പരിസ്ഥിതിയെ ചൂണ്ടി മനുഷ്യരെ ശത്രുക്കളാക്കുന്ന നിയമവും നടത്തിപ്പും

ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ മാറുന്നുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള ബാധ്യത സർക്കാറിനാണ്. കേരളത്തിൽ, സർക്കാർ നടപടികളാകട്ടെ, ആശങ്കയിലായ മനുഷ്യരെ ശത്രുപക്ഷത്തുനിർത്തുകയാണ് ചെയ്യുന്നത്.

ഫർസോൺ വിഷയത്തിൽ കേരളത്തിൽ രൂപപ്പെട്ടിരിക്കുന്ന ആശങ്കകളും വെല്ലുവിളികളും നിറഞ്ഞ കലുഷിത അന്തരീക്ഷം, സുപ്രീംകോടതി വിധിയുടെ സൃഷ്ടിയാണ്. സംരക്ഷിത വനമേഖലകൾക്കുചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖലയുണ്ടാകണമെന്ന് കഴിഞ്ഞ ജൂണിലാണ് സുപ്രീംകോടതി വിധി വന്നത്. ഈ വിധി വരുന്നതിന് വളരെ മുമ്പുതന്നെ പരിസ്ഥിതി ലോല പ്രദേശം നിർണയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇൗ വിഷയത്തിൽ ശാസ്ത്രീയവും ജനകീയവുമായ ഒരാലോചന നടത്തുന്നതിൽ പരാജയപ്പെട്ടു. ഇതേതുടർന്നായിരുന്നു സുപ്രീംകോടതി ഇടപെടൽ.

പ്രാദേശികമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെയോ ജനജീവിതത്തെയോ തീർത്തും നിരാകരിക്കുന്നതായിരുന്നു സുപ്രീംകോടതി വിധി. അതുകൊണ്ടാണ്, 2021ലെ മാർഗരേഖയിൽ പറയുന്ന നിയന്ത്രണങ്ങൾക്കുപുറമേ കർഷകരെയും ആദിവാസികളെയും ആശങ്കയിലാക്കി പുതിയ കർശന വ്യവസ്ഥകൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടത്. 2021ൽ കേന്ദ്രം പുറത്തിറക്കിയ മാർഗരേഖയിൽ ഖനനം, ക്വാറികൾ, വൻകിട അണക്കെട്ടുകൾ, ചുകപ്പ് ലിസ്റ്റിൽപെട്ട വ്യവസായങ്ങൾ, മരമില്ലുകൾ എന്നിവയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. എന്നാൽ, സുപ്രീംകോടതി വിധിയിൽ പരിസ്ഥിതിലോല മേഖലയിൽ സ്ഥിരമായ നിർമാണപ്രവർത്തനങ്ങൾക്കുകൂടി നിയന്ത്രണമേർപ്പെടുത്തി.

വനാശ്രിതസമൂഹങ്ങളെ തന്നെ വനത്തിന്റെ സംരക്ഷണം ഏൽപ്പിക്കുന്ന തരത്തിലുള്ള പങ്കാളിത്ത വനപരിപാലന മാതൃകകൾ ആഗോളതലത്തിൽ തന്നെ നടപ്പാക്കപ്പെടുന്നുണ്ട്. എന്നാൽ, ഈ മനുഷ്യരെ ബഹിഷ്‌കൃതരാക്കി കേന്ദ്രീകൃത സംരക്ഷണമാർഗങ്ങൾ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഒരു പൊതുനിയമം അസാധ്യമാണ്. ഇതേ 'മാതൃക' പിന്തുടരുന്നതിലെ പ്രതിസന്ധിയാണ് കേരളവും അഭിമുഖീകരിക്കുന്നത്.

23 സംരക്ഷിത വനപ്രദേശങ്ങളുള്ള, 12 ജില്ലകളെ ബാധിക്കുന്ന കേരളത്തിൽ സുപ്രീംകോടതി വിധി ആശങ്കയുയർത്തിയത് സ്വഭാവികമാണ്. നാലു ലക്ഷം ഏക്കറിലെ ജനജീവിതത്തെയും കൃഷിയെയും ബാധിക്കുന്ന ഒരു പ്രശ്‌നം കൂടിയാണിത്. ഈയൊരു ഗൗരവം സംസ്ഥാന സർക്കാറിന്റെ തുടർനടപടികളിൽ പ്രതിഫലിച്ചില്ലെന്നുമാത്രമല്ല, ഇപ്പോഴും ജനവിരുദ്ധമായ കൊളോണിയൽ ഹാങ്ങോവർ വിട്ടുമാറാത്ത വനം വകുപ്പിനെയാണ് ഈ വിഷയം ഏൽപ്പിച്ചത്. അങ്ങനെ സുപ്രീംകോടതിക്കുനൽകാനുള്ള റിപ്പോർട്ടിന് ആധാരമാകേണ്ട കരടു ഭൂപടവും സർവേ റിപ്പോർട്ടും അബദ്ധപഞ്ചാംഗമായി മാറി. സർവേ നമ്പർ, കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങൾ, കൃത്യമായ അതിർത്തി തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ പോലും അപൂർണവും പിഴവുകൾ നിറഞ്ഞതും. 75 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ ഉപഗ്രഹ സർവേ റിപ്പോർട്ട് ആഗസ്റ്റ് 29ന് കിട്ടിയെങ്കിലും ഡിസംബർ 12 വരെ പൂഴത്തിവക്കുകയും ചെയ്തു. ഇവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി പരിശോധനക്കുവിധേയമാക്കി, പ്രാദേശികമായ സവിശേഷതകളെ കൂടി ഉൾക്കൊള്ളിച്ച് തിരുത്തിയാണ് പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ ജനങ്ങളുടെ ആശങ്ക എത്രയോ കുറയ്ക്കാമായിരുന്നു. മാത്രമല്ല, ഇത്തരം പ്രദേശങ്ങളുടെയും അവിടുത്തെ മനുഷ്യരുടെയും ഭൂമിയുടെയും നിർമാണങ്ങളുടെയുമെല്ലാം വസ്തുതാപരമായ ഡാറ്റകളുള്ള റവന്യൂ- പരിസ്ഥിതി വകുപ്പുകളെ ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കി നിർത്തിയത് എന്തിനാണ് എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. ജനപ്രതിനിധികൾ അടക്കമുള്ള എല്ലാ വിഭാഗങ്ങളിൽനിന്നും വിവരശേഖരണം നടത്തുക എന്ന, ആദ്യം ചെയ്യേണ്ടിയിരുന്ന കാര്യം ഇപ്പോഴിതാ, ഏറ്റവുമൊടുവിൽ ചെയ്യാൻ പോകുകയാണ് സർക്കാർ.

ഇക്കാര്യത്തിൽ ഭരണപക്ഷ- പ്രതിപക്ഷ വ്യത്യാസമില്ല. ഇപ്പോൾ 'സീറോ ബഫർസോൺ' എന്ന ആവശ്യമുയർത്തുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഹരിത എം.എൽ.എമാർ എന്നറിയപ്പെട്ട ഒരു സംഘത്തെ നയിച്ചിരുന്ന കാലമുണ്ടായിരുന്നു. അന്ന് ഈ എം.എൽ.എമാരുടെയും ഉമ്മൻചാണ്ടി സർക്കാറിന്റെയും ആവശ്യം, 12 കിലോമീറ്റർ വരെ ബഫർ സോൺ വേണം എന്നായിരുന്നു. ഒരുവിധ പഠനങ്ങളുടെയും പിൻബലമില്ലാതെയായിരുന്നു ഈ ആവശ്യം.

സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായ ഓരോ നടപടിയും ജനങ്ങളിൽ ആശങ്കയുടെയും ആശയക്കുഴപ്പത്തിന്റെയും ശത്രുതയുടെയുമെല്ലാം സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തത്. അതുവഴി, കൈയേറ്റ മാഫിയയെപ്പോലുള്ള ചില സമ്മർദഗ്രൂപ്പുകൾക്ക് തങ്ങളുടെ ആവശ്യങ്ങൾ അനായാസം നടത്തിയെടുക്കാനുള്ള സാഹചര്യം കൂടി സൃഷ്ടിക്കപ്പെടുന്നുണ്ട്.

പരിസ്ഥിതിലോല മേഖലയിൽ കഴിയുന്ന യഥാർഥ കർഷകരുടെയും ആദിവാസികളുടെയുമെല്ലാം ആശങ്കകൾ ഈ സമ്മർദഗ്രൂപ്പുകളുടെ വിലപേശലുകളിൽ മുങ്ങിപ്പോകരുത്. അതിന്, വികേന്ദ്രീകൃതമായ സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. പരിസ്ഥിതിലോല മേഖല എവിടെയാണ് എന്ന് കണ്ടെത്തേണ്ടതും അടയാളപ്പെടുത്തേണ്ടതും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളാണ് എന്ന് The Western Ghats Ecology Expert Panel (WGEEP) റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. അതും, ജില്ലാ പരിസ്ഥിതി സമിതി മുതൽ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി വരെ രൂപീകരിക്കപ്പെടുന്ന സന്ദർഭത്തിൽ മാത്രം. എന്നാൽ, ഇക്കാര്യത്തിൽ പ്രാദേശിക ഭരണകൂടങ്ങൾ, ഗ്രാമസഭകൾ, വനാവകാശ കമ്മിറ്റികൾ എന്നിവക്കുള്ള അധികാരം വകവച്ചുകൊടുക്കാൻ ഭരണകൂടങ്ങൾക്ക് ഇപ്പോഴും മടിയാണ്. അതുകൊണ്ടുതന്നെ, പരിസ്ഥിതിലോല മേഖലകൾ തന്നെ ആവശ്യമില്ല എന്നൊരു തീവ്രവാദ പൊതുബോധം കൂടി സൃഷ്ടിക്കപ്പെടുന്നുമുണ്ട്.

ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ മാറുന്നുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള ബാധ്യത സർക്കാറിനാണ്. കേരളത്തിൽ, സർക്കാർ നടപടികളാകട്ടെ, ആശങ്കയിലായ മനുഷ്യരെ ശത്രുപക്ഷത്തുനിർത്തുകയാണ് ചെയ്യുന്നത്. അങ്ങനെ, പരിസ്ഥിതി സംരക്ഷണവും മനുഷ്യരും വിരുദ്ധചേരികളിലാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇരകളാക്കപ്പെടുന്ന മനുഷ്യരെ വിശ്വാസത്തിലെടുക്കാതെയും അവരിൽനിന്ന് വസ്തുതകൾ മറച്ചുപിടിച്ചുമാണ് വികസനത്തിന്റെയും പരിസ്ഥിതിവാദത്തിന്റെയും പേരിലുള്ള അജണ്ട അടിച്ചേൽപ്പിക്കുന്നത്. അത്തരം ജനവിരുദ്ധനയങ്ങളുടെ പാഠങ്ങൾ ഈ സർക്കാറിനുമുന്നിൽ വേണ്ടുവോളമുണ്ട്. അവയൊന്നുകൂടി പഠിക്കേണ്ട സമയമാണിത്.

Comments