truecoppy
MORE
Truecopy Home
Readers
are
Thinkers

Sunday, 29 January 2023

truecoppy
Truecopy Logo
Readers are Thinkers

Sunday, 29 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
Bihar Assembly election

Bihar Ballot

കോണ്‍ഗ്രസ്, ഇടതുപക്ഷം, സോഷ്യലിസ്റ്റ്
ഇന്ത്യന്‍ രാഷ്ട്രീയത്തിന്
ഒരു ബീഹാര്‍ ടെസ്റ്റ്

കോണ്‍ഗ്രസ്, ഇടതുപക്ഷം, സോഷ്യലിസ്റ്റ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു ബീഹാര്‍ ടെസ്റ്റ്

കോണ്‍ഗ്രസ്- ഇടത്- സോഷ്യലിസ്റ്റ് ചേരിയെന്ന, ഒരുപക്ഷെ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രസക്തമായ ഒരു സാധ്യതയാണ് ബീഹാര്‍ ഇത്തവണ പരീക്ഷിക്കുന്നത്. അതുകൊണ്ടാണ്, ഇതിന് ബീഹാറിലൂടെ രാജ്യത്തെ മുഴുവന്‍ ജനതയൂടെയും അവരുടെ പ്രതിസന്ധികളുടെയും പ്രതിനിധികളാകാന്‍ കഴിയുന്നത്. മറുവശത്ത്, സവര്‍ണ ജാത്യാധികാരമുപയോഗിച്ച് വ്യാജമായ ജനവിധിക്കുവേണ്ടിയുള്ള ബി.ജെ.പി- സംഘ്പരിവാര്‍ തന്ത്രങ്ങളും. സമീപകാല ഉത്തരേന്ത്യന്‍ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ തന്ത്രങ്ങളാണ് ഏറെയും വിജയിക്കുന്നത്, അതുകൊണ്ടുതന്നെ, ഈ ജനവിധിയും ഹൈജാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഏറെയും

21 Oct 2020, 02:59 PM

കെ. കണ്ണന്‍

എഴുപതുകളുടെ മധ്യത്തില്‍ ഇന്ദിരാഗാന്ധി ഒരു സമഗ്രാധിപത്യ ഭരണകൂടമായി മാറിയപ്പോള്‍, അതിനെതിരായ ജനമുന്നേറ്റത്തിന് വിത്തിട്ട സംസ്ഥാനമാണ് ബീഹാര്‍. ഒരു സിനിമ തിയറ്ററിന്റെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറില്‍ സൗജന്യ ടിക്കറ്റുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍നിന്നാണ് ഈ പ്രതിഷേധത്തിന്റെ തുടക്കമെന്ന് അരവിന്ദ് നാരായൺ ദാസിന്റെ ‘റിപ്പബ്ലിക് ബീഹാര്‍' എന്ന കൃതിയില്‍ പറയുന്നുണ്ട്, ആ മുന്നേറ്റം, ‘സമ്പൂര്‍ണ വിപ്ലവം' എന്ന മുദ്രാവാക്യവുമായി ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനമായി വിപുലപ്പെട്ടു.

അഴിമതിക്കേസില്‍ മൂന്നുവര്‍ഷമായി തടവില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ്, ബി.ജെ.പിയുടെ കൂടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ നിതീഷ് കുമാര്‍ എന്നിവര്‍ ഈ കാലഘട്ടത്തിന്റെ മുളകളായിരുന്നുവെന്നുകൂടി ഓര്‍ക്കാം. അഴിമതിക്കും ഫാസിസത്തിനും എതിരായ ജെ.പി മൂവ്‌മെന്റിന്റെ ഒന്നല്ല, പലതരം ആന്റി ക്ലൈമാക്‌സുകളില്‍ ചിലരുമാത്രമാണിവരെന്നും ആശ്വസിക്കാം.

ചെറിയ നിമിത്തങ്ങളില്‍നിന്ന് വലിയ മുന്നേറ്റങ്ങളുണ്ടാക്കാനുള്ള, രാഷ്ട്രീയ പൊട്ടന്‍ഷ്യലുള്ള പൗരസമൂഹമാണ് ബീഹാറിലേതെന്ന് ദേശീയരാഷ്ട്രീയത്തിലെ പല കാലങ്ങളും സാക്ഷ്യം പറയും. ഒക്‌ടോബര്‍ 28ന് ആരംഭിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പും പ്രധാനമാകുന്നത്, രാജ്യം മുഴുവന്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ ഒരു ടെസ്റ്റ് ഡോസ് എന്ന നിലയ്ക്കാണ്. 

nitheesh-kumar_1.jpg
നിതീഷ്‌കുമാർ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുന്നു

നിതീഷ്, തേജസ്വി, ചിരാഗ്

ഈ നിയമസഭ തെരഞ്ഞെടുപ്പ് ബീഹാറിലെ രാഷ്ട്രീയ പാര്‍ട്ടികളെയും മുന്നണികളെയും അവയുടെ പലതരം വോട്ടുവിനിമയങ്ങളെയും സംബന്ധിച്ച് ഒട്ടും സവിശേഷതയില്ലാത്ത ഒന്നു കൂടിയാണ്. കാരണം, ഇത്തവണത്തെ തെരഞ്ഞെടുപ്പുസഖ്യങ്ങള്‍ സ്വഭാവികമായിരുന്നു, നിതീഷിനെതിരായ രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്റെ  ‘കലാപം' പ്രതീക്ഷിത നാടകം മാത്രമായിരുന്നു. 

മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി(യു)- എന്‍.ഡി.എ സഖ്യം, ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി)- കോണ്‍ഗ്രസ്- ഇടതുപാര്‍ട്ടികള്‍ എന്നിവയുടെ മഹാസഖ്യം എന്നീ രണ്ടു മുന്നണികളാണ്​ മുഖാമുഖം. 2015ല്‍ ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം എന്‍.ഡി.എക്കെതിരെ വന്‍ ഭൂരിപക്ഷം നേടിയാണ് നിതീഷ്‌കുമാർ മുഖ്യമന്ത്രിയായത്. തേജസ്വിയും സഹോദരന്‍ തേജ് പ്രതാപും മന്ത്രിമാരാകുകയും ചെയ്തു. 2017ല്‍ ആര്‍.ജെ.ഡിയുമായുള്ള സഖ്യം വിട്ട നിതീഷ് ബി.ജെ.പിക്കൊപ്പം കൂടി മുഖ്യമന്ത്രിയായി തുടര്‍ന്നു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബീഹാര്‍ നിതീഷ്- ബി.ജെ.പി സഖ്യം തൂത്തുവാരി.

മഹാസഖ്യത്തില്‍ ആര്‍.ജെ.ഡി 144, കോണ്‍ഗ്രസ് 70, ഇടതുപാര്‍ട്ടികള്‍ 29 സീറ്റുകളില്‍ വീതം മല്‍സരിക്കുന്നു. 50ലേറെ മണ്ഡലങ്ങളില്‍ സ്വാധീനമുള്ള സി.പി.ഐ (എം.എല്‍ ലിബറേഷന്‍) 19, സി.പി.ഐ ആറ്, സി.പി.എം നാല് സീറ്റുകളില്‍ വീതമാണ് മല്‍സരിക്കുന്നത്. സി.പി.ഐ(എം.എല്‍)ക്ക് ഇപ്പോള്‍ മൂന്ന് എം.എല്‍.എമാരാണുള്ളത്. സി.പി.എമ്മും സി.പി.ഐയും സ്വാധീനമുള്ള ഇടതുപാര്‍ട്ടികളല്ല. 

നിതീഷിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും ബി.ജെ.പിയുമായി ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) യാണ് മറ്റൊരു ഘടകം. നിതീഷിന്റെ ജെ.ഡി(യു)വിനെതിരെ മാത്രമേ സ്ഥാനാര്‍ഥികളെ നിര്‍ത്തൂ എന്ന് ചിരാഗ് പ്രഖ്യാപിച്ചിട്ടുണ്ട്. 
എല്‍.ജെ.പി നിലപാട്  ‘സ്വന്തം മുഖ്യമന്ത്രി' എന്ന സ്വപ്‌നസാക്ഷാല്‍ക്കാരത്തിലേക്ക് തങ്ങളെ നയിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.

Chirag Paswan
എല്‍.ജെ.പി പ്രകടന പത്രിക പുറത്തിറക്കുന്ന യോഗത്തിൽ ചിരാഗ് പാസ്വാന്‍

ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്ന മുഖ്യമന്ത്രി നീതീഷ് കുമാര്‍ കഴിഞ്ഞ തവണത്തേതുപോലെ അത്ര ജനപ്രിയനല്ല. ഒരു തൂക്കുസഭ വരികയാണെങ്കില്‍  ‘എന്തു വില' കൊടുത്തും ബി.ജെ.പി തനിക്കെതിരെ തിരിയുമെന്നും തന്ത്രശാലിയായ നിതിഷിന് ബോധ്യമുണ്ട്. ഈയൊരു സംഘര്‍ഷം ജെ.ഡി.യു- എന്‍.ഡി.എ മുന്നണിയില്‍ ആന്തരിക വെല്ലുവിളിയുയര്‍ത്തുന്നു.

മഹാസഖ്യത്തിലുമുണ്ട് വിള്ളലുകള്‍. ആര്‍.ജെ.ഡിയുടെ സ്വയം പ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി പ്രസാദ് യാദവിനെ മഹാസഖ്യത്തിലെ പല പാര്‍ട്ടികളും മുഖ്യമന്ത്രി മുഖമായി അംഗീകരിക്കുന്നില്ല. മാത്രമല്ല, നിതീഷിനൊപ്പം നില്‍ക്കാനുള്ള രാഷ്ട്രീയ പാകതയും തന്ത്രജ്ഞതയും തേജസ്വിക്ക് ഇല്ലെന്ന യാഥാര്‍ഥ്യവും സഖ്യത്തിലെ പല കക്ഷിനേതാക്കളും പങ്കുവെക്കുകയും ചെയ്യുന്നു. കൂടാതെ, തേജസ്വി യാദവും സി.പി.ഐയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കനയ്യ കുമാറും തമ്മിലും ഭിന്നതയുണ്ട്. 

grand-alliace_0.jpg

ഇടതുപാര്‍ട്ടികളുടെ വിദ്യാര്‍ഥി നേതാക്കളാണ് മഹാസഖ്യത്തിന്റെ പ്രചാരണ മുഖങ്ങള്‍. ജെ.എന്‍.യുവിലെയും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെയും സമരമുഖത്തുണ്ടായിരുന്ന പൂര്‍വ വിദ്യാര്‍ഥികളെയാണ് ഇടതുപാര്‍ട്ടികള്‍ പ്രധാനമായും മല്‍സരിപ്പിക്കുന്നത്. സന്ദീപ് സൗരവ്, മനോജ് മന്‍സില്‍, അഫ്താബ് ആലം, രജ്ഞിത്ത് റാം, ജിതേന്ദ്ര പാസ്വാന്‍, അജിത് കുശ്‌വാഹരേ എന്നിവരാണ് സി.പി.ഐ (എം.എല്‍)യുടെ പ്രമുഖ സ്ഥാനാര്‍ഥികള്‍.

