ഐക്യകേരളത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് ആഗോള കമ്യൂണിസ്റ്റ് ചരിത്രത്തിലെ പ്രധാന ഏടാണ്. ചെങ്കൊടിക്കു കീഴിൽ ഒരു ജനത സാമൂഹിക വിമോചനത്തിന്റെ പ്രത്യയശാസ്ത്രമായ മാർക്സിസം നെഞ്ചോടടുക്കിപ്പിടിക്കുന്നതും കേരളം സമൂലം ചുവപ്പണിയുന്നതും ലോകജനത കണ്ടു.
സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആശയം കേരളത്തെ സംബന്ധിച്ച് പുറത്തുനിന്ന് ഇറക്കുമതി ചെയ്ത പുത്തൻചരക്കായ പ്രത്യശാസ്ത്രമായിരുന്നില്ല. ആറാട്ടുപുഴ വേലായുധ പണിക്കർ, നാരായണഗുരു, അയ്യൻകാളി, കാവാരിക്കുളം കണ്ടൻ കുമാരൻ, വാഗ്ഭടാനന്ദൻ, പൊയ്കയിൽ അപ്പച്ചൻ, വൈകുണ്ഠസ്വാമി, തൈക്കാട് അയ്യാസ്വാമി എന്നിങ്ങനെ അടിത്തട്ട് ജനതയിൽ നിന്ന് ഉയർന്നുവന്ന്; സാഹോദര്യമില്ലായ്മയുടെ അസ്വാതന്ത്ര്യത്തിന്റെ, വിലക്കുകളുടെ, സാമൂഹിക അന്തരീക്ഷത്തെ തുടച്ചുമാറ്റാൻ പരിശ്രമിച്ച നവോത്ഥാന നായകരുടെ സ്വാധീനവും ക്രൈസ്തവ- ഇസ്ലാം മതങ്ങളിലെ സ്നേഹവാക്യങ്ങളും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് ആശയങ്ങൾക്ക് വേരോട്ടമുണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

അഥവാ, ബ്രാഹ്മണ്യത്തിന്റെ വരേണ്യമായ നാട്ടുനടപ്പുകളെ നിഷേധിച്ച നവോത്ഥാന പ്രവർത്തകരുടെ ചിന്തകളുടെയും പ്രവർത്തികളുടെയും തുടർച്ചയായി ഫ്യൂഡൽ തമ്പുരാക്കന്മാരോടുള്ള രാഷ്ട്രീയ വിയോജിപ്പിന്റെ ഭാഗമായും സമ്പദ് വ്യവസ്ഥയിലെ തുല്യ പങ്കാളിത്തത്തിനുള്ള സമരങ്ങളെ ജ്വലിപ്പിക്കുന്നതിനുള്ള ആശയമായും കേരളത്തിലെ അടിസ്ഥാന ജാതിസമൂഹങ്ങൾ മാർക്സിസത്തെ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയിലാണ് 1957-ലെ ജനഹിതം. കമ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിൽ അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന എം.എൻ. ഗോവിന്ദൻ നായർ ആവിഷ്ക്കരിച്ച അടവുകളും തന്ത്രങ്ങളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1957 ഏപ്രിൽ അഞ്ചിന്, ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി സർക്കാർ ഭരണം തുടങ്ങി. അന്തർദേശീയ തലത്തിൽ കേരള ജനതയുടെ ഈ രാഷ്ട്രീയ തീരുമാനം പ്രകീർത്തിക്കപ്പെട്ടു.
ഈ ഗവൺമെന്റിനെ താഴെയിറക്കാൻ നിക്ഷിപ്ത താത്പര്യങ്ങളും പദ്ധതികളും ഉണ്ടായിരുന്ന വരേണ്യ ജാതി -മത സംഘടനകളും ഇടപ്രഭുക്കന്മാരും വലതുപക്ഷ മാധ്യമങ്ങളും സംഘടിത ശക്തിയായായി മാറി. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയത് പോലെ തന്നെ ചരിത്രപ്രധാനമായ ഒന്നാണ് ഇത്തരം ഛിദ്രശക്തികളുടെ കൂട്ടായ്മ ജനദ്രോഹകരമായ ഒരു സമരരൂപത്തിലേക്ക് വളർന്നു എന്നതും. വിമോചന സമരം എന്നാണ് ഇതറിയപ്പെട്ടത്. ഈ രാഷ്ട്രീയ സംജ്ഞ കേരളത്തിന്റെ അന്തരീക്ഷത്തിലേക്ക് എയ്തുവിട്ടത് പനമ്പള്ളി ഗോവിന്ദമേനോൻ ആയിരുന്നു. തൃശ്ശൂരിൽ സീതാറാം മിൽസിലെ അഞ്ച് INTUC തൊഴിലാളികളുടെ സെക്ഷൻ മാറ്റിയതുമായി ബന്ധപ്പെട്ട സമരം 1958 മെയ് 16 ന് അതിശക്തമായി ആരംഭിച്ചു. ആ തീയതിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ദേവികുളത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ട റോസമ്മ പുന്നൂസിന്റെ അംഗത്വം തെരഞ്ഞെടുപ്പ് കേസിൽ ട്രൈബ്യൂണൽ റദ്ദാക്കി. തുടർന്ന് നടന്ന സംസ്ഥാനത്തെ ആദ്യ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും റോസമ്മ പുന്നൂസ് ഇടതു ടിക്കറ്റിൽ ദേവികുളത്തെ പ്രതിനിധീകരിക്കും എന്ന വാർത്ത പുറത്തുവന്ന ദിവസവും ആയിരുന്നു അത്. സീതാറാം മിൽസിലെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വിമോചനസമരം എന്ന പ്രതിലോമ ആശയം പനമ്പള്ളി ഗോവിന്ദമേനോൻ ഇടതുപക്ഷ സർക്കാരിനെതിരേയുള്ള പ്രക്ഷോഭത്തിന്റെ താക്കോൽവാക്കായി തൊടുത്തുവിട്ടു.

