ഇന്ത്യയുടെ ആത്മാവിന് തീകൊളുത്തിയ വർഗീയവാദികളെ ദേശീയാധികാരത്തിലെത്തിച്ച കോൺഗ്രസിന്റെ മൃദുഹിന്ദുത്വസമീപനത്തെയും വോട്ട്ബാങ്ക് രാഷ്ട്രീയത്തെയും സാമാന്യമായൊരു പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. സ്വന്തം ആർ.എസ്.എസ് - ബി.ജെ.പി ബാന്ധവത്തെ മറച്ചുവെക്കാനായി ഡീൽ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രംഗത്തുവന്നിരിക്കുന്ന സാഹചര്യമാണ് ഇത്തരമൊരു പരിശോധന അനിവാര്യമാക്കുന്നത്. കുപ്രസിദ്ധമായ വിമോചന സമരം തൊട്ട് കേരളത്തിൽ ആർ.എസ്.എസ് - ജനസംഘവും അതിൻറെ രാഷ്ട്രീയ പരിണാമമായ ബി.ജെ.പിയുമായി കോൺഗ്രസിന് ബന്ധവും തെരഞ്ഞെടുപ്പ് ധാരണയുമുണ്ടെന്നത് അനിഷേധ്യമായൊരു ചരിത്രവസ്തുതയാണ്. അതായത് കോൺഗ്രസും അതിന്റെ മുന്നണി സംവിധാനമായ യു.ഡി.എഫും ആർ.എസ്.എസുമായി രഹസ്യവും പരസ്യവുമായ തെരഞ്ഞെടുപ്പ് ധാരണകളിലൂടെ കടന്നുപോയതാണ് കേരളത്തിൻെറ ചരിത്രാനുഭവം. കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യവും വടകര- ബേപ്പൂർ പരീക്ഷണങ്ങളുമെല്ലാം ആർ.എസ്.എസ്-യു.ഡി.എഫ് ബാന്ധവത്തിന്റെ ആർക്കും നിഷേധിക്കാനാവാത്ത സംഭവങ്ങളാണ്.
സി.പി.എം - ബി.ജെ.പി ഡീൽ ആണെന്ന ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിച്ച് ഇപ്പോൾ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മൂന്നാം തവണയും ഇടതുപക്ഷ ജനാധിപത്യമുന്നണി തന്നെ ജയിച്ചുകയറാനാണ് സാധ്യതയെന്ന് മനസ്സിലാക്കി മുൻകൂർ ജാമ്യമെടുക്കുകയാണ്. സതീശൻ പറഞ്ഞുകൊണ്ടിരിക്കുന്നത് എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ ഡീൽ ഉണ്ടെന്നാണ്. പാലക്കാട് മണ്ഡലത്തിൽ സീരിയൽ നടൻ രമേഷ് പിഷാരടിയെ ഇറക്കി ജയിച്ചുകയറാൻ ആർ.എസ്.എസിന്റെ രഹസ്യസഹായം തേടിയ കോൺഗ്രസ് നേതൃത്വം മണ്ഡലത്തിലെ ഇടതുപക്ഷ മുന്നേറ്റം കണ്ടപ്പോൾ ബി.ജെ.പിയുമായി ഡീലുണ്ടെന്ന് വിളിച്ചുപറയുന്നതാണ് നാം കണ്ടത്. രാഹുൽ മാങ്കൂട്ടത്തിലിനെ പോലൊരു എം.എൽ.എ മൊത്തം പാലക്കാട്ടുകാർക്കുണ്ടാക്കിയ നാണക്കേടിനെ ഈ പ്രാവശ്യം പാലക്കാട്ടുകാർ തൂത്തുകളയുമെന്ന് ഉറപ്പാണ്. അത് സതീശനുമറിയാം.
പലസ്തീനിലെ കൂട്ടക്കൊലകൾക്കെതിരെ പ്രതിഷേധിക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സംഘപരിവാർ വീക്ഷണങ്ങളിൽ നിന്ന് പ്രതികരിക്കുന്ന ഒരാളാണ് പിഷാരടി. മാത്രമല്ല ഉണ്ണിമുകുന്ദനെ പോലുള്ള ലക്ഷണമൊത്ത സംഘ് നേതാവിന്റെ, നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റിനടിയിൽ വാഴ്ത്ത് കമൻറ് എഴുതിച്ചേർത്ത ആളുമാണ് പിഷാരടി. പിഷാരടിയെ പാലക്കാട് സ്ഥാനാർത്ഥിയാക്കുന്നതുവഴി ആർ.എസ്.എസിന്റെ സഹായം സതീശൻ ഉറപ്പിച്ചതാണ്. എന്നാൽ ശക്തമായ മതനിരപേക്ഷതയും മോദി സർക്കാരിൻെറ നയങ്ങൾക്കെതിരായ ഇടതുപക്ഷബദലിൻറെ പ്രസക്തിയും മനസ്സിലേറ്റിയ പാലക്കാട്ടെ വോട്ടർമാർക്കിടയിൽ സംഘപരിവാർ സഹായംകൊണ്ടൊന്നും ജയിച്ചുകയറാൻ പറ്റില്ലെന്ന് വന്നതോടെയാണ് സതീശൻ ഡീൽ ആരോപണം കടുപ്പിച്ചും ആവർത്തിച്ചും വൃഥാ വാർത്താസമ്മേളന പരമ്പരകൾ നടത്തിക്കൊണ്ടിരിക്കുന്നത്.

പാലക്കാടിന്റെ ചരിത്രമറിയാവുന്നവരുടെ ഓർമ്മയിൽ, എ.കെ.ജി മത്സരിച്ചപ്പോഴും കോൺഗ്രസ് നേതൃത്വം എ.കെ.ജിക്കെതിരായും ആർ.എസ്.എസുമായി സഖ്യമുണ്ടാക്കിയവരാണ് എന്ന കാര്യം ഓർമ്മയുണ്ടാകും. എ.കെ.ജിക്കെതിരായി മാത്രമല്ല വിമോചനസമരത്തിനുശേഷം 1960-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ.എം.എസിനെതിരെ പട്ടാമ്പിയിൽ ജനസംഘം സ്ഥാനാർത്ഥിയെ പിൻവലിച്ച് ഇ.എം.എസ് വിരുദ്ധവോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാനുള്ള തന്ത്രം പരീക്ഷിച്ചതും കോൺഗ്രസിന്റെ ദേശീയനേതൃത്വത്തിൻെറ കൂടി ആസൂത്രണത്തിലായിരുന്നു.
കമ്യൂണിസ്റ്റ് വിരോധം മൂലം എക്കാലത്തും ആർ.എസ്.എസുമായി തെരഞ്ഞെടുപ്പിലും അല്ലാതെയും ബാന്ധവമുണ്ടാക്കിയവരാണ് കോൺഗ്രസുകാർ. കേരളത്തിൽ പലപ്പോഴായി ആർ.എസ്.എസ് അജണ്ടയിൽ രാഷ്ട്രീയം കളിച്ചവരാണ് കോൺഗ്രസുകാർ. മലപ്പുറം ജില്ലാ രൂപീകരണപ്രശ്നത്തിലും തളി ക്ഷേത്രപ്രശ്നത്തിലുമെല്ലാം ആർ.എസ്.എസിനൊപ്പം നിന്ന് കമ്യൂണിസ്റ്റ് പാർട്ടി സർക്കാരുകൾക്കെതിരെ ഭൂരിപക്ഷസമുദായവികാരം ഇളക്കിവിടാൻ നീചമായ ശ്രമങ്ങൾ നടത്തിയവരാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ കോൺഗ്രസിൻെറ രാഷ്ട്രീയശക്തിയും ആർ.എസ്.എസിന്റെ സാംസ്കാരികശക്തിയും ഒന്നിച്ചുചേരണമെന്നാഗ്രഹിച്ച ഗോൾവാൾക്കറുടെ രഹസ്യസ്വപ്നങ്ങൾക്കൊപ്പം സഞ്ചരിച്ചവരാണ് പല കോൺഗ്രസ് നേതാക്കളും. ഗോൾവാൾക്കറുടെ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിനുമുമ്പിൽ തിരിതെളിയിച്ച് കൈകൂപ്പി നിന്ന ആളാണ് വി.ഡി.സതീശൻ എന്ന കോൺഗ്രസ് നേതാവ്. സതീശനും കോൺഗ്രസിനും എല്ലാകാലത്തും ഇടതുപക്ഷത്തിനെതിരെ ആർ.എസ്.എസുമായി രഹസ്യമായ നീക്കുപോക്കുകൾ നടത്തിയ ചരിത്രമാണുള്ളത്.
സി.പി.എം- ബി.ജെ.പി ഡീൽ ആരോപണം ഉന്നയിക്കുന്ന സതീശനും കോൺഗ്രസും തങ്ങളുടെ ബി.ജെ.പി ബാന്ധവം മറച്ചുവെക്കാനുള്ള തന്ത്രം പയറ്റുകയാണ്. ബി.ജെ.പിയുമായി പലതരത്തിലുള്ള ഡീലുകൾ ഉറപ്പിച്ച ശീലമുള്ളവരാണ് യു.ഡി.എഫ് നേതാക്കൾ. പാലക്കാട് നിയോജകമണ്ഡലത്തിൽ ഒരു മുസ്ലീം നാമധാരിയായ സ്ഥാനാർത്ഥിയെ എൽ.ഡി.എഫ് പ്രഖ്യാപിച്ചതോടെയാണല്ലോ പാലക്കാടും എൽ.ഡി.എഫ്- ബി.ജെ.പി ഡീൽ ആണെന്ന് സതീശൻ വിളിച്ചുപറയാൻ തുടങ്ങിയത്. സത്യത്തിൽ പല കോൺഗ്രസ് നേതാക്കളുടെയും ജയത്തിനുവേണ്ടി ബി.ജെ.പിയുമായി കോൺഗ്രസ് നേതാക്കൾ പലതരത്തിലുള്ള നീക്കുപോക്ക് ധാരണകൾ രൂപപ്പെടുത്തിയിട്ടുണ്ട്. കേരള നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞത് കോൺഗ്രസ് സഹായത്തോടുകൂടിയായിരുന്നല്ലോ.

2016-ൽ നേമത്തിന് തൊട്ടടുത്ത മണ്ഡലത്തിൽ കോൺഗ്രസ് നേതാവിന് ജയിക്കാൻ നേമം മണ്ഡലത്തിലുള്ളവർ ബി.ജെ.പിയ്ക്ക് വോട്ടുചെയ്യുകയായിരുന്നു. തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ 1991 മുതൽ 2006 വരെ ബി.ജെ.പി നേടിയ ശരാശരി വോട്ട് 12000 ആയിരുന്നു. 2011-ൽ ആ മണ്ഡലം നേമം മണ്ഡലമായി മാറിയതോടെ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. 35000 വോട്ടുണ്ടായിരുന്ന യു.ഡി.എഫ് 20248 വോട്ടുമായി മൂന്നാം സ്ഥാനത്തായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ശിവൻകുട്ടി വിജയിക്കുകയും ചെയ്തു.
2016 ആയതോടെ യു.ഡി.എഫ് വോട്ട് കുത്തനെ താഴ്ന്ന് 13860 ലെത്തി. അതേസമയം ബി.ജെ.പി വോട്ട് 2011 ലെ 43661-ൽ നിന്നും 67818 ആയി ഉയർന്നു. വി.ശിവൻകുട്ടി 59142 വോട്ട് നേടി രണ്ടാമതെത്തി. നേമത്ത് കോൺഗ്രസ് ബി.ജെ.പിക്ക് വോട്ട് മറിച്ച് ചെയ്തതോടെയാണ് ഒ.രാജഗോപാലിന് 2016-ൽ നിയമസഭയിലെത്താനായത്. ബി.ജെ.പിയുടെ ആ അക്കൗണ്ട് 2021-ൽ പൂട്ടിച്ചത് എൽ.ഡി.എഫ് സ്ഥാനാർത്ഥി ശിവൻകുട്ടിയായിരുന്നു.
2024-ൽ തൃശൂരിൽ സുരേഷ്ഗോപിക്ക് ജയിക്കാനായത് പ്രധാനമായും കോൺഗ്രസ് മുന്നണിയുടെ 86965 വോട്ട് ബി.ജെ.പിയിലേക്ക് മറിഞ്ഞപ്പോഴാണ്. തൃശൂരിൽ 2019-ൽ യു.ഡി.എഫിന് കിട്ടിയ വോട്ട് 4.15 ലക്ഷമായിരുന്നു. 2024-ൽ അത് 3.28 ലക്ഷമായി കുറഞ്ഞു. എന്നാൽ 2019-ൽ എൽ.ഡി.എഫിന് ലഭിച്ച 3.12 ലക്ഷം വോട്ടിൽ നിന്ന് 2024-ൽ 3.38 ലക്ഷം വോട്ടായി ഉയർന്നു. കോൺഗ്രസിൻറെ വോട്ട് കുറഞ്ഞാണ് സുരേഷ്ഗോപിക്ക് ജയമുണ്ടായത്.
കഴിഞ്ഞ തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ഡിവിഷനുകളിൽ യു.ഡി.എഫ്- ബി.ജെ.പി ധാരണയുണ്ടായിരുന്നു. ബി.ജെ.പിക്ക് ലഭിച്ച 41 സീറ്റുകളിലും കോൺഗ്രസ് വോട്ടിന്റെ സഹായമുണ്ടായിരുന്നു. മറ്റത്തൂരിൽ കൂറുമാറിയ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ തന്നെ കോൺഗ്രസ്- ബി.ജെ.പി ബന്ധത്തിന്റെ കഥകൾ പുറത്തുവിട്ടിട്ടുണ്ട്.

1977-ൽ ദേശീയാധികാരത്തിൽ നിന്ന് പുറത്തുപോയ കോൺഗ്രസ് ആർ.എസ്.എസ് സഹായത്തോടെയാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തിയത്. ജനതാപാർടിയിലെ ദ്വയാംഗത്വ പ്രശ്നവും അതിനെ തുടർന്ന് ജനസംഘം വിഭാഗം ബി.ജെ.പി രൂപീകരിച്ചതുമൊക്കയായ സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ് 1980-ൽ ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചുവരുന്നത്. ഐ.എം.എഫ് വായ്പയും ഹിന്ദുത്വശക്തികളുമായുള്ള രഹസ്യവും പരസ്യവുമായുള്ള ബാന്ധവവും ഉണ്ടാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് പിന്നീട് കോൺഗ്രസ് ചെയ്തത്.
1984-ൽ മഹാരാഷ്ട്രയിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശിവസേനയുമായി പരസ്യസഖ്യമുണ്ടാക്കുകയുണ്ടായി. ആർ.എസ്.എസിന്റെ രഹസ്യപിന്തുണയും നേടി. 1984-ൽ ആർ.എസ്.എസ് സ്ഥാപകദിനമായ വിജയദശമിദിനത്തിൽ ദേവറസ് കോൺസ്രിന് ആർ.എസ്.എസിനോട് വിരോധമില്ലെന്ന് പരസ്യമായ പ്രഖ്യാപനം നടത്തി. ഇന്ദിരാഗാന്ധിയുടെ വധമുൾപ്പെടെയുള്ള അത്യന്തം ദുരന്തപൂർണമായ ദേശീയസാഹചര്യത്തെ ഹിന്ദുത്വാനുകൂലമായ പ്രത്യയശാസ്ത്രവൽക്കരണത്തിനുള്ള അവസരമാക്കി സംഘപരിവാർ ആഘോഷപൂർണമാക്കുകയായിരുന്നു.
1984-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജീവ്ഗാന്ധി അയോധ്യയിൽ നിന്നാണ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. രാമരാജ്യ പ്രഖ്യാപനത്തോടെ ആരംഭിച്ച കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കാമ്പയിൻ ഹിന്ദുവോട്ട് ബാങ്കുകളെ ലക്ഷ്യംവെച്ചുള്ള പരസ്യമായ വർഗീയ പ്രചരണമാകുകയായിരുന്നു. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 48% വോട്ടും 415 സീറ്റും കിട്ടിയപ്പോൾ രാഷ്ട്രത്തിന്റെ ആത്മാവിന് തീകൊളുത്താൻ കാത്തിരിക്കുന്ന വർഗീയവാദികൾ നിയമാതീതമായി അഴിഞ്ഞാടാനുള്ള അവസരം കൂടി സൃഷ്ടിക്കപ്പെടുകയായിരുന്നു. രാജീവ് ഗാന്ധി ഗവൺമെൻറ് ഇലക്ട്രോണിക്സ് യുഗത്തിലേക്ക് രാജ്യത്തെ നയിക്കുന്നുവെന്ന വ്യാജേന ദൂരദർശൻ ചാനലിലൂടെ രാമായണം സീരിയൽ പ്രക്ഷേപണം ചെയ്യുകയായിരുന്നു. രാമാനന്ദസാഗറിന്റെ ടി.വി രാമായണം സംഘപരിവാറിന്റെ രാമക്ഷേത്ര അജണ്ടക്കാവശ്യമായ പ്രത്യയശാസ്ത്രപരിസരം രൂപപ്പെടുത്തുകയായിരുന്നു.

1986 ഫെബ്രുവരി 1-ന് ഫൈസാബാദ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലായിരുന്നല്ലോ അന്നത്തെ യു.പിയിലെ എൻ.ഡി. തിവാരിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗവൺമെൻറ്, 1949-ൽ തർക്കഭൂമിയായി പൂട്ടിയിട്ട പള്ളി ഹിന്ദുത്വശക്തികൾക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. രാജീവ്ഗാന്ധി സർക്കാർ തന്നെയായിരുന്നല്ലോ തർക്കഭൂമിയെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ച സ്ഥലത്ത് 1989 നവംബർ 9-ന് സർക്കാർ ഒത്താശയോടെ ശിലാന്യാസത്തിന് അനുമതി നൽകിയത്. ദേശീയ ഉദ്ഗ്രഥനസമിതിയുടെയും സുപ്രീംകോടതിയുടെയും നിർദ്ദേശങ്ങളെയും കൽപനകളെയും തൃണവൽഗണിച്ചുകൊണ്ടാണല്ലോ 1992 ഡിസംബർ 6-ന് ബാബ്റി മസ്ജിദ് തകർക്കാനെത്തിയ കർസേവകർക്ക് നരസിംഹറാവു സർക്കാർ ഒത്താശ ചെയ്തുകൊടുത്തത്.
അയോധ്യാ പ്രശ്നത്തിൽ ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനും കേന്ദ്രസർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് 1992 നവംബർ 25-ലെ സുപ്രീംകോടതി വിധി വ്യക്തമാക്കിയതാണ്. വി.പി. സിംഗ് ഗവൺമെൻറ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ശുപാർശയനുസരിച്ച് പിന്നാക്കജാതി വിഭാഗങ്ങൾക്ക് 27-% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ ബി.ജെ.പിയും കോൺഗ്രസിലെ ഹിന്ദുത്വവാദികളും ആ സർക്കാരിനെ അട്ടിമറിക്കാനുള്ള കുത്സിതമായ നീക്കങ്ങളാണ് നടത്തിയത്. വി.പി. സിംഗ് സർക്കാരിനെ പുറത്താക്കിയത് കോൺഗ്രസ് ബി.ജെ.പിയുടെ സഹായത്തോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയായിരുന്നു.
കോൺഗ്രസിന്റെ ഹിന്ദുത്വാനുകൂല നിലപാടുകളാണ് ഇന്ന് സംഘപരിവാറിനെ ദേശീയാധികാരത്തിലെത്തിച്ചത്. മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച കോൺഗ്രസ് ഭരിച്ച പഴയ എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ബി.ജെ.പി അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. എന്നുമാത്രമല്ല പഴയ കോൺഗ്രസ് എം.പിമാരും എം.എൽ.എ മാരും മുഖ്യമന്ത്രിയുമൊക്കയായിരുന്നവർ ഇന്ന് ബി.ജെ.പി നേതാക്കളായിരിക്കുന്നു. ആർ.എസ്.എസിന്റെ മുസ്ലീം വിരുദ്ധ അജണ്ടയിൽ നിന്ന് രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും ന്യൂനപക്ഷങ്ങൾക്കും നേരെ ഭീഷണി മുഴക്കുന്ന ഫാഷിസ്റ്റ് ഭീകരരാഷ്ട്രീയത്തിൻറെ മുഖ്യകാർമ്മികനായ ആസാം മുഖ്യമന്ത്രി ഹിമന്ത്ബിശ്വാസ് ശർമ്മയും കുക്കികൾക്കെതിരെ വംശീയയുദ്ധം നടത്തിയ മണിപ്പൂർ മുഖ്യമന്ത്രിയായിരുന്ന ബിരേൻസിംഗുമെല്ലാം പഴയ കോൺഗ്രസ് നേതാക്കളായിരുന്നു.

ബി.ജെ.പിയുടെ വളർച്ചയും ഇന്ത്യയിൽ ഓരോ സംസ്ഥാനത്തും അവർ അധികാരത്തിലെത്തിയതും കോൺഗ്രസുകാർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതുകൊണ്ടുകൂടിയാണ്. അരുണാചൽപ്രദേശിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടും മന്ത്രിസഭ രൂപീകരിച്ചത് ബി.ജെ.പിയായിരുന്നുവെന്ന വസ്തുത ഡീൽ ആരോപണം ഉയർത്തുന്നവരും കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോറ്റാൽ ബി.ജെ.പി വളരുമല്ലോയെന്ന് വ്യാകുലപ്പെടുന്നവരും ഓർക്കുന്നത് നന്ന്. ഗോവയിലും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചിട്ടും മന്ത്രിസഭയുണ്ടാക്കിയത് ബി.ജെ.പിയായിരുന്നു.
കഴിഞ്ഞ 5 വർഷത്തിനിടയിൽ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് പോയത് 112 എം.പിമാരാണ്. അതുപോലെ 80 എം.എൽ.എ മാർ, 122 മുൻ എം.എൽ.എ മാർ, 12 മുൻ മുഖ്യമന്ത്രിമാർ എന്നിങ്ങനെ പ്രമുഖരായ കോൺഗ്രസുകാരെല്ലാം ബി.ജെ.പിയിൽ ചേരുകയായിരുന്നു. 10 സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 11 കോൺഗ്രസ് എം.എൽ.എ മാർ കാലുമാറി ബി.ജെ.പി സ്ഥാനാർത്ഥിക്കുവേണ്ടി വോട്ടുചെയ്യുകയായിരുന്നു. രാജ്യത്ത് ഏറ്റവും തീവ്രമായ ന്യൂനപക്ഷവേട്ട നടക്കുന്ന ആസാമിലെ ഇപ്പോഴത്തെ ബി.ജെ.പി മുഖ്യമന്ത്രി പഴയ കോൺഗ്രസുകാരനാണെന്ന കാര്യം മറക്കരുത്. അതുകൊണ്ട് ന്യൂനപക്ഷവിഭാഗങ്ങളുടെ സംരക്ഷണവും രാജ്യത്തിന്റെ മതനിരപേക്ഷതയും ഉറപ്പുവരുത്താൻ കോൺഗ്രസിന് കഴിയില്ലെന്നും അവരിൽ ഭൂരിപക്ഷം പേരും ബി.ജെ.പിയിലേക്ക് കാലുനീട്ടിയിരിക്കുന്നവരാണെന്നും തിരിച്ചറിയണം. വിജയിച്ചുകഴിഞ്ഞാലും അധികാരത്തിനും പണത്തിനും വേണ്ടി ബി.ജെ.പിയിലേക്ക് പോകാൻ ഒരു മടിയും മനസ്സാക്ഷിക്കുത്തുമില്ലാത്തവരാണ് കോൺഗ്രസുകാർ എന്ന കാര്യം മറന്നുപോകരുത്.