സന്ദീപ് സൗരവ്  ‘ഐസ' ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ്. 37കാരനായ ദളിത് നേതാവ് മനോജ് മന്‍സില്‍, സി.പി.ഐ (എം.എല്‍) യുവജനവിഭാഗമായ റവലൂഷനറി യൂത്ത് അസോസിയേഷന്‍ ദേശീയ പ്രസിഡന്റാണ്,  തീപ്പൊരി നേതാവാണ്, ദളിത് വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ പരിചിത മുഖം. 
ലോക്ക്ഡൗണിനെതുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് തിരിച്ചെത്തിയ തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിച്ചപ്പോള്‍ അവര്‍ക്കൊപ്പം അണിനിരന്നതിന്റെ അനുഭവം കൂടി സി.പി.ഐ(എം.എല്‍) പ്രവര്‍ത്തകര്‍ക്കുണ്ട്. ബൂത്ത് പിടുത്തം തടഞ്ഞ് ദളിതരെയും ഭൂരഹിത കര്‍ഷകരെയും പോളിംഗ് ബൂത്തിലെത്തിച്ചാണ് എണ്‍പതുകളുടെ ഒടുവില്‍ എം.എല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയത്. 1989ലാണ് പാര്‍ട്ടിക്ക് ആദ്യ എം.പിയുണ്ടാകുന്നത്, രാമേശ്വര്‍ പ്രസാദ്. 

GrandDemocraticSecularFront
അസദുദ്ദീന്‍ ഒവൈസി സെക്യുലര്‍ ഫ്രണ്ട് സ്ഥാനാർത്ഥികൾക്കൊപ്പം 

അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം, രാഷ്ട്രീയ ലോക് സമത പാര്‍ട്ടി, ബി.എസ്.പി, സമാജ്‌വാദി ജനത ദള്‍(യുണൈറ്റഡ്), ഭാരതീയ സമാജ് പാര്‍ട്ടി, ജന്‍വേദി പാര്‍ട്ടി സോഷ്യലിസ്റ്റ് എന്നിവയടങ്ങുന്ന ഗ്രാന്റ് ഡെമോക്രാറ്റിക് സെക്യുലര്‍ ഫ്രണ്ടാണ് മറ്റൊരു മുന്നണി, പ്രകാശ് അംബേദ്കറും ഇതിന്റെ ഭാഗമാകും. പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി, ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി, സോഷ്യൽ ഡെമോക്രാറ്റിക്​ ഫ്രണ്ട്​, ബഹുജൻ മുക്​തി പാർട്ടി എന്നിവ പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് ഫ്രണ്ട് (പി.ഡി.പി) എന്ന പേരിലും മല്‍സരിക്കുന്നു. ദളിത്​- ന്യൂനപക്ഷ വോട്ടുകളാണ്​ ഇരുമുന്നണികളുടെയും ലക്ഷ്യം. ചില മേഖലകളിൽ വൻ ജനപിന്തുണയുള്ള ആസാദിന്റെ നീക്കം നിതീഷും ബി.ജെ.പിയും കരുതലോടെയാണ്​ വീക്ഷിക്കുന്നത്​. തെരഞ്ഞെടുപ്പു നേട്ടത്തേക്കാളുപരി യു.പിക്കുപുറമേ ബീഹാറിൽ കൂടി ദളിത്​ വിഭാഗത്തിന്റെ യഥാർഥ പ്രാതിനിധ്യത്തിലേക്കുയരുകയാണ്​ ആസാദിന്റെ ലക്ഷ്യം.

chandrashekar-azad.jpg
പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് ഫ്രണ്ട്​ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചന്ദ്രശേഖർ ആസാദ്​ സംസാരിക്കുന്നു

ജനവിധി അട്ടിമറിക്കാന്‍ ബി.ജെ.പി ഒരു മുഴം മുമ്പേ 

ജനം പുറന്തള്ളിയവരെ പിന്‍വാതിലുകളിലൂടെ ഭരണാധികാരത്തിലെത്തിച്ച് ജനവിധി അട്ടിമറിക്കുക എന്നത് ബി.ജെ.പി നയമാണ്. ബീഹാറില്‍, 2015ലെ വോട്ടിംഗ് പാറ്റേണിലാണ് ബി.ജെ.പിയുടെ കണ്ണ്. 2015ല്‍ പാര്‍ട്ടി മല്‍സരിച്ചത് 157 സീറ്റിലാണ്, 53 ഇടത്ത് ജയിച്ചു, 104 ഇടത്ത് രണ്ടാം സ്ഥാനത്തായി. 
ഇത്തവണ 243 അംഗ സഭയിലേക്ക്, 110 സീറ്റില്‍ ബി.ജെ.പി മല്‍സരിക്കുന്നു, അതിനര്‍ഥം, ബാക്കി മണ്ഡലങ്ങളില്‍ ബി.ജെ.പി മല്‍സരിക്കുന്നില്ല എന്നുകൂടിയാണ്. ഇവിടെയാണ് എല്‍.ജെ.പി ഒരു ഘടകമാകുന്നത്.

എല്‍.ജെ.പിക്ക് എതിര്‍പ്പ് നിതീഷിനോടുമാത്രമാണ്. അതായത്, എല്‍.ജെ.പി മല്‍സരിക്കുന്നിടങ്ങളില്‍ അവര്‍ക്ക് ബി.ജെ.പി പിന്തുണ കിട്ടും, നിതീഷിനെ നേരിടാന്‍ ബി.ജെ.പി- എല്‍.ജെ.പി  ‘ഇന്‍വിസിബിള്‍' ധാരണ.

maha-democratic_1.jpg

ഈ ധാരണയിലൂടെ കഴിഞ്ഞ തവണ ജയിച്ച 53 സീറ്റ് നിലനിര്‍ത്താനും രണ്ടാം സ്ഥാനത്തെത്തിയ 104 സീറ്റ് തിരിച്ചുപിടിക്കാനും കഴിയുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു- അതായത്, 157 ഇടത്ത് ജയം. 2015ല്‍ എല്‍.ജെ.പി രണ്ടിടത്താണ് ജയിച്ചത്, 36 ഇടത്ത് രണ്ടാം സ്ഥാനത്തുവന്നു. ഇത്തവണ പാര്‍ട്ടി 140 സീറ്റിലാണ് മല്‍സരിക്കുന്നത്. അതായത്, ബി.ജെ.പി വോട്ട് കിട്ടിയാല്‍ ഇത്തവണ 2 + 36 = 38 സീറ്റ് കിട്ടിയേക്കാം, രണ്ടു പാര്‍ട്ടികള്‍ക്കും കൂടി 193 സീറ്റാകും, സഭയില്‍ ഇത് നിര്‍ണായക ഭൂരിപക്ഷമാകും, മുഖ്യമന്ത്രിയാകാനുള്ള നിതീഷിന്റെ വിലപേശല്‍ ശക്തി തകര്‍ക്കാനും ‘സ്വന്തം മുഖ്യമന്ത്രി'യെ വാഴിക്കാനും ഇതിലൂടെ കഴിയുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. 

