കൈപ്പല രഹസ്യം
അജിജേഷ് പച്ചാട്ട് എഴുതിയ കഥ
വായിക്കാം , കേള്‍ക്കാം
കൈപ്പല രഹസ്യം- അജിജേഷ് പച്ചാട്ട് എഴുതിയ കഥ വായിക്കാം , കേള്‍ക്കാം
താഴേക്ക് ഇറങ്ങിപ്പോകുന്ന സ്റ്റപ്പുകള്‍ കണ്ട് അരുണിമ അന്തം വിട്ടു. അല്‍പ്പം പേടിയോടെ അവന്റെ വലതുകൈ പിടിച്ച് അവള്‍ അവനോടൊപ്പം പടവുകളിറങ്ങി. മുറിക്കുള്ളില്‍ മഞ്ഞവെളിച്ചമായിരുന്നു. മുറിയുടെ നടുവിലായി ഒരു മേശയുണ്ട്, ആ മേശക്ക് മുന്നിലെത്തിയതും ജോഷന്‍ മൊബെലെടുത്ത് ഫ്ളാഷ്ലൈറ്റ് ഓണാക്കി അതിന് മുന്നിലേക്കാക്കി പിടിച്ചു. ഒരു വലിയ ഗ്ലാസ്സ് ജാര്‍..
8 Oct 2022, 10:00 AM
""ജോഷേട്ടാ, വിവാഹത്തിന് മുമ്പ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ മാസ്റ്റര്‍ബേഷന്‍ ചെയ്തത് ഇടതുകൈ കൊണ്ടായിരുന്നോ?''
അരുണിമയുടെ ചോദ്യം കേട്ടപ്പോള്‍, ഇറക്കിക്കൊണ്ടിരുന്ന ദോശയും ചമ്മന്തിയും പെട്ടെന്ന് നെഞ്ചില്‍ കെട്ടി ജോഷന് എക്കിട്ടം വന്നു. വലതുകൈകൊണ്ട് മൂര്‍ദ്ധാവില്‍ നാലടിയടിച്ച ശേഷം അവന്‍ വെള്ളമെടുത്ത് മൊടമൊടാന്ന് കുടിച്ചു.
""നിന്നോടാര് പറഞ്ഞു ഇത്?'' വെള്ളംകുടിച്ച ശേഷം തൊണ്ട നേരെയാക്കി ജോഷന്‍ പുരികമുയര്‍ത്തി.
അരുണിമ ചിരിച്ചു.""എന്തായാലും നിങ്ങളല്ലാന്ന് ഉറപ്പാണല്ലോ. നിങ്ങളങ്ങനെ ഒന്നും തുറന്നു പറയാറില്ലല്ലോ പൊതുവേ.. പക്ഷേ ഞാനറിഞ്ഞു. ആണോ അല്ലയോ.. അതുപറ.''
""അതെ..'' ഒടുവില്‍ ജോഷന് സമ്മതിക്കേണ്ടി വന്നു.
അതോടെ കല്യാണത്തിന് ശേഷം ആദ്യമായി, അതും രാവിലത്തെ ചായക്കൊപ്പം അവന് പഴയകാല സ്വയംഭോഗാനുഭവവും കൂടി ചവച്ചരക്കേണ്ടി വന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് തുടങ്ങിയത്. ആദ്യം വലതുകൈകൊണ്ടായിരുന്നു. പിന്നീടാണ് മാറ്റിപ്പിടിച്ചത്. അതിന് കൃത്യമായ കാരണവുമുണ്ട്. അന്നത്തെ വൈകുന്നേര സൗഹൃദക്കൂട്ടത്തിലേക്ക് പതിവായി സെക്‌സ് പറയാനെത്തുന്ന ഒരാളുണ്ടായിരുന്നു, മേലേക്കണ്ടി വിജുമോന്‍. അവനാണ് ഒരിക്കല്‍ വലതുകൈകൊണ്ട് ചെയ്യരുതെന്ന ഉപദേശം പാടവരമ്പില്‍ കാലും തൂക്കിയിട്ടിരിക്കുമ്പോള്‍ എല്ലാവര്‍ക്കുമായി പങ്കുവെച്ചത്. അങ്ങനെ ചെയ്യുമ്പോള്‍ ലിംഗം വലതു ഭാഗത്തേക്ക് ചെരിയുമെന്നും അത്തരത്തിലുള്ളവര്‍ക്ക് ഭാവിയില്‍ പങ്കാളിയെ സംതൃപ്തി പെടുത്താനുള്ള സാധ്യത തുലോം കുറവായിരിക്കുമെന്നും അവനാണ് പ്രഖ്യാപിച്ചത്. ഇടതുഭാഗത്തേക്കായിരിക്കണമത്രേ ചെരിവ്!
തവളക്കരച്ചിലുകളുടെ പശ്ചാത്തലത്തില്‍ എല്ലാവരും കൂടി ആധി പിടിച്ച് അവനെ നോക്കുന്ന ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. അതൊക്കെ ശുദ്ധ അസംബന്ധമായിരുന്നുവെന്നത് പിന്നീട് കാലം കുറേ കഴിഞ്ഞിട്ടാണ് മനസ്സിലായത്. ഇപ്പോഴും കൂടിയിരിക്കുമ്പോള്‍ ആ കഥ പറഞ്ഞ് എല്ലാവരും പരസ്പരം ചിരിക്കാറുമുണ്ട്. പറഞ്ഞിട്ടെന്താ അവന്റെയാ വര്‍ത്തമാനം കൊണ്ട് അന്നുമുതല്‍ എല്ലാവരും ഒറ്റയടിക്ക് ഇടങ്കയ്യന്മാരായി ഓണ്‍ ഡ്രൈവുകളും ഓഫ് ഡ്രൈവുകളും ചെയ്ത് ജീവിതമങ്ങോട്ട് ആര്‍മാദിച്ചു.
""നീയെന്താ ഇന്നിങ്ങനെ ചോദിക്കാന്‍?'' ഓഫീസിലേക്ക് ഇറങ്ങാന്‍ നേരം ജോഷന്‍ കാരണം കിട്ടാന്‍ ഒരിക്കല്‍ കൂടി ശ്രമിച്ചുനോക്കി.
""ഒന്നുമില്ല. രാത്രിയില്‍ പറയാം.'' അരുണിമക്ക് അല്‍പ്പം നീരസമുണ്ടെന്ന് അവന് തോന്നി, പിന്നെ നിര്‍ബന്ധിക്കാന്‍ നിന്നില്ല.
സത്യത്തില്‍ ഇത്തരം കാര്യങ്ങളൊക്കെ കല്യാണശേഷം വിശദമായി ഭാര്യമാരോട് പറയേണ്ടതുണ്ടായിരുന്നോ? ജോഷന് സംശയമായി.
ഓഫീസിലെ ഫയലുകള്‍ക്കിടയിലേക്ക് ശ്രദ്ധ പൂഴ്ത്തുമ്പോള്‍ അവളുടെ രാവിലത്തെ ചോദ്യം തന്നെയായിരുന്നു മനസ്സു നിറയെ. ഇനി അഥവാ അവള്‍ക്ക് തന്നില്‍ നിന്നും സെക്ഷ്വലായി യാതൊരു സംതൃപ്തിയും കിട്ടുന്നില്ലേ.. ആലോചന അങ്ങനെ പോയതും ജോഷന്റെ ശരീരമൊന്ന് പുളിച്ചുകൂമ്പി.
ഉച്ചക്ക് ചോറുണ്ട ശേഷമുള്ള വിശ്രമസമയത്ത്, ഇരിക്കപ്പൊറുതിയില്ലാതെ ജോഷന്‍ ഫോണെടുത്ത് സുജിത്തിനെ വിളിച്ചു.
""പിന്നേ.. എനിക്കതല്ലേ പണി. നിനക്കെന്തിന്റെ കേടാണ്. പോയകാലത്തെ സ്വയംഭോഗത്തിന്റെ കണക്ക് പറഞ്ഞല്ലേ എല്ലാ ഭര്‍ത്താക്കന്മാരും ഭാര്യമാരെ സംതൃപ്തിപ്പെടുത്തുന്നത്. ഒന്ന് പോയേടാ അവിടന്ന്..''
""അല്ലെടാ നമ്മുടെ മേലേക്കണ്ടി അന്ന് പറഞ്ഞുനടന്നതില്‍ വല്ല കാര്യവുമുണ്ടോ എന്നറിയാനാണ്.''
""എന്ത് പറഞ്ഞ് നടന്നതില്?''
""വലതുകൈകൊണ്ട് ചെയ്യണേനെ പറ്റി പറഞ്ഞില്ലായിരുന്നോ?''
""എന്റെ പൊന്നു ജോഷാ, അവന് മുഴുത്ത ഭ്രാന്താണ്. നിനക്കോ? അന്നത് മനസ്സിലാക്കാന്‍ നമുക്ക് പറ്റീല. നീയിപ്പോഴും അവന്റെ പൊട്ടത്തരം ആലോചിച്ച് സമയം മിനക്കെടുത്തല്ല.. അഥവാ ഇനിയത് സത്യമാണെങ്കില്‍ തന്നെ മേലേക്കണ്ടി പറഞ്ഞതില്‍ പിന്നെ നീയും ഇടങ്കയ്യനായില്ലേ.. പിന്നെന്താ പ്രശ്‌നം?''
""അത് ആയി. പക്ഷേ അവന്‍ അന്ന് വലത് മാറ്റി ഇടത് പറഞ്ഞ് നമുക്കിട്ട് പണി തന്നതാണോന്ന് ഇപ്പോള്‍ എനിക്കൊരു ചെറിയ സംശയം.''
കുറച്ച് നേരത്തേക്ക് അപ്പുറത്ത് നിശബ്ദതയായിരുന്നു.
""ജോഷാ, ഞാനൊരു കാര്യം തുറന്നുപറയുന്നതുകൊണ്ട് ഒന്നും തോന്നരുത്..'' സുജിത്തിന്റെ ശബ്ദം അല്‍പ്പം പരുക്കനായി. ""നീ കല്യാണത്തിന് ശേഷം തനി സൈക്കോ ആയിട്ടുണ്ട്.''
ഫോണ്‍ കട്ടായി. ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ജോഷന്. പിന്നീട് ഓഫീസിലിരുന്നുകൊണ്ട് തീര്‍ക്കാനുള്ള ഫയലുകളില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവനൊട്ട് കഴിഞ്ഞതുമില്ല. ഒരു വിധത്തില്‍ വൈകുന്നേരത്തെ ഏന്തിപ്പിടിച്ച് വീട്ടിലെത്തിയപ്പോള്‍ അവള്‍ക്ക് പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല, അത് മാത്രമായിരുന്നു ജോഷന് ആകെക്കൂടെയുണ്ടായ ആശ്വാസം.
""നീയെന്താ രാവിലെ അങ്ങനെ ചോദിച്ചത്? ""രാത്രി കിടക്കാന്‍ നേരം ജോഷന്‍ വിഷയം വീണ്ടുമെടുത്തിട്ടു. ""ഞാനിന്നലെ ഉറക്കത്തിലെങ്ങാനും വല്ല പിച്ചുംപേയും വിളിച്ചുപറഞ്ഞോ?''
അരുണിമ അവനെ തുറിച്ചുനോക്കി.
""അതിന് ജോഷേട്ടന്‍ ബോധമുള്ളപ്പോഴേ എന്നോട് മനസ് തുറക്കാറില്ലല്ലോ. എന്നിട്ടാണോ പാതിബോധത്തില്‍! എന്നോട് നിങ്ങളല്ല നിങ്ങളുടെ ഇടതുകൈയാണ് പറഞ്ഞത്.''
ഇടത്തേ ചുമലില്‍ ഒരു കുത്തുകൊണ്ടതുപോലെ അവനൊന്ന് പിടഞ്ഞു. ""ഇടതു കൈയ്യോ? നീയെന്താ ആളെ കളിയാക്കുകയാണോ?''
""സത്യായിട്ടും. ഇന്നലെ അതെന്നോട് പറഞ്ഞത് മുഴുവന്‍ ഇത്തരം കാര്യങ്ങളെ കുറിച്ചായിരുന്നു.'' പിന്നെ അവളൊരു വഷളന്‍ ചിരിയില്‍ കുസൃതി പിടപ്പിച്ചു. ""അതേയ്, പഴത്തൊലിയുടെ കാര്യവും പറഞ്ഞു ട്ടോ.''
""പഴത്തൊലിയോ?'' മുഴുത്തൊരു നേന്ത്രപ്പഴം ഉരിഞ്ഞതുപോലെ ജോഷന്‍ നഗ്‌നനായി, അണ്ണാക്കിലെ വെള്ളം വറ്റിയ അവന്‍ അവളെ തുറിച്ചുനോക്കി.
""ഹാ, അതിന് ജോഷേട്ടെനെന്തിനാ ടെന്‍ഷനടിക്കുന്നത്? ഞാന്‍ ജോഷേട്ടന്റെ ഭാര്യയല്ലേ.. ഞാനിതെല്ലാം അറിഞ്ഞൂന്ന് വെച്ച് എന്താണ് പ്രശ്‌നം..''
അവള്‍ ചിരിച്ചുകൊണ്ട് പതുക്കെ അവന്റെ നെഞ്ചിലേക്ക് മുഖം കയറ്റിവെച്ചു. ജോഷന് എന്നിട്ടും ആ വെളിപ്പെടുത്തല്‍ പൂര്‍ണ്ണമായും അങ്ങോട്ടിറക്കാന്‍ തോന്നിയില്ല. ഭാര്യയാണേലും കാമുകിയാണേലും സ്വന്തം രഹസ്യങ്ങള്‍ രഹസ്യങ്ങളല്ലേ.. സംഗതിയില്‍ പഴത്തൊലിയൊക്കെ അന്നത്തെ 'വീക്ക് ഏരിയ' ആയിരുന്നു. സത്യമാണ്. എന്നുവെച്ച് ഇങ്ങനെയുള്ള കാര്യങ്ങള്‍ വെളിപ്പെടുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്!
ജീവിതത്തില്‍ ഇതുവരെ ആരോടും പങ്കിടാത്ത കാര്യങ്ങളാണ് ഇവള്‍ ശൂന്യതയില്‍ നിന്നെന്നപോലെ കോര്‍ത്തെടുത്ത് വിളിച്ചുപറയുന്നത്.
അവളുടെ മുടിയിഴകളിലൂടെ അവന്റെ വലതുകൈ ഇടതടവില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു. ചങ്ങാതിമാരോട് ആരോടെങ്കിലും താന്‍ ഇതൊക്കെ എപ്പോഴെങ്കിലും പറഞ്ഞിരുന്നോ? ജോഷന്‍ തലകുത്തി മറിഞ്ഞ് ചിന്തിച്ചു. അതല്ല, ഇനി അഥവാ അവരോട് പറഞ്ഞാലും ഇവളെങ്ങനെ അറിയും? അതിനും വഴിയില്ലല്ലോ....
പൊടുന്നനെ അവന്റെ കൈ നിശ്ചലമായി. അവന്‍ അരുണിമയെ പതുക്കെ കുലുക്കി നോക്കി. അവള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. നെഞ്ചിലുണ്ടായിരുന്ന അവളുടെ മുഖം പതുക്കെ തലയിണയിലേക്ക് വെച്ച് ഒച്ചയുണ്ടാക്കാതെ ജോഷന്‍ എഴുന്നേറ്റു. പതിഞ്ഞ കാല്‍വെപ്പുകളോടെ അലമാര തുറന്ന് രഹസ്യ അറയില്‍ തപ്പി. ആശ്വാസം!
കൈയ്യില്‍ തടഞ്ഞത് അവന്‍ പുറത്തേക്ക് വലിച്ചെടുത്തു. അതൊരു പുസ്തകമായിരുന്നു, നെല്‍സണ്‍ മണ്ടേലയുടെ മുഖച്ചിത്രമുള്ള ഇരുന്നൂറ് പേജിന്റെ വരയില്ലാത്ത നോട്ട് ബുക്ക്. മറ്റാരെങ്കിലും തുറന്നു നോക്കിയാല്‍ അറിയാന്‍ വേണ്ടി തന്ത്രപൂര്‍വ്വം ഇട്ടുവെച്ച അടയാളങ്ങളെല്ലാം അവന്‍ സൂക്ഷ്മമായി പരിശോധിച്ചു. ഇതുവരെ ഒരനക്കവും പറ്റിയിട്ടില്ല. ആശ്വാസത്തോടെ അവനതുംകൊണ്ട് തൊട്ടപ്പുറത്തുള്ള മുറിയിലേക്ക് നടന്നു.
സ്വീകരണമുറിയിലെ ലൈറ്റിട്ട് പുസ്തകം പതുക്കെ മറിച്ചുനോക്കി. പല കാലങ്ങളിലായി എഴുതിവെച്ച വളരെ വ്യത്യസ്തമെന്ന് തോന്നിയ അനുഭവങ്ങളായിരുന്നു അതില്‍ നിറയെ. അക്ഷരവടിവുകളിലെ വ്യത്യാസം കാലത്തേയും അവന്റെ വളര്‍ച്ചയേയും ഒരുപോലെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. എടുത്ത് കത്തിക്കണമെന്ന് പലപ്പോഴും ചിന്തിച്ചതാണ്, പിന്നെ വേണ്ട എന്ന് തോന്നും.
പതിവുപോലെ വീണ്ടും അത് പഴയ സ്ഥാനത്ത് വെച്ച് പൂട്ടി ഭദ്രമാക്കി ജോഷന്‍ അരുണിമക്കരികില്‍ വന്ന് കിടന്നു. ആലോചനകള്‍ക്കിടയില്‍ എപ്പോഴോ ഉറങ്ങുകയും ചെയ്തു.
പിറ്റേന്ന് ബോസ്സിന്റെ പിറന്നാളായിരുന്നു. ഓഫീസില്‍ എല്ലാവരും കൂടി ഒരു കേക്ക് മുറിയും ബലൂണ്‍ പൊട്ടിക്കലും പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇത്തവണത്തെ പിറന്നാളിന് ഒരേ നിറത്തിലുള്ള ഷര്‍ട്ടിടണമെന്ന് ബോസ്സിന് പ്രത്യേക നിര്‍ബന്ധം. അത്തരത്തിലുള്ള ഷര്‍ട്ട് എല്ലാവര്‍ക്കുമായി വാങ്ങിക്കുകയും ചെയ്തു അദ്ദേഹം. ഷര്‍ട്ട് ഇസ്തിരിയിടുന്ന സമയത്ത് കട്ടന്‍ ചായയുമായി വന്നതായിരുന്നു അരുണിമ. അവള്‍ നീളത്തില്‍ വിരിഞ്ഞുകിടക്കുന്ന ഷര്‍ട്ടിന്റെ കൈയ്യില്‍ പതുക്കെ തലോടി.
""ഇതുപോലുള്ള ഒരു ചന്ദനക്കളര്‍ ഷര്‍ട്ട് അച്ഛനിട്ട അന്നല്ലേ നിങ്ങള്‍ മൂപ്പരെ കോളറില്‍ കയറി പിടിച്ചത്?''
ഷര്‍ട്ടിന്റെ പുറംഭാഗത്തായി ഒഴുകിനടന്ന ജോഷന്റെ കൈയ്യിലെ ഇസ്തിരിപ്പെട്ടി പൊടുന്നനെ പിടിച്ചുകെട്ടിയ പോലെ നിന്നു. അവന്‍ അരുണിമയെ നോക്കി, അവള്‍ ചിരിച്ചുകൊണ്ട് ഇസ്തിരിപ്പെട്ടി വാങ്ങി ചായ അവന് നേരെ നീട്ടി.
അമ്മയ്ക്കും തനിക്കും അച്ഛനും മാത്രമറിയുന്ന കാര്യമാണ്. ഡിഗ്രി കഴിഞ്ഞ് ജോലിയൊന്നും ശരിയാകാതെ നടക്കുന്ന കാലത്ത് ജീവിതത്തില്‍ പറ്റിയ ഒരു കൈയ്യബദ്ധമായിരുന്നു ആ കോളറുപിടുത്തം. എന്തോ ഒന്നും രണ്ടും പറഞ്ഞുള്ള വര്‍ത്തമാനം പറച്ചിലിനിടയില്‍ സംഭവിച്ചതാണ്. അമ്മ മരിച്ചിട്ട് കൊല്ലം മൂന്ന്, അച്ഛന്‍ മരിച്ചിട്ട് രണ്ട്..!
പിന്നെയിതൊക്കെ കൂടി എവിടെ നിന്നും പൊന്തിവരുന്നു?
അവന്‍ ചായ മൊത്തിക്കൊണ്ട് അവള്‍ ജോറായി ഇസ്തിരിയിടുന്നതും നോക്കി കുറേ നേരം നിന്നു. അവള്‍ക്കാണെങ്കില്‍ അത്തരമൊരു വെളിപ്പെടുത്തലെടുത്ത് പുറത്തിട്ടതിന്റെ യാതൊരുവിധ അങ്കലാപ്പുമില്ല.
""ആരാ നിന്റെടുത്ത് പറഞ്ഞേ? അമ്മയോ അതോ അച്ഛനോ?''
അപ്പോഴേക്കും ഇസ്തിരിയിട്ടുകഴിഞ്ഞ ഷര്‍ട്ട് അവന്റെ ഇടതുചുമലിലേക്ക് പയ്യെ ഇട്ടുകൊണ്ട് അവള്‍ ചിരിച്ചു. ""അച്ഛനും അമ്മയും ഒന്നുമല്ല. അന്ന്, നിങ്ങള്‍ അച്ഛന്റെ കോളറിന് പിടിച്ചത് ഇടതുകൈകൊണ്ടായിരുന്നില്ലേ. ഒന്നോര്‍ത്തു നോക്കിക്കേ.''
ഇടതുകൈ, ശരിയാണ്!
ജോഷന് തല കറങ്ങുന്നതുപോലെ തോന്നി. ഇസ്തിരി പെട്ടിയുടെ സ്വിച്ച് ഓഫ് ചെയ്ത ശേഷം അവള്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോകുന്നതും നോക്കി അവന്‍ തൊട്ടടുത്തുണ്ടായിരുന്ന കസേരയിലേക്ക് അമര്‍ന്നിരുന്നു..
""ഇതിനിപ്പോ എന്താണ് പ്രശ്‌നം? അവള്‍ നിന്റെ ഭാര്യയല്ലേ? അറിഞ്ഞെന്ന് വെച്ച് എന്താണ്?'' എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഷബീറ് നെറ്റി ചുളിച്ചു.
ജോഷന് കലി വന്നു. ""ഭാര്യയാണെന്ന് കരുതി എല്ലാം അറിയിക്കണമെന്നുണ്ടോ? നിനക്ക് നിന്റെ ഭാര്യയറിയാത്ത എന്തെല്ലാം കാര്യങ്ങളുണ്ട്? ഇല്ലേ?''
""അത് ശരിയാ..''
""എടാ, എത്ര വലിയ ഭാര്യയും ഭര്‍ത്താവുമാണെങ്കിലും അവര്‍ക്കെല്ലാം അവനവനില്‍ തന്നെ എന്നന്നേക്കുമായി കുഴിച്ചുമൂടേണ്ട ചില രഹസ്യങ്ങളുണ്ടാകും. ആ രഹസ്യങ്ങള്‍ പരസ്യമാകുന്നത് അനുഭവിച്ചുനോക്കണം. അപ്പോഴേ അതിന്റെ ഗൗരവം മനസ്സിലാവൂ. നിനക്കറിയോ, ഞാനിപ്പോള്‍ ഓരോ ദിവസവും വീട്ടിലെത്തുന്നത് അവള്‍ പുതിയതായി എന്താണ് പറയാന്‍ പോകുന്നതെന്ന ആധിയിലാണ്. മനസ്സറിഞ്ഞ് ഭക്ഷണം കഴിച്ചിട്ട് ദിവസമെത്രയായീന്നറിയോ നിനക്ക്? വര്‍ക്കില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റുന്നില്ല.''
""ഇതെങ്ങനെയാണിപ്പോ സംഭവം?'' ഷബീറിനും അത്ഭുതമായി.
""ആ, എനിക്കറിയില്ല. ചോദിക്കുമ്പോഴെല്ലാം പറയുന്നത് നിങ്ങളുടെ ഇടതുകൈ പറഞ്ഞു ഇടതുകൈ പറഞ്ഞു എന്നാണ്. എനിക്കറിയാം കളിയാക്കുകയാണ്. എന്തായാലും ഇതിനൊരറുതി വേണം. അല്ലെങ്കില്‍ ചിലപ്പോള്‍ ഞാന്‍ ടെന്‍ഷനടിച്ച് പണ്ടാരമടങ്ങും, ഉറപ്പാ.''
""ഇനി അവള്‍ക്ക് വല്ല മെന്റലിസവും വശമുണ്ടോ?''
""മെന്റലിസം.. മണ്ണാങ്കട്ടയാണ്. ഉറക്കപ്പേച്ച് പറയുന്നുണ്ടോന്ന് പരിശോധിക്കാന്‍ മൊബെല്‍ ഒരു രാത്രി മുഴുവനായി ഫ്‌ളൈറ്റ് മോഡിലാക്കി റിക്കോര്‍ഡ് ബട്ടണ്‍ അമര്‍ത്തിയിട്ടതാ ഞാന്‍. അഞ്ചെട്ട് മണിക്കൂര്‍ എന്റെ കൂര്‍ക്കം വലി കേട്ടത് മിച്ചം''
""എന്തായാലും അവളിത് എവിടെ നിന്നാണ് അറിയുന്നതെന്ന് മനസ്സിലാക്ക്. എന്നിട്ട് ആ വഴിയടയ്ക്കാന്‍ നോക്ക്. അതല്ലാതെ നമ്മള് വേറെ എന്ത് ചെയ്യാനാണ്.''
അത് ശരിയാണെന്ന് ജോഷനും അറിയാം. കുറച്ചൂടി ആഴത്തില്‍ അവളെ നിരീക്ഷിക്കേണ്ടതുണ്ട്. അല്‍പ്പം മയത്തില്‍ കാര്യം അന്വേഷിക്കുകയും വേണം. പോരാത്തതിന് നെല്‍സണ്‍ മണ്ടേലയുടെ പടമുള്ള നോട്ട് ബുക്ക് കത്തിച്ചുകളയാം. എന്തൊക്കെയായാലും അതിനി വേണ്ട.
അങ്ങനെ, ബുക്ക് കത്തിച്ചിട്ടും രണ്ടുദിവസം വിടാതെ നിരീക്ഷിച്ചിട്ടും അവള്‍ക്കിതെല്ലാം എവിടെനിന്നും കിട്ടുന്നു എന്നതിന് മാത്രം ജോഷന് ഒരു ധാരണയും കിട്ടിയില്ല. മാത്രവുമല്ല, മൂന്നാമത്തെ ദിവസം പുതിയൊരു സംഭവം അരങ്ങേറുകയും ചെയ്തു.
രാവിലെത്തന്നെ താടി വടിക്കുകയായിരുന്നു ജോഷന്‍.
""ജോഷേട്ടാ, ബസ്സിലെ തിരക്കുകള്‍ക്കിടയിലൂടെ പെണ്ണുങ്ങടെ മൊലക്ക് പിടിക്കുന്നതിനോട് എന്താണ് നിങ്ങടെ അഭിപ്രായം?''
ചോദ്യം കേട്ടതും കൈയ്യിലെ ഷേവിങ്ങ് സെറ്റ് പാളി കീഴ്ത്താടിയിലൊന്നാഴ്ന്നു. മുന്നില്‍ വെച്ച കണ്ണാടിയിലൂടെ അരുണിമയുടെ മുറുകിയ മുഖം ജോഷന്‍ കണ്ടു. അവന്‍ തിരിഞ്ഞുനോക്കി.
""എത്ര ഊള പരിപാടിയാണല്ലേ..?'' അവള് തന്നെ പൂരിപ്പിച്ചു. പെട്ടെന്നായിരുന്നു ജോഷന്റെ താടിയിലുള്ള ഷേവിങ്ങ് പതയിലേക്ക് ചുവപ്പ് പരക്കുന്നത് അവള്‍ കണ്ടത്. ""യ്യോ താടി മുറിഞ്ഞല്ലോ..''
അരുണിമ വേഗം ഡെറ്റോളിന്റെ കുപ്പിയെടുത്ത് കൈയ്യിലാക്കി താടിയിലെ മുറിവില്‍ പുരട്ടി. ജോഷന് നീറി. അവളത് കാര്യമാക്കിയില്ല. ""പാവം ഇടതുകൈ.. ആ വൃത്തികെട്ട പണിയും അന്ന് അതിനെക്കൊണ്ട് ചെയ്യിച്ചിരുന്നു ലേ?'' ജോഷന്റെ നിയന്ത്രണം വിട്ടു. ""ദേ ഒരു മാതിരി വര്‍ത്തമാനം പറയരുത് ട്ടാ.. നീയിത് കുറച്ചീസായി തുടങ്ങിയിട്ട്. ഒലക്കമ്മലെ ഒരെടത്തും വലത്തും.. ''
അങ്ങനെയൊരു ചാട്ടം അവള്‍ക്ക് നേരെ ചാടിയെങ്കിലും ഉള്ളിന്റെയുള്ളില്‍ ജോഷന്‍ ശരിക്കും പതറിപ്പോയിരുന്നു. കാരണം, ഉള്ള സംഭവങ്ങളാണ് അവള്‍ വിളിച്ചു പറയുന്നത്. പ്ലസ്ടൂവിന് പഠിക്കുന്ന കാലം. നാട്ടിലൂടെ രണ്ടോ മൂന്നോ ബസ്സാണ് ആകെയുള്ളത്. അതിലാണെങ്കില്‍ ഓഫീസില്‍ പോകുന്ന ചേച്ചിമാരും സ്‌കൂളില്‍ പഠിക്കുന്ന പിള്ളേരും കാരണം ശനിയും ഞായറും ഒഴികെ എന്നും പള്ളിപ്പെരുന്നാളിന്റെ തിരക്കാണ്. അതിനിടയിലാണ് ഏറെ പ്രതീക്ഷയുള്ള കണ്ടക്ടറുടെ വരവ്. ആ വരവിലായിരുന്നു തോണ്ടലും പിച്ചലും. ആരുടെ പിടുത്തത്തിലും പെടാത്തതിനാല്‍ തനിക്ക് ആ പരിപാടിയുണ്ടായിരുന്നത് സാക്ഷാല്‍ പടച്ചതമ്പുരാന് മാത്രമേ അറിയുമായിരുന്നുള്ളൂ എന്നാണ് ജോഷന്‍ ഇന്നേ വരെ വിചാരിച്ചിരുന്നത്.
അതും തെറ്റിയിരിക്കുന്നു!
അവളിപ്പോള്‍ പറഞ്ഞതുപോലുള്ള കാര്യങ്ങളൊന്നും നോട്ട് ബുക്കില്‍ എഴുതിയിട്ടുമില്ലായിരുന്നു. അപ്പോള്‍ ആ പുസ്തകത്തിലൊന്നുമല്ല കാര്യം.. പിന്നെയെവിടെനിന്നും കിട്ടുന്നു ഇതെല്ലാം?
അന്ന് രാത്രിയില്‍ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ജോഷന്‍. അവന്‍ ജീവിതത്തിലാദ്യമായി കഴിഞ്ഞ പത്തുമുപ്പത്തിമൂന്ന് കൊല്ലങ്ങളിലായി ഇടതുകൈകൊണ്ട് ചെയ്തുകൂട്ടിയതെല്ലാം ഒന്ന് റീവൈന്റ് ചെയ്യാന്‍ ശ്രമിച്ചു. അവളിലൂടെ വെളിപ്പെടുന്നത് എന്തൊക്കെയായിരിക്കുമെന്ന് അറിയാനുള്ള ഒരു കൗതുകം. ഓരോന്നും ആലോചിക്കുന്നതിനനുസരിച്ച് ശരീരം വിയര്‍ത്തു. വിയര്‍ത്ത് വിയര്‍ത്തെപ്പോഴോ ഉറങ്ങുകയും ചെയ്തു. ഉറക്കത്തിനിടയില്‍ ഇടതുകൈച്ചട്ടയില്‍ നിന്നും ഒരു കുത്തിപ്പറി. പെട്ടെന്ന് അവന്‍ ഞെട്ടിയുണര്‍ന്നു.
ലൈറ്റിട്ട് നോക്കിയപ്പോള്‍ അരികില്‍ അരുണിമയില്ല!
ജോഷന്‍ മൊബെലെടുത്ത് പതുക്കെ എഴുന്നേറ്റു. ബെഡ്‌റൂമിന്റെ വാതില്‍ തുറന്ന് കിടക്കുകയാണ്. മറ്റെവിടെയും വെളിച്ചമില്ല.
ഡൈനിങ്ങിലേക്ക് കടന്നു നോക്കിയപ്പോള്‍ സിറ്റൗട്ടിന്റെ വാതില്‍ തുറന്നിട്ടില്ല.
അവന്‍ മൊബെല്‍ ലോക്ക് തുറന്ന്, ഡിസ്പ്ലേ വെളിച്ചത്തില്‍ ചുറ്റുവട്ടത്തുള്ള ഇരുട്ടിലേക്ക് കണ്ണുകളും കാതുകളും കൂര്‍പ്പിച്ച് പരതി. ക്ലോക്കുകളുടെ സെക്കന്റ് സൂചിയുടെ ചാട്ടം മാത്രം എല്ലായിടത്തു നിന്നും കേള്‍ക്കാം. അവന്‍ പതുക്കെ ഓഫീസ് റൂമില്‍ കയറി, പിന്നെ രണ്ടാമത്തെ ബെഡ് റൂമില്‍, സ്റ്റയറിന് താഴെ, അതിനോട് ചേര്‍ന്നുള്ള ബാത് റൂമില്‍, സ്റ്റോറില്‍, മൂന്നാമത്തെ ബെഡ് റൂമില്‍.... നോക്കി നോക്കി ഒടുവിലവന്‍ കിച്ചണിലെത്തി. കിച്ചണില്‍ നിന്നും പുറത്തേക്കുള്ള വാതിലും തുറന്നിട്ടില്ല. അവന്‍ പതുക്കെ മൊബെലിന്റെ വെളിച്ചം കിച്ചണിന്റെ തെക്കേ ഭാഗത്തുള്ള ചുമരിന് നേരെയാക്കി. ജോഷനൊന്ന് പതറി. ചുമരിലെ ഷോകേയ്‌സിന്റെ ചില്ല് നീക്കിവെച്ച രീതിയിലാണ്. അത് ശരിക്ക് കിച്ചണിനോട് ചേര്‍ന്ന് കിടക്കുന്ന അണ്ടര്‍ഗ്രൗണ്ടിലേക്കുള്ള വാതിലാണ്. ഒറ്റയടിക്ക് ഷോകേയ്‌സാണെന്നേ തോന്നൂ. അതിലൂടെ പത്തുപന്ത്രണ്ട് സ്റ്റപ്പുകള്‍ ഇറങ്ങിയാല്‍ ഒരു കുഞ്ഞുമുറിയിലെത്താം.
ജോഷന്റെ മുഖം മുറുകി. അവന്‍ പതുക്കെ ശബ്ദമുണ്ടാക്കാതെ ഓരോ സ്റ്റെപ്പ് വീതം ഇറങ്ങാന്‍ തുടങ്ങി. മുറിക്ക് മുന്നിലെത്തിയപ്പോള്‍ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വാതിലുപോലും അറിയാതെ പതുക്കെ തള്ളി നോക്കി.
മുറിയിലെ നേരിയ മഞ്ഞ വെളിച്ചത്തില്‍ ജോഷന്‍ കണ്ടു, ടേബിളിന് മുകളില്‍ ഭദ്രമായി അടച്ചുസൂക്ഷിച്ചിരുന്ന ആ വലിയ ഗ്ലാസ്സ് ജാറിന് മുന്നില്‍ ഇരിക്കുകയാണ് അരുണിമ!
നെഞ്ചില്‍ കുത്തുകൊണ്ടതുപോലെ ജോഷന്‍ പിടഞ്ഞു. അവന് പെട്ടെന്ന് ആദ്യരാത്രി ഓര്‍മ്മ വന്നു.
""ഞാനൊരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ?'' ആദ്യരാത്രിയുടെ അന്ന് അരുണിമയുടെ കൈ ഇടതുതോളില്‍ പതിഞ്ഞപ്പോള്‍ വല്ലാത്ത കുളിര്‍മ്മയായിരുന്നു. അത്രയും സ്‌നേഹത്തോടെ ആദ്യമായിട്ടായിരുന്നു ഒരാള്‍ അവിടെ സ്പര്‍ശിക്കുന്നത്.
""പിന്നെ, പറയാതെ''
""ശരിക്കും എങ്ങനെയാ ജോഷേട്ടന് ഇത് നഷ്ടപ്പെട്ടത്?'' ജോഷന്‍ വലിയ നിരാശയോടെ നോട്ടം അവളില്‍ നിന്നും പറിച്ചെടുത്തു. ആ ചോദ്യം അവന്‍ അന്നേരം തീരെ പ്രതീക്ഷിച്ചിരുന്നില്ല.
അത് അവള്‍ക്ക് മനസ്സിലാവുകയും ചെയ്തു. ""അല്ല ജോഷേട്ടാ, ഏതോ അടിപിടിയില്‍ വെട്ട് കിട്ടി തുന്നിച്ചേര്‍ക്കാന്‍ പറ്റാത്തതുകൊണ്ട് ഒഴിവാക്കീതാണെന്ന് അച്ഛനോട് കല്യാണത്തിന് രണ്ടുദിവസം മുമ്പ് ആരൊക്കെയോ പറഞ്ഞു. അടിപിടിക്കാരനാണെന്നൊക്കെ അറിഞ്ഞപ്പോ അച്ഛന് വല്ലാത്ത സങ്കടായി. അതാ ചോദിച്ചേ.. വിഷമമായെങ്കി എന്നോട് ക്ഷമിക്ക്''
അരുണിമയുടെ കണ്ണുകള്‍ നനഞ്ഞത് കണ്ടപ്പോള്‍ ജോഷന് അവളോട് പാവം തോന്നി. അവന്‍ വലതുകൈ കൊണ്ട് അവളെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ചുണ്ടമര്‍ത്തി. ""പറയാം ഞാന്‍ എല്ലാം.''
പാതിരാ വരെ അവര്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. പക്ഷേ അരുണിമ ചോദിച്ചതിനെപ്പറ്റി ജോഷന്‍ ഒരക്ഷരം പറഞ്ഞില്ല. വര്‍ത്തമാനത്തിനിടയില്‍ അവള്‍ അത് മറക്കുകയും ചെയ്തു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞുവെന്ന് ഉറപ്പായപ്പോള്‍ ജോഷന്‍ വര്‍ത്തമാനം നിര്‍ത്തി മൊബൈലുമെടുത്ത് എഴുന്നേറ്റ് അരുണിമയുടെ കൈ പിടിച്ച് ഒച്ചയുണ്ടാക്കാതെ മുറിയില്‍ നിന്നും പുറത്തിറങ്ങി വാതില് ചാരി.
'ഇതെങ്ങോട്ടാണ് ജോഷേട്ടാ'- അവള്‍ അവനോട് മൂന്നാല് പ്രാവശ്യം ശബ്ദം തീരെ താഴ്ത്തി മുരണ്ടു.. അത് കേട്ടപ്പോള്‍ ജോഷന് കൂടുതല്‍ രസം തോന്നി. അവന്‍ ചിരിയമര്‍ത്തി അവളുടെ കൈയ്യും പിടിച്ച് ഡൈനിങ്ങിലൂടെ അടുക്കളയിലേക്ക് കടന്നു. അടുക്കളയുടെ തെക്കേ ചുമരിലെ ഷോകെയ്‌സിന്റെ ഗ്ലാസ്സ് കുറേ നേരം വെച്ച് ശബ്ദമുണ്ടാക്കാതെ ഇടത്തോട്ട് നീക്കി.
താഴേക്ക് ഇറങ്ങിപ്പോകുന്ന സ്റ്റപ്പുകള്‍ കണ്ട് അരുണിമ അന്തം വിട്ടു. അല്‍പ്പം പേടിയോടെ അവന്റെ വലതുകൈ പിടിച്ച് അവള്‍ അവനോടൊപ്പം പടവുകളിറങ്ങി. മുറിക്കുള്ളില്‍ മഞ്ഞവെളിച്ചമായിരുന്നു. മുറിയുടെ നടുവിലായി ഒരു മേശയുണ്ട്, ആ മേശക്ക് മുന്നിലെത്തിയതും ജോഷന്‍ മൊബെലെടുത്ത് ഫ്ളാഷ്ലൈറ്റ് ഓണാക്കി അതിന് മുന്നിലേക്കാക്കി പിടിച്ചു.
ഒരു വലിയ ഗ്ലാസ്സ് ജാര്‍..
അതിനുള്ളിലെ ലായനിയില്‍ കുത്തനെ മുങ്ങിക്കിടക്കുന്ന അറ്റുപോയ ഒരു കൈ!
അരുണിമ പൊടുന്നനെ പേടിയോടെ ജോഷന്റെ പിന്നിലേക്കൊളിച്ചു. അവളുടെ കിതപ്പുകള്‍ മുറിയില്‍ ഒഴുകി നടന്നു. ജോഷന്‍ ചിരിച്ചു, അവന്‍ അവളുടെ പേടിയിലേക്ക് പ്രണയത്തോടെ മുഖം പൂഴ്ത്തി. ""നേരത്തെ ചോദിച്ച സംശയം തീര്‍ത്തേക്ക്. നല്ലോണ്ണം നോക്ക് വെട്ടുകളുണ്ടോന്ന്..''
അരുണിമ പേടിയോടെ അവന്റെ പിന്നില്‍ നിന്നും പതുക്കെ തല ചെരിച്ച് ആ ഗ്ലാസ്സ് ജാറിന് നേരെ നോക്കി. വൃത്തിയുള്ള ഒരു കൈ! വിരലുകള്‍ ഒരു പൂവ് പോലെ മുകളിലേക്കായി വിടര്‍ന്നിരിക്കുന്നു. നേര്‍ത്ത ചുളിവുകള്‍ ഒന്ന് പാളിനോക്കിയിട്ടുണ്ട് എന്നതല്ലാതെ മറ്റൊരു പരിക്കുകളുമില്ലാത്ത തെളിച്ചമുള്ള കൈ.. ഇരിഞ്ഞുപോയ ഭാഗത്ത് മുളച്ച വേരുകള്‍ പോലെ ഇറച്ചിയുടെ നാരുകള്‍..
അവള്‍ അവനെ ഇറുകെ പിടിച്ചു. ജോഷന്‍ അവളുടെ തടിച്ച ചുണ്ടുകളിലേക്ക് ആഴത്തില്‍ നോക്കി.
ആദ്യചുംബനം ഇവിടെ വെച്ചായിരുന്നല്ലോ, അറ്റുപോയ ഇടതുകൈയ്യിനെ സാക്ഷിയാക്കി....
ജോഷന്‍ ഓര്‍മകളില്‍ നിന്നും തിരിച്ചിറങ്ങി നെടുവീര്‍പ്പിട്ടു. അവന്റെ തൊണ്ട വരണ്ടു. വേഗം തിരികെ സ്റ്റെപ്പുകള്‍ കയറി അടുക്കളയിലെത്തി കുടിവെള്ളത്തിന്റെ ജാറെടുത്ത് വായിലേക്ക് കമിഴ്ത്തി. പിന്നെ മുറിയില്‍ കയറി കട്ടിലിലിരുന്ന് കിതച്ചു. അവന്റെ ശരീരം ചുട്ടുപൊള്ളാന്‍ തുടങ്ങി, തലയിലൂടെ പുതപ്പിട്ട് അവന്‍ മൂടിപ്പുതച്ച് കിടന്നു. കുറേ സമയം കഴിഞ്ഞ് അരുണിമ മുറിയിലേക്ക് വന്നതും കൂടെ കിടന്നതുമെല്ലാം അവനറിഞ്ഞു.
രാവിലെ പക്ഷേ പതിവിന്ന് വിപരീതമായിട്ടായിരുന്നു അരുണിമ പെരുമാറിയത്.
""ജോഷേട്ടാ, നിങ്ങള്‍ ഇടതുകൈയ്യിനെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച കാലം ഓര്‍മയുണ്ടോ?''
കുളിക്കാനായി ഉള്ളംകൈയ്യിലൊഴിച്ച എണ്ണ മൂര്‍ദ്ധാവിലേക്ക് പൊത്തുന്നതിനിടയില്‍ ജോഷന്‍ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല.
""ഞാന്‍ പറയാം, ആറാംക്ലാസ്സില്‍ പഠിക്കുമ്പോള്‍.. ചന്ദ്രേട്ടന്റെ വീടിന്റെ ഇറയത്ത് വെട്ടിയിട്ട ശീമക്കൊന്നയുടെ തടിമരത്തില്‍ കയറി ഒറ്റക്കാലില്‍ ചാടി പോയ നിങ്ങള് താഴേക്ക് വീണു. ഇടതുകൈ ഒടിഞ്ഞ് മൂന്ന് മാസത്തോളം പ്ലാസ്റ്ററിട്ട് നടന്നു. അന്ന് ജീവിതത്തില്‍ ഇടതുകൈയ്യിനെ പരിഗണിച്ച അത്രയും സ്‌നേഹത്തോടെ പിന്നെ ഒരിക്കലും നിങ്ങള്‍ അതിനെ സ്‌നേഹിച്ചിട്ടേയില്ലത്രേ!''
പൊടുന്നനെ അവന് സങ്കടം വന്നു.
""എന്നിട്ടും ഇടതുകൈ നിങ്ങളെ ഇപ്പോഴും എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നറിയോ ജോഷേട്ടാ? എന്തിനാ ഒറ്റയ്ക്ക് അതിനെ ഒരു മുറിയിലിടുന്നത്? നമുക്ക് ഇവിടെ കൊണ്ടുവന്ന് വയ്ക്കാം. എപ്പോഴും കാണാലോ.. പ്ലീസ്..''
ജോഷന്‍ അവളെ തുറിച്ചുനോക്കി. അവളുടെ കണ്ണുകള്‍ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു അപ്പോള്‍. അവന്‍ തോര്‍ത്തും തോളിലിട്ട് തിരിച്ചൊന്നും പറയാതെ ബാത്‌റൂമിലേക്ക് നടന്നു.
""അന്നേ ഞാന്‍ പറഞ്ഞതാ, വേണ്ടാത്ത ഓരോ വണ്ടീംവലേം എടുത്ത് തലയില്‍ വെയ്ക്കണ്ടാന്ന്. അപ്പോ നിന്റെയൊരു ഒടുക്കത്തെ ജൈവികത. ഇപ്പോഴോ, ചത്ത് മരവിച്ച അതിനെ ഒരു ഗ്ലാസ്സ് ജാറിലിട്ട് പൂജിച്ചിട്ട് എന്ത് കിട്ടി? ഉള്ള മനസ്സമാധാനം പോയിക്കിട്ടി.'' ഷബീറിന് ദേഷ്യം വരുന്നുണ്ടായിരുന്നു.
""ഷബീറേ, നിനക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല.'' പെട്ടെന്ന് ജോഷന്റെ തൊണ്ടയിടറി. ""അത് കൊണ്ടുപോയി കുഴിച്ചിട്ടിരുന്നേല്‍ എന്റെ കൈ കാണണമെന്ന് തോന്നുമ്പോള്‍ ഞാനെവിടേക്ക് നോക്കും? ഈ തോളിലുള്ള ശൂന്യതയിലേക്കോ.. ഒന്നുമില്ലേലും പത്തുമുപ്പത്തിമൂന്ന് കൊല്ലം ഞാന്‍ സൂക്ഷിച്ച് കൂടെ കൊണ്ടുനടന്ന മുതലല്ലേടാ അത്.. സമയത്തിന് കിട്ടിയില്ല എന്ന കാരണം പറഞ്ഞ് ഡോക്ടര്‍മാര്‍ക്ക് ഉപേക്ഷിക്കാം. എനിക്കോ? ഇടയ്‌ക്കെങ്കിലും കാണാനൊരു പൂതിയൊക്കെ തോന്നുലേ..""ജോഷന്റെ നിയന്ത്രണം വിട്ടു.
അതോടെ ഷബീറിനും സങ്കടമായി.
""പക്ഷേ ഇനിയെനിക്കത് വേണ്ട ഷബീറേ.. കാരണം അവള്‍ക്ക് എന്നേക്കാള്‍ സ്‌നേഹം ഇപ്പോള്‍ ആ കൈയ്യിനോടാ.. നമുക്കത് എങ്ങനേലും ഒഴിവാക്കണം.''
""എങ്ങനെ ഒഴിവാക്കും.. നീയാണെങ്കില്‍ അത് ഇന്‍ഷൂറും ചെയ്തില്ലേ. ഇന്‍ഷൂറന്‍സ് കമ്പനി അറിയാതെ വല്ലോം ചെയ്യാന്‍ പറ്റുമോ?''
ഈയടുത്താണ് ഫോര്‍മാലിന്‍ ചെയ്ത അവയവങ്ങള്‍ ഇന്‍ഷൂര്‍ ചെയ്തു തുടങ്ങിയ പ്രൈവറ്റ് കമ്പനിയുടെ പുതിയ സ്‌കീമില്‍ ജോഷന്‍ തന്റെ കൈ ഉള്‍പ്പെടുത്തിയത്. ഷബീറും അവനും ചേര്‍ന്നാണ് അതിന്റെ ഫോമുകളെല്ലാം പൂരിപ്പിച്ചു കൊടുത്തത്.
അപ്പോഴാണ് ഇന്‍ഷൂറന്‍സിന്റെ കാര്യം ജോഷനും ഓര്‍ത്തത്. ""മൈര്.. എനിക്കാകെ ഭ്രാന്ത് പിടിക്കുന്നുണ്ട്.'' അവന്‍ നെറ്റി അമര്‍ത്തിയുഴിഞ്ഞു.
ഷബീര്‍ ഒരു സിഗരറ്റെടുത്ത് കൈയ്യില്‍ പിടിച്ച് ഒന്നുരണ്ടു നിമിഷം ആലോചിച്ചു. ""അവള്‍ കൂടുതല്‍ സമയം ആ മുറിയില്‍ ചിലവഴിക്കുന്നുണ്ട് എന്നതല്ലേ മെയിന്‍ പ്രശ്‌നം. നീയൊരു കാര്യം ചെയ്യ്, തല്‍ക്കാലം ആ മുറിയങ്ങട്ട് പൂട്ടിയിട്ടേക്ക്.''
""അവള്‍ ആ മുറിയില്‍ കുറേ സമയം ചിലവഴിക്കുന്നുണ്ട് എന്നതല്ല പ്രധാന പ്രശ്‌നം..'' ജോഷന്‍ ബാക്കി തുടരണോ വേണ്ടയോ എന്നര്‍ത്ഥത്തില്‍ ഒന്ന് നിര്‍ത്തി.
""പിന്നേ?''
""അവള്‍ ആ കൈയ്യുമായി സംസാരിക്കുന്നു എന്നതാണ് പ്രശ്‌നം. എന്റെ മുന്‍കാല രഹസ്യങ്ങളെല്ലാം ചോര്‍ത്തിക്കൊടുക്കുന്നത് ആ കൈയ്യാണ്.''
അത് കേട്ടപ്പോള്‍ ഷബീറിന്റെ കണ്ണ് മിഴിഞ്ഞു. അവന്‍ നെറ്റി ചുളിച്ചു. ""നീയെന്തൊക്കെയാണ് പറയുന്നത് ജോഷാ, കൈ സംസാരിക്കുകയോ? നിനക്കെന്താ ഭ്രാന്ത് പിടിച്ചോ?''
ജോഷന്‍ വിളറിയ ഒരു ചിരി ചിരിച്ചു. ""ഇതുകൊണ്ടാണ് ഞാന്‍ ഒന്നും പറയാത്തത്. നീയെന്നല്ല, ലോകത്തുള്ള ആരും ഇതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ല. അതുകൊണ്ട് വിട്ടേക്ക്. വൈകാതെ നമുക്ക് ആ കൈ എന്തെങ്കിലും ചെയ്യണം. തല്‍ക്കാലം അതിനെ കുറിച്ച് ചിന്തിക്കാം. ഇന്‍ഷൂറന്‍സ് കമ്പനിയോട് പോകാന്‍ പറയാം. എനിക്കാവശ്യമായ മനസ്സമാധാനം അവര് കൊണ്ടുവന്നു തരുമോ? ഇല്ലാലോ.''
സിഗരറ്റ് കത്തിച്ച് ആശ്വാസത്തില്‍ രണ്ടുമൂന്ന് പുകയെടുത്ത ശേഷം ഷബീര്‍ ജോഷന് നേരെ തിരിഞ്ഞു. ""എങ്കില്‍ പിന്നെ, രാത്രിയില്‍ അവള്‍ ഉറങ്ങിക്കഴിഞ്ഞശേഷം നമുക്കത് കൊണ്ടുപോയി എവിടെയെങ്കിലും ഡ്രോപ്പ് ചെയ്ത് പോന്നാലോ?''
ജോഷന് സങ്കടം തോന്നി. അവന്‍ നിസ്സഹായതയോടെ ഷബീറിനെ നോക്കി. ""അത് വേണോ ഷബീറേ, എന്തൊക്കെ പറഞ്ഞാലും എന്റെ കൈയ്യല്ലേടാ അത്? അങ്ങനെ എവിടെയെങ്കിലുമൊക്കെ ഇട്ടിട്ട് പോരുന്നതെങ്ങനെയാ?'' അവന്റെ ശബ്ദം ഇടറി.
പെട്ടെന്നാണ് പറഞ്ഞതിന്റെ അബദ്ധം ഷബീറിന് പിടി കിട്ടിയത്, അവനത് തിരുത്തി. ""അല്ലെങ്കിലും എവിടെയെങ്കിലും ഉപേക്ഷിക്കുന്നത് അത്ര ബുദ്ധിയല്ല. ആരേലും അതും തൂക്കി പിടിച്ച് പോലീസ് സ്റ്റേഷനിലെത്തിയാല്‍ പിന്നെ അത് മതിയാവും വള്ളി പിടിക്കാന്‍. ഒരു കൈയ്യാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഒരിക്കലും പിടികിട്ടാത്ത രീതിയില്‍ അടക്കം ചെയ്യുകയായിരിക്കും നല്ലത്.''
""ഞാനും അങ്ങനെത്തന്നെയാണ് ചിന്തിച്ചത്. പക്ഷേ എവിടെ കൊണ്ടുപോയി കുഴിച്ചിടും?'' ജോഷന്‍ ചോദിച്ചു.
അതൊരു ചോദ്യമായിരുന്നു. കുറച്ച് ദൂരെയാവണമെന്ന ഒറ്റ നിര്‍ബന്ധമേ ജോഷന് ഉണ്ടായിരുന്നുള്ളൂ. രണ്ടുപേരും ചേര്‍ന്ന് ഒരുപാട് സ്ഥലങ്ങള്‍ ആലോചിച്ചു. കോര്‍പ്പറേഷന്റെ മാലിന്യകൂമ്പാരത്തിനടുത്ത വലിയ കാട്ടില്‍, കാഞ്ഞേലി പാലത്തിന്റെ ചുവട്ടില്‍, പഴയ കോടതിയുടെ അടുത്ത് വാഹനങ്ങള്‍ പിടിച്ചിട്ട വലിയൊരു കോമ്പൗണ്ട് ഉണ്ട്. അതിന്റെ ഉള്ളില്‍ എവിടെയെങ്കിലും. അതിലൊന്നും അവര്‍ക്ക് തൃപ്തി വന്നില്ല. ഒടുവില്‍ മടിച്ച് മടിച്ച് ഷബീറൊരു കാര്യം പറഞ്ഞു.
""ഒരയിഡ്യ ഉണ്ട്. ഒരിക്കലും പിന്നെ അതിനെക്കൊണ്ട് യാതൊരു വയ്യാവേലിയും ഉണ്ടാവില്ല. പക്ഷേ സംഗതി കുറച്ച് ഡാര്‍ക്കാണ്.''
""നീ കാര്യം പറയ്..''
""പുഴയിലെറിഞ്ഞാല്‍ മതി.'' ഷബീര്‍ ഒന്ന് നിര്‍ത്തി അവനെ നോക്കി, പിന്നെ പതിയെ പറഞ്ഞു. ""പക്ഷേ, ചെറുതായിട്ടൊന്ന് കൊത്തിനുറുക്കേണ്ടി വരും.''
ജോഷന്‍ വലതുകൈകൊണ്ട് മുഖം അമര്‍ത്തിയുഴിഞ്ഞു. അവന്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. ""നിനക്ക് ചെയ്യാന്‍ കഴിയുമോ അത്?''
""എനിക്കോ?'' ചോദ്യം കേട്ടപ്പോള്‍ ഷബീറിന്റെ കണ്ണുതള്ളി.""നെവര്‍''
""അതായത് എന്റെ കൈ ഞാന്‍ തന്നെ നുറുക്കണമെന്ന് അല്ലേ? കൊള്ളാം.'' ജോഷന്റെ കണ്ണ് നനഞ്ഞു. ഷബീറിന്റെ ശിരസ്സ് താണു.
അങ്ങനെ കൈ എന്തു ചെയ്യണമെന്ന് കൃത്യമായ ഒരു ധാരണയിലുമെത്താതെ അവര്‍ പിരിഞ്ഞു. പക്ഷേ അപ്പോഴേക്കും മുറി പൂട്ടിയിടാനുള്ള തീരുമാനം ജോഷന്റെയുള്ളില്‍ ഉരുത്തിരിഞ്ഞു കഴിഞ്ഞിരുന്നു. അവന്‍ വീട്ടിലെത്തിയ ഉടന്‍ തന്നെ താക്കാല്‍ തപ്പിയെടുത്ത് അടുക്കളയില്‍ അരുണിമയില്ലാത്ത നേരം നോക്കി ഷോകേയ്‌സ് നീക്കി പടികളിറങ്ങി. മുറി ലോക്ക് ചെയ്ത് ചാവി പേഴ്‌സിലെ കള്ളയറയിലേക്ക് തിരുകി തിരിച്ചുകയറുകയും ചെയ്തു.
രാത്രി കിടക്കാന്‍ നേരം ഷബീറ് വിളിച്ചു. ജോഷന്‍ ഫോണെടുത്ത് പുറത്തേക്ക് നടന്നു. ""എടാ കുഴിച്ചിടാന്‍ പറ്റിയ ഒരു സ്ഥലം കിട്ടിയിട്ടുണ്ട്. ഒരാളും അറിയില്ല.'' ഷബീറിന്റെ ശബ്ദത്തില്‍ വല്ലാത്ത ആവേശം.
""എവിടെയാണ്?''
""നമ്മുടെ പുതിയ ബൈപ്പാസിന്റെ പണി നടക്കുകയാണല്ലോ ഇപ്പോള്‍. ഘട്ടം ഘട്ടമായി മണ്ണിട്ട് ഉയര്‍ത്തുകയാണ്. ഒരു ലെയറ് കഴിഞ്ഞ് അടുത്ത ലെയറിലേക്ക് എത്തിയിട്ടുണ്ട്. ഇലക്ഷനടുത്തതിനാല്‍ പണി നിര്‍ത്തിവെച്ചിരിക്കുകയാണ്. അവിടെയൊന്നും നട്ടാപ്പാതിരായ്ക്ക് ആരും കാണില്ല. നൈസായിട്ട് കാര്യം നടത്തി പോരാം. അങ്ങനെയാകുമ്പോള്‍ പിന്നീടൊരു പ്രശ്‌നവും ഉണ്ടാകാന്‍ സാധ്യതയുമില്ല.''
കേട്ടപ്പോള്‍ തരക്കേടില്ലെന്ന് ജോഷനും തോന്നി. ""എന്നാല്‍ ഞാന്‍ സാധനം റെഡിയാക്കിയിട്ട് നിന്നെ വിളിക്കാം.'' അവന്‍ ഫോണ്‍ കട്ട് ചെയ്ത്മുറിയിലേക്കെത്തിയപ്പോഴേക്കും അരുണിമ ഉറങ്ങിക്കഴിഞ്ഞിരുന്നു. അവളുടെ ഉറക്കത്തിന്റെ ആഴമറിയാന്‍ കുറച്ചുനേരം കൂടി കാത്തു.
പിന്നെ അടുക്കളയില്‍ നിന്നും കനമുള്ള രണ്ടുമൂന്ന് പ്ലാസ്റ്റിക് കവറുകള്‍ സംഘടിപ്പിച്ചു. പതുക്കെ പടവുകളിറങ്ങി. മുറി തുറന്ന് ഉള്ളില്‍ കയറി വാതില്‍ ഉള്ളില്‍ നിന്നും കുറ്റിയിട്ടു.
മേശക്ക് മുന്നിലേക്കെത്തിയതും ജോഷന്റെ ശരീരത്തിലൊന്നാകെ ഒരു വിറയല്‍ പടര്‍ന്നു. ജാറിനുള്ളിലെ ദ്രാവകത്തില്‍ അറ്റുകിടക്കുന്ന ഇടതുകൈയ്യിനെ അവന്‍ സൂക്ഷിച്ചുനോക്കി. നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു.
ഇനിയൊരിക്കലും കാണാന്‍ കഴിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ജോഷന്റെ നെഞ്ചിലൊരു കനം തൂങ്ങി. അവന്‍ ജാറിന് ചുറ്റും നടന്ന് കൈ അവസാനമായി കണ്ടു, വലതുകൈ വിരലുകള്‍ കൊണ്ട് ജാറിന്റെ പുറത്ത് തലോടി സ്വന്തം ഇടതുകൈയ്യിലും വിരലുകളിലുമെല്ലാം തൊടാതെ തൊട്ടു.
പിന്നെ പതുക്കെ ജാറിന്റെ മുകളിലുള്ള കെട്ടഴിക്കാന്‍ തുടങ്ങി. ജാറിനുള്ളിലെ അറ്റ കൈ ജീവനുള്ളതുപോലെ ഇളകിയാടി.. പൂവുപോലെ വിടര്‍ന്നുകിടക്കുന്ന അതിന്റെ വിരലുകള്‍ ജാറിന്റെ ചില്ലില്‍ സ്പര്‍ശിച്ചുക്കൊണ്ട് ഒന്ന് വട്ടത്തില്‍ കറങ്ങി. കെട്ടഴിച്ച ശേഷം അവന്‍ കൊണ്ടുവന്ന കവറുകളില്‍ നിന്നും ഒരെണ്ണമെടുത്ത് വലതുകൈയ്യിലേക്ക് കയറ്റി പല്ലുകള്‍ ഉപയോഗിച്ച് മുട്ടിനരികില്‍ വെച്ചുകെട്ടി. അല്‍പം വലിയ മറ്റൊരു കവര്‍ മേശപ്പുറത്ത് തുറന്നുവെച്ചു. പിന്നെ ജാറിനുള്ളിലേക്ക് കൈയ്യിട്ട് ഇടതുകൈ പതുക്കെ ഉയര്‍ത്തി.
പെട്ടെന്നായിരുന്നു എന്തോ ശബ്ദം ഉണ്ടായത്. ഞെട്ടിപ്പോയ അവന്റെ കൈയ്യില്‍ നിന്നും ഇടതുകൈ പൊടുന്നനെ താഴേക്ക് വഴുതി വീണു. മത്ത് പിടിപ്പിക്കുന്നൊരു ഗന്ധം മുറിയിലേക്കൊന്നാകെ വ്യാപിച്ചു. ജാറ് അടച്ചുകൊണ്ട് ജോഷന്‍ വാതില്‍ക്കലേക്ക് കാതോര്‍ത്തു. വലിയൊരു അരണ അടച്ചിട്ട വാതിലില്‍ ഒന്നുരണ്ടുപ്രാവശ്യം കൈകളും ചുണ്ടും ഉപയോഗിച്ച് പരതിയശേഷം എവിടേക്കോ അപ്രത്യക്ഷമായി. അവന്‍ നിലത്തുവീണ ഇടതുകൈയ്യിലേക്ക് നോക്കി. അതൊന്ന് പിടഞ്ഞുവോ? ജോഷന് ആദ്യമായി ഇടതുകൈയ്യിനോട് ഭയം തോന്നി. അവന്‍ കണ്ണുകള്‍ ഇറുകെയടച്ച് അത് പരതി വീണ്ടുമെടുത്ത് തുറന്നുവെച്ച കവറിനുള്ളിലേക്ക് തിരുകി കയറ്റി. മറ്റൊരു പ്ലാസ്റ്റിക് കവറിനുള്ളിലും കൂടിയാക്കിയ ശേഷം വേഗം പല്ലും വലതുകൈയ്യും ഉപയോഗിച്ച് കെട്ടി മേശപ്പുറത്തേക്ക് വെച്ചു. വായിലേക്ക് പടര്‍ന്നെന്ന് തോന്നിയ ചുവ തുപ്പിയും ശൂന്യമായിക്കിടന്ന ഇടതുചുമലിലേക്ക് ചുണ്ടുരച്ചും അവന്‍ കിതപ്പമര്‍ത്തി കണ്ണുകള്‍ ഇറുകെയടച്ചു.
ഷബീറായിരുന്നു വണ്ടിയോടിച്ചത്. ഇടതുകൈ പൊതിഞ്ഞ പ്ലാസ്റ്റിക്ക് കവര്‍ നെഞ്ചോടടുക്കിപ്പിടിച്ച് ജോഷന്‍ പിറകില്‍ നിശബ്ദനായി ഇരുന്നു. അന്നത്തെ അപകടത്തില്‍ ബോധം തിരികെ വരുമ്പോള്‍ ഇടതുഭാഗം ഉള്ളതായി തോന്നിയിരുന്നില്ല. മരവിച്ചുപോയതാവുമെന്നാണ് കരുതിയത്. സെര്‍വിക്കല്‍ കോളര്‍ ഇട്ടതുകൊണ്ട് ശരിക്ക് നോക്കാനും കഴിയില്ലായിരുന്നു. വലതുകൈക്ക് കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വലതുകൈകൊണ്ട് ഇടതുകൈ തടവാന്‍ ശ്രമിച്ചപ്പോഴാണ് ഞെട്ടിപ്പോയത്.
വല്ലാത്തൊരു ശൂന്യത! ഒരൊറ്റ ആര്‍പ്പില്‍ ആശുപത്രി കിടുങ്ങിപ്പോയി.
""ഇറങ്ങ്'' ഷബീര്‍ വണ്ടി നിര്‍ത്തി സൈഡ് സ്റ്റാന്റ് തട്ടി.
ജോഷന്‍ ഇടതുകൈയ്യും താങ്ങിപ്പിടിച്ച് ബൈക്കില്‍ നിന്നും ഇറങ്ങി. അപ്പോഴേക്കും ഷബീര്‍ വണ്ടിയുടെ പിന്നിലായി പൊതിഞ്ഞു കെട്ടിയിട്ടിരുന്ന ചെറിയ ബിക്കാസിന്റെ കെട്ടഴിക്കാന്‍ തുടങ്ങി. തീരെ വിജനമായ ഒരിടമായിരുന്നു അത്. അങ്ങിങ്ങ് മണ്ണ് കൂട്ടിയിട്ടത് കാണാം. എവിടുന്നൊക്കെയോ കുറുക്കന്മാരുടെ കൂവലുകള്‍ ഒഴുകിവരുന്നു.. കുറേക്കാലം മുമ്പ് കൂട്ടിയിട്ട ചുവന്ന മണ്‍കൂനകള്‍ ചിലതില്‍ പലതരം കുട്ടിമരങ്ങള്‍ നില്‍പ്പ് പരിശീലിച്ച് തുടങ്ങിയിട്ടുണ്ട്. കുറേഭാഗം റോഡിന്റെ വീതിയില്‍ മണ്ണ് നിരത്തിയിട്ടുണ്ട്. ഷബീര്‍ ബിക്കാസെടുത്ത് മുന്നോട്ട് നടന്നു. പിന്നാലെ ജോഷനും. ഒരുപാട് ദൂരം നടന്നുകഴിഞ്ഞപ്പോള്‍ അമര്‍ന്നുകഴിഞ്ഞ ചുവന്ന മണ്ണിന്റെ ഒരു ലെയറില്‍ ഷബീര്‍ കുഴി കുത്താന്‍ തുടങ്ങി. കുഴി അത്യാവശ്യം നല്ല ആഴമായിക്കഴിഞ്ഞപ്പോള്‍ അവന്‍ ജോഷനെ നോക്കി.
അവനപ്പോഴും കൈയ്യിലുള്ള പ്ലാസ്റ്റിക്ക് കവര്‍ നെഞ്ചോടടുക്കി പിടിച്ച് നില്‍ക്കുകയായിരുന്നു. ദേഷ്യം തോന്നിയ ഷബീര്‍ കവറ് പിടിച്ചുവലിച്ചുവാങ്ങി കുഴിയിലേക്കിട്ടു. ജോഷന്റെ ഇടതുകൈച്ചട്ടയ്ക്കുള്ളില്‍ നിന്നും വേദനയുടെ ഒരു മിന്നല്‍പ്പിണറുണ്ടായി. ""നിനക്കീ കിട്ടിയതൊന്നും പോരാ ലേ? അതും കെട്ടിപ്പിടിച്ചോണ്ട് നില്‍ക്കാണ് ഇപ്പോഴും.'' ഷബീര്‍ അതും പറഞ്ഞ് ബിക്കാസ് പരത്തി പിടിച്ച് ധൃതിയില്‍ മണ്ണ് നെരക്കിയിടാന്‍ തുടങ്ങി.
പൊടുന്നനെ ദൂരെ നിന്നും നാലഞ്ച് വെളിച്ചങ്ങള്‍ അവര്‍ക്കു നേരെ ഓടിവരുന്നത് ജോഷന്‍ കണ്ടു. ""ആരോ വരുന്നുണ്ടല്ലോ..''
ഷബീര്‍ നിവര്‍ന്ന് നിന്ന് നോക്കി. ""പോലീസാന്നാ തോന്നണത്, ഓടിക്കോ..'' അതും പറഞ്ഞ് ഷബീര്‍ ബിക്കാസെടുത്ത് വലത്തോട്ട് ചാടിയോടി. പിന്നാലെ ജോഷനും. പുല്ലുകളിലും മുളച്ചുപൊന്തിയ കാടന്‍ മരത്തൈകളിലും തട്ടി അവര്‍ അനവധി പ്രാവശ്യം വീണു. ഓടിയോടി കുടിവെള്ള പദ്ധതിക്കായി പൈപ്പ് അട്ടിയാക്കി വെച്ചിരുന്ന സ്ഥലത്തെത്തി. ഷബീര്‍ ഉടന്‍തന്നെ ജോഷനേയും വലിച്ച് അതിലൊരു പൈപ്പിനുള്ളിലേക്ക് കയറിപ്പറ്റി. അവര്‍ കിതച്ചുപോയിരുന്നു.
""വല്ലാത്തൊരു മാരണമായിപ്പോയി.'' ഷബീര്‍ പിറുപിറുത്തു.
കുറേ നേരം പൈപ്പിനുള്ളിലിരുന്ന് തിരിച്ചു പോരാന്‍ നേരം അവര്‍ നേരത്തെ കുഴിച്ച കുഴിക്കരികിലെത്തി. കുഴിക്കരികില്‍ നായ്ക്കളുടെ വലിയൊരു കൂട്ടം! ധൃതിയില്‍ അവറ്റകളെ എറിഞ്ഞോടിച്ച് നോക്കുമ്പോള്‍ കൈ പൊതിഞ്ഞുകൊണ്ടുവന്ന പ്ലാസ്റ്റിക് കവറുകള്‍ അവിടെയൊന്നാകെ ചിന്നിച്ചിതറി കിടക്കുന്നു.. ജോഷന്‍ ഷബീറിന് നേരെ സങ്കടത്തോടെ നോക്കി.
""കല്ലെടുത്ത് വെക്കണമെന്നെല്ലാം വിചാരിച്ചതായിരുന്നു. അപ്പോഴേക്കല്ലേ ആ നാറികള്‍....'' ഷബീര്‍ നിരാശപ്പെട്ടു.
തൊട്ടപ്പുറത്ത് നിന്നും നായ്ക്കളുടെ കടിപിടി ശബ്ദം ഉണ്ടായപ്പോള്‍ ഒരു വലിയ കല്ലെടുത്ത് ജോഷന്‍ അങ്ങോട്ട് പായാനോങ്ങി.
അപ്പോഴേക്കും ഷബീറ് വന്ന് തടഞ്ഞു. ""വേണ്ട. ഇനിയതിന്റെ പിന്നാലെ പോണ്ട. അത് കൂടുതല്‍ അപകടത്തിലാവും. വിട്ടേക്ക്."" മനസ്സില്ലാ മനസ്സോടെ കല്ല് താഴെയിട്ട് ശൂന്യമായ ഇടതുകൈച്ചട്ടയില്‍ വലതുകൈയ്യമര്‍ത്തി ഹൃദയം നുറുങ്ങുന്ന വേദനയോടെ അവന്‍ ഷബീറിന്റെ പിന്നാലെ നടന്നു.
വീടെത്തുന്നതുവരെ ജോഷന്‍ ഒന്നും മിണ്ടിയില്ല, ഷബീറും.
ഗേറ്റിങ്കല്‍ ജോഷനെ ഇറക്കി വിട്ട് ഷബീറ് പോയി. മുറ്റത്തെ പൈപ്പില്‍ നിന്നും കൈയ്യും കാലും മുഖവും കഴുകി ജോഷന്‍ ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്ന് ഉള്ളില്‍ കയറി. മുറിയിലെത്തി ലൈറ്റിട്ടപ്പോള്‍ അവന്‍ ഞെട്ടിപ്പോയി. അരുണിമ കട്ടിലില്‍ ഉറക്കമുണര്‍ന്നിരിക്കുന്നു!
ജോഷന്‍ അവള്‍ക്ക് നേരെ പതറിയ ഒരു ചിരിചിരിച്ചു.
""എവിടെ കൊണ്ടുപോയി കളഞ്ഞു?'' അവളുടെ ചോദ്യത്തില്‍ വിറയലുണ്ടായിരുന്നു.
""എന്ത്?'' ഷര്‍ട്ട് ഊരുന്നതിനിടയില്‍ ഒന്നുമറിയാത്തതുപോലെ ജോഷന്‍ അവള്‍ക്കു നേരെ നെറ്റി ചുളിച്ചു.
""ഇവിടെ നിന്നും കൊണ്ടുപോയത്.''
""നീ കിടന്നുറങ്ങാന്‍ നോക്ക്. വേണ്ടാത്തത് ആലോചിച്ചുകൂട്ടാതെ...''
""വേണ്ടാതെ വന്നത് നിങ്ങള്‍ക്കല്ലേ.. എനിക്കെങ്ങനെ ഉറങ്ങാന്‍ കഴിയും? നിങ്ങളേക്കാളും അതിനെ സ്‌നേഹിച്ചത് ഞാനായിരുന്നല്ലോ..'' അവളുടെ നിയന്ത്രണം വിട്ടു, തേങ്ങലുകളുയര്‍ന്നു.
ജോഷന്‍ പതുക്കെ അവള്‍ക്കരികില്‍ വന്നിരുന്നു.
""ചത്തുമലച്ച ചെറിയൊരു മാംസക്കഷണത്തിന്റെ പേരില്‍ നമ്മളെന്തിനാ വെറുതെ.... അത് പോട്ടെ. വിട്ടേക്ക്..''
""അല്ലെങ്കിലും എല്ലാ മനുഷ്യരും അങ്ങനെയാണ്, അവര്‍ അവയവങ്ങളെ ഒറ്റയ്‌ക്കൊറ്റക്ക് സ്‌നേഹിക്കില്ല. പകരം ശരീരത്തെ മൊത്തം ഭ്രാന്തമായി സ്‌നേഹിക്കും.''
ജോഷന് നൊന്തു. അവന്‍ അവളെ അണച്ചുപിടിച്ചു. ""ഞാന്‍ സ്‌നേഹിച്ചിരുന്നില്ല എന്ന് മാത്രം പറയല്ലേ നീ.. പ്ലീസ്'' അവന്‍ പതുക്കെ ലൈറ്റ് ഓഫ് ചെയ്തുകൊണ്ട് അവളേയും കൊണ്ട് കിടക്കയിലേക്ക് ചാഞ്ഞു. കുറച്ചുനേരം കൂടി തേങ്ങലുകള്‍ കേട്ടു.
""അല്ലെങ്കിലും ശരീരങ്ങളെയൊന്നും അങ്ങനയങ്ങ് വിശ്വസിക്കാന്‍ കൊള്ളില്ല.. പക്ഷേ, അവയവങ്ങളുണ്ടല്ലോ, അവയെ ഒറ്റയ്‌ക്കൊറ്റക്കെടുക്കുമ്പോള്‍ തനി പാവത്തുങ്ങളാ.. പൂക്കളെപ്പോലെ കണ്ണടച്ച് വിശ്വസിക്കാം.''
അവള്‍ പുലമ്പിക്കൊണ്ടേയിരുന്നു. ജോഷന്‍ എല്ലാറ്റിനും മൂളിക്കൊടുത്തു. അവന്റെ മനസ്സ് അപ്പോഴും ആ ബൈപ്പാസ് റോഡിലെ മണ്‍തിട്ടയിലായിരുന്നു. കടിപിടി കൂടുന്ന നായ്ക്കള്‍ക്കിടയിലായിരുന്നു. ഓര്‍ക്കുന്നതിനനുസരിച്ച് അവന്റെ ഇടതുകൈച്ചട്ടയില്‍ വേദന പെരുത്തു.
അവറ്റകളുടെ പല്ലുകള്‍ക്കിടയില്‍ കിടന്ന് വിരലുകളും എല്ലുകളും നുറുങ്ങുന്ന കറുമുറു ശബ്ദം അവന്‍ കേട്ടു.
ആ ശബ്ദം കേട്ട് കേട്ട് ജോഷന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
""ഓരോ അവയവവും അടിമകളാണ്.. നൂറായിരം രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പാവം അടിമകള്‍.'' അരുണിമ ഉറക്കത്തില്‍ പറയുകയാണ്.
അവന്‍ പതുക്കെ മൂളി.., മൂളിക്കൊണ്ടേയിരുന്നു. തുറന്നിട്ട ജന്നല്‍പ്പാളികള്‍ക്കിടയിലൂടെ ഉറക്കമണിഞ്ഞ തണുത്തൊരു കാറ്റ് മുറിയിലേക്ക് പാഞ്ഞുകയറി ഇരുവരേയും ഉറക്കെ കെട്ടിപ്പിടിച്ചു....
പതിയെ പതിയെ അവളുടെ വര്‍ത്തമാനം നിന്നു, അവന്റെ മൂളക്കവും.
വലതുകൈച്ചട്ടയില്‍ വല്ലാത്ത നീറ്റല്‍ അനുഭവപ്പെട്ടപ്പോഴാണ് ജോഷന്‍ പിന്നെ ഉണരുന്നത്. കണ്‍പോളകള്‍ ചീര്‍ത്ത് തടിച്ചതിനാല്‍ പാതിയേ തുറക്കാന്‍ പറ്റിയുള്ളൂ. ശരീരത്തിനുള്ളിലെവിടൊക്കെയോ കടുത്ത വേദന.. ജോഷന്‍ തല ചെരിച്ച് അരുണിമ കിടക്കുന്നിടത്തേക്ക് നോക്കി.
ആളില്ല!
മൊബെലെടുക്കാനായി പതുക്കെ കൈയ്യുയര്‍ത്താന്‍ ശ്രമിച്ചു.
വല്ലാത്തൊരു ഞെട്ടലോടെ വലതുകൈച്ചട്ടയിലേക്ക് ജോഷന്‍ തുറിച്ചുനോക്കി, പൊടുന്നനെ ചോരയുടെ മനംമടുപ്പിക്കുന്ന മണം മൂക്കിലേക്ക് കൂര്‍ത്തുകയറുന്നത് അവനറിഞ്ഞു.
(ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 20-ല്‍ പ്രസിദ്ധീകരിച്ച കഥ)
വി.കെ. ബാബു
Jan 28, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read
മധുപാൽ
Jan 05, 2023
5 Minutes Read