ക്വാറി ഉടമയുടെ വാഹനത്തിൽ ജീവനക്കാരുടെ വിനോദസഞ്ചാരം: പുതുകേരള നിർമിതി നവലിബറൽ വിരുദ്ധമാകാതെ തരമില്ല

ഒറ്റരാത്രികൊണ്ടല്ല ഒരു സർക്കാർ ഓഫീസിലെ ജീവനക്കാരാകെ ക്വാറി ഉടമയുടെ അതിഥികളായി മാറുന്നത്. മാധ്യമങ്ങൾക്കും ജനപ്രതിനിധികൾക്കും പൊതുജനത്തിനും രോഷം കൊള്ളാം, അങ്ങനെ വേണം താനും. ജീവനക്കാർ ഈ പകർന്നാട്ടത്തിലേക്ക് എത്തിപ്പെട്ട നീണ്ടവഴികൾ തേടാൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്.

ത്തനംതിട്ട ജില്ലയിലെ ഒരു സർക്കാർ ഓഫീസ് കഴിഞ്ഞദിവസം അടച്ചിട്ട് ജീവനക്കാർ ക്വാറി ഉടമയുടെ വാഹനത്തിൽ വിനോദസഞ്ചാരത്തിനു പോയതും അതിന്മേൽ സ്ഥലം എം.എൽ.എ പരാതി നൽകിയതും മാധ്യമങ്ങളിൽ കാര്യമായി ഇടം പിടിച്ചിരുന്നു. "സർക്കാർ ഓഫീസിൽ ജനങ്ങൾ വലയുന്നു', "ഭരണയന്ത്രം കുത്തഴിഞ്ഞു' തുടങ്ങിയ ഉദ്വോഗജനകമായ വാർത്തകൾ തലക്കെട്ടുകളായി. "വകുപ്പുകൾതമ്മിലോ മുന്നണിയിലെ ഘടക കക്ഷികൾതമ്മിലോ ഉള്ള പ്രശ്‌നങ്ങളുടെ പ്രതിഫലനങ്ങൾ' എന്ന നിലയിലുള്ള അവതരണസാധ്യതകളും തേടും. ഇതിലൊക്കെ ഭാഗികമായോ മുഴുവനായോ കഴമ്പുണ്ടാകാം. എന്നാൽ, അതിനപ്പുറം, നവലിബറൽകാലം അഴിമതിയെ "ആധികാരികവും' സുഗമവും ആക്കുന്ന വഴികൾ വെളിച്ചത്തുകൊണ്ടുവരാൻ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെയും നിലപാടുകളുടെയും മാനേജ്മെൻറ്​ നയങ്ങളുടെയും പരിമിതിയാൽ മാധ്യമങ്ങൾ വേണ്ടത്ര തുനിയാറില്ല.

കഴിഞ്ഞ പ്രളയകാലത്ത് ദിവസങ്ങളോളം മലയാള മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ചേർത്തലയിലെ ഓമനക്കുട്ടനെ ഇന്ന് കേരളം മറന്നിരിക്കും. പ്രളയദുരിതാശ്വാസക്യാമ്പിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ കൊണ്ടുവന്ന ഓട്ടോറിക്ഷയുടെ കൂലിയായ തുച്ഛമായൊരു തുക താനുൾപ്പെടെയുള്ള അവിടുത്തെ അന്തേവാസികൾക്കിടയിൽനിന്നു ശേഖരിച്ചുനല്കുന്നതിന് മുൻകൈ എടുത്ത അദ്ദേഹത്തെ മാധ്യമങ്ങൾ "പുര കത്തുമ്പോൾ വാഴ വെട്ടുന്നവനായി' ചിത്രീകരിക്കുകയായിരുന്നു. അഴിമതിയുടെ ലാഞ്ചനപോലുമില്ലാത്ത ഈ ഇടപാട് നടത്തിയ ഓമനക്കുട്ടൻ കഠിനാധ്വാനിയായ കർഷകനും മാതൃകാ പൊതുപ്രവർത്തകനുമാണ്. പ്രാദേശികമായി അന്വേഷിച്ചാൽ, അഞ്ച് നിമിഷംകൊണ്ട് വെളിവാകുന്ന കാര്യങ്ങളാണിവ. സി.പി.ഐ- എം പ്രവർത്തകൻ എന്ന സ്വത്വം നൽകുന്ന വാർത്താപ്രാധാന്യത്തിലും സെൻസേഷണൽ സാധ്യതയിലും മതിമറന്ന മാധ്യമപ്രവർത്തകർ വസ്തുത അന്വേഷിക്കാൻ മറന്നുപോയിരിക്കും. ഒരുവേള, "പ്രഖ്യാപിത പ്രതി'പട്ടികജാതിക്കാരനായതിനാൽ, അയാൾക്ക് വാർത്തയെ പ്രതിരോധിക്കാനുള്ള സാമൂഹ്യമൂലധനമോ പൊതുസമൂഹത്തിൽ വിശ്വാസ്യതയോ ഉണ്ടാകില്ല എന്ന മുൻവിധിയായിരിക്കാം മാധ്യമങ്ങൾക്ക് ആത്മവിശ്വാസം പകർന്നത്. ഇനി, ഓമനക്കുട്ടൻ തെറ്റുകാരൻതന്നെ എന്ന് സങ്കൽപ്പിക്കുക. എന്നാലും, തുച്ഛമായ തുകയുടെ ഇത്തരം ഇടപാടുകൾ മാധ്യമങ്ങളിൽ മാത്രമല്ല, നാട്ടിലെ ചെറിയ ചായക്കടകളിൽപോലും ഇന്നൊരു സംസാരവിഷയമാകാൻ ഇടയില്ല.

ഇത്തരം ചില്ലറ അഴിമതിക്കഥകൾക്കില്ലാത്ത തിരിവുകളും മാനങ്ങളും പത്തനംതിട്ടയിലെ സർക്കാർ ജീവനക്കാരുടെ "വിനോദയാത്രക്ക്' കൈവരുന്നുണ്ട്. അത് നവലിബറൽകാല അഴിമതിയുടെ പ്രതിഫലനമായി പരിശോധിക്കപ്പെടണം. ചില്ലറ അഴിമതികളുടെയൊക്കെ വാർത്താപ്രാധാന്യം ഏതാണ്ട് നഷ്ടപ്പെടുത്തുന്ന തരത്തിലും തലത്തിലും വ്യാപ്തിയിലുമാണ് നവലിബറൽ കാലത്ത് അഴിമതിക്കഥകൾ പുറത്തുവരുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, അഴിമതിക്ക് എല്ലാ കാലത്തും വ്യവസ്ഥാപരമായ സാഹചര്യങ്ങളുണ്ട്. അവയെ പാടെ വിട്ടുകളഞ്ഞുള്ള വിശകലനങ്ങളും പ്രതികരണങ്ങളും അഴിമതിനിർമാർജ്ജന ശ്രമങ്ങളും വേണ്ടത്ര ഫലപ്രദമാകില്ല. ഇക്കാര്യത്തിലുള്ള സാരമായ ദൗർബല്യം കേരളത്തിലെ മാധ്യമങ്ങളിലും പൊതുമണ്ഡലത്തിലും പ്രകടമാണ്. നവകേരള നിർമിതിയിൽ അഴിമതിയെ അഭിസംബോധന ചെയ്യുന്ന രീതി സുപ്രധാനമാണ്.

ഓമനക്കുട്ടൻ

അതേസമയം, നവലിബറൽകാലത്തെ ഫലപ്രദമായി അഭിസംബോധന ചെയ്തില്ലെങ്കിൽ, പുതുകേരളനിർമിതി സാധ്യമല്ലെന്ന സ്ഥിതിയുമുണ്ട്. ആ നിലയിലുള്ള ചർച്ചകൾ നടന്നുവരുന്നുണ്ട്. അവ ആരോഗ്യകരമായ സംവാദത്തിനും ഗുണകരമായ നിലപാടുകളുടെ രൂപപ്പെടലിനും ഇടയാകുമെന്ന് പ്രത്യാശിക്കാം.

ശാസ്ത്രസാഹിത്യപരിഷത്ത് ഈയൊരു ലക്ഷ്യത്തോടെ നടത്തിവരുന്ന കേരളപദയാത്രയുടെ മുദ്രാവാക്യങ്ങളും പൊതുചർച്ചക്കായി വെക്കുന്ന നിർദ്ദേശങ്ങളും കേരളസമൂഹത്തെ സംബന്ധിച്ച് ഏതാണ്ട് സർവ്വതലസ്പർശിയാണ്. നവലിബറൽകാലത്ത് അഴിമതിയുടെ രീതിക്കും സ്വഭാവത്തിനും തലത്തിനുമുണ്ടായ ഘടനാപരമായ മാറ്റത്തെക്കൂടി ഇത്തരം ചർച്ചകളോട് ചേർത്തുവെക്കേണ്ടതാണെന്ന് തോന്നുന്നു. അഴിമതിവിമുക്തി ഒരേസമയം നവകേരളനിർമിതിയുടെ ഉപാധികളിലും ലക്ഷ്യങ്ങളിലും ഒരിനമായി മാറണം. വ്യക്തിപരമായ അന്തസ്സിന്റെയും ധാർമ്മികതയുടെയും കേവലയുക്തിയുടെയും പ്രശ്ന​ങ്ങൾക്കപ്പുറം അഴിമതി എന്ന വിഷയം കൂടുതൽ സൂക്ഷ്മ വിശകലനം ആവശ്യപ്പെടുന്നുണ്ട്.

പൗരരുടെ കാര്യങ്ങൾ മുടങ്ങുന്നതിലുള്ള നിരാശ, ജനകീയ സമ്മർദ്ദം, വ്യക്തിപരമായ ആർജ്ജവം എന്നിവയാകാം ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും ജനപ്രതിനിധികളുടെ ശക്തമായ പ്രതികരണത്തിന് കാരണം. ഭേദപ്പെട്ട നിലയിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസിൽ കയറി അസഭ്യം പറഞ്ഞു ഗിമ്മിക്ക് കാണിക്കുന്ന ജനനേതാക്കളുമുണ്ട്. എന്തായാലും, ഇത്തരം പ്രതികരണങ്ങളൊന്നും നയപരമായ ചർച്ചകളിലേക്കോ, അഴിമതിയുടെ വ്യാപനത്തിന് ഇടയാക്കുന്ന അടിസ്ഥാനപ്രശനങ്ങളിലേക്ക് വിരൽചൂണ്ടുന്ന നിലയിലേക്കോ മിക്കവാറും എത്തുന്നില്ല. നവലിബറൽ കാലത്ത് മറ്റെല്ലാത്തിലുമെന്നപോലെ, അഴിമതിയുടെ കാര്യത്തിലും ചില്ലറ മിനുക്കുപണിയിൽ തൃപ്തിപ്പെടാനും ആത്യന്തികമായി സമരസപ്പെടാനുമാണ് വ്യക്തിപരമായി സത്യസന്ധരായ പൊതുപ്രവർത്തകർപോലും മിക്കവാറും ശ്രമിക്കുന്നത്. അഴിമതിക്കെതിരെ സുധീരമായ നിലപാടെടുക്കുന്ന സാമൂഹ്യപ്രവർത്തകർപോലും ധാർമികവും വൈയക്തികവുമായ തലത്തിനപ്പുറം പോകുന്ന പതിവില്ല.

നടപ്പുകാലത്തെ അഴിമതിയുടെ സിംഹഭാഗവും നവലിബറൽ നയങ്ങളുടെ ഫലമാണ്. മൂലധനവ്യവസ്ഥയുടെ പ്രതിസന്ധിയുടെ പരിഹാരത്തിനാണ് 1970 കൾക്ക് ശേഷം ലോകത്ത് സാമ്പത്തികനയവ്യതിയാനം വരുന്നത്. ഉദാരവൽക്കരണം എന്ന് പറഞ്ഞാൽ, മനുഷ്യരെയും പ്രകൃതിയെയും കൂടുതൽ പിഴിയാനുള്ള നയപരമായ ഇടപെടലാണ്. അത് നിയമപരവും അല്ലാതുള്ളതുമായ എല്ലാ തടസ്സങ്ങളും നീക്കി ചൂഷണം സുഗമമാക്കലാണ്. മൂലധനശക്തികളിലേക്കുള്ള പൊതുസമ്പത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും കൈമാറ്റമാണ് സുപ്രധാന സവിശേഷത. അതിനായി ബ്യുറോക്രാറ്റുകളുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും കണ്ണ് മഞ്ഞളിക്കുന്ന രീതിയിൽ പണം വാരിയെറിയും. അതിനായി കമ്പനി-ബഡ്ജറ്റിൽ കൃത്യമായ നീക്കിയിരിപ്പുണ്ടാകും. "ഈസ് ഓഫ് ഡൂയിങ് ബിസിനസ്​' ഇന്ന് ഒരു ആഗോളമന്ത്രമാണ്. അവിടെയാണ് നടപ്പുകാല അഴിമതിയുടെ വേരുകൾ നിലകൊള്ളുന്നതും.

1990 കളിൽ ഇന്ത്യയിൽ ഊർജ്ജരംഗവും ഉദാരീകരണത്തിന് വിധേയമാകുന്ന കാലം. കേരളത്തിൽ വൈദ്യുതിപദ്ധതിയുമായി ബഹുരാഷ്ട്ര കോർപ്പറേഷൻ എന്റോൺ എത്തുന്നു. മുഖ്യമായും തൊഴിലാളിസംഘടനകളുടെ എതിർപ്പിനെത്തുടർന്നു കേരളം പദ്ധതിയിൽനിന്നും പിൻവാങ്ങുന്നു. വികസനത്തെ പിന്നോട്ട് വലിക്കുന്ന തീരുമാനം എന്ന പഴി ഇടതുസർക്കാർ ഏറ്റുവാങ്ങുന്നുമുണ്ട്. കേരളം വിട്ട എൻറോൺ മഹാരാഷ്ട്രയിലെ വൈദ്യുതപദ്ധതിയുമായി മുന്നോട്ട് പോയെങ്കിലും അവിടുത്തെ വൈദ്യുതിമേഖലയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി പിൻവാങ്ങി. പദ്ധതിയനുമതി ലഭിക്കാനും മറ്റും 100 കോടിയിലധികം രൂപ രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥപ്രമാണികൾ, നയതന്ത്രജ്ഞർ എന്നിവർക്ക് കൈക്കൂലി നൽകിയതായി ഇത് സംബന്ധിച്ച് സി.ഐ.ടി.യു- മഹാരാഷ്ട്ര ഘടകം നൽകിയ കേസിന്റെ വിസ്താരത്തിൽ വെളിവായി. നവലിബറൽ കാലത്ത് മൂലധനപരിരക്ഷക്ക് ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയ നേതൃത്വവും മൂലധനശക്തികളും തമ്മിലുള്ള കൂട്ടുകെട്ട് രൂപപ്പെടുന്നതിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്നാണിത്. തൊട്ടടുത്ത പതിറ്റാണ്ടിൽ 2 ജി സ്‌പെക്​ട്രം ലൈസൻസ് തുച്ഛമായ ലൈസൻസ് ഫീസിന് സ്വകാര്യകമ്പനികൾക്ക് നൽകിയതിന് കേന്ദ്രമന്ത്രി രാജാ ജയിലിലാകുന്നു. സർക്കാരിന് നഷ്ടം അന്നത്തെ നിലക്കുതന്നെ 1.76 ലക്ഷം കോടി. കോടിക്കണക്കിനു ജനങ്ങൾക്ക് തൊഴിലും വരുമാനവും വർദ്ധിപ്പിക്കാനുള്ള ഗ്രാമീണതൊഴിലുറപ്പു പദ്ധതിയുടെ ബഡ്ജറ്റ് നീക്കിയിരിപ്പ് അതിന്റെ മൂന്നിലൊന്ന് മാത്രം!

ഇതിന്റെയും പലമടങ്ങാണ് കോർപ്പറേറ്റുകളുടെ ബാങ്ക്കടം ഏറ്റെടുക്കാനും അവർക്ക് മറ്റ് ഇളവുകൾ നൽകാനും ഖജനാവിൽ നിന്ന്, അഥവാ, സാധാരണജനങ്ങളിൽനിന്ന് പോകുന്നത്. തദ്ദേശീയജനങ്ങളെ വനത്തിൽനിന്ന് ആട്ടിയോടിച്ചും ഇല്ലായ്മ ചെയ്തും ചോദിയ്ക്കാൻ വരുന്ന സ്റ്റാൻസ്വാമിയെപ്പോലുള്ളവരെ തടവിലിട്ടു നിശബ്ദമാക്കിയും പ്രകൃതിവിഭവങ്ങൾ കവരുന്നു, സമ്പത്ത് കുന്നുകൂട്ടുന്നു. കോർപ്പറേറ്റ് കൊള്ള (corporate looting), അഥവാ, പ്രാകൃത മൂലധന സഞ്ചയം (primitive accumulation of capital) എന്ന ഈ പ്രക്രിയയുടെ സുഗമമായ നടത്തിപ്പിന് വഴിതെളിക്കുന്ന രാഷ്ട്രീയനേതാക്കൾ, ഉദ്യോഗസ്ഥ പ്രമാണികൾ, നയതന്ത്രജ്ഞർ തുടങ്ങിയവരെയൊക്കെ "വേണ്ടവണ്ണം കാണാനും പരിപാലിക്കാനുമുള്ള' നീക്കിയിരിപ്പും കരുതലും കമ്പനികളുടെ ബഡ്ജറ്റിൽത്തന്നെ ഉണ്ടാകും. ചന്ദ്രാ കൊച്ചാർ പോലുള്ള ചില കണ്ണികൾമാത്രം പുറത്തുവരുന്നു. മഹാരാഷ്ട്രയിലെ എന്റോൺ- ന്റെ കണക്കിൽ കണ്ടതുപോലെ, "രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ബോധവൽക്കരണത്തിന്' തുടങ്ങിയ ശീർഷകങ്ങളിലായിരിക്കും (Account head) അവ കണക്കിൽ വരിക. ആധികാരികവും, അന്തസ്സുറ്റതും, വ്യവസ്ഥാപിതവുമായ കൈക്കൂലി ! ബാങ്ക് മേധാവികളും സർവീസിൽനിന്ന് വിരമിക്കുന്ന വകുപ്പ്‌സെക്രട്ടറിമാർ മുതൽ വിവിധതലങ്ങളിലുള്ള ഉദ്യോഗസ്ഥരും വൻകിട കമ്പനികളുടെ മർമസ്ഥാനങ്ങളിലെത്തുന്നു.

ഈ കൂട്ടുകെട്ട് വളർന്ന് ചങ്ങാത്ത മുതലാളിത്തമാകും. സഹായികൾ കൂട്ടുകാരായി മാറും. ചിലപ്പോൾ നേരിട്ട് പങ്ക് കച്ചവടക്കാരായും മാറും. സമ്പത്ത് എവിടെയെങ്കിലും കുന്നുകൂടട്ടെ, വളർച്ച ഉണ്ടായാൽ മതി, മെല്ലെ അത് താഴേക്ക് അരിച്ചിറങ്ങിക്കൊള്ളുമെന്ന വിചാരങ്ങൾക്ക് വേണ്ടത്ര വസ്തുതാപിൻബലമില്ല. എന്നാൽ, സമ്പത്തിന്റെ കേന്ദ്രീകരണവഴികളിൽ വളരുന്ന അഴിമതിയും ജീർണ്ണതയും കൃത്യമായി താഴേക്ക് അരിച്ചിറങ്ങും. നവലിബറൽകാലത്തെ അഴിമതിയുടെ പുതുരൂപങ്ങൾ പ്രാദേശികമായിപ്പോലും പ്രതിഫലിക്കും. വരുമാന സർട്ടിഫിക്കറ്റോ, ജാതി സർട്ടിഫിക്കറ്റോ വാങ്ങാൻ വരുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതും ചെറിയകാര്യങ്ങൾക്ക് ശുപാർശ ചെയ്യുന്നതിന് പാരിതോഷികം വാങ്ങുന്നതും ഇനി അപൂർവ്വമാകാം. പകരം പ്രകൃതി വിഭവങ്ങളുടെ ചരക്കുവൽക്കരണം, മദ്യം, മയക്കുമരുന്ന്, അനധികൃതനിർമ്മിതികൾ, അനധികൃത സംരംഭങ്ങളുടെയും കൈയ്യേറ്റങ്ങളുടെയും ക്രമപ്പെടുത്തൽ, അനധികൃത ലൈസൻസ്, റിയൽ എസ്റ്റേറ്റ്, ഭൂമി തരം മാറ്റൽ തുടങ്ങിയ മേച്ചിൽപ്പുറങ്ങൾ ശക്തമാകും. എന്തായാലും ഇവയെല്ലാം സാമ്പത്തികക്രയവിക്രയങ്ങൾ തന്നെയാണ്. സാമ്പത്തികവളർച്ചാനിരക്കിനെയും ആളോഹരിവരുമാനത്തെയും അവ ഉയർത്തിനിർത്തും. സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഭരണകർത്താക്കൾക്ക് ഒരുതരത്തിൽ ആശ്വാസവുമാകും.

ഈ മാറ്റങ്ങളുടെയെല്ലാം ഫലമായി ഗ്രാമീണജീവിതത്തിന്റെ ചടുലതയും ചൈതന്യവും നഷ്ടമാകുന്നുണ്ട്. സൂക്ഷ്മമായി വികസിക്കുന്ന ആ മാറ്റങ്ങൾ അത്യന്തം പ്രതിലോമകരമാണ്. സാമൂഹ്യ ശാസ്ത്രജ്ഞർ കൂടുതൽ ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. കോർപ്പറേറ്റുകൾ ദേശീയ, സംസ്ഥാനതലങ്ങളിൽ നയരൂപീകരണങ്ങളെവരെ സ്വാധീനിക്കുന്നതുപോലെ, പ്രാദേശികമായി സാമൂഹ്യജീവിതത്തിൽ സമാന്തര സമ്മർദ്ദശക്തികളുടെ അലിഖിത ശൃംഖല ഉണ്ടാകാം. തങ്ങൾ ഇതിന്റെയൊന്നും ഭാഗമല്ലെന്ന മട്ടിലും ആരും കാണുന്നില്ലെന്ന വിശ്വാസത്തിലും പലരും ചക്കരക്കുടത്തിൽ കൈയ്യിടുകയും തലതാഴ്ത്തി പാലുകുടിക്കുകയും ചെയ്യുന്നു. പലതും ജനം കാണുന്നുണ്ട്. ഇതാണ് യാഥാർഥ്യം, ഒന്നും നന്നാകില്ല, എന്ന് ഗണ്യമായൊരു വിഭാഗം ചിന്തിക്കും. ചിലർ തങ്ങളാൽ കഴിയുന്നപോലെ ഈ പ്രക്രിയയുടെ ഭാഗമാകാൻ നോക്കും. പൊതുവിൽ സമൂഹത്തിന്റെ സമത്വചിന്തക്കും നീതിബോധത്തിനും ഉടവ്തട്ടും. വ്യക്തിപരതയും സമരസപ്പെടലും പൊതുപ്രശ്‌നങ്ങളിൽ നിസ്സംഗതയും അധികരിക്കും. ഫലത്തിൽ സമൂഹമനസ്സിൽ പ്രതിലോമപരത കൂടുകൂട്ടും. കേരളവും അതീവജാഗ്രത പാലിക്കണം. അല്ലെങ്കിൽ പിൻനടത്തം വേഗത്തിലാകും.

ഒറ്റരാത്രി കൊണ്ടല്ല ഒരു സർക്കാർ ഓഫീസിലെ ജീവനക്കാരാകെ ക്വാറി ഉടമയുടെ അതിഥികളായി മാറുന്നത്. മാധ്യമങ്ങൾക്കും ജനപ്രതിനിധികൾക്കും പൊതുജനത്തിനും രോഷം കൊള്ളാം, അങ്ങനെ വേണം താനും. ജീവനക്കാർ ഈ പകർന്നാട്ടത്തിലേക്ക് എത്തിപ്പെട്ട നീണ്ടവഴികൾ തേടാൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. പുതുവഴികൾ വെട്ടാനുള്ള കടമ പൊതുപ്രവർത്തകർക്കുമുണ്ട്, തൊഴിലാളി സംഘടനകൾക്കും ജീവനക്കാർക്കുമുണ്ട്, പൊതുജനത്തിനുമുണ്ട്. ബഡ്ജറ്റിന്പുറത്തും ജനക്ഷേമപ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം, പാർലിമെന്ററി ജനാധിപത്യത്തിലെ അനാരോഗ്യകരമായ മത്സരങ്ങളും തന്റെ നിലവിലുള്ള സീറ്റും മണ്ഡലവും നിലനിർത്താനുള്ള വ്യഗ്രതയും, പൊതുപ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് ഉറപ്പുവരുത്താനുള്ള ശ്രമം തുടങ്ങിയ ഘടകങ്ങളാണ് പുത്തൻപണക്കാരിലേക്ക് പ്രാദേശികമായി സത്യസന്ധരായ ജനപ്രതിനിധികളെപ്പോലും എത്തിക്കുന്നത്. അത്തരം ബന്ധങ്ങൾ ചിലതെല്ലാം അചിരേണ, അവിശുദ്ധ കൂട്ടുകെട്ടായി മാറുന്നു. നാട്ടിൽ പ്രവർത്തിക്കുന്ന സാമൂഹ്യ, സന്നദ്ധ സംഘടനകളും മതസാമുദായിക സംഘടനകളും അവരുടെ പ്രവർത്തനമൂലധനത്തിനായി പ്രാദേശിക പ്രമാണിമാരെ സമീപിക്കുന്നു. ഇത്തരം സംരംഭങ്ങൾക്ക് ഉദാരമായി സംഭാവന ചെയ്തുകൊണ്ട് അവർ പാപം കഴുകിക്കളയുകയും ഉയർന്ന സാമൂഹ്യപദവി ആർജ്ജിക്കുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. ആരാധനാലയങ്ങളുടെ പുനർനിർമാണങ്ങൾക്ക്​ ഉദാരമായി സംഭാവന ചെയ്ത് ഒരുതരം "ആൾ ദൈവങ്ങളായി' അവർ മാറുന്നുണ്ട്. പതിറ്റാണ്ടുകളായി സമൂഹത്തിനായി സ്വജീവിതം മാറ്റിവെച്ചിരിക്കുന്ന ഉത്തമരായ ചില പൊതുപ്രവർത്തകരെക്കാൾ ബഹുമാന്യരും മനുഷ്യസ്‌നേഹികളുമായി ഈ പുതിയ പ്രമാണിവർഗ്ഗം വാഴ്ത്തപ്പെടുന്നു. ജനാധിപത്യബോധം, സ്വതന്ത്ര ചിന്ത, നിർഭയത്വം, ആത്മാഭിമാനം തുടങ്ങിയ ഗുണഗണങ്ങൾ സമൂഹത്തിൽ ദുർബലമാകുന്നു. പ്രാദേശിക സമൂഹ്യജീവിതത്തിൽ പ്രതിലോമപരതയുടെ വൈറസുകൾ വ്യാപിക്കാൻ ഇടയാക്കുന്നു. നാം സ്വയം ആവർത്തിച്ച് ബോധ്യപ്പെടണം: പുതുകേരള നിർമിതി നവലിബറൽ വിരുദ്ധമാകാതെ തരമില്ല.

Comments