2005ലെ തെരഞ്ഞെടുപ്പില്‍ രാം വിലാസ് പാസ്വാനായിരുന്നു കിംഗ് മേക്കര്‍, ഇത്തവണ ആ പദവിയില്‍ താനായിരിക്കും എന്നാണ് ചിരാഗിന്റെ പ്രതീക്ഷ. പിതാവിന്റെ മരണത്തിലുള്ള സഹതാപതരംഗം അടക്കം ചിരാഗ് മുതലാക്കുന്നുണ്ട്. രാം വിലാസ് പാസ്വാനോടുള്ള പക, മരണശേഷവും നിതീഷ് പ്രകടിപ്പിച്ചുവെന്ന് എന്‍.ഡി.ടി.വിക്കുനല്‍കിയ അഭിമുഖത്തില്‍ ചിരാഗ് പാസ്വാന്‍ പറയുന്നു: പാസ്വാന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിക്കുന്ന ഒരു വാക്ക് എന്നോടോ അമ്മയോടോ നിതീഷ് പറഞ്ഞില്ല. പാസ്വാന്റെ ഭൗതികശരീരം ഡല്‍ഹിയില്‍നിന്ന് പാറ്റ്‌നയില്‍ എത്തിച്ചേപ്പോള്‍ ആദരം അര്‍പ്പിക്കാന്‍ നിതീഷും ഉണ്ടായിരുന്നു. പക്ഷെ, എന്നെ അദ്ദേഹം കണ്ടഭാവം നടിച്ചില്ല, ഞാന്‍ അദ്ദേഹത്തിന്റെ കാലടികള്‍ തൊട്ടുവന്ദിച്ചു, എന്നാല്‍ അദ്ദേഹം അത് അവഗണിക്കുകയായിരുന്നു. 

ചിരാഗിന് എത്രത്തോളം നിതീഷിനെ മുറിവേല്‍പ്പിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി ഉറ്റുനോക്കുന്നത്. എല്‍.ജെ.പിക്ക് 30ലേറെ സീറ്റ് കിട്ടുകയും തൂക്കുസഭയാകുകയും ചെയ്താല്‍ എല്‍.ജെ.പി പിന്തുണയോടെ, നിതീഷിന്റെ പിന്തുണയില്ലാതെ തന്നെ ഭരിക്കാം എന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. 

നിതീഷ്‌കുമാറിന് ഇത്തരം തന്ത്രങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തക്ക തന്ത്രജ്ഞതയുണ്ട്. ഒരുവേള തൂക്കുസഭയായാല്‍, എന്‍.ഡി.എ സഖ്യം വിട്ട് മഹാസഖ്യത്തോടൊപ്പം ചേര്‍ന്ന് തുടര്‍ഭരണം നേടിയെടുക്കാനുള്ള വിദ്യ അദ്ദേഹത്തിനറിയാം. ഒരു മുന്നണിയോടും അസ്​​പർശ്യതയില്ലാത്ത നിതീഷിനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടുള്ള ധാരണയിലെത്താന്‍ മഹാസഖ്യത്തിലെ ഒരു പാര്‍ട്ടിയും എതിരുനില്‍ക്കില്ല.

കാസ്റ്റിംഗ് ദി കാസ്റ്റ്

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിങ് ഉപകരണങ്ങളായി മാത്രം കാണുന്ന വിഭാഗമാണ് ദളിതര്‍. നിയമസഭാ സീറ്റുകളുടെ 40 ശതമാനത്തിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന വിഭാഗം. സംസ്ഥാന ജനസംഖ്യയില്‍ 14 ശതമാനും യാദവരും 17 ശതമാനം മുസ്‌ലിംകളും 16 ശതമാനം പട്ടികജാതിക്കാരും 36 ശതമാനം യാദവരല്ലാത്ത ഒ.ബി.സിക്കാരുമാണ്. 15 ശതമാനമാണ് മേല്‍ജാതിക്കാര്‍. 

pda (1).jpg

ഇതില്‍ മോസ്റ്റ് ബാക്ക്‌വേഡ് കാസ്റ്റ് അല്ലെങ്കില്‍ എക്​സ്​​ട്രീമിലി ബാക്ക്‌വേഡ് കാസ്റ്റ്  വിഭാഗം (MBC/ EBC) 24 ശതമാനം, ദളിതര്‍ ആറു ശതമാനം, മഹാദളിതര്‍ 10 ശതമാനം- ആകെ 40 ശതമാനം. പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്ത 38 സീറ്റുകളില്‍ മാത്രമല്ല, 60 മറ്റു സീറ്റുകളില്‍ കൂടി സ്വാധീനം ചെലുത്താന്‍ യഥാര്‍ഥത്തില്‍ ദളിത് വിഭാഗത്തിന് കഴിയും. ആകെ 100, അതായത്, നിയമസഭ സീറ്റുകളുടെ 40 ശതമാനം. എന്നാല്‍, രാഷ്ട്രീയ പ്രയോഗങ്ങളില്‍ ഈ ശതമാനക്കണക്കിന് പുല്ലുവിലയാണ്.

cpim
സി.പി.എം സ്ഥാനാർത്ഥി പ്രചാരണത്തിൽ 

തങ്ങളെ വോട്ടുബാങ്കാക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കഴിയും വിധമുള്ള ഒരു രാഷ്ട്രീയ- സംഘടനാ രൂപവത്കരണം അസാധ്യമാക്കും വിധം അത്ര ശക്തമാണ് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ധൃതരാഷ്ട്രാലിംഗനം. അംബേദ്കറിസത്തിലൂന്നി, വിജ്ഞാനം അടക്കമുള്ള വിഭവാധികാര രാഷ്ട്രീയം മുദ്രാവാക്യമായി തന്നെ രൂപപ്പെടുത്തിയ ഒരു ദളിത് റാഡിക്കല്‍ ഇന്റലിജന്‍ഷ്യ ഉത്തരേന്ത്യയില്‍ രൂപപ്പെട്ടുവരുന്നതായി സബാള്‍ട്ടന്‍ പഠനങ്ങളുടെ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍, ജനാധിപത്യപരമായി കീഴാള പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുംവിധമുള്ള ഒരു രാഷ്ട്രീയ പരിപ്രേഷ്യമായോ പരിപാടിയായോ ഇതിന് വികസിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, സ്വന്തം പ്രതിനിധാനങ്ങളിലേക്ക് ഒരിക്കലും ഉയരാന്‍ അനുവദിക്കാതെ, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവരെ എന്നും ‘കീഴാള' ഉപകരണങ്ങളായി നിലനിര്‍ത്തുന്നു. 

ഉത്തരേന്ത്യ, പ്രത്യേകിച്ച് യു.പി- ബീഹാര്‍ കേന്ദ്രീകരിച്ച് ദളിതരെയും യാദവ് ഒഴിച്ചുള്ള ഒ.ബി.സി വിഭാഗങ്ങളെയും തങ്ങളുടെ പ്രാതിനിധ്യത്തിലേക്ക് കൊണ്ടുവരാന്‍ അമിത് ഷായുടെ ഒത്താശയില്‍ വര്‍ഷങ്ങളായി ഊര്‍ജിതശ്രമം നടക്കുന്നുണ്ട്. പാര്‍ട്ടിയുടെ ബ്രാഹ്മണ വോട്ടുബാങ്കിനെ ഒരു ഹിന്ദു വോട്ടുബാങ്കായി വിപുലപ്പെടുത്താനുള്ള നീക്കം കൂടിയാണിത്. ഈ ‘ഹിന്ദു ഏകീകരണ' ശ്രമങ്ങള്‍ ഫലം കാണുകയും ചെയ്യുന്നു. 

ഇതുവരെ തങ്ങളുടെ വോട്ടുബാങ്ക് അല്ലാത്ത ദളിതുകളുടെ പിന്തുണ ഇത്തവണ ബീഹാറില്‍ ബി.ജെ.പി വരവുവെക്കുന്നു. കായസ്ത, രജ്പുത്, ഭൂമിഹാര്‍, ബ്രാഹ്മണ സമുദായങ്ങള്‍ കൂടാതെ, ദളിത്, മഹാദളിത് വിഭാഗക്കാരെ സ്ഥാനാര്‍ഥികളാക്കി ബി.ജെ.പി ദളിത് വോട്ടുബാങ്ക് പിളര്‍ത്താനും സ്വന്തമാക്കാനും തന്ത്രം മെനയുന്നുണ്ട്. മഹാദളിതുകള്‍, ഇ.ബി.സി വിഭാഗം (സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍), ഒ.ബി.സി, ആദിവാസികള്‍ എന്നീ വിഭാഗങ്ങള്‍ മഹാസഖ്യം വിട്ടതായാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. വോട്ടര്‍മാരില്‍ 30 ശതമാനം വരുന്ന ഇ.ബി.സിക്കും 22 ശതമാനം വരുന്ന ഒ.ബി.സിക്കും കൂടുതല്‍ മണ്ഡലങ്ങള്‍ നല്‍കി ആര്‍.ജെ.ഡി വോട്ടുബാങ്ക് പിളര്‍ക്കുകയാണ് ബി. ജെ.പി ലക്ഷ്യം.

(മഹാദളിത് എന്നതുതന്നെ, നിതീഷ്‌കുമാറിന്റെ രാഷ്​ട്രീയ അവതരണമാണ്. 2007ല്‍ ബീഹാര്‍ സ്‌റ്റേറ്റ് മഹാദളിത് കമീഷന്‍ 18 പട്ടികജാതി വിഭാഗങ്ങളെ മഹാദളിത് കുടക്കീഴിലണിനിരത്തി, പിന്നീട് പാസ്വാന്‍ ഒഴിച്ച് മൂന്നുവിഭാഗങ്ങളെ കൂടി ചേര്‍ത്തു. രാം വിലാസ് പാസ്വാന്റെ വോട്ട് അടിത്തറ ഇതോടെ ദുര്‍ബലമായി. 2018ല്‍ പാസ്വാന്‍ വിഭാഗത്തെ കൂടി മഹാദളിത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി).

ബീഹാര്‍ നിയമസഭയില്‍ 38 സംവരണ സീറ്റുണ്ട്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി 14 ദളിത് സീറ്റ് നേടി, ജെ.ഡി.യുവിന് 10, കോണ്‍ഗ്രസ്, ബി.ജെ.പി അഞ്ചുവീതം സീറ്റും നേടി. ഇതില്‍ 13 സ്ഥാനാര്‍ഥികളും രവിദാസ് സമുദായക്കാരായിരുന്നു, 11 പേര്‍ പാസ്വാന്‍ സമുദായവുമാണ്. 2015ല്‍ ലാലുവുമായി കൈകോര്‍ത്ത നിതീഷ്, 19 ശതമാനം ദളിത്, 25 ശതമാനം മഹാദളിത് വോട്ട് നേടി. എന്‍.ഡി.എക്ക് 54 ശതമാനം ദളിത്, 30 ശതമാനം മഹാദളിത് വോട്ട് കിട്ടി. 

nda (1).jpg

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് ദളിത്, മഹാദളിത് വിഭാഗങ്ങളുടെ 42 ശതമാനവും നേടിയത്. ജെ.ഡി.യുവിന് 20 ശതമാനവും. ലാലുവിന്റെ പാര്‍ട്ടിക്ക് കിട്ടിയത് വെറും 10 ശതമാനം. മുസ്‌ലിം- യാദവ്, ദളിത് വോട്ട് കേന്ദ്രീകരണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മഹാസഖ്യം. യാദവ, മുസ്‌ലിം, ദളിത്, മുന്നാക്ക വോട്ടുകളുടെ കോമ്പിനേഷനാണ് തേജസ്വി അവതരിപ്പിക്കുന്നത്. നിതീഷിന്റെ വോട്ടുബാങ്കായ മഹാദളിത് വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ കഴിഞ്ഞത് മഹാസഖ്യത്തിനും എല്‍.ജെ.പിക്കുമാകും ഗുണം ചെയ്യുക. എങ്കിലും, ബി.ജെ.പിയുടെ വോട്ട് വിഭജനതന്ത്രങ്ങളെ മറികടക്കാനുള്ള സാമര്‍ഥ്യം പ്രതിപക്ഷ നീക്കങ്ങള്‍ക്കില്ല.

ബീഹാര്‍ പറയുന്നു, നിതീഷ് നഗ്‌നനാണ്

രണ്ടാം മോദി സര്‍ക്കാറിന്റെ വരവോടെ, ആര്‍.എസ്.എസിന്റെ ആശീര്‍വാദത്തില്‍ തീവ്രമാക്കപ്പെട്ട ഹിന്ദുത്വ, ജാതി ധ്രുവീകരണ- വിഭജന അജണ്ടയും സാമ്പത്തിക- വികസന മേഖലയിലെ കോര്‍പറേറ്റുവല്‍ക്കരണവും തുടരാനുള്ള മാന്‍ഡേറ്റിനുകൂടിയായാണ് ബി.ജെ.പി ഈ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. പൗരത്വ ഭേദഗതി നിയമം, ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളുടെ തീര്‍പ്പുകള്‍ നല്‍കിയ ആനുകൂല്യം, അയോധ്യയില്‍ മോദി തന്നെ തുടക്കമിട്ട രാമക്ഷേത്ര നിര്‍മാണം, കൃഷി, തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളിലെ കോര്‍പറേറ്റുവല്‍ക്കരണവുമായി ബന്ധപ്പെട്ട നിയമനിര്‍മാണങ്ങള്‍ എന്നിവയുടെ സ്ഥിരീകരണത്തിന് ബീഹാര്‍ ഒരു ഉപകരണമായി മാറുന്നു. അതുകൊണ്ടുതന്നെ, യഥാര്‍ഥ ജനവിധിയെ അവിഹിതമായി സ്വാധീനിച്ചും അതിനെ അട്ടിമറിച്ചും ബീഹാറില്‍ സ്വന്തം ഭരണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍, കഴിഞ്ഞ തവണത്തേതുപോലെ നീതിഷ്‌കുമാറിന്  ‘മികച്ച ഭരണനിര്‍വഹണം',  ‘വികസനം' എന്നീ മുദ്രാവാക്യങ്ങളുടെ പുറത്ത് സഞ്ചരിക്കാനാകില്ല. ആഭ്യന്തര ഉല്‍പാദന- വളര്‍ച്ചാ നിരക്കില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബീഹാര്‍ ഏറെ പുറകിലാണ്. കാര്‍ഷിക മേഖലയിലും ഗ്രാമീണ സമ്പദ്ഘടനയിലും കേന്ദ്ര നയങ്ങളുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്ന് ബീഹാറാണ്. കാര്‍ഷിക ചെലവുകള്‍ വര്‍ധിക്കുകയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ആഭ്യന്തര വില ഇടിയുകയും കര്‍ഷകരുടെയും ചെറുകിട ഉല്‍പാദകരുടെയും വായ്പാ സാധ്യതകള്‍ കുറയുകയും ചെയ്തു. ഇത് ഗ്രാമങ്ങളില്‍ ദാരിദ്ര്യവല്‍ക്കരണത്തിന്റെ തോത് കൂട്ടി. 

bjp
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം 

അടിസ്ഥാന വര്‍ഗത്തിന്റെ തൊഴിലില്ലായ്മയാണ് മറ്റൊരു പ്രശ്‌നം. 87 ശതമാനം തൊഴിലാളികള്‍ക്കും പതിവായി ശമ്പളം കിട്ടുന്ന ജോലിയില്ലെന്ന് നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ 2017-18 ലേബര്‍ ഫോഴ്‌സ് സര്‍വേ പറയുന്നു. തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യ 2015നുശേഷം കുത്തനെ ഉയരുകയാണ്. 
അയല്‍ സംസ്ഥാനമായ യു.പിയില്‍ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നതും ബീഹാര്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന ഭീതി നിതീഷിനുണ്ട്. അതുകൊണ്ട്, മഹാസഖ്യത്തിലെ സി.പി.ഐ (എം.എല്‍) സാന്നിധ്യം ചൂണ്ടിക്കാട്ടി ‘ഭീകരവാദം' എന്ന ഭീതി സൃഷ്ടിക്കുകയാണ് നിതീഷ്.

യഥാര്‍ഥ ഭൂരിപക്ഷം, യഥാര്‍ഥ വിഷയം

എന്നാല്‍, വിഹിതമായതും അവിഹിതമായതുമായ കൂട്ടലും കിഴിക്കലും മാത്രമല്ല, ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ്. വിപുലമായ അര്‍ഥത്തില്‍ പൗരത്വവും അപൗരത്വവും കൂടിച്ചേര്‍ന്ന ഇച്ഛയുടെയും നിര്‍ണയത്തിന്റെയും അന്തര്‍ധാര, ഏതു ജനവിധിയെയും സ്വാധീനിക്കാറുണ്ട്, അവ മാധ്യമങ്ങളുടെ വോട്ടുബാങ്കുതിയറികളുടെ ഉള്ളടക്കമാകാറില്ലെങ്കിലും. വോട്ടിംഗ് പാറ്റേണില്‍ ദൃശ്യമാകുന്നതല്ല, യഥാര്‍ഥ ഭൂരിപക്ഷം എന്ന വസ്തുത നവ ജനാധിപത്യപ്രയോഗങ്ങളെക്കുറിച്ചുള്ള വിചാരങ്ങളില്‍ പ്രാമുഖ്യം നേടുന്നുണ്ടെങ്കിലും നമ്മുടെ ജനാധിപത്യബോധത്തെ ഈ യാഥാര്‍ഥ്യം കണ്ണുതുറപ്പിച്ചിട്ടില്ല എന്നുമാത്രം.

കോവിഡ് കാലത്ത് ലോകത്തുതന്നെ നടക്കുന്ന ഏറ്റവും വിപുലമായ തെരഞ്ഞെടുപ്പ് എന്നാണ് ബീഹാര്‍ ഇലക്ഷനെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വിശേഷിപ്പിച്ചത്. എന്നാല്‍, കോവിഡുമാത്രമല്ല, ഈ തെരഞ്ഞെടുപ്പിനെ വിപുലമാക്കുന്നത്. അത്, ഇന്ത്യന്‍ ജനത ഇന്ന് അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളുടെ ‘ഇലക്ഷന്‍' കൂടിയാണ്.

തൊഴിലില്ലായ്മ, കുടിയേറ്റ തൊഴിലാളികളുടെ മടക്കം, പുതിയ കാര്‍ഷിക- തൊഴില്‍ നിയമങ്ങള്‍, കീഴാള പ്രശ്‌നങ്ങള്‍, ജാതി വിവേചനം, പ്രകൃതി ദുരന്തം തുടങ്ങി ഇന്ത്യന്‍ ജനത നേരിടുന്ന ഏറ്റവും അടിസ്ഥാന വിഷയങ്ങള്‍ തന്നെയാണ് ബീഹാറിലെ ഓരോ സ്ഥാനാര്‍ഥിക്കുമുന്നിലും ഉള്ളത്. 

വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഊര്‍ജം ഏറെയുള്ള ഇടതുപാര്‍ട്ടികളടങ്ങുന്ന മഹാസഖ്യം തൊഴിലില്ലായ്മയിലാണ് ഊന്നുന്നത്. സംസ്ഥാനത്തെ തൊഴില്‍ രഹിതരായ യുവാക്കളില്‍നിന്ന് ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും അപ്രതീക്ഷിത പ്രതികരണമാണ് ലഭിച്ചത്. തൊഴില്‍ രഹിതരായ പത്തുലക്ഷത്തിലേറെ യുവാക്കളാണ് സപ്തംബര്‍ അഞ്ചിന് തുടങ്ങിയ ആര്‍.ജെ.ഡിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. നാലുലക്ഷത്തിലേറെ പേര്‍ ബീഹാര്‍ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പോര്‍ട്ടലിലും എത്തി. പത്തുലക്ഷം പേര്‍ക്ക് തൊഴിലാണ് മഹാസഖ്യത്തിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. 

TejaTejashwi Yadav
തേജസ്വി യാദവ് പ്രചാരണ യോഗത്തിൽ സംസാരിക്കുന്നു

സംസ്ഥാനത്ത് ഏപ്രില്‍ വരെയുള്ള തൊഴിലില്ലായ്മ നിരക്ക് 46.6 ശതമാനമാണ് (Centre for Monitoring Indian Economy -CMIE). ഇത് ദേശീയശരാശരിയായ 23.5 ശതമാനത്തേക്കാള്‍ ഇരട്ടിയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിസന്ധിയും രൂക്ഷമാണ്. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചെത്തിയ തൊഴിലാളികളുടെ ദുരിതമാണ് മറ്റൊന്ന്. സര്‍ക്കാര്‍ കണക്കനുസരിച്ച് ബീഹാറികളായ 30 ലക്ഷം പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ കണക്കിലുള്ളതിലുമേറെ പേര്‍ കഴിഞ്ഞ മാസങ്ങളില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷവും അവിദഗ്ധ തൊഴിലാളികളാണ്. അതുകൊണ്ടുതന്നെ, ഗ്രാമങ്ങളില്‍ ദാരിദ്ര്യവല്‍ക്കരണത്തിന്റെ തോത് വര്‍ധിച്ചിരിക്കുകയാണ്.

വെള്ളപ്പൊക്കം കൂടിയായപ്പോള്‍ സീതാമാര്‍ഗി, ദര്‍ഭന്‍ഗ, മുസാഫര്‍പുര്‍, ഈസ്റ്റ് ചമ്പാരന്‍, സമസ്തിപുര്‍, സരണ്‍ ജില്ലകളിലെ നിരവധി ഗ്രാമങ്ങളാണ് കൊടും പട്ടിണിയിലായത്. സംസ്ഥാനത്ത് 7.54 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയാണ് നശിച്ചത്. 

ബീഹാര്‍ പ്രധാനമായും കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ ഊന്നുന്ന സംസ്ഥാനമാണ്. കേന്ദ്ര സര്‍ക്കാറിന്റെ കോര്‍പറേറ്റ് അനുകൂല കാര്‍ഷിക നയങ്ങള്‍ക്കെതിരായ പ്രതിഷേധം മാത്രം മതി, അധികാര രാഷ്ട്രീയത്തെ തിരുത്താന്‍. എന്നാല്‍, ഹരിയാന, പഞ്ചാബ്, പടിഞ്ഞാറന്‍ യു.പി, കര്‍ണാടക എന്നിവിടങ്ങളിലേതുപോലത്തെ ശക്തരായ കര്‍ഷക പ്രസ്ഥാനങ്ങളോ ഗ്രൂപ്പുകളോ ബീഹാറില്‍ ഇല്ല. മാത്രമല്ല, വലിയ മണ്ഡികളെയോ അഥവാ കമ്പോളങ്ങളെയോ വിപണിയിലെ നയങ്ങളെയോ സ്വാധീനിക്കാന്‍ തക്ക ഉല്‍പാദനശേഷിയുള്ളവരുമല്ല കര്‍ഷകര്‍.

ബീഹാറില്‍ ഏറ്റവും വലിയ തൊഴില്‍ മേഖല കാര്‍ഷികവൃത്തിയാണെങ്കിലും, ഈ മേഖലയിലുള്ളവരുടെ ശരാശരി പ്രതിമാസ വരുമാനം 3558 രൂപ മാത്രമാണ്, രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്ക്. (ദേശീയ ശരാശരി 6426 രൂപ). സംസ്ഥാനത്ത് കാര്‍ഷികവൃത്തിയിലുള്ള 86 ശതമാനം കുടുംബങ്ങളും കടക്കാരാണ്.

ബി.ജെ.പിക്ക് ഉത്തരങ്ങളില്ലാത്ത വിഷയങ്ങളാണിവ. ഈ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന വിഭാഗങ്ങള്‍, ഇത്തവണ ഒരു വോട്ടിംഗ് ക്ലാസ് ആയി മാറുമോ എന്ന ചോദ്യമാണ് ബീഹാറിനെ സംബന്ധിച്ച് ഏറ്റവും പ്രധാനം. കോണ്‍ഗ്രസ്- ഇടത്- സോഷ്യലിസ്റ്റ് ചേരിയെന്ന, ഒരുപക്ഷെ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രസക്തമായ ഒരു സാധ്യതയാണ് ബീഹാര്‍ ഇത്തവണ പരീക്ഷിക്കുന്നത്. അതുകൊണ്ടാണ്, ഇതിന് ബീഹാറിലൂടെ രാജ്യത്തെ മുഴുവന്‍ ജനതയൂടെയും അവരുടെ പ്രതിസന്ധികളുടെയും പ്രതിനിധികളാകാന്‍ കഴിയുന്നത്.

മറുവശത്ത്, സവര്‍ണ ജാത്യാധികാരമുപയോഗിച്ച് വ്യാജമായ ജനവിധിക്കുവേണ്ടിയുള്ള ബി.ജെ.പി- സംഘ്പരിവാര്‍ തന്ത്രങ്ങളും. സമീപകാല ഉത്തരേന്ത്യന്‍ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ തന്ത്രങ്ങളാണ് ഏറെയും വിജയിക്കുന്നത്, അതുകൊണ്ടുതന്നെ, ഈ ജനവിധിയും ഹൈജാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഏറെയും.

  • Tags
  • #BJP
  • #Bihar Assembly election
  • #CPI
  • #congress
  • #cpim
  • #RJD
  • #Nitish Kumar
  • #Chirag Paswan
  • #Kanhaiya Kumar
  • #CPML
  • #ChandraShekhar Aazad
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
bbc

National Politics

പ്രമോദ് പുഴങ്കര

ബി.ബി.സി ഡോക്യുമെന്ററി കാണിച്ചുതരുന്നു; ഫാഷിസം തുടര്‍ച്ചയാണ്, അതിന്  ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല

Jan 26, 2023

9 Minutes Read

 banner_27.jpg

National Politics

കെ.ടി. കുഞ്ഞിക്കണ്ണൻ

കോൺഗ്രസിന്റെ ചരിത്രം പറയും, അനിൽ ആൻറണിമാർ ഒരപവാദമല്ല

Jan 25, 2023

6 Minutes Read

 Sasi-Tharur.jpg (

Kerala Politics

ഡോ. രാജേഷ്​ കോമത്ത്​

കോൺഗ്രസ്​, ഇടതുപക്ഷം, ന്യൂനപക്ഷം: ചില തരൂർ പ്രതിഭാസങ്ങൾ

Jan 25, 2023

8 Minutes Read

john brittas

Interview

ജോണ്‍ ബ്രിട്ടാസ്

മോദി - ഷാ കൂട്ടുകെട്ടിനെ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് ബി.ജെ.പി. എം.പിമാര്‍

Jan 16, 2023

35 Minutes Watch

k kanna

UNMASKING

കെ. കണ്ണന്‍

സി.പി.എമ്മിനെ ത്രിപുര നയിക്കട്ടെ

Jan 11, 2023

5 Minutes Watch

vd-satheeshan

Kerala Politics

വി. ഡി. സതീശന്‍

പല സമുദായ സംഘടനാ നേതാക്കളും പച്ചയ്ക്ക് ​​​​​​​വര്‍ഗീയത പറഞ്ഞ് കയ്യടി നേടാന്‍ ശ്രമിക്കുന്നു

Jan 11, 2023

3 Minutes Read

Rahul Gandhi

National Politics

ഷാജഹാന്‍ മാടമ്പാട്ട്

രാഹുല്‍ ഗാന്ധി ബി.ജെ.പി. കുതന്ത്രങ്ങളെ തകര്‍ത്ത് ഗോദി മീഡിയയെ നേരിട്ട വിധം 

Jan 10, 2023

3 Minutes Read

AKG center

Kerala Politics

എം. കുഞ്ഞാമൻ

എ.കെ.ജി സെന്റര്‍ എന്ന സംവാദകേന്ദ്രം

Jan 07, 2023

6 Minutes Read

Next Article

കോവിഡ് നമ്മളെയാണോ നമ്മള്‍ കോവിഡിനെയാണോ കീഴ്‌പ്പെടുത്തുക?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster