ഗൊദാർദ്:
നിയമലംഘനങ്ങളുടെ
ക്രിയേറ്റര്‍
ഗൊദാർദ്: നിയമലംഘനങ്ങളുടെ ക്രിയേറ്റര്‍
13 Sep 2022, 02:59 PM
ഫ്രഞ്ച് നവതരംഗം അഥവാ "നൂവല്‍ വെയിഗ്' എന്ന് സിനിമാചരിത്രത്തില്‍ അറിയപ്പെടുന്ന പ്രസ്ഥാനം 1950കളിലും അറുപതുകളിലുമാണ് ശ്രദ്ധേയമായത്. കഹിയേ ദു സിനിമ എന്ന സിനിമാ പ്രസിദ്ധീകരണത്തില്‍ ചലച്ചിത്ര നിരൂപണവും സൈദ്ധാന്തിക പഠനങ്ങളും കൈകാര്യം ചെയ്തിരുന്ന ഫ്രാന്‍സ്വാ ത്രൂഫോ, ഴാങ് ലുക്ക് ഗൊദാര്‍ദ്, ക്ലോഡ് ഷാബ്രോള്‍, എറിക് റോമര്‍, ജാക്വിസ് റി വെറ്റ് എന്നീ ചലച്ചിത്രകാരന്മാരായിരുന്നു ഇതിലെ മുഖ്യധാര. ഒപ്പം, നേരത്തെ ചലച്ചിത്ര രചന ആരംഭിച്ചിരുന്ന "ലെഫ്റ്റ് ബാങ്കി'ല്‍ പെട്ട ആഗ്നസ് വര്‍ദ, അലന്‍ റെനെ, ജാക്വിസ് ഡെമി തുടങ്ങിയ സംവിധായകരും സജീവമായി പ്രസ്ഥാനത്തിന്റെ ഭാഗമായി.
കഹിയേ ദു സിനിമക്കാര്‍ "തന്തയുടെ സിനിമ' എന്നുവിളിച്ച് കളിയാക്കിയ പരമ്പരാഗത ഫ്രഞ്ച് മുഖ്യധാരാ സിനിമക്കെതിരായ കലാപവും അതില്‍ നിന്നുള്ള വ്യതിയാനവും ആയിരുന്നു ഈ നവതരംഗം. റോജര്‍ വാദിം എന്ന സംവിധായകന്റെ ദൈവം സ്ത്രീയെ സൃഷ്ടിച്ചു (1956 )എന്ന ചിത്രത്തിന്റെ വിജയം നവതരംഗ സിനിമക്കാരായ ഗൊദാര്‍ദിനും ത്രൂഫോയ്ക്കും മറ്റും പ്രചോദനമായ വ്യത്യസ്ത ചിത്രമായിരുന്നു. ഷാങ്ങ് റെന്വാ, ഷാങ് വീഗോ, ഷാങ് പിയര്‍ മെല്‍വില്‍, ക്ലൂസോ, റോബര്‍ട്ട് ബ്രെസ്സണ്‍ തുടങ്ങിയ പൂര്‍വസൂരികളായ ഫ്രഞ്ച് സംവിധായകരെ കഹിയേ ദു സിനിമയിലെ നിരൂപകര്‍ ശ്രദ്ധിച്ചിരുന്നു; അതുപോലെ ഫ്രിറ്റ്സ് ലാങ്, ആല്‍ഫ്രഡ് ഹിച്ച്കോക്ക് തുടങ്ങിയവരെയും. യുദ്ധാനന്തരമുണ്ടായ സാങ്കേതിക പുരോഗതിയുടെ ഭാഗമായി കയ്യില്‍ കൊണ്ടുനടക്കാവുന്ന ക്യാമറകളും ശബ്ദലേഖന ഉപകരണങ്ങളും നിലവില്‍ വന്നതോടെ സ്റ്റുഡിയോയുടെ നാല് ചുമരുകള്‍ക്കകത്തുനിന്ന് പുറത്തുകടക്കാനുള്ള സൗകര്യം ലഭിച്ചതും നവതരംഗ സിനിമയ്ക്ക് ഉത്തേജകമായി.
സാമ്പത്തിക പരാധീനതകളുണ്ടായിരുന്നെങ്കില്‍ പോലും, വേഗത്തിലും ചെലവ് കുറച്ചും ചിത്രങ്ങളെടുക്കാന്‍ നവതരംഗ സംവിധായകര്‍ക്ക് കഴിഞ്ഞു. പുതുമയാര്‍ന്ന ചിത്രീകരണ- ചിത്രസംയോജന ശൈലികള്‍ അവര്‍ അവലംബിച്ചു. ക്രമാനുഗതമായ ഒരു കഥയോ സംഭവങ്ങള്‍ തമ്മില്‍ മുന്‍കൂട്ടി ക്രമീകരിക്കപ്പെട്ട ഒരു പൂര്‍വ്വാപരബന്ധമോ ഒന്നുമില്ലാതെ യാദൃച്ഛിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള ആഖ്യാനങ്ങള്‍ പതിവായി. ശാഖാചംക്രമണ സ്വഭാവമുള്ളതും കൃത്യമായി അവസാനം ഇല്ലാത്തതും ആയിരുന്നു ഇവയില്‍ പലതും. ഇവയില്‍ പ്രത്യക്ഷപ്പെട്ട യുവാക്കളായിരുന്ന കഥാപാത്രങ്ങളധികവും ജീവിതത്തില്‍ അസംതൃപ്തരോ അസ്തിത്വദുഃഖം അനുഭവിക്കുന്നവരോ ആയിരുന്നു. സംഭാഷണങ്ങള്‍ മിക്കതും ഒട്ടും കഥയെ മുന്നോട്ടു കൊണ്ടുപോകാത്തതും മുറിഞ്ഞു പോകുന്നവയുമാണ്. ഇടയ്ക്കു വരുന്ന അര്‍ത്ഥപൂര്‍ണമായ നീണ്ട നിശബ്ദതകളും ഈ സിനിമകളുടെ മുഖമുദ്രയാണ്. കുടുംബജീവിതത്തിന് ഊന്നല്‍ നല്‍കുന്നതിനുപകരം വ്യക്തികളുടെ അനുഭവങ്ങള്‍ക്കാണ് പ്രതിപാദ്യത്തില്‍ പ്രാധാന്യം ലഭിച്ചത്. നഗരാന്തരീക്ഷമാണ് ചിത്രങ്ങളില്‍ നിറഞ്ഞുനിന്നത്. പുസ്തകങ്ങളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും കലയെക്കുറിച്ചും മറ്റു സിനിമകളെക്കുറിച്ചും ഒക്കെയുള്ള പരാമര്‍ശങ്ങളും ബൗദ്ധിക ചര്‍ച്ചകളും ഉദ്ധരണികളും എല്ലാം ഗൊദാര്‍ദിന്റെയും മറ്റും സിനിമയില്‍ നിരന്തരമായി ആവര്‍ത്തിക്കുന്ന ഘടകങ്ങളാണ്.

ഏറ്റവും പ്രാതിനിധ്യ സ്വഭാവമുള്ള നവതരംഗ ഡയറക്ടറായി അറിയപ്പെടുന്നത് ഴാങ്ങ് ലുക്ക് ഗൊദാര്‍ദ് ആണ്. പുതുമ നിറഞ്ഞതും പ്രവചനക്ഷമമല്ലാത്തതും മിക്കപ്പോഴും പ്രകോപനപരവുമായ രീതിയിലാണ് അദ്ദേഹം സിനിമ എന്ന മാധ്യമത്തെ കൈകാര്യം ചെയ്തു പോന്നത്. ആയിരത്തോളം സിനിമകള്‍ ഒറ്റക്കൊല്ലത്തില്‍ കണ്ടാസ്വദിച്ച പാരമ്പര്യം ഗോദാര്‍ദിനുണ്ട്. അതേപോലെ, സിനിമയില്‍ ജീവിക്കുകയും സിനിമ ഭക്ഷിക്കുകയും സിനിമ ശ്വസിക്കുകയും ചെയ്ത ആളാണ് ഫ്രാന്‍സ്വാ ത്രൂഫോ എന്ന് അദ്ദേഹത്തിന്റെ കുടുംബം ഉള്‍പ്പെടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സിനിമ അദ്ദേഹത്തിന് ഒരു ആവേശമായിരുന്നു. വൈകാരികമായി ആശയങ്ങള്‍ വിനിമയം ചെയ്യാന്‍ കഴിയുന്നു എന്നതാണ്
അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ശക്തി. സിനിമാവിമര്‍ശകന്‍ ആയിട്ടാണ് ചലച്ചിത്രത്തിലേക്കുള്ള ത്രൂഫോയുടെ രംഗപ്രവേശം. അമേരിക്കന്‍ ചിത്രങ്ങള്‍ ധാരാളം കാണാന്‍ അവസരം ലഭിച്ച അദ്ദേഹം പരമ്പരാഗത ഫ്രഞ്ച് സിനിമയുടെ ദൗര്‍ബല്യങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സിനിമയുടെ രചയിതാവ് സംവിധായകനാണ് എന്ന, പില്‍ക്കാലത്ത് പ്രസിദ്ധമായ, ഓട്ടിയര്‍ സിദ്ധാന്ത (Auteur theory) ത്തിന് തുടക്കമിട്ടത് ത്രൂഫോയാണ് എന്ന് പറയാം. ചലച്ചിത്ര പഠനത്തെ വിപ്ലവകരമായി ഇത് പിന്നീട് മാറ്റിമറിച്ചു.
അന്റോയിന്‍ ഡോയ്‌നല്‍ എന്ന ആത്മകഥാംശമുള്ള കഥാപാത്രത്തെയാണ് ഫോര്‍ ഹണ്‍ഡ്രഡ് ബ്ലോസ് എന്ന ചിത്രത്തിലെ നായകനായി ത്രൂഫോ അവതരിപ്പിക്കുന്നത്. സിനിമ എന്ന മാധ്യമത്തിന്റെ സാദ്ധ്യതകളില്‍ പരീക്ഷണം നടത്തുന്നത്തില്‍ ആഹ്ലാദം കണ്ടെത്തുന്ന ഗൊദാര്‍ദില്‍നിന്ന് വ്യത്യസ്തമായി, ഇതിവൃത്തചിത്രീകരണത്തില്‍ ഉള്ള സമകാലികതയിലൂടെയാണ് ഈ ചിത്രം വ്യത്യസ്തമാകുന്നത്. ജീവിതം ഏല്‍പ്പിക്കുന്ന കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന്, അസ്വാതന്ത്ര്യങ്ങളില്‍ നിന്ന് കുതറിമാറാന്‍ ചെറുപ്പക്കാരനായ നായകന്‍ നടത്തുന്ന ശ്രമങ്ങളാണ് ഉള്ളടക്കം. സിനിമയുടെ അവസാനവും പുതുമയുള്ളതാണ്: ബോര്‍സ്റ്റല്‍ സ്‌കൂളില്‍നിന്ന് കടലിനുനേര്‍ക്ക് ഇറങ്ങിയോടുന്ന അന്റോയിന്‍ ഡോയ്നലിന്റെ ട്രാക്കിംഗ് ഷോട്ടിന്റെ അവസാനത്തില്‍ അയാള്‍ തിരിഞ്ഞു നിന്ന് ക്യാമറയെ അഭിമുഖീകരിക്കുന്നു ആ രംഗം ഫ്രീസ് ചെയ്യുമ്പോഴാണ് സിനിമ അവസാനിക്കുന്നത്. സിനിമയ്ക്ക് തുറന്ന ഒരു സമാപ്തിയാണുള്ളത്. പിന്നീട് അവന് എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് പ്രേക്ഷകര്‍ തന്നെ ഉത്തരം കണ്ടെത്തേണ്ടി വരും. ത്രൂഫോയുടെ ഷൂട്ട് ദി പിയാനിസ്റ്റ് (1960), ഡേ ഫോര്‍ നൈറ്റ് (1973), ലൗ ഓണ്‍ ദി റണ്‍ (1984) തുടങ്ങിയ മറ്റു ചിത്രങ്ങളും ഈ നവതരംഗ സമീപനം ഉള്‍ക്കൊള്ളുന്നവയാണ്.
ബ്രഥ്ലസ്സ് (1959)
ഹോളിവുഡ് ക്ലാസിക് സിനിമയെ പലവിധത്തില്‍ പരാമര്‍ശിക്കുന്ന സിനിമയാണ് ബ്രഥ്ലസ്സ്. സമര്‍പ്പണം ഒരു അമേരിക്കന്‍ സ്റ്റുഡിയോവിനാണ്. കേന്ദ്രകഥാപാത്രമായ മിഷേല്‍ പൊയ്ക്കാര്‍ഡ് ബോളിവുഡ് താരമായ ഹംഫ്രി ബൊഗാര്‍ട്ടിന്റെ ചലനങ്ങളും ചേഷ്ടകളും നിരന്തരമായി അനുകരിക്കുന്ന ആളാണ്. എന്നാല്‍ ഈ സിനിമയില്‍ ഹോളിവുഡിന്റെ ഋജുവും കല്ലുകടി ഇല്ലാത്തതുമായ ആഖ്യാന ശൈലിയോ തുടര്‍ച്ച നഷ്ടപ്പെടാത്ത എഡിറ്റിംഗ് ശൈലിയോ ഇല്ല എന്നത് ശ്രദ്ധേയമാണ്. സിനിമയുടെ തുടക്കം പോലും, കഥ നടക്കുന്ന പശ്ചാത്തലം വ്യക്തമാക്കുന്ന ആമുഖ ഷോട്ടോടു കൂടിയല്ല; മറിച്ച് അല്‍പവസ്ത്രം മാത്രം ധരിച്ച പെണ്‍കുട്ടിയുടെ ചിത്രമുള്ള ഒരു പത്രത്തിന്റെ ക്ലോസപ്പോടെയാണ്. "ഞാന്‍ ഒരു ആഭാസനാണ്' എന്ന് ഒരു ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാനുണ്ട്; എന്നാല്‍ ദൃശ്യവും ഈ ശബ്ദവും തമ്മിലുള്ള ബന്ധം എന്തെന്ന് വ്യക്തമല്ല. ഇങ്ങനെ, വിവിധ ഷോട്ടുകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പലപ്പോഴും സ്പഷ്ടമല്ല. തുടര്‍ച്ചയുള്ള എഡിറ്റിങ്ങ് ഗോദാര്‍ദ് തിരസ്‌കരിക്കുന്നതുമൂലമാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവുന്നത്.

ക്ലാസിക് ഹോളിവുഡ് സിനിമയുടെയും പരമ്പരാഗത സിനിമയുടെയു ആഖ്യാനശൈലിയില്‍ നിന്നുള്ള വിഛേദമാണ് സിനിമയിലുള്ളത്. നിയമങ്ങള്‍ എന്തെന്ന് തനിക്കറിയാം; പക്ഷേ അവ ലംഘിക്കുകയാണ് താന്‍ ചെയ്യുക എന്ന് തന്റെ രചനകളിലൂടെ ഗൊദാര്‍ദ് പ്രഖ്യാപിക്കുന്നു. മിഷേല്‍ എന്ന കഥാപാത്രം യാഥാര്‍ഥ്യത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് പലപ്പോഴും ക്യാമറ നോക്കി സംസാരിക്കുന്നത് കാണാം. പാരീസിലൂടെ മിഷേലും പട്രീഷ്യയും ഒത്തുള്ള യാത്രകളുടെ ഷോട്ടുകള്‍ ജമ്പുകട്ടുകള്‍ നിറഞ്ഞതാണ്. ഞെട്ടിക്കുന്ന ഒരു വ്യതിയാനമായാണ് കാഴ്ചക്കാര്‍ക്ക് ഇവ അനുഭവപ്പെട്ടത്. കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം വേണ്ടവണ്ണം നിര്‍വചിക്കുകയോ സന്ദര്‍ഭത്തിന് അനുസരിച്ചുള്ളതാക്കുകയോ ഒന്നും ചെയ്യാന്‍ ഗൊദാര്‍ദ് തയ്യാറല്ല.
നടക്കുന്ന കാര്യങ്ങള്‍ക്ക് കാരണം ഇല്ല; കഥാപാത്രങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ നിശ്ചിതമായ പ്രേരണകളോ ചേതോവികാരങ്ങളോ ഇല്ല. കാര്യകാരണ ബന്ധങ്ങളും സവിശേഷമായ ലക്ഷ്യങ്ങളും മറ്റുമാണ് ഒരു കഥയില്‍ ആഖ്യാനത്തിന് നിയതമായ ഒരു അര്‍ഥം നല്‍കുന്നത്. എന്നാല്‍ ഗൊദാര്‍ദ് ഇവയെല്ലാം ഉപേക്ഷിച്ച് പ്രത്യേകമായ ലക്ഷ്യങ്ങള്‍ ഏതുമില്ലാതെ, തുടര്‍ച്ചയൊന്നുമില്ലാത്ത ഒറ്റയൊറ്റ സംഭവങ്ങള്‍ ഒന്നിനുപുറകെ ഒന്നായി സന്നിവേശിപ്പിക്കുകയാണ്. പട്രീഷ്യ കാമുകനെ പൊലീസിന് ഒറ്റിക്കൊടുത്തതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല; പിന്നീട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മിഷേല്‍ വെടികൊണ്ടതിനുശേഷവും തന്റെ മുഖം കൊണ്ട് കോപ്രായങ്ങള്‍ കാട്ടി ചിരിപ്പിക്കാന്‍ ശ്രമിക്കുന്നതിന്നും യുക്തി ഒന്നുമില്ല. ആഖ്യാനത്തിലെ തുടര്‍ച്ചയില്ലായ്മകളിലൂടെ, യുക്തിരഹിതമായ പ്രവര്‍ത്തികളുടെ ചിത്രീകരണത്തിലൂടെ, ആനുകാലിക നഗരജീവിതത്തിന്റെ ശ്ലഥ ബിംബങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്, എന്തൊരു അസംബന്ധമാണ് ഈ ജീവിതം എന്ന തോന്നല്‍ ഉണ്ടാക്കുന്നതില്‍ ഗോദാര്‍ദ് വിജയിക്കുന്നു. അമേരിക്കയിലെ ജനപ്രീതിയാര്‍ജിച്ച സിനിമകളുടെ ഹാസ്യാനുകരണത്തിലൂടെ അവയുടെ അര്‍ത്ഥശൂന്യത വെളിപ്പെടുത്താനും ഗൊദാര്‍ദിന് കഴിയുന്നു. ദി ലിറ്റില്‍ സോള്‍ജിയര്‍, കാര്‍മെന്‍, എ വുമണ്‍ ഈസ് എ വുമണ്‍, പിയറോ ദി മാഡ്, വീക്കെന്‍ഡ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഗോദാര്‍ദ് ഈ ശൈലി പിന്തുടരുന്നുണ്ട്.
ഗൊദാര്‍ദും ത്രൂഫോയും ചേര്‍ന്ന് എഴുതി ഗൊദാര്‍ദ് സംവിധാനം ചെയ്തു റൗള്‍ കോട്ടാര്‍ഡ് സിനിമാറ്റോഗ്രാഫി നിര്‍വഹിച്ച ബ്രഥ്ലസ്സ്, നവതരംഗ സിനിമയ്ക്ക് മൊത്തത്തിലുള്ള ഒരു മാതൃകയായി മാറുകയായിരുന്നു. പിന്നീട് ഗൊദാര്‍ദിന്റെ അനേക ചിത്രങ്ങള്‍ക്ക് ക്യാമറ ചെയ്തത് കോട്ടാര്‍ഡ് തന്നെയായിരുന്നു. മിഷേല്‍ ആയി അഭിനയിച്ച ഴാങ് പോള്‍ ബെല്‍ മണ്‍ഡോ എ വുമണ്‍ ഈസ് എ വുമണ്‍, പിറാ ലി ഫോ തുടങ്ങിയ ചിത്രങ്ങളിലും കേന്ദ്രകഥാപാത്രമായി. കഥ പറയുന്ന പതിവ് രീതി തികച്ചും ഒഴിവാക്കി ലളിതമായ ഒരു ഇതിവൃത്തം സങ്കീര്‍ണമായ ഒരു ശൈലിയില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രം. നവതരംഗ ലക്ഷണങ്ങളെല്ലാം ഉണ്ട്: സിനിമാഭിമുഖ്യം, യുവ നടീനടന്മാര്‍, ജമ്പ് കട്ടുകള്‍, അലസമായ ക്യാമറവര്‍ക്ക്, ജാസ് സംഗീതം, നര്‍മബോധം, ക്യാമറ നോക്കിയുള്ള നടന്മാരുടെസംഭാഷണം, വേഗതയും ഭാവവും പെട്ടെന്ന് മാറല്‍ തുടങ്ങിയവ. 400 ബ്ലോസില്‍ ചെയ്തതുപോലെ, നേരിട്ട് പരിചയമുള്ള തെരുവുകളിലാണ് ഔട്ട്ഡോര്‍ ഷൂട്ടിങ് നടന്നിട്ടുള്ളത്.

പ്രമുഖ നവതരംഗ സംവിധായകരെല്ലാം ചലച്ചിത്ര നിരൂപകരായാണ് സിനിമയുമായി ആദ്യം ബന്ധപ്പെട്ടത്. ആന്ദ്രേ ബേസിന്‍, ജാക്വിസ് ഡോനിയോള്‍ വാല്‍ക്രോസ് തുടങ്ങിയവര്‍ 1950ല്‍ സ്ഥാപിച്ച കഹിയേ ദു സിനിമ എന്ന മാസികയാണ് സിനിമയിലെ പുതിയ നിരൂപണത്തിനും പിന്നെ നവതരംഗത്തിന്നും വഴിതെളിയിച്ചത്. ലാംഗ്ലോയ് യുടെ 'സിനിമാത്തെക്ക് ഫ്രാന്‍സെയ്സ്' എന്ന ഫിലിം ക്ലബ്ബിലാണ് ധാരാളം പുതിയ സിനിമകള്‍ കാണാനും ചര്‍ച്ച ചെയ്യാനും ഇവര്‍ക്ക് അവസരം ലഭിച്ചത്. ഇറ്റലിയിലെ നിയോറിയലിസം, പ്രത്യേകിച്ച് റോസല്ലിനിയും ഡിസീക്കയും, അവരെ മുഖ്യമായും സ്വാധീനിച്ചത് സ്റ്റുഡിയോവിനു പുറത്ത് യഥാര്‍ത്ഥ ലൊക്കേഷനുകളിലേക്ക് സിനിമയെ കൊണ്ടുപോയി എന്ന കാര്യത്തിലാണ്. സങ്കീര്‍ണ്ണമായ ഘടനകള്‍ ഒന്നുമില്ലാതെ പലപ്പോഴും മുന്‍കൂട്ടി നിശ്ചയിക്കാതെ മനോധര്‍മ്മമനുസരിച്ച് ഷൂട്ട് ചെയ്ത് സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു. സിനിമ ജീവിതത്തെക്കാള്‍ പ്രധാനമാണെന്ന തോന്നല്‍ പോലും അവര്‍ ചിലപ്പോള്‍ സൃഷ്ടിച്ചു. സിനിമയാണ് നമ്മള്‍ കാണുന്നത്, യഥാര്‍ത്ഥ ജീവിതമല്ല എന്ന കാര്യത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കപ്പെട്ടു. നേരിട്ട് ക്യാമറ നോക്കി സംസാരിക്കുന്ന കഥാപാത്രങ്ങള്‍, അതി സമീപ ദൃശ്യങ്ങള്‍ സിനിമകളെക്കുറിച്ചുള്ള ദൃശ്യങ്ങള്‍, ഇതൊക്കെ സിനിമയില്‍ കടന്നുവന്നു.
മുഖ്യകഥാപാത്രങ്ങള്‍ തിയേറ്ററിനകത്തുകയറി ഏതെങ്കിലും സിനിമ കാണുന്നത് മിക്ക നവതരംഗ ചിത്രങ്ങളിലും കാണാം. നവതരംഗത്തില്‍ സജീവമായുണ്ടായിരുന്ന സംവിധായകര്‍ പരസ്പരം സഹായിച്ചും സഹകരിച്ചും വ്യക്തമായ പരാമര്‍ശങ്ങളിലൂടെ അന്യോന്യം ബഹുമാനിച്ചും അംഗീകരിച്ചും പ്രവര്‍ത്തിച്ചു എന്നതാണ് എടുത്തു പറയേണ്ട സംഗതി. നമ്മുടെ പല ചലച്ചിത്ര രചയിതാക്കളില്‍ നിന്നും വ്യത്യസ്തമായി, ഈഗോ പ്രശ്നങ്ങളോ അഹങ്കാരമോ ഏറ്റവും മികച്ച കല തന്റെത് മാത്രമാണെന്ന ധാര്‍ഷ്ട്യമോ ഒന്നും അവരില്‍ കാണാന്‍ കഴിയില്ല എന്നത് ചെറിയ കാര്യമല്ല.

ജോണ്‍ കാസാവെറ്റ്സ്, ടറാന്റിനോ, ബര്‍നാര്‍ഡോ ബര്‍ട്ടലൂച്ചി, ലാര്‍സ് വോണ്‍ ട്രയര്‍ തുടങ്ങിയ സംവിധായകരെ ഫ്രഞ്ച് നവതരംഗം ശക്തമായി സ്വാധീനിച്ചിട്ടുണ്ട്; അവര്‍ ഈ പ്രസ്ഥാനത്തെ അംഗീകരിച്ചിട്ടുമുണ്ട്. നവതരംഗ സംവിധായകരില്‍ ചിലര്‍, പ്രത്യേകിച്ച് ഗോദാര്‍ദ്, ഇപ്പോഴും സജീവമായി ചലച്ചിത്ര രചനയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
നൈറ്റ് ആന്‍ഡ് ഫോഗ് പോലുള്ള ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ അലന്‍ റെനെയാണ് നവതരംഗത്തിന്റെ മറ്റൊരു പ്രതിനിധി . അദ്ദേഹത്തിന്റെ സൃഷ്ടിയാണ് ഹിരോഷിമ മൈ ലവ് (1959). മാര്‍ഗരീറ്റ് ഡ്യൂറാസിന്റെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ സിനിമ നിരവധി പുരസ്‌കാരങ്ങള്‍ നേടി. ഇതിലവലംബിച്ച ഭൂതവും വര്‍ത്തമാനവും ഒരേസമയം ചിത്രീകരിക്കുന്ന രീതി നിരൂപകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. യുദ്ധവും സമാധാനവും; ഭൂതവും വര്‍ത്തമാനവും; ജീവിതവും മരണവും; യാഥാര്‍ഥ്യവും ഓര്‍മ്മയും; സത്യവും മിഥ്യയും; ജീവിതവും മരണവും എന്നിങ്ങനെ വിരുദ്ധമായവ ഒരേ സമയം ഒന്നിച്ച് ചിത്രീകരിക്കുന്ന ഒരു ശൈലി അലന്‍ റെനെ വികസിപ്പിച്ചെടുത്തു. അദ്ദേഹത്തിന്റെ ലാസ്റ്റ് ഇയര്‍ അറ്റ് മരീന്ബാദ് (1961) എന്ന ചിത്രവും നവതരംഗ സിനിമയുടെ മികച്ച ഉദാഹരണമാണ്.
(ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 69-ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേര്‍ഷന്‍)
എഴുത്തുകാരന്‍, ആക്ടിവിസ്റ്റ്
മുസാഫിര്‍
Sep 26, 2022
8 Minutes Read