ഇലീന സെൻ ആക്​റ്റിവിസത്തിന്റെ മനുഷ്യപക്ഷം

ഫെമിനിസ്റ്റ് ബുദ്ധിജീവിയും ആക്റ്റിവിസ്റ്റുമായിരുന്ന പ്രൊഫ. ഇലീന സെൻ ഞായറാഴ്ച കൊൽക്കത്തയിലെ വീട്ടിൽ അന്തരിച്ചു. അടിയന്തിരാവസ്ഥയുടെ പുതിയ രൂപങ്ങൾ പൂർവ്വാധികം ശക്തിയോടെ രാജ്യത്തെ കീഴടക്കിക്കൊണ്ടിരിക്കുമ്പോൾ, ബദൽ രാഷ്ട്രീയാന്വേഷണത്തിനുള്ള അവസരങ്ങൾ സമർഥമായി വിനിയോഗിച്ച അവരുടെ വിയോഗം തീരാനഷ്ടമാണെന്ന് ലേഖകൻ

ടിയന്തിരാവസ്ഥാകാലത്തെ രാഷ്ട്രീയ ഉയർത്തെഴുന്നേൽപ്പുകളിൽ പുതിയ രാഷ്ട്രീയാന്വേഷണങ്ങളിലേക്ക് മനസ്സുറപ്പിച്ച യൗവ്വനങ്ങളിലൊന്നായിരുന്നു പ്രൊഫ. ഇലീന സെന്നിന്റേത്. ജവഹർലാൽ നെഹ്രു സർവകലാശാലയിലെ പഠനകാലം ബദൽ രാഷ്ട്രീയാന്വേഷണത്തിനുള്ള അവസരങ്ങൾ അവരുടെ മുന്നിലേക്കെത്തിച്ചു. അക്കാലത്ത് വൻ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയ മധുര റേപ് കേസിലും സ്ത്രീധന കൊലപാതകങ്ങൾക്കെതിരായ സ്ത്രീ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിലും പ്രധാനിയായിരുന്നു ഇലീന. ജെ.എൻ.യുവിന്റെ പുൽത്തകിടിയിൽ വെച്ച് മാനുഷി പോലുള്ള സ്ത്രീവിമോചന പ്രസ്ഥാനങ്ങൾക്ക് രൂപം കൊടുക്കുന്നതിൽ അവർ മുഖ്യപങ്കുവഹിച്ചു. എന്നാൽ ഡൽഹിയിലെ നഗര-മധ്യവർഗ രാഷ്ട്രീയ ജീവിതം പെട്ടെന്നുതന്നെ ഇലീനയിലെ ആക്ടിവിസ്റ്റിൽ മടുപ്പുളവാക്കി. ഇന്ത്യൻ ഗ്രാമീണ മേഖലയിൽ ഗതികിട്ടാതെ ജീവിക്കുന്ന മനുഷ്യരായിരുന്നു അവരുടെ മനസ്സിൽ. അങ്ങനെ, എഴുപതുകളുടെ അവസാനത്തിൽ ഇലീന മധ്യപ്രദേശിലെ ഹോഷങ്കബാദിലേക്കും ഛത്തീസ്ഗഢിലേക്കും തന്റെ യാത്ര തുടങ്ങി.

ഖനി തൊഴിലാളികൾക്കൊപ്പം

ഖനിമുതലാളിമാരുടെ ചൂഷണത്തിന് വിധേയരായി, കുറഞ്ഞ കൂലിക്ക് പകലന്തിയോളം പണിയെടുക്കാൻ വിധിക്കപ്പെട്ട ദളിത്-ആദിവാസി വിഭാഗങ്ങളുടെ മോചനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഛത്തീസ്ഗഢ് മൈൻസ് ശ്രമിക് സംഘടൻ എന്ന തൊഴിലാളി പ്രസ്ഥാനത്തിന് ശങ്കർ ഗുഹാ നിയോഗിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച നാളുകളായിരുന്നു അത്. കൊൽക്കത്ത, ബോംബെ, ദില്ലി, ഭോപ്പാൽ നഗരങ്ങളിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ പലരും

ഇന്ത്യയിൽ സജീവമായിക്കൊണ്ടിരുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ രണ്ടാം തരംഗത്തിന് സൈദ്ധാന്തികമായും പ്രായോഗികമായും നേതൃത്വം നൽകിയവരിൽ പ്രൊഫ.ഇലീന സെന്നും ഉണ്ടായിരുന്നു

