truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 02 February 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 02 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
pinaray vijayan

Kerala Election

പിണറായി വിജയന്‍

എൽ.ഡി.എഫിന്റേത്‌
വെറുമൊരു
തുടർഭരണമാകാതിരിക്കാൻ...

എൽ.ഡി.എഫിന്റേത്‌ വെറുമൊരു തുടർഭരണമാകാതിരിക്കാൻ...

കഴിവുള്ള യുവ രാഷ്ട്രീയ നേതാക്കള്‍ക്ക് വഴിതുറന്നുകൊടുക്കുകയെന്ന സി.പി.എം നയം മൂലം ഡോ. തോമസ്​ ഐസക്കും (മറ്റുചിലരും) തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെങ്കിലും, വരുംദിവസങ്ങളില്‍ അധികാരമേല്‍ക്കാന്‍ പോകുന്ന പുതിയ സര്‍ക്കാറിന് മുന്‍സര്‍ക്കാര്‍ രൂപപ്പെടുത്തിയ വികസന ഭരണ അജണ്ടയില്‍ നിന്ന്​ ഒഴിഞ്ഞുനിൽക്കാനാകില്ല. 

5 May 2021, 12:35 PM

കെ.എം. സീതി

കോവിഡ് രണ്ടാംതരംഗത്തിനിടെ, നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ സംബന്ധിച്ച്​ എല്ലാ സംസ്ഥാനങ്ങളിലും തിരിച്ചടിയും, ബി.ജെ.പിക്ക് ദക്ഷിണേന്ത്യയിലും പശ്ചിമബംഗാളിലും ശക്തമായ താക്കീതുമായിരുന്നു. അസമിലെയും പുതുച്ചേരിയിലേയും ഫലങ്ങള്‍ ബി.ജെ.പിക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നു. ബംഗാളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കിലും കേരളത്തിലെയും തമിഴ്നാട്ടിലെയും വോട്ടര്‍മാര്‍ അവരെ പാടെ തള്ളിക്കളഞ്ഞു. 2014ലെയും 2019ലെയും മോദി തരംഗത്തെ പ്രതിരോധിച്ച ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളാണ് ഇവ രണ്ടും.

എല്ലാ പ്രീ പോള്‍ സര്‍വേകളും എക്​സിറ്റ്​ പോളുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടര്‍ഭരണം പ്രവചിച്ചിരുന്നതിനാല്‍ കേരളത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പു ഫലം അത്ര അപ്രതീക്ഷിതമായിരുന്നില്ല. എന്നാലും, സി.പി.എം നയിക്കുന്ന എല്‍.ഡി.എഫിന് അത് ആധികാരിക വിജയമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 91 സീറ്റായിരുന്നു എല്‍.ഡി.എഫ് നേടിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി വെറും 41 സീറ്റ്​ നേടി സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടു. കോണ്‍ഗ്രസിന്​ 21 സീറ്റായി ചുരുങ്ങി. അതിലും പരിതാപകരമായ അവസ്​ഥ ബി.ജെ.പിയുടേതാണ്​, തലസ്ഥാന നഗരിയിലുണ്ടായിരുന്ന ഒരേയൊരു അക്കൗണ്ടും (2016ലെ തെരഞ്ഞെടുപ്പില്‍ നേടിയ) പൂട്ടി പാർട്ടി സംപൂജ്യരായി.

ALSO READ

തെരഞ്ഞെടുപ്പ് ഫലംവന്നതിനു ശേഷം | ഭാഗം ഒന്ന് - മാധ്യമങ്ങൾ

ഓരോ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനും യു.ഡി.എഫിനും മാറിമാറി അവസരം കൊടുത്ത്​ ഇരുമുന്നണികളെയും പരീക്ഷിക്കുകയായിരുന്നു കാലങ്ങളായി കേരളം ചെയ്തുകൊണ്ടിരുന്നത്. പ്രതിപക്ഷം മുന്നോട്ടു വെച്ച ആരോപണങ്ങളുടെ കൂമ്പാരം മറികടന്ന് ഭരണവിരുദ്ധ വികാരം അപ്രസക്തമാക്കി, 1977നുശേഷം ആദ്യമായാണ്​ ഒരു രാഷ്ട്രീയ കക്ഷി സംസ്ഥാനത്ത് തുടര്‍ഭരണത്തിന് അര്‍ഹമാവുന്നത്. 

മത- ജാതി പരിഗണനകൾക്ക്​ അതീതമായ ഫലം

ഇടതുമുന്നണിയുടെ വിജയം പല സന്ദേശങ്ങളും നല്‍കുന്നുണ്ട്. അതില്‍ ആദ്യത്തേതും സുപ്രധാനവുമായ ഒന്ന്, വിവിധ ജാതി മതവിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്ന ഒരു സംസ്ഥാനമായതുകൊണ്ടുതന്നെ വര്‍ഗീയ ധ്രുവീകരണശ്രമവും കേരളത്തില്‍ വിലപ്പോകില്ല എന്നതാണ്​. ജനസംഖ്യയുടെ ഏതാണ്ട് 45% മതന്യൂനപക്ഷങ്ങളാണ് (മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളും). ഹിന്ദുമതത്തില്‍ പെട്ട പിന്നാക്കവിഭാഗങ്ങളും, ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടവരും ജനസംഖ്യയുടെ 40%ത്തോളം വരും. അതുകൊണ്ടു തന്നെ മുന്നണി ഭരണസംവിധാനത്തിന് കീഴില്‍ മതേതര താല്‍പര്യം സംരക്ഷിക്കപ്പെടാന്‍ വിവിധ തലങ്ങളിലുള്ള കൂടിയാലോചനകള്‍ സ്വാഭാവികമായും ആവശ്യമായി വരും. തെരഞ്ഞെടുപ്പുവേളയില്‍ രാഷ്ട്രീയ മുന്നണികള്‍ മത- ജാതി ഘടകങ്ങള്‍ മുന്നോട്ടുവെച്ചെങ്കില്‍ പോലും (പ്രത്യേകിച്ച് ചില മണ്ഡലങ്ങളില്‍ ഒരു പ്രത്യേക വിഭാഗങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതടക്കം), ജനങ്ങള്‍ മതപരമായ പരിഗണനകള്‍ക്ക് അതീതമായി വോട്ടുചെയ്യുന്നതാണ് സംസ്ഥാനം കണ്ടത്. 

sabarimala
തൃപ്പൂണിത്തുറയില്‍ ശബരിമല കർമ്മസമിതിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍

ശബരിമല യുവതീ പ്രവേശന വിഷയം ആളുകള്‍ എങ്ങനെ തള്ളിക്കളഞ്ഞു എന്നതാണ് അതിന് മികച്ച ഉദാഹരണം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പാരമ്യത്തിലെത്തിയത് 2020 ഡിസംബറില്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും  എന്‍.ഡി.എയും വിഷയം പരമാവധി മുതലെടുക്കാന്‍ തുടങ്ങിയതോടെയാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടി. 2021 ഏപ്രിലിലെ തെരഞ്ഞെടുപ്പിലും ഇത് ആര്‍ത്തിച്ചു. ഇടതുമുന്നണിയെ വിരട്ടാന്‍ പ്രതിപക്ഷത്തുള്ള ഇരുമുന്നണികളും തെരഞ്ഞെടുപ്പ് ദിവസം പോലും കാടിളക്കി പ്രചാരണം നടത്തി. എന്നാല്‍ ശബരിമല പ്രശ്നം തെരഞ്ഞെടുപ്പില്‍ യാതൊരു പ്രതിഫലനവുമുണ്ടാക്കിയില്ലെന്നാണ് ഫലം കാണിക്കുന്നത്.  

ഇസ്‌ലാമോഫോബിയയുടെ "കള്‍ച്ചറല്‍ ലോജിക്ക്'

ഇസ്‌ലാമോഫോബിയയുടെ "കള്‍ച്ചറല്‍ ലോജിക്ക്' അടിസ്ഥാനമാക്കി സമാനമായ മറ്റൊരു വിഷയവും രാഷ്ട്രീയപാര്‍ട്ടികള്‍ ഉയര്‍ത്തിക്കൊണ്ടു വന്നു. പ്രസ്തുത പ്രചാരണത്തിന്റെ മുന്‍നിരയില്‍ ഹിന്ദുത്വശക്തികളായിരുന്നെങ്കില്‍ പോലും, പലപ്പോഴും മതേതര പാര്‍ട്ടികളിലും അതില്‍ വീണു. ലവ് ജിഹാദും മുത്തലാഖും മുതല്‍ ഹാഗിയ സോഫിയ വരെ തെരഞ്ഞെടുപ്പ് വിഷയങ്ങളായി. എന്നാല്‍ ഇതൊന്നും തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും സ്വാധീനിച്ചില്ലെന്ന് ഫലങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

ALSO READ

തെരഞ്ഞെടുപ്പ് ഫലംവന്നതിനു ശേഷം | ഭാഗം രണ്ട് - ഒരു വമ്പന്‍ രാഷ്ട്രീയ തിരിച്ചുവരവ്

എന്നാലും, എല്‍.ഡി.എഫ് സര്‍ക്കാറെടുത്ത രണ്ട് പ്രധാന തീരുമാനങ്ങള്‍ മുന്നണിക്ക് നേട്ടമുണ്ടാക്കിയെന്നു കാണാം- ഒന്ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇ.ഡബ്ല്യു.എസ്) പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തിയതും, രണ്ടാമത്തേത് നാടാര്‍ ക്രിസ്റ്റ്യന്‍ സമുദായങ്ങള്‍ക്കു കൂടി ഒ.ബി.സി സംവരണം നല്‍കിയതും. ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കുന്നതില്‍ ഇടതുമുന്നണി പ്രതിജ്ഞാബദ്ധരായിരുന്നു. ഉദാഹരണത്തിന്, 2019ല്‍ പാര്‍ലമെൻറ്​ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തില്‍ മതപരമായ വിവേചനം പുലര്‍ത്തുന്ന ചട്ടങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അത് കേരളത്തില്‍ നടപ്പിലാക്കില്ലെന്ന തീരുമാനം എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. സംസ്ഥാന നിയമസഭയില്‍ സി.എ.എയ്ക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുകയും അത് പാസാക്കുകയും ചെയ്തു. 

പ്രകടനപത്രികയുടെ മികവ്​

രണ്ടാമത്തെ പ്രധാന സന്ദേശം, സമയബദ്ധിതമായി നടപ്പിലാക്കാന്‍ കഴിയുന്ന വ്യക്തമായ രാഷ്ട്രീയ നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിലായിരിക്കണം ജനവിധി തേടേണ്ടത് എന്നതാണ്, അല്ലാതെ ഒന്നോ രണ്ടോ ദിവസത്തെ ആയുസുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാവരുത്. തെരഞ്ഞെടുപ്പു പ്രകടന പത്രിക തയ്യാറാക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തി, വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുമായും മറ്റും കൂടിയാലോചനകള്‍ നടത്തിക്കൊണ്ടാണ് അത് തയ്യാറാക്കിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇത് അപൂര്‍വ്വമാണ്. താഴേക്കിടയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മാനിഫെസ്റ്റോ തയ്യാറാക്കുന്ന പ്രക്രിയയായിരുന്നത്.

സാമൂഹ്യസുരക്ഷ

"സാമൂഹ്യ സുരക്ഷ'യായിരുന്നു എല്‍.ഡി.എഫ് പ്രകടനപത്രികയുടെ (2021-26) മുഖമുദ്ര. ഉപജീവനത്തിന്റെയും, സാമൂഹ്യ സുരക്ഷയുടെയും പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത് വിവിധ പദ്ധതികളും മുന്നണി മുന്നോട്ടു വെച്ചു. വിവിധ തൊഴിലവസരങ്ങള്‍ പ്രകടന പത്രികയില്‍ എല്‍.ഡി.എഫ് മുന്നോട്ടുവെക്കുന്നുണ്ട്. 

ldf
എല്‍.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയപ്പോള്‍

വിദ്യാസമ്പന്നര്‍ക്ക് നൈപുണ്യ വികസനത്തിലൂടെയും വ്യാവസായിക പുനഃസംഘടനയിലൂടെയും ഇരുപതുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് സര്‍ക്കാർ ലക്ഷ്യം. കാര്‍ഷിക മേഖലയില്‍ അഞ്ചുലക്ഷത്തോളം ഉപജീവന അവസരങ്ങളും കാര്‍ഷികേതര മേഖലയില്‍ മറ്റൊരു പത്തുലക്ഷം അവസരങ്ങളും കൊണ്ടുവരുമെന്നും ഉറപ്പുനല്‍കുന്നുണ്ട്. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യം സൂചിപ്പിച്ച്​, കൂടുതലായി ഒരുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന 15,000 പുതിയ സംരംഭങ്ങളും ഉറപ്പുനല്‍കുന്നു. നിലവിലെ 1.4ലക്ഷം വരുന്ന മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മൂന്നുലക്ഷമായി ഉയര്‍ത്തുമെന്നും പ്രകടനപത്രിക ഉറപ്പുനല്‍കുന്നു. ഇതും അഞ്ചുലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ കൊണ്ടുവരും. 

ജനങ്ങളെ ആകർഷിച്ച ഉറപ്പുകൾ

എല്‍.ഡി.എഫിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പ്രധാനമുഖമാണ് ക്ഷേമ പെന്‍ഷനുകള്‍. 2016ല്‍ എല്‍.ഡി.എഫ് അധികാരമേറ്റെടുക്കുന്ന സമയത്ത് അത് 600 രൂപയായിരുന്നു, മാത്രമല്ല, ഒന്നരവര്‍ഷത്തോളമായി നല്‍കിയിട്ടുമുണ്ടായിരുന്നില്ല. ഇത് 1600 രൂപയാക്കി ഉയര്‍ത്തിയ എല്‍.ഡി.എഫ്. ഇത്തവണ 2500 ആയി ഉയര്‍ത്തുമെന്നും ചരിത്രത്തിലാദ്യമായി ശമ്പളരഹിത വീട്ടുജോലികള്‍ ചെയ്യുന്ന സ്ത്രീകളെയും പെന്‍ഷനുകീഴില്‍ കൊണ്ടുവരുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്. എല്ലാ മേഖലയിലുമുള്ള തൊഴിലാളികള്‍ക്കുള്ള ഓണറേറിയം ഉയര്‍ത്തും. മിനിമം കൂലി ദിവസം 700 ആയും മാസം 21000 ആയും ഉയര്‍ത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. 

മറ്റുവാഗ്ദാനങ്ങള്‍ ഇവയാണ്: 10,000 കോടിവരുന്ന വ്യാവസായിക നിക്ഷേപം, ഇലക്​ട്രോണിക്​ ഫാര്‍മസ്യൂട്ടിക്കല്‍ ഹബ് രൂപീകരിക്കും, കാര്‍ഷിക വരുമാനത്തില്‍ 60% വര്‍ധനവ്, വീടുകളില്‍ കുടിവെള്ള പൈപ്പുകള്‍, താങ്ങാവുന്ന ചെലവില്‍ ബ്രോഡ് ബാൻറ്​ ഇന്റര്‍നെറ്റ് കവറേജ്, സ്ത്രീ ശാക്തീകരണം, ജലഗതാഗതത്തിന് ഊന്നല്‍, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാമാറ്റം, വിശപ്പ് തുടങ്ങിയ കെടുതികളില്‍ നിന്നും സംസ്ഥാനത്തെ സംരക്ഷിക്കുക, അഴിമതിവിരുദ്ധ സംസ്ഥാനം തുടങ്ങിയവ. 

udf
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയെത്തിയപ്പോള്‍

പാവപ്പെട്ടവർക്ക്​ വീട്​

പാവപ്പെട്ടവര്‍ക്ക് വീട് എന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സുപ്രധാന മുന്‍ഗണനകളിലൊന്ന്. അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ 2.8ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. ലൈഫ് മിഷനിലൂടെയും മറ്റ് പദ്ധതികളിലൂടെയും 1.5 ലക്ഷം വീടുകള്‍ കൂടി ഉടന്‍ പൂര്‍ത്തീകരിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ വീടും ഭൂമിയുമില്ലാത്തവര്‍ക്ക് അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സുകളിലൂടെ അഞ്ചുലക്ഷം വീടുകള്‍ നിര്‍മ്മിക്കാനും പ്രകടന പത്രികയില്‍ ലക്ഷ്യമിടുന്നു. എസ്.സി/ എസ്.ടി കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണ പദ്ധതിയും പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരേക്കര്‍ കൃഷിഭൂമിയും പ്രകടന പത്രികയില്‍ ഉറപ്പുനല്‍കുന്നു.  

ജനസംഖ്യാനുപാതികമായി എസ്.സി.പി/ ടി.എസ്.പി ഫണ്ട് വിനിയോഗിച്ച ഏക സംസ്ഥാനമാണ് കേരളം. ഊരുകൂട്ടത്തിലൂടെ (ആദിവാസി അയല്‍ക്കൂട്ടം) ട്രൈബല്‍ സബ് പ്ലാനുകള്‍ക്കുളള്ള ഫണ്ടുകള്‍ വിതരണം ചെയ്യുമെന്നും വന ഉല്പന്നങ്ങള്‍ മിനിമം താങ്ങുവില നല്‍കുമെന്നും പ്രകടന പത്രിക ഉറപ്പുനല്‍കുന്നു. 

സംസ്ഥാന ഇടപെടല്‍ സുപ്രധാനമായ മേഖലയാണ് ആരോഗ്യമേഖല, പ്രത്യേകിച്ച്  മഹാമാരിയുടെ പുതിയ തരംഗത്തിന്റെ പശ്ചാത്തലത്തില്‍. സംസ്ഥാനം 500 ഓളം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ വരെ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി സേവനങ്ങള്‍ ദിവസം രണ്ടുതവണയായി നീട്ടുമെന്നും എല്‍.ഡി.എഫ് ഉറപ്പുനല്‍കുന്നു. 20ലക്ഷം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അഞ്ചുലക്ഷം രൂപവരെയുള്ള ചികിത്സ സൗജന്യമാക്കുമെന്നും മറ്റുള്ളവരുടെ രണ്ടുലക്ഷം വരെയുള്ള ചികിത്സ കാരുണ്യ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുമെന്നും പ്രകടന പത്രികയില്‍ എല്‍.ഡി.എഫ് വാഗ്ദാനം നല്‍കുന്നു.  

പവര്‍ ഹൈവേകള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍, ദേശീയ പാത ആറുവരിയാക്കല്‍, ഡിജിറ്റല്‍ വിപ്ലവം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി ഒപ്റ്റിക് നെറ്റുവര്‍ക്ക് തുടങ്ങി നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും പ്രകടന പത്രികയില്‍ എല്‍.ഡി.എഫ് ഊന്നല്‍ നല്‍കുന്നു. അടിസ്ഥാന വര്‍ഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുമ്പോഴും എല്‍.ഡി.എഫ് കേരളത്തെ  ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ് ' റാങ്കിങ്ങില്‍ ആദ്യപത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കുള്ളില്‍ കൊണ്ടുവരുമെന്ന് പറഞ്ഞുകൊണ്ട് നിക്ഷേപകര്‍ക്ക് എല്ലാതരത്തിലുള്ള സഹകരണവും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. യു.ഡി.എഫ് പ്രചാരണം അല്പായുസുള്ള വിഷങ്ങളില്‍ കേന്ദ്രീകരിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ വാഗ്ദാനങ്ങളും അതിനോടുള്ള പ്രതിബദ്ധതയും പ്രതിഫലിക്കുന്നതായിരുന്നു എല്‍.ഡി.എഫിന്റെ പ്രചാരണം.  

പിണറായി എന്ന പ്രിൻസിപ്പൽ ആർക്കിടെക്​റ്റ്​

പ്രതിസന്ധി ഘട്ടങ്ങളില്‍ ഉചിതമായി പ്രവര്‍ത്തിച്ച എല്‍.ഡി.എഫ് മന്ത്രിസഭയുടെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടുനിരോധനം (2016) മുതല്‍ ഓഖി ചുഴലിക്കാറ്റ് (2017), രണ്ട് വലിയ പ്രളയങ്ങള്‍  (2018, 2019), നിപ വൈറസ് (2019), വിനാശകാരിയായ കോവിഡ് മഹാമാരി വരെ, മുമ്പൊന്നുമില്ലാത്തത്ര പ്രതിസന്ധി നിറഞ്ഞതായിരുന്നു എല്‍.ഡി.എഫിന്റെ കഴിഞ്ഞ ഭരണകാലം.

bjp
കേരളത്തില്‍  ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷാ എത്തിയപ്പോള്‍

ലോകമെമ്പാടും ജീവിക്കുന്ന കേരളത്തിലെ കുടിയേറ്റ ജനതയ്ക്കുമേല്‍ കോവിഡ് പ്രത്യാഘാതമുണ്ടാക്കുന്നത് തുടരുകയാണ്. ഇതെല്ലാം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയ്ക്കും ജീവിതമാര്‍ഗങ്ങള്‍ക്കുമേല്‍ വലിയ തോതിൽ ആഘാതങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ആരോഗ്യ അടിയന്താവസ്ഥാ നടപടികളും സാമൂഹ്യ സുരക്ഷിതത്വവും അനിവാര്യമാക്കിക്കൊണ്ട് മഹാമാരി അക്ഷരാര്‍ത്ഥത്തില്‍ വ്യവസ്ഥിതിയെ ഞെരുക്കിക്കളഞ്ഞിട്ടുണ്ട്.

പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും പിണറായി വിജയന്റെ രാഷ്ട്രീയ നൈപുണ്യം വെളിവായിരുന്നു. രണ്ട് മഹാപ്രളയങ്ങളുടെ സമയത്ത് ഇത് വളരെയധികം പ്രകടമായി. സംസ്ഥാനത്തെ ഒരു ശരാശരി പൗരന്‍ പോലും മുഖ്യമന്ത്രിയെ അങ്ങേയറ്റത്തെ ആരാധനയോടെ നോക്കിക്കാണുന്നതും പിന്തുണയ്ക്കുന്നതുമാണ് കണ്ടത്. ഒട്ടും നിഷേധാത്മകമായിട്ടല്ലാതെ, ആശങ്കകളെ അവതരിപ്പിക്കുന്നതില്‍ സ്വന്തമായ ശെെലി രൂപപ്പെടുത്തിയ, വ്യക്തമായ പ്രസ്താവനകളിലൂടെ പ്രശ്നങ്ങളുടെ തീവ്രതയും അതിനെ അഭിമുഖീകരിക്കാന്‍ എടുക്കേണ്ട പ്രതിരോധങ്ങളെക്കുറിച്ചും പറയുന്ന പിണറായി വിജയന്‍ കാര്യങ്ങളില്‍ നേരിട്ടിടപെടുന്ന ഭരണാധികാരിയാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞനായ ശിവ് വിശ്വനാഥന്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം പറയുന്നു: ‘‘പിണറായി വിജയന് പഴിചാരി കളിക്കാനോ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കാനോ സമയമുണ്ടായിരുന്നില്ല. കേന്ദ്രത്തെയും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളെയും പ്രകോപിപ്പിക്കാതെയുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ പക്വതയുള്ള നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നു. അനാവശ്യമായ കുറ്റംപറയലുകള്‍ ഒഴിവാക്കി പ്രളയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുതിയൊരു പക്വത കൊണ്ടുവന്നു അദ്ദേഹം.

ശിവ വിശ്വനാഥന്‍ എഴുതി;  ‘‘ പ്രത്യയശാസ്ത്ര, മത ഭേദമന്യേ ജനങ്ങളെക്കുറിച്ചാണ് തന്റെ ആശങ്കയെന്ന് പിണറായി കാണിച്ചുകൊടുത്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും മേഖല കേന്ദ്രീകരിച്ചോ പാര്‍ട്ടിതലത്തില്‍ നോക്കിയോ ആവുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കി. അദ്ദേഹം സി.പി.ഐ.എമ്മിന്റെ നേതാവായിരിക്കാം, പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. കേരളത്തിന് യാതൊരു സഹായവും ചെയ്യരുത് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വലതുപക്ഷത്തിന്റെ പ്രചാരണങ്ങളൊന്നും അദ്ദേഹത്തെ പ്രകോപിപ്പിച്ചില്ല. എവിടെ ശ്രദ്ധിക്കണമെന്നും എന്തിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നും അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു. കക്ഷിരാഷ്ട്രീയം കളിക്കാനും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുതലെടുപ്പിനുമുള്ള സമയം ഇതല്ലെന്നും അദ്ദേഹത്തിന് വ്യക്തതയുണ്ടായിരുന്നു.'' (ദ ഹിന്ദു, 28 ആഗസ്റ്റ് 2018)

തുടര്‍ന്നുവന്ന പ്രതിസന്ധികളിലും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന നേതൃത്വശൈലി പിണറായി വിജയന്‍ തുടര്‍ന്നു. പ്രതിസന്ധിയുടെ ഓരോ ദിനങ്ങളിലും വൈകുന്നേരത്തെ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ ജനങ്ങളില്‍ ആത്മവിശ്വാസം നിറച്ചു. ഇതിനിടയില്‍, വ്യത്യസ്തമായ ഒരുതരം ‘കമ്മ്യൂണിക്കേറ്റീവ് റാഷണാലിറ്റി' അദ്ദേഹം വികസിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്തു. ഇത് കുറച്ചുദിവസം മാത്രം നിലനിന്ന ഒന്നല്ല, 2018ലെ പ്രളയം മുതലിങ്ങോട്ട് ഓരോ മാസങ്ങള്‍ക്കുശേഷവും തുടര്‍ന്നു. അതിനുപുറമേ, മഹാമാരി കാലത്ത്, ലോക്ക്​ഡൗണിലും അതിനുശേഷമുള്ള മാസങ്ങളിലും ഓരോ കുടുംബത്തിനും പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യവസ്തു കിറ്റ് ലഭിക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി ഉറപ്പാക്കി. മറ്റുതരത്തിലുള്ള ആരോഗ്യ അടിയന്തരാവസ്ഥാ നടപടികളും നടപ്പില്‍വരുത്തി. 

പ്രതിപക്ഷ പ്രകടനങ്ങൾ

അതിനിടെ, തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് പ്രതിപക്ഷം സര്‍ക്കാറിനെതിരെ നിരവധി ആരോപണങ്ങളുമായി രംഗത്തുവന്നു. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്, 2018ലെ പ്രളയശേഷമുള്ള പ്രളയദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍, ആഴക്കടല്‍ മത്സ്യബബന്ധന കരാർ വിവാദം, കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെൻറ്​ ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) അധികാരം ദുരുപയോഗം ചെയ്തു തുടങ്ങിയ ആരോപണങ്ങള്‍. ഈ സമയത്ത് രജിസ്റ്റര്‍ ചെയ്ത മിക്ക കേസുകളും അപൂര്‍ണമോ അവസാനമില്ലാത്തതോ ആയി നിലനില്‍ക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിന്​ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുവെന്ന് എല്‍.ഡി.എഫ് നേതൃത്വം ആരോപിച്ചിരുന്നു. 

തങ്ങള്‍ നെഞ്ചോട് ചേര്‍ത്ത കേരള ജനത ഞങ്ങളെ ഉപേക്ഷിക്കില്ലെന്ന എല്‍.ഡി.എഫ് അവകാശവാദം സ്ഥാപിക്കുന്നതാണ് 2021ലെ തെരഞ്ഞെടുപ്പ് ഫലം. എല്‍.ഡി.എഫ് ഭരണമാതൃകയ്ക്കും വികസനത്തിനുമുള്ള അംഗീകാരമായും വന്‍ഭൂരിപക്ഷത്തോടെയുള്ള ഈ വിജയത്തെ കാണാം. 

തെരഞ്ഞെടുപ്പിനു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്, ധനകാര്യമന്ത്രിയായിരുന്ന ഡോ. ടി.എം തോമസ് ഐസക് ദ ഹിന്ദുവിനു നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു,  ‘‘കേരളത്തില്‍ ഇടതുമുന്നണി തേടുന്നത് വെറുമൊരു റീ ഇലക്ഷന്‍ അല്ല. അതീവശ്രദ്ധയോടെ തയ്യാറാക്കിയ ഒരു ഭരണ വികസന മാതൃക വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കാനുള്ള ഒരു ജനവിധിയാണ്. കേരളത്തെ ഇന്ത്യയുടെ യനാന്‍ ആക്കാനാണ് ഞങ്ങളുടെ ശ്രമം.’’

‘‘ഒരേ സമയം ക്ഷേമപദ്ധതികള്‍ക്കുമേലുള്ള ശ്രദ്ധ നിലനിര്‍ത്തി, അടിസ്ഥാനസൗകര്യ മേഖലയിലെ പോരായ്മ നികത്താന്‍ അതിവേഗത്തിലുള്ള അടിസ്ഥാനകൗര്യ വളര്‍ച്ചയുടെ മാതൃക കേരളം രൂപപ്പെടുത്തിയിട്ടുണ്ട്. സാധാരണ നിലയില്‍ നടപ്പില്‍വരാന്‍ കാല്‍നൂറ്റാണ്ട് എടുക്കുന്ന പ്രവൃത്തികള്‍ കിഫ്ബി ഉപയോഗപ്പെടുത്തി വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൊണ്ടുവരാന്‍ കഴിയുന്നു. ഇതിന് തുടക്കം കുറച്ചിട്ടുണ്ട്, ഇന്ത്യയ്ക്കു തന്നെ ഒരു മാതൃകയായി മാറത്തക്കവിധം അതിനെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.''

‘ഇന്ത്യയുടെ യനാനെ' ക്കുറിച്ച് ഐസക് പറയുമ്പോള്‍ വ്യക്തമായും അദ്ദേഹത്തിന്റെ മനസില്‍ വ്യത്യസ്ത വികസന സത്തയുണ്ട്, 1970കളില്‍ വിക്ടര്‍ എം. ഫിക് സൂചിപ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായ ഒന്ന്. ഫിക്കിന്റെ  Kerala: The Yenan of India: Rise of Communist Power (1937-1969) എന്ന പുസ്തകത്തിന്റെ പശ്ചാത്തലം വ്യക്തമാണ്. ബാലറ്റ് ബോക്‌സിലൂടെ കമ്യൂണിസ്​റ്റ്​ സർക്കാർ അധികാരത്തില്‍ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി 1957ലാണ് കേരളം ഉയര്‍ന്നുവന്നത്. 1937 മുതലുള്ള സംഭവവികാസങ്ങളുടെ വിശാലമായ പശ്ചാത്തലത്തിലാണ്​ അദ്ദേഹം കേരളത്തിന്റെ കമ്യൂണിസ്റ്റ് അനുഭവത്തെ കൊണ്ടുവരുന്നത്​, 1960കളുടെ അവസാനമുണ്ടായ സംഭവവികാസങ്ങളില്‍ അ​ദ്ദേഹം അത്​ അവസാനിപ്പിക്കുകയും ചെയ്യുന്നു. 

ALSO READ

മലയാളിയുടെ കേരളവും ഇടതുപക്ഷവും  

ഇങ്ങനെയാണ് ഫിക് അദ്ദേഹത്തിന്റെ രചന അവസാനിപ്പിക്കുന്നത്: അടിസ്ഥാന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും ഫലത്തില്‍ വരുത്താനും കഴിയുന്ന യെനാനെ ആണ് കേരളത്തിലെ കമ്യൂണിസ്​റ്റ്​ ശക്​തികൾ പ്രതിനിധീകരിക്കുന്നതെങ്കില്‍, പാര്‍ലമെന്ററി ജനാധിപത്യത്തിനു കീഴില്‍ സാമൂഹിക മാറ്റത്തിനും പുരോഗതിക്കും വേണ്ടി നിലകൊള്ളുന്ന ശക്തികളെ സംബന്ധിച്ച്,  വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടിയിരുന്ന, എന്നാല്‍ ചെയ്യാതെ പോയ, സാങ്കേതികത്വത്തിന്റെ ഒരു പരീക്ഷണശാലയെ കേരളം പ്രതിനിധാനം ചെയ്യണം. എന്നാല്‍ ജനങ്ങളുടെ ഇച്ഛ പ്രകടിപ്പിക്കാനും, കമ്യൂണിസ്റ്റ് അധികാരരാഷ്ട്രീയ കണക്കുകൂട്ടലുകള്‍ക്ക് പ്രതിരോധം തീര്‍ക്കാനും, അഭികാമ്യമായ പൊരുത്തപ്പെടലുകളിലൂടെ ജയസാധ്യതയുള്ള കൂട്ടുകെട്ടുകൾ രൂപപ്പെടുത്തി അതിലേക്ക് വീണ്ടും തിരിച്ചു ചെല്ലാനും ഏതൊരിടത്തും അത് നടപ്പില്‍ വരുത്താനും സാധിക്കണം. ഇന്ത്യയില്‍ കമ്യൂണിസം കഴിഞ്ഞ ദശാബ്ദങ്ങളിൽ മുന്നേറിയത്​, രാജ്യത്തെ ദശലക്ഷക്കണക്കിന് പാവങ്ങളുടെ കണ്ണില്‍ അതിന് സഹജമായ ശ്രേഷ്ഠതയോ രാജ്യനിര്‍മ്മാണത്തിലും ആധുനികവത്കരണത്തിലും അതിന് കൂടുതല്‍ കാര്യക്ഷമതയോ ഉണ്ടെന്ന്​കരുതിയതുകൊണ്ടല്ല, മറിച്ച് ജനാധിപത്യ ക്യാമ്പുകളുടെ വിഭജനം മൂലവും മുന്നണി സംവിധാനത്തിലൂടെയും കൂട്ടായ്മാ രാഷ്ട്രീയത്തിലൂടെയും പരമാവധി അധികാരം സ്വായത്തമാക്കാനുള്ള അതിന്റെ കഴിവുമൂലവുമാണ്​.

സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ക്ഷമത പരിമിതമാണ് എന്ന അഭിപ്രായത്തോടെയാണ് ഫിക്കിന്റെ നിലപാട് അവസാനിക്കുന്നത്. ഭൂപരിഷ്‌കരണവും, സാമൂഹ്യ സുരക്ഷയും ക്ഷേമപദ്ധതികളുമടക്കം, തുടര്‍ന്നുവന്ന ഇടതുസഖ്യങ്ങള്‍ നടത്തിയ ശ്രമങ്ങള്‍, അവയുടെ എല്ലാ പരിമിതികള്‍ക്കുള്ളിലും, വിലകുറച്ചു കാണിക്കപ്പെട്ടു. 1970കളില്‍ രൂപപ്പെട്ടുവന്ന കേരള വികസന പരിചയത്തെക്കുറിച്ചുള്ള (പലരെയും സംബന്ധിച്ച് കേരള മോഡല്‍ വികസനം) സംവാദം പോലും ഇടത് ഇടപെടലിന്റെ വ്യത്യസ്ത സഞ്ചാരപഥമാണ് നല്‍കിയത്.

ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ചയ്ക്ക് വിഘാതമായി ഒരുപാട് ഘടകങ്ങളുണ്ട്. വലതുപക്ഷ വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയും മാറിമാറിവന്ന സര്‍ക്കാരുകളില്‍ നിന്ന്​ അവര്‍ക്കു ലഭിച്ച പരിലാളനയും (പ്രത്യക്ഷമായും പരോക്ഷമായും) സ്ഥാപനങ്ങളും ഭരണവ്യവസ്ഥിതിയും സ്വാധീനിക്കപ്പെടാന്‍ തക്കതായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള സാഹചര്യത്തില്‍, പ്രത്യേകിച്ച് 1980കളില്‍, ലിബറല്‍ ക്രമത്തില്‍ നിന്ന്​ നിയോ-ലിബറല്‍ രാഷ്ട്രപദവിയിലേക്കും സാംസ്‌കാരിക രാഷ്ട്രം രൂപപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വാചാടോപങ്ങളിലേക്കുമുള്ള മാറ്റം സാമൂഹ്യ അരക്ഷിതാവസ്ഥയുടെയും പൊലീസ് രാജിന്റെയും സങ്കീര്‍ണ സ്ഥിതിവിശേഷത്തിന് വഴിവെച്ചു. തല്‍ഫലമായി, ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ അസമമായ വികസനതലം കൂടുതല്‍ സ്പഷ്ടമായി. ഈ പരിസ്ഥിതിയിലാണ് ഭരണത്തിന്റെയും വികസനത്തിന്റെയും പുതിയൊരു വഴി തോമസ് ഐസക് മുന്നോട്ടുവെക്കുന്നത്. കഴിവുള്ള യുവ രാഷ്ട്രീയ നേതാക്കള്‍ക്ക് വഴിതുറന്നുകൊടുക്കുകയെന്ന പാര്‍ട്ടിയുടെ പുതിയ നയം കാരണം ഐസക്കും (മറ്റുചിലരും) തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെങ്കിലും, വരുംദിവസങ്ങളില്‍ അധികാരമേല്‍ക്കാന്‍ പോകുന്ന പുതിയ സര്‍ക്കാറിന് മുന്‍സര്‍ക്കാര്‍ രൂപപ്പെടുത്തിയ വികസന ഭരണ അജണ്ടയില്‍ നിന്ന്​ ഒഴിഞ്ഞുനിൽക്കാനാകില്ല. 


https://webzine.truecopy.media/subscription

കെ.എം. സീതി  

മഹാത്മാഗാന്ധി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ചിന്റെ ഡയറക്ടർ

  • Tags
  • #Pinarayi Vijayan
  • #Kerala Legislative Assembly election
  • #Covid India
  • #KM Seethi
  • #LDF
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Adv.. കെ.ആർ.സുമേഷ് ചാലക്കുടി

6 May 2021, 07:41 PM

അർത്ഥവത്തായ ലേഖനം.. കേരളം വലതു-വർഗ്ഗീയ അജണ്ടകൾക്ക് സാധ്യതകൾ അടച്ചു എന്നതാണ് പിണറായി സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടം.. ഇനി ഇന്ത്യ മുഴുവൻ കേരളത്തെ നോക്കും.. പുതിയ ഒരു ടീം വലിയ പ്രതീക്ഷകൾ ആണ് ഉയർത്തുന്നത്.

Antokannan

6 May 2021, 06:08 PM

യെനൻ എന്താണ് എന്ന് കൂടി വിശദീകരിക്കാമായിരുന്നു

ഷൈനികുര്യൻ

6 May 2021, 11:24 AM

അസാധാരണവും എന്നാൽ പ്രതീക്ഷിച്ചതുമായ വിജയം തന്നെയാണിത്. എന്നാലും എം. എൻ. കാരശ്ശേരിയെപ്പോലുള്ളവർ സൂചിപ്പിച്ചതും നമുക്ക് വിസ്മരിക്കാൻ പാടുള്ളതല്ല. ഈ ജനകീയ അംഗീകാരം ഒരു അഹങ്കാരമായി മാറ്റാൻ ശ്രമിച്ചാൽ സർവാധിപത്യം ആയിരിക്കും ഫലം. ബംഗാൾ അനുഭവം നമ്മുടെ മുമ്പിലുണ്ട്. മുപ്പതുകൊല്ലം ഭരിച്ച പാർട്ടിക്ക് 'യെനാൻ' എന്ന വാക്കുപോലും ഉച്ചരിക്കാനുള്ള അർഹതയില്ലാതെ പോയി. പിന്നെ വിക്ടർ ഫിക് പറഞ്ഞ മാതിരി ജനാധിപത്യ പാളയങ്ങളിലെ വിള്ളലുകളിൽ പ്രതീക്ഷയർപ്പിച്ചു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക്‌ എത്ര നാൾ മുന്നോട്ടു പോകാൻ ആകും? ഡോ.സീതി സൂചിപ്പിച്ച മാതിരി പിണറായി വിജയനോട് ചേർന്ന് നിന്ന് പ്രവർത്തിക്കേണ്ടുന്നവരുടെ 'തലമുറമാറ്റം' പാർട്ടിക്ക് എന്ത് ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്ന് കണ്ടിരുന്നു കാണണം. ഒരു കാര്യം നമുക്ക് അംഗീകരിക്കാം. അഴിമതിക്കാര്യത്തിൽ യൂഡിഎഫിനേക്കാൾ ഇടതുമുന്നണി മെച്ചമാണ്. എന്നാൽ എൽഡിഫ് മുന്നോട്ടു വെച്ച വികസന അജണ്ട നടപ്പാക്കണമെങ്കിൽ ഒരു പിടികാര്യങ്ങളിൽ പാർട്ടി വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. ബംഗാൾ മോഡലല്ല കേരളത്തിന് വേണ്ടത്. 'യെനാൻ' മോഡലുമല്ല കേരളത്തിന് ആവശ്യം. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ നിന്നുള്ള ഇടപെടലുകൾക്കു മാത്രമേ കാര്യമാത്രപ്രസക്തമായ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാകൂ.

Dr. Sebastian Joseph

5 May 2021, 01:09 PM

കൃത്യമായ സാമൂഹ്യ ശാസ്ത്രവിശകലനം. പ്രൊഫ. സീതിയുടെ ഈ നോട്ടം കഴിഞ്ഞ ഇലക്ഷനെക്കറിച്ചും ഇടത് വിജയത്തെക്കുറിച്ചും ഞാൻ വായിച്ച ഏററവും നല്ല ലേഖനമാണെന്നു പറയുന്നതിൽ സംശയമില്ല. എൻ്റെ നോട്ടത്തിൽ ജനങ്ങളോട് കരുണാപൂർവ്വം പ്രവർത്തിക്കുന്നതിൽ ഇടത് സർക്കാർ വിജയിച്ചു (A compassionate governance style) .

k kannan

UNMASKING

കെ. കണ്ണന്‍

കെ.വി. തോമസ് പിണറായിക്കുവേണ്ടി മോദിയോട് എങ്ങനെ, എന്ത്?

Jan 20, 2023

5 Minutes Watch

covid 19

Covid-19

ഡോ. ജയകൃഷ്ണന്‍ ടി.

വീണ്ടും കോവിഡ്, വേണ്ട പരിഭ്രാന്തി

Dec 25, 2022

9 Minutes Read

cow

Governance

അശോകകുമാർ വി.

ക്ലിഫ് ഹൗസില്‍ മാത്രം മതിയോ നല്ല പശുവിന്‍ പാല് ?

Dec 18, 2022

5 Minutes Read

adani

Vizhinjam Port Protest

പ്രമോദ് പുഴങ്കര

ഇനി അദാനിയെങ്കിലും പറയും; ഗുജറാത്ത്​  മോഡലിനേക്കാള്‍ മികച്ചതാണ് കേരള മോഡൽ

Dec 09, 2022

10 Minutes Read

shajahan

Vizhinjam Port Protest

ഷാജഹാന്‍ മാടമ്പാട്ട്

വിഴിഞ്ഞത്തെ മുൻനിർത്തി, രോഗാതുരമായ കേരളത്തെക്കുറിച്ച്​ ചില വിചാരങ്ങൾ

Dec 08, 2022

5 Minutes Read

Vizhinjam

Vizhinjam Port Protest

എന്‍.സുബ്രഹ്മണ്യന്‍

വിഴിഞ്ഞം തുറമുഖം: സർക്കാർ പറയുന്ന നുണകൾ

Dec 05, 2022

15 Minutes Read

Vizhinjam

Governance

പ്രമോദ് പുഴങ്കര

വിഴിഞ്ഞത്ത് അദാനിയുടെയും മോദിയുടെയും വാലാകുന്ന ഇടതുപക്ഷം

Nov 28, 2022

5 minute read

Arif-Muhammed-Khan----Education

Higher Education

അജിത്ത് ഇ. എ.

കേരള ഗവർണർ വിദ്യാഭ്യാസം കൊണ്ടുതന്നെ പട നയിക്കുന്നതിനുപിന്നിൽ...

Nov 19, 2022

8 Minutes Read

Next Article

ശ്വാസം മുട്ടിക്കുന്ന കേന്ദ്രം, ശ്വാസം നല്‍കുന്ന സുപ്രീംകോടതി; കോവിഡുകാലത്തെ സുപ്രധാന ഇടപെടല്‍

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster