കെ- ഫോണിലൂടെ
കേരളം അവതരിപ്പിക്കുന്നു,
ഒരു ജനപക്ഷ ടെക്നോളജി
കെ- ഫോണിലൂടെ കേരളം അവതരിപ്പിക്കുന്നു, ഒരു ജനപക്ഷ ടെക്നോളജി
ഏറ്റവും പുതിയ കാലത്തെ സാങ്കേതികവിദ്യയുടെ ഒരു ജനപക്ഷ പ്രയോഗത്തിനാണ്, കെ- ഫോണിലൂടെ കേരളം തുടക്കമിടുന്നത്. അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടുകൂടിയും എല്ലാവര്‍ക്കും ലഭ്യമാക്കുന്ന കെ.ഫോണ്‍, ടെലികോം മേഖലയിലെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ജനകീയ ബദൽ കൂടിയാണ്. ഒപ്പം, ഡിജിറ്റൽ ഡിവൈഡ് എന്ന പ്രതിസന്ധിക്ക് മികച്ച പരിഹാരവും. 30,000 ത്തോളം സര്‍ക്കാര്‍ ഓഫീസുകളില്‍ കെ- ഫോണ്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള നടപടി പൂര്‍ത്തീകരിച്ചു. ഇതില്‍ 4157 എണ്ണം പ്രവര്‍ത്തന സജ്ജമായി. കെ- ഫോൺ പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് അന്വേഷണം.
31 Jul 2022, 11:24 AM
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതിനാലാണ് മലപ്പുറം വളാഞ്ചേരി മാങ്കേരി ദലിത് കോളനിയില്‍ ദേവിക എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥി 2020 ജൂണില്‍ തീകൊളുത്തി ജീവനൊടുക്കിയത്. ‘നോളജ് എക്കണോമി’ എന്ന ആശയത്തെയും പൗരാവകാശത്തേയും മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച് എട്ടുമാസത്തിനുശേഷമായിരുന്നു ദേവികയുടെ മരണം.
ടെക്‌നോളജിയിലും, ദൈനംദിന ജീവിതത്തിലും ഇന്റര്‍നെറ്റ് കൊണ്ടുവന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട നയരൂപീകരണത്തില്‍ പൊതുവില്‍ പ്രതിഫലിക്കാറില്ല. എന്നാല്‍ അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും കാലോചിതമായി വിലയിരുത്തുകയും അതിനുവേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നതിന്റെ സൂചനയായിരുന്നു ഇന്റര്‍നെറ്റിനെ അവകാശമാക്കി പ്രഖ്യാപിച്ചു കൊണ്ടുള്ള കേരള സര്‍ക്കാറിന്റെ പ്രഖ്യാപനം. പൗരാവകാശ ലംഘനത്തിന് കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റിനെ ഉപയോഗിക്കുന്ന സമയത്തുതന്നെ അതിന്റെ സാധ്യതകൾ മുന്‍നിര്‍ത്തി, ജനപക്ഷത്തുനിന്ന് പുതിയ സാമൂഹിക- സാമ്പത്തിക വ്യവസ്ഥ രൂപപ്പെടുത്താനുള്ള ശ്രമം കൂടിയായിരുന്നു ഇത്. ഏറ്റവും പുതിയ കാലത്തെ സാങ്കേതികവിദ്യയുടെ ഒരു ജനപക്ഷ പ്രയോഗത്തിനാണ്, പിണറായി വിജയൻ സർക്കാർ രൂപം നൽകിയത്.
എന്നാല്‍, ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന കേരളത്തിനു പോലും ഒട്ടേറെ മുന്നോട്ടു പോകാനുണ്ടെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു കോവിഡ്-19. ദേവികയുടേതടക്കമുള്ള മരണങ്ങളും, വിദ്യാഭ്യാസ സൗകര്യങ്ങൾ വിവേചനരഹിതമായി എല്ലാ വിഭാഗങ്ങൾക്കും പ്രാപ്യമാക്കുന്നതിലെ പ്രതിസന്ധികളും ഡിജിറ്റല്‍ ഡിവൈഡ് എന്ന യാഥാർഥ്യം തുറന്നുകാട്ടുന്ന ഒന്നായിരുന്നു. ഈയൊരു പ്രതിസന്ധി മറികടന്ന്, സമത്വപൂര്‍ണമായ വികസനം സാധ്യമാക്കുന്ന ഉറപ്പുമായാണ്, സര്‍ക്കാർ കെ-ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ പദ്ധതി ഗൗരവമായ വിശകലനം അര്‍ഹിക്കുന്നു. നവകേരള നിര്‍മിതി എന്ന ആശയം മുന്‍നിര്‍ത്തി പ്രഖ്യാപിച്ചതില്‍ ഏറ്റവും വേഗം പുരോഗമിക്കുന്നതും കെ-ഫോണ്‍ പദ്ധതി തന്നെ. മാത്രമല്ല, വൈജ്ഞാനിക സമ്പദ്വ്യവസ്ഥ എന്ന നവീനമായ കാഴ്ചപ്പാടിന്റെ അടിത്തറകളിൽ ഒന്നുകൂടിയായി മാറുകയാണ് ഈ പദ്ധതി.
