ജനാധിപത്യമെന്നാൽ
എഴുതപ്പെട്ട നിയമങ്ങൾ മാത്രമല്ല,
പാലിക്കപ്പെടേണ്ട മര്യാദകള്‍ കൂടിയാണ്
ജനാധിപത്യമെന്നാൽ എഴുതപ്പെട്ട നിയമങ്ങൾ മാത്രമല്ല, പാലിക്കപ്പെടേണ്ട മര്യാദകള്‍ കൂടിയാണ്
കേരളത്തിൽ ഗവർണർ ആരിഫ് ഖാൻ പല തരത്തിൽ ആണ് തന്റെ കടമകൾക്ക് കടകവിരുദ്ധമായി പ്രവർത്തിക്കുന്നത്. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളെയും പാർട്ടിയെയും അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുക എന്ന ദൗത്യമാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയ്ക്ക് വേണ്ടി അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്.
27 Oct 2022, 10:08 AM
കോടതിമുറികളിൽ തലനാരിഴ കീറി പരിശോധിക്കുന്ന കേസുകൾ പോലെയാണ് ജനാധിപത്യത്തിന്റെ രീതികൾ എന്നത് തെറ്റായ ചിന്താഗതിയാണ്. ജനാധിപത്യമെന്നാൽ എഴുതപ്പെട്ട നിയമങ്ങളും ചട്ടങ്ങളും നിർദ്ദേശങ്ങളും മാത്രം ഉൾപ്പെടുന്നതല്ല. മറിച്ച് എവിടെയും എഴുതപ്പെടാത്ത ചില കീഴ്‌വഴക്കങ്ങളും സാമാന്യമര്യാദകളും ചടങ്ങുകളും എല്ലാം ഉൾപ്പെട്ടതാണ്. ഇത് ഒരു ഉട്ടോപ്യൻ ചിന്താഗതിയല്ല, ലോകത്ത് എല്ലാ ജനാധിപത്യ ഇടങ്ങളിലും തുടർന്ന് പോരുന്ന പാരമ്പര്യമാണ്.
ഇന്ത്യ പോലുള്ള റിപ്പബ്ലിക് രാജ്യങ്ങളിൽ ഗവർണർ പ്രസിഡന്റ് മുതലായവയും ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ പോലുള്ള രാജ ജനാധിപത്യങ്ങളിലെ ( constitutional monarchy) രാജാവ്, രാജ്ഞി മുതൽ പേരും ജനാധിപത്യത്തെ കീഴടക്കി ഭരിക്കാൻ വേണ്ടി ഉള്ള ഉയർന്ന പദവികളല്ല. മറിച്ച് ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടിയുള്ള സന്നാഹം എന്ന നിലയിൽ ആണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. റിപ്പബ്ലിക്കനിസവും കൺസർവേറ്റിവിസവും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ സംഘർഷത്തിൽ നിന്നും ഉത്ഭവിച്ച സമന്വയ സിദ്ധാത്തിൽ നിന്നാണ് ആലങ്കാരികമായ പരമാധികര പദവികൾ ഉണ്ടായത്.
ശരിയായ ജനാധിപത്യത്തിൽ കൂടെക്കൂടെയുള്ള അധികാരമാറ്റം ആവശ്യമാണെന്നിരിക്കെ, സംവിധാനത്തിന് സ്ഥിരത ഉറപ്പാക്കുന്നതിനും, അധികാരക്കൈമാറ്റവേളകളിലും മറ്റ് പരിവർത്തനങ്ങൾക്കിടയിലും സിസ്റ്റത്തെ രക്ഷിച്ച് പിടിക്കാൻ വേണ്ടിയും ഉള്ള സംവിധാനമാണ് ഗവർണർ, പ്രസിഡന്റ് പദവികൾ. യൂറോപ്യൻ കോൺസ്റ്റ്യൂഷനൽ മൊണാർക്കികളിലെ രാജാധികാരപദവിയും മറ്റൊന്നല്ല. ആധുനികഭരണഘടനയുടെ പല ഉത്തരവാദിത്വത്തങ്ങളിൽ ഒന്ന് ആർക്കെങ്കിലും പരമാധികാരം കല്പിച്ച് നൽകലല്ല, മറിച്ച് പരമാധികാരം ആർക്കും ഇല്ല എന്ന് ഉറപ്പുവരുത്തുകയാണ്.
ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടിയാണ് ഭരണഘടനയും നിയമാവലികളും വിവിധ മാർഗനിർദ്ദേശങ്ങളും നിലകൊള്ളുന്നത്. എന്നാൽ ജനാധിപത്യം നിലനിൽക്കുന്നത് നിയമാവലികൾക്ക് വേണ്ടിയല്ല. ഇത് പ്രധാനമായി മനസിലാക്കേണ്ട ഒന്നാണ്. എഴുതപ്പെടാത്ത മര്യാദകൾ കൂടെ ഉൾപ്പെട്ട ഒന്നാണ് ശരിയായ ജനാധിപത്യം. നിലനിന്നു പോരുന്ന കീഴ്‌വഴക്കങ്ങൾ വിവിധ കക്ഷികൾ തുടർന്നുപോരിക എന്നത് ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. സാമന്തരാജ്യങ്ങളായ കാനഡയുടെയോ ഓസ്ട്രേലിയയുടെയോ ഏതെങ്കിലും ദൈനംദിനകാര്യങ്ങളിൽ ബ്രിട്ടീഷ് രാജകുടുംബം ഇടപെടാറില്ല എന്നത് ഇത്തരമൊരു മര്യാദയുടെ പുറത്താണ്. ബ്രിട്ടനിലെ ജനങ്ങൾ തിരഞ്ഞെടുത്ത പാർലമെന്ററി പാർട്ടിയുടെ നേതാവിനെയാണ് ബ്രിട്ടീഷ് രാജാവ് പ്രധാനമന്ത്രിയാവാൻ ക്ഷണിക്കുന്നത്. നാളെ പെട്ടെന്നൊരു ദിവസം ചാൾസ് രാജാവിന് റിഷി സുനകിനെ ഇഷ്ടപ്പെടാതിരുന്നാൽ രാജി ആവശ്യപ്പെടില്ല. അധികാരത്തിലിരിക്കുന്ന കൺസർവേറ്റീവ് പാർട്ടി അത്തരം ഒരാവശ്യം ഉന്നയിക്കുമ്പോൾ മാത്രമേ ബ്രിട്ടീഷ് രാജാവ് പ്രധാനമന്ത്രിയ്ക്കോ കാബിനറ്റിനോ എതിരെ നടപടി എടുക്കേണ്ടതുള്ളൂ.

ജനങ്ങളുടെ തെരഞ്ഞെടുപ്പിന് അനുസരിച്ചോ ജനപ്രതിനിധികളുടെ ഇഷ്ടാനുസരണമോ മന്ത്രിസഭ മാറുമ്പോൾ ആ മാറ്റത്തിനു വേണ്ട സഹകരണം ഉറപ്പാക്കുകയും മന്ത്രിസഭയുടെയും ജനപ്രതിനിധികളുടെയും കർത്തവ്യനിർവഹണത്തിന് പിന്താങ്ങുകയും ചെയ്യുക എന്നതാണ് ആലങ്കാരിക പദവികൾ ചെയ്യുന്നവരുടെ കടമ.
കേരളത്തിൽ ഗവർണർ ആരിഫ് ഖാൻ പല തരത്തിൽ ആണ് തന്റെ കടമകൾക്ക് കടകവിരുദ്ധമായി പ്രവർത്തിക്കുന്നത്. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളെയും പാർട്ടിയെയും അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുക എന്ന ദൗത്യമാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയ്ക്ക് വേണ്ടി അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. മാത്രമല്ല സ്ഥിരത ഉറപ്പുവരുത്തുന്നതിന് പകരം ജനാധിപത്യത്തെ അസ്ഥിരമാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഒരു വാദത്തിന് കേരളത്തിലെ വിവിധസർവകലാശാലകളുടെ വിസിമാർ ചട്ടവിരുദ്ധമായാണ് നിയമിക്കപ്പെട്ടത് എന്ന് തന്നെ ഇരിക്കട്ടെ. ഒറ്റ രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും ഒമ്പത് സർവകലാശാലകളുടെയും വിസിമാർ ഒറ്റയടിക്ക് രാജി വെയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് സാമാന്യബുദ്ധിയ്ക്കോ മര്യാദയ്ക്കോ നിരക്കുന്നതല്ല. സർവകലാശാലകളുടെ ദൈനംദിനപ്രവർത്തനങ്ങളെ പൂർണമായും താറുമാറാക്കുന്ന പ്രവർത്തിയാണ് ഗവർണറുടെ ഭാഗത്തു നിന്നുണ്ടായത്. സർവകലാശാലകളിൽ ഭരണമാറ്റം ആവശ്യമെന്ന് ഗവർണർ കരുതുന്നെങ്കിൽ ചർച്ചകളിലൂടെയും സാവകാശത്തിലും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സമ്മതത്തോടെയും പടിപടിയായി നടപ്പാക്കേണ്ട ഒന്നാണ് അത്. അങ്ങനെയാണ് ജനാധിപത്യത്തിൽ സ്ഥിരത ഉറപ്പാക്കാൻ ഗവർണർ പ്രവർത്തിക്കേണ്ടത്. അല്ലാതെ നിയമങ്ങളും ചട്ടങ്ങളും ഇഴകീറിപ്പരിശോധിച്ച് സിസ്റ്റത്തിന്റെ പ്രവർത്തനത്തെ താറുമാറാക്കാൻ അല്ല.

എഴുപത്തഞ്ചോളം വർഷം പ്രായമുള്ള ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെപ്പറ്റി ഉടൻ നടക്കേണ്ട ചർച്ചകളെയാണ് ആരിഫ് ഖാന്റെ പ്രവർത്തനങ്ങൾ ഓർമപ്പെടുത്തുന്നത്. ആലങ്കാരികമായിപ്പോലും പരമാധികാരം ആർക്കും ഇനി നൽകേണ്ടതില്ല എന്ന മുന്നറിയിപ്പാണ് ജനങ്ങൾക്ക് ഇത് നൽകുന്നത്. ജനാധിപത്യമര്യാദകൾ പാലിക്കാത്ത വ്യക്തികളും സംഘടനകളും ഭരണത്തിലേക്കാത്താൻ സാധ്യത ഉണ്ടെന്നിരിക്കെ എല്ലാത്തരം പരമാധികാരങ്ങളെയും ഭരണഘടനാപദിവകളിൽ നിന്നും നിയമങ്ങളിൽ നിന്നും ഇനി എടുത്തുമാറ്റേണ്ടതുണ്ട്.
പി.ഡി.ടി. ആചാരി
Jan 11, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read
Truecopy Webzine
Dec 08, 2022
4 minutes read
ഷാജഹാന്‍ മാടമ്പാട്ട്
Dec 08, 2022
5 Minutes Read
ഡോ. തോമസ് ഐസക്
Nov 29, 2022
3 Minute Read
പ്രമോദ് പുഴങ്കര
Nov 28, 2022
5 minute read