സന്ധ്യാ മേരി

വിശ്വാസികൾക്കല്ല സി.പി.എമ്മിനെ ആവശ്യം, സെക്യുലറിസ്റ്റുകൾക്കാണ്

‘‘കോൺഗ്രസും സി പി എമ്മും ശക്തരായ പ്രതിപക്ഷവും ഭരണപക്ഷവുമായി തുടരുന്നിടത്തോളം കേരളത്തെ പ്രതി ടെൻഷനാവേണ്ട കാര്യമില്ല. ആ ഒരു സമാധാനമാണ് സി പി എമ്മിന്റെ അപകടകരമായ പ്രീണനം കൊണ്ട് ഇല്ലാതാവുന്നത്’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ​ചോദ്യങ്ങൾക്ക് സന്ധ്യാ മേരി മറുപടി എഴുതുന്നു.

ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിന്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?

സന്ധ്യാ മേരി: എന്നെ ഒരേസമയം നിരാശപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്ത ഒന്നായിരുന്നു ആഗോള അയ്യപ്പസംഗമം. രാഷ്ട്രീയമായി പറഞ്ഞാൽ അതിഗംഭീരമായ ഒരു മാക്കിയവെല്ലിയൻ മൂവ് തന്നെയായിരുന്നു അത്. എന്താ പറയുക, 'ബ്രാവോ!!!' എന്നുപറഞ്ഞ് കയ്യടിക്കാവുന്ന ഒന്ന്!

രാഷ്ട്രീയം എന്നും അവസരവാദപരമാണെന്ന് നമുക്കൊക്കെ അറിയാം. പക്ഷേ എത്രയൊക്കെവരെ പോയാലും ഒരു ഇടതുപക്ഷ സർക്കാരിൽനിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന അൽപ്പമെങ്കിലും രാഷ്ട്രീയ സത്യസന്ധത. അൽപ്പമെങ്കിലും സുതാര്യത. അത് ഇടതുപക്ഷമനസ്സുള്ള എല്ലാവരുടേയും ഉള്ളിലുള്ള പ്രതീക്ഷയാണ്, ആഗ്രഹമാണ്. പക്ഷേ സിപിഎമ്മിനുള്ളത്ര 'പാർലമെന്ററി വ്യാമോഹം' ഇപ്പോൾ മറ്റൊരു പാർട്ടിക്കും ഇല്ലെന്നു തോന്നുന്നു. യോഗി ആദിത്യനാഥിന്റെ കത്തിനേപ്പറ്റി ഒരു കമ്യൂണിസ്റ്റ് മന്ത്രി അഭിമാനപുളകിതനായി പറയുമ്പോൾ, അതേ അഭിമാനത്തോടെ ആ കത്തുവായിക്കുമ്പോൾ അതിനപ്പുറം ഒരു ഐഡിയോളജിക്കൽ അധപതനം സിപിഎമ്മിന് വരാനില്ല. വർഗ്ഗീയവാദികൾക്കിടയിലെത്തന്നെ ഏറ്റവും വലിയ വർഗ്ഗീയവാദിയാണ് യോഗി ആദിത്യനാഥ് എന്നോർക്കണം. സ്റ്റാലിനോ മമതാ ബാനർജിയോ ഇത്തരത്തിൽ യോഗി ആദിത്യനാഥിന്റെ കത്തുവായിക്കുമായിരുന്നു എന്ന് ഞാൻ കരുതുന്നില്ല.

സി പി എം ഇത്തരത്തിലുള്ള ഭൂരിപക്ഷപ്രീണനത്തിനുപോകുമ്പോൾ സത്യത്തിൽ ഭയമാണ് തോന്നുന്നത്. സംഘപരിവാറിനെതിരേ ഏറ്റവും ജാഗ്രതയോടെ ഏറ്റവും കണിശതയോടെ ഇരിക്കേണ്ട സമയത്ത് സി പി എമ്മിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം വൻ ഒത്തുതീർപ്പുകൾ ഭാവിയിലെ വൻവീഴ്ചകളായി മാറിയേക്കാം. ലോകം മുഴുവൻ തീവ്രദേശീയതയിലേക്കും അതിന്റെ ഉപോത്പന്നമായ 'ഹേറ്റ് പൊളിറ്റിക്‌സ്' ലേക്കും മാറിയിരിക്കുന്ന സമയത്ത് പ്രത്യേകിച്ചും.