കേരളം ഡിജിറ്റൽ ഡിവൈഡിനെ മറികടക്കുന്നു
ലോകമാകെ ദൃശ്യമാകുന്ന ഡിജിറ്റല്‍ ഡിവൈഡ് എന്ന പ്രതിഭാസത്തെ കെ.ഫോണെന്ന ജനകീയ ബദലിലൂടെ കേരളം മറികടക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ""വിഭജനത്തെ മറികടക്കാനുള്ള ഏക പോംവഴി വിഭജിതരായിരിക്കാന്‍ വിസ്സമ്മതിക്കുക മാത്രമാണെന്നാണ് വിഖ്യാത മാര്‍ക്‌സിസ്‌റ് ചിന്തകന്‍ റെയ്മണ്ട് വില്യംസ് പറഞ്ഞത്. ആഗോള മുതലാളിത്തം വിവരങ്ങളുടെയും അറിവിന്റെയും വിഭജനം നടത്തികൊണ്ടിരിക്കുകയാണ്. കൊറോണയ്ക്ക് ശേഷം ഈ പ്രതിസന്ധിയുടെ വ്യാപ്തി ലോകത്തിനു ബോധ്യമായിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസം പ്രതിസന്ധികള്‍ സൃഷ്ടിച്ചു. അതവിടെ മാത്രം ഒതുങ്ങുന്ന ഒന്നല്ല''
‘‘വിവരസാങ്കേതികത രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയും പണം കൊടുത്ത് സാങ്കേതികവിദ്യ അനുഭവിക്കാന്‍ ശേഷിയുള്ളവര്‍ മാത്രം ഒന്നാംകിട പൗരന്മാരായി മാറുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്ക് ലോകത്തെ കൊണ്ടുചെന്നെത്തിക്കാനാണ് മുതലാളിത്തം ശ്രമിക്കുന്നത്. അതിന് ബദല്‍ നിര്‍ദേശിക്കല്‍ യഥാര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരെയും ഒരുമിച്ച് ചേര്‍ത്തുനിര്‍ത്തുന്നതിന്റെ ഭാഗം കൂടിയാണ്. സാധാരണക്കാരുടെ വീടുകളിലേക്കും അറിവിന്റെ വെളിച്ചമെത്തുന്നത് വഴി സാമൂഹ്യനീതിയുടെ പുതിയ പാഠങ്ങള്‍ കേരളം ലോകത്തിനു നല്‍കുകയാണ്’’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കോർപറേറ്റുകൾക്കെതിരെ ഒരു ജനകീയ ബദല്‍
അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടുകൂടിയും എല്ലാവര്‍ക്കും ലഭ്യമാക്കുന്ന കെ.ഫോണ്‍, ടെലികോം മേഖലയിലെ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള ജനകീയ ബദലായാണ് ഇടതപുക്ഷം അവതരിപ്പിക്കുന്നത്.
പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ (ഐ.പി) ലൈസന്‍സും ഏതു വ്യക്തിക്കും സ്ഥാപനത്തിനും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള നിയമസാധുത ലഭിക്കുന്ന ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സും ലഭിച്ചിട്ടുണ്ട്. ഇതോടെ പദ്ധതി മുന്നോട്ട് പോകാൻ സര്‍ക്കാറിനുമുന്നിലുള്ള നിയമപരമായ കടമ്പകളെല്ലാം മറികടന്നു. പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ സാമ്പത്തിക അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താനും ടെലികോം കമ്പനികളില്‍നിന്നു ബാന്‍ഡ് വിഡ്ത് വാങ്ങി, നിരക്ക് ഈടാക്കി സേവനം നല്‍കാനും ഇതോടെ സാധ്യമാകും.

