കൊടും ചൂടിനെക്കുറിച്ച് വേവലാതിപ്പെട്ടാണ് കേരളത്തിലെ മനുഷ്യരുടെ ഓരോ കണ്ടുമുട്ടലും ഇന്നാരംഭിക്കുന്നതും അവസാനിക്കുന്നതും. സംസ്ഥാനത്ത്, പൊതുവെ, അൽപം കുളിരെല്ലാം ഈ സമയത്ത് കിട്ടിയിരുന്ന ഒരിടമായ വയനാട്ടിൽ പോലും ആളുകൾ, കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെ പരിതപിച്ചു കൊണ്ടാണ് പരസ്പരം ആശ്വാസം കണ്ടെത്തുന്നത്. കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും കാസർഗോട്ടും ഇതിന് യാതൊരു വ്യത്യാസവുമില്ല. എല്ലായിടത്തും നട്ടുച്ചനേരം തിളിച്ചുമറിയും, പ്രതീതിയിൽ കൊടുംചൂട് തന്നെ.
ഏതു ദേശത്തെയും മനുഷ്യർ സമകാലിക ലോകത്ത് നേരിടുന്ന ഏറ്റവും ഗൗരവമേറിയ പ്രശ്നം, താളം തെറ്റിയ പരിസ്ഥിതിയുടെതുതന്നെയാണ്. ഇതറിയാത്തതുകൊണ്ടല്ല തെരഞ്ഞെടുപ്പു വേദികളിലൊന്നും മനുഷ്യവംശത്തിന്റെ നിലനിൽപ്പുപോലും അപകടത്തിലാവുന്ന പ്രകൃതിയുടെ താളംതെറ്റലുകൾ ആശയവിനിമയത്തിന് വിധേയമാക്കാത്തത്. മറിച്ച്, ഗൗരവമേറിയതും അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നതുമായ പരിസ്ഥിതിവിഷയങ്ങളെ കണ്ടില്ലെന്ന് നടിച്ചും കണ്ണടച്ച് ഇരുട്ടാക്കിയും പൗരസമൂഹത്തിനു മുന്നിൽനിന്ന് മറച്ചു വെക്കുകയാണ് ചെയ്യുന്നത്.
ഒരു മഴക്കാല ദിനത്തിൽ ഇരുട്ടിവെളുക്കും മുമ്പെ നൂറുകണക്കിന് മനുഷ്യരുടെ ജീവൻ മാത്രമല്ല ശരീരവും ഒഴുകിപ്പോയ ചൂരൽമലയിലും പരിസര പ്രദേശങ്ങളിൽ പോലും പ്രകൃതിദുരന്തം തെരഞ്ഞെടുപ്പിൽ വിഷയമാവാത്തതെന്തെന്ന് ഒന്നാലോചിച്ച് നോക്കൂ.

പൊള്ളയായ വികസന വായ്ത്താരിയിൽ കാതലായതെല്ലാം മറച്ചുവെക്കാനാകുമെന്ന് മുഖ്യധാരാ രാഷ്ടീയ പാർട്ടികൾക്കറിയാം. ഒരിക്കലെങ്കിലും ഭരണകൂടങ്ങളുടെ ഭാഗമായവർക്കുമറിയാം. മറവിയുള്ള ജനതയാണിതെന്ന ധൈര്യമാണ് ഇതിന്നവരെ പ്രേരിപ്പിക്കുന്നത്. അവർ എല്ലാം വിസ്മരിച്ച് കളയുമെന്ന് ഇവർക്കുറപ്പാണ്.
മേപ്പാടിയിലെ കള്ളാടിയിൽ തുറക്കുന്ന തുരങ്കവും സ്വർണമുതലാളിയുടെ ആയിരം ഏക്കറിലെ നിർമ്മാണവും അവിടുത്തെ സാധാരണ ജനത്തെ ആശങ്കപ്പെടുത്താത്തതിന്റെ ഹേതുവും ഈ സ്മൃതിഭ്രംശം തന്നെ.
1984- ൽ മുണ്ടക്കൈയിലും പിന്നീട് പുത്തുമലയിലും ഉരുൾപൊട്ടി നിരവധി മനുഷ്യരുടെ ജീവൻ പൊലിഞ്ഞിട്ടും ഒട്ടും വൈകാതെ ചൂരൽമലയിൽ മഹാദുരന്തം സംഭവിച്ചു. ആവർത്തിക്കുന്ന ഉരുൾപൊട്ടലിനെക്കുറിച്ച് അവിടെ താമസിക്കുന്നവർ പോലും അജ്ഞരായതിന് നിദാനമെന്താവാം?
നിയമസഭയിൽ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത രണ്ടു നിയമസഭാമണ്ഡങ്ങളായ സുൽത്താൻ ബത്തേരിയും മാനന്തവാടിയും വയനാട്ടിലാണ്. പണിയ സമുദായത്തിലെ ഒരാളെപ്പോലും ഈ മണ്ഡലങ്ങളിൽ വിജയസാധ്യതയുള്ള രാഷ്ട്രീയ കക്ഷികളൊന്നും ഇന്നോളം സ്ഥാനാർത്ഥിയാക്കിയിട്ടില്ല.
പൗരസമൂഹത്തിന് മുന്നറിയിപ്പു നൽകുകയും അവരെ ബോധവൽക്കരിക്കുകയും ചെയ്യേണ്ട ഭരണസംവിധാനങ്ങളുടെ കഴിവുകേട് തുറന്നു കാണിക്കേണ്ടത് ജനാധിപത്യക്രമത്തിൽ ആരുടെ ചുമതലയാണ്?
തുരങ്ക സമവായം
പശ്ചിമഘട്ട മലനിരകളുടെ സർവ്വനാശത്തിന് വഴിമരുന്നിടുന്ന തുരങ്കപ്പാത എന്തു കൊണ്ടാണ് ഭരണകൂടങ്ങളുടെ ഇഷ്ട വികസനപദ്ധതിയായി മാറുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ ഒന്നിനുപോലും ഈ പദ്ധതിയെക്കുറിച്ച് ഭയാശങ്കകൾ ഇല്ലാത്തതെന്തുകൊണ്ടാവാം എന്നതും പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. മലകൾ തുരക്കുമ്പോൾ എങ്ങനെയാണ് നമുക്ക് നിശ്ശബ്ദരായിരിക്കുവാൻ കഴിയുന്നത്? വഴിതിരിഞ്ഞു പോയ പുഴകൾ നമ്മിൽ വ്യാകുലത സൃഷ്ടിക്കാത്തതെന്തുകൊണ്ടാവാം.

സർവ്വ നിയമങ്ങളും അവഗണിച്ച്, ശിലാപാളികളിൽ കൂറ്റൻ സ്ഫോടനങ്ങൾ നടത്തി കരിങ്കല്ല് അടർത്തിയെടുക്കുന്ന മാഫിയകൾ പ്രകൃതിയ്ക്ക് ഏൽപ്പിക്കുന്ന ക്ഷതം നമ്മുടെ ഭരണ സംവിധാനങ്ങൾ അറിയാത്തതല്ല. വികസനമെന്ന വാഗ്ദാനത്തിൽ മയങ്ങിപ്പോയ സാമാന്യജനങ്ങളെ ആവിഷ്കരിച്ചെടുത്തതാണ് ഇവ്വിധം. സകല പ്രതീക്ഷകളും ഭരണാധികാരികളുടെ വൃഥാ വാക്ധോരണികളിൽ ഇറക്കിവെയ്ക്കുവാൻ തയ്യാറായതിന്റെ പ്രതിഫലനം കൂടിയാണ് ഈ സന്നിഗ്ദ്ധാവസ്ഥ.
അകാലത്ത്, അളവില്ലാതെ പെയ്യുന്ന മഴയും ചുട്ടു പഴുക്കുന്ന വേനൽക്കാലവും ഭൂരിഭാഗം സാധാരണ മനുഷ്യരുടെ ജീവിതത്തെയും അസഹനീയമാക്കുന്നത് പരിഗണിക്കാതെ എങ്ങനെയാണ് സാമൂഹ്യപ്രസ്ഥാനങ്ങൾ ഇവിടെ ഇടം പിടിക്കുന്നതെന്നും ചിന്തിക്കേണ്ടതുണ്ട്.
ഇവിടെയാണ് പ്രകൃതിയുടെ പക്ഷം പിടിക്കുന്ന, പരിസ്ഥിതിയുടെ രാഷ്ട്രീയം പറയുന്ന പ്രത്യയശാസ്ത്രം പ്രസക്തമാവുന്നത്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടിടത്ത് പരിസ്ഥിതി ഉന്മുഖ ഐഡിയോളജികൾ പരിശോധിക്കപ്പെടേണ്ടത് ഇത്തരുണത്തിലാണ്.
മനുഷ്യൻ കൂടി ഉൾപ്പെട്ട വനവും അവരുടെ ഉള്ളിൽ വളരുന്ന കാടും ചേർന്ന് രൂപംകൊള്ളുന്ന പ്രത്യയശാസ്ത്രത്തിന് ഒരുപക്ഷെ മുകളിൽ ഉന്നയിച്ച സന്ദേഹങ്ങൾക്ക് ഉത്തരം നൽകാനാവും എന്ന് പ്രത്യാശിക്കാം.
നിരവധി കുടിലുകളിലെ വൈദ്യുതി കണക്ഷൻ, ബിൽ അടക്കാത്തതുകൊണ്ട് മാസങ്ങളായി വിഛേദിക്കപ്പെട്ടു കിടക്കുന്നു. മഴക്കാലത്ത് ചോർന്നൊലിക്കുന്ന, പൊട്ടിപ്പൊളിഞ്ഞ വീടുകൾ അനേകം. ഏതാണ്ടെല്ലാ ഉന്നതികളിലും പണി തീരാത്ത കുടിലുകൾ കാണാം.
അടിസ്ഥാന സൗകര്യ വികസനമെന്ന പേരിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികൾ പ്രാദേശിക ജനതയുടെ ജീവിക്കാനുള്ള പ്രഥമാവകാശം പോലും നിർദ്ദയം റദ്ദുചെയ്യുകയാണ്. ഈ ഘട്ടത്തിൽ പോലും നിശ്ശബദരാവുന്നതുവരെ എത്തിനിൽക്കുന്ന പൗരസമൂഹം ശരിക്കും പ്രതിസന്ധി നേരിടുന്നുണ്ട്.
ഭൂമിയുടെ അവകാശികൾ ആരെന്ന എക്കാലത്തേയും വലിയ ചോദ്യത്തിന് ഇക്കാലത്തെ ഉത്തരം എന്താവുമെന്ന് ഒന്നാലോചിച്ചു നോക്കൂ. ക്രോണി - മുതലാളിത്തത്തെ താലോലിക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ താല്പര്യങ്ങൾ മേൽ ചോദ്യത്തിന് നൽകുന്ന ഉത്തരം എന്താവുമെന്നതിൽ ഇന്നാർക്കും സംശയമുണ്ടാവില്ല. പ്രാദേശിക ജനതകളുടെ താല്പര്യങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെ വിഴിഞ്ഞവും ദേശീയപാതയും തുരങ്കവുമായി മുന്നോട്ട് പോവുമ്പോൾ എന്തുതരം ജനാധിപത്യബോധമാണ് ഭരണകർത്താക്കൾ പിന്തുടരുന്നതെന്ന ആശങ്ക ഉന്നയിക്കേണ്ടിവരുന്നു.
പ്രകൃതിയുടെ രാഷ്ട്രീയത്തെ കേവലം വനവൽക്കരണവും വൻകിട പദ്ധതികൾക്കെതിരായ നീക്കവുമായി വ്യാഖ്യാനിക്കുകയാണ് വികസനവാദികൾ എന്ന് സ്വയം ധരിക്കുന്നവരുടെ രീതി. യഥാർത്ഥത്തിൽ വികസനത്തിന്റെ അളവുകോൽ മനുഷ്യരുടെ മാത്രമല്ല, സകല ജീവജാലങ്ങളുടെയും സംഘർഷരഹിതവും സമതുലിതമായ പ്രയാണത്തെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുന്നതാവണം എന്നതാണ് ലോകവീക്ഷണം. സമഗ്രമായ സന്തുലിതവികസനം എന്ന കാഴ്ചപ്പാട്, മത, ജാതി, ധന ഗ്രൂപ്പുകളുടെ താല്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന നമ്മുടെ മുഖ്യധാരാ കക്ഷികൾക്ക് എങ്ങനെ, സത്യസന്ധമായി മുന്നോട്ടു വെക്കാനാവും എന്നത് സന്ദേഹങ്ങളിലൊന്നാണ്.

