ട്രംപിനെ തോൽപ്പിക്കണമെന്ന് ഇക്കോണമിസ്റ്റ് എഡിറ്റോറിയൽ എഴുതിയത് എന്തിനായിരിക്കാം?

അമേരിക്ക പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയാണ്. ലോക കാപ്പിറ്റലിസത്തിന്റെ ഉദാത്തമായതും മാതൃകകൾ ഇല്ലാത്തതുമായ മുഖപത്രം ദ ഇക്കോണമിസ്റ്റിന്റെ ഏറ്റവും പുതിയ ലക്കം അത്ഥശങ്കക്കിടയില്ലാതെ കവറിൽ പ്രഖ്യാപിക്കുന്നു: എന്തുകൊണ്ട് ബൈഡൻ ആയിരിക്കണം? നമുക്കൊരു വോട്ടുണ്ടെങ്കിൽ അത് ബൈഡന് ചെയ്യണം എന്ന് സംശയമേതുമില്ലാതെ എഡിറ്റോറിയലിൽ എഴുതുന്നു. 2016ലെ കാമ്പയിൻ കാലഘട്ടം മുതൽ ഇക്കോണമിസ്റ്റ് നിരന്തരം ട്രംപിനെ വിമർശിക്കുന്നു. ക്യാപിറ്റലിസ്റ്റ് മൂല്യങ്ങളോട് എങ്ങനെയാണ് ഇക്കോണമിസ്റ്റ് സ്വയം കലഹിക്കുന്നത്? ഉന്നതമായ മാധ്യമ സംസ്‌കാരത്തിന്റെ ഏതു വായനകളിലാണ് ഇക്കോണമിസ്റ്റിന്റെ നിരന്തര എഡിറ്റോറിയലുകൾ പ്രസക്തമാവുന്നത്?

ന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസറോയി കാനിങ് പ്രഭു, ശിപ്പായി ലഹള കഴിഞ്ഞ് സാമ്പത്തിക ക്രമം മെച്ചപ്പെടുത്തിക്കളയാൻ കൊണ്ടുവരുന്നത് ജെയിംസ് വിൽസണെ ആണ്. 1843 ൽ ഇക്കോണമിസ്റ്റ് വാരിക സ്ഥാപിച്ച് 16 വർഷം തുടർച്ചയായി എഡിറ്ററായിരുന്ന വിൽസണെ ഇങ്ങോട്ടയക്കുമ്പോൾ വിക്ടോറിയ രാഞ്ജിയുടെ ഭാവനകളിൽ പ്രധാനം ഇന്ത്യക്ക് തനതായ ഒരു ടാക്‌സ് സിസ്റ്റം ഉണ്ടാക്കുക, ഇന്ത്യക്ക് മാത്രമായി ഒരു പേപ്പർ കറൻസി അവതരിപ്പിക്കുക എന്നിവയായിരുന്നു. അങ്ങനെ, വിൽസൺ മറ്റൊരു തുടക്കക്കാരനുമായി.

ജെയിംസ് വിൽസൺ

1859 ഫെബ്രുവരി 18 ന് ഇന്ത്യാ കൗൺസിലിൽ ആദ്യത്തെ ഇന്ത്യൻ ബജറ്റ് അവതരിപ്പിച്ചത് ഫിനാൻസ് മെമ്പറായ ജെയിംസ് വിൽസൺ ആയിരുന്നു. ഒരു വർഷം കൂടിയേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. കൊൽക്കത്തയിലെ മല്ലിക് ബസാറിലാണ് ഇക്കോണമിസ്റ്റിന്റെ സ്ഥാപക എഡിറ്ററുടെ ഖബറിടം.

ഇക്കോണമിസ്റ്റിന്റെ എഡിറ്ററായിരിക്കെ, ഇന്ത്യ ഭരിച്ചിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഫിനാൻഷ്യൽ സെക്രട്ടറിയുമായിരുന്നു വിൽസൺ. ഗ്ലോബലൈസേഷന്റെ ആദ്യാവതാരമായ ഫ്രീ ട്രേഡിന്റെ പ്രോദ്ഘാടകരിൽ പ്രമുഖനായിട്ടാണ് സമ്പദ്ശാസ്ത്ര ചരിത്രം വിൽസണെ രേഖപ്പെടുത്തുന്നത്. ലിബറലിസത്തിന്റെ അപ്പോസ്തലനായ വിൽസൺ ഇക്കോണമിസ്റ്റ് തുടങ്ങുന്നതിനുള്ള ന്യായമായി പറഞ്ഞത് "to take part in a severe contest between intelligence, which presses forward, and an unworthy, timid ignorance obstructing our future' എന്നാണ്. വ്യാപാരത്തിന്റെയും കമ്പോളത്തിന്റെയും ഇന്റലിജൻസ് നിർണയിക്കാൻ കരുതിക്കൂട്ടി തുടങ്ങിയതാണ് ഇക്കോണമിസ്റ്റ്. ധാന്യങ്ങൾക്ക് താങ്ങുവില നിശ്ചയിച്ച് ഇറക്കുമതി നിരോധിച്ച കോൺ ബിൽ എന്ന കർഷക സൗഹൃദ ബിൽ ബ്രിട്ടന്റെ വിശാലമായ മേർക്കന്റ്റൈയിൽ താൽപര്യങ്ങൾക്ക് എതിരാണെന്ന് വിൽസൺ വിശ്വസിച്ചു. ധാന്യങ്ങൾക്കുള്ള ഇറക്കുമതി നികുതി കുത്തനെ ഉയർത്തുന്നതോടെ ഫ്രീ ട്രേഡ് എന്ന വിശാല ബ്രിട്ടീഷ് സങ്കൽപം തകരുമെന്ന് വിൽസൺ വാദിച്ചു. ഫ്രീ ട്രേഡ് ഫിലോസഫിയുടെ ആഗോള പ്രസരണമായിരുന്നു 177 വർഷങ്ങൾക്കു മുമ്പ് ഇക്കണോമിസ്റ്റ് സ്ഥാപിക്കുമ്പോൾ വിൽസൺ ഉദ്ദേശിച്ചിരുന്നത്.

അന്നേരം, നാം ഓർക്കണം, ലോകത്തിന്റെ സാമ്പത്തിക നോട്ടങ്ങളെ തല കുത്തനെ നിർത്തിയ മഹാഋഷി കാൾ മാർക്‌സ്, ആർണോൾഡ് റൂജിന്റെ ജർമൻ - ഫ്രഞ്ച് ആനൽസ് എന്ന ഇടതു വിപ്ലവ പത്രത്തിന്റെ എഡിറ്ററായി പാരീസിലുണ്ട്. വിൽസൺ ഇംഗ്ലണ്ടിൽ ഇക്കോണമിസ്റ്റ് തുടങ്ങിയ അതേ വർഷം പാരീസിലിരുന്ന് മാർക്‌സ് പറഞ്ഞു: "The glorious robes of liberalism have fallen away, and the most repulsive despotism stands revealed for all the world to see.' ഫ്രീ ട്രേഡിന്റെയും ഇംഗ്ലീഷ് ലിബറലിസത്തിന്റെയും വിമർശകൻ കൂടിയായിരുന്നു മാർക്‌സ്, അതുകൊണ്ടു തന്നെ ഇക്കോണമിസ്റ്റിന്റെ (വായനക്കാരനും ) വിമർശകനുമായിരുന്നു. ദ അരിസ്റ്റോക്രസി ഒഫ് ഫിനാൻസ് എന്നാണ് ഇക്കോണമിസ്റ്റ് വാരികയെ മാർക്‌സ് വിശേഷിപ്പിച്ചത്.

രണ്ടു വർഷം മുമ്പ് 175-ാം ജന്മദിനപ്പതിപ്പ് ഇറക്കുമ്പോൾ ഇക്കോണമിസ്റ്റ്, സ്ഥാപക എഡിറ്ററെ ഇടക്കിടെ ഉദ്ധരിക്കുന്നുണ്ടായിരുന്നു. ആധുനിക ലോകത്തെ നിർമിച്ചത് ലിബറലിസമാണ്, എന്നിട്ടിപ്പോൾ ആധുനിക ലോകം ലിബറലിസത്തിനെതിരെ തിരിയുന്നു, ഈ മാറ്റത്തിൽ ഇക്കോണമിസ്റ്റിന് വല്ലാത്ത സങ്കടമുണ്ടെന്നു തന്നെ 2018 സെപ്തംബർ 15നിറങ്ങിയ ലക്കത്തിൽ എഡിറ്റോറിയൽവന്നു. ഞങ്ങളുടെ സ്ഥാപകർ ദാരിദ്യത്തിന്റെയും കഷ്ടപ്പാടുകളുടേയും1840 കളുമായി ഇന്നത്തെ ജീവിതത്തെ താരതമ്യം ചെയ്യുമ്പോൾ അൽഭുതപ്പെടും. മനുഷ്യരുടെ ആഗോള പ്രതീക്ഷിത ജീവിതദൈർഘ്യം 30 വയസിൽ താഴെ ആയിരുന്നതിൽ നിന്ന് 175 വർഷം കൊണ്ട് 70 ന് മുകളിൽ എത്തിയിരിക്കുന്നു. ഫാസിസവും കമ്യൂണിസവും ഓട്ടാർക്കിയും 19 ഉം 20 ഉം നൂറ്റാണ്ടുകൾ കൊണ്ട് പരാജയപ്പെട്ടപ്പോൾ ലിബറൽ സമൂഹങ്ങൾ അഭിവൃദ്ധിപ്പെട്ടു കൊണ്ടേയിരിക്കുന്നു. ആദ്യം ഫ്രീ ട്രേഡും പിന്നീട് ഗ്ലോബലൈസേഷനും ആഗോള മനുഷ്യരെ പട്ടിണിയിൽ നിന്ന് കരകയറ്റി എന്നാണ് ഇക്കോണമിസ്റ്റ് വിശ്വസിക്കുന്നത്. Globalization has lifted hundreds of millions of people in emerging markets out of poverty.

ലോകയുദ്ധങ്ങൾക്കു ശേഷം ലിബറൽ സ്ഥാപനങ്ങൾ വഴി രൂപപ്പെട്ട ഭരണകൂടങ്ങൾ അവയെ അവഗണിക്കുന്നു എന്നു മാത്രമല്ല, ഡൊണാൾഡ്ട്രംപിന്റെ കാലമായതോടെ അക്രമിക്കുകയും ചെയ്യുന്നു എന്ന് ഇക്കോണമിസ്റ്റ് പരിഭവിക്കുകയും ചെയ്യുന്നുണ്ട്.

എന്തുകൊണ്ട് ബൈഡൻ?

If we had a vote, it would go to Joe.

ഒരു ഒളിമറയുമില്ലാതെയാണ് ആഗോള കാപ്പിറ്റലിസത്തിന്റെയും ലിബറലിസത്തിന്റെയും മുഖപത്രമായ ദ ഇക്കോണമിസ്റ്റ് ജോ ബൈഡനു വേണ്ടി വോട്ടഭ്യർത്ഥിച്ചിരിക്കുന്നത്. ഈയാഴ്ചയിലെ വാരികയിലെ ലീഡറിൽ ഡൊണാൾഡ് ട്രംപിന്റെ ഒന്നാമൂഴത്തെ വിനാശകരം എന്നാണ് ഇക്കോണമിസ്റ്റിന്റെ വിധി, രണ്ടാമതും വന്നാൽ നികൃഷ്ടമായ സഹജവാസനകൾ ട്രംപ് തുടരുമെന്ന മുന്നറിയിപ്പും എഡിറ്റോറിയൽ തരുന്നു. അമേരിക്കയുടെ അകത്തും പുറത്തുമുള്ള നയപരാജയങ്ങൾക്ക് ട്രംപിന്റെ കഴിവുകേടുകൾ അക്കമിട്ടു പറഞ്ഞ് ഇക്കോണമിസ്റ്റ് തുടരുന്നു: Our bigger dispute with Mr Trump is over something more fundamental. In the past four years he has repeatedly desecrated the values, principles and practices that made America a haven for its own people and a beacon to the world.**

ആദ്യ വരവിൽ തനിക്കു വോട്ടു ചെയ്യാതിരുന്ന അമേരിക്കയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ പ്രതിനിധീകരിക്കാൻ ഒരിക്കൽ പോലും ട്രംപ് ശ്രമിച്ചില്ല. സത്യത്തോടുള്ള പുച്ഛവും അവജ്ഞയുമാണ് അതിലേറെ അപകടകരം: Nothing Mr Trump says can be believed. ജോർജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിനു ശേഷം അമേരിക്കയിലുടനീളം നടന്ന സമാധാന പ്രക്ഷോഭങ്ങളെ orgy of looting എന്നും left - wing violence എന്നും അധിക്ഷേപിച്ച് വംശീയ അസ്വസ്ഥത പെരുപ്പിക്കാനാണ് പ്രസിഡന്റ് ശ്രമിച്ചത്. സ്വന്തം രാഷ്ട്രത്തെ ഒന്നിച്ചു കൊണ്ടുപോകാനുള്ള ഒരവസരവും ട്രംപ് ഉപയോഗപ്പെടുത്തിയില്ല. അമേരിക്കയുടെ കോവിഡ് കാലമാണ് ഏറ്റവും ഭയാനകം. സയൻസിനോടും മാസ്‌കിനോടും പ്രസിഡന്റ് കൊഞ്ഞനം കാട്ടി (അക്കാഡമിക് സയൻസ് ജേർണൽ ആയ നേച്ചറും പോപ്പുലർ സയൻസ് മാഗസിൻ ആയ സയന്റിഫിക് അമേരിക്കനും ബൈഡനു പരസ്യ പിന്തുണ നൽകിയിട്ടുണ്ട്). ലോകത്തിലെ തന്നെ മികച്ച സയന്റിസ്റ്റുകൾ അധികവുമുള്ളത് അമേരിക്കയിലാണ്. എന്നാൽ കോവിഡ് മരണനിരക്കിൽ മുന്നിൽ നിൽക്കുന്ന രാഷ്ട്രങ്ങളിലൊന്നും അമേരിക്ക തന്നെ. 2016 ൽ ആരെയാണ് തങ്ങൾ തെരഞ്ഞെടുക്കാൻ പോകുന്നതെന്ന് വോട്ടർമാർക്ക് അറിയില്ലായിരുന്നു. ഇപ്പോൾ അവർക്ക് ട്രംപിനെ മനസിലായിക്കഴിഞ്ഞു. Four more years of a historically bad president like Mr Trump would deepen all these harms- and more.

തെരഞ്ഞെടുപ്പിനോടു ചേർന്ന ലക്കത്തിൽ പ്രസിഡന്റിന്റെ നാലു വർഷത്തെ പെർഫോമൻസ് അളക്കുന്ന ട്രംപ് ഓഡിറ്റ് രണ്ടു നീണ്ട വിശകലനങ്ങളായും ചേർത്തിരിക്കുന്നു. 177 വർഷം പഴക്കമുള്ള നിലപാടുതറ സുന്ദരമായ ഈ ക്യാപ്പിറ്റലിസ്റ്റ് മുഖപത്രം ഇന്നും ഉപേക്ഷിച്ചിട്ടില്ലെന്ന് സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌കാരിക അളവുകോലുകൾ വെച്ചുള്ള ഓഡിറ്റിംഗിൽ വ്യക്തമാണ്. കാപിറ്റലിസത്തിനകത്തു തന്നെ രണ്ടു നൂറ്റാണ്ടായി നില നിൽക്കുന്ന ഒരു പോരിൽ ജെയിംസ് വിൽസൺ നിലയെടുത്തത് ഫ്രീ ട്രേഡിന്റെ ഭാഗത്തായിരുന്നു. ഫ്രീ ട്രേഡും പ്രൊട്ടക്ഷനിസവും തമ്മിൽ ഇന്നും നിലയ്ക്കാത്ത സംഘർഷത്തിൽ ഇക്കോണമിസ്റ്റ് വാരിക ട്രംപിന്റെ പ്രൊട്ടക്ഷനിസ്റ്റ് നിലപാടുകൾക്കെതിരെ തുടക്കം മുതൽ രൂക്ഷമായ നിലപാടാണ് എടുത്തിരുന്നത്. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നെ അമേരിക്ക അതുവരെ സ്വീകരിച്ചു പോന്ന തുറന്ന അന്താരാഷ്ട്ര വ്യാപാര നയങ്ങളെ ട്രംപ് തള്ളിപ്പറഞ്ഞിരുന്നു. മൂന്നു തലമുറയെങ്കിലുമായി അമേരിക്ക വ്യാപാര രംഗത്തും അന്താരാഷ്ട്ര ബന്ധങ്ങളിലും പുലർത്തുന്ന ഉദാര നയങ്ങളെയാണ് ദേശീയ വാദത്തിന്റെയും പ്രൊട്ടക്ഷനിസത്തിന്റെയും ഇടുങ്ങിയ ചിന്താപദ്ധതികൾ കൊണ്ട് ട്രംപ് റദ്ദാക്കിയത്.

സാമ്പത്തിക വിദഗ്ധരിൽ പലരും 1930 ൽ പ്രസിഡന്റ് ഹെർബർട്ട് ഹൂ വർ ഉണ്ടാക്കിയ അതേ പ്രതിസന്ധി ട്രംപ് യുഗത്തിലും പ്രവചിച്ചു. ഹാലി-സ്മൂററ് താരിഫ് എന്ന പേരിൽ 20000 ഇറക്കുമതി ഇനങ്ങൾക്ക് കനത്ത താരിഫ് ഏർപ്പെടുത്തുന്നതായിരുന്നു പ്രസിഡന്റ് ഹൂവറിന്റെ നടപടി. ഇത്തരം പ്രൊട്ടക്ഷനിസ്റ്റ് തീരുമാനങ്ങൾ ഗ്രേറ്റ് ഡിപ്രഷൻ എന്നറിയപ്പെടുന്ന, അമേരിക്കൻ സമ്പദ് മേഖല എക്കാലത്തും അനുഭവിച്ച ദുരന്തകാലത്തിന് ആഴം കൂട്ടി. പട്ടിണിയും തൊഴിലില്ലായ്മയും പെരുകി. 1932ൽ നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കനായ ഹൂവർ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ ഫ്രാങ്ക്‌ലിൻ റൂസ്വെൽററിനോടു തോറ്റതിനു പ്രധാന കാരണമായി സാമ്പത്തികചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് അമേരിക്കൻ സമ്പദ് വ്യവസ്ഥയെ തകർത്തു കളഞ്ഞ ഹാലി - സ്മൂററ് താരിഫ് ആണ്.

സമാനമായ സ്ഥിതിവിശേഷമാണ് ഇക്കോണമിസ്റ്റ് ഓഡിറ്റിൽ എടുത്തു പറയുന്നത്: America hardly feels great again.... Hunger and poverty have risen; the memories of a turbulent summer of protests and racial unrest are still raw. വ്യാപാര രംഗത്ത് നോർത്ത് അമേരിക്കൻ ഫ്രീ ട്രേഡ് അഗ്രീമെന്റ് ട്രംപ് മാറ്റിയെഴുതി. ട്രാൻസ് പസഫിക് പാർട്ണർഷിപ്പ് റദ്ദാക്കി. അലൂമിനിയത്തിനും ഉരുക്കിനും കനത്ത താരിഫ് ഏർപ്പെടുത്തി. ചൈനയുമായി വ്യാപാരയുദ്ധം തുടങ്ങി വെച്ചു. കനത്ത തൊഴിൽ നഷ്ടവും ട്രേഡ് ഡെഫിസിറ്റുമായിരുന്നു ഈ സാമ്പത്തിക നടപടികളുടെ ഫലം. മഹാമാരി നിയന്ത്രിക്കുന്നതിൽ വന്ന വീഴ്ച, സോഷ്യൽ സെക്യൂരിറ്റിയിലും മെഡികെയറിലും കാണിച്ച അനാസ്ഥ, പ്രായമായവർക്കുള്ളആരോഗ്യ ഇൻഷൂറൻസിലും പെൻഷനിലും പുലർത്തിയ മാന്യമല്ലാത്ത ഇടപെടലുകൾ, ജുഡീഷ്യറിയിലെ കൈകടത്തൽ, ആഭ്യന്തര പരിസ്ഥിതി രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനങ്ങൾ, കടുത്ത മെക്‌സിക്കൻ വിരോധം, അധികാരത്തിലെത്തി തുടക്കത്തിൽ തന്നെ നടത്തിയ total and complete shutdown of Muslims entering the United States എന്ന പ്രസ്താവന, അമേരിക്കൻ സിറ്റികളിൽ കൂടിക്കൂടി വരുന്ന ക്രിമിനൽ സാന്നിധ്യം, ക്രമസമാധാന തകർച്ച എന്നിങ്ങനെ ഭരണതലത്തിലെ ഓരോ വീഴ്ചയും ഇക്കോണമിസ്റ്റ് പ്രസിഡന്റിനെതിരായി ഓഡിറ്റ് ചെയ്യുന്നു. "ഞങ്ങളുടെ ഇലക്ഷൻ മോഡൽ പ്രകാരം ഇക്കോണമിസ്റ്റ് പ്രസിലേക്കു പോകുമ്പോൾ ട്രംപ് ജയിക്കാനുള്ള സാധ്യത 5 ശതമാനത്തിൽ കുറവ് മാത്രമേയുള്ളൂ', ഓഡിറ്റ് പറയുന്നു. എഡിറ്റോറിയലിൽ എന്നപോലെ ഓഡിറ്റിലും ട്രംപിന്റെ സത്യത്തോടുള്ള പ്രതിപത്തിയെ പ്രത്യേകം പ്രശംസിക്കുന്നുണ്ട്: "the President tells outright lies with remarkable frequency '

ഓഡിറ്റിന്റെ രണ്ടാം ഭാഗത്ത് അന്താരാഷ്ട്ര രംഗത്ത് ട്രംപ് നൽകിയ സംഭാവനകൾ അമേരിക്കകത്ത് ഉണ്ടാക്കിയ അമ്പരപ്പിനേക്കാളും അങ്കലാപ്പിനേക്കാളും ഒട്ടും ചെറുതല്ല എന്നു സ്ഥാപിക്കുന്നു. ചൈനയും റഷ്യയും തമ്മിൽ അമേരിക്ക ഉണ്ടാക്കിയെടുത്ത ശത്രുത യു.എൻ. സെക്യൂരിറ്റി കൗൺസിലിനെ നിർവീര്യമാക്കിയതായുള്ളതാണ് ഇക്കോണമിസ്റ്റിന്റെ ആരോപണങ്ങളിൽ പ്രധാനം. അന്താരാഷ്ട്ര രംഗത്ത് ട്രംപിന്റെ അമേരിക്ക വരുത്തിയ ഡാമേജുകൾക്ക് വാരികയുടെ ഓഡിറ്റിൽ പരിഹാരമുണ്ട്: Some things can be put back quickly if, as seems likely, Mr Biden wins the election.

ട്രംപ് ഒരു ബോംബാണ്, ഡൈനാമിറ്റുമാണ്!

ട്രംപ് അധികാരത്തിൽ വന്നതിനു ശേഷമുള്ള വാരികയുടെ ലക്കങ്ങളിലെല്ലാം പ്രത്യക്ഷത്തിൽ തന്നെ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക സംസ്‌കാരത്തിന്റെ കടുത്ത ശത്രുവായിത്തന്നെയാണ് ഇക്കോണമിസ്റ്റ്, ഡൊണാൾഡ് ട്രംപിനെ കണ്ടതെന്ന് കാണാം. ഫ്രീ ട്രേഡിനു വേണ്ടി ക്യാപിറ്റലിസ്റ്റ് കൂടാരത്തിൽ തന്നെയുള്ള ഒരു തിരുത്തൽ ശക്തിയായി നിഴലുപോലെ ഇക്കോണമിസ്റ്റ് ട്രംപിനെ പിന്തുടരുന്നുണ്ട് എന്നു കാണുമ്പോൾ ആ തിരുത്തലിന്റെ പരിണാമഗുപ്തിയായിത്തന്നെ കൊടുക്കൂ, ബൈഡന് ഒരു വോട്ട് എന്ന എഡിറ്റോറിയലിനെ മനസ്സിലാക്കേണ്ടി വരും.

പ്രസിഡന്റിന്റെ ഒന്നാം വാർഷികത്തിന് Endangered എന്ന ശീർഷകത്തിൽ എഴുതിയ ലീഡർ ട്രംപിനെ കണക്കറ്റ് ശകാരിച്ചു. "അമേരിക്ക ഫസ്റ്റ്' എന്ന മുദ്രാവാക്യത്തിലൂടെ അമേരിക്കയുടെ ശക്തി കുറയ്ക്കുക മാത്രമല്ല ട്രംപ് ചെയ്യുന്നതെന്നും ലോകത്തെ പൊതുവേ ദുർബലപ്പെടുത്തുകയാണെന്നും എഡിറ്റോറിയൽ വിമർശിച്ചു.

American influence has dwindled under Donald Trump. It will not be simple to restore. ട്രംപ് എന്ന ആഗോള വിപത്തിനെ സ്ഥാനപ്പെടുത്തുന്നതായിരുന്നു ഒന്നാം വാർഷികത്തിന് വാരികയുടെ വിലയിരുത്തൽ. 2018 മാർച്ച് പത്തിന് ഇക്കോണമിസ്റ്റിന്റെ കവർ, വേൾഡ് ട്രേഡ് തകർക്കുന്ന ഡൈനാമിറ്റായി അമേരിക്കൻ പ്രസിഡന്റിനെ ചിത്രീകരിക്കുന്നതായിരുന്നു. ലീഡർ തുടങ്ങിയതിങ്ങനെ: Donald Trump is hardly the first American president to slap unilateral tariffs on imports. രണ്ടാം ലോക യുദ്ധത്തിന്റെ അവസാനം ഫ്രീ ട്രേഡിനു വേണ്ടിയുണ്ടായ തീരുമാനങ്ങളെല്ലാം താരിഫുകൾ വർധിപ്പിച്ച് ട്രംപ് നടത്തുന്ന അഭ്യാസങ്ങൾ വഴി വലിയ അപകടത്തിൽ പെട്ടിരിക്കുന്നതായി ഇക്കോണമിസ്റ്റ് ഓർമിപ്പിച്ചു. റിപ്പബ്ലിക്കൻ ആനയുടെ ട്രംപിലേക്കുള്ള പരിണാമമായിരുന്നു 2018 ഏപ്രിൽ 21 ന്റെ കവർ. റിപ്പബ്ലിക്കൻ പാർട്ടിയെ തന്നോടുള്ള ലോയൽറ്റി ഉള്ളവരുടെ മാത്രം പാർട്ടിയാക്കി ട്രംപ് മാറ്റുന്നതായി എഡിറ്റോറിയൽ പരിഹസിച്ചു. "But responsibility also falls to Republicans who know that MrTrump is bad for America and the world.' പ്രസിഡന്റിനോടുള്ള നിലപാട് ഇക്കോണമിസ്‌റ്റ് കൂടുതൽ കടുപ്പിച്ചു കൊണ്ടേയിരുന്നു.

2018 ജൂൺ 9ന് ട്രംപ് വീണ്ടും കവറായി. ഉത്തര കൊറിയയുമായി ഒരു ഡീൽ ഉണ്ടാക്കിയാലും ട്രംപിന്റെ ഫോറിൻ പോളിസി അമേരിക്കയ്ക്കും ലോകത്തിനും ഹാനികരമായിരിക്കുമെന്ന് America's foreign policy എന്ന കവറിലെ Demolition man എന്ന എഡിറ്റോറിയലിൽ ഇക്കോണമിസ്റ്റ് ചൂണ്ടിക്കാട്ടി."Mr Trump prefers totally back on the old idea that might is right. His impulses may begin to impose a new geo politics, but they will not serve America or the world for long.'

നിയമത്തിനും അതീതനാണോ ട്രംപ് എന്ന ചോദ്യവുമായാണ് ഓഗസ്റ്റ് 25 ന് വാരിക പുറത്തിറങ്ങിയത്. പ്രസിഡന്റിന്റെ കാമ്പയിൻ മാനേജരും (പോൾ മാനഫോർട്ട് ) മുൻ അഭിഭാഷകനും ( മൈക്കൽ കൊഹൻ ) ടാക്‌സ് തട്ടിപ്പിനും തെരഞ്ഞെടുപ്പ് കാമ്പയിൻ ഫൈനാൻസ് നിയമങ്ങൾ ലംഘിച്ചതിലും കുറ്റക്കാരാണെന്നു കണ്ടെത്തിയപ്പോഴാണ് ഇക്കോണമിസ്റ്റ് രോഷം കൊണ്ടത്: But it is a shameful one for the Republican Party, whose members remain more dedicated to minimising Mr Trump's malfeasance than to the ideal that nobody, not even the president, is above the law. ഇങ്ങനെയാണ് അന്നത്തെ എഡിറ്റോറിയൽ അവസാനിച്ചത്.

അമേരിക്കയും ചൈനയും തമ്മിൽ നാൾക്കുനാൾ വളരുന്ന ശത്രുതയെ എങ്ങനെ മാനേജ് ചെയ്യാം എന്നതായിരുന്നു 2019 മെയ് 18ന് ഇക്കോണമിസ്റ്റ് എഴുതിയ ലീഡർ: Mr Trump sneers the global good, and his base is tired of America acting as the world's policeman. ഒരു മാസത്തിനു ശേഷം ട്രമ്പൊരു ബോംബായിട്ടാണ് വാരികയുടെ കവറിൽ വരുന്നത്. അധികാരം ഉറപ്പിക്കാൻ പുതിയ സാമ്പത്തിക അക്ഷൗഹിണിയുമായിട്ടാണ് അമേരിക്ക വരുന്നത് അത് പ്രതിലോമകരവും അപകടകരവുമാണ്. പ്രസിഡന്റിന്റെ പുതിയ സാമ്പത്തിക നയങ്ങളെയും വ്യാപാര ഉടമ്പടികളെയും വിമർശിച്ചു കൊണ്ട് ഇക്കോണമിസ്റ്റ് ഇങ്ങനെയെഴുതി: "Nobody takes America for granted anymore. Enemies and friends know that it is prepared to unlean economic arsenal to protect its national interest. 2019 ഒക്ടോബർ 19 ന് ഇക്കോണമിസ്റ്റ് കവറിൽ ചോദിച്ചു :Who can trust Trump's America ? സിറിയൻ യുദ്ധത്തിൽ സഖ്യകക്ഷികൾക്കൊപ്പം നിന്ന കുർദുകളെ വഞ്ചിച്ച അമേരിക്കൻ നിലപാടായിരുന്നു ഇത്തവണ ആക്രമണ വിധേയമായത്."The pithiest summary of Donald Trump's foreign policy comes from the president himself '

ഇവിടെ ക്യാപിറ്റലിസ്റ്റ് ജേണലിസത്തിന്റെ അതിസൂക്ഷ്മമായ പ്രൊഫഷണലിസത്തിന്റെ ഒന്നു രണ്ടു മാനങ്ങൾ നമുക്ക് വായിച്ചെടുക്കാം. ഇക്കോണമിസ്റ്റിന്റെ പൊളിറ്റിക്കൽ ഫിലോസഫി ഒരിക്കലും അതിന്റെ പാരമ്പര്യത്തിൽ അടയിരിക്കുന്നില്ല. ഇറക്കുമതി താരിഫുകൾ ഇല്ലാത്ത കൂടുതൽ നല്ലതായ ഒരു പ്രോമിസിനു വേണ്ടിയാണ് അവരുടെ ജേണലിസം നിരന്തരം വാദിക്കുന്നത്. ഭീരുത്വം നിറഞ്ഞ മൂഢതയെ (timid ignorance) LGBTQ, ആഗോള താപനം, സ്ത്രീ അവകാശങ്ങൾ, ഹൈപ്പർ ക്യാപിറ്റലിസം തുടങ്ങി, തുടക്കക്കാരനായ ജെയിംസ് വിൽസണ് ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത സാമൂഹിക അവസ്ഥകളെ പുതിയ ചിന്താടൂളുകൾ ഉപയോഗിച്ച് ലിബറലിസത്തിന്റെ വലിയ സ്‌ക്രീനിലേക്ക് പതിപ്പിക്കാൻ ഇക്കോണമിസ്റ്റ് നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വ്യക്തിയെ ഓടിച്ചിട്ട് പിടിച്ച് ടെലിവിഷൻ സ്‌ക്രീനിൽ ഫ്രൈ ചെയ്യുന്നത് കാണാനിരിക്കുന്നതും, ആ പൊരിച്ച കോഴിയുടെ മണം നിരന്തരം ആസ്വദിക്കുന്നതും ആയ ഇന്ത്യൻ വോയറിസത്തിൽ നിന്നും ജേണലിസം എന്ന മഹാപ്രസ്ഥാനം വേറിട്ടു നിൽക്കുന്നതെങ്ങനെയെന്നും കാണാം.

ലിബറലിസത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള നിരന്തര ജാഗ്രതയിൽ പ്രൊട്ടക്ഷനിസ്റ്റായ ഡൊണാൾഡ് ട്രംപിന്റെ മൂല്യബോധത്തെയാണ് ഇക്കോണമിസ്റ്റ് എഡിറ്റോറിയലുകളിലൂടെ നിരന്തരം എതിരിടുന്നത്. അതുകൊണ്ടാണ് ബൈഡനു വേണ്ടിയുള്ള സുതാര്യമായ ആഹ്വാനത്തിന് നമ്മൾ നിരന്തരം കാണുന്ന, പരിചയപ്പെട്ടു പോരുന്ന മാധ്യമ പ്രവർത്തനത്തിന്റെ ചുവയും ചായ് വും അശേഷമില്ലാത്തത്.

Comments