HOPE Festival:
അവതരണ കലയുടെ
ഭാവി കാലം
HOPE Festival: അവതരണ കലയുടെ ഭാവി കാലം
2021 ഡിസംബറില്‍ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഹോപ് ഫെസ്റ്റിവല്‍ കേരളത്തിലെ അവതരണ പ്രയോഗ സൗന്ദര്യ സങ്കല്‍പങ്ങളില്‍ ചെറുതല്ലാത്ത ചലനങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ശേഷിയുള്ള സര്‍ഗ്ഗാത്മക അടിത്തട്ടായി മാറും എന്നുറപ്പാണ്
18 Jan 2022, 10:06 AM
ഒരു നാടക പ്രവര്‍ത്തകന്‍ എന്ന നിലയിലും, നാടക ആസ്വാദകന്‍ എന്ന നിലയിലും, 2021 ഡിസംബറില്‍ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഹോപ് ഫെസ്റ്റിവല്‍ (Hope- Harmony of Performance Ecco system) ആസ്വാദ്യകരമായിരുന്നു. കേരളത്തിലെ അവതരണ പ്രയോഗ സൗന്ദര്യ സങ്കല്‍പങ്ങളില്‍ ചെറുതല്ലാത്ത ചലനങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ശേഷിയുള്ള സര്‍ഗ്ഗാത്മക അടിത്തട്ടായി (festival platform) ഇത് മാറും എന്ന് ആദ്യ "ഹോപ്പ് ഫെസ്റ്റിവിലിന്റെ' പതിപ്പിനെ അടിസ്ഥാനപ്പെടുത്തി നിസംശയം പറയാന്‍ കഴിയും. അതിനാല്‍ ഫെസ്റ്റിവലിന് തുടര്‍ച്ച ഉണ്ടാകേണ്ടത് അനിവാര്യമാണ്.
നമ്മുടെ സംസ്ഥാനം വളരെ വൈവിധ്യപൂര്‍ണമായ അവതരണ പ്രയോഗ സൗന്ദര്യ സങ്കല്പങ്ങളും, പാരമ്പര്യവും ഉള്‍ക്കൊള്ളുന്നു. കാലികമായിപ്പോലും ഇവയുടെ വൈവിധ്യങ്ങളെ സാംശീകരിക്കുന്നതിലും ക്രോഡീകരിക്കുന്നതിലും നമുക്ക് പരിമിതികളുണ്ട്. ചരിത്രപരമായി മുഖ്യധാരയില്‍ ഉള്‍പ്പെട്ടതും/ഉള്‍പ്പെടാത്തതുമായി എണ്ണിത്തീര്‍ക്കാന്‍ പറ്റാത്ത വിധം കലാപ്രയോഗങ്ങള്‍ നമുക്കുണ്ട്. ഉദാഹരണത്തിന് കഥകളി, കൂടിയാട്ടം ഓട്ടന്‍തുള്ളല്‍, മോഹിനിയാട്ടം, കൃഷ്ണനാട്ടം അങ്ങനെ പോകുന്നു മുഖ്യധാരാ അവതരണ പ്രയോഗ സങ്കല്പങ്ങള്‍. അലാമികളി ( കാസര്‍ഗോഡ്), തത്തമ്മ കളിപാട്ട് (കണ്ണൂര്‍), കുറത്തി നാടകം (വയനാട്), വെള്ളരിനാടകം (മലപ്പുറം), പൊറാട്ടുനാടകം (പാലക്കാട്), ഐവര്‍ കളി (തൃശ്ശൂര്‍), ചവിട്ടുനാടകം (എറണാകുളം), മന്നാന്‍ കൂത്ത് (ഇടുക്കി), നോക്കുവിദ്യ പാവകളി (കോട്ടയം), വാണിയ കോലം (പത്തനംതിട്ട), പട വെട്ടും പാട്ടും (ആലപ്പുഴ), സീതക്കളി (കൊല്ലം), ചാറ്റുപാട്ട് (തിരുവനന്തപുരം), ഇങ്ങനെ അന്യം നിന്നു കൊണ്ടിരിക്കുന്നതോ നിലനില്‍ക്കുന്നതോ ആയ മുഖ്യധാരയില്‍ ഒരിക്കലും ഉള്‍പ്പെടാത്ത അനേകം അവതരണ പ്രയോഗ സൗന്ദര്യ സങ്കല്പങ്ങളുടെ കലവറകൂടിയാണ് കേരളം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സാംസ്‌ക്കാരിക പര്യവേക്ഷണം സ്വാതന്ത്ര്യലബ്ധിക്കുശേഷം ആരംഭിച്ചത് കൊളോണിയല്‍ സംസ്‌കാരം അവശേഷിപ്പിച്ചുപോയ ഉത്ഖനന ശാലകളില്‍ നിന്നായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന വിധത്തില്‍ നാം ഇത്തരം വൈവിധ്യങ്ങളെ തൊടാതെ പോയി.
മേല്‍പ്പറഞ്ഞ മുഖ്യധാരയില്‍ ഉള്‍പ്പെട്ടതും/ഉള്‍പ്പെടാത്തതുമായ അവതരണ പ്രയോഗ സങ്കല്പങ്ങളെ നാം ക്ലാസിക്കലും ഫോക്കും എന്ന് രണ്ടായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഈ തരംതിരിക്കല്‍ ആസ്വാദനത്തിന്റെ കാര്യത്തില്‍ വളരെ കട്ടി കുറഞ്ഞത് ആണെങ്കിലും വിശകലനത്തിന്റെ കാര്യത്തില്‍ പര്‍വ്വതാകാരങ്ങളായ സൈദ്ധാന്തിക പ്രബന്ധങ്ങളാണ് നമ്മള്‍ ഉപയോഗിച്ചു പോകുന്നത്. അവയാകട്ടെ ബ്രിട്ടീഷ് ആധുനികതയുടെ സൗജന്യത്തില്‍ ലഭിച്ചതുമാണ്. ഈ പറഞ്ഞ കാര്യത്തിന് ഒരു ഉദാഹരണത്തിലൂടെ സാധൂകരിക്കാം. നമ്മുടെ നാട്ടിലെ കോടതികളില്‍ നമ്മുടെതായ നിയമ സംവിധാനവും, ഭരണഘടനയും ഉണ്ടെങ്കിലും ജഡ്ജിയും വക്കീലും ഉപയോഗിക്കുന്ന വസ്ത്രധാരണരീതികള്‍ നമുക്ക് ഇന്നേവരെ ബ്രിട്ടീഷ് കൊളോണിയല്‍ സംവിധാനത്തില്‍ നിന്നും മാറ്റാന്‍ സാധിച്ചിട്ടില്ല. ബ്രിട്ടീഷ് അധിനിവേശകാലത്തെ മാലിന്യങ്ങള്‍ കപ്പലുകളില്‍ ആക്കി നമ്മുടെ നാട്ടിലേക്ക് കരാര്‍ തന്ന് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതുപോലെ സര്‍ക്കാര്‍ സംവിധാനങ്ങളിലും കോടതികളിലുമെല്ലാം നമ്മള്‍ സൂക്ഷിച്ചു പോരുന്നു. ആയതുകൊണ്ട് തന്നെ കൊളോണിയല്‍ ആധുനികത പുറത്തു നിര്‍ത്തിയ/ പാര്‍ശ്വവത്ക്കരിച്ച പ്രയോഗങ്ങളേയും വഴക്കങ്ങളേയും കാലിക കല സംബോധന ചെയ്യേണ്ടതുണ്ട്.

ഇവിടെയാണ് കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച "ഹോപ് ഫെസ്റ്റിവലിന്റെ ' പ്രസക്തി എടുത്തുപറയേണ്ടത്. അവതരണ കലാ സൗന്ദര്യ സങ്കല്‍പ്പത്തെ വിവരിക്കുന്നതില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും ശക്തവും പ്രചാരണവും ഉള്ള ഒരു വാക്കാണ് ഡ്രാമ (Drama). മലയാളത്തില്‍ നാടകം. ഡ്രാമ എന്ന വാക്കിന്റെ ഉത്ഭവം തന്നെ ഗ്രീക്ക് ശബ്ദമായ ഡ്രാവോ(drao)യില്‍ നിന്നും ആണ്. അര്‍ത്ഥതലത്തില്‍ ചലനം, കളി എന്നീ ക്രിയകളുമായാണ് ഈ പദത്തിന് ചേര്‍ച്ച. പക്ഷെ മലയാളത്തില്‍ നാടകം എന്ന വാക്ക് ഡ്രാമ എന്ന പദത്തിന് തര്‍ജ്ജമ പദം ആകുമ്പോള്‍ തന്നെ നാടകം എന്ന പദത്തിനുള്ള ഇതര അര്‍ത്ഥങ്ങളെ ഒളിച്ചുവെയ്ക്കുകയും ചെയ്യുന്നു.
1) ചതുര്‍വിധാഭിനയത്തിലൂടെ ഒരു ഇതിവൃത്തത്തെ രംഗത്ത് ആവിഷ്‌കരിക്കുന്ന കലാരൂപം
2) നാട്യപ്രസിദ്ധമായ ദശരൂപകങ്ങളില്‍ ഒന്ന്
3) ദൃശ്യകലാരൂപങ്ങള്‍ക്കും ആധാരമായ സാഹിത്യകൃതി
4) പൊളി, യഥാര്‍ഥമല്ലാത്തത്
5) നാടിന്റെ അകം, ഉള്‍നാട്
ഇവയെല്ലാം നാടകം എന്ന വാക്കിന്റെ വിവിധ അര്‍ത്ഥതലങ്ങളാണ്.

നാടകത്തിന്റെ ഈ അര്‍ത്ഥ വ്യതിയാനങ്ങളെ ഗ്രീക്ക് പദമായ ഡ്രാമയ്ക്ക് ഭാഷാപരമായി സാധൂകരിക്കാനുള്ള ശേഷി ഇല്ല എന്നുള്ളത് വളരെ വ്യക്തമാണ്. കേവലം അരിസ്റ്റോട്ടിലിന്റെ പോയറ്റിക്‌സിന്റെ അപ്പുറത്തേക്ക് ഡ്രാമ ഈ കാലത്ത് എങ്ങനെയാണ് പുതിയമാനങ്ങള്‍ തീര്‍ക്കുക എന്നത് സംശയാസ്പദമായ വസ്തുതയാണ്. അവതരണത്തിന്റെ സൗന്ദര്യ സങ്കല്‍പ്പ പ്രയോഗങ്ങളില്‍ നാടകേതര (Non drama) അവതരണ സങ്കല്പങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത് ഇവിടെ പ്രസക്തമാകുന്നു. ഇതുവഴി കേരള സംഗീത നാടക അക്കാഡമി കോവിഡ്-19 മൂലം നിശ്ചലമായി കിടന്ന അവതരണ കലാ മേഖലയെ പുതിയ ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കുമാണ് ഒഴുക്കിവിടുന്നത്. ഒരു പക്ഷേ ആ ഒഴുക്ക് ഒഴുകി അവസാനിക്കാന്‍ സാധ്യതയുള്ള ഇടം യൂറോപ്യന്‍/ കൊളോണിയല്‍ വിശകലനങ്ങള്‍ ഇല്ലാതെ വീണ്ടും കണ്ടെത്താന്‍ സാധിക്കുന്ന അതി വിപുലവും, വൈവിധ്യപൂര്‍ണമായ, പ്രൗഢഗംഭീരമായ ഏഷ്യന്‍ സംസ്‌കാരത്തിന്റെ തീരങ്ങളില്‍ ആയിരിക്കും.
ഈ ഫെസ്റ്റിവലിന് ഹോപ്പ് എന്ന് പേരിടുന്നത് വഴി കേരള സംഗീത നാടക അക്കാദമി ഒരുപക്ഷേ കോവിഡാനന്തര ആസ്വാദന മേഖലയുടെ വെല്ലുവിളികളെയും സാധ്യതകളെയും മുന്‍കൂട്ടി കണ്ടു കൊണ്ട് നീങ്ങുന്നു എന്നുതന്നെ പറയേണ്ടിവരും. എന്തെന്നാല്‍, കോവിഡ്-19 ലോകമെമ്പാടും ഉള്ള കുട്ടികളെ അവര്‍ ആവശ്യപ്പെടാതെ തന്നെ വളരെ സ്വാഭാവികം എന്ന പോലെ നിര്‍ബന്ധിതമായി ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഡിവൈസുകളിലേക്കും പ്ലാറ്റഫോമുകളിലേക്കും പറിച്ചുനട്ട കാലഘട്ടമാണിത്. ഓണ്‍ലൈന്‍ മേഖലയിലെ വായനയുടെയും ആസ്വാദനത്തിന്റെയും ഒരു സവിശേഷത എന്തെന്നാല്‍ അവ കൃതിക്കും /ലിപിക്കും അനുസൃതമായി രേഖാരൂപമായ ഒരു പദ്ധതി അല്ല. ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദങ്ങള്‍ (soundclips) ഗെയിമുകള്‍ തുടങ്ങിയവയുടെ നുറുക്കുകളിലൂടെയാണ് വായനയും, മനസ്സിലാക്കലും ആസ്വാദനവും സാധ്യമാക്കുന്നത്. അതുകൊണ്ടുതന്നെ കോവിഡ്-19 എന്ന മഹാമാരി അവസാനിച്ചാലും ഇല്ലെങ്കിലും ഈ രണ്ടര വര്‍ഷക്കാലം കൊണ്ട് കുട്ടികളില്‍ ഉണ്ടായിട്ടുള്ള ഈ സവിശേഷ വായന പദ്ധതി ഭാവിയില്‍ നിലനില്‍ക്കുന്ന കലാ പരിശീലന ആസ്വാദന മേഖലകള്‍ക്ക് പുതിയ മാനങ്ങള്‍ കണ്ടെത്താനുള്ള സമ്മര്‍ദ്ദം ചെലുത്തും എന്നുള്ളത് തീര്‍ച്ച.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഡിജിറ്റല്‍ /നാടക ഇതര അവതരണങ്ങള്‍ പങ്കെടുപ്പിച്ചുകൊണ്ട് ഭാവിയിലേക്കുള്ള ചലനാത്മകമായ ഒരു ചുവടുവെപ്പ് എന്ന നിലയില്‍ ഹോപ്പ് എന്ന പേര് അര്‍ത്ഥപൂര്‍ണമാകും എന്ന് പ്രതീക്ഷിക്കാം, എന്റെ പ്രിയപ്പെട്ട അധ്യാപികയുടെ വാക്കുകള്‍ സൂചിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു:
"Theater itself is a hybrid art'!
- Anuradha Kapoor.
പി. പ്രേമചന്ദ്രന്‍
May 12, 2022
7.1 minutes Read
സി. രാധാകൃഷ്ണൻ അമ്പലപ്പുഴ
Apr 04, 2022
2 minutes read
പി.എന്‍.ഗോപീകൃഷ്ണന്‍
Feb 08, 2022
25 Minutes Read
ജി.കെ. പിള്ള
Dec 31, 2021
14 Minutes Read