ഉത്തര മലബാറി​ലെ
രേഖകളിലില്ലാത്ത
മനുഷ്യർക്കായി
ഒരു മാനിഫെസ്റ്റോ

മുഖ്യധാരാ ചരിത്രത്തിൻ്റെ ഭാഗമാകാതെ ഒറ്റപ്പെട്ടുനിൽക്കുന്ന ഉത്തര മലബാറിലെ ചില വലിയ ജീവിതങ്ങളിലേക്കും യാതൊരു പരിഗണനയും ലഭിക്കാത്ത ചരിത്ര- സാംസ്കാരിക സ്വത്വങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുകയാണ്, വി.കെ. അനിൽകുമാർ.

കേരളം വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇതുവരെ ഉയർന്നുവരാതിരുന്ന നിരവധി പ്രശ്നങ്ങൾ മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. നമ്മെ ഭരിക്കുന്ന ഭരണാധികാരികളുടെ സ്വത്വരമായ ശ്രദ്ധയും പരിഗണനയും വേണ്ട കാതലായ പല പ്രശ്നങ്ങളുമുണ്ട്. കൃത്യമായ പരിഹാര മാർഗ്ഗങ്ങളില്ലാതെ വലിയ നഷ്ടങ്ങളും ദുരന്തങ്ങളും ഏറ്റുവാങ്ങുന്ന മനുഷ്യരും ഇവിടെയുണ്ട്.

എത്രയോ കാലമായി ഇടത്- വലത് സർക്കാരുകൾ മാറിമാറി ഭരിക്കുന്നു. ഭരണകൂടത്തിന്റെയോ അധികാരത്തിന്റെയോ പരിധിയിൽ പെടാതെ, ഒരിക്കൽപ്പോലും അവരുടെ നോട്ടമെത്താത്ത ദൂരങ്ങളിലേക്ക് മാറ്റിനിർത്തപ്പെട്ട ജീവിതങ്ങളുമുണ്ട്. യാതൊരു പ്രിവിലേജുമില്ലാതെ അരികുവൽക്കരിക്കപ്പെടുന്ന മനുഷ്യസമൂഹങ്ങൾ ഇവിടെയുണ്ട്. നമ്മുടെ കാഴ്ചയ്ക്കപ്പുറമുള്ള, നിസ്സാരമെന്ന് നമ്മൾ വിലയിട്ട വലിയ ജീവിതങ്ങൾ ഇരുളിലാണ്ടു പോയിട്ടുണ്ട്. എവിടെയും രേഖപ്പെടുത്തിവെക്കാത്ത അവർ ചരിത്രമായും സംസ്കാരമായും പാർശ്വവൽകൃതസമൂഹമായിക്കഴിഞ്ഞുകൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ചരിത്രത്തിൻ്റെ ഇത്തരം നിരാസങ്ങൾ ഒരു ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല.

ഉത്തര മലബാർ
നിരാസത്തിൻ്റെ
സാംസ്കാരിക ഭൂമിക

മുഖ്യധാരാ ചരിത്രത്തിൻ്റെ ഭാഗമാകാതെ ഒറ്റപ്പെട്ടുനിൽക്കുന്ന വലിയ ജീവിതങ്ങളും സമാനതകളില്ലാത്ത ചരിത്രവും പാരമ്പര്യവും യാതൊരു പരിഗണനയും ലഭിക്കാതെ, ആ ജനസമൂഹത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് മാത്രമാണ് ഇവിടെ നിലനിൽക്കുന്നത്. പാരമ്പര്യ രൂപത്തിലുള്ള ആഖ്യാനമായും അനുഷ്ഠാനമായും രംഗകലാ അനുഭവവങ്ങളായും അങ്ങനെ പല പല രൂപാന്തരണങ്ങളിലൂടെയാണ് അതിൻ്റെ തുടർച്ചകളെ ഒരു ജനത ഈ മണ്ണിൽ നിലനിർത്തുന്നത്.

ഒരിടത്തും രേഖപ്പെടുത്തിവെക്കാത്ത തനത് സംസ്കാരത്തെയും ചരിത്രത്തെയും പൂർവ്വകാല ജീവിതമാതൃകകളെയും ചരിത്രപരമായും സാംസ്കാരികമായും അടയാളപ്പെടുത്തേണ്ട വലിയ ഉത്തരവാദിത്തം ജനകീയ സർക്കാരുകൾക്കുണ്ട്. പക്ഷേ, എന്തുകൊണ്ടോ ഇതൊന്നും ഭരണവർഗത്തിന്റെ ശ്രദ്ധയിൽ വരാറില്ല. ‘നിങ്ങളുടെ ജീവിതം നിങ്ങളുടെ കാര്യം ഞങ്ങളെ ബാധിക്കുന്ന ഒന്നല്ല’ എന്ന അധികാരം തന്നെയാണ് ഇത്തരം ജീവിതങ്ങളുടെ നേർക്ക് ഭരണകൂടം എന്നും പുലർത്തിയിട്ടുള്ളത്.

ങ്ങലംകളി. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാരമ്പര്യ ഗോത്രകലകളും അവയുടെ വൈവിധ്യപൂർണ്ണമായ ആവിഷ്കാരങ്ങളും വർഗീകരിക്കപ്പെടാതെ ചിതറിക്കിടക്കുകയാണ്.
ങ്ങലംകളി. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാരമ്പര്യ ഗോത്രകലകളും അവയുടെ വൈവിധ്യപൂർണ്ണമായ ആവിഷ്കാരങ്ങളും വർഗീകരിക്കപ്പെടാതെ ചിതറിക്കിടക്കുകയാണ്.

കേരളത്തിൽ മറ്റെവിടെയും കാണാത്ത സംസ്കാരവും ചരിത്രവും ഉത്തര മലബാറിന്റെ മാത്രം സവിശേഷതയാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാരമ്പര്യ ഗോത്രകലകളും അവയുടെ വൈവിധ്യപൂർണ്ണമായ ആവിഷ്കാരങ്ങളും വർഗീകരിക്കപ്പെടാതെ ചിതറിക്കിടക്കുകയാണ്. അവയെ കൃത്യമായി ഡോക്യുമെന്റ് ചെയ്തു സൂക്ഷിക്കേണ്ടത് ജനാധിപത്യ സംവിധാനത്തിനകത്ത് ഓരോ ഗവൺമെന്റിന്റെയും ഉത്തരവാദിത്തമാണ്.

ഓരോ ഗോത്രസമുദായത്തിലെയും പ്രായംചെന്ന ഗോത്രമൂപ്പൻ മരിക്കുമ്പോൾ അമൂല്യമായ ചരിത്രവും സംസ്കാരവും അനന്യമായ ഭാഷയും കൂടിയാണ് നഷ്ടമാകുന്നത്. ഇത്തരം നഷ്ടങ്ങളൊന്നും നമുക്ക് നഷ്ടങ്ങളായി തോന്നാറില്ല. കാരണം, മുഖ്യധാരാസമൂഹവും ചരിത്രവും എക്കാലവും മറക്കാനാഗ്രഹിക്കുന്ന ഭൂതകാലാനുഭവങ്ങളുണ്ട്. ചില ഗോത്രമൂപ്പന്മാരുടെ മരണത്തോടുകൂടി ഈ ഭൂമിയിൽ നിന്നുതന്നെ ഇല്ലാതാകുന്നത് പോയ കാലത്തെ കഠിനജീവിതത്തിന്റെയും സഹനത്തിന്റെയും വലിയ അനുഭവപാഠങ്ങളാണ്. തനതായ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ജീവിതത്തിന്റെയും തിരോധാനം കൂടിയാണ് ചില മനുഷ്യരുടെ മരണങ്ങളിലൂടെ സംഭവിക്കുന്നത്.

ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിലെ തുളുഭാഷ സംസ്കൃതിയെ ഇനിയും വേണ്ടവിധത്തിൽ കണ്ടെത്തുകയോ അതിനെ സംരക്ഷിച്ച് നിർത്തുകയോ ചെയ്യുന്നതിനുള്ള യാതൊരു ശ്രമവും ഉണ്ടാകുന്നില്ല.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ ആ സർക്കാരിൻ്റെ മുഖ്യമായ പരിഗണനയിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട വിഷയങ്ങൾ ഉത്തരമലബാറിന്റേത് മാത്രമായിട്ടുണ്ട്. ഉത്തര മലബാറിനെ ലോകത്തിൻ്റെ മുന്നിൽ അടയാളപ്പെടുത്തിയ ഉത്തര മലബാറിൻ്റെ ജീവിതവുമായി ആഴത്തിൽ ചേർത്തുവയ്ക്കപ്പെട്ട അവതരണരൂപമാണ് തെയ്യവും കളിയാട്ടങ്ങളും. പോയകാലത്തെ മനുഷ്യർ അനുഭവിച്ച സമാനതകളില്ലാത്ത അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും വലിയ പാഠങ്ങളാണ് തെയ്യത്തിന്റെ അനുഷ്ഠാനഭൂമികകൾ. ഓരോ തെയ്യത്തിൻ്റെയും സമ്പൂർണ്ണമായ അനുഷ്ഠാനഘടനകളെ വരും തലമുറയ്ക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും നിർബന്ധമായും ഡോക്യുമെന്റ് ചെയ്തു സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

ആട്ടവും പാട്ടും കൊണ്ട് സമൃദ്ധമായ ഇന്നലകൾ

ഉത്തര മലബാറിന്റെ അനുഷ്ഠാനങ്ങളിൽ, ഗോത്ര കലകളിൽ മുൻപന്തിയിൽ നിൽക്കുന്നത് തെയ്യം തന്നെയാണ്. തെയ്യത്തിനു പുറമേ മങ്ങലംകളി, പൂരക്കളി, മറത്തുകളി, കോൽക്കളി, കെന്ത്രോൻ പാട്ട്, കുറുന്തിനിപ്പാട്ട്, തിരുവാറന്മുള ശാസ്ത്രം, മരക്കലപ്പാട്ട്, കോതാമൂരി പാട്ട്, കളമ്പാട്ട് എന്നിങ്ങനെയുള്ള നിരവധി അനുഷ്ഠാനങ്ങളും നാടോടി ഗോത്രകലകളും ഉത്തരമലബാറിന്റെ മാത്രമായി നിലനിൽക്കുന്നുണ്ട്. ഇതൊന്നും വർഗ്ഗീകരിക്കുന്നതിനോ ഡോക്യുമെന്റ് ചെയ്യുന്നതിനോ ഉള്ള യാതൊരു ശ്രമവും ഉണ്ടാകാറില്ല.

ഉത്തര മലബാറിന്റെ അനുഷ്ഠാനങ്ങളിൽ, ഗോത്ര കലകളിൽ മുൻപന്തിയിൽ നിൽക്കുന്നത് തെയ്യം തന്നെയാണ്.
ഉത്തര മലബാറിന്റെ അനുഷ്ഠാനങ്ങളിൽ, ഗോത്ര കലകളിൽ മുൻപന്തിയിൽ നിൽക്കുന്നത് തെയ്യം തന്നെയാണ്.

കാസർഗോഡ് ജില്ലയെ പോലെ ഇത്രയേറെ ഭാഷാപരവും ചരിത്രപരവുമായയ വൈവിധ്യങ്ങൾ ഉള്ള ഭൂമിക വേറെയില്ല. ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയാണ് കാസർഗോഡ്. തുളുഭാഷയിലുള്ള നിരവധി ആവിഷ്കാരങ്ങൾ കാസർഗോഡിന് സ്വന്തമായുണ്ട്. കാസർഗോഡ് ജില്ലക്കകത്തുതന്നെ വ്യത്യസ്തമായ തുളുഭാഷാ സമ്പ്രദായങ്ങളും നാട്ടുവഴക്കങ്ങളും ആവിഷ്കാരങ്ങളും നിലനിൽക്കുന്നുമുണ്ട്. ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിലെ തുളുഭാഷ സംസ്കൃതിയെ ഇനിയും വേണ്ടവിധത്തിൽ കണ്ടെത്തുകയോ അതിനെ സംരക്ഷിച്ച് നിർത്തുകയോ ചെയ്യുന്നതിനുള്ള യാതൊരു ശ്രമവും ഉണ്ടാകുന്നില്ല.

കാസർഗോഡ് ജില്ലയിലെ മാവിലരുടെയും മലവേട്ടുവരുടെയും അതിമഹത്തായ ചരിത്രവും സംസ്കാരവും അടങ്ങിയിട്ടുള്ള മങ്ങലംകളി പാട്ടുകൾ ഇന്ന് ജീവിച്ചിരിപ്പുള്ള ഗോത്ര മൂപ്പന്മാരിൽ നിന്ന് പാടി റെക്കോർഡ് ചെയ്തു സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. തങ്ങളുടെ തന്നെ തിക്തജീവിതം രാഗവും താളവുമായുള്ള നൂറുകണക്കിന് പാട്ടുകളറിയുന്ന മാവിലഗോത്ര സമൂഹത്തിലെ നാട്ടുമൂപ്പന്മാർ ഇപ്പോഴും കാസർഗോഡിന്റെ മലയോര ഗ്രാമങ്ങളിൽ കഴിയുന്നുണ്ട്. അവരെ കൃത്യമായി കണ്ടെത്തി അമൂല്യമായ ഗോത്ര ഗാനങ്ങൾ കണ്ടെത്തുകയും അത് സമ്പൂർണ്ണമായും ഡോക്യുമെന്റ് ചെയ്ത് സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇത്തരത്തിലുള്ള ഗോത്ര സമുദായത്തിലെ ഓരോ നാട്ടുമൂപ്പന്മാരും മരിക്കുമ്പോഴും ഒരു വലിയ സംസ്കാരവും ചരിത്രവും ഭാഷയും സംവേദനവും ആണ് ഈ ഭൂമിയിൽ നിന്നുതന്നെ അപ്രത്യക്ഷമാകുന്നത്. ആട്ടവും പാട്ടും കൊണ്ട് സമ്പൂർണ്ണവും സമൃദ്ധവുമായ നമ്മുടെ ഇന്നലെകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് ഇത്തരം ഡോക്യുമെന്റേഷനുകൾ അല്ലാതെ വേറെ വഴിയില്ല.

യാതൊരു സംരക്ഷണ പ്രവർത്തനങ്ങളും നടക്കാത്തതിനാൽ എത്രയോ ആഖ്യാനങ്ങളും വാമൊഴികളും ഈ ഭൂമിയിൽ നിന്നുതന്നെ ഇല്ലാതായിക്കഴിഞ്ഞു. ഇവിടെ ബാക്കിയായ ആട്ടങ്ങളും ആഖ്യാനങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുടെ ഭരണകൂടങ്ങൾക്കല്ലാതെ മറ്റാർക്കാണ്.

വണ്ണാൻ, മലയൻ, പുലയൻ, നലിക്കത്തായ, മാവിലൻ, വേലൻ, ചിങ്കത്താൻ അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ തുടങ്ങിയ ജാതിവിഭാഗങ്ങളാണ് കണ്ണൂർ- കാസർഗോഡ് ജില്ലകളിൽ തെയ്യാനുഷ്ഠാനം നിർവ്വഹിക്കുന്നത്. അതിൽ തന്നെ കാസർഗോഡ് ജില്ലയിലെ ആദിവാസി ഗോത്ര വിഭാഗങ്ങളായ മാവിലർ, മാദികർ, മുഗർ, മറാത്തകൾ തുടങ്ങിയ ജാതി സമൂങ്ങൾക്കും അവരുടെതായ കലകളും അനുഷ്ഠാനങ്ങളും പാരമ്പര്യമായ തൊഴിൽ സമ്പ്രദായങ്ങളും നിലനിൽക്കുന്നുണ്ട്.

തെയ്യം എന്നാൽ കേവലം അനുഷ്ഠാനം എന്നതിനപ്പുറം ഒരു ദേശത്തിൻ്റെ ചരിത്രം, സംസ്കാരം, ജീവിതം, പാരിസ്ഥിതികശാസ്ത്രം തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണ്. തെയ്യത്തിന്റെ സാംസ്കാരിക സത്തയെ കേവലം ജാതി- മത കേന്ദ്രീകൃതമായ അനുഷ്ഠാനം എന്ന നിലയിലേക്ക് ഇന്ന് മാറ്റി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും അതിൻ്റെ സൂക്ഷ്മ ഘടനകളെ വിശകലനം ചെയ്യുമ്പോഴാണ് ഇന്നലെകളിലെ മനുഷ്യചരിത്രത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും എവിടെയും രേഖപ്പെടുത്തിവെക്കാത്ത വലിയ ചരിത്ര നിർമ്മിതികളായി തോറ്റംപാട്ടുകൾ നിലനിൽക്കുന്നത് എന്ന് ബോധ്യപ്പെടുന്നത്. അങ്ങനെയാണ് ബൃഹദാഖ്യാനങ്ങളായിട്ടുള്ള തോറ്റംപാട്ടുകളും വീരാഗാനങ്ങളും തെയ്യം അനുഷ്ഠാനത്തിന്റെ മാത്രം സവിശേഷതയാകുന്നത്.

ഏറ്റവും ദൈർഘമേറിയ തോറ്റങ്ങളായ മാക്കം, കതിവനൂർ വീരൻ, പുലിമറഞ്ഞ തൊണ്ടച്ചൻ, പൊട്ടൻ, പരദേവത, ബാലി, കൊറഗജൻ, പഞ്ചുരുളിതെയ്യങ്ങൾ പോലെയുള്ള തെയ്യങ്ങളുടെ പാട്ടുകളും അനുഷ്ഠാനങ്ങളും ആഖ്യാനങ്ങളും രേഖപ്പെടുത്തി വെക്കേണ്ടതും അത് എല്ലാ കാലത്തേക്കും വേണ്ടി ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കേണ്ടതുമുണ്ട്. ഇതൊക്കെ കേവലം പാട്ടുകളല്ല, പോയ കാലത്തെ മനുഷ്യൻ താണ്ടിയ ജീവിതത്തിന്റെ കഠിന ദൂരങ്ങളാണ്. ജന്മിത്വത്തിനോടും അധികാര വർഗ്ഗത്തോടും പടപൊരുതി പിടഞ്ഞുവീണ മനുഷ്യൻ്റെ ഉയിർപ്പുകളാണ് ഈ പാട്ടുകളെല്ലാം. യാതൊരു സംരക്ഷണ പ്രവർത്തനങ്ങളും നടക്കാത്തതിനാൽ എത്രയോ ആഖ്യാനങ്ങളും വാമൊഴികളും ഈ ഭൂമിയിൽ നിന്നുതന്നെ ഇല്ലാതായിക്കഴിഞ്ഞു. ഇവിടെ ബാക്കിയായ ആട്ടങ്ങളും ആഖ്യാനങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുടെ ഭരണകൂടങ്ങൾക്കല്ലാതെ മറ്റാർക്കാണ്.

 പൊട്ടൻ. ഏറ്റവും ദൈർഘമേറിയ തോറ്റങ്ങളായ മാക്കം, കതിവനൂർ വീരൻ, പുലിമറഞ്ഞ തൊണ്ടച്ചൻ, പൊട്ടൻ, പരദേവത, ബാലി, കൊറഗജൻ, പഞ്ചുരുളിതെയ്യങ്ങൾ  പോലെയുള്ള തെയ്യങ്ങളുടെ പാട്ടുകളും അനുഷ്ഠാനങ്ങളും ആഖ്യാനങ്ങളും രേഖപ്പെടുത്തി വെക്കേണ്ടതും അത് എല്ലാ കാലത്തേക്കും വേണ്ടി ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കേണ്ടതുമുണ്ട്.
പൊട്ടൻ. ഏറ്റവും ദൈർഘമേറിയ തോറ്റങ്ങളായ മാക്കം, കതിവനൂർ വീരൻ, പുലിമറഞ്ഞ തൊണ്ടച്ചൻ, പൊട്ടൻ, പരദേവത, ബാലി, കൊറഗജൻ, പഞ്ചുരുളിതെയ്യങ്ങൾ പോലെയുള്ള തെയ്യങ്ങളുടെ പാട്ടുകളും അനുഷ്ഠാനങ്ങളും ആഖ്യാനങ്ങളും രേഖപ്പെടുത്തി വെക്കേണ്ടതും അത് എല്ലാ കാലത്തേക്കും വേണ്ടി ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കേണ്ടതുമുണ്ട്.

ഡിജിറ്റൽ ഫോൾഡറുകളിൽ ഒതുങ്ങുന്നതല്ല ജീവിതം

പഴയങ്ങാടിക്കടത്തുള്ള അതിയടത്തെ കുഞ്ഞിരാമൻ പെരുവണ്ണാൻ്റെ ശബ്ദം നിലയ്ക്കുന്നതിനു മുൻപേ കെന്ത്രോൻ പാട്ടിന്റെയും കുറുന്തിനി പാട്ടിന്റെയും വിസ്മയാവഹമായ ആഖ്യാനസരണികളെ ആരാണ് ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കുക?. തെയ്യാനുഷ്ഠാനത്തിലെ മഹാഗുരുവായ അതിയടം കുഞ്ഞിരാമൻ പെരുവണ്ണാൻ പിൻവാങ്ങുന്നതോടുകൂടി തോറ്റംപാട്ടുകളുടെയും അനുഷ്ഠാന ഗാനങ്ങളുടെയും തായ് വേരായ കെന്ത്രോൻ പാട്ടും കുറുന്തിനിപ്പാട്ടും എന്നെന്നേക്കുമായി ഈ മണ്ണിൽനിന്നും ഇല്ലാതാകും.

ഉത്തര കേരളത്തിലെ പുലയ സമുദായത്തിന്റെ ഉയർപ്പിന്റെയും പോരാട്ടത്തിന്റെയും എത്രയോ സമരഗാഥകൾ അനുഷ്ഠാന ഗാനങ്ങളായി പാടിയ കാഞ്ഞൻ പൂശാരിയും മകൻ മാട്ടൂൽ കുമാരേട്ടനും യാതൊരുവിധത്തിലുള്ള ഡോക്യുമെന്റേഷനുകളും നിലനിർത്താതെ ഈ മണ്ണിൽ നിന്ന് പോയിക്കഴിഞ്ഞു. പുലയരുടെ അതിജീവനത്തിന്റെ ചരിത്രകാരന്മാരായ കാഞ്ഞൻ പൂശാരിയുടെയും മാട്ടൂൽ കുമാരേട്ടൻ്റെയും പാട്ടുകളെ ചരിത്രത്തിൽ നിന്നും ഇനി എങ്ങനെയാണ് നമ്മൾ വീണ്ടെടുക്കുക. ഡിജിറ്റൽ ഫോൾഡർ ഫോൾഡറുകളിൽ ഒതുങ്ങാത്ത പുലയമഹാവീരങ്ങളെ നമ്മൾ എന്താണ് ചെയ്തത്…?

പുലയരുടെ അതിജീവനത്തിന്റെ ചരിത്രകാരന്മാരായ കാഞ്ഞൻ പൂശാരിയുടെയും മാട്ടൂൽ കുമാരേട്ടൻ്റെയും പാട്ടുകളെ ചരിത്രത്തിൽ നിന്നും ഇനി എങ്ങനെയാണ് നമ്മൾ വീണ്ടെടുക്കുക.

തെയ്യത്തിലെ മഹാരഥന്മാരായ തെക്കുംകര കർണ്ണമൂർത്തിയുടെയും അതിയടം കണ്ണപ്പരുവാണ്ണൻ്റെയും കൊടക്കാട് കണ്ണപ്പെരുവണ്ണായും സജിത്ത് പണിക്കരുടെയും ആട്ടങ്ങൾ ഒരാൾക്ക് കാണണമെങ്കിൽ എന്ത് ചെയ്യും? നമ്മൾ നമ്മളോട് തന്നെ കാണിച്ച വലിയ നീതികേടിന്റെയും നിരാസത്തെയും ബാക്കിപത്രമാണിത്. നമ്മുടെ രംഗകലാ ചരിത്രത്തിലെ ഇനി ആവർത്തിക്കാൻ ഇടയില്ലാത്ത മഹാത്ഭുതങ്ങളായ ഇത്തരത്തിലുള്ള മനുഷ്യർ ഇവിടെ ഉണ്ടായിരുന്നു എന്നതിന്റെ ഒരു ശേഷിപ്പു പോലും ബാക്കിയില്ല. ആയിരമായിരം തെയ്യങ്ങളുടെ വിളഭൂമിയായ സുരേഷ് ബാബു അഞ്ഞൂറ്റാനെയും അതിയടം കുഞ്ഞിരാമൻ പെരുവണ്ണാനെയും പോലെ മഹാപ്രതിഭകളായ കോലക്കാരെ കണ്ടെത്തി അവരുടെ അനുഭവങ്ങളെയും ആഖ്യാനങ്ങളെയുമെങ്കിലും സംരക്ഷിച്ചു നിർത്താനുള്ള ബാധ്യത നമുക്കുണ്ട്.

ഭാഷയിലും സാഹിത്യത്തിലും വിസ്ഫോടനാത്മകമായ വിപ്ലവങ്ങൾ സൃഷ്ടിച്ച മറുത്തുകളി എന്ന അനുഷ്ഠാനം കൂടി ഇവിടെയുണ്ട്. ഉത്തര മലബാറിന് പുറത്തുള്ള ഒരാൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത വിധമാണ് മറുത്തുകളിയുടെ അനുഷ്ഠാന ഘടനകൾ. ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യർ എല്ലാ പ്രതിരോധങ്ങളെയും അതിജീവിച്ച് പോയകാലത്ത് നേടിയെടുത്ത സംസ്കൃത വിജ്ഞാനീയത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും അളവറ്റ ആഴങ്ങൾ താണ്ടിയ മഹാഗുരുക്കന്മാരും നമ്മെ കടന്നുപോയി. രാമന്തളി കൃഷ്ണൻ പണിക്കർ, വെങ്ങര കൃഷ്ണൻ പണിക്കർ, വി. പി. ദാമോദരൻ പണിക്കർ- ഇനി ആവർത്തിക്കാനിടയില്ലാത്ത മഹാത്ഭുതങ്ങളായ മറുത്തുകളി ആചാര്യന്മാരാണ്. പക്ഷേ പുതുതലമുറയ്ക്കായി ചരിത്രത്തെ അട്ടിമറിച്ച ഇത്തരം മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു എന്നതിന് എന്ത് തെളിവാണ് ഇവിടെയുള്ളത്. അവരുടെ ആട്ടങ്ങളുടെയും പാട്ടുകളുടെയും അറ്റമില്ലാത്ത വിജ്ഞാനീയത്തിന്റെയും എന്ത് രേഖയാണ് നമ്മൾ സൂക്ഷിച്ചുവെച്ചിട്ടുള്ളത്.

പഴയങ്ങാടിക്കടത്തുള്ള അതിയടത്തെ കുഞ്ഞിരാമൻ പെരുവണ്ണാൻ്റെ  ശബ്ദം നിലയ്ക്കുന്നതിനു മുൻപേ കെന്ത്രോൻ പാട്ടിന്റെയും കുറുന്തിനി പാട്ടിന്റെയും വിസ്മയാവഹമായ ആഖ്യാനസരണികളെ ആരാണ് ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കുക?
പഴയങ്ങാടിക്കടത്തുള്ള അതിയടത്തെ കുഞ്ഞിരാമൻ പെരുവണ്ണാൻ്റെ ശബ്ദം നിലയ്ക്കുന്നതിനു മുൻപേ കെന്ത്രോൻ പാട്ടിന്റെയും കുറുന്തിനി പാട്ടിന്റെയും വിസ്മയാവഹമായ ആഖ്യാനസരണികളെ ആരാണ് ഡോക്യുമെന്റ് ചെയ്ത് സൂക്ഷിക്കുക?

മറ്റുള്ളവർക്കായി ദൈവവെളിച്ചം പകർന്ന്
സ്വയം കത്തിയെരിയുന്നവർ

നിരവധി പ്രതിസന്ധികൾക്ക് നടുവിലാണ് ഉത്തരമ ലബാറിൻ്റെ ജീവനാഡിയായ കോലധാരികൾ ജീവിക്കുന്നത്. ദൈവങ്ങളായി പകർന്നാടി ചുറ്റിലുമുള്ള മനുഷ്യർക്ക് അനുഗ്രഹങ്ങൾ നൽകി അവരുടെ സങ്കടങ്ങൾക്ക് പരിഹാരം കാണുന്ന ദൈവമനുഷ്യരായ തെയ്യക്കാരുടെ സങ്കടങ്ങൾ ആരാണ് കാണുന്നത്. തീച്ചാമുണ്ഡി - ഒറ്റക്കോലം പോലെയുള്ള അധികഠിനമായ തെയ്യങ്ങൾ കെട്ടി രോഗബാധിതരായി ദുരിതമനുഭവിക്കുന്ന നിരവധി തെയ്യക്കാർ ഇന്ന് ഉത്തരമലബാറിലുണ്ട്.

തെയ്യക്കാർ ജീവനോടെ ആരോഗ്യത്തോടെ നിലനിന്നാൽ മാത്രമേ ഉത്തരമലബാറിൽ ദൈവം ജീവനോടെ ഉണ്ടാവുകയുള്ളൂ.

തുടർച്ചയായി തെയ്യം കെട്ടി വളരെ ചെറിയ പ്രായത്തിൽ തന്നെ രോഗിയായി മാറുകയും തെയ്യംകെട്ടിൽ നിന്നും പിന്മാറുകയും ചെയ്യുന്ന എത്രയോ കോലധാരികളുണ്ട്. ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് മറ്റു വഴികളൊന്നും ഇല്ലാത്തതിനാൽ രോഗാവസ്ഥയോടുകൂടി തന്നെ തെയ്യം കെട്ടുന്ന തെയ്യം കലാകാരന്മാരും ധാരാളമുണ്ട്. രോഗികളായി തെയ്യത്തിൽ നിന്ന്പിൻവാങ്ങുകയും പിന്നീട് മരിക്കുകയും ചെയ്യുന്നത് തെയ്യത്തിൽ ഇന്നൊരു സാധാരണ സംഭവമാണ്.

മറ്റുള്ളവർക്കായി ദൈവവെളിച്ചം പകർന്ന് സ്വയം കത്തിയെരിയുന്ന കോലധാരികളുടെ ശരീരസുരക്ഷയും അവരുടെ കുടുംബാംഗങ്ങളുടെ അതിജീവനവും ഉറപ്പുവരുത്തുന്നതിന് സർക്കാർ അടിയന്തരമായ സമാശ്വാസ പദ്ധതികൾ ഉത്തരമലബാറിലെ കാവുകൾ കേന്ദ്രീകരിച്ച് നടപ്പാക്കേണ്ടതാണ്. തെയ്യക്കാർ ജീവനോടെ ആരോഗ്യത്തോടെ നിലനിന്നാൽ മാത്രമേ ഉത്തരമലബാറിൽ ദൈവം ജീവനോടെ ഉണ്ടാവുകയുള്ളൂ. കൊട്ടിഘോഷിക്കുന്ന ഉത്തര മലബാറിന്റെ തെയ്യപ്പെരുമയത്രയും താങ്ങിനിർത്തുന്ന നെടുംതൂണുകൾ എന്നത് ഒരു ചെറുകാറ്റടിച്ചാൽ പോലും നിലംപൊത്തുന്ന കോലക്കാരുടെ ക്ഷീണിതശരീരമാണ്.

 തീച്ചാമുണ്ഡി - ഒറ്റക്കോലം പോലെയുള്ള അധികഠിനമായ തെയ്യങ്ങൾ കെട്ടി രോഗബാധിതരായി ദുരിതമനുഭവിക്കുന്ന നിരവധി തെയ്യക്കാർ ഇന്ന് ഉത്തരമലബാറിലുണ്ട്.
തീച്ചാമുണ്ഡി - ഒറ്റക്കോലം പോലെയുള്ള അധികഠിനമായ തെയ്യങ്ങൾ കെട്ടി രോഗബാധിതരായി ദുരിതമനുഭവിക്കുന്ന നിരവധി തെയ്യക്കാർ ഇന്ന് ഉത്തരമലബാറിലുണ്ട്.

അകാലവാർധക്യത്തിലും അകാലമരണത്തിനും ജീവിതം ദുസ്സഹയിത്തീരുന്ന കോലധാരികളുടെ കുടുംബാംഗങ്ങൾക്ക് താങ്ങായി നിൽക്കേണ്ടത് ഇവിടുത്തെ ഭരണസംവിധാനമല്ലാതെ പിന്നാരാണ്? തെയ്യക്കാരു കുട്ടികളുടെ വിദ്യാഭ്യാസം കാര്യങ്ങളിലും ഗവൺമെന്റിന്റെ അടിയന്തര ശ്രദ്ധ ഉണ്ടായിരിക്കേണ്ടതുമാണ്.

പുതിയ കാലം സാങ്കേതിക വിദ്യയുടെയും കൂടിയാണല്ലോ. ഏറ്റവും ചെലവ് ചുരുങ്ങി മികച്ച സാങ്കേതിക സംവിധാനങ്ങളോടെ തെയ്യം, പൂരക്കളി, മറത്തുകളി, മങ്ങലംകളി പോലുള്ള ജീവിതാവിഷ്കാരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള സംഗതിയല്ല. ഒരുപക്ഷേ ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടാത്തതു കൊണ്ടാകാം, എല്ലാകാലവും അരികുവൽകൃതസമൂഹങ്ങളായി ഇത്തരം ഗോത്ര കലാവിഷ്കാരങ്ങൾ മാറിപ്പോയിട്ടുണ്ടാവുക. ഇനിവരുന്ന സർക്കാരിനെങ്കിലും ഇതൊക്കെ കാണാനും കേൾക്കാനുമുള്ള മനസ്സലിവുണ്ടാകട്ടെ.

Comments