30,000 ത്തോളം സര്‍ക്കാര്‍ ഓഫീസുകളില്‍ കെ- ഫോണ്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഇതില്‍ 4157 എണ്ണം പ്രവര്‍ത്തന സജ്ജമായെന്നും കെ.ഫോണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. 25,674 ഓഫീസുകളില്‍ കണക്ഷന്‍ നല്‍കുന്നതിന് അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇവയെ നെറ്റവര്‍ക്ക് ഓപറേറ്റിംഗ് സെന്ററുമായി (noc) ബന്ധിപ്പിക്കുന്ന ജോലികളും അവസാനവട്ട ടെസ്റ്റിംഗും പൂര്‍ത്തിയായി. നിലവില്‍ 14,683 ലധികം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കെ- ഫോണില്‍ നന്ന് സര്‍വീസ് നല്‍കിവരുന്നുണ്ട്. ഇ- ഗവേണന്‍സ് അടക്കം മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി മാറുന്നൊരു ഡിജിറ്റല്‍ കാലത്തിലേക്ക് കേരളത്തെ പ്രാപ്തമാക്കുന്ന പദ്ധതിയായി കെ- ഫോണ്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.
""പൗരന്മാര്‍ക്ക് ഇന്റര്‍നെറ്റ് അവകാശമാവുന്നു എന്നത് പ്രധാന കാര്യമാണ്. വെള്ളവും വൈദ്യുതിയുമെക്കെ പോലെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമായി ഇന്റര്‍നെറ്റ് മാറുന്ന സാഹചര്യത്തിൽ, അത് നമ്മുടെ വീടുകളിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലേക്കും എത്തുമ്പോള്‍ അവിടെ കൂടുതല്‍ കാര്യക്ഷമതയും സുധാര്യതയുമുണ്ടാകും. സര്‍ക്കാര്‍ ഓഫീസുകളിൽ ഫയല്‍ നീങ്ങാനുള്ള കാലതാമസം അതിവേഗതയുള്ള ഇന്റര്‍നെറ്റ് സൗകര്യം വരുന്നതോടെ പരിഹരിക്കപ്പെടും. ജനം സര്‍ക്കാര്‍ ഓഫീസുകളിലെത്തി അപേക്ഷ നൽകുന്നതിനുപകരം വീട്ടിലിരുന്ന് സര്‍ക്കാര്‍ സേവനങ്ങള്‍ ആവശ്യപ്പെടാനും അനുഭവിക്കാനും സൗകര്യമുണ്ടാകും. നിലവില്‍ ചിതറിക്കിടക്കുന്ന 700 ഓളം വെബ്‌സൈറ്റുകളെ സംയോജിപ്പിച്ച് ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിയും. അത് ജനത്തിന് സര്‍ക്കാര്‍ സേവനങ്ങളെ എളുപ്പം ലഭ്യമാക്കാന്‍ സഹായിക്കും.'' - സന്തോഷ് ബാബു പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുപുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സേവനങ്ങളായ ഇ-ഹെല്‍ത്ത്, ഇ-എഡ്യൂക്കേഷന്‍, മറ്റ് ഇ-സര്‍വീസുകള്‍ എന്നിവിടങ്ങളിലും കൂടുതല്‍ ബാൻറ്വിഡ്ത്ത് നല്‍കി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കെ- ഫോണ്‍ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
10 എം.ബി.പി.എസ് മുതല്‍ 1 ജി.ബി.പി.എസ് വരെ വേഗമുള്ള നെറ്റ് കണക്ഷന്‍ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും ഓപ്റ്റിക്കല്‍ ഫൈബറിലൂടെ എത്തും. പൊതുവിദ്യാലയങ്ങളില്‍ ഓപ്റ്റിക്കല്‍ കേബിള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് എത്തുന്നതോടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരും. അതുവഴി, ഏറ്റവും പാവപ്പെട്ട കുട്ടികള്‍ക്കും ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ നേട്ടം ലഭിക്കും. ഒപ്പം, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സ്റ്റാര്‍ട്ടപ്പ്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ മേഖലകളില്‍ കെ- ഫോണ്‍ സൗകര്യമൊരുക്കുമെന്നും ഗ്രാമങ്ങളിലും ചെറുകിട സംരംഭങ്ങള്‍ക്ക് ഇ- കോമേഴ്‌സ് വഴി വില്‍പ്പന നടത്താമെന്നതും പദ്ധതിയുടെ നേട്ടമായി പറയുന്നുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളിലേക്ക് കെ- ഫോണ്‍ എത്തുന്നതോടെ സേവനമേഖലയിൽ പുത്തനുണര്‍വുണ്ടാകുമെന്നും സേവന മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം കൈവരുമെന്നും അതുവഴി വിജ്ഞാന സമ്പത് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ വഴികൾ സുഗമമാക്കുമെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത്.
സൗജന്യ ഇൻറർനെറ്റ് എത്രത്തോളം സാധ്യമാണ്?
അവശ വിഭാഗങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന കെ- ഫോണ്‍ പദ്ധതി, ടെലികോം മേഖലയിലെ കോര്‍പ്പറേറ്റാധിപത്യത്തിനെതിരെയുള്ള ജനകീയ ബദല്‍ കൂടിയാണെന്ന സര്‍ക്കാറിന്റെ അവകാശ വാദം എത്രമാത്രം സാധ്യമാകുമെന്ന സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. കെ- ഫോണ്‍ ഒന്നിനെയും ചലഞ്ച് ചെയ്യുന്നില്ലെന്നും ഈ പദ്ധതി കേരളത്തിന്റെ ഐ.ടി. ജീവനാഡിയായി മാറുമെന്നതില്‍ സംശയമുണ്ടെന്നുമാണ് ഡിജിറ്റല്‍ റൈറ്റ്സ് ആക്റ്റിവിസ്റ്റ് അനിവര്‍ അരവിന്ദ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്.
""പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്നത് ഒരു പരസ്യവാചകം എന്നതിനപ്പുറം എത്രമാത്രം സാധ്യമാകുമെന്നത് കണ്ടറിയേണ്ടതുണ്ട്. കാരണം ഈ പദ്ധതിയുടെ മോഡല്‍ എന്ന് പറയുന്നത്. സര്‍ക്കാര്‍ ആര്‍ക്കും നേരിട്ട് കണക്ഷന്‍ കൊടുക്കുന്നില്ല. ഇതിനുവേണ്ടി ഫ്ലോട്ട് ചെയ്ത കമ്പനി മറ്റ് ബിസിനസുകള്‍ക്ക് കണക്ഷന്‍ കൊടുക്കും. അതിന്റെ ലാഭമുപയോഗിച്ച്പാവപ്പെട്ടവര്ക്ക് ഇന്റര്‍നെറ്റ് നല്‍കും. കെ- ഫോണിന്റെ ഡീലിംഗ് എന്നുപറയുന്നത് ഈ കേബിള്‍ ടി.വി പ്രൊവൈഡര്‍മാരോടുമാത്രമാണ്. കേബിള്‍ ടി.വി പ്രൊവൈഡര്‍ അവരുടെ കസ്റ്റമറില്‍ നിന്ന് ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള നിശ്ചിത എണ്ണം കുടുംബങ്ങളുടെ ബില്ല് സര്‍ക്കാര്‍ സബ്സിഡൈസ് ചെയ്തുകൊടുക്കുകയാണ്. അതുകൊണ്ടുതന്നെ ഇതൊരു ഇന്‍ക്ലൂഷന്‍ പ്രൊജക്ടല്ല, സബ്സിഡിയുടെ അടിസ്ഥാനത്തിലുള്ള പ്രൊജക്ടാണ്. അടിസ്ഥാനപരമായി ലാഭമുണ്ടായാല്‍ മാത്രമേ സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സാധിക്കു. ഇത് കെ.എസ്.ആര്‍.ടി.സി പോലെ ആവുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും പാവപ്പെട്ടവര്‍ക്ക് സബ്സിഡി കിട്ടുമോ ഇല്ലയോ എന്നത്'' - അനിവര്‍ അരവിന്ദ് പറഞ്ഞു.

എന്നാല്‍, 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കൊടുക്കുമെന്ന സര്‍ക്കാര്‍ തീരുമാനം എളുപ്പം നടപ്പിലാകാന്‍ കഴിയുമെന്നാണ് മന്ത്രി ഗോവിന്ദന്‍ പറയുന്നത്: ‘‘14,000 ബി പി എല്‍ കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ കണക്ഷന്‍ നല്‍കും. സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുന്ന നൂറു പേര്‍ക്കാണ് ആദ്യം ലഭിക്കുക. ആദ്യഘട്ടത്തില്‍ കണക്ഷന്‍ ലഭ്യമാക്കാന്‍ പദ്ധതിയിട്ട മുപ്പതിനായിരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇരുപത്തിയേഴായിരം സ്ഥാപനങ്ങളിലും കെ- ഫോണ്‍ എത്തിക്കഴിഞ്ഞു. കെ- ഫോണിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയായി.''
