എൻ. ഇ. സുധീർ

സാംസ്കാരിക പ്രതിപക്ഷം,
അങ്ങനെയൊന്ന് നിലനിൽക്കുന്നുണ്ടോ?

‘‘സാംസ്കാരിക പ്രതിപക്ഷം എന്ന് പൊതുവിൽ കരുതുന്നവരിൽ എത്രപേർ മതേതരത്വത്തിൽ അടിയുറച്ച് നിൽക്കുന്നുണ്ട്? എനിക്ക് പലരുടെ കാര്യത്തിലും സംശയമുണ്ട്. ഇടതുപക്ഷത്തിന്റെ സ്വധീനം ഒന്നു കുറയട്ടെ, പലരുടെയും തനിനിറം അപ്പോൾ കാണാം. ഫേക്ക് മനുഷ്യരാണ് സാംസ്കാരിക രംഗത്ത് ഉയർന്നു നിൽക്കുന്നത്, ശ്രദ്ധ നേടിയെടുത്തു കൊണ്ടിരിക്കുന്നത്’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് എൻ.ഇ. സുധീർ മറുപടി എഴുതുന്നു.

ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയ ശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തു തീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?

എൻ.ഇ. സുധീർ: കേരളത്തിലെ ഇടതുപക്ഷത്തിന് സംഭവിച്ച ചരിത്രപരമായ അധ:പതനത്തിന്റെ ഒടുവിലത്തെ അവസ്ഥ എന്ന നിലയിലാണ് ഞാനിതിനെ മനസ്സിലാക്കുന്നത്. ജനാധിപത്യ വഴിയിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ നേടിയെടുത്ത ജനസ്വാധീനം നഷ്ടപ്പെടുന്നതിനെപ്പറ്റി അവരിപ്പോൾ വേവലാതിപ്പെടുന്നുണ്ട് എന്നു തോന്നുന്നു. 1957- ൽ ഭരണം നേടിയതിനു ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളീയ സമൂഹത്തെ ഇടതുപക്ഷവത്ക്കരിക്കുന്നതിൽ കുറ്റകരമായ അലംഭാവം കാണിച്ചു. തുടർന്നിങ്ങോട്ട് ജനങ്ങളെ പ്രസ്ഥാനത്തോട് ചേർത്തു നിർത്തുന്നതിൽ വേണ്ടത്ര ശ്രദ്ധിക്കാത്തതു കൊണ്ടാണ് ഇങ്ങനെയൊരു ദുരവസ്ഥയിൽ അവരെത്തിച്ചേർന്നത്. 1957- ലെ കമ്യൂണിസ്റ്റു പാർട്ടിയുടെ വിജയം താരതമ്യേന സ്വാഭാവികമായ ജനവിധിയായിരുന്നു. വിമോചന സമരം ആദ്യ സർക്കാരിനെ അട്ടിമറിച്ചു എന്നതിനേക്കാളുപരി കേരള രാഷ്ട്രീയത്തെ അപ്പാടെ മാറ്റിമറിക്കുക കൂടിയായിരുന്നു. അതോടെ ജാതി / മത ശക്തികളെ മാനേജ് ചെയ്യുക എന്നത് ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് വിജയം നേടുന്നതിലെ അനിവാര്യതയായി മാറുകയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയും ആ വഴിയിലൂടെ സഞ്ചരിച്ചു പോന്നു.

1957- നുശേഷമുള്ള തെരഞ്ഞെടുപ്പുകൾ സസൂക്ഷ്മം വിലയിരുത്തിയാൽ ഇത് വ്യക്തമാകും. 1964 ൽ പാർട്ടി പിളർന്നതോടെ അത് ഒഴിച്ചുകൂടാനാവാത്ത ഇലക്ടറൽ ചേരുവയായിത്തീർന്നു. മാറി നടക്കണമെന്ന് ചിലരൊക്കെ ഓർമ്മിപ്പിച്ചിരുന്നു. എന്നാലതുണ്ടായില്ല. എളുപ്പവഴി സ്വീകരിച്ചു കൊണ്ട് മുന്നേറുകയായിരുന്നു. ഇന്നിപ്പോൾ വർഗീയമായ ഒരന്തരീക്ഷം കേരളത്തിൽ നിലവിലുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ ഒരു മൂന്നാം ഭരണം ഉറപ്പുവരുത്താൻ ഇടതുമുന്നണി ജാതി / മത മാനേജ്മെൻ്റിനു പകരം വർഗീയ സ്വഭാവമുള്ള സംഘടനകളെ പോലും മാനേജ് ചെയ്യുവാൻ കിണഞ്ഞു ശ്രമിക്കുകയാണ്. കേരളം അത്തരമൊരു സമൂഹമായി മാറിക്കഴിഞ്ഞു എന്നതും ഭയപ്പെടുത്തുന്ന അറിവാണ്. ഈ അസംബന്ധം ജനാധിപത്യവിരുദ്ധമെന്നതു പോലെ ഇടതുപക്ഷത്തിന്റെ അടിസ്ഥാന സ്വഭാവത്തിന് കടകവിരുദ്ധവുമാണ്. അവരുടെ ചരിത്രത്തിലെ തീരാകളങ്കമായി ഇത് രേഖപ്പെടുത്തപ്പെടും. കമ്യൂണിസ്റ്റ് ബോധ്യമില്ലാത്തവരും ജനാധിപത്യ ബോധമില്ലാത്തവരും കമ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്തുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ ഭാവിയിൽ അപകടകരമായ ഒരു സാമൂഹിക മാറ്റത്തിന് ഇത് വഴിയൊരുക്കും. ഇടതുപക്ഷ പ്രസ്ഥാനം നാമാവശേഷമാകാനും സാധ്യതയുണ്ട്.

1957 ൽ ഭരണം നേടിയതിനു ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളീയ സമൂഹത്തെ ഇടതുപക്ഷവത്ക്കരിക്കുന്നതിൽ കുറ്റകരമായ അലംഭാവം കാണിച്ചു.
1957 ൽ ഭരണം നേടിയതിനു ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളീയ സമൂഹത്തെ ഇടതുപക്ഷവത്ക്കരിക്കുന്നതിൽ കുറ്റകരമായ അലംഭാവം കാണിച്ചു.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

വർഗീയതയെ നേരിടുന്നതിന് കൃത്യമായ കരുതലോടെയുള്ള കർമ്മ പരിപാടികൾ കേരളത്തിലെ ഇടതുപക്ഷം അസൂത്രണം ചെയ്തില്ല എന്നത് ഖേദകരമാണ്. അതിലവർ, മറ്റെല്ലാ ജനാധിപത്യ ശക്തികളെയും പോലെ പരാജയപ്പെട്ടു. കേരളത്തിൽ ഹിന്ദുത്വവർഗീയതയ്ക്ക് പടർന്നു കയറാൻ പ്രയാസമാണ് എന്ന മൂഢചിന്ത ഇടതുപക്ഷവും കൊണ്ടു നടന്നു. ഇപ്പോൾ ഹിന്ദുത്വ ശക്തികൾ നമുക്കിടയിലും തേരോട്ടം നടത്തുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഇടതുപക്ഷ മുൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ. മുസ്ലിം തീവ്രവാദ സംഘടനകളെ വിലയിരുത്തുന്നതിലും ഇതേ അബദ്ധം നമ്മൾ കണ്ടതാണ്. അങ്ങനെ മുസ്ലിം വർഗീയതയ്ക്ക് കേരളത്തിലെ മുസ്ലീം ജനതയ്ക്കിടയിൽ സ്വാധീനം നേടാൻ സാധിച്ചു എന്ന യാഥാർഥ്യം ഹിന്ദുത്വ സംഘടനകൾ മുതലെടുക്കുമെന്ന് പോലും ഇടതുപക്ഷം വിലയിരുത്തിയില്ല. ഇന്നിപ്പോൾ ഹിന്ദു വോട്ടിന് വേണ്ടി എന്തുമാവാം എന്ന നിലയിലേക്ക് തരം താഴുകയാണ് എന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. വർഗീയ പ്രത്യയശാസ്ത്രത്തോടും വർഗീയ ശക്തികളോടും നേരിട്ട് ഏറ്റുമുട്ടുക തന്നെ വേണം. പ്രത്യക്ഷമായി തന്നെ അതു ചെയ്യാതെ സെക്കുലർ സമൂഹത്തെ കൂടെ നിർത്താൻ പറ്റുമോ?

'വർഗീയവാദികൾക്ക് ഒപ്പമല്ല, വിശ്വാസികൾക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ ഇപ്പോൾ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

ജനങ്ങൾക്കൊപ്പം എന്നതായിരിക്കണം ജനാധിപത്യത്തിലെ ആശയവും ആഹ്വാനവും. അതിൽ വെള്ളം ചേർക്കേണ്ടതായി വരുന്നത് ദുരവസ്ഥയാണ്. മതേതര മനസ്സുള്ള വിശ്വാസികളാണോ ചുറ്റുമുള്ളത് എന്ന് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? കേരളത്തിൽ വർഗീയമനസ്സുള്ളവർ വർദ്ധിച്ചു വരുന്നത് കമ്യൂണിസ്റ്റ് പാർട്ടിക്കാർ അറിഞ്ഞിട്ടുണ്ടോ? കമ്യൂണിസ്റ്റ് കുടുബംങ്ങളിലെങ്കിലും വർഗീയതയുടെ നുഴഞ്ഞുകയറ്റത്തെ കാര്യക്ഷമമായി തടയാൻ സാധിച്ചുവോ? വർഗീയത ഒരുരാത്രി കൊണ്ട് കടന്നു വന്നതല്ല എന്നോർക്കണം. അപ്പോഴൊക്കെ ഇലക്ടറൽ പൊളിറ്റിക്സിൽ മാത്രം ശ്രദ്ധയൂന്നി. വർഗീയത അരങ്ങു തകർക്കുമ്പോഴും അതു തന്നെ ചെയ്യുന്നു. വർഗീയതയെ നേരിടാനുള്ള ഏക സിദ്ധാന്തം മതേതര ജനാധിപത്യമാണ്.

എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്‌സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

ഇതിന്റെ കണക്കുകൾ ഞാൻ പരിശോധിച്ചിട്ടില്ല. മാത്രവുമല്ല, ഏതെങ്കിലും ഒരു സംഘടനയ്ക്ക് ഇക്കാര്യത്തിൽ നിർണായക ഇടപെടലുകൾ നടത്തി വിജയം ഉറപ്പുവരുത്താൻ ഇന്നത്തെ സാഹചര്യത്തിൽ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അത്രയധികം പോളറൈസ്ഡ് ആണ് നിലവിലെ കേരളീയ സമൂഹം എന്നാണ് ഞാൻ കരുതുന്നത്. “ഹിന്ദു വോട്ട് ബാങ്ക് ‘എന്നൊന്ന് നിലവിലില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും കാണിക്കുന്ന ബഹളങ്ങൾ വോട്ട് രാഷട്രീയത്തിൽ അത്ര പ്രധാനമാണോ? നേരിയ ശതമാനത്തിന്റെ മേൽക്കോയ്മയിലാണ് ഇവിടെ കാര്യങ്ങൾ മാറി മറയുക എന്ന യാഥാർത്ഥ്യമാണ് മുന്നണികളെ ഇത്തരക്കാരുടെ പുറകെ നടക്കാൻ പ്രേരിപ്പിക്കുന്നത്. എന്തായാലും വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും പ്രമോട്ടർമാരാവാൻ ഇടതുപക്ഷം തുനിയരുതായിരുന്നു. ഹിന്ദുത്വ വർഗീയത അവരിലൂടെയും പ്രസരിക്കുന്നുണ്ട് എന്നത് മറന്നു പോകരുത്. ജെൻ സി തലമുറയെ എങ്കിലും ഇത്തരക്കാരിൽ നിന്നും മോചിപ്പിക്കേണ്ടതാണ്. അതിനുള്ള രാഷ്ട്രീയ അന്തരീക്ഷവും ബോധവത്ക്കരണവും ഇടതുപക്ഷമായിരുന്നു ഏറ്റെടുക്കേണ്ടത്.

വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും പ്രമോട്ടർമാരാവാൻ ഇടതുപക്ഷം തുനിയരുതായിരുന്നു. ഹിന്ദുത്വ വർഗീയത അവരിലൂടെയും പ്രസരിക്കുന്നുണ്ട് എന്നത് മറന്നു പോകരുത്.
വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും പ്രമോട്ടർമാരാവാൻ ഇടതുപക്ഷം തുനിയരുതായിരുന്നു. ഹിന്ദുത്വ വർഗീയത അവരിലൂടെയും പ്രസരിക്കുന്നുണ്ട് എന്നത് മറന്നു പോകരുത്.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽ ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?

അയ്യപ്പ സംഗമത്തിന് മതേതര സ്വഭാവമുണ്ടായിരുന്നോ? വാവരു പള്ളിയിലെ കാർമ്മികനെയെങ്കിലും ആ വേദിയിൽ ഇരുത്താമായിരുന്നില്ലേ? ഇവിടെയും കാര്യങ്ങൾ ഹിന്ദുത്വ ശക്തികളുടെ നിയന്ത്രണത്തിലാണ് എന്നാണ് പൊതുവിൽ കാണുന്നത്. മതേതര നിലപാടുകൾ, ഭരണഘടന സംരക്ഷിക്കുന്നവ പോലും നടപ്പിലാക്കാൻ ഭയമാണ്. ആദ്യമൊക്കെ മടിച്ചു, ഇന്നിപ്പോൾ അവ പ്രയാസമായി. വെല്ലുവിളി ഏറ്റെടുത്ത് മുന്നേറാനുള്ള ധൈര്യം ഇടതുപക്ഷത്തിനുമില്ല. ഒരു പക്ഷേ, വർഗീയതയെ, പ്രത്യേകിച്ചും ഹിന്ദുത്വത്തെ ചെറുത്തു നിൽക്കാനുള്ള ശേഷി കേരളീയ സമൂഹത്തിനും നഷ്ടമായി എന്നാവും ഇടതുപക്ഷവും വിലയിരുത്തുന്നത്. അതാവും അവരിങ്ങനെയൊക്കെ വിഭ്രാന്തിയോടെ പലതും പരീക്ഷിക്കുന്നത്.

കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

സാംസ്കാരിക പ്രതിപക്ഷം - അങ്ങനെയൊന്ന് നിലനിൽക്കുന്നുണ്ടോ? അങ്ങനെയാവേണ്ടവർ എന്ന് പൊതുവിൽ കരുതുന്നവരിൽ എത്രപേർ മതേതരത്വത്തിൽ അടിയുറച്ച് നിൽക്കുന്നുണ്ട്? എനിക്ക് പലരുടെ കാര്യത്തിലും സംശയമുണ്ട്. ഇടതുപക്ഷത്തിന്റെ സ്വധീനം ഒന്നു കുറയട്ടെ, പലരുടെയും തനിനിറം അപ്പോൾ കാണാം. ഫേക്ക് മനുഷ്യരാണ് സാംസ്കാരിക രംഗത്ത് ഉയർന്നു നിൽക്കുന്നത്, ശ്രദ്ധ നേടിയെടുത്തു കൊണ്ടിരിക്കുന്നത്. വ്യക്തവും സ്വതന്ത്രവുമായ നിലപാടുകൾ ഇല്ലാത്തവർ. കേരളത്തിൽ ഇപ്പോൾ ആരാണ് ചർച്ചാ വിഷയങ്ങൾ നിശ്ചയിക്കുന്നത്? അതിന് വർഗീയ വാദികളെ അനുവദിക്കരുതായിരുന്നു. മറ്റുള്ളവർ അവർ ഉന്നയിക്കുന്ന വിഷയങ്ങൾക്ക് മറുപടി പറയുന്നവർ മാത്രമായി ചുരുങ്ങരുത്. അത് രണ്ടും ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇടതുപക്ഷ- സാംസ്കാരിക മണ്ഡലം നിഷ്ക്രിയമായതുകൊണ്ട് സംഭവിച്ച ദുരന്തമാണിത്. ഒരുവേള അവർ പാർട്ടിയുടെ ഇംഗിതത്തെ മുന്നിൽക്കണ്ട് മാത്രം പ്രവർത്തിക്കുന്നവരായി ചുരുങ്ങിപ്പോയതുകൊണ്ട് പാർട്ടിയും അതാസ്വദിച്ചു എന്നു വേണം കരുതാൻ. നഷ്ടപ്പെട്ടത് പൊതുസമൂഹത്തിലെ വിശ്വാസ്യതയാണ്.

ചുരുക്കിപ്പറഞ്ഞാൽ, മതത്തെയും, മതേതരത്വത്തെയും വർഗീയതയെയും കൈകാര്യം ചെയ്യുന്നതിൽ കേരളത്തിലെ ഇടതുപക്ഷം പരാജയപ്പെട്ടു. ഇന്നവർ ഇരുട്ടിൽ തപ്പിക്കൊണ്ട് ബഹളം വെക്കുകയാണ്. വർഗീയമനസ്സുകൾ ഇന്നിപ്പോൾ തലയിൽ മുണ്ടിടാതെ തന്നെ നമുക്കു ചുറ്റും വിഹരിക്കുകയാണ്. അതൊരു അന്തസ്സായ ജീവിതമാണെന്ന തോന്നൽ നിലവിൽ വന്നിരിക്കുന്നു! ഇതൊരു ചെറിയ മാറ്റമല്ല. നമ്മളൊക്കെ വെറും കാഴ്ചക്കാരായി ചുരുങ്ങിക്കഴിഞ്ഞു.


Summary: Extremely dangerous compromises made by Kerala CPIM and left politics to maintain parliamentary power, N.E. Sudheer writes.


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments