വി. അബ്ദുൽ ലത്തീഫ്

പാർട്ടിയിലെ
ബുദ്ധിജീവി വർഗത്തിന്
സ്വാധീനശേഷി നഷ്ടപ്പെട്ടു

‘‘സംഘടനാപരമായി പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലും ഭരണപരമായ അധികാരസ്ഥാനങ്ങളിലും ഇരിക്കുന്നവർ തന്നെ നിർണ്ണായകമായ ചിന്താശേഷികൊണ്ട് കേരളത്തിന്റെ സാംസ്കാരികലോകത്തെ ചലിപ്പിക്കാൻ ശേഷിയുള്ളവരായിരുന്നു. ഏതോ ഘട്ടത്തിൽ പാർട്ടി എന്നാൽ സംഘടന മാത്രമായി ചുരുങ്ങി’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് വി. അബ്ദുൽ ലത്തീഫ് മറുപടി എഴുതുന്നു.

ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയ ശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?

വി. അബ്ദുൽ ലത്തീഫ്: യഥാർത്ഥത്തിൽ ഇത്തരമൊരു നീക്കം ഇടതുപക്ഷമുന്നണിയുടെ ഭാഗത്തുനിന്നുണ്ടോ എന്ന് ഉറപ്പില്ല. സമീപകാലത്ത് ഇടതുപക്ഷമുന്നണി സ്വീകരിക്കുന്ന ചില നിലപാടുകളും ഭരണതലത്തിലുള്ള ഇടപെടലുകളും വ്യാഖ്യാനിച്ച് പാർടിയും മുന്നണിയും ഒരു ഹിന്ദുത്വ ചായ്‍വ് കാണിക്കുന്നു എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നു വരുന്നുണ്ട്. കാര്യങ്ങൾ ഇത്തരത്തിലാണെങ്കിൽ അത് ആശാവഹമല്ല.

ജവഹർ ലാല്‍ നെഹ്റുവിന്റെ ധിഷണയും സ്വാധീനവുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഒരു സെകുലർ ജനാധിപത്യപ്രസ്ഥാനമായി നിലനിർത്തിയത്.
ജവഹർ ലാല്‍ നെഹ്റുവിന്റെ ധിഷണയും സ്വാധീനവുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഒരു സെകുലർ ജനാധിപത്യപ്രസ്ഥാനമായി നിലനിർത്തിയത്.

ദേശീയപ്രസ്ഥാനകാലം തൊട്ടേ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദുത്വ ദേശീയത എന്നും പുരോഗമന സെകുലർ ജനാധിപത്യത്തിലധിഷ്ഠിതമായ ദേശീയത എന്നും ഒരു വിഭജനം കാണാം. കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ പലരും ഹിന്ദുമഹാസഭയുടെയും നേതാക്കളായിരുന്നു. ബംഗാളിൽനിന്നും മഹാരാഷ്ട്രയിൽനിന്നും രൂപപ്പെട്ട ഹിന്ദുത്വയിൽ അധിഷ്ഠിതമായ പ്രസ്ഥാനങ്ങളിൽനിന്നാണ് കോൺഗ്രസും ഹിന്ദുമഹാസഭയും രൂപപ്പെട്ടത് എന്നു പോലും പറയാവുന്നതാണ്. ഭരണഘടനാ നിർമ്മാണസഭയിലെ ചർച്ചകളിൽ പലയിടത്തും നമുക്ക് ഈ ഐക്യം കാണാനാകും. മുഖ്യമായും ജവഹർലാല്‍ നെഹ്റുവിന്റെ ധിഷണയും സ്വാധീനവുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഒരു സെകുലർ ജനാധിപത്യപ്രസ്ഥാനമായി നിലനിർത്തിയത്. സ്വതന്ത്ര ഇന്ത്യയെ സെക്യുലർ ജനാധിപത്യ റിപ്പബ്ലിക്കായി രൂപപ്പെടുത്തിയതിലും അദ്ദേഹത്തിന് നിർണായകമായ പങ്കുണ്ട്.

കോൺഗ്രസിനകത്തും പുറത്തുമായി ഹിന്ദുത്വയിലധിഷ്ഠിതമായ രാഷ്ട്രീയം സമാന്തരമായി ശക്തി പ്രാപിക്കുന്നുണ്ട്. നെഹ്റു യുഗത്തിനു ശേഷം അത് കൃത്യമായി മേൽക്കൈ നേടുന്നു. ഈ ശക്തിയോട് ആശയപരമായ വിട്ടുവീഴ്ചകൾ ചെയ്താണ് പിൽക്കാലത്ത് കോൺഗ്രസ് രാജ്യത്ത് പിടിച്ചുനിന്നത്. മൃദുഹിന്ദുത്വ എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു നിലപാടാണ് അവർ സ്വീകരിച്ചത്. കോൺഗ്രസ് ഭരണത്തിൽനിന്ന് നിഷ്കാസിതരാകുന്നതിന്റെ ഒരു കാരണം ഈ മൃദുഹിന്ദുത്വ സമീപനമാണ്. ഇവിടെ നിരീക്ഷിക്കപ്പെടുന്ന രീതിയിൽ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് അത്തരമൊരു സമീപനമുണ്ടായാൽ ആത്യന്തികമായി ഇടതുപക്ഷത്തിന്റെ തകർച്ചയിലാകും അത് കലാശിക്കുക.

വെള്ളാപ്പള്ളി നടേശനെ പോലുള്ള സമുദായനേതാക്കളോടും  അമൃതാനന്ദമയിയെ പോലുള്ള ആത്മീയ കച്ചവടക്കാരോടും ചേർന്നു നിൽക്കുന്നത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട് എന്നത് ശരിയാണ്.
വെള്ളാപ്പള്ളി നടേശനെ പോലുള്ള സമുദായനേതാക്കളോടും അമൃതാനന്ദമയിയെ പോലുള്ള ആത്മീയ കച്ചവടക്കാരോടും ചേർന്നു നിൽക്കുന്നത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട് എന്നത് ശരിയാണ്.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിന്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിന്റെയും ന്യൂനപക്ഷ വിരോധത്തിന്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

ഇത്തരത്തിൽ പൂർണ്ണമായ ഒരു നയവ്യതിയാനം ഇടതുപക്ഷത്തിനു സംഭവിച്ചു എന്നു ഞാൻ കരുതുന്നില്ല. ഇടതുപക്ഷത്തിന്റെയോ സിപിഎമ്മിന്റെയോ ഔദ്യോഗിക നയപരിപാടികളിൽ ഇത്തരമൊരു മാറ്റം കാണാൻ കഴിയില്ല. എന്നാൽ വെള്ളാപ്പള്ളി നടേശനെ പോലുള്ള സമുദായനേതാക്കളോടും അമൃതാനന്ദമയിയെ പോലുള്ള ആത്മീയ കച്ചവടക്കാരോടും ചേർന്നു നിൽക്കുന്നത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട് എന്നത് ശരിയാണ്. ഇത് വരാൻ പോകുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ടുള്ള അടവുനയങ്ങളാകാനാണ് സാധ്യത. വെള്ളാപ്പള്ളി നടേശനെ കുറിച്ചും അമൃതാനന്ദമയിയെ കുറിച്ചും മുൻകാലങ്ങളിൽ ഇടതുപക്ഷനേതാക്കൾ സ്വീകരിച്ച നിലപാടുകളിൽനിന്നുള്ള വ്യതിചലനം ഇപ്പോൾ കാണാൻ സാധിക്കും. പാർടി കേഡറുകൾക്കിടയിലും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിലും ഇത് അസ്വസ്ഥതയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ട്.

'വർഗീയവാദികൾക്ക് ഒപ്പമല്ല, വിശ്വാസികൾക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാർട്ടി പറയുന്നത്. വർഗീയവാദത്തെയും വിശ്വാസത്തെയും വേർതിരിക്കാൻ ഇപ്പോൾ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിർവചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

വർത്തമാനകാല ഇന്ത്യയിൽ വിശ്വാസിയാകുക എന്നതു തന്നെ വർഗീയവാദി ചാപ്പ കിട്ടാനുള്ള വ്യക്തമായ കാരണമാണ്. രാജ്യത്തിന്റെ പരമോന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർവരെ അത്തരം നിലപാടെടുക്കുന്നതു കാണാം. അതിനനുസരിച്ച് മീഡിയയിലും സോഷ്യൽമീഡിയയിലും സമാനമായ ആഖ്യാനങ്ങൾ വളരെ അക്രാമകമായ നിലയിൽ രൂപപ്പെട്ടുവരുന്നുണ്ട്. മുസ്‍ലിം പേരുള്ളവരെല്ലാം ഈ ആഖ്യാനമനുസരിച്ച് തീവ്രവാദികളാണ്. അവരെ പാക്കിസ്താനികൾ എന്നു പോലും വിശേഷിപ്പിക്കാൻ ഇന്ന് പലർക്കും മടിയില്ല. ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ സാധാരണീകരിക്കപ്പെടുന്ന ഒരു കാലത്ത് ഇടതുപക്ഷ നിലപാട് അത്ര ലളിതമല്ല. അത് വളർന്നുവരുന്ന ഋണാത്മക ആഖ്യാനങ്ങളോട് ചേർന്നുനിൽക്കുന്നതും അസ്വസ്ഥജനകവും ആണ്.

വർത്തമാനകാല ഇന്ത്യയിൽ വിശ്വാസിയാകുക എന്നതു തന്നെ വർഗീയവാദി ചാപ്പ കിട്ടാനുള്ള വ്യക്തമായ കാരണമാണ്. രാജ്യത്തിന്റെ പരമോന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർവരെ അത്തരം നിലപാടെടുക്കുന്നതു കാണാം.
വർത്തമാനകാല ഇന്ത്യയിൽ വിശ്വാസിയാകുക എന്നതു തന്നെ വർഗീയവാദി ചാപ്പ കിട്ടാനുള്ള വ്യക്തമായ കാരണമാണ്. രാജ്യത്തിന്റെ പരമോന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർവരെ അത്തരം നിലപാടെടുക്കുന്നതു കാണാം.

എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടെച്ചേർത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയൻസിന് കേരളത്തിൽ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറൽ പൊളിറ്റിക്‌സിൽ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

കേരളത്തിലെ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേൺ ശ്രദ്ധിച്ചാൽ ബി.ജെ.പി.യുടെ വോട്ടിംഗ് ഷെയർ ക്രമേണ വർദ്ധിച്ചു വരുന്നതായി കാണാനാകും. അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം എൽ.ഡി.എഫ്. യുഡിഎഫ് വോട്ടുബാങ്കുകളിലെ ചാഞ്ചാട്ടമാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഉറച്ച ഒരു വോട്ടുബാങ്ക് എല്ലാ കാലത്തും ഉണ്ടായിരുന്നു. എന്നാൽ അടുത്തടുത്ത മാസങ്ങളിൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇടതിനോ വലതിനോ ചിലപ്പോൾ ബിജെപിക്കോ മാറിമാറി വോട്ടു ചെയ്യുന്നവരായി കേരളത്തിലെ വോട്ടർമാർ മാറിയിട്ടുണ്ട്. കൃത്യമായ രാഷ്ട്രീയനിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് മുന്നണികളെ സംബന്ധിച്ച് ഇപ്പോൾ ആത്മഹത്യാപരമാണ്. അതുകൊണ്ട് അണികളുടെ രാഷ്ട്രീയബോധ്യങ്ങളെ നവീകരിക്കുകയും അവരെ തങ്ങൾക്കനുകൂലമായി വിശ്വാസത്തിലെടുക്കുകയും ചെയ്യുന്നതിനുപകരം അവരുടെ ബോധ്യങ്ങൾക്കനുസരിച്ച് നിലപാടുകളിൽ മാറ്റം വരുത്തുക എന്ന സമീപനമാണ് ഇപ്പോൾ രാഷ്ട്രീയപ്പാർട്ടികൾ സ്വീകരിച്ചുകാണുന്നത്.

2014-മുതൽ കേന്ദ്രഭരണമുള്ളതുകൊണ്ടും ശക്തമായ സാമ്പത്തികപിന്തുണയും ആസൂത്രിതമായ മാധ്യമപിന്തുണയും ഉള്ളതുകൊണ്ടും ബി.ജെ.പി.ക്ക് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിർണ്ണായകമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈഴവ, ക്രിസ്ത്യൻ സമുദായങ്ങളിൽ ശക്തമായ സ്വാധീനമുണ്ടാക്കാൻ അവർക്കു സാധിച്ചിട്ടുണ്ട്. ഇത് ഇടത്-വലത് മുന്നണികളുടെ നയസമീപനങ്ങളെ സ്വാധീനിക്കും എന്നത് ഉറപ്പാണ്. വോട്ടുചോർച്ച ഭയപ്പെടേണ്ടുന്ന അവസ്ഥയിലെത്തുന്നതിന്റ ലക്ഷണങ്ങളാണ് ഇത്. സൈദ്ധാന്തികമായ രാഷ്ട്രീയപ്രതിരോധം തീർക്കുന്നതിനു പകരം താൽക്കാലികവും ഉപരിപ്ലവവുമായ നിലപാടുകളിലേക്ക് ചുരുങ്ങുന്നതാണ് കാണാൻ സാധിക്കുന്നത്. ആത്യന്തികമായി വലിയ പതനത്തിലേക്കാണ് ഇത് എത്തിച്ചേരുക.

കേരളത്തിലെ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേൺ ശ്രദ്ധിച്ചാൽ ബി.ജെ.പി.യുടെ വോട്ടിംഗ് ഷെയർ ക്രമേണ വർദ്ധിച്ചു വരുന്നതായി കാണാനാകും. അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം എൽ.ഡി.എഫ്. യുഡിഎഫ് വോട്ടുബാങ്കുകളിലെ ചാഞ്ചാട്ടമാണ്.
കേരളത്തിലെ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേൺ ശ്രദ്ധിച്ചാൽ ബി.ജെ.പി.യുടെ വോട്ടിംഗ് ഷെയർ ക്രമേണ വർദ്ധിച്ചു വരുന്നതായി കാണാനാകും. അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം എൽ.ഡി.എഫ്. യുഡിഎഫ് വോട്ടുബാങ്കുകളിലെ ചാഞ്ചാട്ടമാണ്.

മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സർക്കാർ) സംവിധാനമായാണ് തീരുവിതാംകൂർ ദേവസ്വം ബോർഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തിൽ സർക്കാർ ഉറപ്പിച്ചെടുക്കുന്നത്. എന്നാൽ, ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതൽ ദേവസ്വം ബോർഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങൾ, യഥാർഥത്തിൽ ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?

മുന്നണികൾക്ക് അതീതമായ ഒരു ഡീപ് സ്റ്റേറ്റിന്റെ സ്വാധീനം തുടക്കം മുതലേ കേരളരാഷ്ട്രീയത്തിലുണ്ട്. സവർണവിഭാഗങ്ങളിലേക്ക് അധികാരം കേന്ദ്രീകരിക്കുക എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ മുഖമുദ്രയാണ്. ഇത് തിരിച്ചറിയുകയും ബ്രിട്ടീഷ് ഭരണക്കാലത്തുതന്നെ ഘടനാപരമായ മാറ്റമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത നേതാവാണ് അംബേദ്കർ. ദളിതുകൾക്കും മറ്റ് ന്യൂനപക്ഷവിഭാഗങ്ങൾക്കും പ്രത്യേകം ഇലക്ടറേറ്റ് എന്ന ആശയം ബ്രിട്ടീഷ് അധികാരികളെക്കൊണ്ട് സമ്മതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാൽ ഗാന്ധി അതിനെതിരെ സമരം ചെയ്യുകയും പൂനാ പാക്ടിലൂടെ എക്കാലവും സവർണവിഭാഗങ്ങൾക്ക് അധികാരത്തിൽ നിലനിൽക്കാനുള്ള അവസരമുണ്ടാകുകയും ചെയ്തു. നഷ്ടപരിഹാരമായി നിർദ്ദേശിക്കപ്പെട്ട സംവരണത്തിന് ഉദ്ദേശിച്ച ഫലം ഇനിയും ഉണ്ടായില്ല.

അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിനായാലും കേരളത്തിൽ ഇടതുമുന്നണിക്കാണെങ്കിലും നിലപാടുകളിൽ പുറമേക്കെങ്കിലും ഒരു സെകുലർ ജനാധിപത്യഭാവം ഉണ്ടായിരുന്നു. എന്നാൽ സംവരണം പോലുള്ള കോർ ആയ വിഷയങ്ങളിൽ സവർണ താൽപര്യങ്ങൾ മറനീക്കി പുറത്തു വരുന്നതും കാണാം. സവർണസംവരണത്തിന്റെ സൈദ്ധാന്തികമായ അടിത്തറയുണ്ടാക്കിയെടുത്തത് ഇ.എം.എസ്. ആണ് എന്നത് യാദൃച്ഛികമല്ല. നേരത്തേ സൂചിപ്പിച്ച വിധം മാറിവന്ന രാഷ്ട്രീയസാഹചര്യത്തിൽ ക്രമേണ ഈ പുറംമൂടി മാറിപ്പോകുന്നതാണ് കാണുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാർ ഉണ്ടാക്കിയ കെണിയിൽ പെട്ടുപോയ അനുഭവം കേരളത്തിലെ ഇടതുപക്ഷത്തിനുണ്ട്. രണ്ടാം നവോത്ഥാനം എന്ന നിലയിൽ അവർ ഉയർത്തിക്കൊണ്ടുവന്ന ആശയാവലികളിൽനിന്ന് വളരെ പെട്ടെന്ന് അവർക്ക് പിൻവാങ്ങേണ്ടി വന്നു. അതിന്റെ കേടുതീർക്കുന്ന നടപടികളാണ് ഇപ്പോൾ അരങ്ങേറിയ അയ്യപ്പസംഗമം പോലുള്ള പരിപാടികൾ.

അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിനായാലും കേരളത്തിൽ ഇടതുമുന്നണിക്കാണെങ്കിലും നിലപാടുകളിൽ പുറമേക്കെങ്കിലും ഒരു സെകുലർ ജനാധിപത്യഭാവം ഉണ്ടായിരുന്നു. എന്നാൽ സംവരണം പോലുള്ള കോർ ആയ വിഷയങ്ങളിൽ സവർണ താൽപര്യങ്ങൾ മറനീക്കി പുറത്തു വരുന്നതും കാണാം.
അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിനായാലും കേരളത്തിൽ ഇടതുമുന്നണിക്കാണെങ്കിലും നിലപാടുകളിൽ പുറമേക്കെങ്കിലും ഒരു സെകുലർ ജനാധിപത്യഭാവം ഉണ്ടായിരുന്നു. എന്നാൽ സംവരണം പോലുള്ള കോർ ആയ വിഷയങ്ങളിൽ സവർണ താൽപര്യങ്ങൾ മറനീക്കി പുറത്തു വരുന്നതും കാണാം.

സവർണപക്ഷപാതവും ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട കീഴാളവിരുദ്ധനിലപാടുകളും യഥാർത്ഥത്തിൽ കേരളത്തിലെ ഭരണകൂടങ്ങളെയും രാഷ്ട്രീയപ്പാർട്ടികളെയും നിയന്ത്രിക്കുന്ന ഡീപ് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നതാണെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ രൂപപ്പെട്ടുവന്നുകൊണ്ടിരിക്കുന്ന മുഖ്യധാരാ ആഖ്യാനങ്ങളും മനോഭാവങ്ങളും അതിന്റെ സെകുലർ പുറംമോടി അഴിച്ചിടുന്നു എന്നേയുള്ളൂ.

കേരളത്തിൽ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോൾ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോൾ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമർശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാൽ, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികൾ, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ അതിശക്തമായ വലതുപക്ഷവൽക്കരണം അരങ്ങേറുമ്പോൾ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

ഇത് പ്രധാനപ്പെട്ട നിരീക്ഷണമാണ്. കേരളത്തിലെ പാർടിക്ക് കൃത്യമായ സംഘടനാസംവിധാനങ്ങളോടൊപ്പം വളരെ സർഗാത്മകമായ ഒരു സാംസ്കാരികതലം കൂടി ഉണ്ടായിരുന്നു. കേരളത്തിലെ സാംസ്കാരികസംവാദങ്ങളുടെ അജണ്ട സെറ്റു ചെയ്യാവുന്ന വിധം ഇടപെടാനുള്ള ശേഷി അതിനുണ്ടായിരുന്നു. സംഘടനാപരമായി പാർടിയുടെ നേതൃസ്ഥാനങ്ങളിലും ഭരണപരമായ അധികാരസ്ഥാനങ്ങളിലും ഇരിക്കുന്നവർ തന്നെ നിർണ്ണായകമായ ചിന്താശേഷികൊണ്ട് കേരളത്തിന്റെ സാംസ്കാരികലോകത്തെ ചലിപ്പിക്കാൻ ശേഷിയുള്ളവരായിരുന്നു. ഏതോ ഘട്ടത്തിൽ പാർടി എന്നാൽ സംഘടന മാത്രമായി ചുരുങ്ങി. പാർടിയിലെ ബുദ്ധിജീവിവർഗത്തിന് സ്വാധീനശേഷി നഷ്ടപ്പെട്ടു. ഇത് പാർടിയെയും കേരളത്തിന്റെ പൊതുമണ്ഡലത്തെയും സ്വാധീനിക്കുന്ന മാറ്റമാണ്. ജനസ്വീകാര്യതയുള്ള സൈദ്ധാന്തിക രാഷ്ട്രീയനിലപാടുകൾക്കു പകരം ജനപ്രിയമായ നിലപാടുകളിലേക്കുള്ള മാറ്റത്തിന് ഇതും പ്രേരകമാണ്. കേരളത്തിന്റെ സാംസ്കാരിക ബൗദ്ധികലോകത്തെ ഡ്രൈവു ചെയ്യാനുള്ള ശേഷിയിൽനിന്ന് ഒഴുക്കിനൊത്തു നീങ്ങാനുള്ള പാസീവ് നിലയിലേക്കുള്ള പതനത്തിന് ഇതും കാരണമാണെന്നു പറയാം. സാംസ്കാരികമായ പാപ്പരത്തമാണ് ഫലം.


Summary: Extremely dangerous compromises made by Kerala CPIM and left politics to maintain parliamentary power, V Abdul Latheef writes.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments