കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പെ കേരളത്തിന്റെ മൂഡ് എങ്ങനെയെന്ന് പ്രചരിച്ച ഭൂരിപക്ഷം ഫലങ്ങളിലും എടുത്തുപറഞ്ഞ മുന്നേറ്റമായിരുന്നു മുസ്ലിംലീഗിന്റെത്.
യു.ഡി.എഫിന് മുന്നേറ്റം പ്രവചിച്ചവരും എൽ.ഡി.എഫിന് കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യത പ്രവചിച്ചവർ പോലും ലീഗിന് 18- 21 സീറ്റുകൾ ലഭിക്കുമെന്നായിരുന്നു പ്രവചിച്ചത്. എക്‌സിറ്റ്‌പോളിലും ലീഗ് കോട്ടകൾ ഭദ്രമായിരുന്നു. ഫലം പുറത്തു വന്നപ്പോൾ കോൺഗ്രസിനും സിപിഎമ്മിനും പിന്നിൽ മൂന്നാം സ്ഥാനത്തോടെ ലീഗ് കരുത്തു തെളിയിച്ചു.
ലീഗിന്റെ
പത്തു വർഷങ്ങൾ
അഞ്ചുവർഷം മുമ്പ് കേരള ചരിത്രത്തിലാദ്യമായി തുടർഭരണം ലഭിച്ചതോടെ പിണറായി വിജയൻ എന്ന നേതാവ് അജയ്യനായി, സി.പി.എമ്മിലും കേരള രാഷ്ട്രീയത്തിലും. മറുതലക്കൽ വ്യക്തമായ പ്ലാനിംഗില്ലാതെ ഒരുപരുവത്തിലായ കോൺഗ്രസും. ഭരണത്തിന്റെ തണലിൽ മാത്രം അടയിരിക്കുന്ന പാർട്ടി എന്ന ദുഷ്‌പേരുളള ലീഗ് ഏറെ പ്രയാസകരമായ അവസ്ഥയിലൂടെയാണ് അന്ന് നീങ്ങിയത്. ഗ്രൂപ്പു പോരിനാൽ കോൺഗ്രസാകട്ടെ ഏറെ പ്രയാസകരമായ അവസ്ഥയിലും. ആകെ അലങ്കോലപ്പെട്ട രീതിയിലൊരു യു.ഡി.എഫ് സംവിധാനം.
വി.ഡി.സതീശൻ എന്ന പ്രതിപക്ഷ നേതാവ് രംഗപ്രവേശം ചെയ്‌തെങ്കിലും ആദ്യഘട്ടത്തിൽ വലിയ മാറ്റമൊന്നും കണ്ടില്ല.
രണ്ട് വർഷത്തോളം കേരള രാഷ്ട്രീയം സഞ്ചരിച്ചത് ഈയൊരവസ്ഥയിലായിരുന്നു.
സി.പി.എമ്മിലെ ഒരു വിഭാഗം ലീഗിനെ കൂടെ കൂട്ടണമെന്ന രഹസ്യനീക്കവുമായി നീങ്ങുമ്പോഴും പാർട്ടിയിലെ മറുവിഭാഗം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന അവസ്ഥ. കോൺഗ്രസുമായി ബന്ധം ഉപേക്ഷിച്ച് എൽ.ഡി.എഫിൽ ചേരണമെന്ന ചിന്ത ലീഗിൽ സജീവമായ കാലം. അതിനനുസരിച്ചുളള രഹസ്യ നീക്കങ്ങൾ. പിണറായി എന്ന മുഖ്യമന്ത്രിയുടെ പേര് ഉറക്കെ ഉച്ചരിച്ച് വിമർശിക്കാൻവരെ ധൈര്യമില്ലാത്ത ലീഗ് നേതാക്കൾ. അവരുടെ നേതാവായി പി.കെ. കുഞ്ഞാലിക്കുട്ടി മുതൽ ചില നേതാക്കൾ. അവർക്കിടയിൽ നിന്ന് കെ.എം. ഷാജി, എം.കെ. മുനീർ തുടങ്ങിയ നേതാക്കൾ തൊടുത്തുവിട്ട വിമർശനത്തിന്റെ കുന്തമുന. അവർക്ക് താങ്ങും തണലുമൊരുക്കി ശക്തമായ പിന്തുണയുമായി അസംഖ്യം പ്രവർത്തകർ. ഇതിനടയിൽ തക്കസമയത്ത് യുക്തമായ തീരുമാനവുമായി പാണക്കാട് സാദിഖലി തങ്ങൾ.
ഒരേ സമയം പാർട്ടിയിലെ രണ്ട് വിഭാഗത്തോടും ആദ്യ ഘട്ടത്തിൽ സമദൂര സിദ്ധാന്തം പ്രഖ്യാപിച്ചു സാദിഖലി തങ്ങൾ. പിന്നീട് ജനങ്ങളുടെ പൾസ് മനസിലാക്കി ജനങ്ങളോടൊപ്പം നിലയുറപ്പിക്കാനുളള തീരുമാനം പല വേദികളിൽ വെച്ചും തങ്ങൾ പരസ്യമാക്കി. ഇതോടെ യു.ഡി.എഫ് എന്ന മുന്നണിയിൽ ലീഗ് ഉറച്ച് നിൽക്കുമെന്ന ധ്വനി സാധാരണ ലീഗണികൾക്ക് ലഭിച്ചു.

സഹിഷ്ണുത ആപ്തവാക്യമാക്കി, വർത്തമാനകാല രാഷ്ട്രീയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ് ഇന്നത്തെ രാഷ്ട്രീയ നേതാക്കളിൽ ഭൂരിപക്ഷവും. ജെൻസിയുടെ രാഷ്ട്രീഭിരുചി എന്താണെന്നും എങ്ങനെ ഇവരുമായി സംവദിക്കണമെന്നും ബോധമില്ലാത്തവർ. പഴയ പെരുമയിൽ രാഷ്ട്രീയം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കു മുമ്പിൽ വർത്തമാനകാലത്തെ രാഷ്ട്രീയവും സ്വത്വബോധവും കളങ്കമില്ലാതെ പറയാനും പ്രവർത്തിക്കാനും പരസ്പരം ഇഷ്ടത്തോടെ സഹവർത്തിക്കാനും സാധിക്കുന്ന തലം ഇന്ന് ലീഗ് നേതൃത്വത്തിനുണ്ട്. അതിന് വേണ്ട എല്ലാ സോഴ്‌സുകളും അതിമനോഹരമായി ഉപയോഗപ്പെടുത്താൻ ലീഗ് തയ്യാറായി എന്നതാണ് ഏറെ കൗതുകകരം.
ഉപയോഗിക്കേണ്ടവരെ കൃത്യമായി ഉപയോഗിക്കുമ്പോഴും എതിർക്കേണ്ടവരെ സഹിഷ്ണതയോടെ എതിർക്കാനും സഹിഷ്ണുത ആപ്തവാക്യമാക്കി മാറ്റാനും ലീഗ് നേതൃത്വത്തിന് സാധിച്ചു.
ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ലീഗിന്റെ മതസൗഹാർദ്ദസമീപനം ഏവരുടെയും പ്രശംസക്കിടയാക്കിയിരുന്നു. അന്നത്തെ ലീഗ് പ്രസിഡന്റ് പാണക്കാട് ശിഹാബ് തങ്ങളുടെ നിർദേശങ്ങളും ആഹ്വാനങ്ങളും ലീഗണികൾ മാത്രമല്ല സമുദായം ഒരു മനസോടെ സ്വീകരിച്ചു. എന്നാൽ വർത്തമാന സോഷ്യൽ മീഡിയാകാലം ഓരോ ഘട്ടത്തിലും നിലപാട് വിളിച്ചുപറയേണ്ട അവസ്ഥയിലാണ്. ചില ഘട്ടങ്ങളിൽ നിലപാട് പറയാതിരിക്കേണ്ടവരാണ്. എന്നാൽ ഓരോ ഘട്ടത്തിലും ഒരോ വിഷയത്തിലും പക്വതയോടെ കാര്യങ്ങൾ അവതരിപ്പിക്കാനും സമൂഹവുമായി നേർക്കുനേർ സംവദിക്കാനും ഇന്നത്തെ ലീഗിന് സാധിച്ചിട്ടുണ്ട്.
ഇടപെടുന്ന
നേതൃത്വം
തെരഞ്ഞെടുപ്പുകാലത്ത് അജണ്ടകൾ തീരുമാനിക്കുന്നവരാകും പലപ്പോഴും വിജയം വരിക്കുക. എന്നാൽ അജണ്ടകളുടെ കുരുക്കിൽ കിടക്കാതെ ബുദ്ധിപരമായി പ്രവർത്തിക്കാൻ സാധിച്ചുവെന്നതാണ് ലീഗ് നേതൃത്തിന്റെ ഗുണം. അതിന് പാണക്കാട് സാദിഖലി തങ്ങൾ തന്നെ മുന്നിൽ നിന്നു.
ലീഗിന്റെ തീരുമാനങ്ങൾ എല്ലായ്പ്പോഴും പാണക്കാട് തങ്ങൻമാരാണ് പ്രഖ്യാപിക്കാറ്. പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളുടെ കാലത്തടക്കം കുഞ്ഞാലിക്കുട്ടിയുടെ യുക്തിയും ബുദ്ധിയുമാണ് പല തീരുമാനങ്ങളുടെയും പിന്നാമ്പുറങ്ങളിലുണ്ടാകാറ്. എന്നാൽ സമീപകാല തീരുമാനങ്ങളിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കാണിക്കുന്ന ജാഗ്രതയാണ് പാർട്ടിയുടെ തുരുപ്പുചീട്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയം തന്നെ അതിന് നല്ല ഉദാഹരണമാണ്. യുവാക്കൾക്കും വനിതകൾക്കും അവസരം കൊടുക്കാനും അവരെ വിജയത്തിക്കാനുളള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും സാദിഖലി തങ്ങൾ മേൽനോട്ടം വഹിച്ചു. 2021- ൽ ലീഗിന്റെ ഉറച്ച മണ്ഡലമായി പരിഗണിച്ചിരുന്ന കോഴിക്കോട് സൗത്തിൽ വനിതാ സ്ഥാനാർത്ഥിയായി നൂർബിന റഷീദിനെ മൽസരിപ്പിക്കാനുളള തീരുമാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 25 വർഷങ്ങൾക്കുശേഷമാണ് മുസ്ലിം ലീഗ് ഒരു വനിതാ സ്ഥാനാർത്ഥിയെ നിയമസഭയിലേക്ക് മൽസരിപ്പിച്ചതെന്ന പ്രത്യേകതകൂടി അതിനുണ്ട്. എന്നാൽ 12,459 വോട്ടിന് ദയനീയമായി തോറ്റു.

ഇത്തവണ പേരാമ്പ്രയിലും കൂത്തുപറമ്പിലും വനിതാ സ്ഥാനാർത്ഥികളെ മൽസരിപ്പിക്കുകയും പേരാമ്പ്രയിൽ അട്ടിമറിജയം നേടുകയും ചെയ്തതിന്റെ ക്രൈഡിറ്റ് ലീഗ് നേതൃത്വത്തിനാണ്. കുന്നമംഗലത്ത് വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനായിരുന്നു ലീഗിന്റെ ആദ്യ തീരുമാനം. എന്നാൽ സുന്നി വിഭാഗത്തിന് മുൻതൂക്കമുളള മണ്ഡലത്തിൽ വനിതാ സ്ഥാനാർത്ഥി വരുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫാത്തിമ തഹ്ലിയയെ പേരാമ്പ്രയിലേക്ക് അയച്ചത്. പേരാമ്പ്രയിൽ ആദ്യം സീറ്റ് ലഭിക്കുമെന്ന കരുതിയ ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായീലിനെ മാറ്റിയായിരുന്നു പരീക്ഷണം. അതിൽ വിജയിക്കാൻ ലീഗിന് സാധിച്ചു.
ഗ്രൂപ്പുപോരിൽ കുരുങ്ങിയ കൂത്തുപറമ്പിൽ പുറത്തു നിന്നുളള സ്ഥാനാർത്ഥി വേണമെന്ന ചിന്തയിലാണ്, അങ്ങനെയൊരാളെ മൽസരിപ്പിക്കാൻ തീരുമാനിച്ചത്. അത് ശരിയായ തീരുമാനമായിരുന്നെങ്കിലും മറ്റു മണ്ഡലങ്ങളിൽ കാണാത്ത ലീഗിന്റെ ഗ്രൂപ്പ് പോര് കൂത്തുപറമ്പിലുണ്ടായത് പ്രാദേശിക ലീഗ് നേതാക്കൾക്കടക്കം ക്ഷീണം ചെയ്തു. ലീഗിന്റെ പുതിയ തലമുറയിലെ പി.കെ. നവാസ്, ടി.പി. അഷ്‌റഫലി, ഫൈസൽ ബാബു തുടങ്ങിയ നേതാക്കൾക്ക് സീറ്റ് നൽകിയതും എടുത്തു പറയേണ്ടതാണ്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുമുമ്പ് പൊട്ടലും ചീറ്റലുമുണ്ടായത് കേഡർ പാർട്ടിയെന്ന് അഹങ്കരിച്ചിരുന്ന സി.പി.എമ്മിലായിരുന്നു. മുതിർന്ന നേതാവ് ജി. സുധാകരൻ പാർട്ടി വിട്ട് കോൺഗ്രസ് പിന്തുണയോടെ മൽസരിച്ച് ജയിച്ചു. കണ്ണൂരിലെ പാർട്ടികോട്ടകളിൽ, നേതൃത്വത്തോട് പോരാടി പുറത്തുവന്ന നേതാക്കളും അട്ടിമറി ജയം നേടി.
എന്നാൽ, മറുവശത്ത്, ലീഗിന്റെ സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടംപിടിക്കാതിരുന്ന അബ്ദുറഹിമാൻ രണ്ടത്താണിയും നൂർബിന റഷീദും പ്രതിഷേധ സ്വരമുയർത്തിയെങ്കിലും അവരെ അനുനയിപ്പിക്കാൻ ലീഗ് നേതൃത്വത്തിന് സാധിച്ചു. പാർട്ടി നേത്യത്വം സ്വീകരിച്ച ശക്തമായ നിലപാടിന് മുമ്പിൽ അവർ സ്വയം കീഴടങ്ങുന്നതാണ് കണ്ടത്.
എം.എസ്.എഫും ഹരിത വിദ്യാർഥികളും തമ്മിൽ ഉടലെടുത്ത പ്രശ്‌നങ്ങൾ പരിഹരിക്കാനും അവരിൽ കഴിവുളള ഹരിത നേതാക്കൾക്ക് അവസരം നൽകാനും ലീഗ് നേതൃത്വത്തിന് സാധിച്ചു. അഡ്വ. ഫാത്തിമ തെഹലിയ, അഡ്വ. നജ്മ തബ്ഷീറ തുടങ്ങിയ ഹരിത നേതാക്കൾക്ക് നിയമസഭയിലും ത്രിതല തെരഞ്ഞെടുപ്പുകളിലും പാർട്ടി നൽകിയ പരിഗണന അവരുടെ കഴിവിനുളള അംഗീകാരം കൂടിയായിരുന്നു.

തീരുമാനങ്ങൾക്കു പിന്നിലെ
'ഹൈക്കമാൻഡ്'
ലീഗിന്റെ ‘ഹൈക്കമാന്റ്’ പാണക്കാട് കുടുംബമാണെന്നതിൽ തർക്കമില്ല. എന്നാൽ പാണക്കാട് കുടുംബം പലപ്പോഴും സ്വീകരിക്കുന്ന സമീപനം പൊതുസമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ചചെയ്യപ്പെട്ടതുമാണ്. തവനൂരിൽ ആടിന്റെ തലയറുത്ത് നടത്തിയ പ്രകടനവും കൊല്ലത്ത് വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ നടത്തിയ പ്രകടനവും കേരളത്തിൽ ചർച്ച ചെയ്യാതെ പോയതിനുപിന്നിൽ ലീഗിന്റെ നിലപാടാണ്.
രണ്ട് വിഷയവും തളളിപ്പറയുക മാത്രമല്ല ലീഗ് നേതൃത്വം ചെയ്തത്, അതിനുപിന്നിൽ പ്രവർത്തിച്ച പാർട്ടിഅണികളെയും പ്രാദേശിക നേതാക്കൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സാധിച്ചു. ഇതോടെ അണികൾക്കും പൊതുസമൂഹത്തിനും നല്ലൊരു മാതൃക നൽകാൻ ലീഗിന് സാധിച്ചു.
ലീഗ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സാധാരണ കാണിക്കുന്ന മതത്തിന്റെ അതിഭാവുകത്വം പ്രകടിപ്പിക്കാതിരിക്കാനും പറയാതിരിക്കാനും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുവെന്നത് വർത്തമാന ഫാഷിസ്റ്റ് ഭരണകാലത്ത് ലീഗ് കാണിക്കുന്ന അതീവ ജാഗ്രതയുടെ സൂചനയാണ്.
