കാലാവസ്ഥാ ഉച്ചകോടി:
ലക്ഷ്യങ്ങളില്‍ നിന്ന്
അകന്നുപോകുന്ന ചര്‍ച്ചകള്‍
കാലാവസ്ഥാ ഉച്ചകോടി: ലക്ഷ്യങ്ങളില്‍ നിന്ന് അകന്നുപോകുന്ന ചര്‍ച്ചകള്‍
ഔദ്യോഗിക കാലാവസ്ഥാ ചര്‍ച്ചകളുടെ ഏറ്റവും വലിയ പരിമിതി എന്നത് ശാസ്ത്രബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള നയപരമായ തീരുമാനങ്ങളെ സമ്പദ്‌വ്യവസ്ഥയിലേക്ക് വിളക്കിച്ചേര്‍ക്കാന്‍ അല്ലെങ്കില്‍ അതിനാവശ്യമായ മാതൃകാമാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അംഗരാഷ്ട്രങ്ങള്‍, പ്രത്യേകിച്ചും വികസിത രാജ്യങ്ങള്‍ തയ്യാറാകുന്നില്ലെന്നതാണ്. ഹരിതഗൃഹവാതകങ്ങളുടെ ചരിത്രപരമായ ഉദ്വമനത്തിന്റെ (historical emission) ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അമേരിക്ക അടക്കമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സന്നദ്ധരായിട്ടില്ല.
5 Nov 2022, 05:04 PM
ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തിലുള്ള കാലാവസ്ഥാ ഉച്ചകോടി അതിന്റെ 27-ാമത് സമ്മേളനത്തിന് തയ്യാറെടുക്കുകയാണ്. 198 രാജ്യങ്ങള്‍ പങ്കെടുക്കുന്ന കോപ് 27 (Conference of the Parties-COP27) ഇത്തവണ നവംബര്‍ 6 തൊട്ട് 18 വരെ ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖില്‍ വെച്ചാണ് നടക്കുന്നത്. 2021 നവംബറില്‍ സ്‌കോട്‌ലാന്റിലെ ഗ്ലാസ്‌ഗോവില്‍ നടന്ന ഉച്ചകോടിയില്‍ വെച്ച് കല്‍ക്കരി ഉപഭോഗം കുറയ്ക്കുന്നതും ഖനിജ ഇന്ധനങ്ങള്‍ക്ക് മേലുള്ള സബ്‌സിഡികള്‍ അവസാനിപ്പിക്കുന്നതും അടക്കമുള്ള നിരവധി തീരുമാനങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു തീരുമാനം പാരീസ് റൂള്‍ബുക്കിന് അന്തിമരൂപം നല്‍കിയതും അതുവഴി കാര്‍ബണ്‍ ട്രേഡ് അടക്കമുള്ള കാര്യങ്ങള്‍ ആര്‍ട്ടിക്കിള്‍ 6 -ന് കീഴിലേക്ക് കൊണ്ടുവന്നതുമായിരുന്നു. ഗ്ലാസ്‌ഗോ ഉച്ചകോടിയില്‍ പങ്കെടുത്ത വലിയൊരു വിഭാഗം രാജ്യങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളല്‍ സംബന്ധിച്ച തങ്ങളുടെ ദേശീയ നിര്‍ണ്ണീത സംഭാവനകള്‍ (National Determined Contributions-NDC) പ്രഖ്യാപിക്കുന്നതിലും അവ പരിഷ്‌കരിക്കുന്നതിലും വിമുഖത കാട്ടിയിരുന്നു. കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമായി സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ (Loss & Damage) അംഗീകരിക്കുവാന്‍ വികസിത രാഷ്ട്രങ്ങള്‍ തയ്യാറായെങ്കിലും അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ഇരകളായി മാറ്റപ്പെടുന്ന, അതേസമയം കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളല്‍ മാത്രം നടത്തുന്ന, വികസ്വര, അവികസിത രാഷ്ട്രങ്ങള്‍ക്ക് സാമ്പത്തിക സഹായം ഏര്‍പ്പെടുത്തുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഗ്ലാസ്‌ഗോ ഉച്ചകോടി പരാജയപ്പെടുകയായിരുന്നു.
ഗ്ലാസ്‌ഗോവില്‍ നിന്ന് ഷമറുല്‍ ഷെയ്ഖിലെത്തുമ്പോള്‍
കോവിഡ് മഹാമാരി ആഗോള സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച കുഴമറിച്ചിലുകള്‍, റഷ്യയുടെ ഉക്രൈന്‍ അധിനിവേശം, ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ ദുരന്തങ്ങള്‍ എന്നിവ സാമ്പത്തിക/ഉത്പാദന മേഖല കാര്‍ബണ്‍ രഹിതമാക്കുവാനുള്ള നടപടികളെ വലിയ തോതില്‍ തടസ്സപ്പെടുത്തുന്നുണ്ട്. എന്നാലതേ സമയം കുറഞ്ഞ കാര്‍ബണ്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാനുള്ള നയപരമായ തീരുമാനങ്ങളും അവ പ്രായോഗിക കര്‍മ്മ പദ്ധതികളിലേക്ക് വിളക്കിച്ചേര്‍ക്കാനുള്ള നടപടികളും വികസിതമാകാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഈജിപ്തില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്കില്‍ വന്‍വെട്ടിക്കുറവ് വരുത്തിക്കൊണ്ടുള്ള പുതുക്കിയ പ്രതിജ്ഞകള്‍ സമര്‍പ്പിക്കാന്‍ രാഷ്ട്രങ്ങള്‍ സമ്മതിച്ചിരുന്നുവെങ്കിലും അക്കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ എന്‍ഡിസി രജിസ്ട്രി വ്യക്തമാക്കുന്നു (കാര്‍ബണ്‍ പുറന്തള്ളലില്‍ കുറവ് വരുത്തുന്നത് സംബന്ധിച്ച് രാഷ്ട്രങ്ങള്‍ സ്വയം പ്രഖ്യാപിക്കുന്ന തോതാണ് ദേശീയ നിര്‍ണ്ണീത സംഭാവനകള്‍ അഥവാ National Determined Contributions -NDCs). കാര്‍ബണ്‍ ഉദ്വമന നിരക്ക് വെട്ടിച്ചുരുക്കുന്നതിനായി നിലവില്‍ രാജ്യങ്ങള്‍ അംഗീകരിച്ച ദേശീയ നിര്‍ണ്ണീത സംഭാവനകള്‍ ആഗോള താപനിലയില്‍ 2.4 ഡിഗ്രിക്കും 2.7 ഡിഗ്രിക്കും ഇടയില്‍ വര്‍ദ്ധനവിന് കാരണമാകുമെന്നാണ് പൊതുവില്‍ കണക്കാക്കപ്പെട്ടിരിക്കുന്നത്.
ദക്ഷിണേഷ്യ: തീവ്ര ക്ഷതസാധ്യതാ മേഖല
കാലാവസ്ഥാ പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളായിരിക്കുമെന്ന് നിസ്തര്‍ക്കമായ കാര്യമാണ്. നിലവിലെ എല്ലാ കാലാവസ്ഥാ മാതൃകകളും (Climate Models) തീരപ്രദേശങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങള്‍ സമീപ ഭാവിയില്‍ത്തന്നെ കനത്ത നാശനഷ്ടങ്ങളെ നേരിടേണ്ടി വരുമെന്ന് സംശയരഹിതമായി പ്രഖ്യാപിക്കുന്നു. കടുത്ത വരള്‍ച്ച, അസാധാരണമാംവിധം ശക്തിയാര്‍ജ്ജിച്ച ചുഴലിക്കൊടുങ്കാറ്റുകള്‍, ഹിമതടാക സ്‌ഫോടനം എന്നിവ ഈ മേഖലയില്‍ ആവര്‍ത്തിച്ച് സംഭവിക്കാനുള്ള സാധ്യതകളാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 2022 ജൂലൈ-ആഗസ്ത് മാസങ്ങളില്‍ സംഭവിച്ച അതിതീവ്ര മഴയില്‍ പാകിസ്ഥാന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിനടിയിലാകുകയും 1500 പേരുടെ മരണം സംഭവിക്കുകയും 5 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരികയും ചെയ്തു. 40 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനം ഏഴാമതാണെന്ന് ആഗോള കാലാവസ്ഥ അപകട സൂചിക 2021 (Global Climate Risk Index 2021) വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യത്തില്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലും ബംഗ്ലാദേശിലും ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ക്യാമ്പുകളില്‍ കഴിയേണ്ടിവന്നു. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ കൂടുതല്‍ ഗുരുതരവും ആവര്‍ത്തന സ്വഭാവമുള്ളതുമായി മാറിക്കൊണ്ടിരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.
ആഗോള ജനസംഖ്യയുടെ നാലിലൊന്ന് അധിവസിക്കുന്നുണ്ടെങ്കില്‍ കൂടിയും ലോകത്തെ മൊത്തം ഉദ്വമനത്തിന്റെ 3.6% മാത്രമാണ് ദക്ഷിണേഷ്യന്‍ മേഖല പുറന്തള്ളുന്നത്. ദക്ഷിണേഷ്യ നേരിടാനിരിക്കുന്ന ഗുരുതരമായ അപകടങ്ങളെ ഇങ്ങനെ ചുരുക്കി അവതരിപ്പിക്കാം:
സമുദ്രനിരപ്പ് വര്‍ദ്ധനവ്: 2100-ഓടെ, ബംഗ്ലാദേശിന്റെ ഭൂപ്രദേശത്തിന്റെ ഏകദേശം 20-25% സമുദ്ര നിരപ്പ് വര്‍ദ്ധനവ് മൂലം വെള്ളത്തിനടിയിലാകും. 2050-ഓടെ 5 കോടി കാലാവസ്ഥാ അഭയാര്‍ത്ഥികള്‍ ബംഗാളില്‍ മാത്രമായി സൃഷ്ടിക്കപ്പെടും. 2100-ഓടെ, 5 ലക്ഷം ജനസംഖ്യയുള്ള, 1,200 താഴ്ന്ന ദ്വീപുകളുടെ സമൂഹമായ മാലിദ്വീപ് കടലിനടിയിലായിരിക്കും.

ജലക്ലേശം: ഹിമാലയ സാനുക്കളിലെ മഞ്ഞുരുകല്‍ ഗംഗ, ബ്രഹ്മപുത്ര (921%) എന്നിവയെ അപേക്ഷിച്ച് സിന്ധു (60%), അമു ദരിയ (70%) എന്നിവയിലെ മൊത്തം ജലത്തില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമാകും. താപവര്‍ദ്ധനവ് കൂടുന്നതിനനുസരിച്ച് സിന്ധു, അമു ദരിയ എന്നിവയിലെ ജലത്തിന്റെ അളവ് ഗണ്യമായി കുറയും, ഇത് പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും ഭൂരിപക്ഷം പ്രദേശങ്ങളില്‍ 2040-50 ഓടെ കടുത്ത ജലക്ലേശവും വരള്‍ച്ചയും നേരിടാന്‍ ഇടയാക്കും.
ഹിമതടാക വിസ്‌ഫോടനം: ഹിമാനികള്‍ ഉരുകുമ്പോള്‍, ഹിമാലയന്‍ മേഖലയിലെ ഹിമതടാകങ്ങളിലെ ജലത്തിന്റെ അളവ് വര്‍ദ്ധിക്കുകയും അവയുടെ സ്വാഭാവിക മണ്‍തിട്ടകള്‍ പൊട്ടിത്തെറിക്കുകയും ചെയ്യും. ഇത് ഹിമതടാക വിസ്‌ഫോടനം മൂലമുള്ള വെള്ളപ്പൊക്കത്തിന് കാരണമാകും. അതിന്റെ ആഘാതം 150 കിലോമീറ്റര്‍ താഴേക്ക് അനുഭവപ്പെടും. ഗ്രാമങ്ങളും വയലുകളും ഹിമതടാക വിസ്‌ഫോടന പാതയിലെ എല്ലാത്തിനെയും തകര്‍ത്തുകളയും. കാലാവസ്ഥാ വ്യതിയാനത്തോടെ, ഹിമാലയത്തില്‍ ഹിമതടാക വിസ്‌ഫോടനങ്ങളുടെ ആവൃത്തി വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍: ദക്ഷിണേഷ്യയില്‍ ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ടു, താപനില സാധാരണയേക്കാള്‍ 4-5 ഡിഗ്രി സെന്റിഗ്രേഡ് ഉയര്‍ന്നു. 3,700 പേരുടെ മരണത്തിനിടയാക്കിയ കനത്ത മഴയും വെള്ളപ്പൊക്കവും മിക്കവാറും എല്ലാ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഉണ്ടായിരുന്നു. ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന അതിവൃഷ്ടിയില്‍ പാക്കിസ്ഥാന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിനടിയിലാകുകയും 1,500-ലധികം ആളുകള്‍ കൊല്ലപ്പെടുകയും അമ്പത് ലക്ഷം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിക്കുകയും 40 ബില്യണ്‍ ഡോളറിന്റെ സ്വത്ത് നഷ്ടം സംഭവിക്കുകയും ചെയ്തു.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പല തരത്തിലുള്ള സംഭവങ്ങളും ഇന്ത്യയെ ബാധിക്കും. കടല്‍ കയറ്റം, ഹിമതടാക വിസ്‌ഫോടനങ്ങള്‍, തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ (അസാധാരണമായ ഉയര്‍ന്ന താപനില അല്ലെങ്കില്‍ മഴ), വെള്ളപ്പൊക്കം, വരള്‍ച്ച, ചുഴലിക്കാറ്റുകള്‍, ഗണ്യമായ വിളനാശം, താപ സമ്മര്‍ദ്ദം മുതലായവ നിത്യസംഭവങ്ങളായി മാറും. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇന്ത്യയില്‍ അതിരൂക്ഷമായ കാലാവസ്ഥാ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഭാവിയില്‍ അവയില്‍ കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.
ലക്ഷ്യം നഷ്ടമാകുന്ന ചര്‍ച്ചകള്‍
അന്തര്‍ സര്‍ക്കാര്‍ ഉടമ്പടികള്‍ ഒന്നൊന്നായി പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 1990 അടിസ്ഥാന വര്‍ഷമായി സ്വീകരിച്ച് 2012 -ഓടെ വികസിത രാജ്യങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ 5.2% ആയി കുറയ്ക്കുക എന്നതായിരുന്നു ക്യോട്ടോ ഉടമ്പടിയുടെ സുപ്രധാന ലക്ഷ്യം. എന്നാല്‍ ഈ രാജ്യങ്ങളുടെ ഉപഭോഗ പുറന്തള്ളല്‍ 14.5% വര്‍ദ്ധിക്കുയാണുണ്ടായത്. ആഗോള ശരാശരി താപനില 1.5 ഡിഗ്രി സെന്റിഗ്രേഡില്‍ താഴ്ത്തി നിര്‍ത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി 2030-35- ഓടെ നിലവിലെ കാര്‍ബണ്‍ ഉദ്വമനം പകുതികണ്ട് കുറയ്ക്കുകയും, 2050-55 ആകുമ്പോഴേക്കും ആഗോള മൊത്തം കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമായി മാറുകയും വേണം എന്നാണ് ശാസ്ത്രലോകത്തിന്റെ നിര്‍ദ്ദേശങ്ങള്‍ (മൊത്തം കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമായി മാറുക -Net Carbon Zero NCZ എന്നതിനര്‍ത്ഥം പ്രകൃതിദത്തവും മനുഷ്യജന്യവുമായ കാര്‍ബണ്‍ ഉദ്വമനത്തിന്റെയും നീക്കം ചെയ്യലുകളുടെയും (emissions & removals) നിരക്ക് തുല്യമായിരിക്കണം എന്നാണ്). അടുത്ത 30 വര്‍ഷത്തേക്ക് ഉദ്വമനം പ്രതിവര്‍ഷം 7% കുറയ്ക്കണമെന്ന് അത് സൂചിപ്പിക്കുന്നു. എന്നാല്‍ ആഗോള കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് 1.2% വര്‍ദ്ധിക്കുകയാണുണ്ടായത്. നമ്മുടെ നിലവിലെ ഉദ്വമന തോത് 2100-ഓടെ ആഗോള ശരാശരി താപനം 3 ഡിഗ്രി സെന്റിഗ്രേഡിലേക്ക് നയിക്കും. അസഹനീയമായ തോതിലുള്ള ഈ താപവര്‍ദ്ധനവ് പരിസ്ഥിതിക്കും മനുഷ്യ സമൂഹത്തിനും വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.
ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന വികസിത രാജ്യങ്ങളുടെ കുറഞ്ഞ ഇടപെടല്‍, കാലാവസ്ഥാ ശാസ്ത്രവും നയവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍, വിപണി സംവിധാനങ്ങളുടെ പരാജയം എന്നിവ ഒരുമിച്ച് ചേര്‍ന്ന്, കാര്‍ബണ്‍ പുറന്തള്ളല്‍ പകുതിയായി കുറയ്ക്കാന്‍ 8 വര്‍ഷം മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ ഒട്ടും ശുഭകരമല്ലാത്ത സ്ഥിതി സംജാതമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാന കാരണങ്ങളും അതിനുള്ള പ്രതിവിധികളും വിശകലനം ചെയ്യുന്നതിനുപകരം, 2021 - ലെ ഗ്ലാസ്ഗോ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടിസ് (COP) 26, പാരീസ് ഉടമ്പടിയിലെ വിപണി സംവിധാനങ്ങള്‍ ക്യോട്ടോ പ്രോട്ടോക്കോളിന് കീഴില്‍ തയ്യാറാക്കപ്പെട്ട, പരാജയപ്പെട്ട, സമാന നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിന് ധാരാളം സമയം ചെലവഴിക്കുകയാണുണ്ടായത്. സാമൂഹ്യ അസമത്വത്തിന്റെയും അസ്ഥിരതയുടെയും മൂലകാരണമായ അനിയന്ത്രിതമായ വളര്‍ച്ചയെ കെട്ടഴിച്ചുവിടുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടത് കാലാവസ്ഥാ ഉച്ചകോടിയിലെ പ്രാഥമിക ചര്‍ച്ചകളില്‍ അവഗണിക്കപ്പെട്ടു.

നിലവിലെ നമ്മുടെ കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് 2100-ഓടെ ആഗോള ശരാശരി താപനം 3 ഡിഗ്രി സെന്റിഗ്രേഡ് എന്ന അസഹനീയ തലത്തിലേക്ക് എത്തിപ്പെടും. ഇത് പരിസ്ഥിതിക്കും മനുഷ്യ സമൂഹത്തിനും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഔദ്യോഗിക കാലാവസ്ഥാ ചര്‍ച്ചകളുടെ ഏറ്റവും വലിയ പരിമിതി എന്നത് ശാസ്ത്രബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള നയപരമായ തീരുമാനങ്ങളെ സമ്പദ്‌വ്യവസ്ഥയിലേക്ക് വിളക്കിച്ചേര്‍ക്കാന്‍ അല്ലെങ്കില്‍ അതിനാവശ്യമായ മാതൃകാമാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അംഗരാഷ്ട്രങ്ങള്‍, പ്രത്യേകിച്ചും വികസിത രാജ്യങ്ങള്‍ തയ്യാറാകുന്നില്ലെന്നതാണ്. ഹരിതഗൃഹവാതകങ്ങളുടെ ചരിത്രപരമായ ഉദ്വമനത്തിന്റെ (historical emission) ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അമേരിക്ക അടക്കമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സന്നദ്ധരായിട്ടില്ല.
പ്രതിസന്ധികളുടെ ഗൗരവം തിരിച്ചറിഞ്ഞ് കൂട്ടായ ഇടപെടലുകള്‍ നടത്തുന്നതിന് പകരം തന്ത്രപരമായ നീക്കങ്ങള്‍ക്കാണ് കാലാവസ്ഥാ ഉച്ചകോടിയില്‍ വികസിത രാഷ്ട്രങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. രാഷ്ട്രങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കണക്കാക്കുന്നതിന് മേഖലാ ഉദ്വമനതോത്
കണക്കാക്കുന്ന ടെറിട്ടോറിയല്‍ എമിഷന്‍ മെതേഡ് അവലംബിക്കാനാണ് മുന്‍നിര രാഷ്ട്രങ്ങള്‍ നിര്‍ബന്ധിക്കുന്നത്. ഒരു രാജ്യം അവരുടെ അതിര്‍ത്തിക്കുള്ളില്‍ വെച്ച് പുറന്തള്ളുന്ന കാര്‍ബണ്‍ അളവിനെ അടിസ്ഥാനമാക്കിയാണ് ടെറിട്ടോറിയല്‍ എമിഷന്‍ കണക്കാക്കുന്നത്. കയറ്റുമതി, ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കളുടെ അടക്കം കാര്‍ബണ്‍ അളവ് ഉറപ്പെടുത്തിയാണ് മേഖലാ ഉത്സര്‍ജ്ജന നിരക്ക് കണക്കാക്കുന്നത്. ഇത് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ എമിഷന്‍ നിരക്കില്‍ വന്‍ വര്‍ദ്ധനവ് കാണിക്കും.

ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ബണ്‍ കാല്‍ക്കുലേഷന്‍ രീതി അവലംബിക്കാനാണ് വികസ്വര- അവികസിത രാഷ്ട്രങ്ങള്‍ ആവശ്യപ്പെടേണ്ടത്. കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കാര്‍ബണ്‍ നിരക്ക് കുറക്കുകയും (subtract) ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കാര്‍ബണ്‍ അളവ് കണക്കിലെടുക്കുകയും ചെയ്താണ് ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള (consumptive emission) കാര്‍ബണ്‍ കാല്‍ക്കുലേഷന്‍ രീതി. ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മതയോടെ ഇടപെടാനും ശക്തമായ ആവശ്യങ്ങള്‍ ഉന്നയിക്കാനും വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്.
ഉയരുന്ന ജനകീയ പ്രതിഷേധങ്ങള്‍
അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ ആവര്‍ത്തിച്ച് സംഭവിച്ചുകൊണ്ടിരിക്കുകയും സാധാരണ മനുഷ്യരുടെ ജീവനും ജീവനോപാധികളും വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കാലാവസ്ഥാ ഉച്ചകോടികള്‍ പ്രഹസനങ്ങള്‍ മാത്രമായി മാറുന്നത് ആഗോളതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന നവംബര്‍
12 "ഗ്ലോബല്‍ ആക്ഷന്‍ ഡേ' ആയി ആചരിക്കാന്‍ ആഗോളതലത്തിലുള്ള സിവില്‍ സൊസൈറ്റി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ദക്ഷിണേഷ്യന്‍ ജനകീയ പ്രസ്ഥാനങ്ങളുടെ മഴവില്‍ സഖ്യമായ "സൗത്ത് ഏഷ്യന്‍ പീപ്പ്ള്‍സ് ആക്ഷന്‍ ഓണ്‍ ക്ലൈമറ്റ് ക്രൈസിസ്' ഡിസംബര്‍
മാസത്തില്‍ കേരളത്തില്‍ വെച്ച് ദേശീയ തലത്തില്‍ കാലാവസ്ഥ സമ്മേളനം നടത്താനും സര്‍ക്കാരുകള്‍ക്കു മേല്‍ ജനകീയ സമ്മര്‍ദ്ദമുയര്‍ത്താനും തീരുമാനിച്ചിരിക്കുകയാണ്.

കാലാവസ്ഥ പ്രതിസന്ധി ഭൗമ പരിസ്ഥിതിയെയും മനുഷ്യ സമൂഹത്തെയും ഗുരുതരവും സ്ഥായിയായതുമായ അപകടങ്ങളിലേക്ക് തള്ളിവിടാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. ഭരണകൂടങ്ങള്‍ക്കിടയില്‍ മാത്രമുള്ള മുന്‍കൈകള്‍ വിജയിക്കാനുള്ള സാധ്യത വിരളമാണെന്നിരിക്കെ, ആഗോള സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്.
കെ. സഹദേവന്‍
Mar 30, 2023
13 Minutes Read
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ഡോ.എസ്. അഭിലാഷ്
Mar 16, 2023
8 Minutes Watch
കെ. സഹദേവന്‍
Jan 28, 2023
12 Minutes Read
കെ. സഹദേവന്‍
Jan 27, 2023
3 Minutes Read
ശിൽപ സതീഷ്
Nov 29, 2022
6 Minutes Read
ഡോ. കെ.ആര്‍. അജിതന്‍
Nov 17, 2022
6 Minutes Read