ഉണര്‍വിന്റെയും
സമരോത്സുകതയുടെയും
മണ്ണാണ് ഇന്ന് മൂന്നാര്‍
ഉണര്‍വിന്റെയും സമരോത്സുകതയുടെയും മണ്ണാണ് ഇന്ന് മൂന്നാര്‍
ആരുമല്ലാത്ത, നിസ്സഹായരായ തോട്ടം തൊഴിലാളികള്‍, സ്വന്തമായി ഭൂമിയോ വാസസ്ഥലമോ ഇല്ലാത്തവര്‍, അരികുവല്‍കരിക്കപ്പെട്ട കീഴാള വിഭാഗക്കാര്‍, കേരളത്തില്‍ ജനിച്ച് ഇന്നാട്ടില്‍ത്തന്നെ അഭയാര്‍ത്ഥികളോ അടിമകളോ ആയി പരിഗണിക്കപ്പെടുന്നവര്‍...ഇവരുടെ അതിജീവനപോരാട്ടത്തിന്റെ മണ്ണാണ് ഇന്ന് മൂന്നാര്‍. രാംദാസ് കടവല്ലൂര്‍ രചിച്ച 'മണ്ണ്' എന്ന ഡോക്യുമെന്ററിയുടെ കാഴ്ച
5 Sep 2020, 11:39 AM
മൂന്നാര്‍ കേരളത്തിലെ പ്രകൃതിരമണീയമായ മലമ്പ്രദേശം; വിനോദ സഞ്ചാരികളുടെ പറുദീസ, കണ്ണിന് കുളിര്‍മയേകുന്ന തേയിലത്തോട്ടങ്ങള്‍, ഉദ്യാനങ്ങള്‍, സുഖകരമായ റിസോര്‍ട്ടുകള്‍, താഴ്‌വരകളില്‍ വികസിച്ചു വരുന്ന ചെറുനഗരങ്ങള്‍ ഇതെല്ലാമാണ്. എന്നാല്‍ ഈ മായക്കാഴ്ചകള്‍ക്കെല്ലാം അത്യന്തം ദയനീയമായ മറുപുറമുണ്ടെന്ന് മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ ദുരിതജീവിതം സാക്ഷ്യമാക്കി രാംദാസ് കടവല്ലൂര്‍ രചിച്ച ‘മണ്ണ്' എന്ന ഡോക്യുമെന്ററി കാട്ടിത്തരുന്നു. സഹനത്തിന്റെ ബീജാങ്കുരങ്ങള്‍ (Sprouts of Endurance) എന്നാണ് ചിത്രത്തിന് നല്‍കിയ അര്‍ത്ഥവത്തായ ഉപശീര്‍ഷകം.
അശരണരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ഒരു കൂട്ടം മനുഷ്യരുടെ അമര്‍ഷവും നിരന്തര പോരാട്ടം തന്നെയായ ജീവിതവും അതേപടി പകര്‍ത്തിയ ചിത്രമാണിത്.

ഇതില്‍ ഫിക്ഷന്‍ ഇല്ല. വോയ്‌സ് ഓവര്‍ വ്യാഖ്യാനങ്ങളില്ല. കമന്ററിയില്ല. പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ക്യാമറക്കുമുന്നില്‍ തുറന്നിടുന്നു എന്നതാണ് ചിത്രത്തിന്റെ ശക്തി. വൈരുദ്ധ്യങ്ങളുടെ സംഘര്‍ഷത്തില്‍ ഏതുപക്ഷത്ത് നിലയുറപ്പിക്കണമെന്നത് പ്രേക്ഷകരുടെ വിവേകപൂര്‍വമായ വിവേചനത്തിന് വിടുന്ന തുറന്ന സമീപനമാണ് ചിത്രത്തിലുടനീളം സ്വീകരിച്ചിട്ടുള്ള ശൈലി. ‘സിനിമാ വെറിറ്റെ' എന്നൊക്കെ വിശേഷിപ്പിക്കാറുള്ള ചിത്രങ്ങളിലെ നിര്‍വ്യക്തികവും വസ്തുനിഷ്ഠവുമായ ആഖ്യാനതന്ത്രമാണ് ചിത്രത്തില്‍ പിന്തുടര്‍ന്നിട്ടുള്ളത് എന്നത് ഈ ഡോക്യുമെന്ററിയെ പുതിയ വിതാനത്തിലേക്കുയര്‍ത്തുന്നു.
ഒരുവശത്ത്, ആരുമല്ലാത്ത, നിസ്സഹായരായ തോട്ടം തൊഴിലാളികള്‍, സ്വന്തമായി ഭൂമിയോ വാസസ്ഥലമോ ഇല്ലാത്തവര്‍, അരികുവല്‍കരിക്കപ്പെട്ട കീഴാള വിഭാഗക്കാര്‍- സ്വത്വം കൊണ്ട് അവര്‍ തമിഴരോ മലയാളികളോ അല്ല, വേരില്ലാത്തവര്‍. കേരളത്തില്‍ ജനിച്ച് ഇന്നാട്ടില്‍ത്തന്നെ അഭയാര്‍ത്ഥികളോ അടിമകളോ ആയി പരിഗണിക്കപ്പെടുന്നവര്‍. ഭാഷാന്യൂനപക്ഷങ്ങള്‍. പാവങ്ങള്‍.
മറുവശത്ത് അധിനിവേശ ശക്തികള്‍, ടാറ്റ പോലെ പ്രബലരായ കോര്‍പറേറ്റുകള്‍, തുച്ഛമായ പ്രതിഫലത്തില്‍ പാട്ടത്തിനെടുത്തോ കൈയേറിയോ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ഔദ്യോഗിക പിന്തുണയോടെ കൈവശം വെച്ചിരിക്കുന്നവര്‍ (തൊഴിലാളികള്‍ക്ക് ഒരു തുണ്ട് ഭൂമി കൊടുക്കണമെങ്കില്‍ ഇനി ഇവര്‍ കനിയണമത്രെ!), തേയിലക്കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ് - റിസോര്‍ട്ട് മുതലാളിമാര്‍, അവരുടെ കങ്കാണിമാര്‍ എന്നിങ്ങിനെ സ്ഥാപിത താല്‍പര്യങ്ങളിലൂടെ മൂന്നാറിനെ ചൂഷണം ചെയ്യുന്നവര്‍.
സ്ത്രീകളുടെ മുന്‍കൈയുകള്‍
ദുരിതത്തിന്റെ അടുക്കടുക്കായ പല തട്ടുകളിലൂടെയാണ് - കേവലദാരിദ്ര്യം, സ്വന്തമായി ഒന്നുമില്ലായ്മ, സ്വത്വനഷ്ടം, അടിമത്തം, അഭയാര്‍ത്ഥിത്വം - തേയിലത്തോട്ടങ്ങളില്‍ പണ്ടെങ്ങോ വന്ന് തൊഴിലെടുത്തവരുടെ അനന്തരതലമുറകളും അവിടത്തെ ആദിമനിവാസികളായ മുതുവാന്മാരും കടന്നുപോകേണ്ടിവരുന്നത്. അസഹ്യ പീഡനമാണ് അവര്‍ക്ക് അവരുടേതല്ലാത്ത കാരണങ്ങളാൽ അനുഭവിക്കേണ്ടി വരുന്നത്. ഇതിനെല്ലാം പുറമെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, അതിവൃഷ്ടി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ അവരുടെ നിലനില്‍പുപോലും അസാദ്ധ്യമാക്കുന്നു എന്ന് പെട്ടിമുടി ദുരന്തത്തിലും 2018, 2019 ആഗസ്റ്റ് മാസങ്ങളിലെ പാരിസ്ഥിതിക ദുരന്തങ്ങളിലും നമ്മള്‍ കണ്ടു. താഴെത്തട്ടിലുള്ള ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അധരവ്യായാമത്തിലൂടെ നല്‍കി കമ്പനികള്‍ക്കനുകൂലമായി മാത്രം തീരുമാനമെടുക്കുന്ന അവസ്ഥയിലേക്ക് ഭരണകൂടങ്ങള്‍ ഈ നിയോലിബറല്‍ കാലത്ത് അധഃപതിച്ചിട്ടുണ്ട് എന്നത് സ്ഥിതിഗതി ഗുരുതരമാക്കുന്നു. സ്വന്തം പ്രതിഷേധശബ്ദം പുറത്ത് കേള്‍പ്പിക്കാന്‍ പോലും ഈ പാവപ്പെട്ട മനുഷ്യര്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. സ്വന്തം ശബ്ദം ആരും കേള്‍ക്കില്ല എന്ന അനുഭവ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം അവരില്‍ പലരും ചിത്രത്തില്‍ ഒരേസമയം തന്നെ വളരെ ഉച്ചത്തില്‍ അവരുടെ പരാതികള്‍ പറഞ്ഞ് നമുക്ക് കേള്‍ക്കാന്‍ പ്രയാസം സൃഷ്ടിക്കുന്നത്!