വിദ്യാഭ്യാസനയത്തിന്റെ
ഹിതപരിശോധനയാകട്ടെ
ശരിക്കും, നമ്മുടെ വിദ്യഭ്യാസനയം എന്താണ്? ഏത് ഭരണപാർട്ടിക്ക്, ആർക്ക് ഇതിന് ഉത്തരം നൽകാനാവും? ഒടുവിൽ, NEP വിഷയത്തിൽ സംസ്ഥാനത്തിന്റെ പുരോഗമന നിലപാട് എന്താണ്? ഫെഡറൽ സംവിധാനത്തിൽ ദേശീയധാരയിൽ നിന്ന് ഇവ്വിധം വഴിമാറി സഞ്ചരിക്കാൻ കേരളത്തിന് കഴിയുമോ? രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവെ ദുർബലമായ സിലബസും കരിക്കുലവുമെന്ന ആക്ഷേപം പരിഹരിക്കുവാൻ ഇന്നോളം ഫലവത്തായ ശ്രമങ്ങളൊന്നും ആരംഭിക്കാത്ത സാഹചര്യത്തിൽ എന്തായിരിക്കും ഭാവിയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മത്സരാതിഷ്ഠിത പരീക്ഷകളിൽ പിൻതള്ളപ്പെടുന്നു എന്ന ദുഷ്ഖ്യാതി ഇനിയും നമ്മുടെ കുട്ടികൾ പേറേണ്ടിവരുമെന്നു തന്നെയാണ് NEP വിവാദം നൽകുന്ന സൂചന.
കേന്ദ്രസർക്കാരിനെ നയിക്കുന്ന പ്രത്യയശാസത്രം മുന്നോട്ടുവെക്കുന്ന വിദ്യഭ്യാസ ആശയങ്ങൾ കണ്ടെത്തി ബദൽ നിർദ്ദേശങ്ങൾ സമൂഹത്തിന്റെ തീർപ്പിനായി സമർപ്പിക്കുന്നതിനുപകരം കണ്ണുംപൂട്ടിയുള്ള എതിർപ്പും കോലാഹലവും വിദ്യഭ്യാസരംഗത്ത് ഒരു പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വാസ്തവത്തിൽ, പൗരസമൂഹത്തിനു മുന്നിൽ ഈ വിഷയം അവതരിപ്പിക്കുവാനും അവരുടെ ഹിതമറിയാനും തെരഞ്ഞെടുപ്പ് ഏറ്റവും അനുയോജ്യമായ സന്ദർഭമാണ്. തലുറകളെ ഷെയ്പ്പ് ചെയ്യുന്നതിനുള്ള അടിസ്ഥാന കളരിയെന്ന നിലയിൽ വിദ്യഭ്യാസനയത്തിന് അതീവ പ്രാധാന്യമുണ്ട്. കതിരിൽ വളം വെക്കുന്നതാണ് നമ്മുടെ പതി വെങ്കിലും ഇനിയെങ്കിലും ഒന്ന് മാറി ചിന്തിക്കാൻ ശ്രമിച്ചുനോക്കാം.
ജനകീയ ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണല്ലോ സർവ്വാധിപർ. പിന്നെന്തിന് ഒളിച്ചുകളികൾ?
അനേകം പദ്ധതികളുണ്ടായിട്ടും, സഹായിക്കാൻ ഉന്നതികളിൽ നിന്നുള്ളവർതന്നെ രംഗത്തിറങ്ങിയിട്ടും അഞ്ചുവയസ് കഴിഞ്ഞിട്ടും വിദ്യാലയങ്ങളുടെ പടി കയറാത്ത കുട്ടികൾ നിരവധി. സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയ കുഞ്ഞുങ്ങൾ വേറെ. ഗർഭിണികൾ പോലും അനാരോഗ്യം ബാധിച്ചവർ.
‘ഉന്നതി’യിലെ ജീവിതം
ഇനി നമുക്ക് തദ്ദേശീയ ജനതയുടെ ജീവിത സാഹചര്യങ്ങളെയും അവർ പരിചയിക്കുന്ന വികസന പരിപ്രേക്ഷ്യത്തെയും സൂക്ഷിച്ചുനോക്കാം. കേരളത്തിലെ ആദിവാസികളിൽ ഏറ്റവും വലിയ ഗോത്രം പണിയരുടേതാണ്. ഏതാണ്ട് ഒന്നര ലക്ഷത്തോളം വരുന്ന പണിയരുടെ ദേശം മുഖ്യമായും വയനാടാണ്. നിയമസഭയിൽ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത രണ്ടു നിയമസഭാമണ്ഡങ്ങളായ സുൽത്താൻ ബത്തേരിയും മാനന്തവാടിയും വയനാട്ടിലാണ്. പണിയ സമുദായത്തിലെ ഒരാളെപ്പോലും ഈ മണ്ഡലങ്ങളിൽ വിജയസാധ്യതയുള്ള രാഷ്ട്രീയ കക്ഷികളൊന്നും ഇന്നോളം സ്ഥാനാർത്ഥിയാക്കിയിട്ടില്ല. ജനാധിപത്യക്രമത്തിൽ വളരെ നിസ്സാരമായി തള്ളിക്കളയാവുന്ന വസ്തുതയല്ല മുകളിൽ ചൂണ്ടിക്കാണിച്ചത്.
ഇനി മറ്റൊരു കാര്യം, നൂൽപുഴ പഞ്ചായത്തിലെ ജനസംഖ്യയിൽ 43 ശതമാനത്തോളം പട്ടികവർഗ്ഗക്കാരാണ്. ഇവരിൽ പണിയരാണ് ഭൂരിഭാഗവും. ഇവിടുത്തെ കുടുംബാരോഗ്യ കേന്ദ്രം ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചതാണ്. ഏത് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാലയങ്ങളോടും കിടപിടിക്കാവുന്ന ആശുപത്രി സൗകര്യമാണ് ഇവിടുള്ളത്. ജനസംഖ്യാ നിയന്ത്രണ പദ്ധതിയായിരുന്ന ഇന്ത്യ പോപ്പുലേഷൻ പ്രോജക്ടിന്റെ ഭാഗമായി പതിറ്റാണ്ടുകൾക്കുമുമ്പ് പണിത കെട്ടിടങ്ങൾ പുതുക്കിയും പുതിയവ നിർമ്മിച്ചും ഇവിടെ നവീകരണം നടത്തി. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുറമെ നിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ച് ആധുനിക ജിം പോലും ഇവിടെ ഒരുക്കി. ഗ്രാമീണ മേഖലയിലെ മാതൃകാ ആരോഗ്യ കേന്ദ്രമെന്ന പദവിയാണ് ഈ സ്ഥാപനത്തിനുള്ളത്. പ്രശ്നം ഇവിടല്ല. അർധ പട്ടിണിയും ശുദ്ധജലക്ഷാമവും അലട്ടുന്ന പഞ്ചായത്തിലെ ആദിവാസി സങ്കേതങ്ങളുടെ ഭൗതിക സാഹചര്യം ഒട്ടും ഭേദപ്പെട്ടതല്ല. മിക്കയിടത്തും ഉന്നതികൾക്കകത്തെ കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെട്ടിരിക്കുന്നു. ഉപയോഗപ്രദമായ ശുചിമുറികൾ അപൂർവ്വം. നിരവധി കുടിലുകളിലെ വൈദ്യുതി കണക്ഷൻ, ബിൽ അടക്കാത്തതുകൊണ്ട് മാസങ്ങളായി വിഛേദിക്കപ്പെട്ടു കിടക്കുന്നു. മഴക്കാലത്ത് ചോർന്നൊലിക്കുന്ന, പൊട്ടിപ്പൊളിഞ്ഞ വീടുകൾ അനേകം. ഏതാണ്ടെല്ലാ ഉന്നതികളിലും പണി തീരാത്ത കുടിലുകൾ കാണാം. അങ്ങനെ, അങ്ങനെ പോവുന്നു, ഭൗതിക നിലവാരം.

ഇനി, ആദിവാസി ജീവിതത്തിന്റെ മറുഭാഗം പരിശോധിച്ചു നോക്കാം.
അനേകം പദ്ധതികളുണ്ടായിട്ടും, സഹായിക്കാൻ ഉന്നതികളിൽ നിന്നുള്ളവർതന്നെ രംഗത്തിറങ്ങിയിട്ടും അഞ്ചുവയസ് കഴിഞ്ഞിട്ടും വിദ്യാലയങ്ങളുടെ പടി കയറാത്ത കുട്ടികൾ നിരവധി. സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയ കുഞ്ഞുങ്ങൾ വേറെ. ഗർഭിണികൾ പോലും അനാരോഗ്യം ബാധിച്ചവർ. അർബുദം പോലുള്ള മാരകരോഗം ബാധിച്ചവർ മറ്റൊരു വിഭാഗം. മനോരോഗം അലട്ടുന്നവർ വേറൊരു ഗണം. ഇതിനെയെല്ലാം ഒന്നഡ്രസ്സ് ചെയ്യണ്ടേ ഭരണകൂടമേ...
ഒരോഡിറ്റിംഗ് എന്ന നിലയിൽ പൊതുസമൂഹത്തിന് മുന്നിൽ കണക്കുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരം കൂടിയായി തെരഞ്ഞെടുപ്പിനെ കണ്ടുകൂടേ?
