‘ഫിലിം ഇന്‍ഡസ്ട്രിയില്‍ നേരിട്ട് കാണാം’,
വിദ്യാർഥിക്ക് അധ്യാപകന്റെ ഭീഷണി,
ക്ലാസിനെതിരായ പരാതിയാണ് കാരണമെന്ന് വിദ്യാർഥി
‘ഫിലിം ഇന്‍ഡസ്ട്രിയില്‍ നേരിട്ട് കാണാം’, വിദ്യാർഥിക്ക് അധ്യാപകന്റെ ഭീഷണി, ക്ലാസിനെതിരായ പരാതിയാണ് കാരണമെന്ന് വിദ്യാർഥി
‘‘ഒരുപാട് കണക്ഷനും സ്വാധീനവും ഉള്ള ആളാണ് ഞാന്‍. എന്നോട് കളി വേണ്ട, വിചാരണയൊന്നും വേണ്ട, അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ട് പോകുക. നമുക്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ നേരിട്ട് കാണാം.’’- കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് രാജിവച്ച അധ്യാപകൻ സ്റ്റുഡൻറ്സ് കൗൺസിൽ ചെയർമാന് അയച്ച ഭീഷണി സന്ദേശത്തിൽനിന്ന്.
25 Jan 2023, 04:07 PM
കെ. ആര്‍. നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻറ് ആര്‍ട്‌സില്‍ നിന്ന് രാജിവച്ച സിനിമാറ്റോഗ്രഫി അസോസിയേറ്റ് പ്രൊഫസര്‍ നന്ദകുമാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡൻറ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീദേവ് സുപ്രകാശിന് ഭീഷണി സന്ദേശം അയച്ചു.‘എനിക്ക് ഒരുപാട് കണക്ഷനും സ്വാധീനവുമുണ്ട്, എന്നോട് കളി വേണ്ട, വിചാരണ ചെയ്യാന്‍ വരേണ്ട, അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി, നമുക്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ നേരിട്ട് കാണാം' എന്നൊക്കെയാണ് ശ്രീദേവിനയച്ച ഓഡിയോ ക്ലിപ്പിലുള്ളത്.
ഭീഷണി സന്ദേശത്തിനുപുറകില്‍, അദ്ദേഹം ക്ലാസ് എടുക്കുന്ന രീതിക്കെതിരെ മുമ്പ് ഡയറക്ടര്‍ക്കു നല്‍കിയ പരാതിയും കാരണമാണ് എന്ന് ശ്രീദേവ് ട്രൂകോപ്പിയോട് പറഞ്ഞു.
നന്ദകുമാര്‍ ശ്രീദേവിന് അയച്ച ക്ലിപ്പില്‍നിന്ന്: ‘‘താനൊക്കെ ചെയര്‍മാനായത് ഇപ്പോഴല്ലേ. താന്‍ ജനിക്കുന്നതിനുമുമ്പ്, ഒരു ഗവണ്‍മെൻറ് കോളേജില്‍ എസ്.എഫ്.ഐ ചെയര്‍മാന്‍ ഞാനായിരുന്നു. അന്വേഷിച്ച് നോക്ക്, കെ.കെ.ടി.എം ഗവണ്‍മെൻറ് കോളേജ്, പുല്ലൂറ്റ്. അവിടെ എസ്.എഫ്.ഐ ചെയര്‍മാന്‍ ഞാനായിരുന്നു. നിങ്ങള്‍ക്ക് ആളെ തെറ്റിപ്പോയി. ഒരുപാട് കണക്ഷനും സ്വാധീനവും ഉള്ള ആളാണ് ഞാന്‍. എന്നോട് കളി വേണ്ട, വിചാരണയൊന്നും വേണ്ട, അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ട് പോകുക. നമുക്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ നേരിട്ട് കാണാം. നിങ്ങള്‍ എത്രത്തോളം സിനിമ ചെയ്യുന്നുണ്ട് എന്നത് ഞാന്‍ കൂടി അറിയട്ടെ. പഠിപ്പിക്കാന്‍ വരുന്നവരെ ആക്ഷേപിക്കുകയല്ല വേണ്ടത്. ചെയര്‍മാനാകാന്‍ നിങ്ങള്‍ അയോഗ്യനാണ്. നിങ്ങള്‍ എന്റെ മുന്നില്‍ ആരുമല്ല. നിങ്ങള്‍ എന്നോട് ഫൈറ്റ് ചെയ്യാന്‍ വരേണ്ട, നിങ്ങള്‍ അതിനായിട്ടില്ല മോനേ... എം.എ ബേബിയുടെ പോസ്റ്റ് എന്തുകൊണ്ട് ഞാന്‍ ഫേസ്ബുക്കിലിട്ടു? വിവരമുള്ളതുകൊണ്ടാണ്. അദ്ദേഹം അഖിലേന്ത്യ പ്രസിഡന്റയായിരുന്നപ്പോള്‍, അദ്ദേഹത്തിനുവേണ്ടി ഞാന്‍ ജയ് വിളിച്ചയാളാണ്. എന്നെ തിരുവനന്തപുരത്തും ഈ കേരളത്തിലും അറിയാത്തവരില്ല, മനസ്സിലായോ. പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ട് പോകുക. നിങ്ങളൊന്നുമല്ല ഡിക്‌റ്റേറ്റര്‍ഷിപ്പ് ഏറ്റെടുക്കേണ്ടത്, നിങ്ങള്‍ ഡിക്‌റ്റേറ്റര്‍ അല്ല. ഹു ആര്‍ യു ടു ഡിക്‌റ്റേറ്റ്? നിങ്ങള്‍ക്ക് എന്ത് ക്വാളിഫിക്കേഷനാണുള്ളത്. ഞങ്ങള്‍ക്ക് ഇന്ത്യയിലും വിദേശത്തും ഒരുപാട് എക്‌സീപീരിയന്‍സുണ്ട്. അതുകൊണ്ട്, വീണ്ടും പറയുന്നു ഷട്ടപ്പ്.''
നന്ദകുമാര്‍ തന്റെ അധ്യാപകനായിരുന്നുവെന്നും യുട്യൂബിലുള്ള ഫ്രീ വീഡിയോകള്‍ ഉപയോഗിച്ചാണ് അദ്ദേഹം ക്ലാസെടുത്തിരുന്നത് എന്നും ശ്രീദേവ് പറഞ്ഞു: ‘‘അദ്ദേഹം ക്ലാസില്‍ നോട്ട് വായിച്ചുതരും, അത് പകര്‍ത്തിയെടുക്കണം. ഇങ്ങനെ തീര്‍ത്തും പണ്ടത്തെ അധ്യാപനരീതിയായിരുന്നു. കൂടാതെ, ലൈറ്റിംഗ് പ്രാക്ടിക്കലും മോശമായിരുന്നു. ഇതെല്ലാം പഠനത്തെ ബാധിക്കുമെന്നു കണ്ട് ഞങ്ങള്‍ അദ്ദേഹത്തോടു തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ശരിയാക്കാം എന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല, ഇതേതുടര്‍ന്ന് ഞങ്ങള്‍ ഡയറക്ടര്‍ക്ക് പരാതി കൊടുക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം ഞങ്ങളുടെ ബാച്ചില്‍നിന്ന് മാറി പുതിയ ബാച്ചിന്റെയും അഡ്മിനിസ്‌ട്രേഷന്‍ ചുമതലയും ഏറ്റെടുക്കുകയായിരുന്നു. ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികള്‍ക്കും ഇദ്ദേഹത്തിന്റെ ക്ലാസിനെതിരെ പരാതിയുണ്ടായിരുന്നു. എന്നാല്‍, അത് ഇപ്പോള്‍ ഉന്നയിക്കേണ്ടെന്നും സ്‌പെഷലൈസേഷന്‍ തുടങ്ങിയശേഷം ബുദ്ധിമുട്ടുണ്ടെങ്കില്‍ പറഞ്ഞാല്‍ മതിയെന്നും ഞങ്ങള്‍ അവരോട് പറഞ്ഞു. അതുകൊണ്ട്, പുതിയ ബാച്ച് വിദ്യാര്‍ഥികള്‍ പരാതി കൊടുത്തിരുന്നില്ല. ഡയറക്ടര്‍ക്ക് പരാതി കൊടുത്തശേഷം നന്ദകുമാര്‍ ഞങ്ങള്‍ക്കെതിരെ, അറ്റന്‍ഡന്‍സ് കാര്യത്തിലൊക്കെ പ്രതികാര നടപടി തുടങ്ങിയിരുന്നു. ഇപ്പോള്‍, അയച്ച ഈ ഭീഷണി സന്ദേശത്തിനുപുറകില്‍ ഈയൊരു ബാക്ക്ഗ്രൗണ്ട് കൂടിയുണ്ട്.''
നാല് അധ്യാപകര്‍ രാജിവച്ചതിനെതുടര്‍ന്ന്, നന്ദകുമാര്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരോട് ബഹുമാനമില്ലെന്നും അച്ചടക്കം വേണമെന്ന് ഡയറക്ടര്‍ പറഞ്ഞതിന് എതിരെയാണ് സമരം ചെയ്തതെന്നുമൊക്കെയാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനോടുള്ള പ്രതികരണമായി വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ ലിങ്ക് ശ്രീദേവ് നന്ദകുമാറിന് അയച്ചുകൊടുത്തിരുന്നു. അതിനുള്ള മറുപടിയായാണ് നന്ദകുമാര്‍ ഭീഷണിയടങ്ങുന്ന ഓഡിയോ ക്ലിപ്പ് അയച്ചതെന്ന് ശ്രീദേവ് പറഞ്ഞു.
വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് ഡയറക്ടർ ശങ്കര്‍ മോഹന്‍ രാജിവച്ചതിനെതുടര്‍ന്ന്, ഡീന്‍ എസ്. ചന്ദ്രമോഹന്‍, സിനിമാറ്റോഗ്രഫി വിഭാഗം മേധാവി ഫൗസിയ ഫാത്തിമ, ഓഡിയോ വിഭാഗം മേധാവി പി.എസ്. വിനോദ്, സിനിമാറ്റോഗ്രഫി അസോസിയേറ്റ് പ്രൊഫസര്‍ നന്ദകുമാര്‍ എന്നിവരാണ് രാജിവച്ചത്. ശങ്കര്‍ മോഹന്‍ നിയമിച്ചവരെ ഒഴിവാക്കണം എന്നത് വിദ്യാര്‍ഥി സമരത്തിന്റെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു. രാജിവച്ചവരില്‍ ഫൗസിയ ഫാത്തിമ ഒഴികെയുള്ളവരെ ശങ്കര്‍ മോഹനാണ് നിയമിച്ചത്. അതുകൊണ്ടുതന്നെ, ഇവരുടെ രാജി, സമരത്തിന്റെ ആവശ്യപ്രകാരം, സ്വഭാവികമായി സംഭവിച്ച കാര്യം മാത്രമാണ് എന്നാണ് വിദ്യാര്‍ഥികളുടെ വാദം.

ഡയറക്ടർ ശങ്കർ മോഹന്റെ കാലത്തുണ്ടായിരുന്ന വിദ്യാർഥി വിരുദ്ധ സമീപനത്തെക്കുറിച്ചും സ്വേച്ഛാധിപത്യ നടപടികളെക്കുറിച്ചും വിദ്യാർഥികൾ ഉയർത്തിയ പരാതി ശരിവയ്ക്കുന്നതാണ് നന്ദകുമാറിന്റെ ഭീഷണി. ക്ലാസെടുക്കുന്ന രീതിക്കെതിരായ വിദ്യാർഥികളുടെ പരാതി, ഭീഷണി രൂപത്തിലുള്ള പ്രകോപനത്തിനിടയാക്കുന്നുവെന്നത്, ഇൻസ്റ്റിറ്റ്യൂട്ടിൽ നിലനിന്നിരുന്ന അധ്യാപകരുടെ വിദ്യാർഥിവിരുദ്ധ സമീപനത്തിന്റെ കൂടി സൂചനയാണ്.
നാല് അധ്യാപകരുടെ രാജി പഠനത്തെ ഒരുതരത്തിലും ബാധിക്കില്ല എന്ന് ശ്രീദേവ് പറഞ്ഞു: ‘‘ഞങ്ങള്‍ പഠനം പുനരാരംഭിച്ചുകഴിഞ്ഞു. ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥികള്‍ വന്നിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. തുടക്കത്തില്‍ നടത്തുന്ന ഓറിയന്റേഷന്‍ ഇവര്‍ക്ക് കിട്ടിയിരുന്നില്ല. സിനിമയെ കല എന്ന രീതിയില്‍ എങ്ങനെ പഠിക്കാം എന്നൊരു അവബോധമുണ്ടാക്കുന്ന പരിശീലനമാണ് ഓറിയന്റേഷന്‍. തിങ്കളാഴ്ച തന്നെ ഓറിയന്റേഷന്‍ പരിപാടി തുടങ്ങാനാണ് തീരുമാനം. അതുകഴിഞ്ഞ് ക്ലാസ് തുടങ്ങുന്ന സമയത്ത്, പുതിയ ഡയറക്ടര്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് സെമസ്റ്റര്‍ പ്രൊജക്റ്റ് ചെയ്യാനുള്ള സമയമാണ്. അതിനുള്ള വര്‍ക്ക് ഷോപ്പുകള്‍ എത്രയും വേഗം തുടങ്ങും. തിയറ്റര്‍ അടച്ചിട്ടിരുന്നതിനാല്‍ അക്കാദമിക് സ്‌ക്രീനിംഗ് നടന്നിരുന്നില്ല. തിയറ്റര്‍ തുറന്ന് സ്‌ക്രീനിംഗ് തുടങ്ങിക്കഴിഞ്ഞു. അങ്ങനെ ഞങ്ങള്‍ പൂര്‍ണമായും പഠനപ്രക്രിയയിലേക്ക് തിരിച്ചുപോകുകയാണ്.''
പുതിയ അധ്യാപകരെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
കെ. കണ്ണന്‍
Mar 23, 2023
5 Minutes Watch
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
കെ. കണ്ണന്‍
Mar 09, 2023
4:48 Minutes Watch
ഡോ. രാജേഷ് കോമത്ത്
Mar 06, 2023
5 Minutes Read
കെ. കണ്ണന്‍
Mar 02, 2023
8 minutes read
Think
Feb 20, 2023
19 Minutes Read
വി.കെ. ബാബു
Feb 17, 2023
8 minutes read