കോൺഗ്രസിന്റെ ചരിത്രം പറയും,
അനിൽ ആൻറണിമാർ ഒരപവാദമല്ല
കോൺഗ്രസിന്റെ ചരിത്രം പറയും, അനിൽ ആൻറണിമാർ ഒരപവാദമല്ല
ഹിന്ദുത്വവാദികള്‍ പ്രതിസ്ഥാനത്ത് വരുമ്പോഴെല്ലാം അവരുടെ രക്ഷക്കായി ഒരു വിഭാഗം കോണ്‍ഗ്രസുകാരെന്നും അവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നതാണ് ചരിത്രം. അതിനാൽ, അനില്‍ ആന്റണി ഒരപവാദമല്ലതന്നെ.
25 Jan 2023, 02:53 PM
അനിൽ ആൻറണി ഒരപവാദമല്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ ഹിന്ദുത്വവാദികളുടെ രക്ഷക്കെത്തുന്ന ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ ചരിത്രമാണ് അനില്‍ ആന്റണിമാരിലൂടെ ഭംഗം വരാതെ ആവര്‍ത്തിക്കപ്പെടുന്നത്.
ഹിന്ദുമഹാസഭക്കാരും ആര്.എസ്.എസുകാരും പ്രതിസ്ഥാനത്ത് വരുന്ന എല്ലാ ചരിത്രസന്ദര്‍ഭങ്ങളിലും അവരെ രക്ഷിക്കാനും സഹായിക്കാനും കോണ്‍ഗ്രസിലൊരുവിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്. രഹസ്യമായി മാത്രമല്ല പരസ്യമായും കോണ്‍ഗ്രസിലൊരു വിഭാഗം ഹിന്ദുത്വവാദികളുടെ രക്ഷക്കായി കരുനീക്കം നടത്തിയിട്ടുണ്ടെന്നതാണ് ചരിത്രം. ആര്.എസ്.എസുകാരെ പോലെ കോണ്‍ഗ്രസിലൊരു വിഭാഗം പങ്കിടുന്ന ദേശീയതയെയും ഭൂരിപക്ഷ- ന്യൂനപക്ഷ വിഷയങ്ങളെയും സംബന്ധിച്ച അങ്ങേയറ്റം സങ്കുചിതവും മുന്‍വിധികളോട് കൂടിയതുമായ നിലപാടുകളാണ് ഈ ബാന്ധവത്തിന്റെ അന്തര്‍ചോദനയായി വര്‍ത്തിക്കുന്നത്.
അനില്‍ ആന്റണി മാത്രമല്ല, അദ്ദേഹത്തിന്റെ പിതാവും പല ഘട്ടങ്ങളിലും ഈ വിഷയങ്ങളിൽ ഈയൊരു നിലപാട് പങ്കുവെക്കുന്ന കോണ്‍ഗ്രസിലെ ഹിന്ദുത്വാനുകൂലിയാന്നെന്ന കാര്യം പലപ്പോഴായി വിവാദപരമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ‘മോദി - ദ ഇന്ത്യന്‍ ക്വസ്റ്റ്യന്‍' എന്ന ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം വിലക്കിയ കേന്ദ്രസര്‍ക്കാർ നീക്കങ്ങളോടൊപ്പം ചേര്‍ന്ന്, രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും കൊളോണിയല്‍ മനോഭാവത്തെയൊക്കെ സംബന്ധിച്ച് ‘സംഘി’കളുടെ അസംബന്ധ സിദ്ധാന്തങ്ങള്‍ വിളിച്ചുപറഞ്ഞ് മോദിയുടെ രക്ഷകനായി രംഗത്ത് വന്നിരിയ്ക്കുകയാണല്ലോ കെ.പി.സി.സിയുടെ ഐ.ടി സെല്‍ മേധാവിയായ അനില്‍ ആന്റണി. സാക്ഷാല്‍ എ.കെ. ആന്റണിയുടെ പുത്രനും കൂടിയാണല്ലോ ഈ അനില്‍ ആന്റണിയെന്നതുകൊണ്ടുതന്നെ ഇത്തരം നീക്കങ്ങള്‍ ഒരു പുത്തന്‍ കോണ്‍ഗ്രസുകാരന്റെ വിവരക്കേടായി ലഘൂകരിച്ച് തള്ളിക്കളയാനുമനുവദിക്കുന്നതല്ല.

വാദങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എ.ഐ.സി.സി വക്താവായിരുന്ന ടോം വടക്കന്റെ പാതയിലേക്കാണ് അനില്‍ ആന്റണിയും ചാഞ്ഞിരിക്കുന്നതെന്നാണ് അനുമാനിക്കേണ്ടത്. ബി.ജെ.പിയിലേക്കുള്ള പുറപ്പാടിന്റെ നാണം കെട്ട സൂചനകളാകാം, ‘രാഷ്ട്രത്തെ അപമാനിക്കുന്ന പാശ്ചാത്യ മാധ്യമ നീക്കങ്ങള്‍’ക്കെതിരായ അനില്‍ ആന്റണിയുടെ ദേശാഭിമാന ഉദ്ഘോഷണങ്ങള്‍!
ആര്.എസ്.എസ്- ബി.ജെ.പിക്കാരെ പോലെ അനിലും പറയുന്നത്, ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ താഴ്ത്തിക്കാണിക്കാനാണ് ബി ബി സി ഇപ്പോൾ ഇങ്ങനെയൊരു ഡോക്യുമെന്ററി ഇറക്കിയിരിക്കുന്നതെന്നാണല്ലോ. എത്ര പരിഹാസ്യമാണീ വാദം. ഗുജറാത്ത് വംശഹത്യയില്‍ മോദി പ്രതിസ്ഥാനത്താണെന്ന് സ്ഥാപിക്കുന്ന ഡോക്യുമെന്ററിയാണ് ബി ബി സി നിര്‍മിച്ച് സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. അത് മോദിയെയും കൂട്ടരെയും പ്രകോപിതരാക്കുന്നതും ഭയപ്പെടുത്തുന്നതും മനസിലാക്കാവുന്നതേയുള്ളു. എന്നാല്‍ ആന്റണിയുടെ മകനായതുകൊണ്ടുമാത്രം കെ.പി.സി.സിയുടെ ഐ.ടി സെൽ ചുമതലക്കാരനായി മാറിയ അനിലിനെ ഇത് എന്തുകൊണ്ടാണ്പ്രകോപിതനാക്കുന്നത്?

2002- ലെ ഗുജറാത്ത് വംശഹത്യയെ കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണങ്ങള്‍ നല്കുന്ന തെളിവുകളുടെ ബലത്തിലാണ് അന്താരാഷ്ട്ര മാധ്യമ രംഗത്ത് വലിയ ചരിത്രവും സ്ഥാനവുമുള്ള ബി ബി സി ഡോക്യുമെൻററി നിർമിച്ചിരിക്കുന്നത്. ആ വംശഹത്യയുടെ ചോരക്കറ പുരണ്ട പ്രതിച്ഛായയില്‍ നിന്ന് വികാസ് പുരുഷനും ലോകനേതാവുമായി മാറാൻ നടത്തിയ സര്‍വ പബ്ലിക്ക് റിലേഷന്‍സ് വര്‍ക്കുകളും സഹസ്രകോടികളൊഴുക്കിയുള്ള വ്യാജ ബിംബനിര്‍മിതികളും തകര്‍ന്നുപോയിരിക്കുന്നു. അത് മോദിയെയും ബി.ജെ.പിയെയും അങ്ങേയറ്റം പ്രകോപിതരാക്കുക മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ വംശഹത്യാ കുറ്റവാളിയായി ‘വികാസ് പുരുഷന്’ വിചാരണ ചെയ്യപ്പെടുകയാണല്ലോയെന്ന ഭയം അവരെ നിലവിട്ടവരാക്കി മാറ്റിയിരിക്കുന്നു. അതാണവരില്‍ പലരുടെയും പ്രസ്താവനകളും ബി ബി സിക്കെതിരായ ഉറഞ്ഞു തുള്ളലും കാണിക്കുന്നത്.
ജന്മകാലം മുതല്‍ ബ്രിട്ടീഷുകാരുടെ ഏജന്സിപ്പണിയെടുത്തവര് കൊളോണിയല്‍ മനോഭാവത്തെ കുറിച്ചൊക്കെ പറയുമ്പോള്‍ കേള്‍ക്കാനൊരു രസമുണ്ട്. അവരുടെ വാദങ്ങളുടെ പരിഹാസ്യത ആസ്വദിക്കാതിരിക്കാനുമാവില്ലല്ലോ. കൊളോണിയല്‍ മനോഭാവം ബ്രിട്ടീഷുകാര്‍ക്കുണ്ട് എന്ന് പറയുന്നതൊക്കെ വളരെ ശരിയാണ്. ആര്.എസ്.എസ് പണ്ട് ചെയ്തതും ബി.ജെ.പി ഇപ്പോള്‍ ചെയ്യുന്നതും കൊളോണിയല്‍ മനോഭാവമുള്ളവരുടെ ദാസ്യവേല എടുക്കുക എന്നതാണല്ലോ.
വിദേശ കുത്തകകള്‍ക്ക് നാടിന്റെ സകല സ്വത്തും വിറ്റുകൊടുക്കുന്നതാണ് കൊളോണിയല്‍ ശക്തികള്‍ക്കുവേണ്ടി അവര്‍ ചെയ്യുന്ന ഏറ്റവും വലിയ പണി. സ്വാതന്ത്ര്യസമരത്തിലവര്‍ ബ്രിട്ടീഷുകാർക്കൊപ്പം നിന്ന്, ബ്രിട്ടീഷുകാരല്ല മുസ്ലിംകളാണ് യഥാര്‍ത്ഥ ശത്രുക്കളെന്ന് പറഞ്ഞ് നാടെങ്ങും വര്‍ഗീയ കലാപങ്ങള്‍ക്ക് തീകൊളുത്താന്‍ ഓടി നടന്നവരാണല്ലോ. 2014 നുശേഷം കഴിഞ്ഞ ഒമ്പതുവര്‍ഷമായി അവരുടെ കൊളോണിയല്‍ വിധേയത്വമെന്തെന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. മോദിയെ പ്രശംസിച്ച് യു.എസ്- യു.കെ പത്രങ്ങളില്‍ വാര്‍ത്ത വന്നാല്‍ അത് പ്രചരിപ്പിക്കുന്നതില്‍ കൊളോണിയല്‍ മനോഭാവമൊന്നും ഇവരെ അലട്ടാറില്ലല്ലോ. ടൈം മാഗസിനില്‍ കവര്‍ വന്നാല്‍ അത് എല്ലാവരെയും അറിയിക്കുന്നതും ഇവരുടെ പബ്ലിക് റിലേഷന്‍സ് കമ്പനികള്‍ തന്നെയാണല്ലോ.
2020 ല്‍ ഇന്ത്യയില്‍ അതിദാരിദ്ര്യം ഏകദേശം തുടച്ചുമാറ്റപ്പെട്ടു എന്ന പരിഹാസ്യമായ വാദവുമായി ഐ.എം.എഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുര്‍ജിത്ത് ബല്ല വന്നപ്പോള്‍ ഐ.എം.എഫിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടി എന്നും പറഞ്ഞ്, രാജ്യത്ത് പട്ടിണികൊണ്ട് മനുഷ്യര്‍ ചാകുമ്പോഴും തുള്ളിച്ചാടിയത് ഇവര്‍ തന്നെയായിരുന്നല്ലോ. ഇങ്ങനെ എന്തെല്ലാം പ്രചാരവേലകളിറക്കിയവരാണിപ്പോള്‍ ബി ബി സിയുടെ കൊളോണിയല്‍ മനോഭാവത്തെ കുറിച്ച് രോഷം കൊള്ളുന്നത്! ഇത് സത്യത്തെ ഭയപ്പെടുന്ന ഭീരുക്കളുടെ മുക്രയിടല്‍ മാത്രമാണ്.
2013-ല്‍ മോദി പറഞ്ഞത് ദൂരദര്‍ശനിലും ആകാശവാണിയിലും ജനങ്ങള്‍ക്ക് വിശ്വാസമില്ല, ബി ബി സിയിലാണ് വിശാസം എന്നായിരുന്നല്ലോ. ഇതെല്ലാം കാണിക്കുന്നത്, കൊളോണിയല്‍ ശക്തികള്‍ക്കായി ദാസ്യവേല എടുക്കുന്നതും അതിലഭിരമിക്കുന്നതും മോദിയും സംഘവുമാണെന്നാണ്.
ഇതൊന്നും മനസിലാക്കാതെ ബി ബി സി ഡോക്യുമെന്ററിക്കെതിരെ ബി.ജെ.പിക്കാരുടെ വാദങ്ങള്‍ ഏറ്റുപിടിച്ച് വംശഹത്യാകുറ്റവാളികളെ ന്യായീകരിക്കുന്ന കെ.പി.സി.സി ഐ.ടി സെല്‍ മേധാവിയുടെ നീക്കമെന്തുകൊണ്ടാവാം. കോണ്‍ഗ്രസിന്റെ ചരിത്രമറിയാവുന്നവര്‍ക്കതില്‍ അസ്വാഭാവികതയൊന്നും തോന്നേണ്ട കാര്യവുമില്ല. ഗുജറാത്ത് വംശഹത്യയുടെ നാളുകളില്‍ മുസ്ലിം വേട്ടക്കിറങ്ങിയ വി.എച്ച്.പിക്കാര്‍ക്കൊപ്പം മുസ്ലിംകളെ ഒരു പാഠം പഠിപ്പിക്കാനിറങ്ങിയവരായിരുന്നു ഗുജറാത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍.
ഗുല്‍ബര്‍ഗ്ഗ കോളനിയിലെ നരഹത്യകളില്‍ പ്രാദേശിക കോണ്‍ഗ്രസുകാരും പങ്കാളിയാവുകയായിരുന്നല്ലോ. കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ഇസ്ഹാൻ ജഫ്രിയെ നിഷ്ഠൂരമായി വധിക്കാനെത്തിയ സംഘത്തില്‍ ഗുല്‍ബര്‍ഗ മുന്‍സിപ്പലിലെ കോണ്‍ഗ്രസുകാരനായ മുന്‍ കൗണ്‍സിലര്‍ ജഗരൂപ് സിംഗ് രജുപുത്തുമുണ്ടായിരുന്നു. കുത്തുബുദ്ദീന്‍ അന്‍സാരി തന്റെ ആത്മകഥാപരമായ പുസ്തകത്തില്‍ ഇക്കാര്യങ്ങളൊക്കെ വിശദീകരിക്കുന്നുണ്ട്. വംശഹത്യയില്‍ മോദി പ്രതിസ്ഥാനത്താണെന്ന് ബി ബി സി ഡോക്യുമെന്ററി തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നുവെന്നതാണ് സംഘപരിവാറിനെ പേടിപ്പെടുത്തുന്നത്. മോദിയുടെ പങ്ക് മാത്രമല്ല, കുറ്റകരമായ മൗനവും നിഷ്ക്രിയത്വവും കൊണ്ട് വംശഹത്യയില്‍ കോണ്‍ഗ്രസ് വഹിച്ച പങ്കും അനാവരണം ചെയ്യുന്നുണ്ട്. ജാഫ്രിയുടെ അന്ത്യനിമിഷങ്ങളില്‍ ആ കോണ്‍ഗ്രസ് നേതാവ് ഉന്നത കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെടാന്‍ നടത്തിയ നിഷ്ഫലമായ ശ്രമങ്ങളും സാക്ഷിമൊഴികളായി ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്.
അത് കോണ്‍ഗ്രസുകാരെയും ഭയപ്പെടുത്തുന്നുണ്ടാവാം.
കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്നും എല്ലാ ദേശീയ ദുരന്തങ്ങളിലും ഹിന്ദുത്വ വാദികള്‍ക്കൊപ്പം നിന്നവരാണ്. ആര്.എസ്.എസ്- ഹിന്ദു മഹാസഭക്കാര്‍ പ്രതിസ്ഥാനത്ത് വരുമ്പോഴെല്ലാം രഹസ്യമായി അവരെ രക്ഷപ്പെടുത്താന്‍ സഹായിച്ചവരാണ്. അതാണ് ചരിത്രം.
1948 ല്‍ ഗാന്ധിയെ കൊന്നതിന്റെ പേരില്‍ നിരോധനം നേരിട്ട ആര്.എസ്.എസിന്റെ നിരോധനം നീക്കാന്‍ ബദ്ധപ്പെട്ടവര്‍ അന്നത്തെ എ.ഐ.സി.സി തലപ്പത്തുള്ളവരായിരുന്നല്ലോ. ഗാന്ധിവധത്തെ തുടര്‍ന്നു ഹിന്ദു മഹാസഭ, ആര്.എസ്.എസ് അംഗങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം കൊടുക്കരുതെന്ന തീരുമാനം നെഹ്റുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി എടുത്തതാണ്. മാസങ്ങള്‍ക്കകം നെഹ്റുവിനെ വെട്ടിച്ച് ആ തീരുമാനം മാറ്റിക്കാനും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ശ്രമിച്ചതും നെഹ്റു അവരെ ശാസിച്ചതുമെല്ലാം കോണ്‍ഗ്രസുകാരുടെ ഹിന്ദുത്വബാന്ധവത്വത്തിന്റെ ലജ്ജാകരമായ ചരിത്രം.

1949 ല്‍ ബാബറി മസ്ജിദിലേക്ക് ഒളിച്ചുകടത്തിവെച്ച വിഗ്രഹങ്ങള്‍ അവിടെ തന്നെ നിലനിര്‍ത്തി പള്ളിയെ തര്‍ക്കസ്ഥലമാക്കി പൂട്ടിയിട്ടതും യു.പിയിലെ ഗോവിന്ദ വല്ലഭായ് പന്ത് എന്ന കോണ്‍ഗ്രസുകാരനായിരുന്ന മുഖ്യമന്ത്രിയായിരുന്നല്ലോ. അതില്‍ പ്രതിഷേധിച്ച് അയോധ്യയില്‍ നിരാഹാര സമരമാരംഭിച്ച ഫൈസാബാദ് ഡി.സി.സി സെക്രട്ടറിയായിരുന്ന അക്ഷയ് ബ്രഹ്മചാരിയെ സമരപന്തലില്‍ കയറി മര്‍ദ്ദിച്ച് നഗ്നനാക്കി ഓടിച്ചത് പന്തിന്റെ അനുകൂലികളായ കോണ്‍ഗ്രസുകാരും ഹിന്ദുസഭാക്കാരുമായിരുന്നല്ലോ.
പള്ളിക്കകത്ത് അതിക്രമിച്ച് കടന്ന് വിഗ്രഹങ്ങള്‍ സ്ഥാപിച്ച ഹിന്ദുമഹാസഭാ നേതാവ് ബാബാ രാഘവദാസിനെ പിന്നീട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മത്സരിപ്പിക്കുകയും ചെയ്തു. 1986 മുതല്‍ പള്ളി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തതും 1989-ല്‍ ശിലാന്യാസം അനുവദിച്ചതും 1992 ല്‍ റാവു സര്‍ക്കാറിന്റെ നിഷ്ക്രിയത്വം മുതലാക്കി പള്ളി തകര്‍ത്തതും സമകാലീന ചരിത്രം.
ഹിന്ദുത്വവാദികള്‍ പ്രതിസ്ഥാനത്ത് വരുമ്പോഴെല്ലാം അവരുടെ രക്ഷക്കായി ഒരു വിഭാഗം കോണ്‍ഗ്രസുകാരെന്നും അവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നതാണ് ചരിത്രം. അതിനാൽ, അനില്‍ അനില്‍ ആന്റണി ഒരപവാദമല്ലതന്നെ.
സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍.
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
ജോജോ ആന്റണി
Mar 25, 2023
2 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. സഹദേവന്
Mar 24, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read
ഒ.കെ. ജോണി
Mar 24, 2023
2 Minutes Read