ഡോ. പി.കെ. യാസ്സർ അറഫാത്ത്

ഹിന്ദുത്വത്തിന്റെ
പത്തായപ്പുരയിലേക്കുള്ള
ഇടതുപക്ഷ വിളകൾ

‘‘വെള്ളാപ്പള്ളിയെപ്പോലെ, ക്രിസ്ത്യൻ ഫോബിയയിലും, ഇസ്ലാമോഫോബിയയിലും ഊന്നിയുള്ള വർഗീയ പ്രസ്താവങ്ങൾ നിരന്തരം നടത്തുന്ന ഒരാളെ നിരന്തരമായി പിന്തുണക്കുന്നതിലൂടെ, ഒരു വിശാല ഹിന്ദു പിന്തുണ ഔദ്യോഗികമായി തന്നെ ആവശ്യപ്പെടുകയാണ് കേരളത്തിലെ ഇടതുപക്ഷം’’- ട്രൂകോപ്പി ​വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് ഡോ. പി.കെ. യാസ്സർ അറഫാത്ത് മറുപടി എഴുതുന്നു.

ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെന്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയ ശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെന്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തു തീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്'?

ഡോ. പി.കെ. യാസ്സർ അറഫാത്ത്: കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ ജനകീയ വോട്ടിലൂടെ അധികാരത്തിലെത്തിയത് ലോകചരിത്രത്തിലും അപൂർവ്വമായൊരു സംഭവമായിരുന്നു. അത് സാധാരണ പാർലമെൻ്ററി രാഷ്ട്രീയം മാത്രമല്ല, സാമൂഹ്യ നീതിയുടെയും മതനിരപേക്ഷ ഭരണാശയത്തിന്റെയും, ബഹുസ്വരതയുടെയും, വിജയമായിരുന്നു. എന്നാൽ മത-ജാതി രാഷ്ട്രീയത്തിന്റെ അടിത്തറയും തങ്ങളുടെ മേധാവിത്വവും നഷ്ടപ്പെടുമെന്ന ഭയത്തിൽ പരമ്പരാഗത പ്രമാണികളും അവരുടെ നേതൃത്വത്തിലുണ്ടായിരുന്ന ജാതി-മത-സാമുദായിക സംഘടനകളും ‘വിമോചന സമരമെന്ന’ യാഥാസ്ഥിതിക ഹാലിളക്കത്തിലൂടെ ആ ഭരണത്തെ പുറത്താക്കി.

ഇന്ന്, പതിറ്റാണ്ടുകൾക്ക് ശേഷം, അധികാരം നിലനിർത്താൻ അതേ മത-ജാതി ശക്തികളോടുള്ള ഒത്തു തീർപ്പ് കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ചിരിക്കുകയാണ്. രാഷ്ട്രീയത്തിലെ സാമൂഹിക പങ്കാളിത്തം എന്ന് അവർ വിശേഷിപ്പിക്കുന്ന ഈ ഒത്തുതീർപ്പ്, അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ആത്മാവിനെ തന്നെ വെല്ലുവിളിക്കുന്നു. മത-ജാതി സംഘടനകളുടെ പിന്തുണ ആശ്രയിക്കുന്ന ഇടതുപക്ഷം, സ്വന്തം ആശയങ്ങൾ മറന്ന്, “വിശ്വാസ സംരക്ഷണം” എന്ന നവയാഥാസ്ഥിതിക മുദ്രാവാക്യത്തിലൂടെ, വിശ്വാസികൾക്ക് ഇപ്പോഴും നിര്‍ഭയമായിത്തന്നെ ജീവിക്കാൻ പറ്റുന്ന കേരളത്തിൽ അധികാര സംരക്ഷണത്തിലേക്ക് ചുരുങ്ങുകയാണ്. ഇതിലൂടെ സമത്വത്തിന്റെയും സാമൂഹ്യ വിപ്ലവത്തിന്റെയും സ്വപ്നം ഇടതു രാഷ്ട്രീയം തന്നെ വിട്ടുകളയുന്നു എന്ന് മനസിലാക്കാം. ജനങ്ങൾ ഇന്ന് തിരിച്ചറിയുന്നത്, അധികാരം നിലനിർത്തുന്നതിനുള്ള ഒരു ആർത്തി ഇവിടെ അനുഭവപ്പെടുന്നുണ്ട് എന്നതാണ്. ഈ ഒത്തുതീർപ്പ് ജനാധിപത്യത്തിന്റെ രക്ഷാകവചമായിട്ടല്ല, മറിച്ച് അതിനെ ദുർബലപ്പെടുത്തുന്ന ഒരു വഴിത്തിരിവായാണ് അനുഭവപ്പെടുന്നത്. അത് ഭാവിയിൽ ഇടതുപക്ഷത്തെയും കേരള രാഷ്ട്രീയത്തെയും വലിയൊരു ആശയക്കുഴപ്പത്തിലേക്ക് നയിക്കും.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‌ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

തീർച്ചയായും ആശങ്കപ്പെടേണ്ട കാര്യമാണെന്ന് തോന്നുന്നു. സംസ്ഥാന സർക്കാർ വലിയ ആദരവുകൾ കാണിച്ചുകൊണ്ട് നടത്തുന്ന ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ശക്തമായ വിമർശനങ്ങൾ വിളിച്ചു വരുത്തുന്നുണ്ട്. വെള്ളാപ്പള്ളിയെപ്പോലെയുള്ള, ക്രിസ്ത്യൻ ഫോബിയയിലും, ഇസ്ലാമോഫോബിയയിലും ഊന്നിയുള്ള വർഗീയ പ്രസ്താവങ്ങൾ നിരന്തരമായി നടത്തുന്ന ഒരാളെ നിരന്തരമായി പിന്തുണക്കുന്നതിലൂടെ, ഒരു വിശാല ഹിന്ദു പിന്തുണ ഔദ്യോഗികമായി തന്നെ ആവശ്യപ്പെടുകയാണ് കേരളത്തിലെ ഇടതുപക്ഷം. വർഗീയ ധ്രുവീകരണത്തിന്റെ നവരൂപങ്ങൾ കേരളത്തിൽ വ്യാപിച്ചുകഴിഞ്ഞതിന്റെ തെളിവുകൾ നിരവധിയാണ്. ‘സാഫ്രൺ സെഞ്ചുറി’യുടെ ഈ കാലത്, അതിനെ വീണ്ടും വ്യാപിപ്പിക്കാനുള്ള പാരാമിലിറ്ററൈസേഷനും, മറ്റും കേരളത്തിൽ നടക്കുന്നതിന്റെ പല സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ക്രിസ്റ്റോഫ് ജാഫ്രലോ തുടങ്ങിയ ഹിന്ദുത്വ ഗവേഷണ വിദഗ്ധർ സൂചിപ്പിച്ച, രാഷ്‌ട്രീയ-സമൂഹശാസ്ത്രീയ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള ഈ പ്രവണതകൾ കൊണ്ടുവരുന്ന അപകകരമായ മാറ്റങ്ങൾ കേരളത്തിലും കാണാം. ജനാധിപത്യം, ന്യൂനപക്ഷ സുരക്ഷ എന്നിവയ്ക്ക് നേരെയുള്ള ദീർഘകാല ഭീഷണികൾ, ഇടതുപക്ഷത്തിന്റെ വിശാലഹിന്ദു സോഷ്യൽ എഞ്ചിനീറിങ് വ്യാപിപ്പിക്കും എന്ന് മാത്രമല്ല, ഒന്നോ രണ്ടോ തിരഞ്ഞെടുപ്പുകൾക്ക് ശേഷം അതിന്റെ വിള കൊയ്യുന്നതിന് ബിജെപിക്ക് സൗകര്യമൊരുക്കി കൊടുക്കുകയും ചെയ്യും. മധ്യകാല പാട്ടക്കരാറുകളുടെ ഒരു രാഷ്ട്രീയ രൂപമാണ് ഇപ്പോൾ പുതിയ സോഷ്യൽ എഞ്ചിനീയറിങ്ങിലൂടെ ഇടതുപക്ഷം അവതരിപ്പിക്കുന്നത്. ആത്യന്തികമായി അതിന്റെ വിളകൾ ഹിന്ദുത്വത്തിന്റെ പത്തായപ്പുരയിലേക്ക് തന്നെയാണ് പോകുന്നത്.

 വെള്ളാപ്പള്ളിയെപ്പോലെയുള്ള, ക്രിസ്ത്യൻ ഫോബിയയിലും, ഇസ്ലാമോഫോബിയയിലും ഊന്നിയുള്ള വർഗീയ പ്രസ്താവങ്ങൾ നിരന്തരമായി നടത്തുന്ന ഒരാളെ നിരന്തരമായി പിന്തുണക്കുന്നതിലൂടെ, ഒരു വിശാല ഹിന്ദു പിന്തുണ ഔദ്യോഗികമായി തന്നെ ആവശ്യപ്പെടുകയാണ് കേരളത്തിലെ ഇടതുപക്ഷം.
വെള്ളാപ്പള്ളിയെപ്പോലെയുള്ള, ക്രിസ്ത്യൻ ഫോബിയയിലും, ഇസ്ലാമോഫോബിയയിലും ഊന്നിയുള്ള വർഗീയ പ്രസ്താവങ്ങൾ നിരന്തരമായി നടത്തുന്ന ഒരാളെ നിരന്തരമായി പിന്തുണക്കുന്നതിലൂടെ, ഒരു വിശാല ഹിന്ദു പിന്തുണ ഔദ്യോഗികമായി തന്നെ ആവശ്യപ്പെടുകയാണ് കേരളത്തിലെ ഇടതുപക്ഷം.

'വർഗീയവാദികൾക്ക് ഒപ്പമല്ല, വിശ്വാസികൾക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ ഇപ്പോൾ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

കേരളത്തിലെ ഇടതുപക്ഷം അവതരിപ്പിക്കുന്ന ‘വിശ്വാസികളോടൊപ്പമാണ് ഞങ്ങൾ’ എന്ന വാദം താൽക്കാലികമായി നേട്ടമുണ്ടാക്കാമെങ്കിലും, സൈദ്ധാന്തികമായും രാഷ്ട്രീയമായും ഏറെ ദുർബലവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. കാരണം, വിശ്വാസവും വർഗീയവാദവും ഇന്ത്യയിലെ രാഷ്ട്രീയത്തിൽ പരസ്പരം കടന്നു കൂടുന്ന, പലപ്പോഴും വേർതിരിക്കാനാകാത്ത സാമൂഹിക-സാംസ്കാരിക രൂപങ്ങളാണ്. ആ വേ‌ര്‍ തിരിവുകളില്ലായ്മക്ക് നീതീകരണം നൽകുകയാണ് മൈനോറിറ്റി ഫോബിക്കുകളായ സാമുദായ നേതാക്കളെ കൂടെക്കൂട്ടുന്നതുവഴി നടക്കുന്നത്‌.

ക്രിസ്റ്റോഫ് ജാഫ്രലോട്ട് വിശകലനം ചെയ്തതുപോലെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തി “മതവിശ്വാസത്തെ” രാഷ്ട്രീയ വർഗീയതയിലേക്ക് തിരിച്ചുവിടുന്നതിലാണ്. സിപിഎം ഇപ്പോൾ ചെയ്യുന്നത് ഭൂരിപക്ഷ മതവിശ്വാസത്തെ രാഷ്ട്രീയ നയരൂപീകരണത്തിലേക്കും, മൊബിലൈസേഷനിലേക്കും തള്ളിവിടുക എന്നതാണ്. അവിടുന്ന് അതിനെ 'മതവിശ്വാസത്തിൽനിന്ന്, 'രാഷ്ട്രീയ വർഗീയതയിലേക്കു' കൊണ്ടെത്തിക്കാൻ, ഫിനിഷിങ് ലൈനിൽ കാത്തിരിക്കേണ്ട ജോലി മാത്രമേ പരിവാർ സംഘടനകൾക്ക് ബാക്കിയാവുന്നുള്ളു.

കാലങ്ങളായി ഇടതുപക്ഷം അനുവർത്തിച്ചു പോരുന്ന സാമുദായിക സംഘടനകളോടുള്ള 'മൂല്യാധിഷ്ഠിത അകലം' കൈവിട്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. മതവിശ്വാസങ്ങളെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഇടപെടലുകളിൽ ഉൾക്കൊള്ളിച്ചു, 'മജോറിറ്റേറിയൻ ഇന്റിമസി' എന്നുള്ള പുതിയ രാഷ്ട്രീയ പരീക്ഷണം നടത്തുമ്പോൾ, അതുകാണിക്കുന്നത്, ഇടതുപക്ഷത്തിന്റെ പാപപരിഹാരക്രിയകൾക്കപ്പുറം, വരാനിരിക്കുന്ന സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ സൂചനകളും ആണ്. അതുകൊണ്ട്, ‘വിശ്വാസം’ എന്നും ‘വർഗീയവാദം’ എന്നും തമ്മിൽ വേർതിരിച്ച് പ്രത്യക്ഷപ്പെടുന്ന ഇടതുപക്ഷ സൈദ്ധാന്തികകർ ദീർഘകാലത്ത് വിശ്വാസ്യത നഷ്ടപ്പെടുത്തുകയും, കേരളീയ സെക്യുലറിസത്തിന്റെ ആത്മാവിനെ തന്നെ ദുർബലപ്പെടുത്തുകയും ചെയ്യാനിടയുണ്ട്.

എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

കേരളത്തിന്റെ രാഷ്ട്രീയത്തിൽ എൻ.എസ്.എസ് നെയും എസ്.എൻ.ഡി.പി യെയും കേന്ദ്രീകരിച്ച് ഒരിനം ജാതി-സാമുദായിക അലയൻസ് രൂപപ്പെടുമ്പോൾ അതിനെ ‘ഹിന്ദു വോട്ട്’ എന്നൊരൊറ്റ നിർവചനത്തിലേക്ക് ചുരുക്കാനാകുമോ എന്നത് വളരെ സങ്കീർണ്ണമായ ചോദ്യമാണ്.

ഒന്നാമതായി, കേരളത്തിലെ ഹിന്ദു സമൂഹം ഒരിക്കലും ഏകീകൃതമായ ഒരു സാമൂഹിക-രാഷ്ട്രീയ ബ്ലോക്ക് ആയിരുന്നിട്ടില്ല,. ജാതിവ്യത്യാസങ്ങളും സാമൂഹിക ചരിത്രങ്ങളുമാണ് രാഷ്ട്രീയ ചേർച്ചകളെ നിർണ്ണയിച്ചത്.

രണ്ടാമതായി, കേരളത്തിലെ സമുദായ സംഘടനകളുടെ നേതാക്കൾ പലപ്പോഴും പലരീതിയിൽ പല പാർട്ടി രാഷ്ട്രീയവുമായി ഇടകലരുന്നു. അവരുടെ 'പലവക രാഷ്ട്രീയം' നേരിട്ട്, ‘ഹിന്ദു വോട്ടിലേക്ക്’ പരിവർത്തനം ചെയ്യുന്നില്ല. പാർട്ടി താൽപര്യങ്ങളും വ്യക്തിഗത നേതൃബന്ധങ്ങളും പലപ്പോഴും ജാതി സംഘടനകളുടെ നിർദ്ദേശങ്ങളെ മറികടന്ന് വോട്ടർമാരുടെ പെരുമാറ്റം നിർണ്ണയിക്കുന്നു.

മൂന്നാമതായി, ജാതി സംഘടനകൾ “കളക്ടീവ് ബാർഗൈനിങ് യൂണിറ്റുകളായി” ആയി പ്രവർത്തിച്ചേക്കാം, എന്നാൽ അവക്കു സ്ഥിരമായ രാഷ്ട്രീയ ഏകോപന ശേഷി ഉറപ്പുവരുത്താനാകില്ല. അതേസമയം, ഭാവിയിലുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ഹിന്ദു ഭൂരിപക്ഷം’ ഒരു രാഷ്ട്രീയ പ്രതിഭാസമായി മുന്നോട്ട് വരുമെന്ന സാധ്യതയെ നിസ്സാരപ്പെടുത്താനാവില്ല. ഹിന്ദുത്വ ശക്തികൾ രാജ്യതലത്തിൽ ഉയർത്തുന്ന ധ്രുവീകരണ രാഷ്ട്രീയം കേരളത്തിലും പ്രതിഫലിക്കാം.

എന്നിരുന്നാലും, കേരളത്തിലെ ദീർഘകാലത്തെ സാമൂഹിക പരിഷ്കാര പാരമ്പര്യവും സെക്യുലർ രാഷ്ട്രീയ അനുഭവങ്ങളും കണക്കിലെടുക്കുമ്പോൾ, ‘ഹിന്ദു ഭൂരിപക്ഷം’ എന്ന ആശയം ലളിതമായ ഗണിതമായി വോട്ടുകളിൽ പ്രതിഫലിക്കണമെന്നില്ല. മറിച്ച്, അത് പാർട്ടി രാഷ്ട്രീയത്തിലെ പുതിയ സമ്മർദ്ദങ്ങളും സഖ്യങ്ങളും രൂപപ്പെടുത്തുന്ന ഘടകമായി പ്രവർത്തിച്ചേക്കും.

കേരളത്തിലെ ദീർഘകാലത്തെ സാമൂഹിക പരിഷ്കാര പാരമ്പര്യവും സെക്യുലർ രാഷ്ട്രീയ അനുഭവങ്ങളും കണക്കിലെടുക്കുമ്പോൾ, ‘ഹിന്ദു ഭൂരിപക്ഷം’ എന്ന ആശയം ലളിതമായ ഗണിതമായി വോട്ടുകളിൽ പ്രതിഫലിക്കണമെന്നില്ല.
കേരളത്തിലെ ദീർഘകാലത്തെ സാമൂഹിക പരിഷ്കാര പാരമ്പര്യവും സെക്യുലർ രാഷ്ട്രീയ അനുഭവങ്ങളും കണക്കിലെടുക്കുമ്പോൾ, ‘ഹിന്ദു ഭൂരിപക്ഷം’ എന്ന ആശയം ലളിതമായ ഗണിതമായി വോട്ടുകളിൽ പ്രതിഫലിക്കണമെന്നില്ല.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽ ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെസംഭവിക്കുന്നത്?

ശബരിമലയും തീരുവിതാംകൂർ ദേവസ്വം ബോർഡും (ടി.ഡി.ബി) കേന്ദ്രീകരിച്ചുകൊണ്ട് സിപിഎം നടത്തുന്ന പുതിയ നീക്കങ്ങൾ ഭരണഘടനാപരമായ മതേതരത്വത്തെക്കുറിച്ചുള്ള ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നുണ്ട്. സർക്കാർ തന്നെ ടി.ഡി.ബിയെ മതേതര പാരമ്പര്യത്തിന്റെ കാവലാളായി ചിത്രീകരിക്കുമ്പോൾ, യഥാർഥ്യത്തിൽ അത് പലപ്പോഴും ജാതിഭേദം നിലനിർത്തുന്ന ഒരു ഭരണഘടനാത്മക വിരോധാഭാസമായി മാറുന്നു.

ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട ജാതിയയിത്തം, മേൽശാന്തിത്വത്തിന് പ്രത്യേക ജാതികളെ മാത്രം അർഹരാക്കുന്ന രീതികൾ, ഭരണഘടനയിലെ സമത്വവ്യവസ്ഥയെ നേരിട്ട് വെല്ലുവിളിക്കുന്നു. അതുപോലെ, ദേവസ്വം ബോർഡിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ തൊഴിൽ-വിദ്യാഭ്യാസ അവസരങ്ങളിൽ സംവരണ സംവിധാനം അട്ടിമറിക്കുന്ന പ്രവണത പലരും ചൂണ്ടിക്കാണിച്ചതാണ്. സംസ്ഥാന സർക്കാർ മതസ്ഥാപനങ്ങളോട് ഇടപെടുന്നത് സാമൂഹ്യനീതിയും സമത്വവും ഉറപ്പാക്കാനായിരിക്കണം, ‘വിശ്വാസസംരക്ഷണം’ എന്ന പേരിൽ മത-ജാതി അനീതികൾ സംരക്ഷിക്കാനല്ല.

അയ്യപ്പസംഗത്തിന്റെ ആഗോളീകരണവും, തീർത്ഥാടനത്തിന്റെ സാമ്പത്തിക-സാംസ്കാരിക വിപുലീകരണവും, ഇടതുപക്ഷ സർക്കാരിനെ ‘വിശ്വാസ നിർവ്വഹണ’ മോഡലിലേക്ക് അടുപ്പിക്കുകയാണ്. വിശ്വാസത്തെ, വിപണിയെയും രാഷ്ട്രീയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങളായി ഇടതുപക്ഷം മാറുമ്പോൾ മതേതരത്വം എന്ന ആശയം തന്നെ ദുർബ്ബലപ്പെടുകയാണ്. ആഗോള അയ്യപ്പസംഗമത്തിൽ വായിക്കപ്പെട്ട യോഗി ആദിത്യനാഥ്, ‘വിശ്വാസം-വിപണി-വിഭജനം’ എന്ന ഫോര്‍മുലയുടെ ഏറ്റവും ശക്തമായ മോഡലാണെന്നുള്ളത് ഇവിടെ ഓർമ്മിക്കപ്പെടേണ്ടത് തന്നെയാണ്.

കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രത്യേകത, അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കുയർന്നിട്ടും, ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ സ്ഥാനവും അത് ഏറ്റെടുത്തിരുന്നു എന്നുള്ളതാണ്. Aijaz Ahmad ചൂണ്ടിക്കാണിച്ചതുപോലെ, ഇടതുപക്ഷം സംസ്കാരത്തോടുള്ള വിമർശനാത്മക ഇടപെടലിലൂടെ സാമൂഹിക പുരോഗതിയെ മുന്നോട്ട് കൊണ്ടു പോയതുകൊണ്ടാണ്, ചരിത്രപരമായി അത് ഒരു സാമൂഹ്യ ശക്തിയായി നിലകൊണ്ടത്. എന്നാൽ, കഴിഞ്ഞ പത്തുവർഷത്തെ കേരളത്തിൽ, ഇടതുപക്ഷം, സാംസ്‌കാരിക രംഗത്ത് വലതുപക്ഷ ചിന്തകളെ അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ പ്രവണതകളിലേക്ക് നീങ്ങിയിരിക്കുന്നു എന്നുള്ളത് ദുഖകരമായ ഒരു വാസ്തവമായി നിലനിൽക്കുന്നു. ശ്രീകൃഷ്ണ ഉത്സവം മുതൽ ഗണപതി നിമജ്ജനം വരെ നടത്തുന്ന ലോക്കൽ കമ്മിറ്റികളെയും ജില്ലാ നേതൃത്വത്തിനെയുമൊക്കെ നമ്മൾ ദിനേന കാണുന്നു. ഇടതുപക്ഷത്തിന്റെ “രാഷ്ട്രീയ യാഥാർത്ഥ്യവാദം” പലപ്പോഴും വലതുപക്ഷ ധ്രുവീകരണത്തെ തടയുന്നതിന് പകരം ശക്തിപ്പെടുത്തുന്ന വിധത്തിലാണ് പ്രവർത്തിക്കുന്നത്.

ijaz Ahmad ചൂണ്ടിക്കാണിച്ചതുപോലെ, ഇടതുപക്ഷം സംസ്കാരത്തോടുള്ള വിമർശനാത്മക ഇടപെടലിലൂടെ സാമൂഹിക പുരോഗതിയെ മുന്നോട്ട് കൊണ്ടു പോയതുകൊണ്ടാണ്, ചരിത്രപരമായി അത് ഒരു സാമൂഹ്യ ശക്തിയായി നിലകൊണ്ടത്.
ijaz Ahmad ചൂണ്ടിക്കാണിച്ചതുപോലെ, ഇടതുപക്ഷം സംസ്കാരത്തോടുള്ള വിമർശനാത്മക ഇടപെടലിലൂടെ സാമൂഹിക പുരോഗതിയെ മുന്നോട്ട് കൊണ്ടു പോയതുകൊണ്ടാണ്, ചരിത്രപരമായി അത് ഒരു സാമൂഹ്യ ശക്തിയായി നിലകൊണ്ടത്.

ഇടതുപക്ഷ സാംസ്‌കാരിക സംഘടനകൾ അധികാര രാഷ്ട്രീയത്തോട് അധികമായി ആശ്രയിക്കുകയും, വിമർശനം നടത്തുന്നതിന് പകരം സർക്കാർ അനുകൂല ഇടപെടലുകളിലേക്ക് ചുരുങ്ങുകയും ചെയ്തിട്ടുണ്ട്. മുഖ്യധാരാ ബുദ്ധിജീവികൾ ഭൂരിപക്ഷവും പൂർണ്ണമായ നിശ്ശബ്ദതയിലാണ്. ഈ നിശ്ശബ്ദത തന്നെയാണ്, കാലങ്ങളായി ഹിന്ദുത്വത്തിന് വളരാനുള്ള സ്ഥലവും സമയവും കേരളത്തിൽ സാധ്യമായിക്കൊടുത്തത് എന്നുതന്നെ പറയേണ്ടിവരും.

Comments