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ജനക്ഷേമകരമായ പ്രവർത്തന പദ്ധതികൾക്ക് പാർട്ടി രൂപം കൊടുത്ത നയങ്ങളും രേഖകളും തങ്ങളുടെ രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക മേൽക്കൈക്ക് വിഘാതമാകുമെന്ന് തിരിച്ചറിഞ്ഞ കേരളത്തിലെ വലതുപക്ഷ ഫ്യൂഡൽ ശക്തികൾ ഒരുമിച്ചു. പ്രധാനമായും നായർ സർവീസ് സൊസൈറ്റിയും കത്തോലിക്കാ സഭയും വിമോചന സമരത്തിന് വലിയൊരളവിൽ നേതൃത്വവും അണികളെയും നൽകി. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരോ അനുഭാവികളോ ആയ പട്ടികജാതിയിൽ പെട്ട മനുഷ്യരെ അടിച്ചൊതുക്കാൻ മധ്യതിരുവിതാംകൂറിൽ ‘നിരണംപട’ എന്ന പേരിൽ ശൂദ്രഗുണ്ടാസംഘം സൃഷ്ടിക്കപ്പെട്ടു. ഇതിന്റെ പല രൂപങ്ങൾ സംസ്ഥാനത്ത് എമ്പാടും ഉണ്ടായിരുന്നു. അവർ കമ്യൂണിസ്റ്റുകളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. “തമ്പ്രാൻ എന്ന് വിളിപ്പിക്കും, പാളേൽ കഞ്ഞി കുടിപ്പിക്കും”, “ചാക്കോ നാടുഭരിക്കട്ടെ ചാത്തൻ കണ്ടം പൂട്ടട്ടെ” എന്നിങ്ങനെയുള്ള ഭരണഘടനാ വിരുദ്ധമായ മുദ്രാവാക്യങ്ങളാണ് വിമോചന സമരക്കാർ ഉറക്കെ വിളിച്ചു പോന്നിരുന്നത്. തുല്യതയും സാഹോദര്യവുമുള്ള അന്തസ്സുള്ള ഒരു ദേശരാഷ്ട്രം സ്വപ്നം കണ്ട അടിസ്ഥാന ജാതി- വർഗ്ഗ ജനതയ്ക്ക് മേലുള്ള ശാരീരികാക്രമണവും രാഷ്ട്രീയ ആക്രമണവും ആയിരുന്നു വിമോചന സമരം. അത് രാഷ്ട്രീയ പ്രതീക്ഷകളുടെ നാളത്തെ കെടുത്താൻ ശ്രമിച്ചു. ജനഹിതത്താൽ നിലവിൽവന്ന ഇടതുപക്ഷ സർക്കാർ പുറത്താക്കപ്പെട്ടു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രധാന സമവാക്യമായി മാറി. ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം നേടാനാവാത്ത വലതുപക്ഷ കക്ഷികൾ മുന്നണിയായി സർക്കാർ രൂപീകരിക്കുകയും അവർക്കിടയിലെ പടല പിണക്കങ്ങൾ മന്ത്രിസഭയെ അസ്ഥിരപ്പെടുത്തുകയും ചെയ്തു. ഏറെക്കുറെ ഈ കാലത്താണ് കമ്യൂണിസ്റ്റ് പാർട്ടി പിളരുന്നത്. കേരളത്തിലെ ഇടത്- വലത് കക്ഷികൾക്ക് മുന്നണി സംവിധാനത്തിലേക്ക് ചുവടുമാറ്റേണ്ടിവന്നു. തീർച്ചയായും വ്യത്യസ്തമായ ജാതി മത സങ്കുചിത താത്പര്യങ്ങൾ പുലർത്തുന്നവരായിരുന്നു പ്രാദേശിക കക്ഷികളിൽ പലതും. അതുകൊണ്ട് പലപ്പോഴും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിമോചന സമരത്തിലൂടെ തങ്ങളെ പുറത്താക്കിയ ജാതി-മത താത്പര്യക്കാരുടെ രാഷ്ട്രീയ രൂപങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടതായി വന്നു.

വിദ്യാഭ്യാസ മേഖലയിൽ തങ്ങൾ നടത്തിക്കൊണ്ടിരുന്ന ചൂഷണത്തിന് തടയിടുന്ന ബില്ല് പാസാക്കിയെടുത്ത മന്ത്രിസഭയോടുള്ള കടുത്ത പ്രതിഷേധം കൂടിയായിരുന്നല്ലോ വിമോചന സമരം. പിന്നീട് കേരളത്തിൽ ഭരണത്തിൽ വന്ന മുന്നണികളിൽ വിദ്യാഭ്യാസ വകുപ്പ് പ്രധാനമായും വിദ്യാഭ്യാസ മേഖലയിൽ മുതൽമുടക്കിയിട്ടുള്ള പ്രബല സമുദായത്തിന് മേൽക്കയ്യുള്ള, അവരുടെ താത്പര്യം സംരക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടിക്കായിരുന്നു. അതാകട്ടെ സംസ്ഥാനത്തിന്റെ വിഭവങ്ങളുടെ പങ്കിടലിൽ ന്യായമായ വിതരണത്തിനുള്ള സാധ്യതകളെ തടസ്സപ്പെടുത്തി. സംവരണ തത്വങ്ങൾ പോലും അട്ടിമറിക്കപ്പെടുന്ന അന്തരീക്ഷം ഇപ്പോൾ വിദ്യാഭ്യാസമേഖലയിൽ പരക്കെയുണ്ട്.
മൂലധനശക്തികളായ ജാതിക്കും മതത്തിനും കീഴടങ്ങി, ഏതു കൊള്ളക്കാരനോടും മുന്നണി ബന്ധം സ്ഥാപിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ഇത്തരം ഭരണഘടനാ വിരുദ്ധമായ തത്പര കക്ഷികളുടെ ഇംഗിതങ്ങൾ രാഷ്ട്രീയമായി പൂർത്തീകരിച്ചെടുക്കുന്നത്. മൂന്നാം തുടർഭരണത്തിന് കോപ്പുകൂട്ടുന്ന പിണറായി വിജയൻ സർക്കാർ മാത്രമല്ല, പ്രതിലോമപരമായി കേരള സമൂഹത്തോട് ഇടപെടുന്ന മത- ജാതി പിന്തിരിപ്പൻ ശക്തികളോട് സമരസപ്പെടുന്ന ആദ്യ ഇടതുപക്ഷ സർക്കാർ. ഏറെ പുരോഗമനപരമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ മതമില്ലാത്ത ജീവൻ എന്ന പാഠഭാഗം ചർച്ചയ്ക്കോ ചെറുത്തുനിൽപ്പിനോ പോലും തയ്യാറാകാതെ പിൻവലിക്കേണ്ടിവന്ന സാഹചര്യം സമീപ ഭൂതകാല ചരിത്രത്തിലുണ്ട്. സുരക്ഷിതമായ മണ്ഡലം എന്നാൽ ഏതു ജാതി- മതക്കാർക്ക് ആണോ കൂടുതൽ വോട്ടുള്ളത്, അവർക്ക് ഒരു പ്രതിനിധിയെ സമ്മാനിക്കുക എന്നതായി സ്ഥാനാർത്ഥി നിർണയ മാനദണ്ഡം. രാഷ്ട്ര താത്പര്യങ്ങൾക്കൊപ്പമല്ലാത്ത ആർത്തിക്കാരായ പുരോഹിതർക്കും ജാതി സംഘടനാ നേതാക്കൾക്കും വിലപേശാനുള്ള സാഹചര്യം അത് ഒരുക്കി.

ജാതി തിരിച്ച് പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാക്കി സമ്മതിദാനാവകാശം ചുരുക്കുന്നതിൽ കേരളത്തിലെ സകല രാഷ്ട്രീയപാർട്ടികൾക്കും ഉത്തരവാദിത്വമുണ്ട്. മൂലധനശേഷിയും മനുഷ്യവിഭവശേഷിയുമുള്ള പ്രബല ജാതികൾ തമ്മിലുള്ള സൗഹൃദമത്സരങ്ങളായി പൊതുതെരഞ്ഞെടുപ്പ്. അതിനാൽ ദേശത്തെ സമഗ്ര പൗരാവലിയെ പ്രതിനിധീകരിക്കുന്ന ഒരു സഭയല്ല കാലങ്ങളായി നിലവിലുള്ളത്. ജനാധിപത്യ സങ്കൽപത്തിന് വിരുദ്ധമായി ‘നോമിനേറ്റ് ചെയ്യപ്പെട്ടവരുടെ ഒരിടം’ ആയതിനാൽ അവിടം പന്നിക്കൂടിന് സമാനമാണെന്ന് പ്രതിഷേധപ്പാട്ടു കെട്ടുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.
കേരളത്തിന്റെ മതേതര മനസ്സ് എന്നത് വീൺവാക്കുകളുടെ ചെണ്ടത്തോലിൽ കൊട്ടിക്കൊട്ടിഗ്ഘോഷിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നില്ല. അപര പ്രിയങ്ങളെ കേരളത്തിന്റെ അടിസ്ഥാന ചേതനയിലേക്ക് കടത്തിവിട്ട, അടിസ്ഥാന ജനവിഭാഗത്തിൽ നിന്ന് ഉയർന്നുവന്ന സാമൂഹിക പരിഷ്കർത്താക്കളായ ചിന്തകർ ബഹുദൂരം കേരളത്തെ മുൻപോട്ട് കൊണ്ടുപോയിരുന്നു. നടക്കാൻ, ഉടുക്കാൻ, കഴിക്കാൻ, പാട്ടുപാടാൻ, ആരാധിക്കാൻ, പൂജിക്കാൻ, പുണർന്നു പെറാൻ അവർ കേരളത്തെ പ്രാപ്തമാക്കി. അത് ബ്രാഹ്മണ്യത്തിന്റെ ‘ശാസ്ത്രനിയമങ്ങളോടുള്ള(?)’ പ്രത്യക്ഷത്തിലുള്ള വിയോജിപ്പായിരുന്നു. അത് മനുഷ്യനെ കേന്ദ്രത്തിൽ സ്ഥാപിച്ചു. ബ്രാഹ്മണ്യം ജാതിവ്യവസ്ഥയും ചാതുർവർണ്യവും നിലനിർത്തി മനുഷ്യരെ തട്ടുകളായി വിഭജിച്ച് വെറുപ്പ് പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു. അതുകൊണ്ടാണ് ഗുരു 1888- ൽ അരുവിപ്പുറത്ത് കലഹപ്രതിഷ്ഠയ്ക്ക് മുതിർന്നതും പിന്നീട് “ആത്മോപദേശ ശതക”ത്തിൽ,
‘പ്രിയമൊരു ജാതിയിതെൻ പ്രിയം, ത്വദീയ-
പ്രിയമപര പ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.’ എന്നും എഴുതുന്നത്. വെറുപ്പ് ഉല്പാദിപ്പിക്കുന്ന വരേണ്യതയ്ക്ക് മുഖാമുഖമായി സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനത്തെ നിർമ്മിക്കുന്നത്.
നാരായണധർമ്മങ്ങളുടെ പരിപാലനത്തിലൂടെ ജാതിരഹിത മതേതര സമൂഹത്തെ കെട്ടിപ്പടുക്കേണ്ടത് സംഘടിതശക്തി ഉപയോഗിച്ചു കൊണ്ടാവണമെന്ന് ഉദ്ബോധിപ്പിച്ച ഒരു സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന വെള്ളാപ്പള്ളി നടേശൻ, ന്യൂനപക്ഷവിരുദ്ധ വർഗീയ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത് ബോധപൂർവ്വമാണെന്ന് കേരളത്തിലെ പൊതുസമൂഹം മനസ്സിലാക്കുന്നുണ്ട്.

ഭരണഘടനയുടെ അന്തഃസത്ത പൊളിച്ചെഴുതാനുള്ള ശ്രമം രാഷ്ട്രീയ സ്വയംസേവക സംഘം നിയന്ത്രിക്കുന്ന കേന്ദ്രത്തിലെ എൻ ഡി എ സർക്കാർ നടത്തിപ്പോരുന്നുണ്ട്. ഭരണഘടന നിലവിൽ വന്ന കാലങ്ങളിൽ തന്നെ പരിവാരം അതിനോടുള്ള എതിർപ്പും വൈരവും തുറന്നു പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഭരണഘടന ആമുഖത്തിലെ ചില പദങ്ങളോടും അവ പ്രതിനിധീകരിക്കുന്ന വിശാലമായ അർത്ഥതലങ്ങളോടും രാജ്യത്തിന്റെ നിലപാടുകളോടുമുള്ള പരിവാരത്തിന്റെ അസഹിഷ്ണുത വെളിപ്പെടുത്തുന്ന നിയമനിർമ്മാണമായിരുന്നു സി എ എ എന്ന പൗരത്വബില്ല്. വിശ്വാസത്തെ പൗരത്വത്തിന്റെ മാനദണ്ഡമാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം എതിർക്കപ്പെടേണ്ടതാണ്. കാരണം ഒരു പ്രത്യേക ജനസമൂഹത്തിന്റെ രൂപവും വേഷവും ഭീകരവാദികളുടെ രീതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിക്കുന്നുണ്ട്. അത് മുസ്ലിം സമുദായത്തെയാണ് ഉന്നം വയ്ക്കുന്നത്. ഇത്തരമൊരു രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശങ്ങൾ പുറപ്പെടുവിക്കുന്നത്. അത് സമൂഹത്തിൽ മതസ്പർദ്ധയും കലഹവും ഉണ്ടാക്കാനുള്ള സാധ്യത തുറക്കുന്ന വഴിമരുന്നാണ്.
പല്ലനയാറ്റിലെ റെഡീമർ ബോട്ടപകടത്തിൽ കുമാരനാശാൻ മരിച്ചതുമായി ബന്ധപ്പെട്ട് സംഘ് ഹാൻഡിലുകളിൽ നിന്നുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളി നടേശന്റെ വർഗീയ പ്രസ്താവനകൾ പരിശോധിക്കുമ്പോൾ, ഇതിനുപിന്നിൽ കൃത്യമായ പദ്ധതിയുണ്ടെന്ന് മനസ്സിലാക്കാം. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ദുരവസ്ഥ എന്ന ഖണ്ഡകാവ്യത്തിൽ മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട വരികൾ ആശാനെ വധിക്കുന്നതിന് മുസ്ലിം തീവ്രവാദികൾ കാരണമാക്കി എന്നും ബോട്ടപകടം അതിന്റെ ഫലമാണെന്നും സംഘപരിവാരം ആരോപിക്കുന്നു. ഇസ്ലാം മതവിശ്വാസികളെ മതത്തിന്റെയും വേഷത്തിന്റെയും അടിസ്ഥാനത്തിൽ കുറ്റവാളികളാക്കിയും അപരവത്കരിച്ചും ചിത്രീകരിച്ച് ഇസ്ലാമോഫോബിയ പടർത്തുന്നതിന്റെ ഭാഗമാണ് വെള്ളാപ്പള്ളി നടേശന്റെ വർഗീയ പ്രസ്താവനകളും എന്നു കാണേണ്ടതുണ്ട്.

ബാബുരാജ് ഭഗവതിയും ഡോ. കെ. അശ്റഫും തയ്യാറാക്കിയ “കേരള ഇസ്ലാമോഫോബിയ റിപ്പോർട്ട് 2024” എന്ന പുസ്തകത്തിൽ വെള്ളാപ്പള്ളി നടേശനെ പോലെ ഒരാൾ രൂപപ്പെട്ടുവന്നതിന്റെ സാമൂഹിക- രാഷ്ട്രീയ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്: ‘‘തങ്ങൾ ആരാണെന്നും എന്താണെന്നും തങ്ങളുടെ ഭാവിയും വർത്തമാനവും ഭൂതകാലവും എന്താണെന്നും നിർവചിക്കാനുള്ള അവകാശം ഏതു മനുഷ്യർക്കും എന്നപോലെ മുസ്ലിംകൾക്കും ഉണ്ട്. സാമൂഹിക / രാഷ്ട്രീയ /ദൈനംദിന യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള സമീപനങ്ങൾ രൂപപ്പെടുത്താനും അവകാശമുണ്ട്. മുസ്ലിംകളുടെ ഈ സ്വയം നിർണ്ണയാവകാശത്തെ നിരാകരിക്കുന്നതും നിഷേധിക്കുന്നതും തള്ളിക്കളയുന്നതും വംശീയതയാണ്. ഒരു വിഭാഗം മനുഷ്യർക്ക് തുല്യപദവി നിഷേധിക്കുന്നതാണ് വംശീയത. ബഹിഷ്കരണം, വിവേചനം, വാർപ്പ് മാതൃകകൾ, മുൻവിധി, വിദ്വേഷം, ആക്രമണം, വെറുപ്പ്, ഉച്ചനീചത്വങ്ങൾ തുടങ്ങി സ്വയം നിർണയാവകാശ നിഷേധത്തിന്റെ വിവിധ രൂപങ്ങളിൽ അത് പ്രവർത്തിക്കുന്നു. ഇസ്ലാമോഫോബിയ എന്ന മുസ്ലിം വിരുദ്ധ വംശീയതയ്ക്ക് പിന്നിൽ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ആധിപത്യ /മേൽക്കോയ്മാ താല്പര്യങ്ങളുണ്ട്. ജാതിപരവും ലിംഗപരവും സാമുദായികവും ദേശീയപരവും മതപരവും ചരിത്രപരവുമായ ഘടകങ്ങളും ഉണ്ടാകാം. സമൂഹത്തെ സ്വാധീനിക്കാൻ ശേഷിയുള്ള പൊതുവ്യക്തികൾ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങൾ ഇസ്ലാമോഫോബിയയുടെ ദൈനംദിന ആവിഷ്കാരത്തെയും പൊതുപ്രകടനത്തിയും പ്രതിഫലിപ്പിക്കുന്ന സാമൂഹിക മാതൃകയായി പരിഗണിക്കേണ്ടതുണ്ട്’’.
കേരളത്തിലെ പ്രബലമായ ഈഴവ സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ബോധപൂർവ്വം നടത്തുന്ന വർഗീയ പ്രസ്താവനകൾ സ്വയം നിർണയിക്കാനുള്ള മുസ്ലിംകളുടെ അവകാശം ഇല്ലാതാക്കാനുള്ള ശ്രമമാണ്. ഇത് സംഘ്പദ്ധതിയാണ്. മലപ്പുറം ജില്ലയിലെ ജനസംഖ്യാ പെരുപ്പം, സംസ്ഥാനത്തിന്റെ വിഭവങ്ങളിൽ വലിയ തോതിലുള്ള പങ്കുപറ്റൽ എന്നൊക്കെ വസ്തുനിഷ്ഠ രേഖകളുടെ പിൻബലമില്ലാതെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതിനുപിന്നിൽ രാജ്യത്തെ പൗരരായ മുസ്ലീങ്ങളെ കുറ്റവാളി സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യമാണുള്ളത്.
NSS ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെടുന്നതും വസ്തുനിഷ്ഠമായ രേഖകൾ സമാഹരിക്കരുത് എന്നാണ്. അതിനദ്ദേഹം ജാതി സെൻസസിനെ എതിർക്കും. തങ്ങളുടെ രാഷ്ട്രീയാധിപത്യവും മേൽക്കോയ്മയും നഷ്ടമാകുമെന്ന ഭീതിയിൽ ജാതി സെൻസസിനെ എതിർത്ത് നടത്തുന്ന വിലപേശലുകളെ പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ഗവൺമെന്റിനുള്ള പിന്തുണയാക്കി പരിവർത്തിപ്പിച്ച്, വിമോചന സമരകാലത്ത് അടിസ്ഥാന ജനതയുടെ രാഷ്ട്രീയമുന്നേറ്റങ്ങളെ തടഞ്ഞ ജാതിസംഘടനകൾ തങ്ങളുടെ അപ്രമാദിത്വം സ്ഥാപിച്ചുകഴിഞ്ഞു. ഒരു ഇടതു സംഘടനയിൽ വലതുപക്ഷ വരേണ്യ ബോധം പുലർത്തുന്ന പുത്തൻ നേതൃത്വമാണുള്ളത് എന്നാണ് മനസ്സിലാക്കേണ്ടത്. ഇത് സംഘപരിവാർ രാഷ്ട്രീയത്തിന്റെ തൊഴുത്തിലേക്കാണ് കേരളത്തെ കൊണ്ടുചെന്ന് കെട്ടുന്നത്. തങ്ങൾക്ക് താത്പര്യമില്ലാത്ത കുറെ കുറ്റവാളി സമൂഹങ്ങളെ സൃഷ്ടിച്ചുകഴിഞ്ഞാൽ അവരെ കൈകാര്യം ചെയ്യുന്നതിനാവശ്യമായ ഭേദഗതികൾ ഭരണഘടനയ്ക്കുള്ളിൽ വരുത്തുന്നത് അത്യന്താപേക്ഷിതമായിത്തീരും.

മതമല്ല മനുഷ്യനെ സൃഷ്ടിച്ചതെന്നും മനുഷ്യനാണ് മതത്തെ സൃഷ്ടിച്ചതെന്നും ഹെഗലിന്റെ കാഴ്ചപ്പാടുകളെ വിമർശിച്ച് മാർക്സ് എഴുതുന്നുണ്ട്. മതത്തെ സൃഷ്ടിക്കുന്നത് നിലവിലെ സാഹചര്യങ്ങളാണ്. ചൂഷിതരിലെ ബഹുഭൂരിപക്ഷം പേരും വിശ്വാസികളായിരിക്കുന്നതിന് കാരണം, രാഷ്ട്രീയമായി പരിഹരിക്കേണ്ട പലതും രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ മൂലം നിലനിൽക്കുന്നതുകൊണ്ടാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശം നിഷേധിക്കപ്പെട്ട വിശ്വാസികളുമായി ചേർന്ന് നടത്തുന്ന ജാഥയിൽ എ. കെ. ഗോപാലനാണ് ക്യാപ്റ്റനാകുന്നത്. അവകാശപ്പെട്ട ഇടങ്ങളിൽ മനുഷ്യാവകാശങ്ങളെ നിരോധിക്കുന്ന സാഹചര്യങ്ങളോടുള്ള വിയോജിപ്പും അത് സംഘടിതബലത്താൽ പിടിച്ചെടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവർത്തനമാണ് അതിലൂടെ മുന്നോട്ടുവെക്കപ്പെട്ടത്. അടിസ്ഥാന ജനതയുടെ ആവശ്യങ്ങളും ആവലാതികളും രാഷ്ട്രീയ പദ്ധതികൾ ആവിഷ്കരിച്ച് പരിഹരിക്കപ്പെടുമ്പോൾ ഈശ്വരൻ എന്ന ഭൗതികേതരസങ്കൽപ്പത്തിൽനിന്ന് സ്വാഭാവികമായും വിശ്വാസികൾ കൊഴിഞ്ഞുപോകുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ഒരു കമ്യൂണിസ്റ്റ് പ്രവർത്തിക്കുന്നത്.
എന്നാൽ മൂന്നാം വട്ടവും അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന പിണറായി വിജയൻ ഗവൺമെൻറ് നടത്തുന്ന, ‘തങ്ങൾ വിശ്വാസികൾക്കൊപ്പമാണ്, വർഗീയവാദികൾക്കൊപ്പമല്ല’ എന്ന പ്രസ്താവന, മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന വലതുപക്ഷ ബ്രാഹ്മണിക് ഹിന്ദുത്വയോട് കണ്ണി ചേർക്കുന്ന ഒന്നാണ്. ശബരിമലയിൽ രണ്ടു സ്ത്രീകൾ ദർശനം നടത്താൻ കയറിയപ്പോൾ മുതൽ കേരളത്തിൽ സംഭവിച്ച ചർച്ചകളും കോലാഹലങ്ങളും അറിയാവുന്നതാണല്ലോ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഹിന്ദു കുടുംബങ്ങളിലെ സ്ത്രീകൾ അവരുടെ ശാരീരിക പ്രത്യേകതകൾ മൂലം അയിത്തം അനുഭവിക്കേണ്ടി വരികയാണ്. ഏതുതരം അയിത്താചരണവും നിയമവിരുദ്ധമാണെന്നും ശിക്ഷയ്ക്ക് അർഹമാണെന്നും നിയമം മൂലം ഉറപ്പു നൽകിയ ഒരു നാട്ടിലാണ് ഇത് സംഭവിക്കുന്നത്.
സംഘപരിവാരത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നാമജപ ഘോഷയാത്ര ഫലത്തിൽ ഹൈന്ദവക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളിൽ അയിത്തം പ്രയോഗിക്കുന്നത് ഭഗവത്കല്പിതമാണെന്നും അതിൽ ജനായത്ത സർക്കാരിനോ അതിന്റെ കോടതിയോ ഇടപെടാനാകില്ല എന്ന വെല്ലുവിളിയായിരുന്നു. മതവിശ്വാസിയുടെ വിശ്വാസം, മത രാഷ്ട്രീയത്തിലേക്ക് കടക്കുന്നതും അത് അക്രമാസക്തമായ രാഷ്ട്രീയമാകുന്നതും തിരിച്ചറിയുക എന്നത് രാഷ്ട്രീയ സാംസ്കാരിക ഇടതു ബോധത്തിന്റെ ഉത്തരവാദിത്തമാണ്. ഗോഡ്സെയുടെ രാമൻ ആയാലും ഗാന്ധിയുടെ രാമൻ ആയാലും രാഷ്ട്രീയ രാമൻ ആയാലും സാംസ്കാരിക രാമൻ ആയാലും ഇന്ത്യയിലെ അടിസ്ഥാന ജനതയുടെ ശത്രുവാണ്, ഏതൊരു ദേവതാസങ്കല്പമായ രാമനും അയ്യപ്പനും എന്നത് ഒരു യുക്തിവാദിയുടെ അതിവിപ്ലവ വായാടിത്തമല്ല. കേരളത്തിൽ മുഖ്യധാരയിലുള്ള ജനപ്രിയ ഇടതുപക്ഷം ഹിന്ദു ദൈവങ്ങളെ “വോട്ടാകർഷണയന്ത്രങ്ങളാ”ക്കി മാറ്റുമ്പോൾ ജനസമൂഹത്തെ രാഷ്ട്രീയവത്ക്കരിക്കുക എന്ന ഉത്തരവാദിത്വത്തിൽ നിന്നാണ് തെന്നിമാറുന്നത്. ഇത് രാഷ്ട്രീയ സ്വയംസേവക സംഘം 100 വർഷം ചിട്ടയോടെ പ്രവർത്തിച്ച് എത്തിപ്പെട്ട രാഷ്ട്രീയ നേട്ടങ്ങൾക്ക് കൂടുതൽ ഗുണമായി ഭവിക്കാനാണ് സാധ്യത.

ഇടത്തേക്ക് ചാഞ്ഞുള്ള കേരളത്തിന്റെ ‘പ്രബുദ്ധമായ’ നിൽപ്പ്, യഥാർത്ഥത്തിൽ ശൂദ്ര വ്യവഹാരങ്ങളുടെ വരേണ്യബോധത്തിലാണ് നിലയുറപ്പിച്ചിരുന്നത്. സാംസ്കാരിക ഇടതുപക്ഷം എന്ന പ്രയോഗം പോലും ഒരു വരേണ്യരീതിയാണെന്നും പ്രമേയത്തിലും ഉള്ളടക്കത്തിലും പ്രയോഗത്തിലും അടിമുടി അത് സവർണ്ണമാണെന്നും കാണാം. ഭരണകർത്താവായ ഒരു മുഖ്യമന്ത്രിയെ ‘ഇരട്ടച്ചങ്കൻ’ എന്ന് അനുയായികൾ വിശേഷിപ്പിക്കുന്നത് കേവലം ആരാധനയുടെ മാത്രം ആവേശമായി കാണാനാവുമോ? മഹാപ്രളയത്തിന് കാരണമാകുന്ന പേമാരി, ഗോവർദ്ധനഗിരി പറിച്ചെടുത്ത് കുടയാക്കി തടയുകയും ഗോത്രത്തെ മുഴുവൻ രക്ഷപ്പെടുത്തുകയും ചെയ്യുന്ന ഒരു വീരനായകനാക്കി, ആരാധനയ്ക്കുള്ള അധികയോഗ്യത നേതാവിലേക്ക് സന്നിവേശിപ്പിക്കുകയാണ് ‘ഇരട്ടച്ചങ്കൻ’ എന്ന പ്രയോഗത്തിലൂടെ നടത്തിയെടുക്കുന്നത്. ഈ നെടുനായകത്വം ഗോത്രപാലകന്റെ റോളാണ് വഹിക്കേണ്ടത്. ഒപ്പം മെഗാ സാംസ്കാരിക തിരുവാതിര നടത്തി വ്യക്തി ആരാധനയുടെയും പൂജയുടെയും ഉത്തുംഗതയിലേക്ക് പോകുമ്പോഴും കേരളത്തിലെ തിരുത്തൽവാദികളായി പ്രവർത്തിക്കേണ്ടുന്ന സാംസ്കാരിക ലോകം എതിർശബ്‌ദം പുറപ്പെടുവിച്ചിട്ടില്ല.
തൊട്ടപ്പുറത്ത് സംഘപരിവാരമാകട്ടെ, കേരളത്തിൽ ഒരുകാലത്ത് പ്രതിഭ കൊണ്ടും ആവിഷ്കാരങ്ങൾ കൊണ്ടും മനസ്സുകളെ സ്വാധീനിക്കാൻ കെൽപ്പുണ്ടായിരുന്നതും എന്നാൽ ഇപ്പോൾ നിലവിൽ കളത്തിലില്ലാത്തവരുമായ വെറ്ററൻ കലാകാരരെ തിരഞ്ഞുപിടിച്ച് ആദരിക്കുകയും അവരെ തങ്ങൾക്കൊപ്പം കൂട്ടാൻ കിണഞ്ഞു പരിശ്രമിക്കുകയുമാണ്. സാംസ്കാരിക രംഗത്തും അക്കാദമിക്ക് മേഖലയിലും സംഘപരിവാരത്തിന് ഇപ്പോൾ ചെറുതല്ലാത്ത സംഘശക്തിയുണ്ട്. അത് പഠനമേഖലയിലും മാധ്യമരംഗത്തും സിനിമ -പരസ്യലോകത്തുമൊക്കെ നിലയുറപ്പിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായ സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഈയൊരു മേഖലയിലേക്കാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി, ഹിന്ദുത്വ രാഷ്ട്രീയത്തിന് വളക്കൂറുള്ള വള്ളിക്കാവിലെ മഠത്തിൽ ചെന്ന് അമൃതാനന്ദമയിയുടെ ഐക്യരാഷ്ട്രസഭാ പ്രസംഗത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നത്. ഐക്യരാഷ്ട്രസഭയിൽ മലയാളത്തിൽ സംസാരിച്ചു എന്നതാണ് സാംസ്കാരിക വകുപ്പ് മന്ത്രി ഏറ്റവും പ്രാധാന്യത്തോടെ എടുത്തു കാണിക്കുന്നത്. ശശി തരൂരാണ് അങ്ങനെ ചെയ്യുന്നതെങ്കിൽ തീർച്ചയായും അത് ശ്ലാഘിക്കപ്പെടേണ്ടതാണ്. കാരണം അദ്ദേഹത്തിന് ഐക്യരാഷ്ട്രസഭയോട് സംവദിക്കാനുള്ള ഭാഷാ പ്രാവീണ്യമുള്ള വ്യക്തിയാണ്. മലയാളം മാത്രം അറിയാവുന്ന സുധാമണിയെ പോലെയുള്ള ഒരു വ്യക്തി മലയാളഭാഷയെ ഉയർത്തിക്കാട്ടി എന്ന് എങ്ങനെയാണ് അവകാശപ്പെടാനാവുക? അതിസാധാരണക്കാരായ മനുഷ്യരുടെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവാത്ത, ജനങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ കഴിയാതെ പോയ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അധികാരം നിലനിർത്തുന്നതിന് ഭൂരിപക്ഷ ഹൈന്ദവതയെ പ്രീണിപ്പിക്കുന്ന നിലപാടുകളിലേക്ക് തരംതാഴുമ്പോൾ കേരളത്തിന്റെ തിരുനെറ്റിയിൽ ‘മാതാ അമൃതാനന്ദമയി ഈ നാടിന്റെ ഐശ്വര്യം’ എന്ന സ്റ്റിക്കർ പതിക്കേണ്ടിവരും.

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കളത്തിൽ ഭൂരിപക്ഷ ഹിന്ദു വർഗീയതയുടെ വോട്ട് വിഹിതം എങ്ങനെയാണ് രാഷ്ട്രീയ ഗതി നിർണയിക്കുന്നത് എന്നത് ഒരു ചിന്താവിഷയമാണെന്ന് തോന്നുന്നില്ല. അടുത്തുതന്നെ നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ NDA നില മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ഗ്രാസ്റൂട്ടിൽ ചെയ്തു പോരുന്നുണ്ട്. കഴിഞ്ഞ ഒന്ന് രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം പരിശോധിച്ചാൽ വളരെ നേരിയ വോട്ട് വ്യത്യാസത്തിലാണ് NDA രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ നിലയുറപ്പിച്ചിരിക്കുന്നതെന്ന് കാണാം. ബ്രാഹ്മണ്യഹിന്ദുത്വയുടെ ഭീതിദമായ രാഷ്ട്രീയം മുഖ്യധാരാ ഇടങ്ങളിൽ നോർമലൈസ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഹിന്ദുത്വയുടെ മതരാഷ്ട്രീയത്തോട് സന്ധിയില്ലാത്ത സമരം ചെയ്യേണ്ടുന്ന ഇടതുസംഘങ്ങൾ പെരിയ സ്വാമിയേക്കാൾ ഉച്ചത്തിൽ കവിൾ നിറയെ ശരണം വിളിക്കുന്നു. സർക്കാരിന്റെ ഭാഗമായ ഭരണഘടനാ സ്ഥാപനമാണ് ദേവസ്വം ബോർഡ്. അവിടെ ഉദ്യോഗത്തിന് ആവശ്യപ്പെടുന്ന എല്ലാ യോഗ്യതകളും തികഞ്ഞിട്ടും നീച ജാതിയിൽ ജനിച്ചു എന്ന ഒറ്റ കാരണത്താൽ ക്ഷേത്രത്തിലെ തന്ത്രിമാർ ശിക്ഷക്ക് യോഗ്യമായ അയിത്താചരണം എന്ന കുറ്റം ചെയ്തിട്ടും കേരളത്തിലെ ഫ്യൂഡൽ മാണിക്യ ക്ഷേത്രങ്ങളിൽ സർക്കാറിനോ ഭരണഘടനയ്ക്കോ എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല.
ഹിന്ദുത്വയെ പ്രീണിപ്പിക്കുക എന്നാൽ ഭരണഘടനയെ ദുർബലമാക്കുക എന്നാണ് അർത്ഥം. കാരണം ഹിന്ദുത്വ സാഹോദര്യത്തെയോ സമത്വത്തെയോ സ്വാതന്ത്ര്യത്തെയോ മൂല്യമായി കരുതുന്നില്ല. ഭരണഘടന ദുർബലപ്പെട്ടു എന്നാൽ മനുവാഴ്ചയുടെ കാലമാണ് ആരംഭിക്കുന്നത് എന്നർത്ഥം. അപ്പോൾ ആരെന്നും എന്തെന്നും ആർക്കറിയാം! ഹിന്ദുത്വ രാഷ്ട്രീയത്തെ സഹായിക്കുകയോ ഹിന്ദുത്വ രാഷ്ട്രീയത്തിന് പ്രാധാന്യം കൊടുക്കുകയോ ചെയ്യുന്ന ഏതൊരു പ്രവർത്തിയും ആശയപരമായി എതിർക്കപ്പെടേണ്ടതാണ്. അതുകൊണ്ട് നിലവിൽ കേരളത്തിലെ മുഖ്യധാര ഇടതുപക്ഷവും ജനകീയ വിചാരണ നേരിടേണ്ടതുണ്ട്.
