പൊലീസ് ഇടിച്ചുപിഴിഞ്ഞ ഒരു ജീവിതം ഇതാ, അധികാരത്തെ തോൽപ്പിച്ചിരിക്കുന്നു

2003 ഫെബ്രുവരിയിൽ വയനാട്ടിലെ മുത്തങ്ങയിൽ ആദിവാസി ഗോത്രമഹാസഭ നടത്തിയ ഭൂസമരവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട് അറസ്റ്റിലാകുകയും അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത എഴുത്തുകാരനും സുൽത്താൻ ബത്തേരി 'ഡയറ്റ്' സീനിയർ ലക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ബത്തേരി സബ് കോടതി വിധിച്ചിരിക്കുന്നു. 17 വർഷം നീണ്ട, ജീവിതത്തിലെ ഏറ്റവും തീവ്രമായ ഒരനുഭവത്തെയും നീതിക്കുവേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തെയും ഓർക്കുകയാണ് സുരേന്ദ്രൻ

2003 ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ പതിവുപോലെ ഡയറ്റിൽ പോയി ഒപ്പിട്ട് സ്റ്റാഫ് റൂമിലിരുന്നു. മുത്തങ്ങാനന്തരം പൊലീസ് ഭീകരത ബത്തേരിയിലാകെ പരന്നിട്ടുണ്ട്. പണിയരെന്നു തോന്നുന്ന ഏതൊരാളെയും തടഞ്ഞുനിർത്തി ആൾക്കൂട്ടം മർദ്ദിക്കുന്നു. പൊലീസിനെ വിളിച്ചു കൈമാറുന്നു. ഇതാണെല്ലാ ദിവസത്തേയും കാഴ്ച.

ബത്തേരിക്കടുത്ത് നമ്പിക്കൊല്ലിയിൽ നിന്ന് ജാനുവിനേയും ഗീതാനന്ദനേയും കസ്റ്റഡിയിലെടുത്തെന്ന വാർത്ത പരന്നിരുന്നു. കുറച്ചു കഴിഞ്ഞെന്തായാലും ടി.വിയൊന്നു നോക്കണം. പെട്ടെന്ന് സ്റ്റാഫ് റൂമിലേക്ക് എസ്.ഐ. വിശ്വംഭരന്റെ നേതൃത്വത്തിൽ ഒരു സംഘം പൊലീസ് ഇരച്ചുകയറുന്നു. ‘ആരടാ സുരേന്ദ്രൻ’ എന്ന അങ്ങേരുടെ ആക്രോശത്തിന് ഞാനാണെന്ന് പറഞ്ഞ് എഴുന്നേറ്റ് ചെന്നപ്പോൾ കോളറിന് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് പുറത്തുനിർത്തിയ ജീപ്പിലേക്ക് കയറ്റുന്നു. ആജാനബാഹുവും ദൃഢഗാത്രനുമായ വിശ്വംഭരൻ ജീപ്പിൽ വെച്ചു തന്നെ മുഷ്ടി ചുരുട്ടി എന്റെ നേർക്കടുത്തപ്പോൾ കൂടെയുള്ള പൊലീസുകാർ വിലക്കി.

മുത്തങ്ങ സമരനേതാക്കളായ സി.കെ ജാനുവിനെയും എം. ഗീതാനന്ദനെയും റിമാൻഡ് ചെയ്തപ്പോൾ

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ ജനനിബിഡമായിരുന്നു. ആൾക്കൂട്ടം എന്തൊക്കെയോ വിളിച്ചു കൂവുന്നു. ഞാൻ ശരിക്കും അർധബോധാവസ്ഥയിലാണ് പൊലീസുകാരുടെ പിടിയിൽ സ്റ്റേഷനിലേക്ക് നടന്നത്. ഓഫീസർമാരുടെ മുന്നിൽ ഒരു പ്രദർശനം. വരാന്തയിലേക്കിറക്കുന്ന സി.ഐ ദേവരാജൻ എന്തോ ചോദിച്ചു, മറുപടിക്കു മുമ്പേ അയാളുടെ മുഷ്ടി ആഞ്ഞ് അടിവയറ്റിൽ പലവട്ടം. വേദനിച്ചോ എന്ന് ഇപ്പോൾ ഓർമയില്ല. വീണ്ടും വിശ്വംഭരന്റെ കസ്റ്റഡിയിൽ. സ്റ്റേഷന്റെ ഉള്ളിലെ നീണ്ട ഇടനാഴി. രണ്ടു ചുമലും കൂട്ടി കൈയിൽ രണ്ട് പൊലീസുകാർ മുറുക്കി പിടിക്കുന്നു ചുമരിന് ചേർത്ത് തിരിച്ചുനിർത്തുന്നു. പുറകിൽ നിന്ന് ഊരക്കു മുകളിൽ ബൂട്ടിട്ട കാൽപാദം ആഞ്ഞുപതിക്കുന്നു ഒപ്പം വിശ്വംഭരന്റെ തെറിവിളിയും. ആ വേദന ഇന്നും മാറിയിട്ടില്ല. (കണ്ണൂർ ജയിലിലെ ചില തടവുകാർ പറഞ്ഞത് അങ്ങനെ ചെയ്യുന്നത് കാലുകൾ തളർന്നു പോകാനാണത്രേ).

കെ.കെ. സുരേന്ദ്രൻ

എനിക്ക് സമരവുമായി ബന്ധമില്ലെന്ന് താണുകേണ് പറഞ്ഞപ്പോൾ ബന്ധമില്ലാതെ നിന്റെ നമ്പറെങ്ങനെയാടാ ഡേഷ് മോനേ ഗീതാനന്ദന്റെ ഡയറിയിൽ വന്നത് എന്നാണയാൾ അലറിയത്. വിശ്വംഭരനൊന്നടങ്ങിയപ്പോൾ എന്നെ റൈറ്ററുടെ മുറിയിലേക്ക് മാറ്റി. അവിടെ നീരുവന്ന് വീർത്തതു പോലെയുള്ള മുഖവുമായി സി.കെ. ജാനു ഒരു മൂലയ്ക്കിരിക്കുന്നു. (എന്നെ അറിയില്ലെന്ന സത്യം പറഞ്ഞതിന് ജാനുവിന് ആ മുഖത്ത് അടിയേറ്റത് ഇന്നും ഓർമയിൽ നീറുന്നു) ‘നീയും പണിയനാണോടാ, നിന്റെ അമ്മയ്ക്കുണ്ടായ മറ്റു മക്കളൊക്കെ പൊലീസുകാർക്ക് ഉണ്ടായതാണോ, അതുകൊണ്ടാണോ നീ പൊലീസുകാരെ വെട്ടാൻ ആദിവാസികൾക്ക് ക്ലാസെടുത്തത്' എന്നായിരുന്നു HC വസന്തകുമാറിന് അറിയേണ്ടിയിരുന്നത്.

‘നിന്നെ എനിക്ക് യൂണിവേഴ്‌സിറ്റിയിൽ വെച്ചേ അറിയാം, പക്ഷേ പൊലീസുകാരനെ വെട്ടിക്കൊന്നിട്ട് വെറുതെ നിന്നെ വിട്ടാൽ മരിച്ചവന്റെ ആത്മാവ് ഞങ്ങളോട് പൊറുക്കില്ല' എന്നമറിക്കൊണ്ടാണ് രഘുനാഥനെന്ന കോൺസ്റ്റബിൾ എന്നെ ആഞ്ഞടിച്ചത്. കേട്ടാലറക്കുന്ന തെറി പറഞ്ഞ് ഇടയ്ക്കിടെ വന്ന് തലയ്ക്കും മുതുകിനും ഇടിക്കുന്നത് ASI മത്തായിക്ക് ഒരു വിനോദമായിരുന്നു. സ്‌പെഷൽ ബ്രാഞ്ചുകാരൻ വർഗീസ് സിവിൽ ഡ്രസിൽ വന്ന് തല്ലിയത് മാത്രമല്ല, ബത്തേരി ഗസ്റ്റ്ഹൗസിലുണ്ടായിരുന്ന മന്ത്രി സുധാകരന്റെ നീക്കങ്ങൾ ആദിവാസികൾക്ക് ചോർത്തിക്കൊടുത്ത ചാരനാണ് ഞാനെന്ന് പറഞ്ഞത് മറ്റുള്ളവരുടെ മർദ്ദനത്തിനാക്കം കൂട്ടി.

ഉച്ചയായപ്പോൾ പരിചയമുള്ള നാട്ടുകാരായ ചില പൊലീസുകാർ വന്ന് ഇടപെടുന്നതു വരെ പീഡനം മഴ പോലെ പെയ്യുകയായിരുന്നു. ഇടയ്ക്കു കിട്ടിയ ഇടവേളയിൽ മർദ്ദനമേറ്റ് കരയുന്ന കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കുമൊപ്പം മുഖം വീർത്ത ജാനുവിനും വാരിയെല്ലൊടിഞ്ഞ് ഞരങ്ങുന്ന ഗീതാനന്ദനുമൊപ്പമുള്ള ആ ഇരിപ്പ് ഒരു മോശം കാര്യമല്ലെന്ന ഒരു വികാരം എന്നിലുളവായി. അതുതന്ന ഊർജം എന്തിനേയും നേരിടാനുള്ള കരുത്തു തന്നു. ചെവിയിൽ കാറ്റു കയറ്റിയുള്ള അടിയും മറ്റ് മുറകളും രാത്രി വരെ തുടർന്നു. മരിച്ച വിനോദിന്റെ സഹപ്രവർത്തകർ മദ്യപിച്ച് മദോന്മത്തരായി വന്ന് നടത്തിയ തേർവാഴ്ച അതിലപ്പുറം. 10,000 രൂപ ശമ്പളമുള്ള ഡേഷ് മോനാ ഈ കെടക്കുന്നേ എന്ന തരത്തിലുള്ള കമന്റുകൾ കേട്ട് സിമന്റ് തറയിൽ കണ്ണുകൾ ഇറുക്കിയടച്ച് ഉറങ്ങാതെ കിടന്ന ആ രാത്രിയും ശരീരത്തിന്റെ ഓരോ ഇഞ്ചിലും അനുഭവപ്പെട്ട കഠിനവേദനയും മറക്കാനാവുന്നില്ല.

ഒരു മാസത്തിലേറെ നീണ്ട ജയിൽവാസവും ചികിത്സയുമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മുതൽ നിയമപരമായി ഈ പൊലീസ് പീഡനത്തെ എങ്ങനെ നേരിടാമെന്ന് ചിന്തിച്ചു. സാമൂഹ്യ പ്രതിബദ്ധത പുലർത്തുന്ന അധ്യാപകരേയും സാംസ്‌കാരിക പ്രവർത്തകരേയും തീവ്രവാദ ബന്ധമുള്ളവരാക്കി ചിത്രീകരിച്ച് കേസുകളിൽ പെടുത്തലും മർദ്ദിക്കലുമൊക്കെ കേരള പൊലീസിന്റെ ശീലമാണ്. അടിയന്തിരാവസ്ഥ മുതൽ തുടങ്ങിയ ഈ ഏർപ്പാട് കേണിച്ചിറ മുതൽ നിരന്തരം അരങ്ങേറി. അതിന്ന് താഹ അലന്മാരിൽ എത്തിനിൽക്കുന്നു. എനിക്കേറ്റ മർദ്ദനവും അന്യായ അറസ്റ്റും തടവുമൊക്കെ കോടതിയിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചു.

അങ്ങനെയാണ് ബത്തേരി മുനിസിപ്പൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്രിമിനൽ കേസും സബ് കോടതിയാൽ സിവിൽ കേസും സ്വകാര്യ അന്യായങ്ങളായി ഫയൽ ചെയ്യുന്നത്. വിശ്വംഭരൻ, ദേവരാജൻ, മത്തായി വർഗീസ്, വസന്തകുമാർ, രഘുനാഥൻ എന്നിവരെ പ്രതികളാക്കിയാണ് അന്യായം നൽകുന്നത്. സിവിൽ കേസിൽ സ്റ്റേറ്റിനെ കൂടി പ്രതിചേർത്തു. ക്രിമിനൽ കേസ് ന്യായ വിചാരണാധികാര (Cognizance) ത്തിനെടുക്കാൻ അനവധി കടമ്പകൾ കടക്കണം. തെളിവുകളും സാക്ഷികളുമൊക്കെ ഹാജരാക്കി വിചാരണയിലെന്നോണം ചടങ്ങുകളേറെ.

എല്ലാം കഴിഞ്ഞ് ചാർജ് ഫ്രെയിം ചെയ്തപ്പോഴേക്കും പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദ് ചെയ്തു. ഞാൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അവർക്കനുകൂലമായിരുന്നു. അങ്ങനെ അനവധിയായ പരിശ്രമങ്ങളും പണവും വൃഥാവിലായി. സബ് കോടതിയിൽ കൊടുത്ത സിവിൽ കേസിന്റെ ആദ്യത്തെ കടമ്പ കോർട്ട് ഫീസ് ആയിരുന്നു, 1,40,000 രൂപ വേണമായിരുന്നു. ഇൻഡിജന്റ് ഒ.പി യായി കൊടുക്കാൻ പെറ്റീഷൻ നന്നായി എഴുതിയുണ്ടാക്കി തന്ന ഹൈക്കോടതി അഭിഭാഷകൻ കെ.സി.എൽദോ പറഞ്ഞു. ചെവിപൊട്ടി ചീകിത്സ കിട്ടാതെ ജയിലിൽ കിടന്ന എനിക്ക് വിദഗ്ധ ചികിത്സക്കുള്ള ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് കിട്ടിയത് ഈ അഭിഭാഷകന്റെ ഇടപെടൽ മൂലമാണ്. സബ് കോടതി എന്റെ പെറ്റീഷൻ തള്ളിയപ്പോൾ ഹൈക്കോടതിയിൽ നിന്ന് കേസ് തുടരാനുള്ള ഉത്തരവ് നേടിത്തന്ന് വീണ്ടും എൽദോ വക്കീലെനിക്ക് താങ്ങായി.

വിചാരണ സമയത്ത് പ്രായാധിക്യത്തെ വെല്ലുവിളിച്ചു ബത്തേരി കോടതിയിലെത്തിയ ENTസർജൻ ഡോ.വി.സി. രവീന്ദ്രൻ സാറിനോടുള്ള കടപ്പാടും വലുതാണ്. അദ്ദേഹം കണ്ണൂർ ജയിലിൽ വന്ന് എന്നെ പരിശോധിച്ച് നൽകിയ റിപ്പോർട്ട് അംഗീകരിച്ച് ഹൈക്കോടതി ഇട്ട ഓർഡർ കൊണ്ടാണ് ജയിലിൽ നിന്ന് വിദഗ്ധ ചികിത്സ ലഭിക്കാനിടയായത്. പ്രതികളായ പൊലീസുകാർ അതിക്രമം നടത്തിയെന്ന് കണ്ടെത്തി ശിക്ഷ വിധിക്കാനിടയായത് ദീർഘമായ സഹനത്തിന്റെയും സമരത്തിന്റെയും ശുഭപര്യവസാനമായാണ് ഞാൻ കാണുന്നത്. സാമൂഹ്യ പ്രതിബദ്ധതയും നിസ്വരോടും അധഃസ്ഥിതരോടുമുള്ള സഹഭാവവും ക്രിമിനൽ കുറ്റമാക്കി മാറ്റുന്ന പൊലീസുകാരും അവർക്ക് പിന്തുണ നൽകുന്ന അധികാരവും തോൽപ്പിക്കപ്പെടുക തന്നെ ചെയ്യും. എത്ര വൈകിയാലും നീതിയുടെ വെളിച്ചം പീഡിതരെ തേടിയെത്തും ഉറപ്പ്.


Comments