സ്​കൂൾ കലോത്സവ സംവാദങ്ങൾ: പ്രതിലോമ ശക്തികളെ സഹായിക്കുന്ന ബൗദ്ധികക്കസർത്ത്​

സഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരുന്ന ഒരു ബഹുസ്വര സമൂഹത്തിന്റെയാകെ സൗന്ദര്യാത്മകതയായി മാറിയ കലോത്സവത്തെ ആ അർത്ഥത്തിൽ തന്നെ കണ്ടുകൊണ്ടാവണം മതനിരപേക്ഷതക്കുവേണ്ടി നിലകൊള്ളുന്നവർ സമീപിക്കേണ്ടത്. അല്ലാതെ, കേവല വിവാദങ്ങൾക്കും വിഭജനചിന്തകൾക്കും വഴിമരുന്നിടുകയെന്ന അജണ്ടയിൽ നിന്നാവരുത്. അത്തരം സ്വത്വരാഷ്ട്രീയക്കാരുടെയും ഉത്തരാധുനികരുടെയും ബൗദ്ധികകുത്തിതിരുപ്പുകളെ നിർദ്ദയമായി തന്നെ പ്രതിരോധിക്കേണ്ടതുമുണ്ട്.

സ്‌കൂൾ കലോത്സവവും അതിൽ വരുന്ന മത്സരയിനങ്ങളായ കലാസൃഷ്ടികളും എന്തിന് ഭക്ഷണം വരെ സൂക്ഷ്മരാഷ്ട്രീയത്തിന്റെയും പൊളിറ്റിക്കൽ കറക്റ്റ്‌നസിന്റെയും തലങ്ങളിൽ നിന്ന് വിമർശന വിധേയമാക്കപ്പെടുകയാണല്ലോ.

നല്ല കാര്യം തന്നെ. അതൊക്കെ നമ്മുടെ കലയിലും സംസ്​കാരത്തിലും അബോധമായി കിടക്കുന്ന വരേണ്യതയെയും യാഥാസ്ഥിതികതയെയും തിരിച്ചറിയുന്നതിന് സഹായകരമായ സംവാദങ്ങളായി ഉയർന്നു വരേണ്ടതുമാണ്. അത്രത്തോളം അത് സ്വാഗതാർഹവുമാണ്. എന്നാൽ നിലനില്ക്കുന്ന യാഥാർത്ഥ്യങ്ങളെ, അതായത് മൂർത്ത സാഹചര്യങ്ങളെ പരിഗണിക്കാതെയുള്ള ഏതൊരു സൈദ്ധാന്തിക പ്രയോഗവും വിമർശനങ്ങളും അത്​ നടത്തുന്നവരുടെ ഉദ്ദേശ്യങ്ങളിൽ നിന്ന് വിട്ട് പ്രതിലോമ ശക്തികൾക്ക് സഹായകരമായ ബൗദ്ധികക്കസർത്തായി മാറുമെന്നതാണ് ചരിത്രാനുഭവം.

കലയ്ക്കും കലോത്സവങ്ങൾക്കുമെല്ലാം അധീശത്വാശയങ്ങളെയും സംസ്‌കാരത്തെയും അതിജീവിക്കാനുള്ള സർഗാത്മക ശക്തിയുണ്ടെന്നുകൂടി കാണാതെയുള്ള കേവല അപനിർമാണ കസർത്തുകളിലൂടെ, സ്വത്വരാഷ്ട്രീയത്തിനും ഭൂരിപക്ഷതാവാദത്തിനും വെള്ളമൊഴിച്ചുകൊടുക്കുന്ന തരത്തിലുയർന്നുവരുന്ന സൂക്ഷ്മരാഷ്ട്രീയ വിശകലനങ്ങളെ ജാഗ്രതയോടെ തന്നെ സമീപിക്കേണ്ടതുണ്ട്. എന്തിലും മതവും ജാതിയും കലർത്തി വിവാദങ്ങളും വിഭജന ചിന്തകളും കുത്തിപ്പൊക്കിയെടുക്കുന്ന നിർഭാഗ്യകരമായ കാലത്താണ് നമ്മൾ ജീവിക്കുന്നത്.

വ്യവസ്ഥയുടെയും സംസ്‌കാരത്തിന്റെയും സ്ഥൂലഘടനയെ പരിഗണിക്കാതെയുള്ള സൂക്ഷ്മരാഷ്ട്രീയപ്രയോഗങ്ങൾ ശിഥിലീകരണവും ഭൂരിപക്ഷതാവാദത്തെ സഹായിക്കുന്നതുമാണെന്നതാണ് ഇന്ത്യയുടെയും സമകാലീന ലോകത്തിന്റെയും അനുഭവം.

സഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകരുന്ന ഒരു ബഹുസ്വര സമൂഹത്തിന്റെയാകെ സൗന്ദര്യാത്മകതയായി മാറിയ കലോത്സവത്തെ ആ അർത്ഥത്തിൽ തന്നെ കണ്ടുകൊണ്ടാവണം മതനിരപേക്ഷതക്കുവേണ്ടി നിലകൊള്ളുന്നവർ സമീപിക്കേണ്ടത്. അല്ലാതെ, കേവല വിവാദങ്ങൾക്കും വിഭജനചിന്തകൾക്കും വഴിമരുന്നിടുകയെന്ന അജണ്ടയിൽ നിന്നാവരുത്.
അത്തരം സ്വത്വരാഷ്ട്രീയക്കാരുടെയും ഉത്തരാധുനികരുടെയും ബൗദ്ധിക കുത്തിത്തിരുപ്പുകളെ നിർദ്ദയമായി തന്നെ പ്രതിരോധിക്കേണ്ടതുമുണ്ട്.

കേവലയുക്തികളിൽ നിന്ന് കലോത്സവ ഐറ്റങ്ങളെയും ഭക്ഷണത്തെയുമൊക്കെ വിശകലനവിധേയമാക്കുന്നവർ സംസ്‌കാരമെന്നത് ഏത് കാലത്തും പഴയതിന്റെ അവശിഷ്ടങ്ങളും പുതിയതിനോടുള്ള പ്രതികരണങ്ങളും ഉൾപ്പെടുന്നതും ചരിത്രപരമായി വർത്തിക്കുന്നതാണെന്നും കാണാൻ കഴിയാത്ത ഉത്തരാധുനിക മൗഢ്യങ്ങളിൽ പെട്ടു പോയവരാണ്. സാമൂഹ്യ മാധ്യമങ്ങൾ അത്തരം സത്താരഹിതമായ അപനിർമാണങ്ങൾക്ക് അനന്തമായ സാധ്യതകൾ ഒരുക്കി കൊടുക്കുന്നുമുണ്ട്.

മഹത്തായ സംഭവങ്ങൾക്ക് നിസ്സാര കാരണങ്ങൾ കണ്ടെത്തുന്നവരെ കുറിച്ചും നിസ്സാര കാരണങ്ങൾ കണ്ടെത്തി മഹത്തായ കാര്യങ്ങളെ എതിർക്കുന്നവരെ കുറിച്ചും മാർക്‌സ് തന്റെ കലയെയും സാഹിത്യത്തെയും സംബന്ധിച്ച നിരീക്ഷണങ്ങളിൽ സൂചിപ്പിച്ചുപോകുന്നുണ്ട്. അത്തരക്കാരുടെ സൗന്ദര്യശാസ്ത്രപരമായ കാഴ്ചപ്പാടുകളിലെ കേവലയുക്തിയെ വിമർശിച്ച് കൊണ്ട്​മാർക്‌സ് പറയുന്നത് കലയും സാഹിത്യവും സ്വച്ഛന്ദമായൊരു മണ്ഡലമല്ലെന്നും സാമൂഹ്യ സാമ്പത്തിക ജീവിതത്തിലെ സംഘർഷ- സംക്രമണങ്ങളെ കുറിച്ച് ബോധാവാനാകുന്ന മനുഷ്യന്റെ ആവിഷ്​കാരമാർഗം കൂടിയാണതെന്നും മനസിലാക്കണമെന്നാണ്.

ഏതൊരു സമൂഹത്തിന്റെയും സ്വത്വവും സത്തയും കുടികൊള്ളുന്നതും ഒരർത്ഥത്തിലത് ആവിഷ്‌കൃതമാവുന്നതും കലയിലൂടെയും അതിന്റെ സാംസ്‌കാരിക ബിംബങ്ങളിലൂടെയുമാണ്.
അത് തീർച്ചയായും മതങ്ങളും വിശ്വാസങ്ങളുമായി കുഴഞ്ഞു കിടക്കുന്നതുമാവാം. ‘ഡെമോക്രാറ്റസിന്റെയും എപ്പിക്യൂറസിന്റെയും പ്രപഞ്ച ദർശനങ്ങളിലെ അന്തരം' എന്ന കൃതിയിൽ ഈ ഭൂമിയിൽ സാമൂഹ്യ ജീവിതത്തിന്റെ ആദ്യ ചുവട് വെച്ചു തുടങ്ങിയ മനുഷ്യരുടെ ആദ്യ ദർശനങ്ങളിൽ പ്രധാനമാണ് ദൈവവും മതവുമെന്ന് വിശദീകരിച്ച മാർക്‌സ്, പ്രകൃതിപ്രതിഭാസങ്ങളുടെ ബലപ്രയോഗങ്ങളെ അതിജീവിക്കാനുള്ള അവരുടെ ഇന്ദ്രജാലപരമായ ശ്രമങ്ങളിലാണ് ദൈവവും ദൈവപ്രീതിക്കുവേണ്ടിയുള്ള മന്ത്രവാദപരമായ വിശ്വാസാഭിചാരങ്ങളും ജന്മമെടുത്തതെന്നും വ്യക്തമാക്കി.

അതെ, സംഭവബഹുലമായ ഈ ചരിത്രഗതിക്കിടയിൽ മനുഷ്യർ അനുഭവിച്ച വ്യഥകൾക്കും അരക്ഷിതത്വങ്ങൾക്കും പരിഹാരം അവർ തേടിയത് ഇന്ദ്രജാലങ്ങളിലും മതത്തിന്റെ വാല്മീകങ്ങളിലുമാണെന്ന് ഗോൾഡൻ ചൈൽഡിനെ പോലുള്ള പ്രാക് ചരിത്ര ഗവേഷകരുടെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിയുമായി പ്രവർത്തിച്ചും പ്രതിപ്രവർത്തിച്ചും മുന്നോട്ട് പോയ മനുഷ്യരുടെ പ്രയാണഗതിയിലാണ് മിത്തുകളും പ്രത്യയശാസ്ത്രങ്ങളും കലാസാഹിത്യവുമെല്ലാം പിറവി കൊണ്ടത്. മനുഷ്യരുടെ അസാക്ഷൽകൃത ശക്തികളുടെ മഹാബിംബങ്ങളായിരുന്നു ഗ്രീക്ക് ദൈവങ്ങളും അതെല്ലാം ഉൾക്കൊള്ളുന്ന ബ്രഹ്മാണ്ഡ സങ്കല്പങ്ങളുമെന്നും മാർക്‌സ് എഴുതുന്നുണ്ട്.

ഓരോ ജനസമൂഹങ്ങളുടെയും ജീവിതത്തിന്റെ വർണ്ണോജ്ജ്വലമായ അവസരങ്ങളായ ഉത്സവങ്ങളെയും മതവും ആചാരവും സംസ്‌കാരവുമായി ബന്ധപ്പെട്ടു രൂപപ്പെട്ട കലകളെയും ഒരു ബഹുസ്വര സമൂഹത്തിന്റെ സർഗ്ഗ വ്യവഹാര സാധ്യതയായി ഉൾക്കൊള്ളുകയെന്നതാണ് ഇന്ന് പ്രധാനമായിരിക്കുന്നത്. വിവേചനങ്ങളുടെയും അസഹിഷ്ണുതയുടെയും സംസ്‌കാരത്തെ വിശാലമായ ഉൾക്കൊള്ളലിന്റെ ജനാധിപത്യ സംസ്‌കാരം കൊണ്ട് പ്രതിരോധിക്കാൻ കഴിയണം. അതിനുള്ള മഹത്തും ഉജ്ജ്വലവുമായ സാധ്യതയാണ് കലോത്സവവേദികൾ.

Comments