ഈ നൂറ്റാണ്ടിൽ ആഗോള സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും നിർണ്ണായകമായ വെല്ലുവിളികളിലൊന്ന് ജനസംഖ്യാ ഘടനയിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റമാണ് (Demographic Transition). ജനനനിരക്ക് കുറയുകയും ആയുർദൈർഘ്യം വർദ്ധിക്കുകയും ചെയ്യുന്നത് രാഷ്ട്രങ്ങളുടെ സാമ്പത്തിക നയങ്ങളെയും രാഷ്ട്രീയ മുൻഗണനകളെയും പുനർനിർവചിക്കാൻ നിർബന്ധിതമാക്കുന്നു (United Nations-UN- 2024). ലോകം മുഴുവൻ ഈ മാറ്റത്തെ ഒരു സാമ്പത്തിക ബാധ്യതയായി (Liability) ചിത്രീകരിക്കുകയും ഇതിൽ ഉൾപ്പെടുന്ന വയോജനങ്ങളെ ഉൽപ്പാദനക്ഷമതയില്ലാത്ത വിഭാഗമായി മാറ്റിനിർത്തുകയും ചെയ്യുമ്പോൾ, കേരളത്തിൽ സംഭവിക്കുന്നതാവട്ടെ മറിച്ചാണ്. ഇവിടുത്തെ സർക്കാർ അതിനെ 'സോഷ്യൽ സെക്യൂരിറ്റി' എന്ന മൗലികാവകാശമായി ലോകത്തിനുമുന്നിൽ ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്.
2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാന സർക്കാർ അവതരിപ്പിച്ച 'എൽഡർലി ബജറ്റ്' (Elderly Budget) കേവലം സാമ്പത്തിക പദ്ധതിയായി മാത്രം കാണാൻ സാധിക്കില്ല, മറിച്ച്, നവലിബറൽ വിപണിതന്ത്രങ്ങൾക്കെതിരെയുള്ള മാനവികതയുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പ്രഖ്യാപനമായാണ് വായിച്ചെടുക്കേണ്ടത്.
2026-ൽ, സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കളുടെ എണ്ണം 62 ലക്ഷത്തിലേക്ക് പടർന്നുപന്തലിക്കുമ്പോൾ, 'സാമൂഹിക സുരക്ഷയുടെ രാഷ്ട്രീയം' ഇടതുപക്ഷത്തിന് കൂടുതൽ കരുത്തുറ്റ അടിത്തറയായി മാറും എന്ന് നിസ്സംശയം പറയാം.
65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം കുട്ടികളുടെ എണ്ണത്തെക്കാൾ വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന കാഴ്ചയാണ് ആഗോളതലത്തിൽ കാണാൻ സാധിക്കുന്നത്. ഐക്യരാഷ്ട്രസഭാ റിപ്പോർട്ട് പ്രകാരം, 2050 ആകുമ്പോഴേക്കും ലോകത്തെ ആറിൽ ഒരാൾ 65 വയസ്സിന് മുകളിലുള്ളവരായിരിക്കും (UN, 2024) എന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. വികസിത രാജ്യങ്ങളായ ജപ്പാൻ, ഇറ്റലി, ജർമ്മനി എന്നിവ ഇതിനകം 'സൂപ്പർ ഏജിംഗ്' (Super-ageing) ഘട്ടത്തിലെത്തിക്കഴിഞ്ഞു. ഈ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപരിരക്ഷാ ചെലവുകളും കുറഞ്ഞുവരുന്ന തൊഴിൽസേനയും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ന് സൃഷ്ടിക്കുന്നത്.
ലോകമെമ്പാടും ശരാശരി ആയുർദൈർഘ്യം 1995-ൽ 64.8 വയസ്സായിരുന്നത് 2024-ൽ 73.3 ആയി ഉയർന്നു എന്നത് വൈദ്യശാസ്ത്രരംഗത്തെ വലിയൊരു നേട്ടമാണെങ്കിലും, മുതലാളിത്ത രാജ്യങ്ങളിൽ ഇത് സാമൂഹിക സുരക്ഷാസംവിധാനങ്ങൾക്ക് വലിയ ഭാരമായാണ് കണക്കാക്കപ്പെടുന്നത് (UN, 2025). വയോജനങ്ങളുടെ പരിചരണം ഇൻഷുറൻസ് കമ്പനികളുടെ ലാഭക്കണ്ണുകൾക്ക് വിട്ടുകൊടുക്കുന്ന ഈ ആഗോള സാഹചര്യത്തിലാണ് കേരളത്തിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നത്.

ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ യുവജനശക്തിയായി (Median Age: 28) സ്വയം അടയാളപ്പെടുത്തുന്നുണ്ടെങ്കിലും, രാജ്യത്തിന്റെ ആഭ്യന്തര ജനസംഖ്യാഘടനയിലാവട്ടെ വാർദ്ധക്യത്തിന്റെ വേഗത പ്രകടമാണ്. 2021-ൽ ഇന്ത്യയിൽ ഏകദേശം 138 ദശലക്ഷം വയോജനങ്ങളുണ്ടായിരുന്നത് 2031 ആകുമ്പോഴേക്കും 193.4 ദശലക്ഷമായി ഉയരുമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ പകുതിയിലധികം സംസ്ഥാനങ്ങളും 2036-ഓടെ 'ഏജിംഗ്' വിഭാഗത്തിലേക്ക് (15 ശതമാനത്തിലധികം വയോജനങ്ങൾ) മാറുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് (RBI, 2026). എന്നാൽ ദേശീയതലത്തിൽ വയോജന സുരക്ഷയ്ക്കായുള്ള സംവിധാനങ്ങൾ ഇന്നും പ്രാഥമിക ഘട്ടത്തിലാണ് എത്തിനിൽക്കുന്നത്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ക്ഷേമപെൻഷനുകൾ കേവലം 200 മുതൽ 500 രൂപ വരെയായി തുടരുമ്പോൾ, വയോജനങ്ങളുടെ ജീവിതനിലവാരം വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഇവിടെയാണ് ഈ കൊച്ചു സംസ്ഥാനത്തിലെ ഗവണ്മെന്റിന്റെ ഇടപെടലിന്റെ പ്രാധാന്യം.
സാമൂഹികസുരക്ഷാ പദ്ധതികളുടെ 62 ലക്ഷം വരുന്ന ഗുണഭോക്താക്കൾ കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കുന്ന പുതിയ 'സോഷ്യൽ ഫോഴ്സ് ആയി മാറിയിരിക്കുന്നു.
ദേശീയ ശരാശരിയിൽനിന്ന് തികച്ചും വ്യത്യസ്തമായി, കേരളം വികസിത രാജ്യങ്ങളോട് സമാനമായ ഒരു 'ഡെമോഗ്രാഫിക് ഇൻവേഴ്സ്' (Demographic Inverse) സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. 2026-ലെ കണക്കനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 18.7 ശതമാനവും 60 വയസ്സിന് മുകളിലുള്ളവരാണ് (Government of Kerala, 2026). ഇത് 2036 ആകുമ്പോഴേക്കും 22.8 ശതമാനമായി വർദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ആയുർദൈർഘ്യം കൂടുതലായതിനാൽ വയോജനങ്ങളുടെ എണ്ണം കൂടുന്നതിനോടൊപ്പം, ഉപരിപഠനത്തിനും തൊഴിലിനുമായുള്ള യുവജനങ്ങളുടെ കുടിയേറ്റം കേരളത്തിലെ കുടുംബങ്ങളിൽ 'Empty Nest Syndrome' സൃഷ്ടിക്കുന്നുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കളില്ലാത്ത വീടുകളുടെ എണ്ണം വർദ്ധിക്കുന്നത് ഒരു വലിയ സാമൂഹികപ്രശ്നമായി മാറിയിരിക്കുന്നു. ഈ സാമൂഹിക വൈരുദ്ധ്യത്തെ രാഷ്ട്രീയമായി അഭിസംബോധന ചെയ്തുകൊണ്ടാണ് ഇടതുപക്ഷ സർക്കാർ വയോജനപരിചരണത്തെ (Care Economy) വികസനത്തിന്റെ പുതിയ മുഖമായി സ്വീകരിച്ചത്.

ഇന്ത്യയിലാദ്യമായി കേരള സർക്കാർ അവതരിപ്പിച്ച 'എൽഡർലി ബജറ്റ്' (Elderly Budget) ഈ രാഷ്ട്രീയ ബോധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. സംസ്ഥാന ബജറ്റിന്റെ ഏകദേശം 19.07% (46,236 കോടി രൂപ) വയോജനക്ഷേമത്തിനായി നീക്കിവെച്ചിരിക്കുന്നത് ലോക മാതൃകയാണ്. സാമൂഹിക സുരക്ഷാ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ചതും, വയോജനങ്ങളുടെ പരിചരണത്തെ ഒരു തൊഴിൽ മേഖലയായി കണ്ട്, അതിനായി പ്രത്യേക വിഭവസമാഹരണം നടത്തിയതും ഇടതുപക്ഷ ഭരണത്തിന്റെ കരുത്താണ് വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക വിഹിതം നിഷേധിക്കുകയും വായ്പാ പരിധികൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലും, പാവപ്പെട്ടവരുടെ പെൻഷൻ മുടങ്ങാതെ നൽകുന്നതിലൂടെ സംസ്ഥാന സർക്കാർ ഒരു രാഷ്ട്രീയ ബദൽ ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്.
വയോജനങ്ങൾ കേവലം ഒരു വിഭാഗം എന്നതിലുപരി, കേരളത്തിന്റെ രാഷ്ട്രീയ ഗതി നിർണ്ണയിക്കുന്ന വലിയൊരു വോട്ട് ബാങ്കായാണ് വർത്തിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ 'ഗ്രേ വോട്ട്' (Grey Vote) നിർണ്ണായക രാഷ്ട്രീയ ഘടകമായി മാറും എന്നതിൽ തർക്കമില്ല. വയോജനങ്ങൾ കേവലം ഒരു വിഭാഗം എന്നതിലുപരി, കേരളത്തിന്റെ രാഷ്ട്രീയ ഗതി നിർണ്ണയിക്കുന്ന വലിയൊരു വോട്ട് ബാങ്കായാണ് വർത്തിക്കുന്നത് എന്ന് സാരം. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം ജനക്ഷേമ പദ്ധതികളെ തകർക്കാനുള്ള നീക്കമാണെന്ന് കേരളത്തിലെ വോട്ടർമാർ ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു. വികസനം എന്നാൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് മാത്രമല്ലെന്നും, മറിച്ച് മനുഷ്യന്റെ ആയുസ്സിനും സുരക്ഷിതത്വത്തിനും നൽകുന്ന വിലകൂടിയാണെന്നും ഇവിടെ ഇടതുപക്ഷം തെളിയിക്കുന്നു. അതുകൊണ്ടുതന്നെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കേരളത്തിന്റെ ആത്മാഭിമാനവും കേന്ദ്രത്തിന്റെ അധികാര കേന്ദ്രീകരണവും തമ്മിലുള്ള പോരാട്ടമാകുമ്പോൾ, സാമൂഹികസുരക്ഷയുടെ ഈ രാഷ്ട്രീയം ഇടതുപക്ഷത്തിന് വമ്പിച്ച ജനപിന്തുണയും ഭരണത്തുടർച്ചയ്ക്കുള്ള സാധ്യതയും ഉറപ്പാക്കും എന്നതാണ് യാഥാർഥ്യം. വാർദ്ധക്യത്തെ ആദരവോടെ ചേർത്തുപിടിക്കുന്ന ഈ മാനവിക മാതൃകയാണ് കേരളത്തിന്റെ ആധുനിക രാഷ്ട്രീയ മാതൃക.

പ്രതിപക്ഷത്തിന്റെ
തന്ത്രപരമായ പരാജയം,
ഇടതുപക്ഷത്തിന്റെ
'സോഷ്യൽ എഞ്ചിനീയറിംഗ്’
കേരളത്തിലെ മാറുന്ന ജനസംഖ്യാസാഹചര്യത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതികളെ പ്രതിരോധിക്കുന്നതിൽ പ്രതിപക്ഷം (UDF) നേരിടുന്ന തന്ത്രപരമായ പരാജയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യേകതയായിരിക്കും എന്നതിൽ തർക്കമില്ല.
പ്രതിസന്ധിഘട്ടങ്ങളിൽ തങ്ങളെ ചേർത്തുപിടിച്ച ഭരണകൂടത്തോട് വയോജനങ്ങൾ കാണിക്കുന്ന രാഷ്ട്രീയ കൂറ്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായൊരു ചലനം സൃഷ്ടിക്കാനുള്ള പ്രധാന ഘടകമായി മാറും.
സാധാരണഗതിയിൽ സാമ്പത്തിക പ്രതിസന്ധിയും പെൻഷൻ വിതരണത്തിലെ കാലതാമസവും ഭരണവിരുദ്ധവികാരത്തിന് കാരണമാകേണ്ടതാണ്. എന്നാൽ, ഇവിടെയാണ് ഇടതുപക്ഷത്തിന്റെ 'സോഷ്യൽ എഞ്ചിനീയറിംഗ്' ലക്ഷ്യം കാണുന്നത്. കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ചതും റവന്യു ഡെഫിസിറ്റ് ഗ്രാന്റ് നിർത്തലാക്കിയതും വഴി സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണെന്ന വസ്തുത താഴെത്തട്ടിലുള്ള വോട്ടർമാരിലേക്ക് എത്തിക്കാൻ സർക്കാരിന് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ ആനുകൂല്യങ്ങൾ മുടങ്ങുന്നത് സംസ്ഥാന സർക്കാരിന്റെ പരാജയമായല്ല, മറിച്ച് കേന്ദ്രത്തിന്റെ അവഗണനയുടെ ഫലമായാണെന്ന് വയോജനങ്ങൾ മനസിലാക്കുന്നു എന്നത് മറ്റൊരു സ്ഥിതിവിശേഷമാണ്.
ഇടതുപക്ഷത്തിന്റെ ഈ രാഷ്ട്രീയതന്ത്രത്തെ മറികടക്കാൻ പ്രതിപക്ഷം നൽകുന്ന വാഗ്ദാനങ്ങൾ പലപ്പോഴും ജനങ്ങൾക്കിടയിൽ വേണ്ടത്ര സ്വാധീനം ചെലുത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പെൻഷൻ തുക വർദ്ധിപ്പിക്കുമെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നുണ്ടെങ്കിലും, അതിനേക്കാൾ വോട്ടർമാർ വിലമതിക്കുന്നത് പ്രതിസന്ധികൾക്കിടയിലും പണം ജനങ്ങളിലെത്തിക്കാൻ സർക്കാർ കാണിക്കുന്ന ഇച്ഛാശക്തിയെയാണ്. ഈ 'വിശ്വാസ്യത'യെ മറികടക്കാൻ വ്യക്തമായൊരു ബദൽ വികസനനയമോ സാമ്പത്തിക പരിപാടിയോ മുന്നോട്ട് വെക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. കൂടാതെ, പ്രതിസന്ധിഘട്ടങ്ങളിൽ തങ്ങളെ ചേർത്തുപിടിച്ച ഭരണകൂടത്തോട് വയോജനങ്ങൾ കാണിക്കുന്ന രാഷ്ട്രീയ കൂറ്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായൊരു ചലനം സൃഷ്ടിക്കാനുള്ള പ്രധാന ഘടകമായി മാറും.

സാമൂഹിക സുരക്ഷയും
ഇലക്ടറൽ ട്രെൻഡുകളും:
ഒരു വിശകലനം
ഇതോടൊപ്പമുള്ള പട്ടികയിലെ വിവരങ്ങൾ കേവലം സ്ഥിതിവിവരക്കണക്കായി തോന്നാമെങ്കിലും, ഇതിനുപിന്നിൽ കേരളത്തിന്റെ രാഷ്ട്രീയചിത്രത്തെ മാറ്റിവരച്ച വലിയൊരു സാമൂഹിക യാഥാർത്ഥ്യമുണ്ട്.
ഈ ഡാറ്റ, കേരളത്തിലെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ വ്യാപ്തിയും ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങളും തമ്മിലുള്ള നേരിട്ടുള്ള ബന്ധം വ്യക്തമാക്കുന്ന ഒന്നാണ്. അതായത്, 2011-ൽ 12 ലക്ഷം മാത്രമായിരുന്ന പെൻഷൻ ഗുണഭോക്താക്കൾ 2021-ൽ 52 ലക്ഷമായി ഉയരുന്നു, 2026-ഓടെ 62 ലക്ഷത്തിലേക്ക് എത്തുന്നു. ഇത് കേരളത്തിലെ ഓരോ കുടുംബത്തെയും ഭരണകൂടം നേരിട്ട് സ്വാധീനിക്കുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്. പിന്നീട് 2011-ൽ 300- 400 രൂപയായിരുന്ന പെൻഷൻ തുക 2021-ൽ 1600 രൂപയായി ഏകീകരിച്ചത് സാധാരണക്കാരുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്.

അതിലുപരി, 2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ വോട്ട് വിഹിതത്തിൽ ചെറിയ കുറവുണ്ടായെങ്കിലും (43.48%), ക്ഷേമപദ്ധതികൾ കൃത്യമായി നടപ്പിലാക്കിയതോടെ 2021-ൽ അത് 45.43% ആയി വർദ്ധിക്കുകയും ചരിത്രപരമായ ഭരണത്തുടർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. തന്നെയുമല്ല പെൻഷൻ ഗുണഭോക്താക്കളുടെ വോട്ടിംഗ് രീതിയെക്കുറിച്ച് ഇന്ത്യയിലെ പ്രമുഖ ഇലക്ടറൽ റിസർച്ച് ഏജൻസിയായ CSDS (Centre for the Study of Developing Societies) 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടത്തിയ പഠനം ഈ കണക്കിനെ ശരിവെക്കുന്നുണ്ട്.
പെൻഷൻ ലഭിക്കുന്ന വോട്ടർമാരിൽ പകുതിയിലധികം പേരും (51%) ഇടതുപക്ഷത്തെ പിന്തുണച്ചപ്പോൾ, ആനുകൂല്യങ്ങൾ ലഭിക്കാത്ത വിഭാഗങ്ങൾക്കിടയിൽ യു.ഡി.എഫിനാണ് മുന്നേറ്റം ഉണ്ടായതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ 10 ശതമാനത്തിന്റെ നിർണ്ണായകമായ വ്യത്യാസമാണ് കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തെ തിരുത്തിക്കുറിച്ച് ഇടതുപക്ഷത്തിന് ചരിത്രപരമായ ഭരണത്തുടർച്ച നൽകിയത് എന്നാണ് പഠനം സൂചിപ്പിക്കുന്നത്.
2026-ൽ ഗുണഭോക്താക്കളുടെ എണ്ണം 62 ലക്ഷത്തിലേക്ക് പടർന്നുപന്തലിക്കുമ്പോൾ, 'സാമൂഹിക സുരക്ഷയുടെ രാഷ്ട്രീയം' ഇടതുപക്ഷത്തിന് കൂടുതൽ കരുത്തുറ്റ അടിത്തറയായി മാറും എന്ന് നിസ്സംശയം പറയാനാവും
62 ലക്ഷം വരുന്ന ഈ ഗുണഭോക്താക്കൾ കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കുന്ന പുതിയ 'സോഷ്യൽ ഫോഴ്സ് ആയി മാറിയിരിക്കുന്നു എന്നതുതന്നെയാണ് സത്യം. വാർദ്ധക്യത്തെ ഒരു സാമ്പത്തിക ഭാരമായി കാണുന്ന നവലിബറൽ കാഴ്ചപ്പാടുകളെ തള്ളിക്കളഞ്ഞ്, അതിനെ ഒരു സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുത്ത ഇടതുപക്ഷത്തിന്റെ ഈ 'കെയർ ഇക്കോണമി' വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ രാഷ്ട്രീയബോധ്യത്തെ സ്വാധീനിക്കുന്ന പ്രധാന ചാലകശക്തിയാകും.
