കളിബാധ,
വിനോയ് തോമസിന്റെ കഥ
- വായിക്കാം, കേള്‍ക്കാം
കളിബാധ, വിനോയ് തോമസിന്റെ കഥ - വായിക്കാം, കേള്‍ക്കാം
14 Oct 2022, 10:18 AM
വിന്സാച്ചന് ഒരു വിടുവായനാണ്.
ആളുകളുമായി കമ്പനികൂടുമ്പോള്‍ അങ്ങേര് അടിച്ചുവിടുന്ന കഥകളെല്ലാം മിക്കവാറും ഒന്നാന്തരം നുണകളായിരിക്കും.
എന്നാലും ആ പറച്ചില് കേള്‍ക്കാന്‍ ഒരു രസമുണ്ട്.
""അവന് അന്യായ കാശും പത്രാസുമുള്ളതുകൊണ്ടല്ലേ ഈ വളിപ്പു കേള്‍ക്കാന്‍ വേണ്ടി ഓരോരുത്തന്‍മാര് അവന്റെ മുന്നിപ്പോയി ഇരുന്നുകൊടുക്കുന്നത്?''
വിന്‍സാച്ചന്റെ അളിയന്‍ കുറ്റി ജീജോ ഇടയ്ക്ക് പറയും.
വെള്ളമടിച്ച് നാറിനടക്കുന്ന
അവന്റെ വാക്കുകളൊന്നും ആരും മൈന്‍ഡാക്കാറില്ലെങ്കിലും ഈ പറയുന്നതില്‍ കുറച്ചൊക്കെ കാര്യമുണ്ട്. ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ കാശുകാരനാണ് വിന്‍സാച്ചന്‍.
കാഴ്ചയ്ക്കു തന്നെ മുതലാളിയായ വിന്‍സാച്ചനെ ഞങ്ങള്‍ അടുപ്പക്കാര്‍ മാത്രമാണ് അങ്ങനെ വിളിക്കുന്നത്. പുറത്തേക്കൊക്കെ കെ. ടി. സെബാസ്റ്റ്യനെന്നു
പറഞ്ഞാലേ ആളെ മനസ്സിലാകൂ. അങ്ങനെ മനസ്സിലാക്കുന്നവര്‍ വിന്‍സാച്ചനെ
കണ്ടാല്‍ ഒന്ന് കൂഞ്ഞിനില്‍ക്കും. കാരണം കേരളത്തിലെ വമ്പന്‍ അബ്കാരിയാണ് ഈ കെ. ടി. സെബാസ്റ്റ്യനെന്ന് അറിയാവുന്നവര്‍ക്കറിയാം.
ഈസ്റ്റ്‌ലാന്റ് എന്നപേരിലുള്ള മൂന്ന് ഡിസ്റ്റലറികള്‍ ഇപ്പോള്‍ വിന്‍സാച്ചന്
സ്വന്തമായിട്ടുണ്ട്. ദശമൂലാരിഷ്ടത്തിന്റെ ചുവയുള്ള ബ്രാണ്ടി, നറുനീണ്ടി
രുചിയുള്ള വൈറ്റ് റം, തുളസിമണമുള്ള വിസ്‌കി എന്നിങ്ങനെ വെറൈറ്റി ടേസ്റ്റുള്ള
സാധനങ്ങള്‍ വിന്‍സാച്ചന്റെ ഡിസ്റ്റലറികളിലേ ഉണ്ടാക്കുന്നുള്ളൂ.
ഈസ്റ്റ്‌ലാന്റിന്റെ ടോപ്പ് ഐറ്റം ഡാഡിവര്‍ക്കി എന്നു പറയുന്ന റമ്മാണ്.
വിന്‍സാച്ചന്റെ മരിച്ചുപോയ അപ്പന്റെ പേരാണ് വര്‍ക്കി.
""അതെപ്പളാടാ അതിരുമാന്തി വര്‍ക്കി ഡാഡീവര്‍ക്കിയായത്? ഇങ്ങനത്തെ ഊമ്പിയ നാട്ടുകാരുള്ളിടത്തോളം കാലം കാശൊണ്ടെങ്കില്‍ ഏത് പരവെട്ടിക്കൊണവനും കേറി ദൈവമാകാം.''; ഡാഡിവര്‍ക്കി ബ്രാണ്ടി കാണുമ്പോഴൊക്കെ കുറ്റിജീജോ പറയും.
പക്ഷെ ജീജോ എന്തു കുറ്റംപറഞ്ഞാലും വിന്‍സാച്ചന്‍ അത്ര
മോശക്കാരനാണെന്ന് ഞങ്ങള് സമ്മതിക്കില്ല. വെറും കാശുകാര്‍
മാത്രമായവരേപ്പോലെ അരിപ്പയൊന്നുമല്ലല്ലോ വിന്‍സാച്ചന്‍.
ഞങ്ങള് കമ്പനി കൂടുന്നതിന്റെ ചെലവ് മുഴുവന്‍ അങ്ങേരുടെ വകയാണ്.
അതു മാത്രമല്ല, നാട്ടില്‍ വിന്‍സാച്ചനേപ്പോലെ കാര്യങ്ങള്‍ വെടിപ്പായും
രസമായും പറയാന്‍ കഴിയുന്ന മറ്റാരുമില്ല. അതുകൊണ്ടാണ് വിന്‍സാച്ചന്‍
പറയുന്നത് കേട്ടിരിക്കാന്‍ ഞങ്ങള്‍ പോകുന്നത്. അല്ലെങ്കില്‍ എത്ര
കാശുകാരനാണെന്ന് പറഞ്ഞാലും ഒരു പരിധിവരെയല്ലേ നമ്മള്‍ക്ക്
സഹിക്കാന്‍ പറ്റൂ.
ഒന്നുകൂടിയിട്ട് കുറേനാളയില്ലേ എന്നുവിചാരിച്ചാണ് അന്ന് വൈതല്‍മലയിലെ
ഒരു റിസോട്ടിലേക്ക് ഞങ്ങള്‍ പോയത്. ഞങ്ങളെന്ന് പറഞ്ഞാല്‍ വിന്‍സാച്ചനുണ്ട്, ഞാനുണ്ട്, സജിമാഷുണ്ട്, കുരുമ്പുങ്കല്‍ ജോഷിയുണ്ട്. പിന്നെ ടൈലുകട
നടത്തുന്ന നവീനും. എല്ലാവരും അവിടെച്ചെന്ന് നിക്കറും ടീഷര്‍ട്ടുമിട്ട് ഫ്രീയായി
അടുക്കളയ്ക്കപ്പുറത്തുള്ള മുറ്റത്തേക്കിറങ്ങി.
റിസോട്ടിന്റെയടുത്തു താമസിക്കുന്ന ഒരാളുടെ കുളത്തില്‍നിന്നും
കാശുകൊടുത്തു പിടിച്ച നട്ടര്‍മീന്‍, ബാര്‍ബിക്യൂവിന്റെ അടുപ്പില്‍വെച്ച്
ചുടുന്നതിനിടയിലാണ് ഞങ്ങളുടെ സംസാരം. ഇടയ്ക്ക് വിന്‍സാച്ചന്‍ കൊണ്ടുവന്ന ഡാഡിവര്‍ക്കി റമ്മും അടിക്കും. അപ്പന്റെ പേര് മോശമാകാതിരിക്കാന്‍
വിന്‍സാച്ചന്‍ ഡാഡിവര്‍ക്കി റമ്മില്‍ മാത്രം നൂറ്റുക്ക് പത്തെന്ന അളവില്‍ യഥാര്‍ത്ഥ കരിമ്പിന്‍ സ്പിരിറ്റ് ചേര്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ആ റമ്മ് മെച്ചപ്പെട്ട് നില്‍ക്കുന്നത്.
രാത്രിയിലങ്ങനെയിരിക്കുമ്പോള്‍ വിന്‍സാച്ചന്‍ പല കഥകളും പറഞ്ഞു.
ഞങ്ങളതൊക്കെ മൂളിക്കേട്ടു. അതൊന്നും ഇപ്പോള്‍ എന്റെ മനസ്സില്‍ വരുന്നില്ല.
മറഡോണ മരിച്ചു എന്നുള്ള കാര്യം മൊബൈലില്‍ കണ്ടപ്പോള്‍ വിന്‍സാച്ചന്‍ പറഞ്ഞതു തൊട്ട് തുടങ്ങാം.
""ശ്ശെടാ, ഇവന്‍ തട്ടിപ്പോയല്ലേ. എന്നെ കൊറേയിട്ട് കഷ്ടപ്പെടുത്തീതാ.''
""മറഡോണ വിന്‍സാച്ചനേം കഷ്ടപ്പെടുത്തിയോ?'' പീറ്റര്‍ ഷില്‍ട്ടന്റെ
ആരാധകനായ കുരുമ്പുങ്കല്‍ ജോഷി ചോദിച്ചു.
""പിന്നെ, അതൊക്കെ പറയാതിരിക്കുവാ ഭേദം. ഓരോന്ന് വന്ന് കേറുന്നതല്ലേന്ന്. ബോബിച്ചെറക്കന്‍ വെഷമിക്കരുതല്ലോന്നു കരുതിയാ ഞാനതിനാത്തിടപെട്ടത്.'
വിന്‍സാച്ചന് ഈ ബോബിയോട് എന്തോ വലിയ കടപ്പാടുണ്ടെന്ന് അങ്ങേര്
പണ്ടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.
""ഏത് ബോബിച്ചെറുക്കന്‍?'' വിന്‍സാച്ചന്റെ ബന്ധങ്ങളറിയാത്ത സജിമാഷ്
ഇടയ്ക്കു കയറി ചോദിച്ചു.
""എടാ ബോബി ചെമ്മണ്ണൂര്, വിന്‍സാച്ചന്റെ ഭാര്യ ലൈലച്ചേച്ചീടെ അടുത്ത ബന്ധുവല്ലേ കക്ഷി.'' നവീന്‍ പറഞ്ഞു.
""അതെയോ?'' സജിമാഷക്ക് അത് പുതിയ അറിവായിരുന്നു. വിന്‍സാച്ചന് ആ ചോദ്യം അത്ര പിടിച്ചില്ല. അങ്ങേര് പിന്നെ സജിമാഷിന്റെ നേര്‍ക്ക്
ശ്രദ്ധിക്കാതെയാണ് കഥ പറഞ്ഞത്.
""എനിക്കെന്ന് പറഞ്ഞാ ജീവിതത്തിലിന്നുവരെ ഒരത്യാവശ്യം വരുന്ന ഘട്ടത്തില്‍ ആരെങ്കിലുമൊക്കെയായിട്ട് സഹായിക്കാനുണ്ടാകും.''
അതുപറഞ്ഞിട്ട് കനലിനു മുകളിലെ വലയില്‍ക്കിടന്ന് കരിയുന്ന നട്ടറിനെ
നോക്കി വിന്‍സാച്ചന്‍ കുറച്ചുനേരം വെറുതേനിന്നു. എന്തോ ഒരു വിഷമം
അങ്ങേരുടെ മുഖത്തുണ്ട്.
""ഇവിടെയിപ്പഴാരാ സഹായിച്ചത്?''മറഡോണക്കഥയിലേക്ക് തിരിച്ചുവരാന്‍
വേണ്ടി ഞാന്‍ ചോദിച്ചു.

""അത് പറഞ്ഞാലേ മൊത്തം പറയണം. രണ്ടായിരത്തി പന്ത്രണ്ടില്
ബോബിച്ചെറക്കനൊരു പ്രാന്ത് കേറീട്ട് ഈ മറഡോണേനെ കണ്ണൂര്
കൊണ്ടന്നാരുന്നല്ലോ. കാര്യം എല്ലാരും വല്ല്യ കേമവാന്നൊക്കെ പറയും.
പക്ഷെ സംഗതി പുലിവാലാരുന്നു.''
""അത് വിന്‍സാച്ചന് ഫുട്‌ബോളുകളി ഇഷ്ടമില്ലാത്തതുകൊണ്ടാ.'' കുരുമ്പുങ്കല്‍ ജോഷി പറഞ്ഞു.
""ഏത് മറ്റോനാടാ എനിക്ക് ഫൂട്‌ബോള് ഇഷ്ടമില്ലാന്ന് നിന്നോട് പറഞ്ഞത്? തൈക്കൂട്ടത്തിലച്ചന്റെ കാലത്ത് നെടുംപോയില്‍ ടീമിന്റെ ക്യാപ്റ്റന്‍
ഞാനാ. അതുവല്ല, ഞങ്ങടെ കത്തോലിക്കാ തിരുസഭേടെ കളിയല്ലേ ഫുട്‌ബോള്. അത് നിനക്കറിയാവോ?''
""അതെങ്ങെനെയാ?'' സജിമാഷക്ക് അതിനും സംശയമായിരുന്നു.
""എടാ എവിടെയൊക്കെയാ ഈ കളിയൊള്ളത്? ഇറ്റലി, സ്‌പെയിന്‍, ജര്‍മ്മനി,
പോര്‍ച്ചുഗല്ല്, യൂറോപ്പിലെ ശുദ്ധകത്തോലിക്കാ രാജ്യങ്ങളല്ലേ എല്ലാം.
ഇനി ലാറ്റിനമേരിക്കേലോ? ബ്രസീല്‍, അര്‍ജന്റീന, ചിലി, കൊളംബിയ എല്ലാം ഞങ്ങള് കത്തോലിക്കരു പോയി ഉണ്ടാക്കിയെടുത്ത സ്ഥലങ്ങള്.
അതുകൊണ്ട് ഞാനും നമ്മടെ ഫ്രാന്‍സീസ് മാര്‍പ്പാപ്പേം ആ കളീടെ ആളുകള്
തന്നെയാ. പക്ഷെ കണ്ണൂര് നടന്നത് കളീടെ വിഷയമല്ലെന്നേ.''
""പിന്നെ?'' ജോഷി ചോദിച്ചു.
""പറയാം, ഈ മറഡോണ കണ്ണൂരെത്തിക്കഴിഞ്ഞ് ബോബിച്ചെറക്കന്റെ കടേടെ
പരസ്യത്തിന്റെ ഷൂട്ടിംഗിനൊക്കെ കൂടി. കളിയിഷ്ടമാണെങ്കിലും ഈ ആരാധനയൊന്നും നമ്മക്ക് ഒരു കോപ്പനോടുമില്ല. അതുകൊണ്ട് ഞാനങ്ങ്
പോയില്ല കെട്ടോ. അന്ന് രാത്രിയായപ്പോ ചെറുക്കനെന്നെ വിളിക്കുന്നു.
വിന്‍സാച്ചാ എങ്ങനെയെങ്കിലും സഹായിച്ചേ പറ്റൂള്ളൂ.
എന്നതാടാ നീ കാര്യം പറാന്നായി ഞാന്.
""മറഡോണച്ചായന്റെ ഒരു ബ്രാന്റ് സാധനമൊണ്ട്.
അത് കിട്ടീങ്കിലേ നാളെ അങ്ങേര് റൂമീന്ന് വെളീല്‍ വരൂള്ളൂ. ഏതാണ്ടൊരു
സാധനത്തിന്റെ പേരും അവന്‍ പറഞ്ഞു. പാതി രാത്രീലെവിടുന്നാടാ
ഞാനതൊണ്ടാക്കുന്നെ. നാളെ ഒരു പത്തുമണിയാകുമ്പഴത്തേക്കും
സാധനമെത്തിക്കാം. നീ സമാധാനമായിട്ട് കെടന്നൊറങ്ങെന്ന് ഞാനും പറഞ്ഞു. അവന്‍ കെടന്നൊറങ്ങി. പക്ഷെ എന്റെ സമാധാനമല്ലേ പോയത്.''
""അതെന്നാ വിന്‍സാച്ചാ?'' ഞാനാണ് ചോദിച്ചത്.
""ബോബിച്ചെറുക്കന്‍ വിളിച്ചുവെച്ച് കൊറച്ചുകഴിഞ്ഞപ്പോ അവന്റെ മാനേജര് വിളിച്ചു. അപ്പഴല്ലേടാ എനിക്ക് കാര്യം മനസ്സിലായത്. ???ഈ മറഡോണേടെ ചരിത്രവെന്നതാ? അര്‍ജന്റീനേന്ന് ഫുട്‌ബോള് കളിക്കാനാണല്ലോ അവന്‍ നേപ്പിള്‍സില്‍ വന്നത്. പക്ഷെ അവിടെ ശരിക്കും കളിയല്ല, കളിപ്പീരാരുന്നു. കാര്യം പറഞ്ഞാ ഇറ്റലി നമ്മള് കത്തോലിക്കരുടെ ഒന്നാംനമ്പറ് സ്ഥലവാ. പക്ഷെ അന്ന് അവിടെ എല്ലാം നിയന്ത്രിക്കുന്നത് ലഹരി ബിസിനസുകാരാ. അതിപ്പോ ഫുട്‌ബോളുകളിയാണെങ്കിലും ശരി, സിനിമയാണെങ്കിലും ശരി, ഭരണമാണെങ്കിലും ശരി അവന്‍മാര് തീരുമാനിക്കും കാര്യങ്ങള്.
മറഡോണ എങ്ങനെ കളിക്കണന്ന് മാഫിയക്കാരാ തീരുമാനിച്ചത്.''
""അതെയോ?''
""പിന്നല്ലാതെ, മറഡോണയ്ക്ക് ജൂലിയാനോന്നും പറഞ്ഞ് ഒരു മൊതലാളിയുമായിട്ട്
കൂട്ടൊണ്ടാരുന്നു. അവനാണ് സകല വൃത്തികേടും പഠിപ്പിച്ച് മറഡോണേനെ
തകര്‍ത്തത്. കണ്ണൂര് വരുന്ന സമയത്തുണ്ടല്ലോ തലയ്ക്കടിസാധനമില്ലാതെ
എഴുന്നേല്‍ക്കിയേലാത്ത അവസ്ഥേലാരുന്നു കക്ഷി. ആ പാതിരാത്രീലേ ഞാന്‍
ഉണ്ടാക്കണ്ടതെന്നതാ... ലോകത്തെ ഏറ്റവും കൂടിയ കമ്പക്കെട്ടൈറ്റം.
ഞാന്‍ പെട്ടോ പെട്ടില്ലയോ?''
""ഇതൊക്കെ അടിച്ചാല്‍ കളിക്കാനുള്ള ആരോഗ്യമുണ്ടാകുവോ ഇവന്‍മാര്‍ക്ക്?''
സജിമാഷ് ചോദിച്ചു.

""മറഡോണ ബോബിച്ചെറക്കനോട് നേരിട്ട് പറഞ്ഞതെന്നാന്ന് കേക്കണോ?''
അച്ചായന്‍ സജിമാഷടെ നേരെ നോക്കാന്‍ തുടങ്ങി.
""ബോബിക്കതിന് സ്പാനിഷറിയുവോ?'' ഞാന്‍ ഒരു കുനഷ്ട് ചോദിച്ചു.
""എടാ ബോബീന്ന് പറഞ്ഞാല്‍ ആരാ? ആറാംക്ലാസ്സില്‍ പഠിക്കുമ്പോ അപ്പന്റെ
ബെന്‍സുമെടുത്ത് ഹൈവേക്കൂടി ഒറ്റ ഓടീരോടിച്ചോനാ. അവനീ സ്പാനീഷ്
പഠിക്കാന്‍ വല്ല സമയോം വേണോ.
മറഡോണ അവനോട് പറഞ്ഞുപോലും, പൗഡറും കറുപ്പും കഞ്ചാവുമടിക്കുന്ന നാട്ടിലേ ഫൂട്‌ബോളും പാട്ടുമൊക്കെ ഒണ്ടാകത്തൊള്ളെന്ന്. അതിന്റെ കാരണമെന്നാന്നറിയാവോ. ഇതൊക്കെ അടിച്ചേച്ചിട്ടല്ലേ തന്തേം തള്ളേം മക്കളെ ഒണ്ടാക്കുന്നത്. അങ്ങനെ ഒണ്ടാകുന്നതുങ്ങക്ക് ഒടുക്കത്തെ പ്രാന്തന്‍ബുദ്ധിയാരിക്കും.
ആ ബുദ്ധിയുണ്ടെങ്കിലേ കാര്യങ്ങള് പിടിവിട്ടരീതിയില്‍ പായത്തൊള്ളൂ.''
മറഡോണ വന്ന ദിവസത്തെ കാര്യങ്ങളിലേക്ക് വിന്‍സാച്ചന്റെ ചിന്ത തിരിച്ചുവരാന്‍ കുറച്ചുസമയമെടുത്തു. ആരും മിണ്ടാതിയിരിക്കുന്നത് കണ്ടപ്പോള്‍
വിന്‍സാച്ചന്‍ പറഞ്ഞു.
""അവനും ആ ബുദ്ധിയൊണ്ടെന്ന് മനസ്സിലായതുകൊണ്ടാണ് ഞാന്‍
അവനേത്തന്നെ അന്വേഷിച്ചത്.''
""ആരെ?'' ജോഷി ചോദിച്ചു.
""സരുണിനെ, സാനുച്ചേട്ടന്‍ സ്വാമിവലിച്ച് മൂത്തിരിക്കുന്ന കാലത്ത് ഉണ്ടാക്കീതല്ലേ അവനെ. ഒടുക്കത്തെ തലയാ കഴുവേറിക്ക്.''
അതുപറയുമ്പോള്‍ വിന്‍സാച്ചന്റെ ഭാവം മാറിയതിന് കാരണം സാനുച്ചേട്ടനെ
ഓര്‍ത്തുണ്ടായ വിഷമമായിരിക്കാമെന്ന് എനിക്കു തോന്നി.
വിന്‍സാച്ചനെ ഏറ്റവുമധികം സഹായിച്ചിട്ടുള്ള ഒരാള് കൊടങ്ങരപ്പള്ളി
സാനുച്ചേട്ടനാണ്. അഞ്ചാറു വര്‍ഷം മുന്‍പ് മലയാറ്റൂര് ഒരു കല്ല്യാണവീട്ടില്‍ ഇതുപോലെ ഞങ്ങളെല്ലാം കൂടിയിരിക്കുമ്പോഴാണ് ആ സഹായത്തിന്റെ കഥ
വിന്‍സാച്ചന്‍ പറയുന്നത്. സത്യമാണോ എന്ന് ഉറപ്പില്ലാത്ത ആ കഥയുടെ തുടക്കം ഇങ്ങനെയായിരുന്നു.
""ഓ കൊതം, അന്നങ്ങനെ തോന്നീല്ലാരുന്നെങ്കില്‍ കെ. ടി. സെബാസ്റ്റ്യന്‍ ഇപ്പഴും
നാട്ടിക്കൂടെ മടലപൊളിച്ച് നടക്കുന്ന അവസ്ഥേലാരുന്നേനെ.''
""എന്നതാ തോന്നീത്?'' കഥയുടെ തുടര്‍ച്ചയ്ക്ക് വേണ്ടി ആരോ ചോദിച്ചു.
""അതോ, അന്ന് നമ്മടെ തൈക്കൂട്ടത്തിലച്ചനാണ് നെടുംപോയില്‍ പള്ളീലെ
വികാരി.''
""മദ്യവര്‍ജ്ജനോംകൊണ്ട് നടക്കുന്ന അച്ചനല്ലേ?''
""അതുതന്നെ. അങ്ങേര് നല്ലയൊരു മനുഷ്യനാ. അച്ചനാകാന്‍ പോയില്ലാരുന്നെങ്കില്‍ പുള്ളി വല്ല എം.എല്‍.എയോ മന്ത്രിയോ ഒക്കെ ആയേനേം. ആളുകളെ സംഘടിപ്പിക്കാനും കൂട്ടത്തില്‍ നിര്‍ത്താനും ഇത്രേം ഒരു മിടുക്കനെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഞങ്ങള് കൊറേ ചെറുപ്പക്കാര് എപ്പഴും അച്ചന്റെകൂടെ പള്ളിമുറീലും
പരിസരത്തുമായിട്ടുണ്ടാകും. വെറുതേയിരിക്കുവല്ല.''
""പിന്നെ?''
""ഞങ്ങക്കെല്ലാം എന്തേലുമൊക്കെ ഡ്യൂട്ടിയൊണ്ടാകൂന്നേ. ആരുടെയെങ്കിലും
പെരപണി, വഴിവെട്ടല്, ആശൂത്രീല്‍ കൂട്ടിരിക്കല്, കോര്‍ട്ടൊണ്ടാക്കല്, ഫുട്‌ബോളുകളി അങ്ങനെ ഓരോന്നും അച്ചന്‍ ഞങ്ങളേക്കൊണ്ട് ചെയ്യിപ്പിച്ചോണ്ടിരിക്കും.
നിങ്ങള് ചെയ്യെന്നു കല്‍പ്പിച്ച് എറക്കി വിടുവല്ല, പുള്ളീം കൂടെയുണ്ടാകും.
അതിപ്പോ വെള്ളമടീം പെണ്ണുപിടീം ഒഴികെ എല്ലാ പരിപാടിക്കും അച്ചന്‍
കൂടെകൂടും കെട്ടോ. സത്യത്തിലൊന്നാലോചിച്ച് നോക്കിക്കേ, അച്ചന്‍മാരുടെ ജീവിതത്തില്‍ വേറെന്നതാ ഒരു രസം?''
""ശരിയാ കെട്ടോ. ഈ അച്ചന്‍മാരെ കുറ്റം പറയുന്ന കഴപ്പന്‍മാരുണ്ടല്ലോ
അവന്‍മാര്‍ക്കാര്‍ക്കെങ്കിലും ഈ പള്ളീം പ്രാര്‍ത്ഥനേം മാത്രമായിട്ട് ഒരു ദിവസം ജീവിക്കാന്‍ പറ്റുവോ?''
ആരോ കൊഴുപ്പിച്ചു.
""പറ്റുവോ? ഞങ്ങടെ തൈക്കൂട്ടത്തിലച്ചന്‍ അങ്ങനെ സഹിക്കുവാണല്ലോന്ന്
എനിക്കൊരു തോന്നല് വന്നപ്പോഴാണ് മറ്റേ സംഭവത്തിന്റെ തൊടക്കം.''
""ഏത് സംഭവം?'' കല്ല്യാണവീട്ടിലെ ഏതോ ഒരുത്തനാണ് ആ ചോദ്യം ചോദിച്ചത്.

""അച്ചന് നെല്ലിക്കാരിഷ്ടം വല്ല്യ കാര്യവാ. രാവിലേം വൈകുന്നേരോം
രണ്ടൗണ്‍സ് വെച്ച് അത് കഴിക്കുന്നതുകൊണ്ടാ ഈ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ ചാടിച്ചാടി നില്‍ക്കാന്‍ പറ്റുന്നേന്നാ അച്ചന്‍ പറയുന്നെ. അച്ചന്റെ
പെങ്ങമ്മാര് ആരാണ്ടാണ് തീരുമ്പോ തീരുമ്പോ ഈ അരിഷ്ടം കൊണ്ടുവന്ന് കൊടുക്കുന്നത്. ഒരു ദിവസം ഞാന്‍ നോക്കുമ്പോ അച്ചന്‍ മൗനപ്പെട്ടിരിക്കുവാ.
സംഗതിയെന്നാ, അരിഷ്ടം തീര്‍ന്നുപോയി. അന്ന് ഞാന്‍ തീരുമാനിച്ചു,
അച്ചന് മൂന്നാല് കുപ്പി അരിഷ്ടം കൊണ്ടക്കൊടുത്തേ പറ്റൂന്ന്.''
""എവിടുന്ന് സംഘടിപ്പിച്ചു?'' കഥ മുന്നോട്ടുപോകാനുള്ള ചോദ്യം വന്നു.
""അതല്ലേ കഥ. മരിച്ചുപോയ കൊടങ്ങരപ്പള്ളി സാനുച്ചേട്ടന്‍ അന്ന് നമ്മടെ നാട്ടിലെ പേരുകേട്ട വൈദ്യനാ. ഈ ഹോര്‍ത്തൂസ് മലബാറിക്കസ് ഒക്കെയെഴുതിയ
ഇട്ടിയച്ചുതന്റെ പാരമ്പര്യത്തില്‍ വരുന്നയാളാണ് സാനുച്ചേട്ടന്‍.
ഒരു കൊഴപ്പമുള്ളതെന്താന്നു വെച്ചാല്‍ പുള്ളി ദിവസം രണ്ടുപൊതി സ്വാമി തെറുത്ത് വലിക്കും.''
""സ്വാമിയോ?''
""ങാ, കഞ്ചാവ്. പറ വിന്‍സാച്ചാ.'' കഥയ്ക്കിടയില്‍ ചോദ്യം വന്നത് കല്ല്യാണവീട്ടിലെ കേള്‍വിക്കാരിലൊരാള്‍ക്ക് ഇഷ്ടപ്പെട്ടില്ല.
""അതെ, പക്ഷെ എന്നാ കുന്തം വലിച്ചാലും ദൈവത്തിന്റെ കൈപ്പുണ്യവാ
അങ്ങേര്‍ക്ക്. അത് അന്നാണെനിക്ക് ആദ്യമായിട്ട് മനസ്സിലാകുന്നത്.
ഞാന്‍ സാനുച്ചേട്ടന്റെ അടുത്തുചെന്ന് അച്ചനു വേണ്ടീട്ട് നെല്ലിക്കാരിഷ്ടമുണ്ടോന്ന് ചോദിച്ചപ്പോള്‍ പുള്ളി പ്രത്യേകം ഉണ്ടാക്കിയ സാധനം നാലുകുപ്പി എനിക്ക് എടുത്തുതന്നു. നല്ല അട്ടച്ചോരപോലത്തെ ആ അരിഷ്ടം കൈയ്യിലിരുന്നപ്പഴാണ്
ഒരു സ്റ്റെപ്പുംകൂടി മുന്നോട്ട് വെട്ടിച്ചാലോന്ന് എനിക്ക് തോന്നുന്നത്.''
""അതെന്നെതാ കളി?''
""അതെന്നതാന്ന് ചോദിച്ചാല്, അരിഷ്ടമുണ്ടാക്കിക്കഴിഞ്ഞ് ബാക്കി വരുന്ന
നെല്ലിക്കേടെ മരുന്നുചണ്ടിയുണ്ടല്ലോ. അതിട്ടിട്ട് സാനുച്ചേട്ടന്‍ വാറ്റൊണ്ടാക്കുന്ന
കാര്യം എനിക്കറിയാരുന്നു. അങ്ങേര് എന്തുസാധനം വാറ്റിയാലും അതിനാത്ത്
കൊറച്ച് സ്വാമിയിടും. അപ്പോ സംഗതി വേറെ ലെവലാകും. അതുക്കൂട്ട്
ഒരു കുപ്പി ഞാനിങ്ങ് വാങ്ങിച്ചു. എന്നിട്ട് ഈ നാലുകുപ്പി
നെല്ലിക്കാരിഷ്ടത്തിനകത്തേക്ക് ഒഴിച്ച് അഞ്ചുകുപ്പിയാക്കി. ഈ
അഞ്ചുകുപ്പീംകൊണ്ടാണ് ഞാന്‍ അച്ചന്റെയടുത്ത് വന്നത്. കുപ്പി പൊട്ടിച്ച് മണത്തുനോക്കീതേ അച്ചന് അരിഷ്ടം ഇഷ്ടപ്പെട്ടു. അപ്പോത്തന്നെ രണ്ടൗണ്‍സ് ഊറ്റി
അങ്ങേര് കുടിച്ചു. എടാ ഇത് കൊള്ളാല്ലോന്നും പറഞ്ഞ് രണ്ടൗണ്‍സും കൂടി
അച്ചന്‍ കുടിച്ചു.''
""അച്ചന് പൂസായോ?''
ചോദ്യം കേട്ടപ്പോള്‍ വിന്‍സാച്ചന്‍ ഒന്നു ചിരിച്ചു.
""പൂസായതാണോ വെളിപാടുണ്ടായതാണോന്നൊന്നും എനിക്കറിയത്തില്ല.
കൊറച്ചുകഴിഞ്ഞപ്പോ അച്ചന്‍ എന്നെ അടുത്തേക്ക് വിളിച്ചു.
എന്നിട്ട് പറഞ്ഞു. 'മകനേ എന്റെ ജീവിതത്തില്‍ ഇതുപോലൊരു സന്തോഷം ഞാന്‍ അനുഭവിച്ചിട്ടില്ല. നിന്റെ കൈകൊണ്ടാണെനിക്കിത് ഊറ്റിത്തന്നത്.
നിനക്കിനി തിരിഞ്ഞുനോക്കണ്ടി വരിയേല.' അച്ചന്‍ രണ്ടുകൈയ്യും എന്റെ തലയില്‍ വെച്ചു. അത് ശരിക്കും ദൈവത്തിന്റെ കൈ തന്നെയാരുന്നു.''
വീണുപോയ അച്ചനെ എടുത്ത് മുറിയില്‍ കിടത്തേണ്ടിവന്നെങ്കിലും അന്നുതൊട്ട്
വിന്‍സാച്ചന് കയറ്റമായിരുന്നു. അങ്ങേര് സാനുച്ചേട്ടനെ ചീഫ് കെമിസ്റ്റാക്കി
ഒരു നാടന്‍ ഡിസ്റ്റലറി ആരംഭിച്ചു. അതങ്ങനെ ക്ലച്ചു പിടിച്ചു വരുമ്പോഴാണ്
തന്റെയൊരു ബന്ധുവിന് എറണാകുളത്ത് ഡിസ്റ്റലറിയുണ്ടെന്ന കാര്യം
സാനുച്ചേട്ടന്‍ പറയുന്നത്. പക്ഷെ അതിന്റെ ലൈസന്‍സ് മുടങ്ങിക്കിടക്കുകയാണ്.
വിന്‍സാച്ചന്‍ തിരുവനന്തപുരത്തുപോയി ആരെയൊക്കെയോ കണ്ട് ആ ഡിസ്റ്റലറി സാനുച്ചേട്ടന്റെ പേരിലേക്ക് മാറ്റി ലൈസന്‍സ് പുതുക്കി.
അങ്ങനെയാണ് ഈസ്റ്റുലാന്റുണ്ടാകുന്നത്. ഡിസ്റ്റലറിയിലെ പ്രധാനപ്പെട്ടയാള് സാനുച്ചേട്ടന്‍ തന്നെയായിരുന്നു. സാനുച്ചേട്ടന്‍ പുതിയ ഐറ്റംസ് പരീക്ഷിച്ചുണ്ടാക്കി ഡിസ്റ്റലറിയില്‍നിന്നും ഇറക്കാന്‍ തുടങ്ങിയതോടെ സംഭവം ഹിറ്റായി.
എല്ലാ കാര്യങ്ങളും വേണ്ടപോലെ നോക്കിനടത്തുകയെന്ന ഡ്യൂട്ടിയേ
വിന്‍സാച്ചനുള്ളൂ.
അങ്ങനെയിരിക്കുമ്പോഴാണ് സാനുച്ചേട്ടന് കിഡ്‌നിക്ക് അസുഖം വന്നത്. കിഡ്‌നി മാറ്റിവെക്കാന്‍ വേണ്ടി മുഴുവന്‍ കാശും മുടക്കിയത് വിന്‍സാച്ചനാണ്. അതോടെ സാനുച്ചേട്ടന്‍ ഡിസ്റ്റലറി വിന്‍സാച്ചന്റെ
പേരില്‍ എഴുതിക്കൊടുത്തു. അതൊന്നും വേണ്ടന്ന് വിന്‍സാച്ചന്‍ ഒത്തിരി പറഞ്ഞതാണ്. സാനുച്ചേട്ടന്‍ കേള്‍ക്കണ്ടേ. തന്റെ അവസാനമായെന്ന്
അങ്ങേര്‍ക്കുതന്നെ തോന്നിക്കാണണം.
എന്തായാലും കിഡ്‌നി മാറ്റിവെച്ചു കഴിഞ്ഞ് അധികകാലമൊന്നും സാനുച്ചേട്ടന്‍ ജീവിച്ചില്ല. അങ്ങേര് മരിച്ചുകഴിഞ്ഞപ്പോള്‍ വിന്‍സാച്ചന്‍ സാനുച്ചേട്ടന്റെ മകന്‍
സരുണിന് ഡിസ്റ്റലറിയിലെ ചീഫ് കെമിസ്റ്റിന്റെ ജോലി കൊടുത്തു.
നാല് സാനുച്ചേട്ടന്റെ തലയുള്ളവനാണ് സരുണ്‍. പക്ഷെ ആള് ഗുണംപിടിച്ചില്ല.
ഡിസ്റ്റലറിയില്‍ വന്നതില്‍ പിന്നെ സ്വാമി വലിക്കുന്ന ശീലം സരുണും തുടങ്ങി.
സാനുച്ചേട്ടന്‍ നേര്‍പകുതിക്ക് ചുക്കയിട്ട് ബീഡിയിലാക്കിയായിരുന്നു സ്വാമി
വലിച്ചിരുന്നതെങ്കില്‍ വേറൊന്നും ചേര്‍ക്കാത്ത തനിസ്വാമി പേപ്പറില്‍ ചുരുട്ടി വലിക്കുകാന്നുള്ളതാരുന്നു സരുണിന്റെ രീതി. വലിച്ചു വലിച്ച് കിളിപോയ സമയത്ത് സരുണ്‍ കോടതിയില്‍ ഒരു കേസുകൊടുത്തു.
വിന്‍സാച്ചന്‍ സാനുച്ചേട്ടനെ കൊന്ന് ഡിസ്റ്റലറി തട്ടിയെടുത്തെന്നായിരുന്നു
ആ കേസ്. വിന്‍സാച്ചന്റെ ശത്രുവായ അളിയന്‍ കുറ്റിജീജോയ്ക്കുപോലും
ആ കേസ് ഒരു നല്ല കഥമാത്രമായിട്ടാണ് തോന്നിയത്.
""അവന്‍ കൊല്ലുവൊക്കെ ചെയ്യും. പക്ഷെ ആ കഞ്ചാവുചെറുക്കന്‍
പറയുന്നതുപോലെയാ സംഭവിച്ചേന്ന് വെളിവൊള്ള ഏതെങ്കിലും കോടതി
സമ്മതിക്കുവോ?'' എന്നാണ് ജീജോ ചോദിക്കുന്നത്.
വിന്‍സാച്ചന്‍ സാനുച്ചേട്ടന് എന്തോ വിഷം കൊടുത്ത് കിഡ്‌നി കളഞ്ഞെന്നും അത് മാറ്റിവെക്കാന്‍ ആശുപത്രിയില്‍ കൊണ്ടുപോയി കിടത്തിയപ്പോള്‍ ഡോക്ടറെ
സ്വാധീനിച്ച് വിന്‍സാച്ചന്‍ കളിച്ചു എന്നുമാണ് സരുണിന്റെ കേസ്.
പാമ്പുകടിച്ച് മരിച്ച ഏതോ ഒരാളുടെ കിഡ്‌നിയാണ് അന്ന് സാനുച്ചേട്ടന്
വെച്ചതുപോലും. അതുകൊണ്ടാണ് സാനുച്ചേട്ടന്‍ കിഡ്‌നി മാറ്റിവെച്ച് അധികം കഴിയുന്നതിനു മുന്‍പ് മരിച്ചത് എന്നായിരുന്നു കേസില്‍ പറഞ്ഞത്.
കേസ് ചെലവടക്കം തള്ളിപ്പോകുന്നതിനു മുന്‍പുതന്നെ വിന്‍സാച്ചന്‍
സരുണിനെ ഡിസ്റ്റലറിയില്‍നിന്നും പുറത്താക്കിയിരുന്നു. ഈ കാര്യങ്ങളെല്ലാം
അറിയാവുന്നതുകൊണ്ടാണ് മറഡോണവിഷയത്തില്‍ വിന്‍സാച്ചന്‍
സരുണിന്റെ സഹായം തേടി എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നിയത്.
അതുകൊണ്ട് നട്ടര്‍മീന്‍ പൊളിച്ച് വെളുത്തുള്ളി ചമ്മന്തിയില്‍ മുക്കി തിന്നുന്നതിനിടയില്‍ ഞാന്‍ ഇങ്ങനെ ചോദിച്ചു.
""ഈ സരുണ് വിന്‍സാച്ചനെ സഹായിക്കുവോ?''
""എന്താണേലും അങ്ങനെയൊരു സാധനമുണ്ടാക്കാന്‍ ഇന്ന് എന്റെ അറിവില്‍
അവനല്ലാതെ വേറൊരാളില്ല. എനിക്ക് ചെറുപ്പത്തിലേ അവനെ അറിയാല്ലോ.
കാഴ്ചയ്ക്ക് അശുവാണെങ്കിലും അവന്‍ അത്ര മിടുക്കനാ. എന്റെ എളേ പെങ്ങള്
അനീറ്റേം അവനും ഒരുമിച്ചാ ബ്രണ്ണന്‍കോളേജില്‍ പഠിച്ചത്. പഠിപ്പുകഴിഞ്ഞ്
എറങ്ങീതേ സാനുച്ചേട്ടന്റെ മകനല്ലേന്നു കരുതി ഞാന്‍ ഡിസ്റ്റലറീല്
പണി കൊടുത്താരുന്നല്ലോ. പക്ഷെ അവന്‍ എനിക്കിട്ട് കേസൊണ്ടാക്കുവാ ചെയ്‌തെ.''
""അന്വേഷിച്ചിട്ട് കിട്ടിയോ അവനെ?'' കഥയില്‍നിന്ന് വിട്ടുപോകണ്ടെന്ന് കരുതി ഞാന്‍ ചോദിച്ചു.

""കിട്ടിയോന്ന് ചോദിച്ചാല്‍ നേരമൊന്നു വെളുക്കണ്ടേ. അന്നേരത്തേക്കും കണ്ണൂര്
ബഹളം തൊടങ്ങി. അങ്ങ് മംഗലാപുരം തൊട്ട് എറണാകുളംവരെയുള്ള
ഭ്രാന്തന്‍മാര് രാത്രീല്‍തന്നെ വന്ന് കൂടിയേക്കുവല്ലേ സ്റ്റേഡിയത്തില്.
രാവിലെ ഒന്‍പതുമണിയായപ്പോഴേക്കും ഹോട്ടലിന്റെ മുന്നിലൊള്ളോരും
സ്റ്റേഡിയത്തിലൊള്ളോരുമൊക്കെ വയലന്റാകാന്‍ തുടങ്ങി.
മറഡോണേനെ കണ്ടില്ലെങ്കില്‍ കണ്ണൂര് കത്തിക്കൂന്നൊള്ള വാശീലാണ് വട്ടന്‍മാര്. മാനേജരെന്നെ വിളിയോ വിളി. ഞാന്‍ സരുണിനെ അന്വേഷിച്ച്
പലേടത്തും വിളിച്ചു.''
""അവനെവിടെയാരുന്നു?''
""ഡിസ്റ്റലറീന്ന് ഞാന്‍ പറഞ്ഞുവിട്ടേപ്പിന്നെ അവന്‍ എതിലെയൊക്കെയോ
തെണ്ടിത്തിരിഞ്ഞു നടക്കുവാരുന്നു. ഒടുക്കം ഞാന്‍ കണ്ടുപിടിച്ചു.
കടമ്പൂരൊള്ള ഏതോ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സയന്‍സ് പഠിപ്പിക്കുവാണ്
കക്ഷി.അവനെ വിളിച്ചിട്ട് കിട്ടാഞ്ഞതുകൊണ്ട് ഞാനെന്തുചെയ്തു, വണ്ടിയെടുത്ത്
കടമ്പൂരേക്ക് പോയി.
വിളിച്ച മാനേജരോട് ഞാന്‍ പറഞ്ഞു, രഞ്ജിനീ ഹരിദാസിനേക്കൊണ്ട് വല്ല വളിപ്പും പറയിപ്പിച്ച് നേരംകൂട്ടാന്‍ നോക്കെന്ന്. കടമ്പൂര് ചെല്ലുമ്പോ ഇവന്‍ സ്കൂളിന്റെ
ക്വാര്‍ട്ടേഴ്സിലൊണ്ട്. കാര്യം എനിക്കെതിരെ കേസ്
കൊടുത്തിട്ടൊക്കെയുണ്ടെങ്കിലും അവനെന്റെ നേരേനിന്ന് ഒന്നും പറയേല.
ഞാനവനോട് ആവശ്യം പറഞ്ഞു. നിനക്ക് എന്തുവേണെങ്കിലും തരും,
മറഡോണ മുറീന്നെറങ്ങണം. അവനൊന്ന് ആലോചിച്ചു.''
ആ സമയത്ത് വിന്‍സാച്ചനും എന്തോ ഒന്ന് ആലോചിച്ചു. കഥയങ്ങ് മുന്നോട്ട് പോകട്ടെയെന്നു കരുതി ഞാന്‍ ചോദിച്ചു.
""എന്നിട്ട് സാധനം കിട്ടിയോ?''
""സാധനമൊക്കെ കിട്ടി. അവന്‍ സ്കൂളിന്റെ ലാബിലോട്ട് കേറി കതകടച്ചിട്ട്
എന്തൊക്കെയോ ചെയ്തു. രണ്ട് മണിക്കൂറ് കഴിഞ്ഞപ്പോ ഇറങ്ങിവന്ന് ഒരു പൊതി എന്റെ കൈയ്യില്‍ തന്നു. കുപ്പിയാണോ മരുന്നാണോന്നൊന്നും എനിക്ക് മനസ്സിലായില്ല. ഞാനതുംകൊണ്ട് കണ്ണൂര് ഹോട്ടലിലേക്ക് വിട്ടത് ആമ്പുലന്‍സ്
പോകുന്നപോലെയാ. മാനേജരുടെ കയ്യിലാണ് പൊതി കൊണ്ടോയിക്കൊടുത്തത്. ഹോ, സ്വര്‍ഗ്ഗം തൊറന്നു കിട്ടിയ സന്തോഷമാരുന്നു പുള്ളിക്ക്.
അങ്ങേരതും കൊണ്ട് റൂമിലേക്ക് പോയി.''
""അന്ന് മറഡോണയെറങ്ങാന്‍ താമസിച്ചിന്റെ കാരണം അതാരുന്നല്ലേ?'' സജിമാഷ് ചോദിച്ചു.
""പിന്നല്ലാതെ. ഒരു അരമണിക്കൂറ് കഴിഞ്ഞപ്പോ മറഡോണ ഹോട്ടലീന്നെറങ്ങി
സ്റ്റേഡിയത്തിലേക്ക് പോയി. പക്ഷെ ഞാനൊരു കാര്യം പറയാം.
ഈ മരിച്ചുകിടക്കുന്ന മറഡോണേടെ ആത്മാവിനെ എവിടെയെങ്കിലും വെച്ച്
കാണുകാണെങ്കില്‍ നിങ്ങള് ഒരുകാര്യം ചോദിക്കണം.''
""എന്നത്?'' ജോഷി ചോദിച്ചു.
""നിങ്ങള് കേരളത്തില്‍ വന്നാരുന്നോന്ന്. ഇല്ലെന്നേ അങ്ങേര് പറയൂള്ളൂ.''
""അതെന്താ?'' സജിമാഷാണത് ചോദിച്ചത്.
""എടാ ദുബായില്‍ പുള്ളി താമസിക്കുന്നിടത്തെന്ന് എന്തോ ഒന്ന് കൊടുത്ത്
ഓണാക്കിയിങ്ങ് കൊണ്ടന്നു. അതിന്റെ കെട്ട് പോയപ്പോ പുള്ളി ഉറങ്ങി.
പിന്നെ കേറീത് സരുണിന്റെ മരുന്നാ. അതിന്റെ കെട്ട് വിട്ടപ്പോ അങ്ങേര്
ദുബായിലെത്തി. പിന്നെ കേരളത്തില്‍ വന്ന കാര്യം എങ്ങനെയങ്ങേര് ഓര്‍ക്കും?
പക്ഷെ ഇതൊന്നും ബോബിച്ചെറുക്കന്‍ സമ്മതിക്കിയേല.''
കഥ പറഞ്ഞുതീര്‍ത്ത മട്ടില്‍ വിന്‍സാച്ചന്‍ ഗ്ലാസ്സിലുള്ളതുമെടുത്തോണ്ട്
റിസോട്ടിന്റെ പുറകിലുള്ള കുന്നുംപുറത്തേക്ക് കയറി. കഥയില്‍ എന്തൊക്കെയോ കൂടി പൂരിപ്പിക്കാനുണ്ടെന്നാണ് എനിക്കു തോന്നിയത്. കുറച്ചുകഴിഞ്ഞപ്പോള്‍
ഞാന്‍ പുറകേ ചെന്നു. വിന്‍സാച്ചന്‍ ആകാശത്തിലേക്കും നോക്കി ഒരു പാറപ്പുറത്തിരിക്കുകയായിരുന്നു.
""വിന്‍സാച്ചാ ഒരു കാര്യം പറഞ്ഞില്ല.''
""എന്നതാടാ?''
""മരുന്നുണ്ടാക്കിയതിന്റെ കൂലിയായിട്ട് സരുണിന് എന്താണ് അച്ചായന്‍ കൊടുത്തത്?''
വിന്‍സാച്ചന്‍ ഒന്നുംമിണ്ടാതെ കുറച്ചുനേരം ആകാശത്തേക്ക് നോക്കിയിരുന്നു.
""ആ നവീനവിടെയിരിക്കുന്നതുകൊണ്ടാ ഞാന്‍ അതേപ്പറ്റി ഒന്നും
പറയാതിരുന്നെ. ചോകോനല്ലേ അവന്‍?''
""അതെ.''
""ഉം, ഈ സരുണ് മാത്രമല്ല, അവന്റെ തന്തച്ചോകോനും ഒരുപ്രാവശ്യം എന്നോട് കൂലി ചോദിച്ചാരുന്നു. അയാള്‍ക്കൊള്ളത് അന്നേ കൊടുത്തു. ഈ സരുണിപ്പോ
എവിടെയാ ഉള്ളേന്ന് നിനക്കറിയാവോ?''
ഇല്ലെന്ന് ഞാന്‍ തലയാട്ടി.
""കണ്ണൂര് സെന്‍ട്രല്‍ ജയിലില്. നീയോര്‍ക്കുന്നുണ്ടോ രണ്ടായിരത്തിപതിനെട്ട്
ലോകകപ്പില്‍ നൈജീരിയേം അര്‍ജന്റീനേം തമ്മിലുള്ള കളി നടക്കുമ്പോ
മറഡോണ ഗാലറിയിലിരുന്ന് ഒരു ആക്ഷന്‍ കാണിച്ചു. അതിപ്പഴും യൂറ്റ്യൂബില്‍
കിടപ്പൊണ്ട്. കണ്ണൊക്കെ മുകളിലേക്കാക്കി പൊറകോട്ടൊരു മറിച്ചില്.
അത് കണ്ടപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി. ഈ സരുണും മറഡോണേടെ
ആളുകളും തമ്മില്‍ പിന്നേം ബന്ധമൊണ്ടായിട്ടുണ്ട്. സരുണുണ്ടാക്കിയ സാധനമടിച്ചിട്ടാണ് മറഡോണ ആ കളി കാണാന്‍ വന്നിരിക്കുന്നത്. പിറ്റേന്നുതന്നെ
സരുണ് താമസിക്കുന്നിടം ഞാന്‍ റെയ്ഡ് ചെയ്യിപ്പിച്ചു.
അവന്റെ മരുന്നും അടുപ്പും കിടുതാപ്പും എല്ലാംകൂടി പൊക്കിയെടുത്ത്
അന്നുള്ളിലിട്ടതാ. ഇനിയവന്‍ ഈ ജന്മത്ത് കുക്കു ചെയ്യേല.''
എന്നിട്ടും വിന്‍സാച്ചന്‍ അവനെന്താണ് ആവശ്യപ്പെട്ടെതെന്ന് പറഞ്ഞില്ല. പിന്നെയും പിന്നെയും ചോദിക്കുന്നത് മോശമാണല്ലോന്നു കരുതി ഞാന്‍ എഴുന്നേറ്റു.
അപ്പോള്‍ വിന്‍സാച്ചന്‍ എന്നോട് ചോദിച്ചു.
""എടാ, ഒരു ലോകകപ്പു ഫൈനലിലേ ഫ്രാന്‍സും ഇറ്റലീം തമ്മിലുള്ള
മത്സരത്തിനെടയ്ക്ക് മറ്റരാസി സിദാനോട് എന്തോ പറഞ്ഞില്ലേ.
അതിനാണ് സിദാന്‍ അവന്റെ നെഞ്ചിനിട്ട് തലവെച്ചിടിച്ചത്.
അതെന്നതാന്ന് നിനക്കറിയാവോ?'' വിന്‍സാച്ചന്‍ ചോദിച്ചു.
""സിദാന്റെ പെങ്ങളേപ്പറ്റി മോശവായിട്ട് പറയുവാ ചെയ്തേന്നാ കേള്‍ക്കുന്നെ.'' ഞാന്‍ പറഞ്ഞു.

""അതുതന്നെ. എന്റെ പെങ്ങള് അനീറ്റയുണ്ടല്ലോ, അവളും ഈ സരുണും ഒരുമിച്ച് പഠിച്ചതല്ലേ. അവര് തമ്മില് കോളേജീന്ന് എന്തോ ഒരു പ്രശ്നമുണ്ടായിരുന്നു.''
""എന്ത് പ്രശ്നം?''
""നിന്നോടായതുകൊണ്ട് പറയാം. ഈ സരുണിന് തൊടയ്ക്ക് വണ്ണമില്ല. ഈര്‍ക്കിലിപോലെയാ ഇരിക്കുന്നെ. ഒരിക്കല് കോളേജീന്ന് ഇവന്‍ ഫൂട്ബോള് കളിക്കാന്‍
നിക്കറുമിട്ടോണ്ട് വന്നപ്പോ ഇവള് ആ തൊടനോക്കി കൂട്ടുകാരികളോട്
എന്തോ പറഞ്ഞു ചിരിച്ചു. ഇവനത് കണ്ടു. അന്നവന്‍ ഫൂട്ബോളുകളി
നിര്‍ത്തീതാപോലും. കളിയാക്കിയേന്റെ വിരോധം അവന്റെ മനസ്സീന്ന്
പോയിട്ടില്ലാരുന്നെന്ന് മറഡോണ വന്ന ദിവസമാ ഞാന്‍ അറിയുന്നത്.''
പിന്നെ കുറച്ചുനേരം വിന്‍സാച്ചന്‍ മിണ്ടാതിരുന്നു. എന്നോടത് പറയണോ
വേണ്ടയോ എന്ന് ആലോചിക്കുകയായിരിക്കും.
""ഞാനിനി പറയുന്നത് നീയങ്ങ് കേട്ടിട്ട് അന്നേരെ മറന്നുകളഞ്ഞേക്ക്.
സാധനമുണ്ടാക്കിത്തരാന്‍ വേണ്ടി ആ പൊന്നുപൂടേശന്‍ ഒരു കാര്യമേ എന്നോട് പറഞ്ഞൊള്ളൂ. എന്റെ പെങ്ങള് അനീറ്റ നേരിട്ട് ചെന്നാലേ അവന്‍ മരുന്ന് കൊടുക്കൂള്ളെന്ന്. അന്ന് ഞാനല്ല, അനീറ്റയാ കടമ്പൂര്‍ക്ക് മരുന്ന് വാങ്ങിക്കാന്‍ പോയത്.”
ചോകോന്‍.... എന്നുതുടങ്ങുന്ന എന്തോ ഒരു തെറി പറഞ്ഞുകൊണ്ട് വിന്‍സാച്ചന്‍ എഴുന്നേറ്റു.
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 11 ല്‍ വന്ന കഥ
കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍. കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകള്‍, രാമച്ചി എന്ന കഥാസമാഹാരം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ഷാജഹാന്‍ മാടമ്പാട്ട്
Jan 12, 2023
6 Minutes Read