ഭൂഭാഗ ദൃശ്യത്തിന്റെ മനോഹാരിത പോലും ഈ ചിത്രത്തില്‍ അതിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതദുരിതങ്ങളെ കൂടുതല്‍ തീവ്രമായനുഭവിപ്പിക്കുന്ന വിരുദ്ധപശ്ചാത്തലമായി മാറുകയാണ്. ദിവസം വെറും 300 രൂപ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കേണ്ടി വരുന്ന ഒറ്റ പ്രശ്‌നം മാത്രമല്ല ഈ തൊഴിലാളികളുടെ യാതന. സങ്കീര്‍ണമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങളുടെ മൊത്തത്തിലുള്ള പരിണതികളാണ് അവരുടെ ജീവിതം ദുസ്സഹമാക്കുന്നത്: ചരിത്രപരവും ഭൂമിശാസ്ത്രപരവും, നരവംശശാസ്ത്ര പരവും പാരിസ്ഥിതികവും ലിംഗപരവും ജാതീയവും രാഷ്ട്രീയവുമായ മാനങ്ങളില്‍ അത് വിശകലനം ചെയ്യാനുള്ള ഉദ്യമങ്ങള്‍ക്ക് നല്ല ഒരു തുടക്കമായിത്തീരാന്‍ ഈ ചിത്രത്തിന് ശേഷിയുണ്ട്.
അനേക കാരണങ്ങളാല്‍ പീഡനം നേരിടേണ്ടി വരുന്ന ഒരു ജനവിഭാഗത്തിന്റെ സഹനത്തില്‍ നിന്നുയിര്‍ക്കൊണ്ട ഉണര്‍വുകളെയും സമരോത്സുകതയെയും പ്രതിനിധാനം ചെയ്യുന്ന സീക്വന്‍സുകള്‍ ചിത്രത്തിലുടനീളം കാണാം. സമരമല്ലാതെ അവരുടെ മുന്നില്‍ മറ്റൊരു വഴിയുമില്ല. എങ്കിലും സമരങ്ങള്‍ മിക്കപ്പോഴും പൂര്‍ണ്ണമായി വിജയിക്കാറുമില്ല. അതിജീവനത്തിനായുള്ള അവരുടെ പോരാട്ടങ്ങളില്‍ കുത്തിത്തിരിപ്പുകളുണ്ടാക്കി അവരെ പരസ്പരം വിഘടിപ്പിച്ച് പൊതു ലക്ഷ്യങ്ങളില്‍ നിന്ന് അവയെ വ്യതിചലിപ്പിക്കാനുള്ള ശ്രമമാണ് ‘മുഖ്യധാര'യിലുള്ള രാഷ്ട്രീയകക്ഷികളും നടത്തുന്നത് എന്നത് ഈ സമരങ്ങളുടെ വിജയകരമായ പരിസമാപ്തിയെ വീണ്ടും വീണ്ടും അകലെയാക്കുന്നു എന്നതാണ് ഏറെ ദയനീയമായ വസ്തുത. തോറ്റ സമരങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട്, തുടര്‍ന്നുള്ള സമരങ്ങള്‍ കൂടുതല്‍ ശക്തവും ഐക്യമുള്ളതുമാക്കാന്‍ അവര്‍ ശേഷി കൈവരിക്കും. അതിന് മൊത്തം പൗരസമൂഹത്തിന്റെ നീതിപൂര്‍വമായ പിന്തുണ അവര്‍ക്ക് വേണം.
മൂന്നാറിന്റെ ദൈന്യത സമതലങ്ങളിലുള്ളവര്‍ക്കറിയില്ല എന്നതാണ് ഇവിടെ നേരിടുന്ന ഒരു പ്രതിബന്ധം; അവര്‍ക്ക് അതൊരു വിനോദസഞ്ചാരകേന്ദ്രവും തേയിലയുടെ ഉറവിടവും മാത്രമാണ്. അടിമകള്‍ക്ക് തുല്യരായ അവിടത്തെ പാവം മനുഷ്യരുടെ ജീവിതം അറിയാത്തതുകൊണ്ട് തന്നെ നാഗരികരെ അത് അലട്ടുന്നതുമില്ല. പാരിസ്ഥിതികദുരന്തങ്ങളുടെ വാര്‍ത്തകള്‍ മാത്രമാണ് മിക്കപ്പോഴും മൂന്നാറില്‍ നിന്ന് വരിക - അതും ദുരന്തങ്ങള്‍ നടന്ന് ഏറെ ദിവസം കഴിഞ്ഞ് മാത്രം! ‘അപരര്‍' ആയി മാത്രം വരേണ്യര്‍ കണക്കാക്കുന്ന അവരോട് സഹഭാവമല്ല, താല്‍ക്കാലികമായ ഒരു അനുകമ്പ മാത്രമാണ് പതിവ് പ്രതികരണം.
വളരെ പ്രയാസപ്പെട്ടു നിര്‍മ്മിച്ചതെന്ന് ബോധ്യപ്പെടുന്ന ഈ ചിത്രം വസ്തുനിഷ്ഠമായും സമഗ്രമായും ശക്തമായും മൂന്നാറിലെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ മുഖ്യധാരയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു. മൂന്നാറിലെ സമരത്തെ അതിന്റെ ലിംഗപരവും ജാതീയവുമായ വിവക്ഷകളുടെ വിശദാംശങ്ങളോടെ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ട് എന്നത് അതിന് അധികമാനം നല്‍കുന്നുണ്ട്. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രത്യേക ചൂഷണം കൂടി തിരിച്ചറിയുന്ന "പെമ്പിളൈ ഒരുമൈ' എന്ന സ്ത്രീകളുടെ സംഘത്തിനാണ് സമരത്തിന്റെ നേതൃത്വം. അണികള്‍ ഭൂരിഭാഗവും ജാതി ശ്രേണിയില്‍ ഏറ്റവും താഴ്ന്ന ദളിത് വിഭാഗമായത് കൊണ്ട് തന്നെ ജാതിവിവേചനവും രൂക്ഷമായ നിലയില്‍ അനുഭവിക്കേണ്ടിവരുന്നവരാണ്. അതുകൊണ്ട് തന്നെ സണ്ണി എം. കപിക്കാടിന്റെ പ്രസംഗവും അംബേദ്ക്കറിസവും മറ്റും അനുയോജ്യ സന്ദര്‍ഭങ്ങളില്‍ ചിത്രത്തില്‍ കടന്നു വരുന്നത് ഏറെ പ്രസക്തമാണ്. അനേക തട്ടുകളിലായുള്ള വിവേചനത്തിനും ചൂഷണത്തിനും എതിരെ അടിസ്ഥാനവര്‍ഗ്ഗം സ്ത്രീകളുടെ മുന്‍കൈയില്‍ നടത്തുന്ന സമരങ്ങള്‍ മുഖ്യ പ്രമേയമായ ഈ ചിത്രം വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെടും; യഥാര്‍ത്ഥ ഡോക്യുമെന്ററിയുടെ ശക്തിയെന്തെന്ന് നാട്ടുകാര്‍ ഇതിലൂടെ അനുഭവിച്ചറിയും.
കെ.കെ. സുരേന്ദ്രൻ
Feb 04, 2021
40 Minutes Watch
പ്രതാപ് ജോസഫ്
Oct 21, 2020
21 Minutes Watch
ലിജിന്‍ ജോസ് / ഷാജി ചെന്നൈ
Sep 08, 2020
20 Minutes Read
സജി മാര്‍ക്കോസ്
Aug 09, 2020
28 Minutes Watch
കെ.രാമചന്ദ്രന്‍
Apr 08, 2020
13 Minutes Read