കൈനകരി തങ്കരാജ് അവസാനമായി നാടകം അഭിനയിക്കുന്നത് അമ്പലപ്പുഴ അക്ഷര ജ്വാലയിലാണ്. നടൻ തിലകന് സിനിമയിലും സീരിയലിലും വിലക്കേർപ്പെടുത്തിയപ്പോൾ അമ്പലപ്പുഴയിൽ രൂപീകരിച്ച നാടകസമിതിയാണ് അമ്പലപ്പുഴ അക്ഷര ജ്വാല. ‘ഞാനെന്റെ പഴയ തട്ടകത്തിലേക്ക് പോകും’ എന്ന്തിലകൻ പരസ്യമായി പ്രഖ്യാപിച്ചതിന്റെ ഫലമായാണ് ഈ നാടകസമിതി രൂപം കൊണ്ടത്. സമിതിയിലേക്ക് നടീനടന്മാരെ കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ തിലകൻ ചേട്ടൻ ആദ്യം പറഞ്ഞ പേര് കൈനകരി തങ്കരാജിന്റെതായിരുന്നു. അദ്ദേഹം വിളിച്ചുസംസാരിച്ചപ്പോൾ തങ്കരാജ് വളരെ സന്തോഷത്തോടെ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഇരുവരും മുൻപ് ഒന്നിച്ചഭിയിച്ചിട്ടുണ്ട്. അവർക്കിടയിലേത് ഗുരുശിഷ്യബന്ധമായിരുന്നു.
തിരസ്‌കാരത്തിന്റെ വേദനയിലും വാശിയിൽ നിന്നും തന്നെയാണ് 13-ാം വയസ്സിൽ തങ്കരാജ് നാടകാഭിനയം ആരംഭിച്ചത്. അന്ന് സ്‌ക്രീൻ ടെസ്റ്റിൽ പരാജയപ്പെട്ട് സ്‌കൂൾ വാർഷികത്തിന് നാടകം അവതരിപ്പിക്കാൻ കഴിയാതെ വന്ന തങ്കരാജ്, ഒഴിവാക്കപ്പെട്ടവരെയെല്ലാം ചേർത്ത് ഉഷ തിയറ്റേഴ്‌സ് രൂപീകരിച്ചു. സ്‌കൂൾ വാർഷികത്തിന് കളിക്കാൻ തീരുമാനിച്ച കാനം ഇ.ജെയുടെ ‘മതിലുകൾ ഇടിയുന്നു' എന്ന നാടകം തന്നെ മികവോടെ കൈനകരിയുടെ വിവിധ ഭാഗങ്ങളിൽ ഉഷ തിയറ്റേഴ്‌സ് സൗജന്യമായി അവതരിപ്പിച്ചു.
കല തൊഴിലാകുമ്പോൾ ഉണ്ടാവുന്ന ചൂഷണങ്ങളെ തിരിച്ചറിഞ്ഞ് സംഘടിക്കാനും, നാടകത്തിന്റെ രാഷ്ട്രീയയുക്തിയെ ഉയർത്തിപ്പിടിക്കാനും അദ്ദേഹത്തിന് എന്നും കഴിഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം നാടക കലാകാരുടെ തൊഴിൽ ഭദ്രത, വേതനം, തുടങ്ങിയ ആവശ്യങ്ങളുമായി വൈക്കം വിശ്വൻ പ്രസിഡന്റും തങ്കരാജ് സെക്രട്ടറിയുമായി ഒരു യൂണിയൻ ആരംഭിച്ചു. സമിതി ഉടമകൾ ഇതിനെതിരെ സംഘടിച്ച് യൂണിയൻ ആരംഭിച്ച തങ്കരാജിന് ആറു വർഷം വിലക്കേർപ്പെടുത്തുകപോലുമുണ്ടായി.
1946 ഒക്ടോബർ 18നാണ് തങ്കരാജിന്റെ ജനനം. അച്ഛൻ നാടകനടൻ നാരായൺ കുട്ടി, അമ്മ ജാനകിയമ്മ. പ്രേംനസീർ നായകനായ ആനപ്പാച്ചൻ ആയിരുന്നു തങ്കരാജിന്റെ ആദ്യ സിനിമ. 35 സിനിമകളിൽ അഭിനയിച്ചു. പതിനായിരത്തിലേറെ വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചു. 10 നാടകങ്ങൾ എഴുതുകയും 40 എണ്ണം സംവിധാനം ചെയ്യുകയും ചെയ്തു.
നാടക ജീവിതം ഒരു ഗുരുകുല വിദ്യാഭ്യാസം പോലെയായിരുന്നെന്ന് തങ്കരാജ് പറയാറുണ്ട്. തിലകൻ ചേട്ടൻ രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പിയിൽ അഭിനയിക്കാൻ പോകുമ്പോൾ ഈ സമിതി നിർത്തരുതെന്ന് എന്നോടാവശ്യപ്പെട്ടിരുന്നു. തങ്കരാജ് പ്രധാനവേഷം ചെയ്യുന്ന ഉണ്ണിയാർച്ച ആയിരുന്നു അടുത്ത നാടകം. ആ നാടകം തീർന്ന് അദ്ദേഹം സ്വന്തമായി ഒരു ട്രൂപ്പ് തുടങ്ങിയെങ്കിലും അത് വിജയമായിരുന്നില്ല. ട്രൂപ്പ് നിർത്തിയ തങ്കരാജ് പിന്നീട് നാടകം അഭിനയിച്ചിട്ടില്ല.
കഴിവുറ്റ നടനായതിനാൽ തന്നെ ഏതുവേഷവും അനായസം കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പാടവം ഒന്നു വേറെ തന്നെയാണ്. കൂടെയുള്ള നടീനടന്മാരെ ഒപ്പം അഭിനയിപ്പിക്കാനും തങ്കരാജ് ശ്രദ്ധിക്കുമായിരുന്നു. മലയാള നാടകവേദിക്ക് ഒരു തീരാനഷ്ടം ആണ് അദ്ദേഹത്തിന്റെ വിയോഗം.