ഐ.ടി. മേഖലയിലെ തൊഴിൽ പ്രതിസന്ധി, ബജറ്റിലെ പ്രതീക്ഷയും ആശങ്കകളും

പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഐ.ടി. മേഖലക്ക് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ വലിയ ഊർജ്ജം നൽകുമെന്ന് കണക്കു കൂട്ടാമെങ്കിലും, നയപരമായി ഈ സർക്കാർ എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഐ.ടി. മേഖലയിലെ ജീവനക്കാരുടെ ഭാവി. കൂടുതൽ കമ്പനികളെ കേരളത്തിൽ കൊണ്ടുവരികയും കേരളത്തിലെ യുവ തലമുറയെ കൃത്യമായ നൈപുണ്യ വികസന പരിപാടികളിലൂടെ തയ്യാറാക്കുകയും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ട ചുമതല ഇടതുപക്ഷ സർക്കാരിനുണ്ട്. അത്തരത്തിലുള്ള ഒരു കർമ്മ പദ്ധതി രൂപീകരിക്കുവാൻ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനവും ആസൂത്രണവും ആവശ്യമാണ്.

ഴിഞ്ഞ മാസമാണ് ടെക്ക് ഭീമന്മാരായ ആമസോൺ അവരുടെ ഏതാണ്ട് 18,000 (ഏകദേശം 3%) വരുന്ന ജീവനക്കാരെ പിരിച്ചുവിടുന്നത്. ആമസോൺ മാത്രമല്ല ഈ വഴി പിന്തുടരുന്നത്, മറ്റു ചെറുതും വലുതുമായ ഐ.ടി കമ്പനികൾ ഇത്തരത്തിൽ വൻ തോതിലുള്ള പിരിച്ചുവിടൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഐ.ടി ജീവനക്കാരുടെ ഇടത് സംഘടനയായ എ.ഐ.ഐ.ടി.ഇ.യു. വിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ പ്രതിദിനം 1600 ജീവനക്കാരെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പറഞ്ഞു വിടുന്നത്. ആഗോള തലത്തിൽ അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യവും കോവിഡാനന്തര വിപണിയിലെ മാറ്റങ്ങളുമാണ് ഇതിന് വിദഗ്‌ദ്ധർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ. ഇതെല്ലാം കൊണ്ടുതന്നെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്കരമായ ഒരു ഘട്ടത്തിലൂടെയാണ് ഐ.ടി മേഖല കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തിൽ വളരെ നിർണ്ണായകമായ സാഹചര്യത്തിലാണ് സാമ്പത്തിക ബജറ്റ് പ്രഖ്യാപനങ്ങൾ വരുന്നത്. കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലേയ്ക്ക് വരാം. 599 കോടിയാണ് അടുത്ത സാമ്പത്തിക വർഷം ഐ.ടി. മേഖലയിലെ വിവിധ പദ്ധതികൾക്കായി മാറ്റി വെച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഐ.ടി പാർക്കുകളുടെ നവീകരണത്തിന് 75 കോടി, കണ്ണൂർ പുതിയതായി ആരംഭിക്കാൻ പോകുന്ന ഐ.ടി പാർക്ക്, സ്പേസ് പാർക്കിനു 71.84 കോടി, കേരള സ്റ്റാർട്ടപ്പ് മിഷന് 120.52 കോടി തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. ജോലി അവസരങ്ങളും നൈപുണ്യ വികസനത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന പ്രഖ്യാപനങ്ങളാണ് ഇവയെല്ലാം എന്നതിൽ സംശയമില്ല, എന്നിരുന്നാലും സാധാരണ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഇത് എങ്ങനെ ഉരുത്തിരിയുമെന്നത് കണ്ട് അറിയേണ്ടതാണ്. സൊല്യൂഷനുകൾ വികസിപ്പിക്കുക, ആഗോള ഡിസൈൻ ടെക്നിക്കുകൾ, ചടുലമായ രീതിശാസ്ത്രങ്ങൾ, ഓട്ടോമേഷൻ, ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ, സർക്കാരിന്റെയും ആഗോള ഉപഭോക്താക്കളുടെയും ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്ന സുരക്ഷ എന്നിവയാണ് ഇന്ന് ഐ.ടി മേഖലയെ നയിക്കുന്നത്. അതുകൊണ്ട് കേരളത്തിന്റെ ഡിജിറ്റൽ നോളജ് എക്കണോമി സാക്ഷാത്കാര മോഹങ്ങൾക്ക് വൻ ഉത്തേജ്ജനമാണ് ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ.

Photo : unsplash.com

കഴിഞ്ഞ വർഷമാണ് ഇൻഫർമേഷൻ ടെക്‌നോളജി കമ്പനിയായ ഐ.ബി.എം കേരളത്തിൽ സോഫ്റ്റ്‌വെയർ ലാബ് കൊണ്ടുവരുവാൻ തയ്യാറായത്. ഇത് സാധ്യമാക്കിയതിൽ കേരള സർക്കാരിനും പങ്കുണ്ട്. അതോടൊപ്പം കേരളത്തിലെ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും വിദ്യാർഥികളെ ഐ.ബി.എം ലേക്ക് ജീവനക്കാരായി തിരഞ്ഞെടുത്തതും വൻ നേട്ടമാണ്. ഈ ബജറ്റിൽ പ്രഖ്യാപിച്ച ഐ.ടി. പാർക്കുകളുടെ നവീകരണം ഇത്തരത്തിൽ കൂടുതൽ കമ്പനികളെ കേരളത്തിൽ കൊണ്ടുവരാൻ സഹായകമാകും എന്നു കരുതണം. നിലവിലുള്ള സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും ഇത് വഴിവെക്കും. അതുവഴി കൂടുതൽ ജോലി സാധ്യത സൃഷ്ടിക്കാനും സാധിക്കും. ഇതോടൊപ്പം തന്നെ ഐ.ടി പാർക്കുകളുടെ "ഏൻഡ് ടു ഏൻഡ് കണക്റ്റിവിറ്റി' ഉറപ്പാക്കാനും സർക്കാർ ശ്രമിക്കേണ്ടതുണ്ട്. കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടുന്ന പണികൾ വേഗത്തിലാക്കുകയും കൂടാതെ ഐ.ടി പാർക്കുകൾ ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ പൊതുഗതാഗതം ഉറപ്പുവരുത്തേണ്ടതുമുണ്ട്. സർക്കാർ-സ്വകാര്യ സഹകരണത്തോടു കൂടിയുള്ള നടത്തിപ്പിൽ താമസ സൗകര്യം ഒരുക്കുന്നതും മേഖലയിലെ ജീവനക്കാരെ ഏറെ സഹായിക്കും. നിലവിലുള്ള ഹോസ്റ്റലുകളെയും പേയിങ് ഗസ്റ്റ് സംവിധാനങ്ങളെയും സർക്കാരിന്റെ ശൃങ്കാലയുടെ കീഴിൽ കൊണ്ടുവരികയാണ് ഇതിനുള്ള ഒരു പോംവഴി.

ഏറെ പ്രാധാന്യത്തോടു കൂടി കാണേണ്ടതാണ് കേരള സ്റ്റാർട്ട് ആപ്പ് മിഷന്റെ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച തുക. കേരള ബെഞ്ച്മാർക് സ്റ്റഡി 2021-22 പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളുടെ പട്ടികയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ഇടം നേടിയിട്ടിട്ടുണ്ട്. കൂടുതൽ ജോലി സാധ്യതകൾക്കും ഇതിനെല്ലാം പുറമെ നൂതനമായ ആശയ രൂപീകരണത്തിനും സ്റ്റാർട്ടപ്പ് മിഷന്റെ പ്രവർത്തനങ്ങൾ വളരെ പ്രാധാന്യമുള്ളതാണ്. പ്രത്യേകിച്ചും കേരളത്തെ വ്യവസായ സൗഹൃദമാക്കുക എന്ന ലക്ഷ്യം ദ്രുതഗതിയിലാക്കുന്നതിൽ.

"വർക്ക് നിയർ ഹോം' ആണ് മറ്റൊരു പ്രധാന പദ്ധതി. "വർക്ക് ഫ്രം ഹോം' എന്നത് നവസാധാരണഗതയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. കമ്പനികളെ സംബന്ധിച്ച് വീടുകളിൽ നിന്ന് ജോലി ചെയ്യിപ്പിക്കുന്നത് മെച്ചപ്പെട്ട കാര്യപ്രാപ്‌തി നല്കുന്നുണ്ട്, അതിനേക്കാൾ ഉപരി വൻ സാമ്പത്തിക ലാഭവും. അതിവേഗ ഇന്റർനെറ്റും ഉചിതമായ ജോലിസ്ഥല സൗകര്യങ്ങളും ഒരുപക്ഷെ തങ്ങളുടെ വീടുകളിൽ ഉറപ്പുവരുത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സാഹചര്യത്തിൽ വീടുകളിൽ നിന്നും ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ വീടിന്റെ പരിസരത്ത് അല്ലെങ്കിൽ നഗരത്തിൽ "വർക്ക് നിയർ ഹോം' കേന്ദ്രങ്ങൾ വരുകയാണെങ്കിൽ വളരെ ഫലപ്രദമായിരിക്കും. കമ്പനികളും ഈ നീക്കത്തെ സ്വാഗതം ചെയ്യും. നിലവിൽ ഇത്തരത്തിലുള്ള നൂറു കേന്ദ്രങ്ങൾ തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല, എങ്കിലും കേന്ദ്രങ്ങൾ വൻ നഗരങ്ങളോടൊപ്പം തന്നെ ചെറു പട്ടണങ്ങളിലും സജ്ജമാക്കുന്നു എന്നത് സർക്കാർ ശ്രദ്ധിക്കണം.

സ്റ്റാർട്ടപ്പ് മിഷനും ഐ.ടി. മിഷനും നൈപുണ്യ വികസനത്തിന് വേണ്ടി ചെയ്തുപോരുന്ന പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണെങ്കിലും ആ പ്രവർത്തനങ്ങളുടെ വ്യാപ്‌തി ഇനിയും വർധിപ്പിക്കേണ്ടിയിരിക്കുന്നു. ഇത് കോളേജ് തലത്തിൽ തന്നെ ആരംഭിക്കേണ്ടതുണ്ട്. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളാണ് ഐ.ടി. മേഖലയിലേക്കുള്ള ഒരു വലിയ ശതമാനം ജീവനക്കാരെ സംഭാവന ചെയ്യുന്നത്. കോഡിംഗ് ലാംഗ്വേജുകളും മറ്റ് അനുബന്ധ ടെക്നോളജികളും പാഠ്യപദ്ധതിയിൽ ഉണ്ടെങ്കിലും വിപണിയിലെ സാധ്യതക്കും ആവശ്യങ്ങൾക്കും തക്ക വിധം അത് പരിഷ്കരിക്കേണ്ടതുണ്ട്. ഇത്തരത്തിൽ പാഠ്യപദ്ധതി നിർമ്മാണം ചലനാത്മകമാക്കി തീർക്കേണ്ടതുണ്ട്. കേരളത്തിലെ ഒന്നാമത്തെ സർക്കാർ എഞ്ചിനീയറിംഗ് കോളേജായ സി.ഇ.ടി. യുടെ എൻ.ഐ.ആർ.എഫ്. (NIRF) റാങ്ക് എഴുപതിൽ നിന്നും നൂറിനും നൂറ്റമ്പതിനും ഇടയിലേയ്ക്കു കൂപ്പുകുത്തിയതും ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. എഞ്ചിനീയറിംഗ് ഇതര കോഴ്സുകളിലും കോഡിങ് പോലുള്ള വിഷയങ്ങൾ ഉൾപ്പെടുത്തുന്നത് കേരളത്തിന്റെ ഐ.ടി. മേഖലയിലെ കുതിപ്പിന് ഊർജ്ജം നൽകും. സർക്കാർ-സ്വകാര്യ സഹകരണത്തോടു കൂടി ഇത് നടപ്പിലാക്കാൻ സാധിക്കും. യു.ജി. കോഴ്സുകളുടെ കാലാവധി നാല് വർഷമായി നീട്ടുന്നതും നൈപുണ്യ വികസനത്തിന് ബലപ്പെടുത്തുന്നതാണ്. സാധാരണക്കാരായ ബഹുഭൂരിപക്ഷം വരുന്ന വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ എയ്ഡഡ് സ്കൂളുകളിലും ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നു എന്നതും സർക്കാർ ഉറപ്പുവരുത്തേണ്ടതാണ്.

മൂലധന വകയിരുത്തൽ ദീർഘവീക്ഷണത്തോടെ രൂപരേഖ ചെയ്യുമ്പോഴും ജീവനക്കാരെ നേരിട്ട് ബാധിക്കുന്ന തരത്തിലുള്ള നയപരമായ പ്രഖ്യാപനങ്ങളുടെ അഭാവമാണ് ഇന്ന് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ജീവനക്കാരെ നിർദയം പിരിച്ചുവിടുന്നത് തടയാൻ സർക്കാരിന് ബദൽ മാർഗങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നില്ല എന്നത് വലിയ ഒരു പോരായ്മയാണ്. കേരളത്തിലെ ഐ.ടി. പാർക്കുകളിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടുന്നത് തടയാൻപോലും സർക്കാരിന് സാധിക്കുന്നില്ല. എന്തിന്, കേരളത്തിലെ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ക്യാമ്പസ് പ്ലേസ്‍‌മെന്റ് ലഭിച്ചിട്ടും "മാസ്സ് ലെഓഫ്' ന്റെ ഭാഗമായി ഇതുവരെയും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത നൂറിൽ പരം വിദ്യാർഥികളുണ്ട്. കേരള സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് തിരുവനന്തപുരം ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കം ബൈജൂസ് പിൻവലിച്ചിരുന്നു; അത് ഒരു ഒറ്റപ്പെട്ട ഇടപെടൽ മാത്രമായേ കാണാൻ സാധിക്കുകയുള്ളു. വാർത്തകളിൽ വരാത്ത പിരിച്ചുവിടൽ സംഭവങ്ങൾ ഇന്നും ഐ.ടി. മേഖലയിൽ നടന്നുകൊണ്ടേ ഇരിക്കുന്നു. അവസാന നിമിഷമുള്ള ഇടപെടലിന് പകരം, കൃത്യമായ നിയമ നിർമ്മാണത്തിലൂടെ ജീവനക്കാരുടെ താൽപര്യം സംരക്ഷിക്കുന്ന നയങ്ങൾ കൊണ്ടുവരേണ്ടത് നിലവിലെ സാഹചര്യത്തിൽ വളരെ അത്യാവശ്യമാണ്. പൊതുവായി പറയുകയാണേൽ, ഐ.ടി മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിയമനിർമ്മാണങ്ങളും പരാതികൾ പരിഹരിക്കുവാൻ വേണ്ടിയുള്ള ഫോറങ്ങളും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന ഒരു ഫോറമോ വേദിയോ കേരളത്തിലെന്നല്ല ഇന്ത്യയിൽ തന്നെയില്ല. കേരളത്തെ പോലെ സേവന മേഖലയെ ആശ്രയിച്ചു നിൽക്കുന്ന ഒരു സംസ്ഥാനത്തിൽ ഇതിനു കൂടുതൽ പ്രാധാന്യമുണ്ട്.

സംഘടിക്കുവാൻ അക്ഷരാർഥത്തിലുള്ള അവകാശമില്ലാത്ത ഒരു മേഖലയാണ് ഇന്ന് ഐ.ടി. മേഖല. സി.ഐ.ടി.യുവിന്റെ കീഴിൽ വരുന്ന എ.ഐ.ഐ.ടി.ഇ.യു.വിൽ പോലും രഹസ്യമായാണ് ബഹുഭൂരിപക്ഷം വരുന്ന ജീവനക്കാരും പ്രവർത്തിക്കുന്നത്. യൂണിയനുകളിൽ അംഗം ആവരുത് എന്നത് പല കമ്പനികളിലും ഒരു അലിഖിത നിയമമാണ്. യൂണിയൻ പ്രവർത്തനമാണ് കേരളത്തിലെ വ്യവസായ മേഖലയുടെ മുരടിപ്പിന് കാരണമെന്നുള്ള ലിബറൽ വാദഗതി നിലനിൽക്കുന്നിടത്തോളം കാലം ഐ.ടി മേഖലയിലും ഒരു യൂണിയൻ സജ്ജമാക്കുക എന്നത് ഒരു വിദൂര സ്വപനം തന്നെയായിരിക്കും. ഇതിനോടൊപ്പം തന്നെ കാണേണ്ട മറ്റൊരു സാഹചര്യമാണ് ഐ.ടി. മേഖല ഉല്പാദിപ്പിക്കുന്ന കേരളത്തിലെ മധ്യ വർഗം. രണ്ടു ശതമാനം സെസ്സ് പോലുള്ള പ്രഖ്യാപനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഈ മധ്യവർഗ്ഗത്തെയായിരിക്കും. ക്ഷേമ പദ്ധതികൾക്കാണ് ഈ രണ്ടു ശതമാനം സെസ്സ് ഈടാക്കുന്നത് എന്ന സർക്കാർ യുക്തി അവരെ ബോധ്യപ്പെടുത്താനും ബുദ്ധിമുട്ടേറും. കേന്ദ്ര സർക്കാരിന്റെ നികുതിപരിഷ്കാരങ്ങളുടെ ഒരു വലിയ ശതമാനം ഗുണഭോക്താക്കൾ ഈ വരുന്ന മധ്യവർഗ്ഗമാണ് എന്നത് മറ്റൊരു വസ്തുത.

പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഐ.ടി. മേഖലക്ക് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ വലിയ ഊർജ്ജം നൽകുമെന്ന് കണക്കു കൂട്ടാമെങ്കിലും, നയപരമായി ഈ സർക്കാർ എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഐ. ടി. മേഖലയിലെ ജീവനക്കാരുടെ ഭാവി. കൂടുതൽ കമ്പനികളെ കേരളത്തിൽ കൊണ്ടുവരുന്നതും കേരളത്തിലെ യുവ തലമുറയെ കൃത്യമായ നൈപുണ്യ വികസന പരിപാടികളിലൂടെ തയ്യാറാക്കുകയും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ട ചുമതല ഇടതുപക്ഷ സർക്കാരിനുണ്ട്. അത്തരത്തിലുള്ള ഒരു കർമ്മ പദ്ധതി രൂപീകരിക്കുവാൻ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനവും ആസൂത്രണവും ആവശ്യമാണ്. അത് ഈ സർക്കാരിന് ചെയ്യാൻ സാധിക്കട്ടെ.

Comments