ചരിത്രമായി മാറാൻ പോകുന്ന കാമാഠിപുര

ഈയിടെ ചേർന്ന മഹാരാഷ്​ട്ര നിയമസഭയുടെ വിന്റർ സെഷനിൽ മന്ത്രിസഭ കൈക്കൊണ്ട സത്വര നടപടികളിൽ ആദ്യത്തേതാണ് ‘കാമാഠിപുര റീ ഡെവലപ്പ്‌മെൻറ്​ സ്കീം'. കാമാഠിപുരയിലെ ആയിരത്തിലധികം പഴയ കെട്ടിടങ്ങൾ പൊളിക്കാനും അവിടെ വാസഗൃഹങ്ങളും മറ്റ് സൗകര്യങ്ങളുമടങ്ങിയ കെട്ടിടങ്ങൾ നിർമിക്കാനുമുള്ള കർമപരിപാടിക്ക്​ അനുമതി നൽകി. ഈ പദ്ധതി യാഥാർഥ്യമായാൽ കാമാഠിപുര ഒരു ചരിത്രമായി മാറും.

ർച്ച് ഗേറ്റ് സ്റ്റേഷന് തൊട്ടുമാറി വടക്കുഭാഗത്തുള്ള വഴിയിലെ വലിയൊരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ആഡ് ഏജൻസിയിലെ മീഡിയ കൺ​ട്രോളർ ഗ്ലെൻഡിസൂസ എന്റെ സുഹൃത്താണ്, അദ്ദേഹത്തിന്റെ കീഴിലുള്ള ചില ജൂനിയർ സ്റ്റാഫുകളും. ഒരു പബ്ലിക് ഇഷ്യൂവിന്റെ കാൽ പേജ് പരസ്യം ഞാൻ ‘അതുമിതും' പറഞ്ഞ് ഒപ്പിച്ചിട്ടുണ്ട്. അതിന്റെ മെറ്റീരിയൽ ദാദറിലെ പാർക്കർ പ്രോസസിങ്ങ് സ്റ്റുഡിയോവിൽ നിന്നെത്താൻ ഇനിയും ഒരു മണിക്കൂറെങ്കിലും എടുക്കുമെന്ന് ഗ്ലെൻ എന്നെ അറിയിച്ചു.

അന്ന് ആ ഏജൻസിയിൽ പതിവിലധികം തിക്കും തിരക്കുമുണ്ട്. പരസ്യമേഖലയിലെ നമ്പർ വൺ ഗണത്തിലുള്ള ഏജൻസികളിൽ ഈയിടെ ‘ജന്മംകൊണ്ട' മീഡിയ ബയേഴ്‌സിലെ പെൺകുട്ടികൾ എന്നെക്കണ്ട് ചിരപരിചിത ഭാവം നടിച്ച് ‘ഹായ് ഹൗ ആർ യു?' എന്ന് യാങ്കി ഇംഗ്ലീഷിൽ പറഞ്ഞ് പുറത്തിറങ്ങി. ഇത്തരം ‘ഹായ് പൂയ്' പറച്ചിലുകൾക്ക് പ്രത്യേകിച്ച് ഒരർത്ഥവുമില്ല. അത് പ്രൊഫഷന്റെ ചെറിയ ഭാഗം മാത്രമാണ്.

ഫോൺകോളുകൾക്കുമേൽ വീണ്ടും അവ വന്നുകൊണ്ടിരുന്നതോടെ ഗ്ലെന്നിനും സഹപ്രവർത്തകർക്കും അപ്പോൾത്തന്നെ ഇരിക്കപ്പൊറുതിയില്ലാതായിട്ടുണ്ട്. അവർ പതിവായി സൽക്കരിക്കാറുള്ള നെസ്കോഫിക്കും നൈസ് ബിസ്ക്കറ്റിനും കാത്തു നിൽക്കാതെ ഞാൻ ഗ്ലെന്നിനോട് താൽക്കാലികമായി വിടപറഞ്ഞ് ‘ഇപ്പ വരാമെന്ന' കൈവിരൽ മുദ്ര കാണിച്ച് വീർനരിമാൻ റോഡിലെത്തി, തണൽമരങ്ങൾ കൊഴിച്ചിട്ട മഞ്ഞപ്പൂക്കൾ നിറഞ്ഞ ഫുട്പ്പാത്തിലൂടെ നടന്നു. മറൈൻ ഡ്രൈവിന്​ അഭിമുഖമായുള്ള ഗേലോർഡ് റസ്റ്റൊറൻറ്​ ആൻറ്​ ബാർ ‘കാമുകീകാമുകന്മാരുടെ' ‘മീറ്റിംഗ് പോയിൻറ്​' ആണ്. കാമുകിയോ സ്നേഹിതയോ ആയി തൽക്കാലം എനിക്കാരുമില്ലെങ്കിലും തൃശ്ശൂർ ഭാഷയിൽ ‘വെർതേ' അവിടെ കയറിയെന്നുമാത്രം.

വീർനരിമാൻ റോഡ് / Photo: Wikimedia Commons

കാലഹരണപ്പെട്ട, അല്ലെങ്കിൽ കാലഹരണപ്പെടാനിരിക്കുന്ന ഓർമകളിലൂടെ സഞ്ചരിക്കുന്നത് അപ്പോൾ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത എന്നെപ്പോലുള്ള ഒരാൾക്ക് ‘ടൈംപാസ്' മാത്രമാണ്.

മഹാനഗരത്തിലെ പ്രസിദ്ധമായ വീർനരിമാൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഏഷ്യാറ്റിക് സ്റ്റോഴ്‌സിന്റെ തൊട്ടുമാറിയുള്ള സാമാന്യം വലിയ കെട്ടിടത്തിലെ ‘കോന' (കോർണർ) യിലാണ് ഗേലോർഡ് റസ്റ്റോറന്റിന്റെ ആസ്ഥാനം. അവിടെയിരുന്നാൽ എതിർഭാഗത്തുള്ള അറബിക്കടലിൽ തിരമാലകൾ ഉയർന്ന് പൊങ്ങുന്നതും പെട്ടെന്ന് ഇലക്​ട്രിക്​ ഷോക്കേറ്റപോലെ അവ താഴെപ്പതിക്കുന്നതും കാണാം. ബെയററോട് ഒരു ബോട്ടിൽ ലണ്ടൻ പിൽസ്നർ ബീറും ഒരു പാക്കറ്റ് ഫോർസ്​ക്വയർ കിങ്ങും ഓർഡർ നൽകി അന്നത്തെ മിഡ് ഡേ ടാബ്ലോയ്ഡ് വായന തുടങ്ങി. ഈ ഉച്ചപ്പത്രത്തിൽ പേജ് നമ്പർ മൂന്നിൽ വന്ന വാർത്തയിൽ കണ്ണുകളുടക്കി. മഹാനഗരത്തിന്റെ മുഖച്ഛായ തന്നെ തുടച്ചുമാറ്റപ്പെടാൻ സാധ്യതയുള്ള കാമാഠിപുര റീ- ഡെവലപ്പ്‌മെൻറ്​ സ്കീമിന് ‘കടലാസു രീതിയിൽ' തുടക്കമിട്ടെന്ന വാർത്ത അഞ്ചുകോളങ്ങളിൽ സവിസ്തരം നിറഞ്ഞുനിൽക്കുന്നു. കാമാഠിപുരയുടെ പഴയ ചില ഫയൽ ഫോട്ടോഗ്രാഫുകളും കൂടെ ചേർത്തിട്ടുണ്ട്.

എ സ്റ്റഡി ഓഫ്‌ പ്രോസ്​റ്റിറ്റ്യൂട്ട്​സ്​ ഇൻ ബോംബെ

കർണാടകയിലെ ദേവദാസി സമ്പ്രദായ (യെല്ലമ്മ) ത്തിന്റെ ഉത്ഭവവും കാമാഠിപുരയിലെ ഖോട്ടേവാലികളുടെ (സെക്‌സ് വർക്കർമാർ) കരളലിയിക്കുന്ന ജീവിതത്തെപ്പറ്റിയുമുള്ള പല പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. ഫ്ലോറാ ഫൗണ്ടൻ ഭാഗത്തുള്ള പഴയ പുസ്തകക്കച്ചവടക്കാരനിൽനിന്ന് 1975-ൽ വാങ്ങി വായിച്ച ഇത്തരം പുസ്തകങ്ങൾ എന്റെ ഓഫീസിലെ മാന്യനായ ഒരു ‘പുസ്തകചോരൻ' അടിച്ചുമാറ്റിയത് മാസങ്ങൾ കഴിഞ്ഞാണ് ഞാനറിഞ്ഞത്. ടാറ്റാ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ സയൻസ് പ്രസിദ്ധീകരിച്ച ‘എ സ്റ്റഡി ഓഫ്‌ പ്രോസ്​റ്റിറ്റ്യൂട്ട്​സ്​ ഇൻ ബോംബെ' (ഗ്രന്ഥകർത്താക്കൾ: എസ്. പുനേക്കർ, കമലറാവ്) എന്ന പഠനം ഈ വിഷയത്തിൽ ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.

ചരിത്രത്തി​ലെ കാമാഠിപുര

കാമാഠിപുരയുടെ പഴയകാല ചരിത്രം ആരംഭിക്കുന്നത് ഒന്നാം ലോകമഹായുദ്ധത്തിനും മുമ്പാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന്​ജോലിതേടി ബോംബെയിലെത്തിക്കൊണ്ടിരുന്ന തൊഴിലാളികൾ (മറാഠിയിൽ പറഞ്ഞാൽ കാമാഠി) ബോംബെ സെൻട്രൽ ഭാഗത്തുള്ള ഈ സ്ഥലങ്ങളിൽ തമ്പടിച്ചുവെന്നും വഴിയെ ആ പ്രദേശത്തിന് കാമാഠിപുരയെന്ന പേരുവീണെന്നുമാണ് ബോംബെ ചരിത്രത്തിൽ കാണുക. ബ്രിട്ടീഷ് പട്ടാളക്കാർക്കുവേണ്ടി ഭരണകർത്താക്കൾത്തന്നെ കർണാടക, ആന്ധ്ര, മഹാരാഷ്ട്രയുടെ ചില ജില്ലകൾ എന്നിവിടങ്ങളിൽനിന്ന്​ സ്ത്രീകളെ കാമാഠിപുരയിലേക്ക് ക്ഷണിച്ചുവരുത്തി താമസിപ്പിച്ചതായും ചില ഗവേഷകർ പറയുന്നു. സത്യമേതായാലും മുപ്പത് ഏക്കറോളം നീണ്ടുപരന്ന് കിടക്കുന്ന കാമാഠിപുരയിലെ ഇടുങ്ങിയ കെട്ടിടമുറികളിൽ യൗവനം ചോർന്നുപോയവരും അതിലേയ്ക്ക് എത്തിനിൽക്കുന്നവരും ബാലികമാരുമൊക്കെ തങ്ങളുടെ ‘ദന്ത’ (ബിസിനസ്​) നടത്തിക്കൊണ്ടിരുന്നതിന് മുംബൈ സാക്ഷിയാണ്.