ഛത്തീസ്ഗഢിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. ജനക് ലാൽ ഠാക്കൂർ, സഹദേവ് സാഹൂ, ഡോ.പുണ്യബ്രത ഗുൺ, ഡോ.ബിനായക് സെൻ, ടി.വിജേന്ദ്ര, ഡോ.സൈബൽ ജന, സുധ ഭരദ്വാജ്, ഡോ. അനിൽ ഭരദ്വാദ്, വിദ്യാധർ ഗാഡ്ഗിൽ, മരൈറ്റെ കോറീ, പ്രൊഫ.അനിൽ സദ്‌ഗോപാൽ, അരവിന്ദ് ഗുപ്ത, പ്രൊഫ.ഇലീന സെൻ തുടങ്ങി നിരവധി പേർ അന്ന് ദില്ലി രാജ്ഹാരയിലെത്തി.
ദില്ലി രാജ്ഹാര പരിസ്ഥിതിക്കും നീതിക്കും വേണ്ടിയുള്ള പുതിയ രാഷ്ട്രീയാന്വേഷണങ്ങളുടെ പരീക്ഷണശാലയായിരുന്നു. പഠനങ്ങളും വിദ്യാഭ്യാസപ്രവർത്തനങ്ങളോടും ഒപ്പം ഖനിത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലും അവർ സജീവമായി. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന ചൂഷണങ്ങൾക്കെതിരെ അതിശക്തമായ ഇടപെടലായിരുന്നു ഇലീനയുടേത്. ഛത്തീസ്ഗഢ് മൈൻസ് ശ്രമിക് സംഘടനിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തമാക്കുന്നതിന് പിന്നിൽ ഇലീനയുടെ സ്വാധീനം പ്രകടമായിരുന്നു.

സ്ത്രീ വിമോചനത്തിന്റെ രാഷ്ട്രീയ പ്രയോഗങ്ങൾ

ഇന്ത്യയിൽ സജീവമായിക്കൊണ്ടിരുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ രണ്ടാം തരംഗത്തിന് സൈദ്ധാന്തികമായും പ്രായോഗികമായും നേതൃത്വം നൽകിയവരിൽ പ്രൊഫ.ഇലീന സെന്നും ഉണ്ടായിരുന്നു. മാനുഷി, കാളി ഫോർ വുമൺ, സുബാൻ തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിൽ അവർ മുഖ്യ പങ്കുവഹിച്ചു. സ്ത്രീ വിമോചനത്തിന്റെ രാഷ്ട്രീയ പ്രയോഗങ്ങൾ ഇലീന സാധ്യമാക്കിയത് നഗര മധ്യവർഗ്ഗങ്ങൾക്കിടയിലായിരുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. അതിനായി അവർ കടന്നുചെന്നത് ഛത്തീസ്ഗഢിലെ ഖനിമേഖലയിലെ തൊഴിലാളി സ്ത്രീകൾക്കിടയിലേക്കായിരുന്നു. സംഘടനാ പ്രവർത്തനങ്ങളിലെ സ്ത്രീ പങ്കാളിത്തത്തിലെ കുറവും ഉള്ള സ്ത്രീകൾ തന്നെ അഭിപ്രായം പറയാതെ മാറി നിൽക്കുന്നതും ശ്രദ്ധയിൽപ്പെട്ട ഇലീന അവർക്കിടയിൽ തുല്യതയെ സംബന്ധിച്ച ശക്തമായ പ്രചരണം അഴിച്ചുവിടുകയും ചെറിയ കാലയളവിൽ തന്നെ സമരപ്രവർത്തനങ്ങളിൽ സ്ത്രീ പങ്കാളിത്തം പൂർണ്ണ രൂപത്തിൽ ഉറപ്പുവരുത്തുകയും ചെയ്തു. 1980ൽ മഹിളാ മുക്തി മോർച്ച രൂപീകരിക്കുന്നതിലേക്കായിരുന്നു ഈ ഇടപെടൽ ചെന്നെത്തിയത്.
ആണവ വിരുദ്ധ പ്രസ്ഥാനങ്ങളിലെ ഊർജ്ജസ്വലമായ സാന്നിദ്ധ്യമായിരുന്നു ഇലീന സെന്നിന്റേത്. കൊയിലിഷൻ ഫോർ ന്യൂക്ലിയർ ഡിസാർമമെന്റ് ആന്റ് പീസ് (CNDP) എന്ന പ്രസ്ഥാനത്തിന്റെ രൂപീകരണത്തിൽ ഇലീനയുടെ പങ്ക് നിസ്തുലമായിരുന്നു.
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ബോംബെ), മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം (വർദ്ധ) എന്നിവിടങ്ങളിൽ വുമൺ സ്റ്റഡീസ് പ്രൊഫസറായി ജോലി ചെയ്യുമ്പോഴും ഛത്തീസ്ഗഢിനെ തന്റെ പ്രവർത്തന മേഖലയിൽ നിന്ന് മാറ്റാൻ അവർ തയ്യാറായിരുന്നില്ല. ഛത്തീസ്ഗഢിലെ റായ്പൂരിൽ രൂപാന്തർ എന്ന സംഘടന സ്ഥാപിച്ച് ഗ്രാമീണ സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ തന്റെ സേവനങ്ങൾ തുടർന്നുകൊണ്ടിരുന്നു.

ആദർശങ്ങളിൽ മാറ്റമില്ലാതെ

ഛത്തീസ്ഗഢിലെ അമൂല്യമായ ഖനിജ സമ്പത്തിൽ കണ്ണുനട്ടിരുന്ന കോർപ്പറേറ്റ് കമ്പനികൾക്ക് മേഖലയിലെ എല്ലാതരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളെയും നിശ്ശബ്ദമാക്കേണ്ടത് അത്യാവശ്യമായിരുന്നു. 1991ൽ ശങ്കർ ഗുഹാ നിയോഗിയെ വധിച്ചുകൊണ്ടായിരുന്നു അവർ അതിന് തുടക്കം കുറിച്ചത്. പിന്നീട് എല്ലാ വിമതശബ്ദങ്ങളെയും ഇല്ലാതാക്കാനുള്ള പലതരത്തിലുള്ള പ്രവർത്തനങ്ങളിലും സർക്കാരും ഖനി മുതലാളിമാരും നടത്തിക്കൊണ്ടിരുന്നു. സോണി സോറി മുതൽ ഡോ.സൈബൽ ജെന വരെയുള്ളവർ മർദ്ദനങ്ങൾക്കും അറസ്റ്റിനും തടങ്കലിനും വിധേയരാക്കപ്പെട്ടു.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഡോ.ബിനായക് സെന്നിന് 22 വർഷത്തെ ജയിൽ ശിക്ഷ വിധിക്കുന്നതിലേക്ക് വരെ ഭരണകൂട ഭീകര മുന്നേറി. നോം

സ്ത്രീ വിമോചനത്തിന്റെ രാഷ്ട്രീയ പ്രയോഗങ്ങൾ ഇലീന സാധ്യമാക്കിയത് ഛത്തീസ്ഗഢിലെ ഖനിമേഖലയിലെ തൊഴിലാളി സ്ത്രീകൾക്കിടയിലേക്കായിരുന്നു

ചോംസ്‌കിയും അമർത്യാസെന്നിനെയും പോലുള്ള നോബൽ സമ്മാനിതരുടെ നീണ്ട നിര ബിനായക് സെന്നിനുവേണ്ടി ശബ്ദമുയർത്തിയപ്പോൾ മാത്രമാണ് രണ്ട് വർഷത്തെ ജയിൽവാസത്തിന് ശേഷം ബിനായക് സെന്നിന് ജാമ്യം ലഭിച്ചത്. ഇക്കാലമത്രയും താൻ വിശ്വസിച്ചിരുന്ന ആദർശങ്ങളിൽ അണുകിടപോലും മാറ്റം വരുത്താതെ മർദ്ദിതരുടെ ശബ്ദമായി തുടരുകയായിരുന്നു പ്രൊഫ.ഇലീന സെൻ. ശരീരത്തെ കാർന്നുതിന്നുകൊണ്ടിരുന്ന അർബുദരോഗവും കേസും കോടതിയും നിരന്തരമായി വേട്ടയാടിയപ്പോഴും ജനകീയ സമരമുഖങ്ങളിൽ അവരെ കാണാൻ സാധിക്കുമായിരുന്നു. ആണവ വിരുദ്ധ പ്രവർത്തകനെന്ന നിലയിൽ പ്രൊഫ. ഇലീന സെന്നുമായി നിരവധി തവണ കണ്ടുമുട്ടാനും അവരുടെ സ്‌നേഹവായ്പ് അനുഭവിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ ജാദവ്പൂരിൽ ഏതാനും വർഷങ്ങളായി അർബുദത്തോട് മല്ലിട്ട് ജീവിക്കുകയായിരുന്നു അവർ. ഇലീനയുടെ കൂട്ടുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ബിനായക് സെൻ, മക്കളായ പ്രാൺഹിത, അപരാജിത എന്നിവർ മരണസമയത്ത് ഇലീനയോടൊപ്പം ഉണ്ടായിരുന്നു.

അടിയന്തിരാവസ്ഥയുടെ പുതിയ രൂപങ്ങൾ പൂർവ്വാധികം ശക്തിയോടെ രാജ്യത്തെ കീഴടക്കിക്കൊണ്ടിരിക്കുമ്പോൾ ഇലീന സെന്നിനെപ്പോലുള്ളവരുടെ വിയോഗം തീരാനഷ്ടം തന്നെയാണ്.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments