കേരളവും സർക്കാറും ഞങ്ങൾക്കുമുന്നിൽ
കണ്ണുംപൂട്ടി നിൽക്കുകയാണ്;
ബ്ലൈന്‍ഡ് സ്‍പോര്‍ട്സ് താരങ്ങൾ പറയുന്നു
കേരളവും സർക്കാറും ഞങ്ങൾക്കുമുന്നിൽ കണ്ണുംപൂട്ടി നിൽക്കുകയാണ്; ബ്ലൈന്‍ഡ് സ്‍പോര്‍ട്സ് താരങ്ങൾ പറയുന്നു
കാഴ്ചപരിമിതരെ സംബന്ധിച്ച് പലതരം പരിമിതികൾ മറികടക്കാനും സ്വയം പര്യാപ്തതതോടെ സ്വന്തം കാര്യങ്ങള്‍ ചെയ്യാനുമുള്ള പരിശീലനമാണ് കായിക മത്സരങ്ങള്‍. എന്നാൽ, സംസ്ഥാന സർക്കാറിന് ഈ വിഷയത്തിൽ കൃത്യമായ ഒരു നയവുമില്ല. മാത്രമല്ല, മുഖ്യധാരാ കായിക ഇനങ്ങൾക്കും താരങ്ങൾക്കും നൽകുന്ന പിന്തുണയുടെ നേരിയ ഒരംശംപോലും ഈ വിഭാഗക്കാർക്ക് നൽകുന്നില്ല. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് സ്വർണമെഡലുകളടക്കം നേടിയ ബ്ലൈന്‍ഡ് സ്പോര്‍സ് താരങ്ങൾ, സ്വന്തം നാട്ടിൽ അനുഭവിക്കേണ്ടിവരുന്ന കൊടും അവഗണനയെക്കുറിച്ച് തുറന്നുപറയുകയാണ്.
28 Oct 2022, 05:28 PM
2018ൽ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന പാരാ ഏഷ്യന്‍ ഗെയിംസില്‍ ചെസില്‍ വെള്ളിമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ, കാഴ്ചപരിമിതനായ കായികതാരം സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലിക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ കയറിയിറങ്ങുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയിക്കുന്ന കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പാരിതോഷികങ്ങളും ജോലിയും നല്‍കുന്ന ഒരു കാലത്തുതന്നെയാണ് കോഴിക്കോട് താമരശ്ശേരി സ്വദേശി പി.കെ മുഹമ്മദ് സാലിഹിന് അര്‍ഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത്. ബ്ലൈന്‍ഡ് സ്പോര്‍ട്സിനും ബ്ലൈന്‍ഡ് സ്പോര്‍ട്സില്‍ ഉന്നത വിജയം നേടുന്ന താരങ്ങള്‍ക്കും കേരള സര്‍ക്കാര്‍ എത്ര പരിഗണന നല്‍കുന്നുണ്ടെന്ന വസ്തുത സാലിഹിന്റെ അനുഭവം വരച്ചിടുന്നു.
കാഴ്ചപരിമിതിയുടെ എല്ലാം വെല്ലുവിളികളെയും അതിജീവിച്ച് ഉയർന്നുവരുന്ന കായിക താരങ്ങളെ സർക്കാരും സ്‌പോര്‍ട്‌സ് കൗണ്‍സിലും ഈ വിധം അവഗണിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. കാഴ്ച പരിമിതികളെന്ന് പൊതുബോധം നിര്‍വചിച്ചുവെച്ചിരിക്കുന്ന പലതരം പരിമിതികളെ ഒരു പരിധി വരെ മറികടക്കാനും സ്വയം പര്യാപ്തതതോടെ സ്വന്തം കാര്യങ്ങള്‍ ചെയ്യാനുമുള്ള പരിശീലനമായി കായിക മത്സരങ്ങള്‍ മാറുന്നുണ്ട്. മുഖ്യധാരാ സ്‌പോര്‍ട്‌സിനെക്കാള്‍ കൂടുതല്‍ പ്രാധാന്യവും പിന്തുണയും ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സിനും നല്‍കി അവരെ കൂടി ഉള്‍ക്കൊള്ളുന്ന സമീപനമാണ് സര്‍ക്കാറും സ്‌പോര്‍ട്‌സ് കൗണ്‍സിലും സ്വീകരിക്കേണ്ടത്. ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സിനെ അംഗീകരിക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും പിന്തുടരുന്ന മാത്യകാപരമായ സമീപനങ്ങളും കേരള സര്‍ക്കാറിന് പിന്തുടരാവുന്നതാണ്.
കണ്ണുതുറക്കാത്ത സർക്കാർ
യൂണിവേഴ്സിറ്റി വിദ്യാർഥിയായിരിക്കേ, അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട് പി.കെ മുഹമ്മദ് സാലിഹ്. കേരള ചെസ് ടീം ക്യാപ്റ്റനായി ഓപ്പണ്‍ കാറ്റഗറിയില്‍ വരെ പങ്കെടുത്തിട്ടുണ്ട്. വിശ്വനാഥന്‍ ആനന്ദിനെയും പ്രഗ്‌നാനന്ദയെയും നിഹാല്‍ സരിനെയും പോലെ അന്തര്‍ദേശീയ തലത്തില്‍ നിരവധി നേട്ടങ്ങൾ കൊയ്തു. നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുകളെ സമീപിച്ചെങ്കിലും അനുകൂല മറുപടി ആരില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് സാലിഹ് ട്രൂകോപ്പിയോട് പറഞ്ഞു: "" ചെസില്‍ ദേശീയ- അന്തര്‍ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടും കേരള സര്‍ക്കാറിന്റെ ഒരു പിന്തുണയും എനിക്ക് ലഭിച്ചിട്ടില്ല. ഇന്റര്‍നാഷനൽ ടൂര്‍ണമെന്റില്‍ ജയിച്ചുവരുന്ന താരങ്ങള്‍ക്ക് ജോലിയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിക്കാറുണ്ട്. ഇത്തരം ഒരു പരിഗണനയും എനിക്കോ മറ്റ് ബ്ലൈന്‍ഡ് സ്പോര്‍ട്സ് താരങ്ങള്‍ക്കോ ലഭിച്ചിട്ടില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പല തവണ ഈ സര്‍ക്കാറിനെയും മുമ്പത്തെ സര്‍ക്കാറിനെയുമെല്ലാം ഞാന്‍ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും ഓഫീസുകളിലും സ്പോര്‍ട്സ് കൗണ്‍സിലിലുമെല്ലാം പോയിട്ടിട്ടുണ്ടെങ്കിലും അനുകൂല നിലപാടുണ്ടായില്ല. സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല''

മുഹമ്മദ് സാലിഹിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് ഹമീമ് മുഹമ്മദ് എന്ന യുവാവിന്റെ നേതൃത്വത്തില്‍ മാസ് സൈന്‍ കളക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. സാലിഹിന് നേരിടേണ്ടി വന്ന അവഗണന ഒറ്റപ്പെട്ടതല്ല, കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന കാഴ്ചപരിമിതരായ താരങ്ങള്‍ക്കെല്ലാം സമാന അനുഭവങ്ങള്‍ തന്നെയാണുള്ളത്. മുഖ്യധാരാ കായികമത്സരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയോ, പരിഗണനകളോ സര്‍ക്കാര്‍ ബ്ലൈന്‍ഡ് സ്പോര്‍ട്സിന് നല്‍കുന്നില്ല.
പരിമിതികളെ മറികടക്കാൻ സഹായിക്കുന്ന സ്പോർട്സ്
കാഴ്ചപരിമിതരെ സംബന്ധിച്ച് കായിക മത്സരങ്ങള്‍ ഏറെ പ്രാധാന്യമുള്ളതാണ്. . കാഴ്ചയില്ലായ്മയുടെ ജൈവികമായ പരിമിതികളില്ലാതാക്കി ചലനശേഷിയെ കുറച്ചുകൂടി വിശാലമാക്കി മാറ്റുന്നതില്‍ കായികമേഖലക്ക് വളരെ പ്രസക്തിയുണ്ടെന്നാണ് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് അസോസിയേഷന്‍ പ്രസിഡന്റായ ഡോ. ഹബീബ് സി. പറയുന്നത്:

‘‘കാഴ്ചയില്ലാത്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ് കായികമേഖല എങ്കിലും പലപ്പോഴും മറ്റ് ഭിന്നശേഷിവിഭാഗങ്ങള്‍ക്ക് ലഭിക്കുന്നതുപോലെ കാഴ്ചയില്ലാത്തവരുടെ കായികമേഖലയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയോ, ക്രിയാത്മക ഇടപെടല്‍ നടത്തുകയോ ചെയ്യാറി. ശാരീരിക ഭിന്നതയുള്ളവരുടെ കായികമത്സരങ്ങള്‍ പാരാ ഒളിമ്പിക്സിലാണ് നടത്താറ്. പക്ഷേ അതിലും കാഴ്ചയില്ലാത്തവരുടെ പ്രാതിനിധ്യം വളരെ കുറവാണ്. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് അസോസിയേഷന്റെ കീഴില്‍ കാഴ്ചയില്ലാത്തവരുടെ കായികമത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ഫെഡറേഷന്‍ രൂപീകരണത്തിന്റെ ആദ്യം ഘട്ടം മുതലേ, സ്‌ക്കൂള്‍, കോളേജ് തലങ്ങളിൽ കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് കലാകായിക മത്സരങ്ങള്‍ നടത്തിയിരുന്നു. അത്ലറ്റിക്സ്, ലോങ്ങ് ജമ്പ്, ത്രോ ബോള്‍, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിന്‍ തുടങ്ങിയ അഡാപ്റ്റീവായ സ്പോര്‍ട്സുകളെയെല്ലാം അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1999 മുതല്‍ കലാമത്സരങ്ങൾ സര്‍ക്കാര്‍ ഏറ്റെടുത്ത് സ്പെഷ്യല്‍ സക്കൂള്‍ യൂത്ത് ഫെസ്റ്റിവലൊക്കെ നടത്തുന്നുണ്ട്. എന്നാല്‍, കാഴ്ചയില്ലാത്തവര്‍ക്കോ, ഭിന്നശേഷിക്കാര്‍ക്കോ വേണ്ടി കായികമത്സരം നടത്തപ്പെടുന്നില്ല. ചില സ്ഥലങ്ങളിലൊക്കെ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കായികമത്സരം നടത്താറുണ്ടെങ്കിലും കേരളത്തിലത് പൊതുവെ കുറവാണ്. ഇതിനെ മറികടക്കാന്‍ കേരള ബ്ലൈന്‍ഡ് ഫെഡറേഷന്റെ കീഴിലാണ് ഇപ്പോള്‍ കായികമത്സരം നടത്താറ്.''
സാധാരണ കായികതാരങ്ങളെ അപേക്ഷിച്ച് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയ നേട്ടങ്ങളുണ്ടാക്കിയ, കാഴ്ചപരിമിതരായ കായിക താരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കേരള സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ലെന്നും അദ്ദേഹം ട്രൂകോപ്പിയോട് പറഞ്ഞു.
ക്രിക്കറ്റും ഫുട്ബോളും ചെസും ആൺകുട്ടികൾക്ക്!
ദേശീയ മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടും സര്‍ക്കാറിന്റെ ഒരു പ്രയോരിറ്റി ലിസ്റ്റിലും ഉള്‍പ്പടാതെ അകറ്റിനിര്‍ത്തപ്പെടുന്നതിനെകുറിച്ചാണ് ദേശീയ ബ്ലൈന്‍ഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ കേരള ടീം അംഗം മാഹീന്‍ ദിലീപ് പറയുന്നത്: ‘‘ഇതുവരെ കേരള സര്‍ക്കാറിന്റെ ഒരു പരിഗണനയും ബ്ലൈന്‍ഡ് ഫുട്ബോളിന് ലഭിച്ചിട്ടില്ല. മത്സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും വലിയ സാമ്പത്തിക ചെലവുണ്ട്. പരിശീലനത്തിന്ടെറഫില് 2000 രൂപയോളം ദിവസവും നല്‍കണം. ഈ ചെലവ് വെട്ടിക്കുറക്കാന്‍ രാവിലെ മാത്രമാണ് ഞങ്ങള്‍ പരിശീലനം നടത്താറ്. മറ്റുള്ള സ്പോര്‍ട്സില്‍ നിന്ന് ബ്ലൈന്‍ഡ് സ്പോര്‍ട്സിന് ഒരുപാട് വ്യത്യാസങ്ങളുണ്ട്. മുഖ്യധാരാ കായികമത്സരങ്ങള്‍ക്കുള്ള അത്ര ഗ്രൗണ്ട് സപ്പോര്‍ട്ട് ബ്ലൈന്‍ഡ് സ്പോര്‍ട്സിന് ലഭിക്കാറില്ല. കാഴ്ചപരിമിതിയുള്ളതിനാല്‍ വീട്ടുകാരെ സംബന്ധിച്ച്ദൂരസ്ഥലങ്ങളിൽ മത്സരങ്ങള്‍ക്ക് പറഞ്ഞയക്കാന്‍ ഭയമാണ്. ഇതു മാറണമെങ്കില്‍ ഞങ്ങള്‍ സര്‍ക്കാരിനാല്‍ അംഗീകരിക്കപ്പെടുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ബ്ലൈന്‍ഡ്‌സ് സ്പോര്‍ട്സിനും ഫുട്ബോളിനും കേരള സര്‍ക്കാരില്‍ നിന്ന് പിന്തുണ കിട്ടുന്നത് വളരെ കുറവാണ്’’.

ബ്ലൈന്‍ഡ്സ് സ്പോര്‍ട്സിന് പൊതുസമൂഹത്തിന്റെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്ന് പരിഗണന വളരെ കുറവാണെന്നാണ് കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനായ അബ്ദുള്‍ മുനാസും ആവർത്തിക്കുന്നു:

‘‘ബ്ലൈന്‍ഡ് സ്പോര്‍ട്സ് ഇനങ്ങളെ പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന സാഹചര്യമാണ് പൊതുസമൂഹത്തിലുള്ളത്. ആസ്ട്രേലിയ, ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളിൽ ബ്ലൈന്‍ഡ് സ്പോര്‍ട്സ് താരങ്ങള്‍ക്ക് കൃത്യമായ പേമെൻറും മറ്റും നല്‍കി അവരെ കൂടി മുഖ്യധാരാ സമൂഹത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാൻ ശ്രമം നടത്താറുണ്ട്. പക്ഷേ, കേരളത്തിൽ വേണ്ടത്ര പരിഗണനയില്ലാത്തതിനാൽ ആരും സ്‌പോര്‍ട്‌സിനെ പ്രൊഫഷനലായി എടുക്കാറില്ല. ഞാന്‍ ദേശീയതലത്തിൽ വരെ ബ്ലൈന്‍ഡ് ക്രിക്കറ്റില്‍ പങ്കെടുത്തയാളാണ്. പക്ഷേ, എനിക്ക് ഇതില്‍ നിന്ന് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതു മുതല്‍ ഞാന്‍ പഠനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തുടങ്ങി. കെ.സി.എ, ബി.സി.സി.ഐ പോലുള്ള ക്രിക്കറ്റ് അസോസിയേഷനുകളൊക്കെ ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്നത് കൊണ്ടു തന്നെ ബ്ലൈന്‍ഡ് സ്പോര്‍ട്സിന്റെ ഉന്നമനത്തിന് അവരുടെയും ഇടപെടലുണ്ടാകുന്നില്ല. ബ്ലൈന്‍ഡ് സ്പോര്‍ട്സില്‍ സ്വര്‍ണം നേടിയ ഒരു സുഹൃത്ത് ഇപ്പോഴും സര്‍ക്കാർ ജോലി ലഭിക്കാതെ കഷ്ടപ്പെടുകയാണ്.’’
സ്‌കൂളുകള്‍ ബ്ലൈന്‍ഡ് സ്പോര്‍ട്സിന് വേണ്ടത്ര പരിഗണന നല്‍കാത്തതും ബ്ലൈന്‍ഡ്സിന്റെ പ്രശ്നങ്ങള്‍ ഗവണ്‍മെന്റിനെ അറിയിക്കുന്നതിന് തടസമാകുന്നതായി കേരള ഗേള്‍സ് ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം അംഗമായ ഹരിശ്രീ പറയുന്നു:

‘‘മിക്ക ബ്ലൈന്‍ഡ് സ്‌കൂളിലും കായിക പരിശീലനം വളരെ കുറവാണ്. ഞാൻ പഠിച്ചിരുന്ന സമയത്ത് പി.ടി പീരിയഡിൽ ചെറിയ കായിക ഇനങ്ങളാണ് ചെയ്യിപ്പിച്ചിരുന്നത്. കര്‍ണാടക, ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിൽ ബ്ലൈന്‍ഡ്‌സ് സ്പോര്‍ട്സിന് നല്ല പിന്തുണയാണ് നല്‍കുന്നത്. കലാമേഖലക്ക് നല്‍കുന്ന പ്രാധാന്യം കായിക മേഖലക്ക് നല്‍കാത്തതും മറ്റൊരു പ്രശ്നമാണ്. ബ്ലൈന്‍ഡ് സ്പോര്‍ട്സില്‍ വലിയ രീതിയില്‍ ലിംഗ വിവേചനവും പ്രകടമാണ്. ക്രിക്കറ്റും ഫുട്ബോളും ചെസുമൊക്കെ ബോയ്സിനുള്ളതാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. കാഴ്ചപരിമിതരായ പെണ്‍കുട്ടികളെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുന്നതിന് സ്‌കൂളുകളും സര്‍ക്കാറും ഒരുപോലെ ശ്രമിക്കേണ്ടതുണ്ട്. ബ്ലൈന്‍ഡ്‌സ് ക്രിക്കറ്റില്‍ പരിശീലനം നേടിയതിലൂടെ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ട്. മറ്റു താരങ്ങൾക്കൊപ്പം, സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുത്ത് ജയിക്കുന്ന ബ്ലൈന്‍ഡായ എത്രയോ കായിക താരങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ട്.’’
മത്സരങ്ങൾക്ക് സ്വന്തം ചെലവ്
ഭിന്നശേഷി വിഭാഗത്തിലുള്ള മറ്റ് കാറ്റഗറികളിൽ മത്സരങ്ങള്‍ നടക്കാറുണ്ടെന്നും പക്ഷേ ബ്ലൈന്‍ഡ്സ് വിഭാഗത്തില്‍ മാത്രം സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഒരു മത്സരവും നടത്തിയിട്ടില്ലെന്നുമാണ് കോഴിക്കോട് റഹ്‌മാനിയ സ്പെഷ്യല്‍ സ്‌കൂള്‍ അദ്ധ്യാപകനായ അബ്ദുല്ല പറയുന്നത്:

‘‘കാഴ്ചപരിമിതരെ സംബന്ധിച്ച്സ്പോര്ട്സ്, ഓറിയന്റേഷന്‍ മൊബിലിറ്റി കിട്ടുന്നതിന് ഒരുപാട് സഹായിക്കുന്ന ഘടകമാണ്. അതായത്, സ്വതന്ത്രമായി നടക്കാനും നിര്‍ഭയമായി ഇടപെഴകാനും സ്പോര്‍ട്സ് പരിശീലനം കാഴ്ചയില്ലാത്തവരെ സഹായിക്കുന്നു. ഇതിന് സഹായകരമായ പിന്തുണ കേരള സര്‍ക്കാര്‍ നൽകുന്നില്ല എന്നത് എന്റെ അനുഭവത്തില്‍ നിന്നുതന്നെ ഞാന്‍ അറിഞ്ഞതാണ്. പാരാ ഒളിമ്പിക്സിൽ പങ്കെടുത്ത് റണ്ണറപ്പായ ആളാണ് ഞാന്‍. ഹരിയാനയില്‍ നടന്ന ഒരു മത്സരത്തില്‍ കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളും ബ്ലൈന്‍ഡായ കായികതാരങ്ങള്‍ക്ക് ക്യാഷ് പ്രൈസ് കൊടുത്തിരുന്നു. അന്ന് കേരള ടീമിലും ആദ്യസ്ഥാനം നേടിയ നിരവധി ടീമുകളുണ്ടായിരുന്നു. ഞങ്ങള്‍ സ്വന്തം ചെലവിൽ മത്സരങ്ങളില്‍ പങ്കെടുത്ത് തിരിച്ചുവരികയാണുണ്ടായത് എന്നല്ലാതെ ഒരു അനുമോദനവും ലഭിച്ചില്ല.’’
ബ്ലൈന്‍ഡസ് ഫ്രൻറ്ലി സ്റ്റേഡിയം അനിവാര്യം
സ്പോര്‍ട്സ് എന്ന ആക്റ്റിവിറ്റിയില്‍ പങ്കെടുത്തതുകൊണ്ടാണ് കാഴ്ച പരിമിതിയുടെ പല പ്രതിബന്ധങ്ങളും മറികടക്കാനായതെന്നും ബ്ലൈന്‍ഡ് സ്പോര്‍ട്സ് കാഴ്ചപരിമിതർക്ക് വലിയ സാധ്യത തുറക്കുന്നുവെന്നും ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റും കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം കോച്ചുമായ രജനീഷ് ട്രൂകോപ്പിയോട് പറഞ്ഞു

‘‘ബ്ലൈന്‍ഡ്സ് ക്രിക്കറ്റിന് താരതമ്യേന സര്‍ക്കാര്‍ പിന്തുണ നല്‍കാറുണ്ട്. 2016 ല്‍ കൊച്ചിയില്‍ നടന്ന ഏഷ്യാ കപ്പിൽ സര്‍ക്കാര്‍ ഫണ്ട് നല്‍കിയിരുന്നു. ഡോ. ടി.എം. തോമസ് ഐസക് മന്ത്രിയായ സമയത്ത് ക്രിക്കറ്റിന് വാര്‍ഷിക ഫണ്ട് നല്‍കിയിരുന്നു. പിന്നീട് പ്രളയവും കോവിഡുമെല്ലാം വന്നപ്പോള്‍ ഈ ഫണ്ട് മുടങ്ങി. ഫണ്ട് വീണ്ടും അനുവദിക്കാൻ അപേക്ഷ നല്‍കിയിട്ടുണ്ട്. ബ്ലൈന്‍ഡ്സ് വേള്‍ഡ് കപ്പ് ക്രിക്കറ്റില്‍ ഉള്‍പ്പെട്ടിരുന്ന രണ്ട് മലയാളികള്‍ക്ക് സ്പെഷ്യല്‍ നിയമനത്തിലൂടെ സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. പക്ഷേ നിയമനം ലഭിക്കുന്നതിന് ഒരുപാട് തവണ അധികാരികളെ സമീപിക്കേണ്ടിവന്നു. ബ്ലൈന്‍ഡ്‌സ് ക്രിക്കറ്റിന് കിട്ടുന്നതുപോലെ എല്ലാ ബ്ലൈന്‍ഡ്സ് സ്പോർട്സിനങ്ങള്ക്കും ഈ പരിഗണന ലഭിക്കണം. 24 സ്റ്റേറ്റ് യൂണിയന്‍, ടെറിട്ടറി, റെയില്‍വേ തുടങ്ങി മൂന്നു ടീമുമുള്‍പ്പടെ 28 ബ്ലൈന്‍ഡസ് ക്രിക്കറ്റ് ടീമുകളാണ് ഇന്ത്യയിലുള്ളത്. മാച്ചുകള്‍ കൂടി വരുന്നതുകൊണ്ട് നമ്മുടെ കളിക്കാര്‍ക്ക് അതിനനുസരിച്ച് ട്രെയിനിങ്ങും നല്‍കേണ്ടതുണ്ട്. കെ.സി.എ ഗ്രൗണ്ടിലാണ് ട്രെയ്നിങ് നടത്തുന്നത്. ഒരുപാട് മാച്ച് ഷെഡ്യൂള്‍സ് ഉള്ളതുകൊണ്ടുതന്നെ നിശ്ചിത ദിവസത്തില്‍ കൂടുതല്‍ നമ്മള്‍ക്ക് പരിശീലനം നടത്താന്‍ കഴിയില്ല. കോളേജ് ഗ്രൗണ്ടുണ്ടെങ്കിലും അവിടെ വലിയ വാടകയാണ്. അതുകൊണ്ടു തന്നെ കേരളത്തിന് സ്വന്തമായി ബ്ലൈന്‍ഡ്സ് ഫ്രൻറ്ലി സ്റ്റേഡിയം അത്യാവശ്യമാണ്. കൂടാതെ, സംസ്ഥാന സർക്കാറിന്റെ കായിക നയത്തിൽ, ബ്ലൈന്‍ഡ്‌സ് ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുകയും ടീമിന് പിന്തുണ ഉറപ്പുവരുത്തുകയും വേണം. കായിക മന്ത്രിക്ക് ഈ ആവശ്യങ്ങളുന്നയിച്ച് നിവേദനം നൽകിയിട്ടുണ്ട്.’’
കായികതാരങ്ങളുടെ നിർദേശങ്ങൾ
സംസ്ഥാനത്ത് ബ്ലൈന്‍ഡ്സ് സ്പോര്‍ട്സിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങളും കായിക താരങ്ങള്‍ പങ്കുവെച്ചു.
-
ബ്ലൈന്‍ഡ് സ്പോര്‍ട്സിനെക്കുറിച്ച് സര്‍ക്കാര്‍ പഠിക്കുകയും സ്പോര്‍ട്സിന്റെ ഉന്നമനത്തിനും കായികതാരങ്ങളെ വാര്‍ത്തെടുക്കാനും പ്രോത്സാഹനം നൽകുകയും വേണം.
-
ബ്ലൈന്‍ഡ് സ്പോര്‍ട്സില്‍ ഉന്നത നേട്ടം കൈവരിച്ചവർക്ക് സാമ്പത്തിക സഹായവും ജോലിയും ഉറപ്പുവരുത്തണം.
-
ബ്ലൈന്‍ഡ് സ്പോര്‍ട്സ് പരിശീലിക്കാന്‍ ഗ്രൗണ്ടുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം.
-
കാഴ്ചയില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍തലത്തില്‍ തന്നെ പരിശീലനം നല്‍കണം.
-
ലിംഗ വിവേചനം ഇല്ലാത്ത രീതിയില്‍, ബ്ലൈന്‍ഡായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ എല്ലാ സ്‌പോര്‍ട്സ് ഇനങ്ങളിലും പരിശീലനം നല്‍കണം.
-
ബ്ലൈന്‍ഡ് സ്പോര്‍ട്സ് ഇവന്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണം.
-
ബ്ലൈന്‍ഡ് ഫ്രൻറ്ലി സ്റ്റേഡിയം നിര്‍മിക്കണം.
-
മുഖ്യധാരാ സ്പോര്‍ട്സിന് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ തന്നെ ബ്ലൈന്‍ഡ് സ്പോര്‍ട്സിനും നല്‍കണം.
ബ്ലൈന്‍ഡ് സ്പോര്‍ട്സിനുവേണ്ടി കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും സ്പോര്‍ട്സ് കൗണ്‍സിലിനുകീഴില്‍ നടത്തിയിട്ടില്ലെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് മേഴ്സി കുട്ടന്‍ ട്രൂകോപ്പിയോട് സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട ഭാവിപരിപാടിയെക്കുറിച്ചു ചോദിച്ചപ്പോഴും മേഴ്സി കുട്ടനും കായികമന്ത്രി വി. അബ്ദുറഹ്‌മാനും പ്രതികരിച്ചില്ല.
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
റിദാ നാസര്‍
Jan 22, 2023
2 Minutes Read
റിദാ നാസര്‍
Jan 21, 2023
18 Minutes Read
റിദാ നാസര്‍
Dec 24, 2022
5 Minutes Read
Think
Dec 21, 2022
4 Minutes Read
റിദാ നാസര്‍
Dec 07, 2022
10 Minutes Read
റിദാ നാസര്‍
Dec 01, 2022
4 minutes read
റിദാ നാസര്‍
Nov 23, 2022
4 Minutes Watch
റിദാ നാസര്‍
Nov 17, 2022
4 minutes read