തോറ്റുപോയ പെൺകുട്ടികൾ

1970-കളിൽ എസ്. പുനേക്കറും കമലാറാവുവും ചേർന്നെഴുതിയ ഗവേഷണ ഗ്രന്ഥത്തിൽ, അക്കാലത്തുതന്നെ കാമാഠിപുരയിൽമാത്രം ഒരു ലക്ഷത്തിലധികം അന്തേവാസികളുണ്ടെന്ന് പറയുന്നു. ദാദർ വെസ്റ്റിലെ പോസ്റ്റോഫീസിനു മുമ്പിൽ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന ‘മുംബൈ ദർശൻ' ബസുകളൊന്നിൽ ഒരു സീറ്റിന് നൂറു രൂപ നൽകി ടിക്കറ്റെടുത്താൽ ബോംബെ എന്ന സ്വപ്നനഗരി കാണാം. കണ്ടക്റ്റർ കം ഗൈഡ് സഞ്ചാരികൾക്കായി പ്രധാന ദൃശ്യങ്ങളുടെയും സ്ഥലങ്ങളുടെയും വിവരണങ്ങൾ തന്റെ ചിലമ്പിച്ച ശബ്ദത്തിൽ ഹിന്ദിയിലും ഇംഗ്ലീഷിലും മറാഠിയിലും വെച്ച് കാച്ചുന്നതും കേൾക്കാം. ഇവയിൽ ജുഹൂ ബീച്ച്, അമിതാഭ് ബച്ചന്റെ ബംഗ്ലാവ്, അദ്ദേഹത്തിന്റെ പ്രസിദ്ധ സിനിമ ‘അമർ, അക്ബർ, ആന്റണി' ചിത്രീകരിച്ച പള്ളി തുടങ്ങിയവ ഉൾപ്പെട്ട പല സ്ഥലങ്ങൾക്കൊപ്പം ഒരു കാലത്ത് ബോളിവുഡിലെ മുടിചൂടാമന്നനായി വിലസിയിരുന്ന, ജീവിതാന്ത്യത്തിൽ മദ്യത്തിലഭയം പ്രാപിച്ച് മരിച്ച രാജേഷ് ഖന്നയുടെ ഫ്ലാറ്റും ഏതെന്ന് നിങ്ങളെ ഗൈഡ് ബോധ്യപ്പെടുത്തുന്നുണ്ട്.

ദാദർ വെസ്റ്റിലെ പോസ്റ്റോഫീസിനു മുമ്പിൽ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന ‘മുംബൈ ദർശൻ' ബസുകളൊന്നിൽ ഒരു സീറ്റിന് നൂറു രൂപ നൽകി ടിക്കറ്റെടുത്താൽ ബോംബെ എന്ന സ്വപ്നനഗരി കാണാം / Photo: Treebo Blogs

നാട്ടിൽനിന്നെത്താറുള്ള എന്റെ ബന്ധുക്കളെയും സുഹൃത്തുക്കളേയുമൊക്കെ ‘ബോംബെ ദർശൻ’ ബസുകളിൽ കയറ്റി ഊരുചുറ്റിക്കാനുള്ള ഇടപാട് എന്റെ ചുമലിലാകാറുണ്ട്. ഈ ബസ് കാമാഠിപുരയിൽ പ്രവേശിച്ചാൽ ഗൈഡ് കം കണ്ടക്റ്റർ ആവേശഭരിതനാകുന്നത് എന്തുകൊണ്ടെന്നറിയില്ല. അയാളുടെ ഗതകാലസ്വപ്നങ്ങൾ ഒരുപക്ഷെ ഇവിടെ ചുറ്റിക്കളിക്കുന്നതുകൊണ്ടാകാം.

ട്രാഫിക്​ ജാമില്ലാത്ത കാമാഠിപുര

കഴിഞ്ഞ അഞ്ചെട്ടു വർഷമായി കാമാഠിപുരയിൽ ട്രാഫിക് ജാം അശേഷമില്ല. വഴിമുടക്കുന്ന ജനക്കൂട്ടമോ മുദ്രവാക്യം വിളികളോ ഒന്നുമില്ലെങ്കിലും ബസ് ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുക. അത് ഗൈഡിന്റെ അവസരോചിത തീരുമാനമാകാം. മുംബൈ ദർശൻ ബസിലെ വിദ്വാൻ പറയുന്നത് നോക്കുക: ‘ഇതാ, ഇവിടെയുള്ള ഈ ഹതഭാഗ്യരായ സ്ത്രീകൾ സ്വമേധയാ ഇവിടെ വന്നവരല്ല. (ഇത് പുതിയ അറിവാണല്ലോ മാഷേ!). ഇവരെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും കങ്കാണിമാരോ യുവതികളുടെ കാമുകന്മാരോ ചിലപ്പോൾ സ്വന്തം പിതാവോ ബന്ധുവോ ഭർത്താവു തന്നെയോ പലതും പറഞ്ഞ് കബളിപ്പിച്ച് ഈ തെരുവിൽ മാന്യമായി വിറ്റ് കാശുവാങ്ങി പോക്കറ്റിലിട്ടു പോയവരാണ്. ഗൈഡിന്റെ ഈ വിവരണം നമ്മിൽ ചിലരുടേയെങ്കിലും കണ്ണുതുറപ്പിക്കുക തന്നെ ചെയ്യും.’

കാമാഠിപുരയിലെ കെട്ടിടങ്ങളെ വേർതിരിക്കുന്നത് അവിടെ കാണുന്ന സാമാന്യം വീതികൂടിയ ഗലികളാണ്. ഇത്തരം 14 ബൈലൈനുകളുള്ള ഈ സ്ഥലത്ത് ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ കെട്ടിടങ്ങളിൽ ഓരോ നിലകളിലും 120-ഓളം ചതുരശ്ര അടി മാത്രം വിസ്തീർണമുള്ള മുറികളാണുള്ളത്. അവിടെ നാലും അഞ്ചും പേർ ഉറങ്ങുകയും ഭക്ഷണമുണ്ടാക്കുകയും കസ്റ്റമറിനായി കിടയ്ക്ക പങ്കിടുകയും ചെയ്യുന്നു. കെട്ടിടങ്ങളുടെ ബാൽക്കണിയിൽ നിന്ന് മധ്യവയസ്കകളും പെൺകുട്ടികളും മുട്ടോളമെത്തുന്ന സ്കെർട്ടും ടോപ്പും ധരിച്ച് വഴിപോക്കരെ കൈമാടി വിളിക്കുന്ന രംഗം നമ്മുടെ ഉള്ളം പൊള്ളിയ്ക്കും. ഇവിടെയെത്തുന്ന എല്ലാ പെൺകുട്ടികൾക്കും മറ്റെല്ലാവരെയും പോലെ സ്വപ്നങ്ങളുണ്ടായിരുന്നു. എന്നാൽ, അത്​ പലരും തല്ലിക്കൊഴിച്ചു. അവർ പല തവണ റേപ്പ്​ചെയ്യപ്പെട്ടു. മർദ്ദനങ്ങൾ ഏറ്റുവാങ്ങി. പട്ടിണിയും രോഗങ്ങളും അവരെ പലപ്പോഴും കീഴടക്കി. പിന്നേയും ഇവർ അവിടെ ജീവിതം തള്ളിനീക്കി.

കാമാഠിപുരയിലെ കെട്ടിടങ്ങളെ വേർതിരിക്കുന്നത് അവിടെ കാണുന്ന സാമാന്യം വീതികൂടിയ ഗലികളാണ് / Photo: Wikimedia Commons

അന്യവൽക്കരിക്കപ്പെട്ട ലൈംഗിക തൊഴിലാളികൾ

ഭർത്തൃപീഡനം മൂലം യു.പിയിലെ ഒരു ഗ്രാമത്തിൽനിന്ന് ഓടിപ്പോന്ന സുമൻ എന്ന ഇരുപതുകാരി ഒരു രാത്രി ബോംബെ ദാദർ സ്റ്റേഷനിലെത്തുന്നു. ഗോവണ്ടിയിലുള്ള അവളുടെ അമ്മാവന്റെ വിലാസം തിരക്കി പൊലീസുകാരെ സമീപിക്കുമ്പോൾ അവരാകട്ടെ ആ പെൺകുട്ടിയെ റേപ്പ്​ ചെയ്​ത്​കാമാഠിപുരയിലെ ഘർവാലിയ്ക്ക് വിറ്റത് വെറും കഥയല്ല, സംഭവം തന്നെ. ഭൂട്ടാൻ മലകളുടെ താഴ്വരയിൽനിന്ന് സിനിമാക്കമ്പം തലയിൽക്കയറിയ, ബോളിവുഡ് പിടിച്ചടക്കാനെത്തിയ താര എന്ന പെൺകുട്ടിയും ഈ തെരുവിലെത്തിയത് സുമന്റെ കഥയ്ക്ക് സമാനമായ ചുറ്റുപാടിൽ തന്നെയാണ്. ഈ പിഞ്ജറ (കൂട്) യിൽ നിന്ന് രക്ഷപ്പെടാമെന്ന വ്യാമോഹം ഇവരിലാർക്കുമില്ല. ഗുണ്ടകളുടെ മർദ്ദനം ചെറുത്ത്​ ഒടുവിൽ അതിൽ തോൽക്കുന്ന പെൺകുട്ടികളെ ഭക്ഷണവും വെള്ളവും നൽകാതെ, പ്രകാശം കടക്കാത്ത മുറിയിലടച്ചിട്ട് മെരുക്കുന്നു. ഗുണ്ടകളുടെ മർദ്ദനം ഇരകളെ ശാരീരികമായി അവശയാക്കുമ്പോഴും അവർ റേപ്പ്​ ചെയ്യപ്പെടുന്നു. അങ്ങനെ മനോനില തെറ്റി പിച്ചും പേയും പറഞ്ഞ് വഴിയിലലയുന്ന യുവതികളും കാമാഠിപ്പുരയിൽ വിരളമല്ല.

ഇവിടെ ഗംഗുഭായി കാത്തിയവാഡിയുടെ കഥ സിനിമയാക്കിയപ്പോൾ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചെങ്കിലും പേരില്ലാത്ത പല ഗംഗുഭായിമാരും കാമാഠിപുരയിലുണ്ടായിരുന്നു. ടി.ബിയും ലൈംഗികരോഗങ്ങളും ഖോട്ടേവാലികൾക്കിടയിൽ സർവസാധാരണമാണ്. കാമാഠിപുരയുടെ തന്നെ മറ്റൊരു റിപ്ലിക്കയായ ഗ്രാൻറ്​ റോഡിലെ പീലാ ഹൗസിലോ ശുക്ലാജി സ്ട്രീറ്റിലോ ഘർവാലിയുടെ നിർദ്ദേശപ്രകാരം അവരുടെ കിങ്കരന്മാർ ഒരു പെൺകുട്ടിയെ കൊണ്ടെത്തിക്കുമ്പോൾ ലക്ഷ്മിയെന്ന അവളുടെ പേര് ചിലപ്പോൾ നസീമയെന്നോ ജെനിഫറെന്നോ സോനയെന്നോ ആകാനാണ് സാധ്യത. എന്നാൽ റെഡ്‌ലൈറ്റ് ഏരിയയിൽ എവിടെ ജീവിച്ചാലും അവരുടെ ജീവിതപരിതസ്ഥിതികൾക്ക് മാറ്റമുണ്ടാകില്ല. അടി, തൊഴി, തെറിവിളി എന്നിവ നിശ്ചയമായും പ്രതീക്ഷിക്കാം.

ഗ്രാമങ്ങളിലും സ്വന്തം വീടുകളിൽതന്നെയും അന്യവത്ക്കരിക്കപ്പെട്ടവരാണ് ലൈംഗികത്തൊഴിലാളികൾ. കാമാഠിപുരയിലെ കെട്ടിടങ്ങൾക്കുതാഴെ കയറുകട്ടിലിൽ പാതി കുത്തിയിരുന്ന് വിശറികൊണ്ട് വീശുന്ന ഘർവാലികൾ (‘ബ്രോതൽ നടത്തിപ്പുകാരി’), അവരുടെ ഗുണ്ടകൾ, ചുറ്റിപ്പറ്റി നടക്കുന്ന തെരുവുനായ്ക്കൾ, തമ്പാക്ക് ചവച്ച് പല്ലിളിച്ച് പുറകെ വന്ന് ‘ഐറ്റം മംഗ്താ സാബ്' എന്ന് ഒട്ടും നാണമില്ലാതെ നമ്മോട് ചോദിക്കുന്ന ‘പിമ്പു’കൾ, ഗിരാക്കുകളെ കാമാഠിപുരയിലെത്തിക്കുന്ന ടാക്‌സി ഡ്രൈവർമാർ കം ദല്ലാൾ- ഇവയെല്ലാം ചേർന്നാൽ കാമാഠിപുര എന്ന ചുവന്ന തെരുവിന്റെ യഥാതഥ ചിത്രമാകും. കെട്ടിടങ്ങൾക്കു താഴെ മാർവാഡികളുടെ പണ്ടം പണയം- പലിശ ഇടപാട് പൊടിപൊടിക്കുമ്പോൾ അവിടെ കാണുന്ന തൃശ്ശൂർ കൂർക്കഞ്ചേരിക്കാരൻ നാരായണൻകുട്ടിയുടേതുപോലുള്ള ചെറിയ പെട്ടിക്കടകളിൽ ‘പല്ലംഗ് തോഡ്' (കട്ടിൽ പൊളിപ്പൻ) പാനിന്റെ വില്പന തികച്ചും ഉഷാർ! വയാഗ്രപോലുള്ള ഉത്തേജക മരുന്നുകളുടെ നാടൻ ചേരുവയാണ് പല്ലംഗ് തോഡ് പാൻ എന്ന് പരിചയക്കാരിലൊരാളും ബാന്ദ്ര ഗവൺമെൻറ്​ കോളനി പരിസരത്ത് ബീഡി, സിഗരറ്റ്, പാൻ, തമ്പാക്ക് വില്പനക്കാരനുമായ വസന്ത് ഷെട്ടി പറഞ്ഞു.

ഗംഗുഭായി കാത്തിയവാഡി യിൽ നിന്ന്

മീര നയ്യാരുടെ‘സലാം ബോബെ' കാമാഠിപുരയിലെ കൃഷ്ണ (ചായ് പാവ്) എന്ന പയ്യന്റെ ദുരിതജീവിതം പകർത്തിവെക്കുന്ന ഉജ്ജ്വല കലാസൃഷ്ടിയാണ്. ബ്രോതലുകളിൽ കട്ടിംഗ് ചായ വില്ക്കുന്ന ചായ്​പാവിനെപ്പോലുള്ള ചെറിയ പയ്യന്മാരുടെ ജീവിതസമരവും ഈ ചുവന്ന തെരുവിൽ വായിച്ചെടുക്കാം. മയക്കുമരുന്ന് വില്പനയും ഗുണ്ടാ വിളയാട്ടവും നിരന്തരം നടമാടിയിരുന്ന കാമാഠിപുരയുടെ മുഖച്ഛായ മാറ്റിയെഴുതുമെന്ന വിശദ റിപ്പോർട്ടാണ് ഈ പത്രത്തിൽ വായിച്ചറിഞ്ഞത്.

കാമാഠിപുരയ്ക്ക് പുതിയ മുഖം?

നാഗ്പൂരിൽ ഈയിടെ ചേർന്ന മഹാരാഷ്​ട്ര നിയമസഭയുടെ വിന്റർ സെഷനിൽ മന്ത്രിസഭ കൈക്കൊണ്ട സത്വര നടപടികളിൽ ആദ്യത്തേതാണ് ‘കാമാഠിപുര റീ ഡെവലപ്പ്‌മെൻറ്​ സ്കീം'. ആയിരത്തിലധികം പഴയ കെട്ടിടങ്ങൾ പൊളിക്കാനും അവിടെ വാസഗൃഹങ്ങളും മറ്റ് സൗകര്യങ്ങളുമടങ്ങിയ കെട്ടിടങ്ങൾ നിർമിക്കാനുമുള്ള കർമപരിപാടി മഹാരാഷ്ട്ര അർബൻ ഹൗസിങ്ങ് ഡവലപ്പ്‌മെൻറ്​ അതോറിറ്റിയെ (‘മാഡ') ഏല്പിച്ച ബില്ലിന് അസംബ്ലി അനുമതി നൽകി. ഈ വാർത്തക്ക്​ ബോംബെ ചരിത്രത്തിൽ പ്രാധാന്യമുണ്ട്​​.

2005-ൽ സമാനമായ പദ്ധതിയുമായി ഒരു ബിൽഡർ മുന്നോട്ടുവന്നെങ്കിലും ഗവൺമെന്റിന്റെ സാമ്പത്തിക പരാധീനത മൂലം അത്​ ഫയലിലുറങ്ങി. പുതിയ ഭരണകൂട നീക്കത്തിനുപിന്നിൽ ബിൽഡർ ലോബിയുണ്ടോ എന്നതിന്​തെളിവില്ല. ഈയിടെ, നടന്ന സർവ്വേയിൽ കാമാഠിപുരയിൽ മാത്രമായി പതിനാലോളം ആരാധനാലയങ്ങളുമുണ്ടെന്ന് കാണാം. ഈ പദ്ധതിയും മതത്തിന്റെ പേരിൽ അട്ടിമറിക്കപ്പെടുമോ എന്ന സംശയം ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നുണ്ട്. മഹാരാഷ്ട്ര അസംബ്ലി ഐക്യകണ്‌ഠേന പാസാക്കിയ തീരുമാനം എന്തെങ്കിലും കാരണം പറഞ്ഞ് തല്പരകക്ഷികൾ അലങ്കോലപ്പെടുത്തുമോ എന്നും സംശയിക്കണമെന്ന് എന്റെ പരിചയക്കാരനായ നിയമവിദഗ്ദൻ പറയുന്നു.

രാജീവ്ഗാന്ധി ധാരാവി ചേരിമക്കളുടെ ഉന്നമനത്തിനനുവദിച്ച നൂറ് കോടി രൂപയുടെ സ്വപ്നപദ്ധതി അദ്ദേഹത്തിന്റെ മരണാനന്തരം മഹാരാഷ്ട്ര ഗവൺമെന്റിലെ ബ്യൂറോക്രാറ്റ് വർഗം കടലാസിൽ ഒതുക്കിയ കാര്യം പോലെ കാമാഠിപുരയുടെ ഗതിയും ‘അങ്ങോട്ടുവെച്ച് ഇങ്ങോട്ടുവെച്ച്' അവസാനിക്കാനും സാധ്യതകളേറേ. ധാരാവിയുടെ റീ ഡെവലപ്‌മെൻറ്​ പരിപാടി ഏറ്റെടുത്ത അദാനി ഗ്രൂപ്പ്​ സാമ്പത്തികമായി തകർച്ച നേരിടുന്ന ഈ സമയത്ത്​, ആ പദ്ധതിയുടെ കാര്യവും വെള്ളത്തിൽ വരച്ച വരപോലെ ആകുമോ ആവോ?

സലാം ബോബെ യിൽ നിന്ന്

വെറുമൊരു കഥാപാത്രമല്ല, ഇന്ദിര

മഹാനഗരത്തിൽ എച്ച്.ഐ.വി. പടർന്നുപിടിച്ച 2000-മാണ്ടിന്റെ ആരംഭത്തിലാണ് ഞാൻ മുംബൈ ജില്ലാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി (M.D.A.C.S) യുമായി ബന്ധം സ്ഥാപിക്കുന്നത്. സോഷ്യൽ സയന്റിസ്റ്റ് ഡോ. അൽക്കാ ഗോക്‌ഠേയുടെ ബുദ്ധിയിൽ നിന്നുദിച്ച, പദ്ധതികളിൽ പ്രധാനമാണ് M.D.A.C.S. കാമാഠിപുരയിലെ ലൈംഗിക തൊഴിലാളികളെ പ്രധാനമായും ഉദ്ദേശിച്ച് അവർക്കിടയിൽ എച്ച്.ഐ.വി.യെക്കുറിച്ചും മറ്റ് ലൈംഗിക രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനാണ് സൊസൈറ്റിയ്ക്ക് രൂപം നൽകിയത്. അനുദിനം എച്ച്.ഐ.വി. പോസിറ്റീവ് കേസുകൾ ഉയർന്നുവന്ന സാഹചര്യവും അന്നുണ്ടായിരുന്നു. ബൃഹൺ മുംബൈ കോർപറേഷന്റെ ധനസഹായത്തോടെ മനോഹരമായ കെട്ടിടവും ഓഫീസും വഡാലയിൽ ഉയർന്നുവന്നു. പ്രയത്‌നശാലികളും പ്രതിഭാശാലികളുമായ കുറേപ്പേർ ഡോ. ഗോക്‌ഠേയ്‌ക്കൊപ്പം ചേർന്നതോടെ മഹാനഗരത്തിലെ നമ്പർ വൺ എൻ.ജി.ഒ ആയി സൊസൈറ്റി മാറി. ബി.എം.സിയുടെ പരസ്യവിഭാഗത്തിന്റെ സഹായത്തോടെ പത്രങ്ങളിൽ, മനുഷ്യജീവന് ഹാനികരമായ ‘സൈലൻറ്​ കില്ലർ' രോഗത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന് തുടക്കമിട്ട് അതിന്റെ ഫലം കാത്തിരുന്നു. എന്നാൽ അതിന് കാര്യമായ പ്രതികരണം ലഭിച്ചില്ലെന്ന് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അക്കാലത്താണ് ഞാൻ ബോംബെയിലെ മലയാള പത്രങ്ങളിലൊന്നിൽ സീനിയർ സ്പേസ് മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവായി ജോലിയിൽ പ്രവേശിച്ചത്. മറ്റു ഭാഷാപത്രങ്ങളിൽ വരുന്ന പരസ്യങ്ങൾ ‘വളച്ചു പിടിക്കുക' എന്നതാണ് ഈ രംഗത്തെ എന്റെ ഗുരു ആദ്യം നൽകിയ പാഠം. പത്രങ്ങളിൽ നിരന്തരം വന്നിരുന്ന മുംബൈ ഡിസ്ട്രിക്ട് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പരസ്യങ്ങളിൽ കാണാറുള്ള ടെലഫോൺ നമ്പറിൽ ‘ബന്ധപ്പെട്ടപ്പോൾ' റിസപ്ഷനിസ്റ്റ് പെൺകുട്ടി കവിത, എന്റെ ഊരും പേരും നാളും വരെ ചോദിച്ചറിഞ്ഞ് എൻ.ജി.ഒ ഡെപ്യൂട്ടി ഡയറക്ടർ വിനോദ് നിഗൂഡ്കറെ കണക്ട് ചെയ്തു. ഇത്തരം അവതരണത്തിൽ ഒട്ടും മുഷിയാത്ത പെർഫോർമെൻസുള്ള എന്റെ ബ്രീഫിങ്ങിലൂടെ അദ്ദേഹം എന്നെ വഡാലയിലെ ഓഫീസിലേക്ക് ക്ഷണിക്കുകയും ‘ഓവർ എ കപ്പ് ഓഫ് ടി' എന്ന് പറയുമ്പോലെ ഞങ്ങളുടെ പത്രത്തിന് നൂറ് സെന്റിമീറ്റർ വീതമുള്ള അഞ്ച് പരസ്യങ്ങളുടെ ബ്രോമെഡുകൾ നൽകി അവരുടെ മലയാളം ക്യാമ്പയിന് തുടക്കം കുറിക്കുകയും ചെയ്​തു. റിസപ്ഷനിസ്റ്റ് കവിത ആപ്‌തെ എന്ന കണ്ണടക്കാരി ഇത്തരം കാര്യങ്ങളിൽ എന്നെ സഹായിച്ചു പോന്നതും മറക്കാവതല്ല. അക്കാലത്ത് ‘ഉറക്കം നടിച്ച്' കിടന്നിരുന്ന ‘ആംചി മാഠി', ‘ആംചി മാണുസ്' (ഞങ്ങളുടെ മണ്ണ്, ഞങ്ങളുടെ ജനങ്ങൾ) എന്ന ‘വിചാരധാര' ഗവൺമെൻറ്​ സ്ഥാപനങ്ങളിൽ അന്ന് ഏറെക്കുറെ പ്രകടമായിരുന്നു. അത് മറികടന്ന് ബോംബെയിൽനിന്നുള്ള ഒരു മലയാള പത്രത്തിന് ഗവൺമെൻറ്​ സ്ഥാപനത്തിന്റെ പരസ്യം സംഘടിപ്പിക്കുക എന്നത് അത്ര നിസ്സാരമായിരുന്നില്ല.

വഡാലയിലെ ആ എൻ.ജി.ഒ. കെട്ടിടത്തിൽ പല ആവശ്യങ്ങൾക്കായി പോകാറുള്ളപ്പോഴൊക്കെ കിന്നർ (ട്രാൻസ്ജെന്റർ) എക്‌സ് ലൈംഗിക തൊഴിലാളികൾ, ഘർവാലികൾ, തങ്ങളുടെ ജോലിയിൽ വിരക്തി തോന്നിയ ‘പിമ്പു’കൾ എന്നിവരെക്കൂടാതെ എം.എസ്.ഡബ്ല്യു വിദ്യാർത്ഥികളെയും കാണാമായിരുന്നു. ഇവരിൽ ഒരാളായിരുന്നു ഇന്ദിര (യഥാർത്ഥ പേരല്ല) എന്ന മലയാളി യുവതി. അവളുടെ ജ്യേഷ്ഠസഹോദരിയെ വിവാഹം ചെയ്തിരിക്കുന്ന ‘മഹാൻ' (ഇന്ദിരയുടെ വിശേഷണം) ബോംബെ വസായ്യിലുള്ള ഫാർമസ്യൂട്ടിക്കൽ മെഷിനറികൾ നിർമിക്കുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. വിവാഹശേഷം ആ നവദമ്പതികൾ ബോംബെ ആന്റോപ്​ ഹില്ലിലെ സി.ജി.എസ് ക്വാർട്ടേഴ്‌സിൽ മറ്റു മലയാളികളെപ്പോലെ വാടകയ്ക്ക് താമസിക്കുന്നു. അയാൾ കാന്തീവിലി പോഷ് ലൊക്കാലിറ്റിയിൽ ത്രീ പ്ലസ് വൺ ഹാൾ ഫ്ലാറ്റ്​ ബുക്ക് ചെയ്തിട്ടുണ്ടേത്ര.

മുംബൈ ഡിസ്ട്രിക്ട് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ഓഫീസ്

ഇന്ദിരയുടെ ഗർഭിണിയായ സഹോദരി ഏതാണ്ട് ഒരു കൊല്ലത്തിനുശേഷം വീട്ടിൽ സുഖപ്രസവത്തിനെത്തുന്നു. അവൾ സ്വന്തം നാട്ടിലുള്ള സ്വകാര്യ ആശുപത്രിയിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. വിവരമറിഞ്ഞ ആ സ്ത്രീയുടെ ഭർത്താവ് അധികം വൈകാതെ കുഞ്ഞുടുപ്പുകളും ഡൗവ് സോപ്പും കുട്ടികൾക്കുള്ള പൗഡറും വാലിട്ട് കണ്ണെഴുതാൻ ജെയ് കാജൽ വരെയുമായി ബോംബെയിൽനിന്ന് തിരക്കിട്ടെത്തി. ആ ചെറിയ കുടുംബത്തിൽ ആഹ്ലാദം തിരതല്ലി. ഇതിനിടെ സഹോദരീഭർത്താവ് ബോംബെ മടക്കയാത്രക്കുള്ള മൂന്ന് ടിക്കറ്റുകൾ സഹിതമാണ് വീണ്ടുമെത്തുന്നത്. ‘ഇവിടെ ഇവളെയിങ്ങനെ പണിയൊന്നുമില്ലാതെ നിർത്തിയാൽ മതിയോ? ജോലിയില്ലാത്ത പെണ്ണിന് വിവാഹമാർക്കറ്റിൽ ഒരു ഡിമാന്റുമില്ല. അതുകൊണ്ട് ഇന്ദിരയെ ഞങ്ങൾ കൂടെ കൂട്ടുന്നു. ഒരു ജോലിയും പറഞ്ഞേല്പിച്ചിട്ടുണ്ട്. ഇതിനൊക്കെപ്പുറമെ ഇവളുടെ ചേച്ചിയ്ക്കും ഒരു കൂട്ടാകുമല്ലോ’. തികച്ചും യുക്തിപൂർവ്വമായ അയാളുടെ തീരുമാനം ഇന്ദിരയുടെ അമ്മയ്ക്ക് ആദ്യം ബോധിച്ചില്ലെങ്കിലും വൈകാതെ അത് സ്വീകാര്യമായി തോന്നി. അവളുടെ അച്ഛനും സഹോദരനും ഒന്നും മിണ്ടിയില്ല. വിവാഹക്കമ്പോളത്തിൽ യുവതികളുടെ കുടുംബപാരമ്പര്യത്തിനും സ്വഭാവത്തിനും വിദ്യാഭ്യാസത്തിനും സൗന്ദര്യത്തിനും മറ്റും വലിയ പ്രസകതിയില്ലാത്ത ഇക്കാലത്ത്​ കേവലം ഒരു യൂണിവേഴ്‌സിറ്റി ഡിഗ്രിയുടെ വിലയെന്തെന്ന് ഇന്ദിരയ്ക്കും നന്നായറിയാം. അവൾ അങ്ങനെ ആ പരീക്ഷണ യാത്രക്ക് ‘യെസ്' മൂളുന്നു. ക്ലൈമാക്‌സും ആന്റി ക്ലൈമാക്‌സും ട്വിസ്റ്റും ത്രില്ലും ഇടയ്ക്കിടെ വന്നുകയറുന്ന മെലോഡ്രാമയും മറ്റും ഇഴകലർന്ന ഈ യുവതിയുടെ ജീവിതയാത്ര എങ്ങനെ, എവിടെ, എത്തിച്ചേർന്നിരിക്കുന്നുവെന്ന് പറയാൻ ഈ സംഭവത്തിൽ വെറുമൊരു ‘നിരീക്ഷകനായ' ഞാനൊന്ന് ശ്രമിക്കാം.

ഇന്ദിര പറഞ്ഞത്​...

സഹോദരീഭർത്താവടക്കം കുടുംബക്ഷേത്രത്തിൽ പോയി തൊഴുതു പ്രാർത്ഥിച്ചാണ് സ്റ്റേഷനിലെത്തിയത്. യാത്രയിൽ വലിയ ഉൽക്കണ്ഠയൊന്നും തോന്നിയില്ലെന്ന് ഇന്ദിര പറയുന്നു. അത് കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയാണോയെന്ന് അവൾക്കറിയില്ലായിരിക്കാം. പത്ത് മുപ്പത്തഞ്ച് മണിക്കൂർ നീണ്ട യാത്ര ലോക്മാന്യ തിലക് ജംങ്ഷനിൽ അവസാനിപ്പിച്ചു. അവരുടെ ടാക്‌സി വളഞ്ഞുതിരിഞ്ഞ് ആന്റോപ്​ ഹിൽ സി.ജി.എസ്. ക്വാർട്ടേഴ്‌സിലുള്ള സഹോദരീഭർത്താവിന്റെ താമസസ്ഥലത്തെത്തി. ഫ്ലാറ്റിൽ ഇന്ദിരക്കും സഹോദരിക്കും തമ്മിൽ സംസാരിക്കാൻ കാര്യമായി ഒരു വിഷയം ഉണ്ടായില്ല. ചേച്ചി ടി.വി സീരിയൽ കണ്ടും ഇന്ദിര കുഞ്ഞിനെ കളിപ്പിച്ചും കുളിപ്പിച്ചും നേരം കളഞ്ഞു. മുംബൈ ചുറ്റിക്കറങ്ങാൻ ബസിനുപകരം ഈ കുടുംബം ‘മാരു പേ ടാക്‌സി' യാണ് വാടകയ്‌ക്കെടുത്തത്. അന്തസ്സ് കളയരുതല്ലോ! മണിക്കൂറനുസരിച്ചാണ് അതിന്റെ ചാർജ്ജ്. പിൻസീറ്റിൽ ഇന്ദിരയും കൈക്കുഞ്ഞും. തൊട്ടടുത്ത് അവളുടെ സഹോദരിയും മൂന്നാമതായി ഭർത്താവും സീറ്റിൽ ചാരിയിരുന്ന് സുഖമായി മുംബൈ കാഴ്ചകൾ കണ്ട് രസിച്ചു. ഇതിനിടെ അവളുടെ ‘സോ കോൾഡ്​’ സഹോദരന്റെ ഇടതുകൈ ഇന്ദിരയുടെ ചുമലിൽ ഒന്നുമറിയാത്ത മട്ടിൽ കുറേനേരം വിശ്രമത്തിൽ വെച്ചു. യുവതി ഇതറിഞ്ഞെങ്കിലും ആ പാപഭാരം തൽക്കാലം അനക്കിയില്ല. ‘ഒരു പാവം കൈയ്യല്ലേ, അതവിടെത്തന്നെ ഇരുന്നോട്ടെ' എന്ന ഒരു മലയാള സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ ഡയലോഗ് അവൾ ഓർത്തുവോ എന്തോ? ഇത്തരം യാത്രാവേളകൾക്കിടയിലെ തനിയാവർത്തനമാണിത്. യുവാക്കൾക്ക് വീണുകിട്ടുന്ന ഇത്തരം അസുലഭ സന്ദർഭങ്ങളിൽ തങ്ങളുടെ അതിഥികളെ സൽക്കരിക്കാൻ മാംഗ്ലൂരിയൻ ഹോട്ടലുകളാണ് തെരഞ്ഞെടുക്കുക. മാരു പേ ടാക്‌സി നഗരമാകെ ചുറ്റിക്കറങ്ങി ഇപ്പോൾ ഫ്ലോറ ഫൗണ്ടൻ പരിസരത്ത് നിർത്തിയിരിക്കുന്നു. അവിടെയുള്ള ഉഡുപ്പി ഹോട്ടലിലിൽനിന്ന് സ്ത്രീകളുടെ ഇഷ്ടഭോജ്യമായ മസാലദോശയും കൂട്ടത്തിൽ സ്വീറ്റ് കച്ചോരി എന്ന സ്പെഷ്യൽ മാംഗ്ലൂരിയൻ മധുരപലഹാരവും ഓർഡർ ചെയ്തു. ഫോർക്കും സ്പൂണും മാറ്റിവെച്ച് ഇന്ദിരയുടെ സഹോദരി കൈകൊണ്ട് തന്നെ നാടൻ രീതിയിൽ മസാലദോശ വെട്ടിവിഴുങ്ങാൻ തുടങ്ങി. ആ ഗ്രേഡ്​ വൺ ഹോട്ടലിലെ മാന്യന്മാരായ ഇതര സന്ദർശകർ അത് നോക്കി ചിരിയടക്കുന്നത് ഇന്ദിര ശ്രദ്ധിച്ചു. ഈ ‘മാരകായുധങ്ങൾ കൊണ്ട്' എങ്ങനെ മസാലദോശയെ നേരിടാമെന്ന് ഇന്ദിര ചിന്തിച്ചിരിക്കെ ആ ചേട്ടൻ അവളുടെ കൈകൾ തൊട്ടുതലോടി സ്പൂണും ഫോർക്കും കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന ഒരു പ്രാക്ടിൽ ഡെമോൺസ്​ട്രേഷൻ തന്നെ അവിടെ നടത്തി. ഭക്ഷണകാര്യത്തിൽ എപ്പോഴും പതിവിൽക്കൂടുതൽ ശ്രദ്ധാലുവാകാറുള്ള ഇന്ദിരയുടെ സഹോദരി ഇത് ശ്രദ്ധിച്ചുവോ, അതോ എന്തെങ്കിലുമാകട്ടെ എന്ന് കരുതി രംഗത്തുനിന്ന് നോട്ടം സ്വയം പിൻവലിച്ചതാണോ എന്ന് ബോംബെയിൽ എത്തിപ്പെട്ട ഈ യുവതിക്ക് തിരിഞ്ഞില്ല.

ലോക്മാന്യ തിലക് സ്റ്റേഷൻ

ഇതോടെ ‘ഇന്ദിര കി കഹാനി' അവളുടെ സഹോദരീഭർത്താവ് ആസൂത്രണം ചെയ്ത രീതിയിൽ അണുവിട തെറ്റാതെ നീങ്ങിക്കൊണ്ടിരുന്നു. മാസങ്ങൾ നാലഞ്ചു കഴിഞ്ഞെങ്കിലും ആ മാന്യൻ അവൾക്കുവേണ്ടി പറഞ്ഞുറപ്പിച്ച ‘ജോലിവിഷയം' പിന്നീട് ആ കുടുംബസദസ്സിൽ ചർച്ചയ്ക്ക് വന്നില്ലയെന്നതും ഇന്ദിര ശ്രദ്ധിക്കാതിരുന്നില്ല. അപ്പോൾപിന്നെ വിവാഹക്കമ്പോളം, അതിലെ പെൺകുട്ടിയുടെ റോൾ തുടങ്ങിയ ‘ഐറ്റങ്ങൾ'കാറ്റിൽ പറന്നുവോ എന്നാണ് ഇന്ദിരയുടെ അപ്പോഴത്തെ സംശയം. സാമാന്യത്തിലധികം വിദ്യാഭ്യാസമുള്ള, കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ നേടിയ ഇന്ദിര ടൈംസ് ഓഫ് ഇന്ത്യയിലെ സിറ്റ്വേഷൻ വേക്കൻറ്​ കോളത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന ജോബ് വേക്കൻസികളിലേക്ക് നിരന്തരം അപേക്ഷ അയയ്ക്കാറുണ്ടെങ്കിലും ഒരൊറ്റ മറുപടി പോലും അവളെത്തേടി വന്നില്ല. (ഈ പെണ്ണിനു വരുന്ന ഒരൊറ്റ കത്തും നൽകിപ്പോകരുതെന്ന് പോസ്റ്റ്മാന് ഇരുനൂറു രൂപ കൈക്കൂലികൊടുത്ത് ആ മാന്യൻ ചട്ടം കെട്ടിയിരുന്നല്ലോ). ഫ്ലാറ്റിൽ സഹോദരിഭർത്താവെത്തുമ്പോൾ നിരന്തരമായുണ്ടാകാറുള്ള അയാളുടെ ‘വെള്ളം ദാഹം', അനാവശ്യമായ ചായകുടി, ഇടനാഴിയിൽ വെച്ചുള്ള തട്ടും മുട്ടും, കണ്ടില്ല കേട്ടില്ലയെന്ന് വലഞ്ഞ ഇന്ദിരയ്ക്ക് അതോടെ സാമാന്യം നന്നായിത്തന്നെ അയാളോട്​ വെറുപ്പ് തോന്നിയിട്ടുണ്ട്. ഇന്ദിര വർത്തമാനകാല യുവതലമുറയുടെ പ്രതിനിധിയാണ്. അവൾക്ക് നല്ല വായനാ ശീലവുമുണ്ട്. നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിവുമുണ്ട്. മറ്റു സ്ത്രീകളുടെ ഇത്തരം അനുഭവങ്ങളുടെ വെളിപ്പെടുത്തലുകളും അവൾ നേരിൽ കേട്ടിരിക്കുന്നു. അവ ഈ യുവതിയിൽ ഒരു പ്രത്യേക ഊർജ്ജം നൽകിയത് സ്വാഭാവികം മാത്രം.

ഒരു റിയാലിറ്റി ചെക്ക്

ഒരിക്കൽ ഇന്ദിര പറഞ്ഞു: എനിക്കായുള്ള ആ ജോലി വാഗ്ദാനം ഒരു തട്ടിപ്പ് മാത്രമെന്നറിയാൻ ഒരു പ്രത്യേക ബുദ്ധിയും ആവശ്യമില്ല. ഈ കക്ഷി ഓരോ കമ്പനികളിലേക്കും എന്നെ കൂട്ടിക്കൊണ്ട് പോകുന്നു. എന്നാൽ അവിടെ എത്തുന്നതിന് മുമ്പുതന്നെ ‘ഇതല്ലെങ്കിൽ നമുക്ക് വേറൊന്നു തരപ്പെടുത്താ'മെന്ന ആശ്വാസവാക്കും അപ്പോൾത്തന്നെ തരുന്നു. ഒരു ഓഫീസിൽനിന്ന് മറ്റൊന്നിലേക്കുള്ള അനാവശ്യയാത്രകളിൽ ആ മനുഷ്യന്റെ പെരുമാറ്റം കൂടുതൽ കൂടുതൽ ‘അഡ്വാൻസ്ഡ്' രീതിയിൽ അസഹനീയമായി നിങ്ങിത്തുടങ്ങിയതോടെ ‘എനിക്ക് സുഖമില്ല, പനിയുണ്ട്, വയറുവേദന തുടങ്ങിയ മുടന്തൻ ന്യായങ്ങൾ'പറഞ്ഞ് ഞാൻ അയാളെ ഒഴിവാക്കാൻ ശ്രമിച്ചു. അയാളുടെ സംഭാഷണങ്ങളിലെ ദ്വയാർത്ഥ പ്രയോഗങ്ങളും തൊട്ടുതലോടലുകളും കൂടിയപ്പോൾ ആ വിരുതന്റെ കള്ളക്കളി ടി.വി സ്ക്രീനിലെന്നപോലെ മുന്നിൽ തെളിഞ്ഞു. അപ്രതീക്ഷിതമായ ഒരു ശാരീരികാക്രമണം ഡെമോക്ലസിന്റെ വാളെന്ന പോലെ എന്റെ ശിരസ്സിൽ തൂങ്ങുന്നുണ്ടെന്ന സത്യം എനിക്കറിയാം. ഒരുനാൾ ചേച്ചി കുഞ്ഞിനേയുമെടുത്ത് താഴെയുള്ള ഏതോ മലയാളിയുടെ വീട്ടിൽ സൊറപറയാൻ പോയ നേരം അയാളെത്തി. ‘വളഞ്ഞ വഴികൾ' ഉപേക്ഷിച്ച അയാൾ തന്റെ ആ ‘പ്രത്യേക' ആവശ്യം ഒട്ടും മടികൂടാതെ നേരെചൊവ്വെ പറഞ്ഞു. അയാളുടെ രണ്ടാം റൗണ്ട് ആക്രമണം നേരിടേണ്ടത് എങ്ങനെയെന്ന് ചിന്തിക്കും മുമ്പേ എന്റെ ശരീരത്തിൽ തഴുകിത്തലോടലും കവിളിലൊരു ഉമ്മയും നൽകി അയാൾ രംഗം വഷളാക്കി. തട്ടിമാറ്റി അകന്നുനിന്നപ്പോൾ കോപം മൂത്ത് അയാളുടെ കൈകൾ ഒരു കത്രികപ്പൂട്ടുപോലെ ശരീരത്തിൽ പിടിമുറുക്കി.

അടുക്കള സാക്ഷി നിന്ന ഈ സംഭവത്തിൽ അപ്പോൾ കൈയ്യിൽകിട്ടിയ ഇരുമ്പു ചിരവകൊണ്ട് അയാളുടെ മൂക്കിനും തലയിലും ഊക്കോടെ അടിച്ച് ഞാൻ പിടിയിൽനിന്ന് കുതറി ഓടി പുറത്തിറങ്ങി. തലയിൽനിന്നും മൂക്കിൽനിന്നും വാർന്നൊഴുകുന്ന രകതം അയാളുടെ വസ്ത്രങ്ങളിലും വീണിട്ടുണ്ട്. പുറത്തേക്കോടിയ ഇന്ദിര അതിശീഘ്രം നടന്ന് ആന്റോപ് ഹിൽ പരിസരം മുഴുവൻ കറങ്ങി നാലഞ്ച് മണിക്കൂറിലധികം എങ്ങനെയോ തള്ളിനീക്കി. ഇതിനിടയിൽ ആന്റോപ്​ ഹിൽ പോലീസ് സ്റ്റേഷൻ ബോർഡ് അവളുടെ കണ്ണിൽ പെട്ടെങ്കിലും തനിക്ക്​ അവിടെയും രക്ഷയുണ്ടാകാൻ സാധ്യത കുറവാണെന്ന് അവൾ കരുതി. ആ യുവതി വിഷമവൃത്തത്തിൽ പെട്ടുപോയിരിക്കുന്നു. ഈ ഊരാക്കുടിക്കിൽനിന്ന് രക്ഷിക്കാൻ മഹാനഗരത്തിൽ പരിചയക്കാരോ സ്നേഹിതരോ ബന്ധുക്കളോ ഇല്ലെന്ന സത്യം അവളെ കൂടുതൽ ഭയപ്പെടുത്തി. നിഴൽപോലെ പിൻതുടർന്ന, പേടിപെടുത്തുന്ന ഈ ചിന്തകളും പേറി തളർന്ന് ഇന്ദിര വീണ്ടും ആന്റോപ്ഹില്ലിലെ താമസസ്ഥലത്തെത്തുകയാണ്. അവൾ അവിടെ പലതും പ്രതീക്ഷിക്കുന്നുണ്ട്. വാദി പ്രതിക്കൂട്ടിൽ നിൽക്കേണ്ട സന്ദർഭങ്ങൾ, കുറ്റാരോപണങ്ങൾ, കൊലവിളികൾ, അട്ടഹാസങ്ങൾ, തെറിവിളികൾ അങ്ങനെ പലതും. അതിശയകരമെന്നു പറയട്ടേ, അവിടെ ഒന്നുമുണ്ടായില്ല. ഫ്ലാറ്റിന്റെ വാതിൽ തുറന്നു കിടക്കുന്നുണ്ട്. കൾപ്രിറ്റ് സോഫയിൽ മലർന്നടിച്ച് ചത്തപോലെ. തലയിലെ മുറിവുകൾക്ക് തുന്നലിട്ട് പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുന്നു. അവളുടെ ചേച്ചി ഭർത്താവിനായി ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. ആശുപത്രിക്കാർ അയാൾക്ക് സെഡേറ്റീവ് നൽകിയിട്ടുണ്ടാകാം. പ്ലാസ്റ്റിക് പായയിൽകിടന്ന് ചിരിക്കുകയാണ് എല്ലാം അറിഞ്ഞപോലെ ആ പാവം കുഞ്ഞ്. താൻ ജോലി ചെയ്തിരുന്ന ഫാക്ടറിയിൽനിന്ന് എന്തോ ആവശ്യത്തിന് പുറത്തിറങ്ങി ട്രെയിൻ കയറുന്നതിനിടയിലുണ്ടായ വൻതിരക്കുമൂലം പ്ലാറ്റ്‌ഫോമിൽ തലയടിച്ചു വീണെന്ന സാങ്കല്പിക കഥ ആ മനുഷ്യൻ ഇവിടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഇന്ദിരയാകട്ടെ അയാളുടെ ആ തിരക്കഥയ്ക്ക് മനസ്സിൽ നന്ദി പറഞ്ഞ് സങ്കടഭാവം കൈക്കൊണ്ടു. ഇവിടെയും ഒരു സ്ത്രീയ്ക്ക് അഭിനയം ആവശ്യം വരുന്നുണ്ട്.

ആന്റോപ്​ ഹിൽ പോലീസ് സ്റ്റേഷൻ

ആ രാത്രി ഇന്ദിര സമൃദ്ധിയായി ഭക്ഷണം കഴിച്ച് സുഖമായുറങ്ങി. പിറ്റേന്ന് പോസ്റ്റ് വുമൺ (പഴയ ‘മാൻ' മാറി പകരം ‘വുമൺ' ആയത് പ്രത്യേകം ശ്രദ്ധിക്കുക) ഫ്ലാറ്റിന്റെ അടഞ്ഞുകിടന്ന വാതിലിന് താഴെക്കണ്ട വിടവിലൂടെ മൂന്നു കത്തുകൾ ഉള്ളിലേക്ക് തള്ളിനീക്കി. ആദ്യത്തേത് അവളുടെ അമ്മയുടേതാണ്. അവർ ക്ഷേമാന്വേഷണങ്ങൾ ചോദിച്ചുകൊണ്ടുള്ള ആ കത്തിലെ രണ്ടു വരികൾ മാത്രം വായിച്ച് വായന അവസാനിപ്പിച്ചു. ബാക്കി രണ്ടെണ്ണം ഇന്ദിരയ്ക്കുള്ള കോൾ ലെറ്ററുകളാണ്. ഒന്ന്, വർളിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്കും, മറ്റൊന്ന് മസ്ജിദ് ബന്ദറിലെ സുഗന്ധവ്യാപാരിയുടെ എക്‌സ്പോർട്ട് ഓഫീസ് അസിസ്റ്റൻറ്​ തസ്തികയിലേക്കുമായിരുന്നു. ഈ രണ്ട് ഇന്റർവ്യൂവിനും അവൾ ഹാജരായി. ഫാർമസ്യൂട്ടിക്കൽ കമ്പനി അതുമിതും പറഞ്ഞ് അവളെ തഴഞ്ഞു. മസ്ജിദിലെ സുഗന്ധവ്യാപാരിയുടെ എക്‌സ്പോർട്ട് ഹൗസിൽ കഴിഞ്ഞ നാലു വർഷങ്ങളായി ഇന്ദിര ജോലിചെയ്​തിരുന്നു. ഇപ്പോൾ താമസം റീഗൽ സിനിമയ്ക്ക് സമീപമുള്ള വർക്കിംഗ് വിമൺസ് ഹോസ്റ്റലിലേക്ക് മാറ്റിയിയിട്ടുണ്ട്.

വിവാഹക്കമ്പോളത്തിലുള്ള അവളുടെ മാർക്കറ്റ് ഉയരുകയോ താഴുകയോ തലകുത്തി വീഴുകയോ ചെയ്താലും ഇന്ദിരക്കൊരു ചുക്കുമില്ലെന്ന് അവൾ പറയുന്നു. തൽക്കാലം സുഖവും സമാധാനപൂർണവുമായ ജീവിതം നയിക്കുന്ന ഈ യുവതി നമ്മുടെ നാട്ടിൽ നിന്ന് ബോംബെയിലെത്തുന്ന നൂറായിരം ഇന്ദിരമാരിൽ ഒരുവൾ മാത്രമാണ്. അവർ കടന്നുപോരുന്ന കനൽവഴികൾക്കും കിനാവള്ളികൾക്കുമിടയിൽ എവിടെയെങ്കിലും അലിവിന്റെ നീലവെളിച്ചം പ്രത്യക്ഷപ്പെടാതിരിക്കില്ല, തീർച്ച! ചർച്ച് ഗേറ്റിലുള്ള എസ്.എൻ.ഡി.റ്റി. കോളേജിൽ രണ്ടാം വർഷ എം.എസ്.ഡബ്ല്യു വിദ്യാർത്ഥിനിയായ ഇന്ദിര തന്റെ പഠനത്തിന്റെ ഭാഗമായി വഡാലയിലെ മുംബൈ ഡിസ്ട്രിക്ട് എയ്ഡ്‌സ് കൺ​ട്രോൾ സൊസൈറ്റിയിൽ പതിവായി വരുന്നു. കാമാഠിപുരയിലെ ലൈംഗിക ത്തൊഴിലാളികൾക്കിടയിലുള്ള എച്ച്.ഐ.വി. ബോധവൽക്കരണ പരിപാടി ഉൾപ്പെടെയുള്ള എല്ലാ സാമൂഹിക പ്രവർത്തനങ്ങളിലും ഇന്ദിരയെ മുന്നിൽ കാണാറുണ്ട്.

പലവിധ പ്രലോഭനങ്ങൾക്ക് അവൾ വഴങ്ങിയിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ദിരയുടേയും ജീവിതം തെന്നിത്തെന്നി കാമാഠിപുരയിലെ ഇരുളടഞ്ഞ മുറിയിൽ ഒതുങ്ങുമായിരുന്നു. എന്തോ ഒരു തലനാരിഴയ്ക്ക് അവൾ രക്ഷപ്പെട്ടിരിക്കുന്നു. അതേ കാലങ്ങളിൽത്തന്നെ സി.ജി.എസ്. ക്വാർട്ടേഴ്‌സുകളിൽ ഒന്നിൽ സബ്ലെറ്റിങ്ങ് രീതിയിൽ ഒറ്റമുറി വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്ന മലയാളി കുടുംബത്തിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ അതേ ഫ്ലാറ്റിന്റെ ഗവൺമെൻറ്​ ഉദ്യോഗസ്ഥനായ യഥാർത്ഥ വാടകക്കാരൻ റേപ്പ്​ ചെയ്​തതും തുടർന്ന്​ ബോംബെ മലയാളികളെ നടുക്കി അവൾ മരിച്ചതും ഇവിടെ ചേർത്തു വായിക്കാം.

കാമാഠിപുര / Photo: Pinterest

ഇന്ദിരയെന്ന യുവതിയുടെ ജീവിതയാത്രയുടെ തുടക്കം മാത്രമാണിത്. വർത്തമാനകാലത്തിൽ ഇനിയും ഇവൾക്ക് ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. ‘ബഹുത് കഠിൻ ഹേ യേ സഫർ, ഹം സഫർ മേരേ ഹം സഫർ' എന്ന ഹേമന്ത് കുമാറിന്റെ വരികൾ ഇവിടെ കൂടുതൽ അർത്ഥവത്തായി തോന്നുന്നു.

ശൂന്യമായ കാമാഠിപുര

കാമാഠിപുരയുടെ ചുവന്ന നിറംമങ്ങിത്തുടങ്ങിയത് കോവിഡ് ബോംബെയിൽ പടർന്നതോടെയാണ്. ഈ തെരുവിലെ എച്ച്.ഐ.വി. സംക്രമണം കുതിച്ചുയർന്നപ്പോൾ എൻ.ജി.ഒകളുടെ നിരന്തര ബോധവൽക്കരണം വഴി സാമാന്യജനങ്ങളിൽ കുറേപേർ സന്ദർശനം പൂർണമായി ഒഴിവാക്കിയെന്ന് ചില സർവ്വേകൾ സൂചിപ്പിക്കുന്നു. ബോംബെയിൽ കഴിയുന്നവരിൽ എൻ.ജി.ഒകളും മാധ്യമങ്ങളും നടത്തിയ പരസ്യങ്ങളിലൂടെയും തെരുവുനാടകങ്ങളിലൂടെയും എച്ച്.ഐ.വി.എന്ന സൈലൻറ്​ കില്ലർ രോഗത്തിന്റെ മാരകഭവിഷ്യത്ത്​സാധാരണക്കാർ നൂറു ശതമാനവും മനസ്സിലാക്കിയിരിക്കുന്നു എന്നുവേണം കരുതാൻ. അതോടെ കാമാഠിപുരയിലെ ലൈംഗികത്തൊഴിലാളികളിൽ വളരെയധികം പേർ ജന്മനാടുകളിലേക്ക് തിരിച്ചുപോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു സംഭവവികാസം കാമാഠിപുരയുടെ ചരിത്രത്തിൽ ആദ്യമാണെങ്കിലും രണ്ടായിരാമാണ്ടിന്റെ അവസാനകാലത്ത്​ ലൈംഗികത്തൊഴിലിന്​ എന്നെന്നേക്കുമായി ഫുൾസ്റ്റോപ്പിട്ട് ചുവന്നതെരുവിലെ ഭൂരിഭാഗം സ്ത്രീകൾ നഗരം വിട്ടതായി ചില കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഈ റിപ്പോർട്ട്​ എത്രത്തോളം ആധികാരികമാണ്​ എന്നത്​ വ്യക്തമല്ല.

കാമാഠിപുരയിലെ ആയിരത്തോളം വരുന്ന കെട്ടിടങ്ങളിൽ പലതും ആൾപ്പെരുമാറ്റമില്ലാതെ ഇപ്പോൾ ഉപയോഗശൂന്യമായിട്ടുണ്ട്. 2018-ൽ ഒരിക്കൽ മുംബൈ ഡിസ്ട്രിക്ട് എയ്ഡ്‌സ് കൺ​ട്രോൾ സൊസൈറ്റിയിൽ ഒരു സൗഹൃദ സന്ദർശനത്തിനെത്തിയപ്പോൾ കാമാഠിപുരയിൽ എണ്ണായിരത്തോളം ലൈംഗികത്തൊഴിലാളികൾ മാത്രമാണ് അവിടെയുള്ളതെന്ന് അന്നത്തെ ഡെപ്യൂട്ടി ഡയറക്ടർ കാഠ്കർ പറഞ്ഞു. വൈകാതെ കോവിഡ് മഹാനഗരത്തെ വിഴുങ്ങിതുടങ്ങി. അതോടെ മറ്റ് കച്ചവടസ്ഥാപനങ്ങൾക്ക് ഷട്ടറിടേണ്ടിവന്നപോലെ കാമാഠിപുരയിലും പരിസരങ്ങളിലും ഒരു ഈച്ചപോലുമില്ലാതെയായി.

കാമാഠിപുരയുടെ ചുവന്ന നിറംമങ്ങിത്തുടങ്ങിയത് കോവിഡ് ബോംബെയിൽ പടർന്നതോടെയാണ്. (Mumbai 400008 – A story of betrayal, pain and desperation എന്ന ഡോക്യുമെന്ററിയിൽ നിന്ന്)

ഷട്ടറിട്ട ചാന്ദ്‌നി ബാറുകൾ

സാധാരണക്കാരുടെ കണ്ണഞ്ചിപ്പിക്കുന്ന ആമ്പിയൻസുള്ള ബോംബെയിലെ ഡാൻസ് ബാർ ആൻറ്​ റസ്റ്റോറന്റുകളിൽ പലതിലും പെൺകുട്ടികൾ ലിക്കർ വിളമ്പിയിരുന്ന കാലം പോയ്മറഞ്ഞിരിക്കുന്നു. ഡാൻസ് ഫ്ലോറിൽ സ്പീക്കറുകളിലൂടെ ഒഴുകുന്ന മാസ്മരിക സിനിമാഗാന സംഗീതത്തോടൊപ്പം ചുവടുവെയ്ക്കുന്ന സ്​ത്രീകളുടെ നൃത്തം ഈ ബാറുകളുടെ പ്രധാന ആകർഷണീയതയായിരുന്നു. ലേഡീസ് ബാറിൽ കാണികളുടെ അട്ടഹാസങ്ങൾക്കൊപ്പം ‘നൂറിന്റെ നോട്ടുകൊണ്ടുള്ള ആറാട്ടും' ‘ഹായ് ജാനേമൻ' എന്നും മറ്റുമുള്ള ശൃംഗാരപദപ്രയോഗങ്ങളും ഉണ്ടായിരുന്ന ആ വേദിതന്നെ എന്നെന്നേക്കുമായി അസ്തമിച്ചു. ഇത്തരം ഇടങ്ങളിൽ മയക്കുമരുന്ന് ലോബിയുടെ ദല്ലാൾമാരും അധോലോക നായകന്മാരുടെ ക്വട്ടേഷൻ സംഘങ്ങളും പതിവായെത്തി ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിടാറുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് (എൻ.ഐ.എ) അനുസരിച്ചാണ് ബോംബെയിൽ ലേഡീസ് ബാറുകൾ പൂട്ടിയത്. ഈ സ്​ത്രീകളിൽ കുറേപ്പേർ കാമാഠിപുരയിലെത്തി ലൈംഗികത്തൊഴിലിലേർപ്പെട്ടിരുന്നതായി വായിച്ചതോർമ്മയുണ്ട്. പ്രധാനമായും എച്ച്.ഐ.വി. സംക്രമണവും കോവിഡ് ആക്രമണവും മൂലം കാമാഠിപുര വളരെ നാളുകളായി മഹാനഗരത്തിൽ അവഗണിക്കപ്പെട്ട സ്ഥലങ്ങളുടെ പട്ടികയിൽപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ പൊടിപൊടിച്ചിരുന്ന കച്ചവടങ്ങളില്ല. കത്തിക്കുത്തോ ഗുണ്ടാവിളയാട്ടമോ അസ്തമിച്ച മട്ടാണ്. അതുവഴി പൊലീസിന് കിട്ടിയിരുന്ന കൈക്കൂലിയും ഇനാമും ഫ്രീ സെക്‌സും നിന്നുപോയിരിക്കണം. ബോംബെയിൽ പലർക്കും ആകർഷണീയമായി തോന്നിയിരുന്ന കാമാഠിപുരയിലും പരിസരങ്ങളിലുമുള്ള ശുക്ലാജി സ്ട്രീറ്റ്, പീല ഹൗസ് തുടങ്ങിയ സെമി റെഡ്‌ലൈറ്റ് ഏരിയകളിൽ ‘മുജ്‌റാ ഡാൻസ്' ഉൾപ്പെടെയുള്ള സെക്‌സ് ടൂറിസം കലാപരിപാടിക്ക് തിരശ്ശീല വീണു തുടങ്ങിയതായി റിപ്പോർട്ടുകളിൽ പറയുന്നു. ബാർ ഡാൻസർമാരുടെ കഥപറയുന്നതാണ് ‘ചാന്ദ്‌നി ബാർ'. മധുർഭണ്ഡാർക്കർ സംവിധാനം നിർവ്വഹിച്ച അതുൽകുൽക്കർണിയും തബ്ബുവും അഭിനയിച്ച ഈ സിനിമ ബോളിവുഡിലെ ‘എ വൺ സിനിമകളിലെ' ഗണത്തിൽ പെടുത്താവുന്നതാണ്.

ലൈംഗിക തൊഴിലാളികൾ തങ്ങളുടെ തൊഴിൽ എന്നെന്നേക്കുമായി അവസാനിപ്പിച്ചാലും പൊതുസമൂഹം അവരോട് മാന്യമായി പെരുമാറില്ല. പല എൻ.ജി.ഒകളും സെക്‌സ് വർക്കേഴ്‌സിന്റെ പുനഃരധിവാസത്തിന് മുൻകൈ എടുക്കുന്നുണ്ടെങ്കിലും വലിയ പ്രതികരണമൊന്നുമില്ലത്രേ. പപ്പടനിർമ്മാണം, ബീഡിതെറുപ്പ്, കരകൗശലനിർമാണം, കളിക്കോപ്പ് നിർമാണം തുടങ്ങിയവയിൽ ലൈംഗിക തൊഴിലാളികൾക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ ബോംബെയിലുണ്ട്​. പക്ഷെ ലൈംഗിക തൊഴിലാളി എന്ന മുദ്ര നിലനിൽക്കുന്ന കാലംവരെ ഇന്ത്യൻ സമൂഹം അവരെ അകറ്റിനിർത്തുന്നതായി നാം കണ്ടുവരുന്നു. വീട്ടുജോലിക്കു പോലും ആരും ഇവരെ വിളിക്കാറില്ല. ഈ ലൈംഗിക തൊഴിലാളികളുടെ ‘ലൈംഗിക മുതലാളിമാർ' ആരാണ്? അത് വെറുമൊരു സാങ്കൽപിക സത്യമാണോ എന്ന ചോദ്യം ബാക്കി.

കാമാഠിപുരയിലെ ബ്രോതലുകൾ ലൈസൻസ്ഡ് അല്ലെങ്കിൽ നിയമാനുസൃതമായാണ്​ പ്രവർത്തിക്കുന്നുവെന്ന തെറ്റിദ്ധാരണ പലരിലുമുണ്ട്. എന്നാൽ, ഈ തൊഴിലിന് ഭരണകൂടം ലൈസൻസ് നൽകിയിട്ടില്ല. ആ കെട്ടിട പരിസരങ്ങളിൽ കൊലപാതകശ്രമങ്ങളോ കത്തിക്കുത്തോ മറ്റ് അതിക്രമങ്ങളോ ഉണ്ടായാൽ ഘർവാലിയുടെ ‘വിളി'യനുസരിച്ചാകും പോലീസ് വന്നെത്തുക. ഏതായാലും ഇത്തരം ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ പഴയകാല ബോളിവുഡ് സിനിമകളിൽ സൗകര്യപൂർവം നമുക്ക് കാണാം.

കാമാഠിപുരയിലെ ബ്രോതലുകൾ

അണിയറയിലെ ഭീമന്മാർ

യഥാർത്ഥത്തിൽ നൂറിലധികം വർഷങ്ങൾ പഴക്കമുള്ള കാമാഠിപുരയിലെ കെട്ടിടമുടമകൾ ആരാണ്, അല്ലെങ്കിൽ ഇവർ ആരായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം സങ്കീർണമാണ്. നിലവിലുള്ള കെട്ടിടമുടമസ്ഥർ മാർവാഡികൾ, ഗുജറാത്തികൾ അല്ലെങ്കിൽ സിന്ധികൾ എന്നിവരാണോ എന്ന ചോദ്യവും പല ദിശകളിലേക്കും വിരൽചൂണ്ടുന്നു. അധോലോക സംഘങ്ങൾ ഉൾപ്പെടെ രാഷ്ട്രീയക്കാരുടെയും അവരുടെ ബിനാമികളുടെയും പേരുകൾ ഈ ഉടമസ്ഥതയോട് കൂട്ടിക്കെട്ടുമ്പോൾ ബി.എം.സി.യുടെ ചിതലരിച്ച പഴയ ഫയലുകളിൽ അവരുടെ പേരുകൾക്ക് കൃത്യമായ വിലാസമോ മറ്റു രേഖകളോ തപ്പിത്തിരയേണ്ടി വരും. ഏതായാലും കെട്ടിടമുടമകളുടെ പേരിലുളള നിഴലുകൾ (?) ബോംബെ മഹാനഗരത്തിൽ ഈ തൊഴിലിലൂടെ വന്നെത്തുന്ന കൂമ്പാരമായ വരുമാനത്തിൽ കൈയ്യിട്ടുവാരുന്നവരാണ് എന്ന് തീർച്ചയാക്കാം. അതല്ലാതെ ഘർവാലികൾക്ക് തങ്ങളുടെ പണം കൊയ്യുന്ന ബിസിനസ് കാമാഠിപുരയിൽ കൊണ്ടുനടക്കാനാകില്ല. എല്ലാ ആഴ്ചകളിലും ഉടമസ്ഥ ലോബിയുടെ ദല്ലാൾ / ഗുണ്ടകൾ എത്തി ‘ഹഫ്താ' വാങ്ങാറുണ്ട്. അതിന്റെ ഓഹരി പൊലീസിനും എത്തിയ്ക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു; പ്രൊട്ടക്ഷൻ മണി എന്ന പേരിലോ ‘ഇനാം' രീതിയിലോ ഉള്ള ആ സംഖ്യ അത്ര ചെറുതൊന്നുമാകാൻ വഴിയില്ല.

എച്ച്.ഐ.വി. പോസിറ്റീവിനെക്കുറിച്ച് പറയുമ്പോൾ അബ്ദുൾകരീം തെൽഗിയെ ഓർത്തുപോകുന്നു. കർണാടകയിലെ ഉൾപ്രദേശത്തുള്ള ഗ്രാമത്തിൽ ജനിച്ച തെൽഗിയുടെ പിതാവ് മരിച്ചതോടെ ഈ പയ്യൻ പട്ടിണിയിലായി. ഭക്ഷണത്തിനുള്ള വകയ്ക്ക് ഇവൻ ആദ്യം പഴവർഗങ്ങൾ വിറ്റുനടന്നു. യുവാവായ തെൽഗി സൗദി അറേബ്യയിലേയ്ക്ക് കടന്നു. അവിടെ എന്തൊക്കെയോ ജോലി ചെയ്ത് അഞ്ചാറുകൊല്ലങ്ങൾക്കുശേഷം ഇന്ത്യയിലേക്ക് തിരിച്ചുവന്നു. പിന്നീട് വ്യാജ പാസ്പോർട്ട് (തലവെട്ടി പാസ്പോർട്ട്), വിസ തുടങ്ങിയ അനുബന്ധ കടലാസുകൾ കൃത്രിമമായി നിർമിച്ച് മലയാളികൾ ഉൾപ്പെടെയുള്ള ഗൾഫ് മോഹികളെ പുറം രാജ്യങ്ങളിലേക്ക് അനധികൃതമായി കടത്തിവിടാൻ സഹായിച്ച് പണം തൂത്തുവാരി. ബിൽഡർ ലോബിയ്ക്ക് പഞ്ഞമില്ലാത്ത മഹാനഗരത്തിലും മഹാരാഷ്ട്രയുടെ ഇതരഭാഗങ്ങളിലുമായി അവരുടെ ഉപയോഗത്തിന് തെൽഗി എന്ന യുവാവ് വിവിധ തുകയ്ക്കുള്ള വ്യാജ മുദ്രപ്പത്രങ്ങൾ സ്വയം അച്ചടിച്ച് ബൾക്ക് രീതിയിൽ വിൽക്കാൻ മുന്നൂറിലധികം ഏജന്റുമാരെ കണ്ടെത്തി. ഇൻഷുറൻസ് കമ്പനികൾക്കും, ബാങ്കുകൾക്കും, ഹർഷദ് മേത്തയെപ്പോലുള്ള വിരുതൻമാരായ സ്റ്റോക്ക്‌ ബ്രോക്കർമാരുൾപ്പെടെയുളളവരുടെ ഉപയോഗത്തിനായി ഈ വ്യാജൻ സ്റ്റാമ്പ് പേപ്പർ വിറ്റ് പെരുത്ത പണം കൊയ്തുകൊണ്ടിരുന്നു. ഈ തട്ടിപ്പ് അഞ്ച് ബില്യണും കടന്നുവെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു.

അബ്ദുൾകരീം തെൽഗി / Photo: DNA India

ശ്രീമാൻ. തെൽഗി സ്ഥിരമായി ഡാൻസ് ബാറുകൾ സന്ദർശിക്കുന്ന വ്യക്തിയാണ്. ഗ്രാൻറ്​ റോഡിലെ ‘ടോപാസ് ഡാൻസ് ബാറി'ലെത്തി ഒരുനാൾ ഇഷ്ട ഡാൻസറായ ഒരു യുവതിക്ക് തൊണ്ണൂറു ലക്ഷം രൂപ റെഡി ക്യാഷ് കൈയ്യിൽ വെച്ച് കൊടുക്കുകയും കുടിച്ച് പൂസായി അവിടെ ബഹളമുണ്ടാക്കിയതുമായ വാർത്ത പത്രങ്ങളിൽ വന്നു. മുളുണ്ട് ദീപ ഡാൻസ് ബാറിലെ തരന്നുംഖാൻ എന്ന ബാർ ഡാൻസറുമായി അബ്ദുൾ കരീം തെൽഗി അനുരാഗത്തിലായിരുന്നു.

വ്യാജ മുദ്രപ്പത്ര വില്പന പരിപാടി എങ്ങനെയോ പൊളിഞ്ഞു. സ്റ്റാമ്പ് പേപ്പർ സ്കാമിനെക്കുറിച്ചുള്ള അന്വേഷണത്തിൽ തെൽഗിയെ സഹായിച്ച പോലീസിലെ ഉന്നതന്മാരും ബി.ജെ.പി. എം.എൽ.എ. അനിൽ അണ്ണാ ഗോഠേ, ശിവസേനയിലെ കാബിനറ്റ് മന്ത്രി സുരേഷ് ജെയ്ൻ എന്നിവരും തെൽഗിയോടൊപ്പം ജയിലിൽ അഴികളെണ്ണി. ആയിടെ ഈ കുറ്റവാളിയെ നിരന്തരം അലട്ടിക്കൊണ്ടിരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉയർന്ന രക്തസമ്മർദ്ദവും തലവേദനയും കണ്ട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനകളിൽ അബ്ദുൾ കരീം തെൽഗിക്ക് എച്ച്.ഐ.വി. പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഈ കേസിൽ മുപ്പത് വർഷം ശിക്ഷിക്കപ്പെട്ട തെൽഗി 56-ാം വയസ്സിൽ അയാൾ നടത്തിയ സകല വഞ്ചനകൾക്കും വിടപറഞ്ഞ് ലോകത്തോട് എന്നെന്നേയ്ക്കുമായി റ്റാറ്റാ പറഞ്ഞു. വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ മരുന്നും ബാംഗ്ലൂരിലെ വിക്ടോറിയ ഹോസ്പിറ്റലിലെ എ.സി. മുറിയിൽ വിദഗ്ദ- അതിവിദഗ്ദ ഡോക്ടർമാരുടെ ചികിത്സക്കും പരിചരണങ്ങൾക്കും അബ്ദുൾ കരീം തെൽഗിയെ രക്ഷിക്കാനായില്ല. കണക്കില്ലാത്ത പണം സൂക്ഷിച്ചതിനും ക്രിക്കറ്റ് മത്സരങ്ങളിൽ വാതുവെപ്പിന് സഹായിച്ചതിനുമായ ദീപ ബാർ ഡാൻസർ തരന്നും ഖാൻ വിദേശത്തേയ്ക്ക് മുങ്ങിയതോടെ ബോംബെയിലെ ലേഡീസ് ബാറുകളുടെ മാസ്മരികമായ ‘ദം' കുറഞ്ഞുവെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ഡാൻസ് ബാർ മുംബൈക്കർക്ക് ഇന്ന് ഓർമ മാത്രമാണ്.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments