19 Nov 2021, 10:45 AM
2017 ജൂണ്‍ ആറിനായിരുന്നു തങ്ങളുടെ വിളകള്‍ക്ക് ന്യായവില ലഭിക്കണമൊവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് മധ്യപ്രദേശിലെ മാന്‍ഡ്സോര്‍ ജില്ലയില്‍ പ്രക്ഷോഭം ആരംഭിച്ചത്. സമാധാനപൂര്‍വ്വം സമരം ചെയ്ത കര്‍ഷകര്‍ക്കുനേരെ പൊലീസ് വെടിവെപ്പ് നടത്തുകയും ഏഴോളം കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്തു. കര്‍ഷകര്‍ക്കെതിരെ വെടിവെപ്പ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന നടപടികളായിരുന്നു ബി.ജെ.പി. മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാന്‍ സ്വീകരിച്ചത്. മാന്‍ഡ്സോറില്‍ കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചുവെങ്കിലും അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അടിയന്തിര സ്വഭാവമുള്ളതും കര്‍ഷകരെ സംബന്ധിച്ചിടത്തോളം മാറ്റിവെക്കാന്‍ സാധിക്കാത്തതുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ കാര്‍ഷിക പ്രശ്നത്തെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് പകരം കാര്‍ഷികമേഖല പൂര്‍ണമായും വന്‍കിട, സ്വകാര്യ കമ്പനികളുടെ ആധിപത്യത്തിന് കീഴിലാക്കുന്ന നടപടികളാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ സ്വീകരിച്ചത്.
കാര്‍ഷികവിളകള്‍ക്ക് ന്യായവില ലഭ്യമാക്കുമെന്നും അഞ്ച് വര്‍ഷങ്ങള്‍ക്കകം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള മിനിമം സഹായ വില നല്‍കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദിയുടെ കാലത്ത് കര്‍ഷക ആത്മഹത്യകളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. പ്രതിവര്‍ഷ കര്‍ഷക ആത്മഹത്യകളുടെ എണ്ണം 17,000ത്തില്‍ നിന്ന് 22,000 വരെയായി ഉയര്‍ന്നതോടെ സ്ഥിതിവിവരക്കണക്കുകള്‍ പൂഴ്ത്തിവെക്കുക എന്നതായി കേന്ദ്ര സര്‍ക്കാരിന്റെ നയം. നാഷണല്‍ ക്രൈം ബ്യൂറോ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് 2017-ല്‍ കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുക, ആത്മഹത്യകള്‍ക്ക് പിന്നിലുള്ള കാരണങ്ങളെ വര്‍ഗീകരിച്ച് പട്ടിക തിരിക്കുന്ന രീതികള്‍ മാറ്റിമറിക്കുക തുടങ്ങിയവയായിരുന്നു മോദി തന്ത്രങ്ങള്‍. വിവിധ മേഖലകളിലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് 2018 ജനുവരി 30-ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടറായിരുന്ന പി.സി.മോഹനനും അംഗമായ ജെ.വി.മീനാക്ഷിയും അവരുടെ പദവികള്‍ രാജിവെക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ ചൈന്നത്തി.
ഇന്ത്യയിലെ ഒരൊറ്റ കര്‍ഷക സംഘടനകളുമായും ചര്‍ച്ച ചെയ്യാതെ, കേന്ദ്ര സര്‍ക്കാര്‍, 2020 സെപ്തംബര്‍ മാസത്തില്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും ഇന്ത്യയുടെ ഓരോ കര്‍ഷകനുമുള്ള മരണവാറണ്ടാണെന്ന് തിരിച്ചറിഞ്ഞ കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭങ്ങളെ പല രീതിയില്‍ സ്വാധീനിക്കാനും അവഹേളിക്കാനും കായികമായി ആക്രമിക്കാനും തമസ്‌കരിക്കാനും അവഗണിക്കാനും കേന്ദ്ര സര്‍ക്കാരും ബി.ജെ.പി.യും നടത്തിയ ശ്രമങ്ങള്‍ ലോകം കാണുകയുണ്ടായി.
സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച സെപ്തംബര്‍ 27-ന്റെ ഭാരതബന്ദിന് അഭൂതപൂര്‍വമായ പിന്തുണയാണ് രാജ്യമെങ്ങും ലഭിച്ചത്. പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും ട്രേഡ് യൂണിയനുകളും കര്‍ഷക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതോടെ രാജ്യത്തെ 84ഓളം വരുന്ന ദേശീയപാതകളും റെയില്‍ ഗതാഗതവും സമ്പൂര്‍ണമായും നിലച്ചു. അഞ്ഞൂറോളം വരുന്ന നഗരങ്ങള്‍ പൂര്‍ണമായും നിശ്ചലമായി. ഗവണ്‍മെന്റിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് ഗ്രാമീണ മേഖലകള്‍ പോലും കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കിക്കൊണ്ട് ബന്ദില്‍ ഭാഗഭാക്കായി.
കര്‍ഷകബന്ദിന്റെ വിജയം സര്‍ക്കാരിനെ വിറളിപിടിപ്പിച്ചുവെന്ന സത്യം പിന്നീടുള്ള ദിനങ്ങളില്‍ കൂടുതല്‍ പ്രകടമാകാന്‍ തുടങ്ങി. ഒക്ടോബര്‍ ഒന്നിന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ ഔദ്യോഗിക വസതി ഉപരോധിച്ച കര്‍ഷകര്‍ക്ക് നേരെ ബി.ജെ.പി. ഭരണകൂടം പ്രയോഗിച്ചത് മലിനജലം നിറച്ച ജലപീരങ്കിയായിരുന്നു. സ്വച്ഛ് ഭാരത് അഭിയാനെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പ്രധാനമന്ത്രിയും ബി.ജെ.പി. ഭരണകൂടവുമാണ് ചരിത്രത്തിലാദ്യമായി പ്രക്ഷോഭകാരികള്‍ക്കു നേരെ മലിനജല പ്രയോഗം നടത്തിയത്.
നുണക്കഥകളും ചതിക്കെണികളും
കര്‍ഷക സമരത്തിന് ദേശീയതലത്തില്‍ നാള്‍ക്കുനാള്‍ പിന്തുണയേറി വരുന്നത് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ വിവിധ പ്രചരണ തന്ത്രങ്ങളുമായി വീണ്ടും രംഗത്തിറങ്ങി. ഏതാനും കാര്‍ഷികവിളകള്‍ക്ക് 2022-23 കാലയളവിലേക്കുള്ള മിനിമം സഹായ വില പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആദ്യനീക്കം. ഗോതമ്പ്, ബാര്‍ളി, കടല, മസൂര്‍ ദാല്‍, കടുക് തുടങ്ങിയ വിളകള്‍ക്കുള്ള എം.എസ്.പി. പ്രഖ്യാപിച്ചുകൊണ്ട് മുന്‍വിലയില്‍ നിന്ന് 1.5% മുതല്‍ 5% വരെ വര്‍ധനവ് തങ്ങള്‍ നല്‍കിയിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ കാലയളവിലെ പണപ്പെരുപ്പത്തോത് ആറ് ശതമാനമാണെന്ന യാഥാര്‍ഥ്യത്തെ കണക്കുകളില്‍ നിന്നു മറച്ചുപിടിക്കാന്‍ സര്‍ക്കാരിന് കഴിയുമെങ്കിലും പണപ്പെരുപ്പത്തിലും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിലും പൊറുതിമുട്ടിയ കര്‍ഷകരെയും സാധാരണ ജനങ്ങളെയും കബളിപ്പിക്കാന്‍ സാധ്യമല്ലെന്ന് വൈകാതെ തന്നെ അവര്‍ തിരിച്ചറിഞ്ഞു. അതേസമയം, സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളും കര്‍ഷകര്‍ ഓരോന്നായി ചൂണ്ടിക്കാണിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ മണ്ഡികള്‍ പോലും കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച മിനിമം സഹായവിലയ്ക്ക് വിളവുകള്‍ സംഭരിക്കാന്‍ തയ്യാറാകുന്നില്ലെന്നതിന്റെ തെളിവുകളുമായി കര്‍ഷകര്‍ രംഗത്തെത്തി. ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശിലെ ഹോഷങ്കാബാദ് ജില്ലയില്‍ ബനാപൂര്‍ മണ്ഡിയില്‍ ഒരു ക്വിന്റല്‍ ചോളത്തിന് കര്‍ഷകര്‍ക്ക് ലഭിച്ചത് കേവലം 1096 രൂപമാത്രമായിരുന്നു. എന്നാല്‍ ചോളത്തിന് കേന്ദ്ര ഗവണ്‍മെന്റ്?പ്രഖ്യാപിച്ച മിനിമം സഹായ വില ക്വിന്റലിന് 1870 രൂപയായിരുന്നു. ഒരു ക്വിന്റലില്‍ മാത്രം കര്‍ഷകന് നഷ്ടമായത് 774 രൂപ! സര്‍ക്കാര്‍ മണ്ഡികളിന്മേലുള്ള കര്‍ഷകരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സംഘപരിവാര്‍ ഭരണകൂടങ്ങള്‍ ആരംഭിച്ചതിന്റെ തെളിവുകൂടിയാണിത്. അതോടൊപ്പം തന്നെ മിനിമം സഹായവില എന്നത് നിയമപരമായ അവകാശമായി പ്രഖ്യാപിക്കണമെന്ന് കര്‍ഷക സംഘടനകളുടെ ആവശ്യത്തിന് പിന്നിലുള്ള കാരണമെന്താണെന്നും ഇത് കാണിച്ചുതരുന്നു.
മാന്‍ഡ്സോറില്‍ നിന്ന് ഖേരിയിലെത്തുമ്പോള്‍ മുന്നൂറിലധികം ദിവസങ്ങളായി ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ 609 കര്‍ഷകര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നു. ഈ കാലയളവിലെല്ലാം പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും പൊതുയോഗങ്ങളിലടക്കം പങ്കെടുക്കുന്നതില്‍ നിന്ന് പിന്തിരിയേണ്ടിവന്നു. കര്‍ഷക പ്രക്ഷോഭകരെ ഭയന്ന മനോഹര്‍ലാല്‍ ഖട്ടറിനും ദുഷ്യന്ത് ചൗട്ടാലയ്ക്കും പലതവണ തങ്ങളുടെ ഹെലികോപ്റ്റര്‍ താഴെയിറക്കാന്‍ കഴിയാതെ വന്നു. ബി.ജെ.പി. സംസ്ഥാന - ജില്ലാ നേതാക്കള്‍ക്ക് ഗ്രാമങ്ങളില്‍ വിലക്കുകള്‍ നേരിടേണ്ടി വന്നു.
ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 3ന് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ തികുനിയയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിന് നേരെ മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരു മന്ത്രിപുത്രന്റെ കാര്‍ ഓടിച്ചുകയറ്റിയതും 10 പേര്‍ കൊല്ലപ്പെട്ടതുവരെയുള്ള സംഭവങ്ങള്‍ ബി.ജെ.പിയുടെ കര്‍ഷക വിദ്വേഷത്തിന്റെ തെളിവുകളാണ്.
അധികാരത്തിന്റെയും മാധ്യമ പിന്തുണയുടെയും ബലത്തില്‍ എന്തുമാകാമെന്ന സംഘപരിവാര്‍ ധാര്‍ഷ്ട്യത്തിന് കര്‍ഷകര്‍ കനത്ത തിരിച്ചടി നല്‍കി. തികുനിയയില്‍ നടന്ന അതിദാരുണമായ കൊലപാതകത്തിന് ഉത്തരം പറയാതെ വിടില്ലെന്ന കര്‍ഷകരുടെ പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യമായി യോഗി ആദിത്യനാഥിന് മുട്ടുമടക്കേണ്ടി വന്നു. മാധ്യമങ്ങളെയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും സംഭവം സന്ദര്‍ശിക്കുന്നതില്‍ നിന്ന്? തടയാന്‍ സര്‍ക്കാരിന് സാധിച്ചുവെങ്കിലും രാജ്യം ഒന്നാകെ ബി.ജെ.പി മന്ത്രിമാരുടെ ഈ ക്രൂരപ്രവൃത്തിയെ അപലപിച്ച് മുന്നോട്ടുവന്നതോടെ തികുനിയ സംഭവത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഉത്തര്‍പ്രദേശ് ഭരണകൂടത്തിന് തയ്യാറാകേണ്ടി വന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 45 ലക്ഷം രൂപയും കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും, പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. അതോടൊപ്പം, ആരോപണ വിധേയരുടെ മേല്‍ എ.ഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്യാനും സംഭവത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനും തയ്യാറായതോടെ മാത്രമാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും അന്ത്യകര്‍മ്മങ്ങള്‍ക്കുമായി വിട്ടുനല്‍കാന്‍ കര്‍ഷകര്‍ തയ്യാറായത്.
കര്‍ഷക പ്രക്ഷോഭത്തിനു മുന്നില്‍ സംഘപരിവാരങ്ങളുടെ എല്ലാ കുതന്ത്രങ്ങളും തകര്‍ന്നടിയുന്ന കാഴ്ചകളാണ് പത്ത് മാസമായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. പശ്ചിമബംഗാളിലും ബി.ജെ.പി.യുടെ അധികാരമോഹത്തിന് തടയിടാന്‍ കര്‍ഷകര്‍ക്ക് സാധിച്ചു. 'ഗോദി മീഡിയ'യുടെയും ബി.ജെ.പി. ഐ.ടി. സെല്ലിന്റെയും വാട്സ്ആപ് ആര്‍മിയുടെയും കള്ളപ്രചാരണങ്ങളെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
2022-ല്‍ നടക്കാനിരിക്കുന്ന യു.പി. തെരഞ്ഞെടുപ്പില്‍ ആദിത്യനാഥിന്റെ രണ്ടാംവരവിനെ അനിശ്ചിതത്വത്തിലാക്കാന്‍ മാത്രം കര്‍ഷകരോഷം വ്യാപകമായിക്കൊണ്ടിരിക്കുകയാണ് സംസ്ഥാനമെങ്ങും. കര്‍ഷക സംഘടനകളുടെ 'മിഷന്‍ യു.പി.' പ്രഖ്യാപനത്തെ ഭീഷണിയായിത്തെയാണ് ബി.ജെ.പി കണക്കാക്കുത്. ഒരുതരത്തിലും കര്‍ഷക ശക്തിയെ അവഗണിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ കൂടുതല്‍ തെളിമയോടെ മനസ്സിലാക്കിയപ്പോഴാണ് മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രഖ്യാപിക്കേണ്ടി വന്നത്.
2021 ഒക്ടോബർ 5 ന് കെ.സഹദേവന്‍ തിങ്കില്‍ എഴുതിയ ലേഖനത്തിന്‍റെ എഡിറ്റഡ് വേർഷന്‍
കെ. സഹദേവന്‍
Jan 28, 2023
12 Minutes Read
കെ. സഹദേവന്‍
Jan 27, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
2 Minutes Read