സി.പി.എമ്മിനും കോൺഗ്രസിനും പിടികിട്ടാത്ത കഴക്കൂട്ടം

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. പാർട്ടികൾ സ്ഥാനാർഥി പ്രഖ്യാപനത്തിലേക്കുനീങ്ങുകയാണ്​​. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

ഴക്കൂട്ടത്തിനുവേണ്ടി കടകംപള്ളി സുരേന്ദ്രനെ തീരുമാനിക്കാൻ സി.പി.എമ്മിന് വലിയ ആലോചനകളുടെ ആവശ്യം വന്നില്ല. കാരണം, കഴക്കൂട്ടം ഇത്തവണ എൽ.ഡി.എഫിന് നിർണാകയമാണ്. എ പ്ലസ് കാറ്റഗറിയിൽ പെട്ട മണ്ഡലമായി കണ്ട് ബി.ജെ.പി തന്ത്രങ്ങളൊരുക്കുന്ന ഇവിടെ സി.പി.എമ്മിന് ജയം അനിവാര്യമാണ്.

2016ൽ കടകംപള്ളിക്കുപുറകിൽ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പിയുടെ വി.മുരളീധരൻ. ഭൂരിപക്ഷം 7347. കടകംപള്ളി 37.61 ശതമാനം വോട്ട് നേടിയപ്പോൾ മുരളീധരൻ 32.10 ശതമാനം വോട്ടാണ് നേടിയത്. സിറ്റിങ് എം.എൽ.എയായിരുന്ന കോൺഗ്രസിലെ എം.എ. വാഹിദിനെയാണ് മൂന്നാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു മുരളീധരന്റെ മുന്നേറ്റം.

കോൺഗ്രസിന് ഇത്തവണയും വലിയ സാധ്യതയില്ലെങ്കിലും ഒരു ത്രികോണമത്സരത്തിനാണ് പാർട്ടി ശ്രമം. ലോകാരോഗ്യ സംഘടനയുടെ മുൻ ഉദ്യോഗസ്ഥൻ ഡോ.എസ്.എസ്. ലാലിനെയാണ് പാർട്ടി സജീവമായി പരിഗണിക്കുന്നത്. ഹൈക്കമാൻഡിന്റെ പച്ചക്കൊടി കിട്ടിക്കഴിഞ്ഞ അദ്ദേഹം മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു. അമേരിക്കയിലായിരുന്ന അദ്ദേഹം ജോലി രാജിവെച്ച് ഈയിടെയാണ് നാട്ടിലെത്തിയത്. മുൻ എം.എൽ.എ വാഹിദ്, എം.എ. ലത്തീഫ്, ജി. സുബോധൻ, ടി. ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവരുടെ പേരുകളും കോൺഗ്രസിൽനിന്നുയർന്നിരുന്നുവെങ്കിലും സാധ്യത ലാലിനുതന്നെയാണ്.

കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം ഇത്തവണ വിജയമാക്കി മാറ്റാനുള്ള ആലോചന ബി.ജെ.പി നേരത്തെ തുടങ്ങിയിരുന്നു. എന്നാൽ, ആരെ സ്ഥാനാർഥിയാക്കുമെന്ന കാര്യത്തിൽ കടുത്ത ആശയക്കുഴപ്പം തുടരുകയാണ്. കേന്ദ്രമന്ത്രി വി. മുരളീധരനെ തന്നെ വീണ്ടും നിർത്താനായിരുന്നു ധാരണ. മത്സരിക്കാമെന്ന പ്രതീക്ഷയിൽ കഴക്കൂട്ടം കേന്ദ്രീകരിച്ച് മുരളീധരൻ സജീവമായിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന സൂചനയും നൽകി. എന്നാൽ, കേന്ദ്ര നേതൃത്വത്തിന് അത് സമ്മതമായില്ല. ക്രിസ്ത്യൻ സഭയുടെയും എസ്.എൻ.ഡി.പിയുടെയും പരമാവധി വോട്ടുകൾ സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർഥി വേണമെന്നാണ് ബി.ജെ.പി താൽപര്യം. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പേരാണ് ഇപ്പോൾ സജീവമായി കേൾക്കുന്നത്. വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, ടി.പി. സെൻകുമാർ എന്നിവരും പരിഗണിക്കപ്പെടുന്നവരിലുണ്ട്. ദേശീയ പ്രസിഡന്റ് അമിത് ഷാ പങ്കെടുക്കുന്ന കോർ കമ്മിറ്റി യോഗം ഞായറാഴ്ച നടക്കും. ഇതിനുശേഷം സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറും.

കടകംപള്ളി സുരേന്ദ്രൻ / വര: ദേവപ്രകാശ്

കഴിഞ്ഞ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സ്ഥിരമായി വോട്ട് വർധിപ്പിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയത് 2499 വോട്ടാണ്. എന്നാൽ, 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 10,070 വോട്ടും 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 7508 വോട്ടും നേടി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കിട്ടിയത് 41,829 വോട്ട്. അന്ന് സംസ്ഥാനത്ത് ബി.ജെ.പി ഒന്നാമതെത്തിയ നാലു നിയമസഭാ മണ്ഡലങ്ങളിൽ ഒന്നായിരുന്നു കഴക്കൂട്ടം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 42,732 വോട്ട് നേടി രണ്ടാമതെത്തുകയും ചെയ്തു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നേടിയത് 45,479 വോട്ട്. എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ നേട്ടം ആവർത്തിക്കാനായില്ല. മണ്ഡലത്തിൽ പെട്ട ആകെ 22 കോർപറേഷൻ വാർഡുകളിൽ 14 ഇടത്തും എൽ.ഡി.എഫാണ് ജയിച്ചത്. അഞ്ചെണ്ണത്തിൽ ബി.ജെ.പിയും മൂന്നിടത്ത് യു.ഡി.എഫും. വോട്ടുകളുടെ എണ്ണത്തിൽ എൽ.ഡി.എഫിനുപുറകിൽ ബി.ജെ.പിയാണ്. യു.ഡി.എഫിന്റെ വോട്ടുവിഹിതത്തിൽ വൻ കുറവുണ്ടായി.

സാമുദായികമായ വോട്ടുധ്രുവീകരണം നടത്തിയും പുതിയ വോട്ടർമാരിൽ സ്വാധീനമുണ്ടാക്കിയുമാണ്​ കഴക്കൂട്ടത്ത് ബി.ജെ.പി സ്വാധീനമുറപ്പിക്കുന്നത്. ടെക്‌നോപോർക്കും നിരവധി പൊതു- സ്വകാര്യമേഖല സ്ഥാപനങ്ങളുമുള്ള മണ്ഡലമാണിത്. പുതിയ വോട്ടർമാരുടെ എണ്ണത്തിലും കഴക്കൂട്ടം മുന്നിലാണ്. ഇവരുടെ (അ)രാഷ്ട്രീയാഭിമുഖ്യം മുതലെടുക്കാൻ കഴിഞ്ഞതാണ് ബി.ജെ.പിക്ക് നേട്ടമായത്. പരമ്പരാഗത വോട്ടുബാങ്കുകളിൽ തട്ടിത്തടഞ്ഞുനിൽക്കുകയാണ് സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും തന്ത്രങ്ങളും പരിപാടികളും.

സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ നിരവധി മത്സരങ്ങൾക്ക് സാക്ഷിയായ മണ്ഡലം. രാജൻകേസ് വിധിയെത്തുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച കെ. കരുണാകരനുപകരം മുഖ്യമന്ത്രിയായ എ.കെ. ആന്റണിയെ 1977ൽ ഉപതെരഞ്ഞെടുപ്പിലൂടെ സഭയിലെത്തിച്ചത്​ കഴക്കൂട്ടമാണ്​. തലേക്കുന്നിൽ ബഷീർ രാജിവെച്ചാണ് ആന്റണിക്ക് കഴക്കൂട്ടം ഒഴിഞ്ഞുകൊടുത്തത്. 8669 വോട്ടിനാണ് ആന്റണി സി.പി.എമ്മിലെ പിരപ്പൻകോട് ശ്രീധരൻ നായരെ തോൽപ്പിച്ചത്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

1980ൽ കോൺഗ്രസ്- യു സ്ഥാനാർഥിയായ എം.എം. ഹസൻ കോൺഗ്രസ്- ഐയിലെ ലക്ഷ്മണൻ വൈദ്യരെ തോൽപ്പിച്ചാണ് സഭയിലെത്തിയത്. 1982ൽ ഹസൻ കോൺഗ്രസ് ഐ സ്ഥാനാർഥിയായി സി.പി.എമ്മിലെ തോപ്പിൽ ധർമരാജനെ തോൽപ്പിച്ചു. 1987ൽ ഇടതുസ്വതന്ത്ര നബീസ ഉമ്മാൾ ലീഗിലെ നാവായിക്കുളം റഷീദിനെ പരാജയപ്പെടുത്തി. 1991ൽ യു.ഡി.എഫ് എം.വി. രാഘവനെ ഇറക്കി മണ്ഡലം പിടിച്ചു. നബീസ ഉമ്മാളിനെതിരെ 689 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിൽ.

1996ൽ 24,057 വോട്ടിന്റെ ഭൂരിപക്ഷത്തിന് കടകംപള്ളി സുരേന്ദ്രൻ മണ്ഡലം തിരിച്ചുപടിച്ചു. 2001ൽ കോൺഗ്രസ് വിമതനായ എം.എ. വാഹിദ് സി.പി.എമ്മിലെ ബിന്ദു ഉമ്മറിനെ പരാജയപ്പെടുത്തി. 2006ൽ വാഹിദ് കോൺഗ്രസ് ടിക്കറ്റിൽ, 215 വോട്ടിന് കടകംപള്ളിയെ തോൽപ്പിച്ചു. 2011ലും വാഹിദ്. 2016ൽ നാലാം തവണ വിജയം ആവർത്താനെത്തിയ വാഹിദ് മൂന്നാം സ്ഥാനത്തായി.

തിരുവനന്തപുരം കോർപറേഷനിലെ 22 വാർഡുകൾ ഉൾപ്പെടുന്നതാണ് കഴക്കൂട്ടം. കഴക്കൂട്ടം, കാട്ടായിക്കോണം, പൗഡിക്കോണം, ചെല്ലമംഗലം, ചെമ്പഴന്തി, കുളത്തൂർ, പള്ളിത്തുറ, പൗണ്ടുകടവ്, കടകംപള്ളി, അണമുഖം, മെഡിക്കൽ കോളേജ്, ഇടവക്കോട്, മണ്ണന്തല, ഞാണ്ടൂർക്കോണം വാർഡുകൾ.


Comments