ഇപ്പോൾത്തന്നെ കാലങ്ങളായി സംഘപരിവാർ കേരളത്തിൽ നടത്തുന്ന 'ബൃഹത്തായ ആ വലനെയ്ത്തിന്റെ' ഫലം ഭയപ്പെടുത്തുംവിധം നാം ചുറ്റും കാണുന്നുണ്ട്. നേരത്തേയൊക്കെ മനസ്സിൽ അതുണ്ടെങ്കിൽപ്പോലും പുറത്തുപറയുന്നത് മോശമാണെന്നു കരുതിയിരുന്ന മലയാളികൾ ഇപ്പോൾ വളരെ പ്രകടമായിത്തന്നെ വർഗ്ഗീയത പറഞ്ഞുതുടങ്ങിയിരിക്കുന്നു. 'മലയാളികൾ' ഫാസ്റ്റ് ഫോർവേഡ് അടിക്കുന്ന വേഗത്തിൽ 'നമ്മളും അവരും' ആയി മാറിക്കൊണ്ടിരിക്കുന്നു. ആ സമയത്താണ് ബി ജെ പി സർക്കാരുകൾ കുംഭമേള നടത്തുന്നതുപോലെ സി പി എം സർക്കാർ അയ്യപ്പസംഗമം നടത്തുന്നത്.

 വർഗ്ഗീയവാദികൾക്കിടയിലെത്തന്നെ ഏറ്റവും വലിയ വർഗ്ഗീയവാദിയാണ് യോഗി ആദിത്യനാഥ് എന്നോർക്കണം. സ്റ്റാലിനോ മമതാ ബാനർജിയോ ഇത്തരത്തിൽ യോഗി ആദിത്യനാഥിന്റെ കത്തുവായിക്കുമായിരുന്നു എന്ന് ഞാൻ കരുതുന്നില്ല.
വർഗ്ഗീയവാദികൾക്കിടയിലെത്തന്നെ ഏറ്റവും വലിയ വർഗ്ഗീയവാദിയാണ് യോഗി ആദിത്യനാഥ് എന്നോർക്കണം. സ്റ്റാലിനോ മമതാ ബാനർജിയോ ഇത്തരത്തിൽ യോഗി ആദിത്യനാഥിന്റെ കത്തുവായിക്കുമായിരുന്നു എന്ന് ഞാൻ കരുതുന്നില്ല.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിൻ്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിൻ്റെയും ന്യൂനപക്ഷ വിരോധത്തിൻ്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി. ഉദാഹരണത്തിന്, അമൃതാനന്ദമയി​ എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി. മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

കേരളത്തിനുപുറത്ത് സംഘപരിവാറിനെയോ ബി ജെ പി സർക്കാരിനെയോ ഏതെങ്കിലും രീതിയിൽ വിമർശിക്കുന്നവരുടെ അവസ്ഥ നമുക്കറിയാം. മതേതരത്വം പറഞ്ഞാൽ അർബൻ നക്‌സലൈറ്റായി, രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുകയാണ്. ഗൗരി ലങ്കേഷിനെപ്പോലെ കൊല്ലപ്പെട്ടവർ, സുധ ഭരദ്വാജിനെപ്പോലെ കാലങ്ങൾ ജയിലിൽ കിടന്നവർ, സ്റ്റാൻ സ്വാമിയെപ്പോലെ ജയിലിൽ അവസാനിച്ചവർ, ഉമർ ഖാലിദിനെപ്പോലെ നീതിനിഷേധിക്കപ്പെട്ട് ഇപ്പോഴും ജയിലിൽ തുടരുന്നവർ, പിന്നെ ഘാതകർ എപ്പോഴും പിറകേയുള്ള സ്റ്റാൻഡപ്പ് കൊമേഡിയൻ മുനവർ ഫാറൂഖി...(മുനവറിന്റെ കാര്യം ഓർക്കുമ്പോൾ വലിയ സങ്കടം വരും. അവന്റെ പ്രായം വച്ച് അതിശയിപ്പിക്കുന്ന ആക്ഷേപഹാസ്യം കൊണ്ട് പകുതി ഇന്ത്യയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പകുതി ഇന്ത്യയെ വെറുപ്പിക്കുകയും ചെയ്ത ഒരാൾ...വെറു മുപ്പത്തിമൂന്നുവയസ്സേയുള്ളൂ അവന്.).

ഏതാണ്ട് 20 വർഷം മുമ്പുവരെ ഇന്ത്യയിൽ ഇടതുപക്ഷമനസ്സുള്ളവരുടെ ഏറ്റവും വലിയ ശത്രു കോൺഗ്രസ്സായിരുന്നു. ഇപ്പോൾ പക്ഷേ നമുക്കറിയാം, അത് സംഘപരിവാറാണ്. ദേശീയ രാഷ്ട്രീയത്തിൽ നോക്കിയാൽ സി പി എമ്മിൽ ഉള്ളതിനേക്കാൾ ഇടതുപക്ഷ മനോഭാവമുള്ള കോൺഗ്രസ് നേതാക്കളുണ്ട്. ഇടതുപക്ഷ മനോഭാവം എന്നതുകൊണ്ട് ഞാൻ കമ്യൂണിസമോ മാർക്‌സിസമോ ഒന്നുമല്ല ഉദ്ദേശിക്കുന്നത്. ആഗോളതലത്തിൽ ലെഫ്റ്റീസ് എന്നുവിളിക്കപ്പെടുന്ന 'സാമൂഹിക സമത്വം, സാമൂഹിക നീതി, സാഹോദര്യം, രാഷ്ട്രീയ സത്യസന്ധത, സാമൂഹിക രാഷ്ട്രീയ ശരികളോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടങ്ങിയവ വിശ്വാസപ്രമാണങ്ങളായിട്ടുള്ള ആ വലിയ ഗ്ലോബൽ സമൂഹത്തെയാണ്. ഈ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സാധാരണ ജനസമാനത്തിനുവേണ്ടി, ഭരണഘടനക്കുവേണ്ടി ഇന്ത്യയിൽ ഇന്ന് ഏറ്റവും വലിയ പോരാട്ടം നടത്തുന്നത് രാഹുൽ ഗാന്ധിയാണ്. ഇടതുപക്ഷചിന്താഗതിയുള്ളവർക്ക് ഇപ്പോൾ കോൺഗ്രസ് ശത്രുവല്ല. ഇവിടെ ഓർക്കേണ്ടത് ഇന്ത്യൻ രാഷ്ടീയം ഏറ്റവും നന്നായി മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ്, സഖാവ് സീതാറാം യെച്ചൂരിയും രാഹുൽ ഗാന്ധിയുമായി ഉണ്ടായിരുന്ന ഗാഢമായ സൗഹൃദമാണ്.

നമുക്കറിയാം, വളരെ കേന്ദ്രീകൃതമായ ഫെഡറൽ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അങ്ങനെയൊരു വ്യവസ്ഥയിൽ കോൺഗ്രസും സി പി എമ്മും ശക്തരായ പ്രതിപക്ഷവും ഭരണപക്ഷവുമായി തുടരുന്നിടത്തോളം കാലം നമുക്ക് കേരളത്തെ പ്രതി ടെൻഷനാവേണ്ട കാര്യമില്ല. ആ ഒരു സിസ്റ്റം സ്വാഭാവികമായും സംഘപരിവാറിനെ അകറ്റിനിർത്തിക്കൊള്ളും. മതേതരവിശ്വാസികൾക്ക്, ഇടതുപക്ഷ മനോഭാവമുള്ളവർക്ക് ആ ഒരു അവസ്ഥ നൽകിയിരുന്ന സമാധാനം വളരെ വലുതാണ്. ആ ഒരു സമാധാനമാണ് സി പി എമ്മിന്റെ ഇത്തരം അപകടകരമായ പ്രീണനപ്രവർത്തനങ്ങൾ കൊണ്ട് ഇല്ലാതാവുന്നത്. വിശ്വാസികൾക്കല്ല സി പി എമ്മിനെ ആവശ്യമുള്ളത്, സെക്യുലറിസ്റ്റുകൾക്കാണ്.

 ഇടതുപക്ഷചിന്താഗതിയുള്ളവർക്ക് ഇപ്പോൾ കോൺഗ്രസ് ശത്രുവല്ല. ഇവിടെ ഓർക്കേണ്ടത് ഇന്ത്യൻ രാഷ്ടീയം ഏറ്റവും നന്നായി മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ്, സഖാവ് സീതാറാം യെച്ചൂരിയും രാഹുൽ ഗാന്ധിയുമായി ഉണ്ടായിരുന്ന ഗാഢമായ സൗഹൃദമാണ്.
ഇടതുപക്ഷചിന്താഗതിയുള്ളവർക്ക് ഇപ്പോൾ കോൺഗ്രസ് ശത്രുവല്ല. ഇവിടെ ഓർക്കേണ്ടത് ഇന്ത്യൻ രാഷ്ടീയം ഏറ്റവും നന്നായി മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ്, സഖാവ് സീതാറാം യെച്ചൂരിയും രാഹുൽ ഗാന്ധിയുമായി ഉണ്ടായിരുന്ന ഗാഢമായ സൗഹൃദമാണ്.

'വര്‍ഗീയവാദികള്‍ക്ക് ഒപ്പമല്ല, വിശ്വാസികള്‍ക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാര്‍ട്ടി പറയുന്നത്. വര്‍ഗീയവാദത്തെയും വിശ്വാസത്തെയും വേര്‍തിരിക്കാന്‍ ഇപ്പോള്‍ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിര്‍വചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?

എന്തിനാണ് സർക്കാർ അയ്യപ്പസംഗമം പോലെ വളരെ പ്രത്യക്ഷമായിത്തന്നെ മതാധിഷ്ഠിതമായ ഒരു പരിപാടി നടത്തി വിശ്വാസികൾക്കൊപ്പമാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നത്? മുസ്ലീങ്ങൾക്കും കൃസ്ത്യാനികൾക്കുമൊക്കെ വേണ്ടി ഇങ്ങനെ സംഗമങ്ങൾ നടത്തുമോ സർക്കാർ? സർക്കാർ വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒപ്പം ആവേണ്ടതില്ല, സർക്കാർ ജനങ്ങൾക്കൊപ്പമാണ് ആവേണ്ടത്. അല്ലെങ്കിൽത്തന്നെ ഇപ്പോൾ വിശ്വാസികൾക്ക് സർക്കാരിനെ അത്രക്കങ്ങ് ആവശ്യം വന്ന എന്തുസന്ദർഭമാണ് ഉണ്ടായത്? ഇവിടെ വിശ്വാസികൾക്ക് സർക്കാരിനെയല്ല, സർക്കാരിന് വിശ്വാസികളെയാണ് ആവശ്യം. കാരണം ഒന്നാഞ്ഞുപിടിച്ചാൽ മൂന്നാം തുടർസർക്കാർ എന്ന കേരളചരിത്രത്തിലെതന്നെ അവിശ്വസനീയ മുഹൂർത്തം കൈപ്പിടിയിലാവുമെന്ന് സി പി എം കരുതുന്നു. അപ്പോൾപ്പിന്നെ ആ ആഞ്ഞുപിടിക്കൽ എങ്ങനെയായാലെന്ത്? തീർച്ചയായും അത് സി പി എമ്മിന് ഇപ്പോൾ വലിയ ഗുണം ചെയ്‌തേക്കാം. പക്ഷേ മതേതര കേരളത്തെ സംബന്ധിച്ച് അതൊരു വലിയ കൈവിട്ടുപോകലാണ്.

എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെച്ചേര്‍ത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയന്‍സിന് കേരളത്തില്‍ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?

ഹിന്ദുത്വ വാദികളെ മാറ്റിനിർത്തിയാൽ, വിശ്വാസികൾ ഇപ്പോഴും ഒരു വോട്ടുബാങ്കായി മാറിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. അയ്യപ്പസംഗമം, എൻ എസ് എസ് സംഗമം എന്നിവക്കൊക്കെ ശേഷമുണ്ടാവുമെന്ന് അല്ലെങ്കിൽ ഉണ്ടായെന്ന് സി പി എം കരുതുന്ന ഈ 'ഹിന്ദു വോട്ടിനെ' ഇലക്ഷനിൽ കൺസോളിഡേറ്റ് ചെയ്യാൻ സി പി എമ്മിന് എത്രമാത്രം കഴിയുമെന്ന് എനിക്ക് സംശയമുണ്ട്. അയ്യപ്പസംഗമം ഒരു വലിയ രാഷ്ട്രീയ മൂവ് തന്നെയാണ്. പക്ഷേ അത് വിശ്വാസികൾക്കിടയിൽ മാറ്റമുണ്ടാക്കാൻ പാകത്തിന് വിശ്വാസികളെ നേരിട്ട് ബാധിക്കുന്ന, അവരുടെ വിശ്വാസത്തെ ബാധിക്കുന്ന ഒരു കാര്യമൊന്നുമല്ല. അതേസമയം ശബരിമല സ്ത്രീ പ്രവേശനം അവരുടെ വിശ്വാസത്തെ നേരിട്ടുബാധിച്ച ഒരു കാര്യമാണ്. അതുപോലും എത്ര വോട്ടായി മാറി എന്നു നാം കണ്ടതാണ്. ഇനി വിശ്വാസികളുടെ വോട്ട് കൂടുതൽ ലഭിച്ചാൽത്തന്നെ ഈ ഒരു നടപടി രോഷം കൊള്ളിച്ചിരിക്കുന്ന വലിയൊരു വിഭാഗം മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഇത് സി പി എമ്മിൽനിന്ന് അകറ്റുകയും ചെയ്‌തേക്കാം. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനിൽ കൃത്യമായ കണക്കുകൂട്ടലോടെ കോൺഗ്രസിന് വോട്ടു ചെയ്ത ആളുകളെപ്പറ്റിയാണ് ഞാൻ പറയുന്നത്. ഇനി തുടർഭരണം കിട്ടിയാൽ അതിൽ അയ്യപ്പസംഗമത്തേക്കാൾ വലിയ റോൾ ഇപ്പോഴത്തെ കോൺഗ്രസിന്റെ അവസ്ഥക്കുണ്ടാവുമെന്ന് ഞാൻ കരുതുന്നു.

എന്തിനാണ് സർക്കാർ അയ്യപ്പസംഗമം പോലെ വളരെ പ്രത്യക്ഷമായിത്തന്നെ മതാധിഷ്ഠിതമായ ഒരു പരിപാടി നടത്തി വിശ്വാസികൾക്കൊപ്പമാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നത്?
എന്തിനാണ് സർക്കാർ അയ്യപ്പസംഗമം പോലെ വളരെ പ്രത്യക്ഷമായിത്തന്നെ മതാധിഷ്ഠിതമായ ഒരു പരിപാടി നടത്തി വിശ്വാസികൾക്കൊപ്പമാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നത്?

കേരളത്തില്‍ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോള്‍ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോള്‍ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമര്‍ശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാല്‍, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികള്‍, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ അതിശക്തമായ വലതുപക്ഷവല്‍ക്കരണം അരങ്ങേറുമ്പോള്‍ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?

നമുക്കറിയാം, സി പി എമ്മിനകത്ത് അങ്ങനെയൊരു 'സാംസ്‌കാരിക പ്രതിപക്ഷം' ആയി ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചത് വി.എസ് ആയിരുന്നു. ഒരുകാലത്ത് പു ക സയും വിജയൻ മാഷും ഒക്കെയുണ്ടായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ സി പി എമ്മിനുള്ളിലെ അവസാനത്തെ തിരുത്തൽ പ്രതിപക്ഷവും വി.എസ് ആയിരിക്കും എന്നാണ് എനിക്കു തോന്നുന്നത്. വിട്ടുവീഴ്ച ചെയ്യാത്ത ഒരു സി പി എം ഇവിടെ വേണമെന്ന് സി പി എംകാരേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നത് സി പി എമ്മിനു പുറത്തുള്ളവരാണ്. അങ്ങനെയൊരു സി പി എം നമുക്കൊക്കെ നൽകുന്ന ഒരുറപ്പ് വളരെ വലുതാണ്.


Summary: The extremely dangerous compromises made by Kerala CPIM and left politics to maintain parliamentary power, Sandhya Mary writes.


സന്ധ്യാ മേരി

കഥാകൃത്ത്​, നോവലിസ്​റ്റ്​. വർഷങ്ങളായി ദൃശ്യ- ശ്രവണ മാധ്യമരംഗത്ത്​ പ്രവർത്തിക്കുന്നു. ​​​​​​​ചിട്ടിക്കാരൻ യൂദാസ് ഭൂത വർത്തമാന കാലങ്ങൾക്കിടയിൽ (കഥ), മരിയ വെറും മരിയ (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments