കാല്‍കഴുകിച്ചൂട്ടിന്
കോടതി അനുമതി,
പ്രത്യാഘാതമുണ്ടാക്കുന്ന വിധി
കാല്‍കഴുകിച്ചൂട്ടിന് കോടതി അനുമതി, പ്രത്യാഘാതമുണ്ടാക്കുന്ന വിധി
തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വിവാദമായ കാല്‍കഴുകിച്ചൂട്ട് ആചാരം ഇനിയും തുടരാമെന്ന് ഹൈക്കോടതി വിധി വന്നിരിക്കുകയാണ്. കോടതിയില്‍ കേസ് നടത്തുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായ ലാഘവ സമീപനമാണ് ഇത്തരമൊരു വിധിക്ക് കാരണമായതെന്നും ഈ വിധി ഭാവിയില്‍ മറ്റ് പ്രശ്‌നങ്ങള്‍ കൂടി സൃഷ്ടിച്ചേക്കുമെന്നും വിമർശനമുയരുന്നു.
31 Mar 2022, 07:09 PM
തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വിവാദമായ കാല്‍കഴുകിച്ചൂട്ട് ആചാരം ഇനിയും തുടരാമെന്ന് ഹൈക്കോടതി വിധി വന്നിരിക്കുകയാണ്. ക്ഷേത്രം തന്ത്രി 12 ശാന്തിമാരുടെ കാലുകള്‍ കഴുകുന്ന ചടങ്ങില്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് ബാധ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് വിധിയില്‍ പറയുന്നു. ക്ഷേത്രത്തിലെ ചടങ്ങുകള്‍ പണ്ടുമുതലേയുള്ളവയാണ്. അതിനാല്‍ കാല്‍കഴുകിച്ചൂട്ട്, പന്ത്രണ്ട് നമസ്‌കാരം എന്നീ പേരുകളിലറിയപ്പെടുന്ന ചടങ്ങില്‍ ഇടപെടാന്‍ ദേവസ്വം ബോര്‍ഡിനോ സംസ്ഥാന സര്‍ക്കാരിനോ നിയമപരമായി സാധിക്കില്ലെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിയില്‍ വ്യക്തമാക്കി. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ പാപപരിഹാരത്തിനായി 12 ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ടുന്ന പ്രാകൃത ചടങ്ങുണ്ടെന്നതായി കേരളകൗമുദി പ്രസിദ്ധീകരിച്ച വാര്‍ത്തയെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി.
‘‘ക്ഷേത്രത്തില്‍ നിലവിലുള്ള ചടങ്ങുകള്‍ തുടരാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ട്. ക്ഷേത്ര ചടങ്ങുകളും പൂജകളും പുരാതന ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ചു നടപ്പാക്കണം. ഇതില്‍ ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ഇടപെടാനാവില്ല. 1999ല്‍ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല പ്രശ്‌നത്തെത്തുടര്‍ന്നുള്ള പരിഹാര ക്രിയകളിലും പന്ത്രണ്ട് നമസ്‌കാരത്തെക്കുറിച്ച് പറയുന്നുണ്ട്. ഭക്തരല്ല, തന്ത്രിയാണ് ചടങ്ങിന്റെ ഭാഗമായി 12 ബ്രാഹ്മണരുടെ കാല്‍ കഴുകുന്നത്. ഈ ചടങ്ങില്‍ തെറ്റില്ല, ഭക്തരാണ് ബ്രാഹ്മണരുടെ കാല്‍ കഴുകുന്നത് എന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ തെറ്റാണ്’’ എന്നിങ്ങനെയാണ് കോടതി വിധിയില്‍ പറയുന്നത്.
മതപരമായ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഭരണഘടന സംരക്ഷണമുണ്ടെന്നും കാല്‍കഴുകിച്ചൂട്ടിനെ സംബന്ധിച്ച മാധ്യമ വാര്‍ത്ത തെറ്റാണെന്നുമാണ് കോടതി പറഞ്ഞത്. പന്ത്രണ്ട് നമസ്‌കാരം എന്ന പേരില്‍ നടന്നുവരുന്ന ചടങ്ങുകളെ ‘സമാരാധന' എന്ന് പുനര്‍നാമകരണം ചെയ്ത കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ പൂര്‍ണ്ണത്രയീശ ക്ഷേത്ര കമ്മിറ്റിക്കുവേണ്ടി ശ്രീരാഘവപുരം സഭായോഗം, അഖില കേരള തന്ത്രിമണ്ഡലം, യോഗക്ഷേമസഭ തുടങ്ങിയവരായിരുന്നു കക്ഷി ചേര്‍ന്നിരുന്നത്.
കോടതിയില്‍ കേസ് നടത്തുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായ ലാഘവ സമീപനമാണ് ഇത്തരമൊരു വിധിക്ക് കാരണമായതെന്നും ഈ വിധി ഭാവിയില്‍ മറ്റ് പ്രശ്‌നങ്ങള്‍ കൂടി സൃഷ്ടിച്ചേക്കുമെന്നുമാണ് ഗവേഷകനായ ഡോ. ടി.എസ്. ശ്യാംകുമാര്‍ പറയുന്നത്. ‘കാല്‍കഴുകിച്ചൂട്ട് എന്ന ചടങ്ങ് അങ്ങേയറ്റം പ്രാകൃതമാണെന്നും അത് അയിത്തവുമായും ജാതീയതയുമായുമൊക്കെ ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും കൃത്യമായ വാദങ്ങളുന്നയിച്ച് കോടതിയില്‍ സ്ഥാപിച്ചെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് സാധിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന് ഇക്കാര്യത്തില്‍ വലിയ വീഴ്ചയാണുണ്ടായിട്ടുള്ളത്. കോടതിയില്‍ കേസ് വിജയിക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല', ടി.എസ്. ശ്യാംകുമാര്‍ ട്രൂ കോപ്പിയോട് പറഞ്ഞു.
‘‘ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍ണയിക്കാന്‍ തന്ത്രിക്ക് അധികാരമുണ്ടെന്നാണ് വിധിയില്‍ ഒരിടത്ത് പ്രത്യേകമായി പറഞ്ഞിരിക്കുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ അന്തിമ വിധി വരാനിരിക്കുന്നതേയുള്ളൂ. കാല്‍കഴുകിച്ചൂട്ട് പോലുള്ള ആചാരസംബന്ധിയായ ഒരു വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അതില്‍ ഇത്തരത്തിലുള്ള ഒരു വിധി പുറപ്പെടുവിച്ച സാഹചര്യം ഉണ്ടായത് ഭാവിയില്‍ നടക്കാന്‍ പോകുന്ന ഒരു വിധിക്ക് വേണ്ടിയുള്ള ഒരു മുന്‍കൂര്‍ തയ്യാറെടുപ്പാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭാവിയില്‍ വരാന്‍ പോകുന്ന ഒരു കോടതി വിധിക്ക് ഈ വിധി ഒരു അടിത്തറയായി മാറുമോ എന്ന് നാം ഭയപ്പെടേണ്ടതുണ്ട്', ടി.എസ്. ശ്യാംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

വിവാദ ചടങ്ങുകളും ദേവസ്വം വകുപ്പും
കാല്‍കഴുകിച്ചൂട്ട് വിവാദമായതിനെത്തുടര്‍ന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷന്റെ നിർദ്ദേശ പ്രകാരമാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കാല്‍കഴുകിച്ചൂട്ടും പന്ത്രണ്ട് നമസ്‌കാരവും നിലവിലുള്ള രീതിയില്‍ തുടരില്ല എന്നും ജാതിഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങിന്റെ പേര് ‘സമാരാധന' എന്നാക്കി മാറ്റുമെന്നും അറിയിച്ചത്. ദേവസ്വം ബോര്‍ഡിന്റേതുള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലെയും ശാന്തിക്കാര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാമെന്നും ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ലെന്നുമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍ അറിയിച്ചിരുന്നത്.
തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ കാല്‍കഴുകിച്ചൂട്ട് ചര്‍ച്ചയായി മാറുന്നതിന് മുന്നെ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് ശിവകൃഷ്ണപുരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിശ്ചയിച്ച കാല്‍കഴുകിച്ചൂട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവം വിവാദമായപ്പോള്‍ ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കണ്ണനാകുളം ദേവസ്വം ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ശേഷം ഇരിങ്ങാലക്കുട കാറളം വെള്ളാനി ഞാലിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടക്കാനിരുന്ന കാല്‍ക്കഴുകിച്ചൂട്ട് ചടങ്ങുകളും വിവാദങ്ങളെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ 12 നമസ്‌കാരം എന്നപേരില്‍ കാല്‍കഴുകിച്ചൂട്ട് 20,000 രൂപയുടെ വഴിപാടായി നടത്തുന്നതായി കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു.
കാല്‍കഴുകിച്ചൂട്ട്, ബ്രാഹ്മണ സദ്യ തുടങ്ങി, ആചാരങ്ങളുടെ പേരില്‍ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡുകള്‍ക്ക് മന്ത്രി കെ. രാധാകൃഷ്ണന്‍ നല്‍കിയ നിര്‍ദേശം. മാധ്യമങ്ങളോടും അദ്ദേഹം ഇക്കാര്യം വിശദീകരിച്ചിരുന്നു. കാല്‍കഴുകിച്ചൂട്ട് വിവാദങ്ങള്‍ക്ക് പുറമെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദേഹണ്ഡത്തിന് സഹായിയായി ബ്രാഹ്മണരെ ക്ഷണിച്ച് പരസ്യം നല്‍കിയ സംഭവത്തിന് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുക കൂടി ചെയ്ത പശ്ചാത്തലത്തിലായിരുന്നു മന്ത്രി കെ. രാധാകൃഷ്ണന്റെ ഇടപെടല്‍.
‘വഴിപാടുകളുടെയും ആചാരങ്ങളുടെയും പേരില്‍ ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന പ്രാകൃത പ്രവൃത്തികള്‍ ഒഴിവാക്കണം. വിവാദ വഴിപാടുകളും അശാസ്ത്രീയ ആചാരങ്ങളും പരിഷ്‌കരിക്കണം. കാലാനുസൃത മാറ്റങ്ങള്‍ ആരാധനക്രമങ്ങളിലും ആചാരങ്ങളിലുമടക്കം വന്നിട്ടുണ്ടെന്നിരിക്കെ തന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കണം. അനാചാരങ്ങളിലൂടെ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് ഒഴിവാക്കണം', തുടങ്ങിയവയായിരുന്നു ദേവസ്വം ബോര്‍ഡുകള്‍ക്ക് ദേവസ്വം വകുപ്പ് നല്‍കിയ നിര്‍ദേശം.
ക്ഷേത്രങ്ങളിലെ ദുരാചാരങ്ങള്‍ക്കെതിരെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും കര്‍ശനമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ നടക്കാനിരുന്ന രക്താഭിഷേകത്തിനെതിരെ അന്നത്തെ മന്ത്രി സ്വീകരിച്ചിരുന്ന നിലപാട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഇത്തരം പ്രാകൃതമായ ആചാരങ്ങള്‍ കേരളത്തിനാകെ അപമാനകരമാണെന്നുമാണ് അന്ന് കടകംപള്ളി സുരേന്ദ്രന്‍ സ്വീകരിച്ചിരുന്ന നിലപാട്.
എന്താണ് കാല്‍ കഴുകിച്ചൂട്ട്, 12 നമസ്‌കാരം
പാപമോക്ഷത്തിനായി ക്ഷേത്രങ്ങളില്‍ ബ്രാഹ്മണരെ വിളിച്ച് തന്ത്രിയോ പൂജാരിയോ അവരുടെ കാല്‍കഴുകിച്ച് ഭക്ഷണവും ദക്ഷിണയും വസ്ത്രവും നല്‍കുന്നതാണ് ചടങ്ങ്. ജ്യോത്സ്യന്മാരാണ് ഈ ചടങ്ങുകള്‍ നിര്‍ദ്ദേശിക്കാറുള്ളത്. ഭക്തരിലോ അവരുടെ കുടുംബത്തിലോ ദേവന്റെ അനുഗ്രഹത്തിനോ പ്രീതിയ്‌ക്കോ അല്ലെങ്കില്‍ ദേവന്റെ അപ്രീതി ഇല്ലാതാക്കാനായോ നടത്തുന്ന കര്‍മ്മമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അതിന് ദേവന്റെ കാലുകള്‍ കഴുകുന്നതിന് പകരം ബ്രാഹ്മണന്റെ കാലുകള്‍ കഴുകുന്നതിലൂടെ ബ്രാഹ്മണനെ ദേവാവതാരമായി കണക്കാക്കുന്ന രീതി ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ ജാതീയതയുടെ തുടര്‍ച്ച തന്നെയാണെന്നാണ് വിലയിരുത്തലുകള്‍. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ 20,000 രൂപയുടെ വഴിപാടായാണ് 12 നമസ്‌കാരം എന്ന ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. 12 ബ്രാഹ്മണരെ അബ്രാഹ്മണര്‍ക്ക് പ്രവേശനമില്ലാത്ത തിടപ്പള്ളിയില്‍ വിളിച്ചിരുത്തി തന്ത്രിയാണ് ഇത് നിര്‍വഹിക്കുക.
ആചാരങ്ങളുടെ പേരില്‍ അനാചാരങ്ങള്‍
നവോത്ഥാന മൂല്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ക്ഷേത്ര ആചാരങ്ങള്‍ ഇന്നും കേരളത്തില്‍ വ്യാപകമാണ്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെയെങ്കിലും ഇത്തരം അപരിഷ്‌കൃതമായ ജാതി വിവേചനങ്ങളില്‍ നിന്ന് മോചിപ്പിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. ദേവസ്വം ക്ഷേത്രങ്ങളിലെ പൂജാരിയുടേതുള്‍പ്പടെ ഒരു നിയമനങ്ങളിലും ജാതിപരിഗണന പാടില്ലെന്ന 2002ലെ സുപ്രീം കോടതി ഉത്തരവ് പോലും കേരളത്തില്‍ നടപ്പാക്കാന്‍ തയ്യാറായത് വളരെ വൈകിയാണ്. അപ്പോഴും പ്രധാന ക്ഷേത്രങ്ങളില്‍ നിന്ന് പിന്നോക്കവിഭാഗക്കാരെ അകറ്റിനിര്‍ത്തുന്ന സമീപനങ്ങളുമുണ്ട്.
ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് ഇപ്പോഴും ഒരു അബ്രാഹ്മണന് അപേക്ഷിക്കാന്‍ പോലും സാധിക്കില്ല. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നും പൂജാരിമാരോയോ കഴകം ജീവനക്കാരായോ അവര്‍ണ വിഭാഗത്തില്‍ പെട്ട ആളുകളെ നിയമിക്കാറില്ല. ഗുരുവായൂര്‍, മലബാര്‍, കൊച്ചി, കൂടല്‍മാണിക്യം ദേവസ്വങ്ങളിലെല്ലാം സമാനമായ സാഹചര്യങ്ങളാണുള്ളത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ നായര്‍ മുതല്‍ പുലയന്‍ വരെയുള്ള അബ്രാഹ്മണര്‍ പൂജ ചെയ്യുന്ന ഏതാനും ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ ഇവിടങ്ങളിലെ പ്രധാന ചടങ്ങുകള്‍ ബഹിഷ്‌കരിക്കുന്ന ബ്രാഹ്മണ തന്ത്രിമാരുണ്ട്.
ആധുനിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത പല ചടങ്ങുകളും ആചാരങ്ങളുടെ പേരില്‍ ഇന്നും ആരാധനാലയങ്ങളില്‍ നടന്നുവരുന്നു എന്നതാണ് വസ്തുത. ദലിതര്‍ക്ക് പ്രവേശനമില്ലാത്ത നിരവധി ക്ഷേത്രങ്ങള്‍ ഇന്നും കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലുണ്ട്. കാസര്‍ഗോട്ടെ എന്‍മകജെയിലും പാലക്കാട് മുതലമടയിലും ഇടുക്കിയിലെ വട്ടവടയിലുമെല്ലാം ദലിതര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഇന്നുമുണ്ട്. ഉത്തരമലബാറില്‍ വയനാട്ടുകുലവന്‍ തെയ്യത്തിന്റെ ഭാഗമായി നടന്നിരുന്ന, നിരോധിക്കപ്പെട്ട വന്യമൃഗവേട്ടയും മൃഗബലിയും രഹസ്യമായി നടക്കുന്നതിന്റെ വാര്‍ത്തകള്‍ സമീപകാലത്തും പുറത്തുവന്നിരുന്നു. കാസര്‍ഗോട്ടെ തന്നെ ബെള്ളൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന അന്നദാനത്തില്‍ ബ്രാഹ്മണര്‍ക്കും അല്ലാത്തവര്‍ക്കുമായി വെവ്വേറ പന്തിയൊരുക്കിയതും ബ്രാഹ്മണര്‍ക്ക് പ്രവേശനമില്ല എന്ന് നിശ്ചിത സ്ഥലങ്ങളില്‍ ബോര്‍ഡ് തൂക്കിക്കൊണ്ടുള്ള മുച്ചിലോട്ട് ഭഗവതി തെയ്യം പയ്യന്നൂരില്‍ നടന്നതുമെല്ലാം വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു.
അനാചാരങ്ങള്‍ക്കെതിരായ ദേവസ്വം വകുപ്പിന്റെ തീരുമാനങ്ങളും നടപടികളും പ്രതീക്ഷാനിര്‍ഭരമായിരുന്നുവെങ്കിലും അവയെ അട്ടിമറിക്കുന്ന തരത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ പരമാധികാരം തന്ത്രിക്ക് നല്‍കുന്ന തരത്തിൽ, നീതിന്യായ സംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന സമീപനം നിരാശാജനകമാണ്.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Mar 31, 2023
12 Minutes Read
കെ.കെ. ബാബുരാജ്
Mar 22, 2023
5 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 17, 2023
5 Minutes Read
അജിത്ത് ഇ. എ.
Mar 11, 2023
6 Minutes Read