‘‘സ്റ്റാര്‍ട്ടപ് സൗഹാര്‍ദ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന്റെ സാദ്ധ്യതകള്‍ ഈ പദ്ധതി വര്‍ധിപ്പിക്കും. വര്‍ക്ക് അറ്റ് ഹോം ഉള്‍പ്പടെ പുത്തന്‍ തൊഴില്‍ സാദ്ധ്യതകള്‍ക്ക് ഈ പദ്ധതി ഊര്‍ജം പകരും. വന്‍ നഗരങ്ങളിലേതിന് തുല്യമായ വേഗമേറിയ കണക്റ്റിവിറ്റി ഇനി കേരളത്തിന്റെ ഗ്രാമാന്തരങ്ങളിലേക്കും കടന്നു വരികയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളിലേക്ക് മാറിയെങ്കിലും ഈ കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ സേവനങ്ങളുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ആ പ്രശ്‌നത്തിനും കെ ഫോണിന്റെ വരവോടെ ശാശ്വത പരിഹാരമാവും.'' - മന്ത്രി ചൂണ്ടിക്കാട്ടി.

ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് സൗകര്യം എല്ലാവര്‍ക്കും നല്‍കുന്നതിലൂടെ വിജ്ഞാനം സ്വീകരിക്കാനുള്ള സാധ്യത ഒരുക്കുകയാണെന്ന് കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് ഡോ: എം.ജി. സുരേഷ് കുമാര്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ‘‘മൊബൈല്‍ ഡെന്‍സിറ്റി വളരെ കൂടിയ, വളരെ വിപുലമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നൊരു സംസ്ഥാനമാണ് കേരളം. എന്നാല്‍ എല്ലായിടത്തും ഈ സൗകര്യം ഇപ്പോഴും എത്തിയിട്ടില്ല. നഗരപ്രദേശങ്ങളില്‍ തന്നെ ചില തുരുത്തുകളിലും ഗ്രാമങ്ങളിലേക്കും ഈ സൗകര്യം എത്തിയിട്ടില്ല. ബിസിനസ് താല്‍പര്യം മുന്‍നിര്‍ത്തി മാത്രം ചലിക്കുന്ന കമ്പനികളുടെ പ്രയോരിറ്റികളില്‍ ഇത്തരം പ്രദേശങ്ങള്‍ വരാറില്ല. എന്നാല്‍ കെ- ഫോണിന്റെ ലക്ഷ്യം ഏറ്റവും അവസാനത്തെ മനുഷ്യര്‍ക്കും എറ്റവും ഗുണമേന്മയോടെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ്. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്നത് പോലെ തന്നെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് ഉണ്ടാവുക എന്നത് മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന് കൂടുതല്‍ മുന്നേറാന്‍ സഹായകരമാകും.'' - സുരേഷ് പറഞ്ഞു.
കുത്തകകളോട് മത്സരിക്കാൻ കഴിയും
മറ്റ് സേവനദാതാക്കളുള്ളപ്പോള്‍ കെ- ഫോണ്‍ അധികപ്പറ്റാണ് എന്ന് നിയമസഭയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചിരുന്നു. എന്നാല്‍ അതിവേഗ ഇന്റര്‍നെറ്റ് വരേണ്യവര്‍ഗത്തിനു മാത്രം കരഗതമാകേണ്ടതും, കുത്തകകളാല്‍ മാത്രം വിതരണം ചെയ്യേണ്ടതുമാണ് എന്ന തോന്നലില്‍ നിന്നാണ് ചെന്നിത്തലയുടെ പ്രസ്താവനയെന്നായിരുന്നു അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് മറുപടിയായി പറഞ്ഞത്. വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണം എന്ന വികസന സങ്കല്‍പ്പത്തെയാണ് സര്‍ക്കാര്‍ കെ- ഫോണിലൂടെ മുന്നോട്ട് വെക്കുന്നതായിരുന്നു ഐസക്കിന്റെ വാദം.
എന്നാല്‍ കേരളത്തില്‍ നിലവില്‍ ഒരുപാട് സെര്‍വീസ് പ്രൊവൈഡേഴ്‌സ് ഉണ്ടെന്നും കുത്തക വേഴ്‌സസ് കേബിള്‍ ടിവി പ്രൊവൈഡേഴ്‌സ് ആയിരുന്നു ഇതുവരെ മത്സരമെങ്കില്‍ അതിലേക്ക് കെ- ഫോണ്‍ കൂടി വരുന്നു എന്ന് മാത്രമാണിപ്പോള്‍ സംഭവിക്കുന്നതെന്നും അനിവര്‍ അരവിന്ദ് പറയുന്നുണ്ട്: ഈ മൂന്ന് കൂട്ടരും ഒരു മാര്‍ക്കറ്റ് ഷെയറിന്റെ മുകളിലാണ് നില്‍ക്കുന്നത്. മൂന്നുപേരും പരസ്പരം മത്സരിക്കുകയാണ് ചെയ്യുന്നത്. അതിനുള്ളില്‍ ഡിസക്കൗണ്ടും പി.ആറും വെച്ച് കസ്റ്റമറെ പിടിക്കാനുള്ള കഴിവുണ്ടോ എന്ന് കണ്ടറിയണമെന്നും അനിവര്‍ അരവിന്ദ് പറഞ്ഞു.
‘‘സ്പീഡുള്ള ഇന്റര്‍നെറ്റ് കിട്ടണമെങ്കില്‍ വലിയ താരിഫ് കൊടുക്കണം എന്ന നില മാറുകയും ഇത്തരത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടാക്കാന്‍ കഴിയുന്ന കമ്പനികളുടെ കുത്തകയായി കെ- ഫോണ്‍ മാറുകയും ചെയ്യും. എന്നാല്‍ ഓരോ കമ്പനിയും ഇത്തരത്തില്‍ സ്വന്തമായി നെറ്റ്വർക്ക് ഉണ്ടാക്കുകയാണെങ്കില്‍ അവയുടെ ചെലവ് പൂര്‍ണമായും ജനങ്ങളുടെ താരിഫില്‍ തന്നെയാണ് പ്രതിഫലിക്കുക. അത്തരം ശ്രമങ്ങള്‍ കേരളത്തിലിപ്പോള്‍ ചില വലിയ കമ്പനികള്‍ നടത്തുന്നുണ്ട്. അവര്‍ക്ക് വിപുലമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടാവുകയും ആ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ച് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോള്‍ ബിസിനസ് വോള്യത്തിന്റെ പ്രധാനഭാഗം അവര്‍ക്കുതന്നെ കിട്ടുകയും ഈ മേഖലയില്‍ കുത്തക ആവുകയും സ്വാഭാവികമായും അവര്‍ക്ക് നിയന്ത്രണം കൈവരികയും ചെയ്യും. എന്നാല്‍ കെ-ഫോണ്‍ പോലെ ഒരു പൊതു ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടാവുമ്പോള്‍ ഏത് ചെറുകിട ഓപറേറ്റര്‍ക്കും വലിയ കമ്പനികള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന തരത്തില്‍ സേവനം കൊടുക്കാനും കുത്തകകളോട് മത്സരിച്ചും ഇന്റര്‍നെറ്റ് നല്‍കാനും കഴിയും. ഇതൊരു ഷെയേഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന നിലയില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും ഉപോയോഗിക്കാന്‍ കഴിയുന്ന നിലയിലേക്ക് മാറുകയും ചെയ്യും. അത് ഇന്റര്‍നെറ്റിന്റെ മൊത്തം ചെലവ് കുറയ്ക്കാന്‍ സഹായിക്കും '' - കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് ഡോ: എം.ജി. സുരേഷ് കുമാര്‍ പറയുന്നു.
അറിവും അതിന്റെ സാങ്കേതിക വിദ്യയും കയ്യാളാനുള്ള മുതലാളിത്ത ശ്രമങ്ങള്‍ നിര്‍ബാധം തുടരുന്ന സാഹചര്യങ്ങള്‍ക്കിടയിലാണ് മറ്റൊരു ലോകം സാധ്യമാണെന്ന ദിശാസൂചി കെ- ഫോണിലൂടെ കേരളം നല്‍കുന്നതെന്നാണ് മന്ത്രി എം.വി. ഗോവിന്ദന്‍ പറയുന്നത്: ‘‘വിവരങ്ങളെ കുത്തകവത്കരിക്കാനുള്ള ശ്രമങ്ങളെ നമ്മള്‍ ജനകീയമായി പ്രതിരോധിക്കുകയാണ്. ഇന്റര്‍നെറ്റ് ഒരു ജനതയുടെ അവകാശമെന്ന ഇടതുപക്ഷത്തിന്റെ നയമാണ് കെ- ഫോണിലൂടെ തരംഗങ്ങളാവുന്നത്. അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടും കൂടി പരമാവധി പേര്‍ക്ക് ലഭ്യമാക്കുന്ന ഈ പദ്ധതി ഈ രംഗത്തെ കുത്തകള്‍ക്കെതിരായ ബദലാണ്. അറിവിനെയും വിവര സാങ്കേതിക വിദ്യയേയും കൈയടക്കി വെക്കാന്‍ ആഗോള തലത്തില്‍ തന്നെ മുതലാളിത്തം ശ്രമിക്കുകയാണ്. വിജ്ഞാനത്തെ വില്പനച്ചരക്കാക്കിയവര്‍ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ കസേര നീക്കി വെച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു പശ്ചാത്തലത്തില്‍ കേരളം തുടക്കം കുറിക്കുന്ന ഈ വിജ്ഞാന വിവര സാങ്കേതിക വിപ്ലവത്തിന് അതീവ പ്രാധാന്യമുണ്ട്. വിജ്ഞാനത്തിന്റെയും വിവരങ്ങളുടെയും ജനകീയവത്കരണത്തിലൂടെ ലോകത്തിനു തന്നെ മാതൃകയാവുകയാണ് കേരളം. മൊബൈല്‍ സേവനദാതാക്കളുടെയും സ്വകാര്യ കേബിള്‍ ശൃംഖലകളുടെയും ചൂഷണങ്ങള്‍ക്കുള്ള മറുപടി കൂടിയാണിത്.''
കെ- ഫോണ്‍ പദ്ധതി ഒരേസമയം മികച്ച സേവനദാതാവും ഒരു മികച്ച മികച്ച ബിസിനസ് മോഡലുമാണെന്നാണ് സന്തോഷ് ബാബു പറയുന്നത്: ‘‘പദ്ധതിക്ക് പ്രധാനമായും സര്‍ക്കാര്‍ ഫണ്ടും കിഫ്ബി ഫണ്ടുമാണ് നിലവിലുള്ളത്. എന്നാല്‍ അടിസ്ഥാന സൗകര്യം എസ്റ്റാബ്‌ളിഷ് ചെയ്യാന്‍ വേണ്ടിയാണ് ഈ ഫണ്ടിംഗ്. ഇത് മെയിൻറനൻസ് ചെയ്യാന്‍ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് കൊടുത്തിരിക്കുന്നത്. അതിന് നമ്മള്‍ അങ്ങോട്ട് പണം കൊടുക്കണം. എന്നാല്‍ മൂന്നുവര്‍ഷം ഇളവുണ്ട്. സ്വാഭാവികമായും കിഫ്ബിയുടെ ലോണ്‍ ആയതുകൊണ്ടുതന്നെ ഇളവ് കഴിഞ്ഞാല്‍ വര്‍ഷം 100 കോടി രൂപ വീതം കിഫ്ബിക്ക് അടക്കണ്ടി വരും. അത് കെ- ഫോണില്‍ നിന്ന് കണ്ടെത്തും. ഒപ്പം, ഓരോ വര്‍ഷവും അടിസ്ഥാന സൗകര്യം വികസിപ്പിക്കണം, ഇലക്ട്രോണിക്സിന്റെ ചെലവ് കൂടുതലായത് കൊണ്ട് അതിലേക്ക് വലിയൊരു തുക ഇന്‍വെസ്റ്റ് ചെയ്യേണ്ടി വരും. അതൊക്കെയും ഈ നെറ്റ്വർക്കില് നിന്നും മോണിറ്റൈസ് ചെയ്ത് തുക കണ്ടെത്തിയായിരിക്കും നിര്‍വഹിക്കുക.''
പദ്ധതി നടപ്പാക്കുന്നതാര്
കെ.എസ്.ഇബി.യും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡും ചേര്‍ന്ന് രൂപീകരിച്ച കമ്പനിയാണ് പദ്ധതിയുടെ ചുമതല വഹിക്കുന്നത്. കെ.എസ്.ഇബിക്കും KSITIL നും 49 ശതമാനം വീതവും കേരള സര്‍ക്കാരിന് രണ്ടുശതമാനവുമാണ് പങ്കാളിത്തം. 1,531 കോടി രൂപ ചെലവില്‍ പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെല്‍) നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് (സിസ്റ്റം ഇന്റിഗേറ്റര്‍ ) പദ്ധതി നടപ്പാക്കുന്നത്. ടെന്‍ഡറില്‍ ഭാരതത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ക്വാട്ട് ചെയ്തത് 1538 കോടി രൂപയായിരുന്നു, ടി.സി.ഐ.എല്‍ 1729 കോടിയും എ ടു ഇസെഡ് 2853 കോടിയും ക്വാട്ട് ചെയ്തു. ഏറ്റവും കുറവ് ക്വാട്ട് ചെയ്ത ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് പദ്ധതി ലഭിച്ചു. റെയില്‍ടെല്‍ കോര്‍പറേഷന്‍, എസ്.ആര്‍.ഐ.ടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഇതിലെ പങ്കാളികള്‍.

കെ.എസ്.ഇ.ബിയുടെ വിതരണ സംവിധാനം വഴിയാണ് കെ- ഫോണിന്റെ കേബിളുകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത്. ട്രാന്‍സ്മിഷന്‍ ടവറുകളിലൂടെ കോര്‍ ലൈനുകളും ഇലക്ട്രിക് പോസ്റ്റുകളിലൂടെ ബാക്കി ലൈനുകളും കടന്നുപോകും. 14 ജില്ലകളിലും കെ.എസ്.ഇ.ബിയുടെ ഒരു സബ്‌സ്റ്റേഷന്‍ പ്രധാന നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചിരിക്കും. റിംഗ് ടോപ്പോളജി (വളയ രൂപത്തില്‍) സംവിധാനത്തിലാണ് 14 ജില്ലകളെയും ഇത്തരത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ ഒരു സ്ഥലത്ത് തകരാറുണ്ടായാല്‍ മറുവശം വഴിയുള്ള ഡാറ്റാ സഞ്ചാരത്തിനുവേണ്ടിയാണ് ഈ സംവിധാനം രൂപപ്പെടുത്തിയത്. തടസമില്ലാത്ത എല്ലായ്‌പോഴും ഡാറ്റ പ്രവഹിക്കുമെന്ന് ഇങ്ങനെ ഉറപ്പുവരുത്തിയിരിക്കുന്നതെന്നാണ് കെ- ഫോണ്‍ പറയുന്നത്.
ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍, കണ്ടെൻറ് സര്‍വീസ് പ്രൊവൈഡര്‍, കേബിള്‍ ഓപ്പറേറ്റര്‍, ടെലികോം ഓപ്പറേറ്റര്‍ തുടങ്ങി എല്ലാവര്‍ക്കും തുല്യമായ അവസരം ലഭിക്കുന്ന ഓപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കാണ്. അതുവഴി ഏറ്റവും ഉയര്‍ന്ന വേഗത്തിലുള്ള കണക്ഷന്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഔദ്യോഗിക റജിസ്‌ട്രേഷന്‍ പ്രകാരം കെ- ഫോണിന് ഫൈബര്‍ ഒപ്റ്റിക് ലൈനുകള്‍ (ഡാര്‍ക്ക് ഫൈബര്‍), ഡക്ട് സ്‌പേസ്, ടവറുകള്‍, നെറ്റ്വർക്ക് ശൃംഖല, മറ്റവശ്യ സംവിധാനങ്ങള്‍ തുടങ്ങിയവ സ്വന്തമാക്കാനും തയാറാക്കാനും നിലനിര്‍ത്താനും അറ്റകുറ്റപ്പണി നടത്താനും ഇവ ടെലികോം സര്‍വീസ് ലൈസന്‍സുള്ളവര്‍ക്ക് വാടകയ്ക്കോ ലീസിനോ നല്‍കുവാനും അല്ലെങ്കില്‍ വില്‍ക്കുവാനുമുള്ള അധികാരമുണ്ട്.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
അശോകകുമാർ വി.
Dec 18, 2022
5 Minutes Read
അജിത്ത് ഇ. എ.
Nov 19, 2022
8 Minutes Read
പി.ബി. ജിജീഷ്
Nov 09, 2022
18 Minutes Read
പിണറായി വിജയൻ
Oct 23, 2022
6 Minutes Read