സുപ്രീംകോടതി ഇടപെട്ടിട്ടും
കർഷകർ പ്രക്ഷോഭം
തുടരുന്നത് എന്തുകൊണ്ട്?
സുപ്രീംകോടതി ഇടപെട്ടിട്ടും കർഷകർ പ്രക്ഷോഭം തുടരുന്നത് എന്തുകൊണ്ട്?
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിനോട് അവശ്യം ചോദിക്കേണ്ട പ്രാഥമിക ചോദ്യങ്ങള്‍ പോലും ഉന്നയിക്കാതെ അധികാരികളെ ഒരു കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്തുക മാത്രമായിരിക്കും കോടതി ഇടപെടൽ കൊണ്ട് സംഭവിക്കുക എന്ന സംശയം വ്യാപകമായി ഉയര്‍ന്നിരിക്കുന്നു
13 Jan 2021, 02:04 PM
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജനുവരി 11, 12 തീയ്യതികളില്‍ പരമോന്നത കോടതി നടത്തിയ ഇടപെടൽ കർഷകരുടെയും മറ്റും വിമർശനം ക്ഷണിച്ചുവരുത്തിയത് എന്തുകൊണ്ടാണ്?
രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുവെന്ന തോന്നല്‍ ഉണ്ടാക്കുന്ന ചില പ്രസ്താവനകള്‍ കോടതിയിൽനിന്ന് ഉണ്ടായതൊഴിച്ചാല്‍, പ്രസ്തുത വിഷയത്തില്‍ ഗവണ്‍മെന്റിനോട് അവശ്യം ചോദിക്കേണ്ട പ്രാഥമിക ചോദ്യങ്ങള്‍ പോലും ഉന്നയിക്കാതെ അധികാരികളെ ഒരു കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്താനുതകുന്നതാണ് കോടതി ഇടപെടല്‍ എന്ന സംശയം വ്യാപകമായി ഉയര്‍ന്നിരിക്കുന്നു.
അപ്രഖ്യാപിത ലോക്ക്ഡൗണില്‍ കോടിക്കണക്കായ തൊഴിലാളികള്‍ നിരാലംബരായി തെരുവുകളില്‍ എറിയപ്പെട്ടപ്പോള്‍ ഇടപെടാത്ത, ബാബറി മസ്ജിദ് തകര്‍ത്ത മുഴുവന്‍ പ്രതികളെയും വെറുതെവിട്ട നീതിന്യായ സംവിധാനം ഓരോ ഘട്ടങ്ങളിലും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ രക്ഷകരായി മാറുന്ന കാഴ്ചയാണ് വര്‍ത്തമാന കാലത്ത് കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ സാമൂഹ്യാവസ്ഥകളെ സംബന്ധിച്ച പ്രാഥമിക ബോധ്യം പോലുമില്ലാത്ത രീതിയിലുള്ള കമന്റുകളും പരിഹാസ ദ്യോതകമായ പരാമര്‍ശങ്ങളും നീതിന്യായ സംവിധാനത്തിൽനിന്നുണ്ടാകുന്നത് ഈ അവിശ്വാസം കൂടുതല്‍ ഉറപ്പിക്കുവാന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ.
കൃത്യമായ കൂടിയാലോചന കൂടാതെ നടപ്പിലാക്കിയ മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ഒറ്റ ആവശ്യത്തിലാണ് 50 ദിവസമായി ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലിരിക്കുന്നത്. എട്ട് തവണ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളില്‍ ഒരിക്കല്‍പ്പോലും നിയമത്തിന്റെ ഗുണവശങ്ങളെന്തെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും എന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിക്കുകയും റിപ്പബ്ലിക് ദിനത്തില്‍ ഔദ്യോഗിക പരിപാടികള്‍ക്കുശേഷം കര്‍ഷക റിപ്പബ്ലിക് ദിന പരേഡ് ഡല്‍ഹിയിലടക്കം മറ്റ് സംസ്ഥാന തലസ്ഥാന നഗരങ്ങളിൽ നടത്തുമെന്നും അവര്‍ വ്യക്തമാക്കിയത്.

ജനുവരി 26ന് കര്‍ഷകര്‍ പ്രഖ്യാപിച്ച റിപ്പബ്ലിക് ദിന പരേഡ്, ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അവരെ അതില്‍ നിന്ന് വിലക്കണമെന്നും ഡല്‍ഹിയെ വളഞ്ഞുവെച്ചിരിക്കുന്ന സമരരീതിയില്‍ നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ ഉത്തരവിടണമെന്നും സുപ്രീംകോടതി പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അനുകൂല സംഘടനയായ ഇന്ത്യന്‍ കിസാന്‍ യൂണിയന്‍ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിഷയത്തില്‍ ഇടപെട്ടത്.
Farmers' Protest: മറ്റു ലേഖനങ്ങള്‍ വായിക്കാം.
ജനുവരി 11ന് നടന്ന കോടതി വ്യവഹാരങ്ങളില്‍ പ്രക്ഷോഭ സംഘടകളുടെ വക്താക്കളായി പ്രശാന്ത് ഭൂഷണ്‍, ദുഷ്യന്ത് ദവേ, എച്ച്.എസ്.ഫൂല്‍ക്കേ എന്നിവര്‍ ഭാഗഭാക്കായിരുന്നു. പ്രക്ഷോഭം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും, പ്രക്ഷോഭത്തിലിരിക്കുന്ന സംഘടനകളോട് സമരം ചെയ്യരുതെന്ന് ആവശ്യപ്പെടാന്‍ കോടതിക്ക് സാധിക്കില്ലെന്നും വ്യക്തമാക്കിയ കോടതി, നിയമം താല്‍ക്കാലികമായി സ്റ്റേ ചെയ്യാന്‍ സാധ്യമല്ലേ എന്ന് അറ്റോര്‍ണി ജനറലിനോട് ചോദിക്കുകയുണ്ടായി. എന്നാല്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങള്‍ ഉദ്ദേശിച്ചുകൊണ്ടാണ് നിയമം നിര്‍മിച്ചിരിക്കുന്നതെന്നും, നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ മുന്നോട്ടുപോയെന്നും പിന്‍വലിക്കാന്‍ സാധ്യമല്ലെന്നും ആയിരുന്നു സര്‍ക്കാര്‍ ഭാഗത്തിന്റെ മറുപടി.

അതേസമയം, വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും, ഗുരുതരമായ നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുകയാണെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ കോടതിക്ക് ഇടപെട്ടേ മതിയാകൂ എന്നും കോടതി വ്യക്തമാക്കി. നിയമം നടപ്പിലാക്കുന്നതിന് താല്‍ക്കാലിക സ്റ്റേ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ അത്തരമൊരു നടപടി സ്വീകരിക്കുന്നതില്‍ നിന്ന് തങ്ങളെ ലോകത്തിലെ ഒരു ശക്തിക്കും തടയാന്‍ കഴിയില്ലെന്നും കോടതി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു.
ആദ്യ ദിവസം കോടതി പിരിഞ്ഞത്, നിയമത്തിന് താല്‍ക്കാലിക സ്റ്റേ സംബന്ധിച്ച ഉത്തരവ് വൈകുന്നേരത്തോടെ ഇറക്കും എന്ന സൂചനയോടെയായിരുന്നു. രണ്ടാം ദിവസ (ജനുവരി 12) കോടതി നടപടികളില്‍ പ്രക്ഷോഭത്തിലിരിക്കുന്ന കര്‍ഷക സംഘടനകളുടെ അഭിഭാഷകരായി ആരും ഉണ്ടായിരുന്നില്ല. കോടതി വ്യവഹാരങ്ങള്‍ക്കിടയില്‍, എന്തിനാണ് സ്ത്രീകളും വയോധികരും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എങ്കില്‍ കൂടിയും കര്‍ഷക പ്രക്ഷോഭം വിലക്കാനോ, ജനുവരി 26ന് അവര്‍ പ്രഖ്യാപിച്ച പരേഡ് നിരോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം പരിഗണിക്കാനോ കോടതി തയ്യാറായില്ല.
എന്നാല്‍, എല്ലാവരും പ്രതീക്ഷിച്ചതുപോലുള്ള വിധി തന്നെയായിരുന്നു ആത്യന്തികമായി കോടതി പ്രഖ്യാപിച്ചത്. നിയമം താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയാണെന്നും വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നാലംഗ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയാണെന്നും കോടതി വിധിക്കുകയുണ്ടായി.
കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി അംഗങ്ങള്‍ മുഴുവന്‍ പേരും - അശോക് ഗുലാത്തി, പി.കെ.ജോഷി, അനില്‍ ഘന്‍വാത്, ഭൂപേന്ദര്‍ മാനെ- കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമത്തെ പരസ്യമായി പിന്തുണച്ച വ്യക്തികളാണ് എന്നതിന് പിന്നിലെ പരിഹാസ്യത കോടതിക്ക് മനസ്സിലാക്കാന്‍ സാധിച്ചുമില്ല.
ഇതില്‍ അശോക് ഗുലാത്തി, പി.കെ. ജോഷി (https://www.financialexpress.com/opinion/farm-laws-bridging-the-trust-gap/2150046/)എന്നിവര്‍ കടുത്ത സാമ്പത്തിക സാമ്പത്തിക പരിഷ്‌കരണത്തിന്റെ വക്താക്കളാണ്. കാര്‍ഷിക മേഖലയിലെ നിയമ പരിഷ്‌കാരങ്ങളെ തുറന്ന് പിന്തുണക്കുകയും മാധ്യമങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകളെ പിന്തുണച്ച് സംവാദങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ് അശോക് ഗുലാത്തി (https://indianexpress.com/article/explained/farm-bills-protest-ashok-gulati-explained-ideas-6618594/)
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചുകൊണ്ട് മഹാരാഷ്ട്രയിലെങ്ങും റാലികളും മറ്റും സംഘടിപ്പിച്ച വ്യക്തിയാണ് അനില്‍ ഘന്‍വാത്. (https://www.thehindubusinessline.com/economy/agri-business/dont-withdraw-agri-reform-laws-instead-make-amendments-says-shetkari-sanghatana/article33385229.ece). ശേത്കാരി സംഘടന്‍ എന്ന കര്‍ഷക സംഘടനയുടെ ബി.ജെ.പി അനുകൂല നിലപാട് പ്രസിദ്ധമാണ്.
ഭാരതീയ കിസാന്‍ യൂണിയന്‍ (പ്രക്ഷോഭത്തിലുള്ള ബി.കെ.യു അല്ല)എന്ന പേരിലുള്ള കര്‍ഷക സംഘടനയുടെ നേതാവും മുന്‍ എംപിയുമായ ഭൂപീന്ദര്‍ സിങ്ങ് മന്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുന്ന വ്യക്തിയാണ്. അദ്ദേഹം നേതൃത്വം നല്‍കുന്ന കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് പ്രക്ഷോഭ രംഗത്തുള്ള സംഘടനകളുമായി യാതൊരു ബന്ധവുമില്ല.

ഈ രീതിയില്‍ പുതിയ കേന്ദ്ര നിയമത്തെ പരസ്യമായി പിന്തുണച്ച്രംഗത്തെത്തിയ വ്യക്തികളെ വിദഗ്ദ്ധ സമിതി അംഗങ്ങളായി നിശ്ചയിച്ച്, അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികളിലേക്ക് കടക്കാം എന്ന് സുപ്രീം കോടതി പറയുമ്പോള്‍ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് വ്യക്തമാണ്. കോടതി നടപടികള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചുവെന്ന് തോന്നുന്ന വിധത്തില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയ കോടതി, യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ ഇവയായിരുന്നു:
• എന്തുകൊണ്ട് മഹാമാരിക്കാലത്ത് ധൃതിപിടിച്ച് ഈ നിയമം പാസാക്കി ?
• A2 + FL രീതിയോടൊപ്പം സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതെങ്ങിനെ? (A+FL എന്നത് മിനിമം സഹായ വില നിശ്ചയിക്കുന്ന മാനദണ്ഡമാണ്)
• പുതിയ നിയമം പാസാക്കിയ പാര്‍ലമെന്ററി നടപടികള്‍ എന്തായിരുന്നു? •എന്തുകൊണ്ട് പുതുതായൊരു സെഷന്‍ വിളിച്ചു ചേര്‍ത്ത് ശരിയായ രീതിയില്‍ നിയമം പാസാക്കുന്നില്ല.
• കര്‍ഷക റാലികള്‍ തടയാന്‍ ഹൈവേകളില്‍ കുഴികള്‍ മാന്താന്‍ ആര് ഉത്തരവ് നല്‍കി ?
• കര്‍ഷകരുടെ സമാധാനപരമായ റാലികള്‍ക്ക് നേരെ ടിയര്‍ ഗ്യാസും ജല പീരങ്കികളും പ്രയോഗിക്കാന്‍ ആര് ഉത്തരവിട്ടു?
• എട്ട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും നിയമത്തിന്റെ നേട്ടങ്ങള്‍ കര്‍ഷകരെ ബോദ്ധ്യപ്പെടുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതെന്തുകൊണ്ട്?
പ്രക്ഷോഭത്തിലിരിക്കുന്ന കര്‍ഷക സംഘടനകളെ സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാണ്. പ്രക്ഷോഭത്തിന് തടയിടാന്‍ കോടതി ശ്രമിക്കുന്നില്ല എന്നതിനെയും നിയമം നടപ്പിലാക്കുന്നതില്‍ താല്‍ക്കാലിക സ്റ്റേ കൊണ്ടുവന്നതിനെയും അവര്‍ സ്വാഗതം ചെയ്യുന്നു. അതേ സമയം കോടതിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ കോടതി വ്യവഹാരങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. തങ്ങളുടെ ആവശ്യം കര്‍ഷകവിരുദ്ധങ്ങളായ ഈ നിയമങ്ങള്‍ റദ്ദാക്കുക എന്നതാണെന്നും അത് നേടിയെടുക്കും വരെയും തങ്ങളുടെ സമരം തുടരുമെന്നും അവര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.
ജനുവരി 26ന്റെ റിപ്പബ്ലിക് ദിന പരേഡ്, ഓരോ പൗരന്റെയും അവകാശമാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തെയും, ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും അംഗീകരിച്ച്, ഇന്ത്യയിലെ കര്‍ഷകര്‍ റിപ്പബ്ലിക് ദിനം ആചരിക്കുമെന്നും അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വിശദീകരിക്കുന്നു.
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട കോടതി വിധി വന്നതിന്റെ തൊട്ടടുത്ത നിമിഷം സോഷ്യല്‍ മീഡിയകളില്‍ ജനങ്ങളുടെ പ്രതികരണം വ്യക്തമായിരുന്നു. രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തെ അവിശ്വസിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ കെട്ടുറപ്പിനെത്തന്നെ ബാധിക്കും.
SHERLY
14 Jan 2021, 03:29 PM
No trust in Supreme Court and judges who have been supporting only the government and its policies whether it's good or bad. Where is justice in our country? A group of people destroying the democracy and its system..many social workers are in jail, journalists, comedians std.. judiciary is not bothered to hear their plea but take many cases without their priority because they are government's political party. Very sad for farmers...we really feel for them
രാജൻ. കെ
13 Jan 2021, 08:05 PM
ഒരു ജനാധിപത്യ സംവിധനത്തിൽ ജുഡീഷ്യറി നിഷ്പക്ഷമല്ലെങ്കിൽ ജനങ്ങൾക്കൂ ഭരണകൂടം നീതി ടം നിഷേധിച്ചാൽ ആരു നീതി ഉറപ്പാക്കും.
Hassan Kanchirapally
13 Jan 2021, 07:49 PM
ഇപ്പോഴും മോദി സർക്കാർ കൊണ്ട് വന്ന അഭിനവ കാർഷിക നിയമങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് കർഷകർക്ക് ഗുണകരമാണ് എന്ന് വിശ്വസിക്കുന്നവരോട് ഒന്നും പറയാനില്ല
Ppurushothsman
13 Jan 2021, 06:12 PM
Mandis have spent crores of rupees to conduct this nonsense. They can't go home with empty hand. Want to see Modiji on his knees before them. They don't have any respect for the Supreme Court even. Lawyers like anarchist Bhushan always try to belittle the Supreme Court Judges and think themselves bigger than the Judges and the Constitution itself.
പി.ബി. ജിജീഷ്
Jan 21, 2021
15 Minutes Read
ഡോ.സ്മിത പി. കുമാര്‍ / നീതു ദാസ്
Jan 12, 2021
35 Minutes Read
പി.ടി. ജോൺ
Jan 11, 2021
9 Minutes Watch
കെ. സഹദേവന്‍
Jan 06, 2021
4 Minutes Read
കെ.എം. സീതി
Jan 01, 2021
10 Minutes Read
പി. കൃഷ്ണപ്രസാദ്
Dec 31, 2020
20 Minutes Read
പ്രസന്‍ജീത് ബോസ്/ എന്‍. കെ. ഭൂപേഷ്
Dec 29, 2020
10 Minutes Read
Narain
15 Jan 2021, 02:29 PM
Farmers protest targeted against Modi sarkaar. Those behind the protests are well known members of anti Modi brigade. Government should declare 144 during Republic day parade. Anti social & jihadi elements are determined to disrupt republic Day ceremony.