ഐക്യ കേരളം രൂപീകൃതമാകുന്നതിന് മൂന്നു വർഷങ്ങൾക്കു മുമ്പേ കേരളത്തിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രവും ആരംഭിച്ചിരുന്നു. 1950-ലെ തിരുവിതാംകൂർ- കൊച്ചി പഞ്ചായത്ത് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 1953- ലാണ് ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്.
1956-ൽ സംസ്ഥാന രൂപീകരണത്തിനുശേഷം, 1957-ൽ മുഖ്യമന്ത്രി ചെയർമാനായി ഭരണപരിഷ്കാര സമിതി (ARC) രൂപീകരിച്ചു. വിവിധ തലങ്ങളിൽ അധികാര വികേന്ദ്രീകരണത്തിനുള്ള നടപടികളും, ഭരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫലപ്രദമായ പങ്കാളിത്തവും ലക്ഷ്യമിട്ട് വിവിധ തലങ്ങളിൽ സർക്കാർ സംവിധാനങ്ങളുടെ ജനാധിപത്യവൽക്കരണത്തിനുള്ള രീതികളും പ്രസ്തുത കമ്മിറ്റി ശുപാർശ ചെയ്തു. ഗ്രാമതലത്തിൽ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളും ജില്ലാതലത്തിൽ ജില്ലാ കൗൺസിലുകളുമുള്ള ദ്വിതല സംവിധാനമായിരുന്നു ആദ്യത്തെ ഭരണപരിഷ്ക്കാര സമിതിയുടെ നിർദേശം. ഭരണ സൗകര്യത്തിനായി 1960-ലെ പഞ്ചായത്ത് നിയമം തദ്ദേശ സ്വയംഭരണ വകുപ്പിനെ പഞ്ചായത്ത് വകുപ്പായും മുനിസിപ്പൽ വകുപ്പായും വിഭജിക്കാൻ ശുപാർശ ചെയ്തു.
അധികാര വികേന്ദ്രീകരണത്തോടൊപ്പം വികേന്ദ്രീകരണ ആസൂത്രണവും കൂടിയായാൽ മാത്രമേ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി സർക്കാർ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് രൂപം നൽകിയത്.
1956-ൽ സംസ്ഥാന രൂപീകരണത്തിനു ശേഷവും 1960- ലെ കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി നിയമങ്ങൾ പാസാക്കിയതിനുശേഷവും 1963-ൽ രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്നു. തുടർന്ന് 1979-ലും 1988-ലും തിരഞ്ഞെടുപ്പുകൾ നടന്നു. 1957-ലെ ബൽവന്ത് റായ് മേത്തയുടെ അധ്യക്ഷതയിൽ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയാണ് ഇന്ത്യയിലെ പഞ്ചായത്ത് രാജിന് അടിത്തറ പാകിയ ഏകീകൃത ത്രിതല ഗ്രാമീണ തദ്ദേശ സ്വയംഭരണ സംവിധാനം ശുപാർശ ചെയ്തത്.
1992-ൽ 73, 74 ഭരണഘടനാ ഭേദഗതികൾ പാർലമെന്റ് പാസാക്കുകയും ഭാഗം IX, IXA എന്നിവ ഭരണഘടനയിൽ ചേർക്കുകയും ചെയ്തു. 73-ാം ഭേദഗതി, ഗ്രാമപ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചും അവയെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾ എന്നും 74-ാം ഭേദഗതി നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി (നാഗർപാലികകൾ) ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടുത്തി 1993-ലും പ്രാബല്യത്തിൽ വന്നു.

ഈ ഭേദഗതികൾക്കനുസൃതമായി കേരളം 1994-ൽ കേരള പഞ്ചായത്ത് രാജ് നിയമവും, കേരള മുനിസിപ്പാലിറ്റി നിയമവും നടപ്പിലാക്കി. പുതിയ നിയമനിർമ്മാണത്തിന് കീഴിലുള്ള ആദ്യ തിരഞ്ഞെടുപ്പ് 1995-ൽ നടന്നു. മുഴുവൻ ജനാധിപത്യ ആശയങ്ങളുടെയും അടിസ്ഥാന അടിത്തറ തദ്ദേശതല ജനാധിപത്യമായതിനാൽ പ്രാദേശിക ഭരണകൂടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു. തദ്ദേശതലത്തിൽ ഒരു ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയുടെ നിർണായക ഉപകരണമെന്ന നിലയിൽ ഈ തിരഞ്ഞെടുപ്പുകളുടെ പ്രസക്തി അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ വികേന്ദ്രികൃത ആസൂത്രണത്തിനും ജനാധിപത്യത്തിനും സവിശേഷ പങ്കാണുള്ളത്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാർഡുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലെ 331 ഡിവിഷനിലേക്കും 86 മുനിസിപ്പൽ കൗൺസിലുകളിലെ 3113 വാർഡുകളിലേക്കും ആറ് കോർപ്പറേഷനുകളിലെ 414 വാർഡുകളിലേക്കും അടക്കം 1200 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ പാർട്ടികളുടെ നേരിട്ടുള്ള പോരാട്ടം എന്ന നിലയിലും ജനകീയ പങ്കാളിത്തം കൊണ്ടും, പ്രാദേശിക വിഷയങ്ങൾക്കൊപ്പം സംസ്ഥാന- ദേശീയ രാഷ്ട്രീയവും ചർച്ചയാകുന്ന വേദികൂടിയാണ് കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടക്കുന്നു എന്നതിനാൽ ഭരണമുന്നണിയുടെ വിലയിരുത്തൽ കൂടിയാകും തദ്ദേശ പോരാട്ടങ്ങൾ.
വികസന പ്രവർത്തനങ്ങളിൽ നിന്ന് ധനവിനിയോഗം പരമാവധി കുറച്ചും പൊതുമേഖല സ്വകാര്യവൽക്കരിച്ചും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചും ക്രമസമാധാന പാലനം എന്ന ഒറ്റ ധർമ്മത്തിൽ മാത്രം ചുരുക്കപ്പെടുന്ന ഭരണകൂടങ്ങൾ നവ ഉദാരവൽക്കരണത്തിന്റെ സംഭാവനയാണ്.
അധികാര വികേന്ദ്രീകരണത്തോടൊപ്പം വികേന്ദ്രീകരണ ആസൂത്രണവും കൂടിയായാൽ മാത്രമേ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി സർക്കാർ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് രൂപം നൽകിയത്. ഭരണഘടനയുടെ അടിസ്ഥാനത്തിൽ അധികാരവികേന്ദ്രീകരണം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയ ഏക സംസ്ഥാനമാണ് കേരളം. ഭരണകൂടങ്ങളിൽനിന്ന് അധികാരം ചുരുക്കപ്പെടുന്ന നവ ഉദാരവൽക്കരണ കാലഘട്ടത്തിൽ അധികാര വികേന്ദ്രീകരണവും ജനകീയസൂത്രണവും കേരളത്തിൽ സൃഷ്ടിച്ച മാറ്റം ചെറുതല്ല. താഴെത്തട്ടിലുള്ള ആസൂത്രണം, അതുവഴിയുള്ള സുസ്ഥിരവികസനം, പ്രാദേശിക ശാക്തീകരണം, പ്രകൃതി സംരക്ഷണം എന്നിവയിലൂടെ കേരളം ലോകത്തിനു മുമ്പിൽ അവതരിപ്പിച്ച മാതൃക കൂടിയായിരുന്നു ജനകീയാസൂത്രണ പ്രസ്ഥാനം.
സമ്പദ്ഘടനയിലും ജനജീവിതവുമായി ബന്ധപ്പെട്ട് ഭരണകൂടങ്ങൾ നടപ്പാക്കുന്ന സാമൂഹിക സാമ്പത്തിക നിയന്ത്രണ പരിപാടികൾ കാലാനുസൃതമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന പ്രക്രിയയാണ് പൊതുവിൽ ഉദാരവൽക്കരണം. പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഉദാരവൽക്കരണം ഇന്ന് കാണുന്ന തരത്തിൽ ആഗോളമായി വിപുലപ്പെട്ടത്. ആഗോളവൽക്കരണത്തിലൂടെയും സ്വകാര്യവൽക്കരണത്തിലൂടെയും പിൽക്കാലത്ത് നവ ഉദാരവൽക്കരണം എന്ന വിശാല ആശയത്തിലേക്ക് എത്തിച്ചേർന്നു.

ഇരുചേരി വ്യവസ്ഥയുടെ അന്ത്യവും സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകർച്ചയും മുതലാളിത്ത ജനാധിപത്യ സ്ഥാപനങ്ങളുടെയും ആശയങ്ങളുടെയും ആഗോളവേലിയേറ്റം സൃഷ്ടിച്ചു. സോഷ്യലിസം മുന്നോട്ടുവച്ച ശക്തികളുടെ പതനം സാമ്പത്തിക രംഗത്ത് നിലനിന്നിരുന്ന വൈവിധ്യങ്ങളെ അപ്രസക്തമാക്കിയതിലൂടെ അതുവരെയുണ്ടായിരുന്ന ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുന്ന ഒരു നവലോകം സാമൂഹിക സാമ്പത്തിക മേഖലകളിൽ സൃഷ്ടിക്കപ്പെട്ടു എന്നതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.
രണ്ടാം ലോകമഹായുദ്ധാന്തരം ഈ പ്രവണതകൾക്ക് ആക്കം കൂട്ടിക്കൊണ്ട് ഒരു ആഗോള സാമ്പത്തിക ക്രമം രൂപപ്പെട്ടു. ഐ എം എഫ്- വേൾഡ് ബാങ്ക് എന്നിവ സ്ഥാപിതമായതിനുപിന്നിലെ സാമ്പത്തിക രാഷ്ട്രീയവും ഇതുതന്നെയായിരുന്നു. പുത്തൻ സാമ്പത്തിക നയങ്ങൾ ദേശരാഷ്ട്ര സങ്കൽപ്പങ്ങൾക്കതീതവുമായിരുന്നു. സ്വതന്ത്ര ദേശ രാഷ്ട്രങ്ങളുടെ പരമാധികാരത്തെ പരിമിതപ്പെടുത്തുന്ന അല്ലെങ്കിൽ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ആഗോളനയ സമീപനങ്ങൾ അനുവർത്തിച്ചു. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള അന്തർദേശീയ സാമ്പത്തിക ബന്ധങ്ങൾ ആ രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ തീരുമാനിച്ചിരുന്ന കാലത്തുനിന്ന് ആഗോള സാമ്പത്തിക കുത്തകകൾ പരമാധികാരത്തെ പരിമിതപ്പെടുത്തുന്ന, ആഗോളീകരണം എന്ന പദ്ധതിയിലേക്ക് വഴിമാറ്റപ്പെട്ടു.
സാമ്പത്തിക മേഖലയിലെ വൈരുദ്ധ്യങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ച മറയാക്കി മുതലാളിത്തം നടപ്പാക്കിയ നവ ലിബറൽ പദ്ധതികൾ വൈരുദ്ധ്യങ്ങളെ കുറയ്ക്കുകയല്ല, മറിച്ച് സാമ്പത്തിക അസമത്വങ്ങൾക്ക് വഴിവെട്ടുകയാണുണ്ടായത്. സാമ്രാജ്യത്വത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ ലെനിൻ, Imperialism the highest stage of capitalism എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയുടെ ഏറ്റവും ഉയർന്ന അവസ്ഥയാണ് സാമ്രാജ്യത്വം. മുതലാളിത്ത വ്യവസ്ഥിതി വികസിക്കുമ്പോൾ വ്യാവസായിക ഉത്പാദനത്തിന്റെ അളവ് വർദ്ധിക്കുന്നു. എല്ലാ സാമ്പത്തിക മേഖലകളിലും ഇത് സംഭവിക്കുന്നു. ബാങ്കുകൾ ഒന്നിച്ചുചേർന്ന് മൂലധനത്തിന്റെ കുത്തകാവകാശികളായി മാറുന്നു. മുതലാളിത്ത വ്യവസ്ഥ സാമ്പത്തിക കുത്തകയായി മാറുകയും സാമ്രാജ്യത്വ ശക്തികൾ മനുഷ്യനെ സാമ്പത്തിക അടിമകളാക്കുകയും ചെയ്യുന്നു.
വികേന്ദ്രീകരണം എന്ന ആശയത്തെ ഉൾക്കൊള്ളുന്ന ഒരു പൈതൃകം കേരളത്തിൽ നേരത്തെ ഉണ്ടായിരുന്നു. ചരിത്രപരമായ ഭൂപരിഷ്കരണനിയമം നടപ്പിലാക്കുക വഴി ഭൂഉടമസ്ഥത വികേന്ദ്രീകരിക്കാൻ കേരളത്തിന് കഴിഞ്ഞു.
വികസന പ്രവർത്തനങ്ങളിൽ നിന്ന് ധനവിനിയോഗം പരമാവധി കുറച്ചും പൊതുമേഖല സ്വകാര്യവൽക്കരിച്ചും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചും ക്രമസമാധാന പാലനം എന്ന ഒറ്റ ധർമ്മത്തിൽ മാത്രം ചുരുക്കപ്പെടുന്ന ഭരണകൂടങ്ങൾ നവ ഉദാരവൽക്കരണത്തിന്റെ സംഭാവനയാണ്. അമേരിക്കയിൽ റീഗനും ഇംഗ്ലണ്ടിൽ താച്ചറും എല്ലാം ഇത്തരം സമ്പദ്ഘടനകളുടെ വക്താക്കളായി മാറി. ആഭ്യന്തര വിപണികളിൽ ഉദാരവൽക്കരണം നടപ്പാക്കിയും സാമൂഹിക വികസന ചെലവുകൾ കുറച്ചും സബ്സിഡികൾ ഇല്ലാതാക്കിയും നടത്തിയ ഈ നടപടികൾ പൊതുവിൽ Reaganomics എന്നറിയപ്പെട്ടു. ബാങ്ക് വായ്പകൾ ചുരുക്കുക, പലിശ നിരക്ക് ഉയർത്തുക, ബഡ്ജറ്റ് കമ്മികൾ ഇല്ലാതാക്കുക, സബ്സിഡികൾ വെട്ടിക്കുറക്കുക എന്നീ നയങ്ങൾക്ക് ആഗോളതലത്തിൽ പ്രചാരം നൽകാൻ അന്താരാഷ്ട്ര നാണയനിധിയും ദീർഘകാല അടിസ്ഥാനത്തിലുള്ള വായ്പകളിലൂടെ രാജ്യത്തിന്റെ നയരൂപീകരണത്തിൽ മൂലധന ശക്തികളും പിടിമുറുക്കുന്ന കാലഘട്ടത്തിൽ വികസ്വര രാജ്യങ്ങളിലെ വികസനക്ഷേമ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയെ സംബന്ധിച്ച് മുതലാളിത്തത്തിന്റെയും സോഷ്യലിസ്റ്റ് ആശയങ്ങളുടെയും സമനിലയായിരുന്ന നെഹ്റുവിയൻ സാമ്പത്തികനയം പൊതുമേഖലയുടെ വികാസത്തിനും ആസൂത്രിത വികസനത്തിനും പ്രാധാന്യം നൽകി. അതുവഴി സാമ്പത്തിക സ്വാശ്രയത്വം ലക്ഷ്യം വെച്ചു. എന്നിരുന്നാലും ആസൂത്രണത്തിന്റെയും വളർച്ചയുടെയും ഗുണഫലങ്ങൾ ജനങ്ങൾക്ക് അനുഭവിക്കാൻ സാധിച്ചില്ല. സമ്പത്തിന്റെ പുനർവിതരണത്തിലുണ്ടായ അസമത്വങ്ങൾ, ഭൂപരിഷ്കരണങ്ങളുടെ അഭാവം എന്നിവ നെഹ്റുവിയൻ ആശയങ്ങളുടെ ഗുണഫലങ്ങൾക്ക് വിഘാതമായി.

1990- കൾ ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയങ്ങളുടെ ഹണിമൂൺ കാലഘട്ടമായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് 1996- ൽ കേരളത്തിൽ പഞ്ചായത്ത് രാജ് സംവിധാനം ശക്തിപ്പെടുത്തുന്നത്. അതുവഴി സാമൂഹിക- സാമ്പത്തിക മേഖലകളിൽ വികസനം കൊണ്ടുവരിക എന്നതിലുപരി ആസൂത്രണം വികേന്ദ്രീകൃതമാക്കുക എന്ന ചരിത്രപരമായ നയത്തിലേക്കാണ് ചുവടുവെച്ചത്. കേരളത്തിലെ സവിശേഷമായ സാമൂഹിക- രാഷ്ട്രീയ പശ്ചാത്തലം ജനകീയാസൂത്രണ പ്രസ്ഥാനത്തിന് കരുത്തേകി എന്ന് നിസ്സംശയം പറയാം.
കേരളത്തിന്റെ വികസനരംഗത്ത് ബൗദ്ധിക തലത്തിലും പ്രായോഗികമായും സാമൂഹിക രാഷ്ട്രീയ ഇതര സംഘടനകൾ നൽകിയ പങ്കും ചെറുതല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്നതാണ് ജനകീയസൂത്രണം ലക്ഷ്യം വെക്കുന്നത്. രാഷ്ട്രീയ അധികാര വികേന്ദ്രീകരണത്തോടൊപ്പം ഓരോ പ്രദേശത്തിനും ആവശ്യമായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു. ഇത്തരം പദ്ധതികൾ നടപ്പിലാക്കാനാവശ്യമായ ധനവികേന്ദ്രീകരണത്തിനും ചുമതലകൾ നിറവേറ്റാനുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനും ഭരണപരമായ വികേന്ദ്രീകരണം നടപ്പിൽ വരുത്തി. പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം വിവിധ ജനകീയ സംവിധാനങ്ങളെ അണിനിരത്താനും കേരളത്തിന് കഴിഞ്ഞു.
സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്.
