ഇ.കെ. ദിനേശൻ

രാഷ്ട്രീയ കേരളത്തിലെ
(ഇടത്) ആചാരങ്ങൾ

‘‘യോഗി ആദിത്യനാഥിൻ്റെ ആത്മീയസന്ദേശം ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വായിക്കപ്പെടുന്നു. അതേ വേദിയിൽ മുഖ്യമന്ത്രി ഭഗവത്ഗീതയെ ഉദ്ധരിക്കുന്നു. ഇതായിരുന്നില്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി’’- ​ട്രൂകോപ്പി വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് ഇ.കെ. ദിനേശൻ മറുപടി എഴുതുന്നു.

​ട്രൂ​കോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?

ഇ.കെ. ദിനേശൻ: കേരളത്തിലെ രാഷ്ട്രീയ- ധൈഷണിക മണ്ഡലങ്ങളെ എക്കാലത്തും സജീവമാക്കി നിർത്തിയത് നവോത്ഥാന ഇടപെടലുകളാണ്. 19ാം നൂറ്റാണ്ടോടെ ശക്തിപ്പെട്ട ഈ ജ്ഞാന മണ്ഡലങ്ങളെ മുന്നോട്ടു നയിക്കുന്നതിൽ ജാതിക്കെതിരെയുള്ള ഉജ്ജ്വലമായ പോരാട്ടങ്ങൾ നിർണായകമായിരുന്നു. അപ്പോഴും വ്യത്യസ്ത ആചാര- സംസ്കാരങ്ങളും അതിനെ നേരിട്ട് നിയന്ത്രിച്ച സാമുദായിക സവർണ്ണ നേതൃത്വങ്ങളും പുറമേ പുരോഗമന നിലപാടാണെന്ന് തോന്നുവിധം അകത്ത് തികഞ്ഞ സാമുദായിക പക്ഷക്കാരായിരുന്നു. അതിനുള്ളിൽ നിന്നാണ് അവർ ജാതിചിന്തക്ക് തുടർച്ചയുണ്ടാക്കിയത്.

തെരഞ്ഞെടുപ്പുകാലത്തെ സ്ഥാനാർത്ഥി നിർണ്ണയവും മന്ത്രിസ്ഥാനവും ഇന്നും ഇതിൻ്റെ അടിസ്ഥാനത്തിലാണ്. ഇതിന്റെ നിരവധിയായ ദൃഷ്ടാന്തങ്ങൾ ആധുനിക കേരളീയ ചരിത്രത്തിൽ കാണാം. എന്നാൽ കേരളീയ സമൂഹത്തെ ഇത്തരം ചിന്താമണ്ഡലങ്ങളിൽ നിന്ന് മാറ്റിത്തീർക്കുമെന്ന പ്രതീതിയിയായിരുന്നു 1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ സൃഷ്ടിച്ചത്. ലോകത്തുതന്നെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് അത്തരമൊരു വഴിയൊരുക്കി കൊടുത്തത് ജാതി അധികാരഘടനയെയും അതിനെ നിയന്ത്രിച്ച സാമൂഹ്യശക്തികളെയും മറികടക്കാൻ കഴിഞ്ഞതുകൊണ്ടാണ്. അതാകട്ടെ നവോത്ഥാന പരിഷ്കർത്താക്കളുടെ ഇടപെടൽ കൊണ്ടായിരുന്നു. വൈകുണ്ഠസ്വാമിയും അയ്യങ്കാളിയും ശ്രീനാരായണഗുരുവും സഹോദരൻ അയ്യപ്പനും തുടങ്ങി നിരവധി സാമൂഹിക പരിഷ്കർത്താക്കളുടെ ഇടപെടൽ കേരളത്തിൽ പുരോഗനാത്മക പൊതുബോധത്തെ രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. എന്നാൽ കമ്യൂണിസ്റ്റ് രീതിയിൽ കേരളം മുന്നോട്ടു പോകുന്നത് സങ്കുചിത സാമുദായിക മതപ്രസ്ഥാനങ്ങൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. തങ്ങളുടെ മുന്നോട്ടുള്ള പോക്കിന് ഈ സർക്കാർ ഉണ്ടാക്കുന്ന പ്രതിബന്ധങ്ങളെ അവർ മുൻകൂട്ടി തിരിച്ചറിഞ്ഞു. അങ്ങനെ രൂപപ്പെടുത്തിയ വിമോചന സമരം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ തകർത്തു. 1957 ഏപ്രിൽ അഞ്ചിന് അധികാരത്തിൽ വന്ന പ്രസ്തുത മന്ത്രിസഭ 1959 ജൂലൈ 31ന് രാജിവെക്കുന്നതിന് ഇടയിൽ നടത്തിയ പരിഷ്കരണങ്ങൾ ചരിത്രത്തിൽ ഇടം നേടിയതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജന്മിയുടെ ഭൂസ്വത്തിലുള്ള ഇടപെടലായിരുന്നു. അതോടൊപ്പം വിദ്യാഭ്യാസ മേഖലയിലുള്ള ഇടപെടലും അതേവരെയുള്ള സങ്കുചിത മത മേലാളന്മാരുടെ കടുത്ത എതിർപ്പിന് കാരണമായത് ചരിത്രം. ഈ ചരിത്രവസ്തുതകളെ ഇങ്ങനെയെങ്കിലും ഓർത്തിട്ടുവേണം ഇന്നത്തെ സി.പി.എം നിയന്ത്രിക്കുന്ന ഇടതുപക്ഷത്തിൻ്റെ നയവ്യതിയാനങ്ങളെ പരിശോധിക്കാൻ.

1957 ഏപ്രിൽ അഞ്ചിന് അധികാരത്തിൽ വന്ന പ്രസ്തുത മന്ത്രിസഭ 1959 ജൂലൈ 31ന് രാജിവെക്കുന്നതിന്  ഇടയിൽ നടത്തിയ  പരിഷ്കരണങ്ങൾ ചരിത്രത്തിൽ ഇടം നേടിയതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്  ജന്മിയുടെ ഭൂസ്വത്തിലുള്ള ഇടപെടലായിരുന്നു.
1957 ഏപ്രിൽ അഞ്ചിന് അധികാരത്തിൽ വന്ന പ്രസ്തുത മന്ത്രിസഭ 1959 ജൂലൈ 31ന് രാജിവെക്കുന്നതിന് ഇടയിൽ നടത്തിയ പരിഷ്കരണങ്ങൾ ചരിത്രത്തിൽ ഇടം നേടിയതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജന്മിയുടെ ഭൂസ്വത്തിലുള്ള ഇടപെടലായിരുന്നു.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി- അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ- ഇതുവഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

രണ്ടാം പിണറായി സർക്കാർ കേരളത്തിൽ നടത്തിയിട്ടുള്ള ഭൗതിക വികസന പ്രവർത്തനങ്ങളും ജനക്ഷേമ ഇടപെടലുകളും നിലനിൽക്കെ, മൂന്നാമത്തെ വിജയത്തിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ അപകടകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇപ്പോൾ നടത്തി വരുന്ന ഓരോ പ്രവർത്തനങ്ങളും കേരളത്തിൻ്റെ നവോത്ഥാന പാരമ്പര്യങ്ങളെ ചോദ്യം ചെയ്യുന്നതും മറ്റൊരാർത്ഥത്തിൽ നിരാകരിക്കുന്നതുമാണ്. സാമുദായിക പ്രസ്ഥാനങ്ങളെ വിശ്വാസപരമായ പരിഗണനങ്ങൾക്കപ്പുറത്തേക്ക് സ്റ്റേറ്റിന്റെ താല്പര്യങ്ങളുമായി യോജിപ്പിക്കുന്ന രീതിയിലേക്ക് രാഷ്ട്രീയ സാഹചര്യങ്ങൾ മാറിക്കഴിഞ്ഞു. സ്റ്റേറ്റ് എന്നത് ഹിന്ദു വിശ്വാസികളുടെ മാത്രമല്ല. അത് മതേതര ജനാധിപത്യത്തെയാണ് അഭിസംബോധന ചെയ്യുന്നത്. നിലവിലെ അവസ്ഥയിൽ ഏറ്റവും ഭയാനകമായ വസ്തുത, നിരന്തരം വർഗീയ നിലപാടുകൾ സ്വീകരിക്കുകയും അത് പൊതുസമൂഹത്തിനു മുമ്പിൽ സധൈര്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന നിലപാടാണ്. ഇത് കേരളീയ പൊതുബോധത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഒരു ഇടതുപക്ഷ സർക്കാർ, പ്രത്യേകിച്ച്, കമ്യൂണിസ്റ്റ് ആശയം പിൻപറ്റുന്ന മുഖ്യമന്ത്രി ഒരു സമുദായ നേതാവിനോട് സ്വീകരിക്കുന്ന സമീപനം കേവലം രണ്ട് നേതാക്കൾ തമ്മിലുള്ള ആത്മബന്ധം മാത്രമല്ല. മറിച്ച്, വെള്ളാപ്പള്ളി മുന്നോട്ടുവയ്ക്കുന്ന അങ്ങേയറ്റം മതേതര വിരുദ്ധവും വർഗ്ഗീയവും സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നതുമായ നിലപാടുകളോടുള്ള ഐക്യപ്പെടൽ കൂടിയാണ്. പൊതു ഇടത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യം സർക്കാർ സാന്നിധ്യമാണ്. അങ്ങനെ നോക്കുമ്പോൾ ഇത്തരം നയവ്യതിയാനങ്ങൾ ഘടകകക്ഷികളും അംഗീകരിക്കുകയാണ്.

മാത്രമല്ല, ഈ സമയത്ത് മറ്റൊരു സന്ദേശം കൂടി മുഖ്യമന്ത്രിയും മുന്നണിയും കേരളീയ സമൂഹത്തിന് നൽകുന്നുണ്ട്. അത് അയ്യങ്കാളിയും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും പൊയ്കയിൽ അപ്പച്ചനും അടക്കം നിരവധി നവോത്ഥാന നായകരുടെ തുടർച്ചയായി നിലനിൽക്കുന്ന നേതാവാണ് വെള്ളാപ്പള്ളി എന്നതാണത്. കാരണം, അദ്ദേഹം ഇപ്പോഴും ശ്രീനാരായണഗുരുവിനെയാണ് ഉദ്ധരിക്കുന്നത്. ഇതിനെ നവോത്ഥാനത്തിൻ്റെ തുടർച്ചയായി ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയാൻ കഴിയില്ല. സമുദായ നേതാവ് എന്ന അർത്ഥത്തിൽ വെള്ളാപ്പള്ളിക്ക് മുഖ്യമന്ത്രി നൽകുന്ന പ്രാധാന്യം അത്രയും വലുതാണ്. ഈ സാഹചര്യത്തിലാണ് ആരാണോ വിമോചന സമരം സംഘടിപ്പിച്ചത്, അതിൽ നേരിട്ടും അല്ലാതെയും ഭാഗമായവരെ കൂട്ടുപിടിച്ച് തുടർഭരണം ഉറപ്പിക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നത്. NSS നേതാവ് ജി. സുകുമാരൻ നായരുടെ സർക്കാർ അനുകൂല നയം ഈ നിരീക്ഷണത്തെയാണ് ശരിവെയ്ക്കുന്നത്. ഇത് കേരളത്തിന്റെ ഇതേവരെയുള്ള സാമൂഹ്യ നവോത്ഥാനത്തെ റദ്ദ് ചെയ്യുന്നതിന് തുല്യമാണ്.

നിലവിലെ അവസ്ഥയിൽ ഏറ്റവും ഭയാനകമായ വസ്തുത, നിരന്തരം വർഗീയ നിലപാടുകൾ സ്വീകരിക്കുകയും അത് പൊതുസമൂഹത്തിനു മുമ്പിൽ സധൈര്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന നിലപാടാണ്.
നിലവിലെ അവസ്ഥയിൽ ഏറ്റവും ഭയാനകമായ വസ്തുത, നിരന്തരം വർഗീയ നിലപാടുകൾ സ്വീകരിക്കുകയും അത് പൊതുസമൂഹത്തിനു മുമ്പിൽ സധൈര്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന നിലപാടാണ്.

നിരന്തരമായ സാമൂഹ്യപോരാട്ടങ്ങളിലൂടെ കൊളോണിയൽ ആധിപത്യ തന്ത്രങ്ങളെ തദ്ദേശീയ നവോത്ഥാന പ്രക്രിയയിലൂടെ മറികടന്ന കേരളം ഇന്ത്യക്കുതന്നെ മാതൃകയായി. അതിനുകാരണം, സമൂഹം നേടിയെടുത്ത മതേതര മൂല്യങ്ങളാണ്. അതിനെ റദ്ദ് ചെയ്യുന്ന രീതിയിലേക്ക് ന്യൂനപക്ഷ വിരുദ്ധ പ്രഖ്യാപനങ്ങളുടെ ഫാക്ടറിയായി ഇടത് ആഭിമുഖ്യ സോഷ്യൽ മീഡിയ ഫാക്ടറികൾ മാറി. അത് നൽകുന്ന ഒരു സന്ദേശമുണ്ട്. കേരളത്തിലെ ന്യൂനപക്ഷ വിരുദ്ധ വിഭാഗങ്ങളെ മുഴുവൻ പ്രീണിപ്പിക്കാതെ അധികാരത്തുടർച്ച സാധ്യമല്ല. അതിനുവേണ്ടി ഹിന്ദുത്വം മുന്നോട്ടുവെക്കുന്ന അപര വിദ്വേഷത്തിലെ പ്രധാന ഇരകളായ ന്യൂനപക്ഷ മനുഷ്യരെ വർഗ്ഗീയവാദികളായി മുദ്ര കുത്തുക എന്നതാണ്. അങ്ങനെയേ ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാനാകൂ. അപകടകരമായ ഈ തിരിച്ചറിവ് ഇടതുപക്ഷത്തെ നയിക്കുന്നുണ്ട്. ഇതിന് അനുകൂലമായ രീതിയിൽ വിശ്വാസസമൂഹത്തെ ഉൾക്കൊള്ളാനുള്ള രാഷ്ട്രീയ സാഹചര്യം കേരളത്തിൽ രൂപപ്പെടുത്തിയെടുക്കുക എന്നതിൻ്റെ ഭാഗമാണ് ആഗോള അയ്യപ്പസംഗമം. അത് ഭൂരിപക്ഷ മതത്തിലെ വോട്ടിനെ നേരിട്ട് ലക്ഷ്യം വെയ്ക്കുന്നു. യോഗി ആദിത്യനാഥിൻ്റെ ആത്മീയസന്ദേശം ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വായിക്കപ്പെടുന്നു. അതേ വേദിയിൽ മുഖ്യമന്ത്രി ഭഗവത്ഗീതയെ ഉദ്ധരിക്കുന്നു.

അത്ഭുതപ്പെടാൻ എന്ത് എന്നല്ലേ? എന്നാൽ ഇതായിരുന്നില്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി. ഇതിനോട് പുരോഗമന (?) ഇടതുപക്ഷത്തിന് എങ്ങനെ ഐക്യപ്പെടാൻ കഴിയുമെന്ന ചോദ്യം ഉന്നയിക്കുന്നത് കേരളത്തിലെ മതേതര മനുഷ്യരാണ്. അത്തരം ചോദ്യങ്ങൾ ചോദിക്കാനുള്ള ചരിത്രവസ്തുതകളും രാഷ്ട്രീയബോധവും കേരളീയ നവോത്ഥാനം ജനാധിപത്യ മതേതര മനുഷ്യർക്ക് നൽകിയിട്ടുണ്ട്. അതിനെ പിന്നോട്ട് വലിക്കുന്ന സാമുദായിക രാഷ്ട്രീയത്തെ ഒപ്പം നിർത്താൻ ഇടതുപക്ഷം പരവതാനി വിരിച്ചുകഴിഞ്ഞു. ഇത് കേവലം അധികാരത്തിനു വേണ്ടിയാണെങ്കിലും അത് കേരളത്തെ നയിക്കുന്നത് ഹിന്ദുത്വ ഇന്ത്യയിൽ നടപ്പാക്കിവരുന്ന സവർണ്ണ രാഷ്ട്രീയത്തിന്റെ ഉള്ളിലേക്കാണ്. അവിടെ ഹിന്ദുത്വ ഇതര വിഭാഗങ്ങളോടുള്ള രാഷ്ട്രീയ സമീപനം അവരെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് കേരളം മനസ്സിലാക്കുന്നുണ്ട്. കേരളത്തിലെ സമകാല സാമൂഹ്യ വിഷയത്തോടുള്ള പ്രതികരണം രാഷ്ട്രീയത്തേക്കാൾ മതപരമായി മാറുന്നത് ഇതിൻ്റെ ദൃഷ്ടാന്തമാണ്. ഒരുകാലത്ത് തീവ്ര ഹിന്ദുത്വവാദികൾ മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് ഇടതുപക്ഷ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നുള്ള മതവിദ്വേഷം ഇതിൻ്റെ അപകടം വിളിച്ചു പറയുന്നതാണ്. മറ്റേതൊരു രാഷ്ട്രീയ പാർട്ടിയേക്കാൾ കൂടുതൽ സാമൂഹ്യ വിഷയങ്ങളോടുള്ള സമീപനത്തെ യുക്തിപരമായി സമീപിക്കുന്ന ഇടതുപക്ഷ പ്രൊഫൈലുകൾ ഇന്ന് യുക്തിയെ വോട്ട് അവകാശങ്ങൾക്കുവേണ്ടി നിരാകരിക്കുന്നു. അതാകട്ടെ ഭൂരിപക്ഷ മതത്തോടുള്ള ആഭിമുഖ്യം തുറന്നു പ്രഖ്യാപിക്കലാവുന്നു.

ഇത് പൊതുബോധത്തെ ബാധിച്ചു കഴിഞ്ഞു. ഒന്നര പതിറ്റാണ്ടിനു മുമ്പുള്ള കേരളത്തിൽ നിന്ന് വെള്ളാപ്പള്ളിക്ക് ഇപ്പോൾ പറയുന്നതുപോലെ വർഗീയത പറയാൻ കഴിയില്ലായിരുന്നു. അത്രമാത്രം ശക്തമായ ഇടപെടൽ ഇടതുപക്ഷ യുവജനപ്രസ്ഥാനങ്ങളിൽ നിന്നു ഉണ്ടാകുമായിരുന്നു. അങ്ങനെയൊന്നും സംഭവിക്കാത്ത വിധം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ളിൽ മതവും ജാതിയും സമുദായവും നിർണായക ഘടകങ്ങളാണെന്ന സത്യം സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരം തിരിച്ചറിവുകളെ ശരിവെക്കുന്ന വിധം പാർട്ടിയിലെ ഉന്നത നേതാക്കന്മാർ സാമുദായിക നേതാക്കളോടുള്ള സമീപനത്തെ രൂപപ്പെടുത്തി കഴിഞ്ഞു. എന്നാൽ ഇടതുപക്ഷത്തിൻ്റെ രീതി ഇതായിരുന്നില്ല. മതാഭിമുഖ്യനയം പച്ചക്ക് സ്വീകരിച്ച സാമുദായിക, മത, ജാതി സംഘടനകളെ നിരന്തരം ചോദ്യം ചെയ്തിട്ടുണ്ട് കേരളത്തിലെ കമ്യൂണിസ്റ്റുകളും ഇടതുപക്ഷവും. 2018-ൽ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി അതിനെ സാക്ഷ്യപ്പെടുത്തിയതാണ്. അന്ന് റോഡിലിറങ്ങിയ മധ്യ- ഉപരിവർഗ്ഗത്തിൽപ്പെട്ട വിശ്വാസികളായ സ്ത്രീകളെ കണ്ട് കേരളം ഞെട്ടിയിട്ടുണ്ട്. ആ ഞെട്ടലിൽ കേരളത്തിലെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഒരു കാര്യം തിരിച്ചറിഞ്ഞു. തങ്ങൾ ഇതുവരെ നടത്തിയ നവോത്ഥാനാനന്തര രാഷ്ട്രീയ പ്രവർത്തനങ്ങൾ കേരളത്തിലെ പൊതുമനസ്സുകളിൽ കാര്യമായ യുക്തിചിന്ത വളർത്തിയില്ല. അതിൻ്റെ പരിഹാരം അവർക്ക് ഒപ്പം കൂടുക എന്നതാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് ആഗോള അയ്യപ്പസംഗമം. ഭൂരിപക്ഷ മതത്തിലെ സമുദായ നേതാക്കളോടുള്ള സമീപനം സൂക്ഷിച്ചുവേണമെന്ന സന്ദേശമാണ് വെള്ളാപ്പള്ളിയെയും മാതാ അമൃതാനന്ദമയിയേയും ചേർത്തുപിടിക്കുമ്പോൾ പാർട്ടി നൽകുന്നത്. എന്തുകൊണ്ട് ഇതര മതനേതാക്കളെ തൊടുമ്പോൾ നിങ്ങൾക്ക് ഈ വിമർശനം ഉണ്ടാകുന്നില്ല എന്ന ഇടത് പ്രൊഫൈലുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട അവസ്ഥ കേരളത്തിലെ മതേതര മനുഷ്യർക്ക് ഉണ്ടായിത്തീരുകയാണ്.

'വർഗീയവാദികൾക്കൊപ്പമല്ല, വിശ്വാസികൾക്കൊപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ അധികാരത്തിലുള്ള ഇടതുപക്ഷം ഇപ്പോൾ പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

വർഗീയവാദികൾക്ക് ഒപ്പമല്ല, വിശ്വാസികൾക്കൊപ്പമാണ് സി.പി.എം എന്ന് പാർട്ടി തുറന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത് പറഞ്ഞത് ഒരു സമുദായിക പ്രസ്ഥാനമല്ല. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനമാണ്. ആരാണ് വിശ്വാസികൾ എന്ന ചോദ്യത്തിനുകൂടി ഉത്തരം കിട്ടേണ്ടതുണ്ട്. ഇന്ത്യൻ മതേതരത്വത്തിന്റെ നെഞ്ചിനെ വെട്ടി ബാബരി മസ്ജിദ് തകർത്തവർക്ക് ഒപ്പം ചേർന്ന മൃദുഹിന്ദുത്വത്തെ പിൻപറ്റുന്ന വിശ്വാസിയുടെ കൂടെയാണോ? അതല്ലെങ്കിൽ ഇന്ത്യയിലെ സവർണ്ണ ജാതിഘടനയിൽ നിലനിൽക്കുന്ന ഹൈന്ദവ വിശ്വാസങ്ങളെ സി.പി.എം എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്.

വിശ്വാസസമൂഹത്തെ ഉൾക്കൊള്ളാനുള്ള രാഷ്ട്രീയ സാഹചര്യം കേരളത്തിൽ രൂപപ്പെടുത്തിയെടുക്കുക എന്നതിൻ്റെ ഭാഗമാണ് ആഗോള അയ്യപ്പസംഗമം.
വിശ്വാസസമൂഹത്തെ ഉൾക്കൊള്ളാനുള്ള രാഷ്ട്രീയ സാഹചര്യം കേരളത്തിൽ രൂപപ്പെടുത്തിയെടുക്കുക എന്നതിൻ്റെ ഭാഗമാണ് ആഗോള അയ്യപ്പസംഗമം.

സാമൂഹ്യ അസമത്വങ്ങളെ എന്നും അരക്കിട്ടുറപ്പിക്കുന്ന ജാതിവ്യവസ്ഥയെ ഇപ്പോഴും മുറുക്കിപ്പിടിക്കുന്ന ഹിന്ദുത്വത്തെ വിശ്വാസത്തിലെടുക്കുന്ന തരത്തിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും എത്തിക്കഴിഞ്ഞു. ഇത് കേവലം കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തെ മാത്രം സ്വാധീനിക്കുന്ന വിഷയമല്ല. മറിച്ച്, ഹിന്ദുത്വം മുന്നോട്ടുവെയ്കുന്ന ഹൈന്ദവ ദേശീയതയുമായി ബന്ധപ്പെട്ട വിഷയം കൂടിയാണ്. ഇന്ത്യൻ ബഹുസ്വരതയെ അതിൻ്റെ അടിസ്ഥാന മൂല്യവ്യവസ്ഥയിൽ നിന്ന് നീക്കം ചെയ്ത് പകരം ഹിന്ദുത്വത്തിന്റെ കീഴിൽ രൂപപ്പെടുന്ന രാഷ്ട്ര നിർമ്മിതി വിശ്വാസത്തിൻ്റെ ഭാഗമാണ്. അവിടെയും വിശ്വാസിയുണ്ട്. അതിനെ ഇടതുപക്ഷ, കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുമോ?

ലോകം മുഴുവൻ നവ സാങ്കേതിക വൈജ്ഞാനിക മേഖലകളിലെ പുത്തൻ കണ്ടുപിടുത്തങ്ങളെ കുറിച്ച് ചിന്തിക്കുകയാണ്. അതിനനുകൂലമായ പൊതു സാമൂഹ്യാന്തരീക്ഷത്തെ രൂപപ്പെടുത്തുകയാണ്. ആർട്ടിഫിഷൽ ഇന്റലിജൻസിനെ കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും നടക്കുന്നു. ജനാധിപത്യം നേരിടുന്ന ആഗോള പ്രതിസന്ധികളും മുതലാളിത്തവും തീവ്ര വലതുപക്ഷവും കൈകോർത്തു ദുർബല രാഷ്ട്രങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന സാമ്പത്തികമേൽക്കോയ്മയും യുദ്ധാന്തരീക്ഷവും ലോകത്തെ വിറപ്പിക്കുകയാണ്. സദ്ദാം ഹുസൈനെ അമേരിക്കൻ സാമ്രാജ്യത്വം തൂക്കിലേറ്റിയ ദിവസം കേരളത്തിലെ ഗ്രാമങ്ങളിൽ സാമ്രാജ്യത്തെ വിരുദ്ധ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. രണ്ടു വർഷമായി തുടരുകയാണ് പലസ്തീനിൽ ഇസ്രയിൽ നടത്തുന്ന സമ്പൂർണ്ണ വംശഹത്യ. ഇതിനകം 20,000 കുഞ്ഞുങ്ങൾ ഉൾപ്പെടെ 70,000- ഓളം മനുഷ്യർ യുദ്ധത്തിൽ കൊന്നൊടുക്കപ്പെട്ടു. എന്നിട്ടും കേരളത്തിലെ തെരുവുകൾ നീണ്ട മൗനങ്ങളിലാണ്. ഇതായിരുന്നില്ല പണ്ടത്തെ കേരളം. ഇതിനിടയിൽ ഇസ്രായേലിന് അനുകൂലമായ പൊതുബോധം രൂപപ്പെടുന്നത് ഇസ്ലാം വിരുദ്ധതയുടെ ഭാഗമായിട്ടാണ്. ലോകത്തെമ്പാടും അത് ഇസ്ലാമഹോബിയുടെ ഭാഗമാണെങ്കിൽ ഇന്ത്യയിൽ ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്സെയുടെ രാഷ്ട്രീയവും മുഖ്യ ശത്രുവായി കണ്ടത് മുസ്ലിമിനെയായിരുന്നു. ഈ വസ്തുത നിലനിൽക്കെ കേരളത്തിലെ ഇസ്രയേൽ അനുകൂല മനസ്സ് ഹിന്ദുത്വത്തിൻ്റേതാണ്. അതിനെ ചോദ്യം ചെയ്യാൻ കഴിയാത്ത വിധം ഇടതുപക്ഷം തളർന്നിരിക്കുന്നു. ഇതൊരു കെണിയാണ്. അല്ലെങ്കിൽ അധികാരത്തിന്റെ ചങ്ങലയാണ്. ആ ചങ്ങല പൊട്ടിക്കാൻ അധികാര രാഷ്ട്രീയത്തിന് ഭയമാണ്. കാരണം, മൂന്നാം തവണയും വിജയം ഉറപ്പാക്കണം.

എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്‌സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

തെരഞ്ഞെടുപ്പുവിജയം രാഷ്ട്രീയപ്പാർട്ടികളെ സംബന്ധിച്ച് നിർണായകമാണ്. എന്നാൽ വിജയത്തിൻ്റെ വഴികളെ നിർണയിക്കുന്ന സാമൂഹ്യ വിഷയങ്ങളോടുള്ള സമീപനം അതിലും ഏറെ പ്രധാനപ്പെട്ടതാണ്. മതേതര പാരമ്പര്യത്തെ മുറുക്കെ പിടിക്കുകയും അതിനെ ആഘോഷിക്കുകയും ചെയ്യുന്ന കേരളത്തിലെ സർക്കാർ, ആചാരങ്ങളെ സ്റ്റേറ്റിന്റെ താല്പര്യങ്ങളായി പ്രഖ്യാപിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കൂടുതൽ ഉത്തരവാദിത്വമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തവും മലയാളി ബ്രാഹ്മണൻ എന്ന കാഴ്ചപ്പാടും 100% ഹിന്ദുത്വത്തിന്റെ. ഭാഗമാണ്. ശരാശരി വിശ്വാസി ഇത്തരം ജാതിവിവേചനത്തെ നിഷേധിക്കുന്നുണ്ട്. പ്രത്യേകിച്ച്, ഈഴവ സമുദായങ്ങളടക്കമുള്ളവർ ജാതിയെ പ്രതിരോധിച്ചും നിഷേധിച്ചുമാണ് പൊതുവെ വ്യവഹാരങ്ങളിൽ ഇടപെടുന്നത്. ഈഴവ സമുദായം കമ്യൂണിസ്റ്റ് പാർട്ടിക്ക് നിർണ്ണായകമാണ്. അവരുടെ ഭരണകാലത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജാതിമേൽക്കോയ്മാ അധികാരം പ്രവർത്തിക്കുന്നത്. ഇത് ആരുടെ താൽപര്യത്തെയാണ് സംരക്ഷിക്കുന്നത്. കേവലം പത്തോ പതിനഞ്ചോ ശതമാനം വരുന്ന മേൽത്തട്ട് ജാതികളുടെ ഹിന്ദുത്വ താൽപര്യത്തെ സംരക്ഷിക്കുമ്പോൾ അതിൻ്റെ ആത്യന്തികമായ ഫലം ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മതാഭിമുഖ്യ ദേശീയവാദത്തെ ഇടതുപക്ഷം അംഗീകരിക്കുന്നു എന്നതാണ്. അല്ലാത്തപക്ഷം സർക്കാർ അധീനതയിലുള്ള സ്ഥാപനങ്ങളിൽ തുടരുന്ന ജാതിവിവേചനങ്ങളെ യുക്തിപൂർവ്വം നിഷേധിക്കാനും ജാതിമനുഷ്യരുടെ സാമൂഹ അംഗീകാരത്തിന് പ്രാധാന്യം നൽകേണ്ടതുമാണ്. എന്നാൽ അധികാരവ്യവസ്ഥയുടെ തുടർച്ചയ്ക്ക് വേണ്ടി ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന മതേതര മൂല്യങ്ങളെ അവർ തന്നെ നിഷേധിക്കുകയാണ്. സമുദായിക പ്രസ്ഥാനങ്ങളെ ചേർത്തുപിടിച്ചുമാത്രമേ അധികാര ബന്ധ സങ്കൽപ്പങ്ങളെ സാക്ഷാത്കരിക്കാൻ കഴിയൂ. ആ തിരിച്ചറിവ് ഇടതുപക്ഷത്തിനുണ്ട്. വിമോചന സമരത്തിൻ്റെ വിജയം നവോത്ഥാനം നേടിയെടുത്ത പുരോഗമന രാഷ്ട്രീയ മൂല്യങ്ങളെയാണ് തകർത്തുകളഞ്ഞത്. അതിനുശേഷം കേരളം നേടിയെടുത്ത നൈതിക രാഷ്ട്രീയമൂല്യങ്ങളെ, തിരിച്ചറിവുകളെ, സാംസ്കാരിക- മതേതര ജനാധിപത്യ ബോധ്യങ്ങളെ, വിമോചന പ്രസ്ഥാനങ്ങളുടെ പുതുകാല നടത്തിപ്പുകാർക്ക് അടിയറ വെക്കുകയാണ്. ആ രീതിയിലേക്ക് കേരളത്തിൻ്റെ രാഷ്ട്രീയ പൊതു സങ്കൽപ്പനം മാറിയിരിക്കുന്നു. ഇടതിനും വലതിനും ഉപേക്ഷിക്കാൻ കഴിയാത്തവിധം വോട്ട് രാഷ്ട്രീയത്തിന്റെ ചാലകശക്തിയായി സമുദായ പ്രസ്ഥാനങ്ങൾ മാറിക്കഴിഞ്ഞു. അവർ നിശ്ചയിക്കുന്ന വഴിയിലൂടെ മാത്രമേ ഇനി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഭരണം നടത്താൻ കഴിയൂ. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും അതാണ് പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ യുവജന പ്രസ്ഥാനങ്ങളോ വിദ്യാർത്ഥി പ്രസ്ഥാനങ്ങളോ വിരുദ്ധാഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നില്ല.

 ഇടതിനും വലതിനും ഉപേക്ഷിക്കാൻ കഴിയാത്തവിധം വോട്ട് രാഷ്ട്രീയത്തിന്റെ ചാലകശക്തിയായി സമുദായ പ്രസ്ഥാനങ്ങൾ മാറിക്കഴിഞ്ഞു. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും  അതാണ് പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഇടതിനും വലതിനും ഉപേക്ഷിക്കാൻ കഴിയാത്തവിധം വോട്ട് രാഷ്ട്രീയത്തിന്റെ ചാലകശക്തിയായി സമുദായ പ്രസ്ഥാനങ്ങൾ മാറിക്കഴിഞ്ഞു. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും അതാണ് പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്.

കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

ആധുനിക കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രവാനയിൽ മാറ്റിനിർത്താൻ പറ്റാത്തതാണ് സാംസ്കാരിക പ്രതിപക്ഷത്തെ. ഏതു രാഷ്ട്രീയ പാർട്ടിയിലും ആഭ്യന്തര ജനാധിപത്യത്തിന്റെ ഭാഗമായി നടക്കുന്ന സംവാദങ്ങൾ ആ പാർട്ടിക്കുള്ളിലാണ് നിലനിൽക്കുന്നത്. എന്നാൽ കേരളത്തിലെ ഇടതുപക്ഷത്തോടും പലപ്പോഴും കമ്മ്യൂണിസ്റ്റ് ആശയങ്ങളോടും ചേർന്നുനിൽക്കുന്ന സാംസ്കാരിക പ്രവർത്തകർ പാർട്ടിക്ക് പുറത്ത് തങ്ങളുടെതായ നിലപാടുകൾ പ്രഖ്യാപിക്കാറുണ്ട്. അത് വിമർശനാത്മക പൊതുബോധത്തിന്റെ ഭാഗമായി അംഗീകരിക്കാറുമുണ്ട്. എന്നാൽ സമകാല കേരളീയ സാംസ്കാരിക പരിസരം എത്തിപ്പെട്ടിരിക്കുന്ന പരിതാപകരമായ അവസ്ഥ ഇതിനുമുമ്പ് കാണാത്ത വിധം നിശ്ശബ്ദതയിലാണ്. പുരോഗമന പ്രസ്ഥാനങ്ങളിൽ അംഗമായ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും തങ്ങൾക്ക് യോജിക്കാൻ കഴിയാത്ത വിഷയങ്ങളോടുള്ള പ്രതികരണം പോലും പ്രകടിപ്പിക്കാൻ കഴിയാത്ത വിധം പാർട്ടി ബന്ധം അവരുടെ സാംസ്കാരിക ഇടപെടലിനെ റദ്ദ് ചെയ്തിരിക്കുന്നു. വെള്ളാപ്പള്ളിയും സുകുമാരൻ നായരും കേരളത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഘടിപ്പിക്കുമ്പോൾ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ഇടത് സാംസ്കാരിക പ്രവർത്തകർക്ക് കഴിയുന്നില്ല. നേരത്തെ ഇത്തരം പ്രവണതകളെ തുറന്ന് എതിർത്ത സാംസ്കാരിക പ്രതിപക്ഷം കേരളത്തിൽ സജീവമായിരുന്നു. പ്രത്യയശാസ്ത്ര സമരത്തിന് ആവശ്യമായ വിമർശനാത്മക നിലപാടുകൾ സ്വീകരിക്കാറുള്ളത് സാംസ്കാരിക പ്രവർത്തകരാണ്. എന്നാൽ അയ്യപ്പ സംഗമവും ആൾദൈവസാമീപ്യവും പാർട്ടിയുടെ അജണ്ടയായി തുറന്നു പ്രഖ്യാപിക്കുമ്പോൾ അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കാൻ കഴിയാത്ത വിധം സാംസ്കാരിക പ്രതിപക്ഷം കേരളത്തിൽ അന്യൻ നിൽക്കുകയാണ്. അപ്പോഴാണ് നവോത്ഥാന സാംസ്കാരിക മൂല്യങ്ങളെ രാഷ്ട്രീയമായി വികസിപ്പിക്കാനും അതുവഴി പൊതുബോധത്തെ നയിക്കാനും കഴിവുള്ള സാംസ്കാരിക മുന്നേറ്റം കേരളത്തിലെ നിലനിന്നിട്ടുണ്ട് എന്ന് ഓർക്കേണ്ടത്. അതിൽ വലിയ വിഭാഗം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായവരായിരുന്നു. കേരളീയ സംസ്കാരിക വളർച്ചയുടെ ഓരോ ഘട്ടത്തിലും അതിനെ ശക്തിപ്പെടുത്തിയത് മതനിരപേക്ഷ മാനവ മൂല്യങ്ങളാണ്. ഇന്ന് ഇതാണ് കേരളത്തിൽ തകർന്നടിയുന്നത്. അതിനുമുമ്പിൽ നിശ്ശബ്ദരായി നിൽക്കാൻ കേരളത്തിലെ സാംസ്കാരിക പ്രതിപക്ഷത്തിന് കഴിയുന്നുണ്ടെങ്കിൽ അത് ഉണ്ടാക്കുന്ന ദുരന്തങ്ങൾ ചെറുതായിരിക്കില്ല. അതിനെ മറികടക്കാൻ ആവശ്യമായ ഒരു പുത്തൻ രാഷ്ട്രീയത്തെ കേരളം കാത്തിരിക്കുന്നു.


Summary: Extremely dangerous compromises made by Kerala CPIM and left politics to maintain parliamentary power, E.K. Dineshan writes.


ഇ.കെ. ദിനേശൻ

രണ്ടു പതിറ്റാണ്ടായി പ്രവാസിയാണ്. ധ്യാനപ്രവാസം ,കോവിഡ് കാലവും പ്രവാസ ജീവിതവും, പ്രവാസത്തിന്റെ വർത്തമാനം ,ഗൾഫ് കൂടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങൾ, ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങൾ, നീല രാഷ്ട്രീയത്തിന്റെ ചുവപ്പു വായന, ഇന്ത്യ @ 75 ഗാന്ധി, അംബേദ്ക്കർ, ലോഹ്യ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Comments