നുണ്ട്. ഇവയോരോന്നും അവിടുത്തെ ജനങ്ങളുടെ സ്വീകാര്യതയും നടപ്പിലാക്കിയ ശേഷമുള്ള ഫലവുമനുസരിച്ച് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
അപായ സൂചനാ ലേബല്‍ (warning label), പച്ച - മഞ്ഞ - ചുമപ്പ് ചേര്‍ന്ന ട്രാഫിക്ക് ലൈറ്റ്, ദിവസേന വേണ്ട അളവിന്റെ ശതമാനം (Daily allowance), ആരോഗ്യ നക്ഷത്രചിഹ്നങ്ങള്‍ (healthy star rating), സ്‌കോറിംഗ് ഇവയാണ് ഈ അഞ്ചു തരങ്ങള്‍.
ഇതനുസരിച്ച് വിവിധ രാജ്യങ്ങളില്‍ വിതരണം ചെയ്ത് ഉപയോഗിക്കപ്പെടുന്ന ഭക്ഷ്യ പായ്ക്കറ്റുകളില്‍ മുന്‍വശത്ത് അപായ ലേബലുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനില്‍ ട്രാഫിക്ക് ലൈറ്റും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ ഒരാള്‍ക്ക് ദിവസേന വേണ്ട ശതമാനം/ അളവും ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ ചിത്രങ്ങളോടുകൂടിയ അപായ ലേബലുകളും നടപ്പിലാക്കിയിട്ടുണ്ട്. ചിലിയില്‍ ഈ രീതി നടപ്പിലാക്കി ഒരു വര്‍ഷം കഴിഞ്ഞ് വിലയിരുത്തിയപ്പോള്‍ അവിടുത്തെ കൊക്ക കോള വ്യാപാരം 24 % കുറഞ്ഞതായി കണ്ടെത്തി.

ആരോഗ്യ സംരക്ഷണനടപടി എന്ന നിലയില്‍ ഇന്ത്യയിലും വളരെ വൈകിയാണെങ്കിലും പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കള്‍ക്ക് സുരക്ഷാ ലേബലുകള്‍ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവയൊക്കെ വന്‍കിട ഭക്ഷ്യ നിര്‍മാണ കമ്പനികളുടെ (Processed food) സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നീട്ടിവെക്കുകയാണുണ്ടായത്. ഭക്ഷ്യ സുരക്ഷാ അതോറിറ്റി (Food safety standard authority of India- FSSAI) ഇത് സംബന്ധിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ലേബലിംങ് സിസ്‍പ്ലേ റഗുലേഷന്‍- 2022 ഓര്‍ഡര്‍ സപ്തംബര്‍ 13 ന് ഗസറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പരാതി/നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നല്‍കിയ മൂന്ന് മാസത്തെ അവധി നവംബറില്‍ കഴിഞ്ഞു. ഈ ഓര്‍ഡറിനെതിരെ പൊതുജനാരോഗ്യ - ന്യുട്രീഷന്‍ വിദഗ്ധര്‍ ധാരാളം പോരായ്മകള്‍ ചൂണ്ടിക്കാട്ടി, ഇത് മാറ്റണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പലതും ജനങ്ങളുടെ ആരോഗ്യ സംരക്ഷണം അവഗണിച്ച്, ഭക്ഷ്യ നിര്‍മ്മാണ കമ്പനികളുടെ സാമ്പത്തിക സുരക്ഷയാണോ ലക്ഷ്യമാക്കുന്നത് എന്ന് പല വിദഗ്ദരും സംശയം പ്രകടിപ്പിക്കുന്നു.
ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഓര്‍ഡര്‍ (2022) പ്രകാരം നക്ഷത്ര ചിഹ്നങ്ങളിട്ട സ്റ്റാര്‍ റേറ്റിങ് ആണ് ഇന്ത്യയില്‍ നടപ്പിലാക്കാന്‍ പോകുന്നത്. ഇതുപ്രകാരം 1/2 സ്റ്റാര്‍ തൊട്ട് 5 സ്റ്റാര്‍ വരെയാണ് റേറ്റിംങ് : 1/2 സ്റ്റാര്‍ അത്ര ആരോഗ്യകരമല്ലാത്തതും 5 സ്റ്റാര്‍ വളരെ ആരോഗ്യകരമായിട്ടുള്ളതുമാണ്. വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പഠനങ്ങളില്‍ ഭക്ഷ്യവസ്തുക്കൾ തിരിച്ചറിയാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് അപായ സൂചനാ ലേബലുകളും ട്രാഫിക്ക് ലൈറ്റും ഏറ്റവും കുറവ് നക്ഷത്രചിഹ്നങ്ങളും ആണ് എന്ന് കണ്ടെത്തിയിരുന്നു. അതുപോലെ ഏറ്റവും വേഗം മനസ്സിലാക്കാന്‍ കഴിയുന്നത് ട്രാഫിക്ക് ലൈറ്റ് ചിഹ്നങ്ങളാണ്. കുട്ടികൾക്കും മുതിര്‍ന്നവർക്കും ദോഷകരമായ പാക്കറ്റുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നത് കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ ചിത്രങ്ങളോടു കൂടിയ അപായ സൂചനാ ലേബലാണ്. ഇതിലും അവസാന സ്ഥാനം മാത്രമാണ് നക്ഷത്രചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള സ്റ്റാര്‍ റേറ്റിങ്ങിന് കിട്ടിയത്. സ്റ്റാര്‍ റേറ്റിംങ് പ്രകാരം താഴെനിന്ന് മുകളിലേക്കാണ് സ്‌കോര്‍ പോകുന്നത്. ഏറ്റവും ദോഷകരമായത് ഒഴിവാക്കി ഗുണകരമായത് സെലക്ട് ചെയ്യാന്‍ മുകളില്‍ നിന്ന് താഴോട്ട് തിരിച്ചാണ് സ്‌കോര്‍ വേണ്ടത് എന്നാണ് സൈക്കോമെട്രി തത്വം.

ശാസ്ത്രീയ ശുപാര്‍ശകള്‍ പ്രകാരം പാക്കറ്റിലടങ്ങിയ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് തുടങ്ങിയ നെഗറ്റീവ് ഘടകങ്ങള്‍ക്കാണ് സ്‌കോർ നല്‍കി ജനങ്ങള്‍ക്ക് നല്ല ചോയ്സ് നല്‍കേണ്ടത്. അതുവഴി മാത്രമേ ദോഷകരമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം കുറയൂ. അങ്ങനെ വരുമ്പോള്‍ ഇത്തരം ഭഷ്യവസ്തുക്കളുടെ കച്ചവടം കുറയാന്‍ സാധ്യതയുണ്ട്. ഇതു മറികടക്കാൻ ഇന്ത്യയില്‍, നെഗറ്റീവ് ഘടകങ്ങള്‍ ന്യൂട്രലൈസ് ചെയ്യാൻ ഇന്ത്യൻ ന്യുട്രീഷ്യൻ റേറ്റിംഗ് പ്രകാരം ആവശ്യമായ പോസിറ്റീവ് ഘടകങ്ങളായ പച്ചക്കറി, പഴവര്‍ഗം, നാരുകള്‍ എന്നിവയടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ചെറുധാന്യങ്ങള്‍, കടല - പയര്‍ തുടങ്ങിയവക്കും സ്‌കോര്‍ നിശ്ചയിച്ച് സ്റ്റാര്‍ പദവി നല്‍കിയിട്ടുണ്ട്. അങ്ങനെയായാല്‍ കൂടുതല്‍ കൊഴുപ്പ് / പഞ്ചസാര / ഉപ്പ് ചേര്‍ന്ന ഉല്‍പ്പന്നങ്ങളുടെ കൂടെ പോസിറ്റീവ് സ്‌കോറുള്ള പച്ചക്കറിയോ പഴങ്ങളോ, നട്ടുകളോ ചേര്‍ത്ത് നൂട്രലൈസ് ചെയ്യാനോ, സ്‌കോറുകള്‍ വര്‍ദ്ധിപ്പിക്കാനോ പറ്റും.
അപകടകരമായ അളവില്‍ കൊഴുപ്പോ, ഉപ്പോ, പഞ്ചസാരയോ അടങ്ങിയ ഭക്ഷ്യ ഉല്‍പ്പന്നത്തില്‍ ഉയര്‍ന്ന പോസിറ്റീവ് സ്‌കോറുള്ള പഴവര്‍ഗ്ഗങ്ങളോ, നട്ട്സുകളോ ചേര്‍ത്ത് സ്റ്റാര്‍ റെയ്റ്റ് കൂട്ടി മാര്‍ക്കറ്റില്‍ ലാഭമുണ്ടാക്കാനും കഴിയും. പഴച്ചാറുകള്‍ ചേര്‍ത്ത് കലോറി കൂടിയ കോള പോലുള്ള പാനീയങ്ങളുടെ സ്റ്റാര്‍ റെയ്റ്റ് കൂട്ടാം. ഇപ്പോള്‍ തന്നെ പല ബിസ്‌ക്കറ്റ്, ജങ്ക് ഫുഡ് വ്യവസായികളും ഈ വഴിക്ക് തിരിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇതുവഴി ജങ്ക് ഭക്ഷണങ്ങളെക്കുറിച്ച് ഇല്ലാത്ത അവകാശവാദം നടത്തി ലൈസന്‍സ് നേടുകയും നക്ഷത്രങ്ങളുടെ തിളക്കത്തില്‍ ഭക്ഷ്യമാര്‍ക്കറ്റില്‍ ശോഭിച്ചു നില്‍ക്കുകയും ചെയ്യും.
അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ ദോഷകരമായത് ഒഴിവാക്കാനുള്ള അപായ ലേബലുകളില്‍ പോസിറ്റീവ് ഘടകങ്ങള്‍ ഒരിക്കലും ചേര്‍ക്കരുതെന്ന ലോകത്താകെ സ്വീകരിക്കപ്പെട്ട പാഠം ഇവിടെ കാറ്റില്‍ പറത്തുകയാണ്. ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഭക്ഷ്യ നിര്‍മാണ കമ്പിനികളുമായി ആദ്യ വട്ട ചര്‍ച്ച നടത്തി. അതനുസരിച്ച് ഐ.ഐ.എം അഹമ്മദാബാദുമായി ചേര്‍ന്ന് നടത്തിയ, "വാലിഡിറ്റി' ഉറപ്പിക്കാത്ത ഒരു പഠനത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യയിലാകെ ഇത് നടപ്പിലാക്കുന്നത്. ഇത് ഇന്ത്യയിലേയും വിദേശങ്ങളിലേയും ഗവേഷകര്‍ തള്ളിക്കളഞ്ഞതാണെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് പോലും ആരോപിക്കുന്നു.

ദോഷകരമായ ഭക്ഷണ /പാനീയ പാക്കറ്റുകള്‍ ഒഴിവാക്കാന്‍ നിരക്ഷരരും കുട്ടികളുമുള്‍പ്പെടെയുള്ള സമൂഹത്തെ സഹായിക്കുന്നത് കൊഴുപ്പ്, പഞ്ചസാര, ഉപ്പ് ഇവയുടെ അളവ് സൂചിപ്പിക്കുന്ന ചിത്രങ്ങളോടുകൂടിയ അപായ സൂചനകളും ഒപ്പം ചുമപ്പ്, മഞ്ഞ, പച്ച ട്രാഫിക്ക് ലൈറ്റ് ചിഹ്നങ്ങളും ലേബലുകളുമാണ്. ഈ അടയാളപ്പെടുത്തലുകള്‍ പാക്കറ്റുകളുടെ പുറത്ത് വ്യക്തമായാല്‍ മാത്രമേ ഉദ്ദേശിച്ച ലക്ഷ്യം സാധ്യമാകൂ.
ഭക്ഷ്യ പാക്കറ്റുകളില്‍ ഇത്തരം നിയമനടപടികള്‍, ജനങ്ങള്‍ക്കിടയില്‍ പഠനം നടത്തി രാജ്യത്തൊട്ടാകെ ഏകീകൃതമായും നിര്‍ബ്ബന്ധമായും നടപ്പിലാക്കാനാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് വ്യാപാരികളുടെ ഇഷ്ടത്തിനൊത്ത് നടപ്പിലാക്കാനാണ് ഇപ്പോഴത്തെ ശുപാര്‍ശ. അതും നടപ്പിലാക്കാന്‍ ഒരു തിടുക്കവുമില്ലാതെ നാലു വര്‍ഷത്തെ ഇടവേളയും നല്‍കിയിട്ടുണ്ട്. ഗസറ്റില്‍ നല്‍കിയ വിവരങ്ങള്‍ വായിച്ചെടുക്കുമ്പോള്‍ തന്നെ ഈ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യലക്ഷ്യം മറന്ന് സ്വന്തം പോസ്റ്റിലേക്ക് മൈനസ് പാസ് നല്‍കി ഗോളാക്കി മാറ്റി എതിരാളിയെ ജയിപ്പിക്കുന്നതായി തോന്നി പോകുന്നു.
യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍തൂക്കം കൊടുക്കേണ്ട ഭക്ഷ്യസുരക്ഷാ അതോറിറ്റി ഭക്ഷ്യ നിര്‍മാണ കമ്പനികളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയിരിക്കുകയാണ്. അതുവഴി, കമ്പനികളുടെ സാമ്പത്തികലാഭത്തെയാണ് പോഷിപ്പിക്കുന്നത്. സ്റ്റാര്‍ റേറ്റിംഗ് നടപ്പിലാക്കിയ ഓസ്‌ട്രേലിയയും ന്യൂസിലാന്റും ഇത് തിരുത്താനുള്ള നടപടികള്‍ ആലോചിക്കുന്നതായും വാര്‍ത്തയുണ്ട്.
രാജ്യത്തെയാകെ ജനങ്ങളെ ബാധിക്കുന്ന ദൂരവ്യാപകമായ ഒരു നിയമം ശരിയായ ദിശയിലല്ലാതെ നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ ശരിയുടെ ദിശയിലേക്ക് വിരല്‍ ചൂണ്ടാന്‍ ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനകളോ, ഭക്ഷ്യ വിദഗ്ധരോ, നിയമവിദഗ്ധരോ തയ്യാറാകുന്നില്ല എന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇത് തിരുത്താന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും കൂടി വേണം. പകര്‍ച്ചേതരവ്യാധികളുടെ തലസ്ഥാനമായ, കൂടുതല്‍ സംസ്‌കൃത ഭക്ഷണം ഉപയോഗിക്കുന്ന കേരളത്തിലും ദൂരവ്യാപകഫലമുണ്ടാക്കാന്‍ സാധ്യതയുള്ള ഈ നിയമത്തെ പറ്റി ഇനിയെങ്കിലും ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
വകുപ്പ് മേധാവി, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കെ.എം.സി.ടി. മെഡിക്കൽ കോളേജ്. കോഴിക്കോട്.
റസിഡന്റ് കമ്യൂണിറ്റി മെഡിസിന്‍, കെ.എം.സി.ടി. മെഡിക്കല്‍ കോളേജ്. കോഴിക്കോട്
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
ഡോ. മനോജ് വെള്ളനാട്
Nov 24, 2022
5 Minutes Read
ഡോ. ജയകൃഷ്ണന്‍ ടി.
Nov 02, 2022
5 Minutes Read
മനില സി.മോഹൻ
Oct 27, 2022
20 Minutes Watch
റിന്റുജ ജോണ്‍
Oct 24, 2022
6 Minutes Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read