ജനകീയാസൂത്രണത്തിന് തൊട്ടുമുൻപ് നടന്ന സമ്പൂർണ്ണ സാക്ഷരതായജ്ഞം വലിയ വിജയം കൈവരിച്ചതും ജനപങ്കാളിത്തം കൊണ്ടുമാത്രമാണ്. സമയബന്ധിതമായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും പദ്ധതിരേഖകൾ തയ്യാറാക്കുന്നതിനും അംഗീകാരം നേടാനുമുള്ള ശേഷി തദ്ദേശസ്ഥാപനങ്ങൾ ആർജ്ജിച്ചു. ഗ്രാമീണ മേഖലയിൽ കർമ്മസമിതികൾ, വിദഗ്ധ സമിതികൾ, ഗുണഭോക്തൃ സമിതികൾ എന്നിവ വഴി വികേന്ദ്രീകൃത പ്രക്രിയയിൽ ജനങ്ങൾ നേരിട്ട് പങ്കാളികളാകുന്ന ചരിത്രപരമായ ആശയത്തിന്റെ തുടക്കവും പ്രായോഗികതയുടെ കാൽനൂറ്റാണ്ടിനും കേരളം സാക്ഷ്യം വഹിച്ചു.
വികേന്ദ്രീകരണം എന്ന ആശയത്തെ ഉൾക്കൊള്ളുന്ന ഒരു പൈതൃകം കേരളത്തിൽ നേരത്തെ ഉണ്ടായിരുന്നു. ചരിത്രപരമായ ഭൂപരിഷ്കരണനിയമം നടപ്പിലാക്കുക വഴി ഭൂഉടമസ്ഥത വികേന്ദ്രീകരിക്കാൻ കേരളത്തിന് കഴിഞ്ഞു. സാമൂഹ്യ നവോത്ഥാന മുന്നേറ്റങ്ങൾ, കർഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രബലമായ സാന്നിധ്യം, സാക്ഷരത, പൊതുവിദ്യാഭ്യാസം- ആരോഗ്യം എന്നീ മേഖലകളിലെ വികസനം എന്നീ ഘടകങ്ങൾ കുറഞ്ഞ ആളോഹരി വരുമാനത്തിലും ഉയർന്ന ജീവിതനിലവാരം സാധ്യമാക്കിയ ഒരു പ്രദേശമായി കേരളത്തെ പാകപ്പെടുത്തി. ഈ സംവിധാനത്തിലൂടെ സേവനരംഗത്തെ പൊതുസ്ഥാപനങ്ങളുടെ മേൽനോട്ട ചുമതല പ്രാദേശിക ഭരണകൂടങ്ങൾ ഏറ്റെടുത്തത് ഇന്നത്തെ ആഗോള സാഹചര്യത്തിൽ അതീവ പ്രാധാന്യം അർഹിക്കുന്നു.
പൊതുവിദ്യാഭ്യാസ മേൽനോട്ടത്തിലും അങ്കണവാടികൾ, ആശുപത്രികൾ, ഗ്രന്ഥശാലകൾ, ഗ്രാമീണ കളിക്കളങ്ങൾ തുടങ്ങിയ പശ്ചാത്തല വികസനം ഒരുക്കുന്നതിലും വിപ്ലവകരമായ മാറ്റമാണ് ജനകീയസൂത്രണം ഉണ്ടാക്കിയത്. ഭരണകൂടങ്ങളിൽനിന്ന് അധികാരം ചുരുക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ അധികാര വികേന്ദ്രീകരണവും ജനകീയസൂത്രണവും കേരളത്തിൽ സൃഷ്ടിച്ച മാറ്റം ചെറുതല്ല. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നടപ്പിലാക്കിയ പങ്കാളിത്ത ബഡ്ജറ്റ് രീതിയും ബ്രസീലിയൻ പോർട്ട് അലഗ്രോ മാതൃകകളുമെല്ലാം വേണ്ടവിധം വിജയിക്കാതെ വന്നപ്പോൾ നമ്മുടെ ജനകീയാസൂത്രണ മാതൃക 25 വർഷവും അഞ്ചു ഭരണകൂടങ്ങളുടെ കാലാവധിയും അതിജീവിച്ചു.
സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. പശ്ചാത്തല സൗകര്യ വികസനത്തോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം, സാമൂഹികനീതി എന്നീ മേഖലകളിൽ സംസ്ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങളും പ്രഖ്യാപിച്ച ജനപ്രിയ ക്ഷേമപദ്ധതികളും ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കുമുന്നിലെ പ്രധാന പരിഗണനാവിഷയമായി വരുമെന്നത് ഉറപ്പാണ്.
